സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി മേഖലാ അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. സംസ്ഥാനത്തെ നാല് മേഖലകളിലായി നടക്കുന്ന അവലോകന യോഗങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും.
ജനങ്ങള്‍ ഭരിക്കപ്പെടേണ്ടവരും സര്‍ക്കാര്‍ ഭരിക്കുന്നവരും എന്ന ഭരണസംസ്കാരത്തിനു കാതലായ മാറ്റം വന്ന വര്‍ഷങ്ങളാണ് കടന്നുപോയത്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാക്കിയും വാതില്‍പ്പടിയില്‍ സേവനങ്ങള്‍ ലഭ്യമാക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത്. സര്‍ക്കാര്‍ തന്നെ ജനങ്ങളിലേക്കെത്തി പരാതികള്‍ക്കു നേരിട്ടു പരിഹാരം കാണുന്ന തരത്തിലുള്ള നവകേരള സദസ്സും താലൂക്കുതല അദാലത്തുകളും മറുവശത്ത്.
ഇതിനെല്ലാം പുറമേ സര്‍ക്കാരിന്റെ പ്രവര്‍ത്തന പുരോഗതി ജനങ്ങളിലേക്ക് എത്തിക്കാനായി വാര്‍ഷിക പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളും പുറത്തിറക്കുകയുണ്ടായി. സര്‍ക്കാര്‍ ഭരിക്കുന്നു എന്നതിനു പകരം സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന അനുഭവം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയാണ് മേഖലാ അവലോകന യോഗങ്ങള്‍.
2023 ലാണ് ഇത്തരത്തിലൊരു മേഖലാ അവലോകന യോഗം സർക്കാർ സംഘടിപ്പിച്ചത്. അന്ന് ജില്ലാ കളക്ടര്‍മാര്‍ ജില്ലയുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികള്‍ അവതരിപ്പിക്കുകയും മുടങ്ങിക്കിടന്ന പല വികസന പദ്ധതികള്‍ക്കും പുതുരൂപം നല്‍കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അന്ന് 956 വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നത്. അവയില്‍ 151 വിഷയങ്ങളില്‍ നേരിട്ട് ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞിരുന്നു. ശേഷിക്കുന്നവയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അതേ മാതൃകയിലാണ് ഇപ്പോള്‍ മേഖലാ അവലോകന യോഗങ്ങള്‍ നടന്നുവരുന്നത്. കഴിഞ്ഞ മേഖലാ അവലോകന യോഗത്തില്‍ പരിഗണിച്ചവയും എന്നാല്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്തവയുമായ വിഷയങ്ങള്‍ പരിശോധിക്കുകയാണ്. നേരത്തെ തന്നെ എം എല്‍ എമാരുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിഷയങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്. ഇതിനുപുറമെ നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വിലയിരുത്തപ്പെടുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 1,036 വിഷയങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ 201 എണ്ണത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. 124 വിഷയങ്ങളില്‍ വൈകാതെ തീരുമാനമുണ്ടാകും.
2023 ലെ മേഖലാ യോഗങ്ങള്‍ വലിയ വിജയമായിരുന്നു. ആ വിജയം വീണ്ടും ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രേരകമായിട്ടുണ്ട്. കളക്ടര്‍ വകുപ്പു സെക്രട്ടറിക്കു കത്തെഴുതുക, അതു ഫയലായി മാറുക, വിവിധ തലങ്ങളുടെ കടമ്പകള്‍ കടക്കുക എന്ന നിലയ്ക്കു സര്‍ക്കാര്‍മുറയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ വലിയ കാലതാമസമാണുണ്ടാവുക. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇടപെട്ട് തത്സമയ ആശയവിനിമയത്തിലൂടെ വ്യക്തത വരുത്തിപ്പോയാല്‍ കാര്യങ്ങള്‍ എളുപ്പത്തിലാവും. ആ രീതി പിന്തുടര്‍ന്നുകൊണ്ട് ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും യോഗത്തില്‍ പരിശോധിച്ചുവരികയാണ്. പദ്ധതി വൈകുന്നുവെങ്കില്‍ അതിന്റെ കാരണങ്ങളെന്ത്, തടസ്സങ്ങള്‍ എങ്ങനെ നീക്കാം എന്നിവയൊക്കെ പരിശോധിക്കപ്പെടുന്നുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉടന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. കൂടുതല്‍ പരിശോധന ആവശ്യമുള്ളത് സെക്രട്ടറിമാര്‍ ശ്രദ്ധിക്കും, വേണ്ടതു ചെയ്യും.
ഭരണത്തിന്റെ തട്ടുകള്‍ കുറച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനും ക്ഷേമ പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തുന്നുണ്ട് എന്നുറപ്പാക്കാനും ഉതകുന്നവയാണ് മേഖലാ അവലോകന യോഗങ്ങള്‍. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന പദ്ധതികളായ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, മാലിന്യമുക്ത നവകേരളം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ വിലയിരുത്തപ്പെടുന്നുണ്ട്.
ഭരണത്തെ കൂടുതല്‍ ജനകീയവും ഊര്‍ജ്ജസ്വലവുമാക്കി മുമ്പോട്ടുപോവുക, വിജ്ഞാനാധിഷ്ഠിത സാമൂഹ്യ–സാമ്പത്തിക വ്യവസ്ഥയ്ക്കു ഭരണസംസ്കാരത്തെ പരിപക്വമാക്കുക എന്നിവയും പ്രധാനമാണ്. ഭരണ നേട്ടങ്ങള്‍ ജനജീവിതത്തെ മെച്ചപ്പെടുത്തുംവിധം പ്രായോഗികമാവുന്നു എന്നുറപ്പുവരുത്തുക. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിടുന്നുവെങ്കില്‍ അതും പരിശോധിച്ചു പരിഹരിക്കുക, എന്നിവ പ്രാധാന്യമുള്ള കാര്യങ്ങളാണ്. മാറുന്ന കാലത്ത് ഏറ്റവും വേഗത്തില്‍ സുസ്ഥിരതയോടെ പദ്ധതികള്‍ നടപ്പാക്കുക എന്നതും സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും സര്‍ക്കാരുകളുടെ കടമയാണ്. ആ കടമ നിറവേറ്റിക്കൊണ്ടു മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മറ്റൊരു ജനോന്മുഖ ഇടപെടലാണ് മേഖലാ അവലോകന യോഗങ്ങള്‍. l



