Wednesday, March 4, 2026

ad

Homeനിരീക്ഷണംഫാസിസ്റ്റ്‌വിരുദ്ധ യുദ്ധവിജയവും സോവിയറ്റ് ധീരതയുടെ ചരിത്രവും

ഫാസിസ്റ്റ്‌വിരുദ്ധ യുദ്ധവിജയവും സോവിയറ്റ് ധീരതയുടെ ചരിത്രവും

കെ ടി കുഞ്ഞിക്കണ്ണൻ

ഫാസിസത്തിനുമേൽ ലോകം കൈവരിച്ച വിജയത്തിന്റെ ദിനമാണ് 1945 മെയ് 9. ഈ ദിനത്തിലാണ് സോവിയറ്റ് ചെമ്പടയ്ക്കുമുമ്പിൽ ഫാസിസ്റ്റ് ജർമ്മനി കീഴടങ്ങൽ സന്ധിയിൽ ഒപ്പുവെച്ചത്. അതിനുമുമ്പ് ഏപ്രിൽ 30-ന് തന്നെ ചെമ്പട ബർലിൻ നഗരം കീഴടക്കി റെയിസ്താഗിലെ സ്വസ്തികാങ്കിത പതാക വലിച്ചു താഴെയിറക്കി ചെങ്കൊടി ഉയർത്തിയതറിഞ്ഞതോടെ സ്വയം പരാജയം സമ്മതിച്ച് ഹിറ്റ്ലർ തന്റെ പ്രണയിനിക്കൊപ്പം ഭൂഗർഭ പടയറയിൽ ആത്മഹത്യ ചെയ്തിരുന്നു. ഏപ്രിൽ 28-നു തന്നെ ഇറ്റലിയിലെ ജനങ്ങൾ മുസോളിനിയെ തെരുവിലൂടെ ഓടിച്ചുപിടിച്ച് ആ നരഭോജിക്ക് അർഹമായ ശിക്ഷനൽകി തെരുവിലെ വിളക്കുകാലിൽ കെട്ടിത്തൂക്കിയിട്ടിരുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത നരഹത്യകൾക്കും വിനാശത്തിനും കാരണമായ ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ സോവിയറ്റ് യൂണിയനും ചെമ്പടയും വഹിച്ച ധീരോദാത്തമായ പങ്കിനെയും രക്തസാക്ഷിത്വത്തെയുമാണ് ലോകം മെയ് 9-ന് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചുകൊണ്ട് ഓർമ്മിക്കുന്നത്.

ഫാസിസത്തിനെതിരായ ജനകീയ മുന്നേറ്റത്തിൽ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ട ഹിറ്റ്‌ലറും മുസോളിനിയുമെല്ലാമടങ്ങുന്ന നരഭോജികൾ തങ്ങളുടെ കുഴിമാടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രങ്ങൾക്കും മതനിരപേക്ഷ സമൂഹങ്ങൾക്കും ഭീഷണിയുയർത്തുന്ന വർത്തമാന സാഹചര്യത്തിൽ രണ്ടാം ലോകയുദ്ധത്തിന്റെ സ്മരണകൾ തീർച്ചയായും നവഫാസിസ്റ്റുകൾക്കെതിരായ പ്രതിരോധ ആലോചനകൾ കൂടിയാണ്. ചരിത്രം എപ്പോഴും വർത്തമാനത്തോടാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. ആര്യവംശാഭിമാനത്തിൽ വിജൃംഭിതനായി ലോകത്തെ കീഴടക്കാനുള്ള ഹിറ്റ്‌ലറുടെ അശ്വമേധത്തെ തടഞ്ഞുനിർത്തിയതും അതിനുള്ള വില നൽകിയതും സോവിയറ്റ് യൂണിയനും അവിടുത്തെ ജനതയുമായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയനിലെ 2 കോടി 70 ലക്ഷം ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ 40% ത്തിലേറെ വരുമിത്. ദശലക്ഷക്കണക്കിന് മനുഷ്യരാണ് സോവിയറ്റ് യൂണിയനിൽ അനാഥരും വിധവകളും അംഗഭംഗം വന്നവരുമായി മാറിയത്. പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഘോരാനുഭവങ്ങളാണ് ഓരോ സോവിയറ്റ് പൗരന്റെയും ജീവിതത്തിൽ യുദ്ധം സൃഷ്ടിച്ചത്. ഓരോ സോവിയറ്റ് കുടുംബത്തിലും യുദ്ധം അതിന്റെ ക്രൂരമായ ആഘാതങ്ങൾ ഏൽപിച്ചിട്ടുണ്ട്.

നാസിഭീകരർ നൂറുകണക്കിന് സോവിയറ്റ് നഗരങ്ങളെയും 70,000 ത്തിൽപരം ഗ്രാമങ്ങളെയും ചുട്ടുകരിച്ചു. 250 ലക്ഷം ജനങ്ങളാണ് ഭവനരഹിതരായത്. പതിനായിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ എല്ലാം നാസി ബോംബിങ്ങിൽ തകർന്നു. ഒരു കണക്കനുസരിച്ച് സോവിയറ്റ് യൂണിയന് അതിന്റെ ദേശീയസമ്പത്തിന്റെ മൂന്നിലൊന്നിലേറെ ഭാഗം നഷ്ടപ്പെട്ടു. ഇത്രയും കഷ്ടനഷ്ടങ്ങൾ സഹിച്ചുകൊണ്ട് സോവിയറ്റ് യൂണിയൻ നടത്തിയ ഫാസിസത്തിനെതിരായ യുദ്ധം വിജയിക്കുകതന്നെ ചെയ്തു. ആ വിജയം ഉറപ്പുവരുത്തുന്നതിന് സോവിയറ്റ് ജനതയ്ക്ക് തങ്ങളുടെ ജീവനും സമ്പത്തും തന്നെ വിലയായി നൽകേണ്ടിവന്നു. രണ്ടാം ലോകയുദ്ധത്തിൽ തകർന്ന സോവിയറ്റ് സമ്പദ്ഘടനയെ പുനഃരുജ്ജീവിപ്പിക്കാനായി സോവിയറ്റ് സർക്കാരിന് തങ്ങളുടെ ബജറ്റിന്റെ സിംഹഭാഗം നീക്കിവെക്കേണ്ടിവന്നത് സോവിയറ്റ് സോഷ്യലിസ്റ്റ് നിർമ്മാണത്തെയും മുതലാളിത്ത രാജ്യങ്ങളുമായും സോവിയറ്റ് ഉൽപാദനവ്യവസ്ഥയുമായുമുള്ള മത്സരത്തെയും പ്രതികൂലമായിതന്നെ ബാധിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിലേക്ക് നയിച്ച പല വിശകലനങ്ങളിലും ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സോവിയറ്റ് ജനതയും ചെമ്പടയും നാസി ജർമ്മനിക്കും ജാപ്പാനീസ് മിലിട്ടറിസത്തിനും എതിരെ മരണത്തെ കീഴ്‌പ്പെടുത്തിയ അത്മബോധത്തോടെ പോരാടുകയായിരുന്നു. അതിനവരെ പ്രാപ്തമാക്കിയത് തങ്ങളുടെ സോഷ്യലിസ്റ്റ് മാതൃഭൂമിയുടെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും കാത്തുസൂക്ഷിക്കണമെന്ന വികാരമായിരുന്നു. അത് തങ്ങളുടെ മഹത്തായ വിമോചന ദൗത്യമായി അവർ കണ്ടു. ഒരുകാര്യം ലോകം സാർവ്വത്രികമായി അംഗീകരിച്ചിട്ടുണ്ട്, ഫാസിസത്തിനെതിരായ യുദ്ധത്തിൽ സോവിയറ്റ് യൂണിയനും അവിടുത്തെ ജനങ്ങളും ചെമ്പടയും പ്രകടമാക്കിയ ധീരോദാത്തതയും ആത്മത്യാഗമനോഭാവവും എന്നും ലോകമെമ്പാടും മർദ്ദകശക്തികൾക്കും ഫാസിസ്റ്റുകൾക്കുമെതിരെ പോരാടുന്ന ജനതങ്ങൾക്കും സൈന്യങ്ങൾക്കും ആവേശദായകമായ മാതൃകയാണ് എന്നതാണ്. മ്യാന്മറിന്റെ ദേശീയവിമോചന നായകനായ ജനറൽ ഓങ്‌സാൻ യുദ്ധം അവസാനിച്ച ഉടനെ ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചതുപോലെ;

‘‘രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയനിലെ ജനങ്ങൾക്ക് മറ്റാരുടെയും തുണയില്ലാതെ ഒരു നീണ്ടകാലത്തോളം ഒറ്റയ്ക്ക് പോരാടേണ്ടിവന്നു. എന്നിട്ടും ഫാസിസ്റ്റ് കിരാതത്വത്തിന്റെ കൊള്ളസംഘത്തെ പരാജയപ്പെടുത്തുന്നതിനുവേണ്ടിയവർ നിർഭയം ധീരതയോടെയും വീരോചിതമായ മനോവീര്യത്തോടെയും അണിനിരന്നു. അവരുടെ ഈ ധീരതയും മനോവീര്യവും ഞങ്ങളെ അത്രമാത്രം ആവേശം കൊള്ളിക്കുകയുണ്ടായി. ഈ സോഷ്യലിസ്റ്റ് പിതൃഭൂമിയുടെ കരുത്തിനെയും പ്രഭാവത്തെയും ഞങ്ങൾ അതിയായി ശ്ലാഘിക്കുന്നു. ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ അത് വഹിച്ച പങ്കിനെ വിലമതിക്കുന്നു.” ഇതിന് സമാനമായ രീതിയിൽ രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയൻ വഹിച്ച ധീരോദാത്തമായ പങ്കിനെ നെഹ്‌റുവും മറ്റ് ഒട്ടനവധി ദേശീയവിമോചന നായകരും ശ്ലാഘിച്ചിട്ടുണ്ട്.

മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതവും വിനാശകരവുമായ രണ്ടാം ലോകയുദ്ധത്തിന്റെ അഗ്നിബാധയിൽ അഞ്ച് കോടിയിൽപരം ജനങ്ങളാണ് വെന്തുമരിച്ചത്. അവരിൽ 2 കോടി 70 ലക്ഷം പേർ ഫാസിസത്തിനെതിരായ വ്യത്യസ്ത യുദ്ധമുഖങ്ങളിലാണ് പടപൊരുതി മരിച്ചുവീണത്. ലോകജനസംഖ്യയുടെ 80 ശതമാനത്തോളമാളുകൾ താമസിക്കുന്ന 61 ഓളം രാജ്യങ്ങൾ ഉൾപ്പെടുന്ന വിശാല ഭൂപ്രദേശങ്ങളിലാണ് ആ യുദ്ധം നടന്നത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ 7-ാം കോൺഗ്രസ് മുന്നോട്ടുവെച്ച ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ സൈദ്ധാന്തിക പിൻബലത്തിൽ വ്യത്യസ്ത സാമൂഹ്യവ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യങ്ങൾ പൊതുശത്രുവായ ജർമ്മൻ ഫാസിസത്തിനും ജപ്പാനീസ് മിലിറ്ററിസത്തിനുമെതിരായി ഒന്നിച്ചുനിന്ന് പോരാടുകയായിരുന്നു. ദിമിത്രോവിന്റെ ഫാസിസത്തിനെതിരായ ഐക്യമുന്നണി സിദ്ധാന്തത്തിന്റെ പ്രയോഗബലത്തിലാണ് ബെർലിൻ- റോം- ടോക്കിയോ അച്ചുതണ്ട് ശക്തികളെ ലോകജനത ചെറുത്തത്. രണ്ടാം ലോകയുദ്ധ വിജയത്തിനുശേഷം സോവിയറ്റ് യൂണിയനും സിപിഎസ്-യുവും ‘ഹിറ്റ്‌ലറുടെ ജർമ്മനിക്കെതിരായ വിമോചനസമരത്തിന് മറ്റ് രാഷ്ട്രങ്ങൾ നൽകിയ സംഭാവനയെയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടുകെട്ടിലെ സഖ്യശക്തികൾ കൈക്കൊണ്ട നടപടികളെയും പ്രധാനമായി കണക്കാക്കുന്നതായി’ വിലയിരുത്തിയിട്ടുണ്ട്. അതോടൊപ്പം ഹിറ്റ്‌ലർക്കും മുസോളിനിക്കും ജപ്പാനിലെ ചക്രവർത്തിക്കും ലോകത്തെ വെട്ടിപ്പിടിക്കാൻ കഴിയുന്ന ഫാസിസ്റ്റ്ശക്തിയായി വളരാനും മനുഷ്യനാഗരികതക്ക് വെല്ലുവിളി ഉയർത്താനും കഴിഞ്ഞത് പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായങ്ങൾകൊണ്ടുകൂടിയായിരുന്നുവെന്ന് സിപിഎസ്-യു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫാസിസ്റ്റ് വിരുദ്ധമുന്നണിയിൽ സോവിയറ്റ് ചെമ്പടയ്‌ക്കൊപ്പം അണിനിരന്നവരിൽ ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള സൈനികർ ധാരാളമുണ്ടായിരുന്നു. 65 ലക്ഷത്തിലേറെ ഇന്ത്യക്കാർ ആ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 10 ലക്ഷത്തോളം ആഫ്രിക്കക്കാർ സഖ്യസൈന്യങ്ങളിൽ ചേർന്ന് പോരാടിയിരുന്നു. പാരീസിന്റെ വിമോചനത്തിനുമുമ്പ് പോരാടുന്ന ഫ്രഞ്ചുകാരുടെ സൈന്യത്തിൽ ഫ്രഞ്ചുകാരേക്കാൾ കൂടുതൽ ആഫ്രിക്കക്കാരായിരുന്നു. അതിൽ അൾജീരിയക്കാർ മാത്രം 3 ലക്ഷത്തോളം വരുമായിരുന്നു. അതായത് ഫാസിസ്റ്റ് വിരുദ്ധ സഖ്യരാജ്യങ്ങളുടെ സേനാദളങ്ങളിലും അനുബന്ധസേവനവിഭാഗങ്ങളിലുമായി ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് സൈനികർ പ്രവർത്തിച്ചിരുന്നു.

ചൈന, കൊറിയ, ബർമ്മ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കിഴക്കനേഷ്യയിലും തെക്ക് കിഴക്കനേഷ്യയിലും പെട്ട മറ്റ് പലരാജ്യങ്ങളിലെയും ജനങ്ങൾ ജപ്പാന്റെ മിലിട്ടറിസത്തെ പരാജയപ്പെടുത്തുന്നതിലും സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ആഫ്രിക്കയിലെ ജനങ്ങൾ ഇറ്റലിക്കെതിരായ പോരാട്ടത്തിൽ വലിയ സംഭാവനയാണ് ചെയ്തത്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള സൈനികർക്കു പുറമെ ദശലക്ഷക്കണക്കിന് ജനങ്ങൾ യുദ്ധകാലത്ത് പടക്കളത്തിലും തുറുങ്കുകളിലും തടങ്കൽ പാളയങ്ങളിലും മരണമടയുന്ന അവസ്ഥയുമുണ്ടായി. എത്രയോപേർ വ്യോമാക്രമണങ്ങൾക്കിരയായും മരണമടഞ്ഞു. ചൈനയ്ക്ക് ഏതാണ്ട് ഈ യുദ്ധകാലയളവിൽ ഒരു കോടിയോളം മനുഷ്യരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇന്തോനേഷ്യയ്ക്ക് 20 ലക്ഷവും, ഫിലിപ്പൈൻസിന് 10 ലക്ഷവും എത്യോപ്യയ്ക്ക് ഏതാണ്ട് 8 ലക്ഷവും മനുഷ്യ ജീവൻ നഷ്ടപ്പെട്ടു. അതിലുമപ്പുറം ഈ രാജ്യങ്ങളിലെ, കോടാനുകോടി മനുഷ്യരുടെ ജീവനോപാധികളും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനങ്ങളും തകർക്കപ്പെടുകയും ചെയ്തു.

1922-ലാണ് ഇറ്റലിയിൽ ബെനിറ്റോ മുസോളിനി ഫാസിസ്റ്റ് ഭരണത്തിന് തുടക്കംകുറിക്കുന്നത്. ഒന്നാം ലോകയുദ്ധവും മുതലാളിത്ത പ്രതിസന്ധിയും സൃഷ്ടിച്ച സാമ്പത്തിക കുഴപ്പത്തിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും മുതലെടുത്തുകൊണ്ടാണ് മുസോളിനി തന്റെ ഫാസിസ്റ്റ് സിദ്ധാന്തങ്ങളിലേക്ക് ആളുകളെ സ്വാധീനിച്ചത്. മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിൽ നിന്ന് ഉരുത്തിരിയുന്ന അറുപിന്തിരിപ്പനും സങ്കുചിത ദേശീയവാദപരവും ആക്രമണോത്സുകവുമായ ചൂഷകവർഗങ്ങളുടെ ഭീകരവാദത്തിലധിഷ്ഠിതമായ സ്വേച്ഛാധിപത്യ രാഷ്ട്രീയത്തെയാണ് പൊതുവെ മാർക്‌സിസ്റ്റുകൾ ഫാസിസമായി നിർവ്വചിക്കുന്നത്.

മുസോളിനിയുടെയും ഹിറ്റ്‌ലറുടെയുമൊക്കെ ഫാസിസത്തിന്റെ അടിത്തറയായി മാറിയത് പട്ടണങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും പെറ്റിബൂർഷ്വാസിയും പ്രത്യേക വർഗബോധമില്ലാത്ത സമൂഹത്തിലെ മറ്റ് വിഭാഗങ്ങളുമായിരുന്നു. കടുത്ത കമ്യൂണിസ്റ്റ് വിരോധവും വംശീയവാദവുമാണ് ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമായിരിക്കുന്നത്. തങ്ങളുടെ വംശീയ ഉന്മൂലനനയത്തെ നീതീകരിക്കുംവിധം ഒരു വംശം മറ്റ് വംശങ്ങളേക്കാൾ ശ്രേഷ്ഠരാണെന്നും അവർ ലോകം ഭരിക്കാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നുമൊക്കെയുള്ള സിദ്ധാന്തമാണ് ഫാസിസത്തിന്റേത്. ഒന്നാം ലോകയുദ്ധം അവസാനിച്ച ഉടനെയാണ് ഇറ്റാലിയൻ രാഷ്ട്രീയത്തിൽ മുസോളിനി രംഗപ്രവേശം ചെയ്യുന്നത്. ജൂലിയസ് സീസറുടെയും അഗസ്തസ് സീസറുടെയും ഭരണകാലഘട്ടത്തെ സുവർണകാലമായി വിശേഷിപ്പിച്ചുകൊണ്ട് ആ സുവർണകാലത്തിന്റെ പുനരാനയവാദവുമായാണ് ഫാസിസ്റ്റുകൾ രംഗം കയ്യടക്കുന്നത്.

1932 നവംബർ 6-ന് ജർമ്മൻ പാർലമെന്റായ റെയ്‌സ്താഗിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 6 ലക്ഷത്തോളം വോട്ട് നേടി ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു. അതുകണ്ട് വിറളിപിടിച്ച റെയ്‌സ്താഗ് പ്രസിഡന്റ് ഹാഷ്ട് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തേക്ക് ക്ഷണിച്ച് അവരോധിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് റെയ്‌സ്താഗ് ആക്ടിംഗ് പ്രസിഡന്റ് ഹിഡൻബർഗിന് ജർമ്മനിയിലെ അനേകം വ്യവസായപ്രമുഖർ ഹിറ്റ്‌ലറെ ചാൻസലറാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതുന്നത്. ജർമ്മനിയിൽ ഹിറ്റ്‌ലർ ചാൻസലർ ആയതിനെ മുസോളിനി സ്വാഗതം ചെയ്യുകയും അവർ 20-ാം നൂറ്റാണ്ടിനെ ഫാസിസത്തിന്റെ നൂറ്റാണ്ടാക്കി മാറ്റാനുള്ള യുദ്ധാലോചനകൾ ആരംഭിക്കുകയും ചെയ്തു. ജർമ്മനിയിലെ നാസി ഭരണത്തിന് ഭീഷണിയാവുന്ന കമ്യൂണിസ്റ്റുകാരെ തീർത്തുകളയാനുള്ള ഗൂഢാലോചനയിലാണ് 1933-ൽ ഹിറ്റ്‌ലർ കുപ്രസിദ്ധമായ റെയ്‌സ്താഗ് തീവെപ്പ് കേസുണ്ടാക്കുന്നതും ദിമിത്രേവ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളെ പ്രതികളാക്കി ജയിലിലടയ്ക്കുന്നതും.

ജൂതവംശജരെ ആര്യശ്രേഷ്ഠതക്ക് അനഭിമതരായ അന്യവംശജരായി കണ്ട് അവരെ ഉന്മൂലനം ചെയ്യാനുള്ള സിദ്ധാന്തങ്ങളാണ് ഹിറ്റ്‌ലർ മുന്നോട്ടുവെച്ചത്. ലോകമാകെ ആര്യവംശമേധാവിത്വത്തിന് കീഴിൽ വരണമെന്നതായിരുന്നു ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രം. കമ്യൂണിസത്തെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള യുദ്ധപദ്ധതികളുടെ ഭാഗമായിട്ടാണ് നാസികൾ സോവിയറ്റ് യൂണിയനെതിരായ കുരിശുയുദ്ധ പ്രഖ്യാപനം നടത്തിയത്. കമ്യൂണിസ്റ്റുകാരുടെ സമത്വാശയങ്ങളെയും വംശഭേദങ്ങൾക്കപ്പുറത്ത് മനുഷ്യരെയെല്ലാം സഹോദരങ്ങളായി കാണുന്ന സമീപനങ്ങളെയും ഫാസിസ്റ്റുകൾ എതിർത്തു. കമ്യൂണിസത്തിൽ നിന്ന് യൂറോപ്യൻ നാഗരികതയെ രക്ഷിക്കണമെന്നായിരുന്നു ഹിറ്റ്‌ലർ നിരന്തരം തന്റെ പ്രസംഗത്തിലൂടെ പറഞ്ഞത്.

1925-ൽ പ്രസിദ്ധീകരിച്ച ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻകാംഫിൽ എഴുതിയിരിക്കുന്നത് സംശുദ്ധമായ ആര്യൻവംശജരായ ജർമ്മൻ ജനതയ്ക്ക് ജീവിക്കാനുള്ള സ്ഥലം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. അതുകൊണ്ട് മറ്റ് രാഷ്ട്രങ്ങളുമായി സമാധാനത്തിൽ കഴിയുകയെന്നത് ആപത്കരമാണെന്നാണ്. സമാധാനം ജർമ്മൻ രാഷ്ട്രത്തെ ദുർബലപ്പെടുത്തുമെന്നും ഹിറ്റ്‌ലർ വാദിച്ചു. അതുകൊണ്ട് ലോകത്തെ ഏറ്റവും ശ്രേഷ്ഠവംശജരായ ജർമ്മൻവംശജരുടേതാക്കാനുള്ള യുദ്ധമാരംഭിക്കണമെന്നാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയിലൂടെ പറഞ്ഞുവെച്ചത്. നാസികൾ തങ്ങളുടെ വംശം മറ്റേത് വംശത്തേക്കാളും മികച്ചതാണെന്നും ഒന്നാം ലോകയുദ്ധത്തിൽ ജർമ്മനി പരാജയപ്പെടാനുള്ള കാരണം ജർമ്മൻ വംശജർക്ക് ശുദ്ധി നഷ്ടപ്പെട്ടതാണെന്നും അതിനുകാരണം ജൂതരുമായിട്ടുള്ള സങ്കലനമാണെന്നുമായിരുന്നു ഹിറ്റ്‌ലറുടെ വാദം.

വർണരക്തശുദ്ധിവാദങ്ങളിലൂടെ ജർമ്മൻ വംശജരല്ലാത്ത മറ്റെല്ലാ വംശങ്ങളെയും ഇല്ലാതാക്കി ഭൂമിയെ നാസികളുടേതാക്കി മാറ്റുകയെന്നതായിരുന്നു ഹിറ്റ്‌ലറുടെ യുദ്ധസിദ്ധാന്തം. പോളിഷ് ജനതയുടെ ഭാവിയെക്കുറിച്ച് സംസാരിക്കവെ ഹിറ്റ്‌ലർ പറഞ്ഞത് അവരെ ജർമ്മൻകാരാക്കി മാറ്റാൻ പറ്റില്ലെന്നും പോളണ്ടിൽ നിന്നും അവരെ ഒഴിപ്പിച്ച് ഒന്നടങ്കം അവരെ ഉന്മൂലനം ചെയ്ത് ആ സ്ഥലം ജർമ്മൻകാരുടെ ഉപയോഗത്തിന് വിട്ടുകൊടുക്കണമെന്നുമായിരുന്നു. നാസികളുടെ ഈ സിദ്ധാന്തത്തിൽ നിന്നാണ് മറ്റെല്ലാ രാജ്യങ്ങളെയും കീഴടക്കാനുള്ള യുദ്ധപദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ് ഈയൊരു പ്രത്യയശാസ്ത്രത്തിൽ നിന്നും അതിന് പിന്തുണ നൽകിയ കുത്തക മൂലധനതാൽപര്യങ്ങളിൽ നിന്നുമാണ് നാസി സേന പോളണ്ട് വഴി യൂറോപ്പിനെയാകെ കീഴടക്കാനും സോവിയറ്റ് യൂണിയനെ വളഞ്ഞുപിടിച്ച് ആക്രമിച്ച് ഇല്ലാതാക്കാനുമുള്ള യുദ്ധം 1939 സെപ്തംബർ 1-ന ആരംഭിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × one =

Most Popular