Saturday, May 9, 2026

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി –2

പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി –2

പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന നിലപാടുകളിലൊന്ന് വിവിധ ദേശീയ ജനവിഭാങ്ങളുടെ സ്വയംനിർണ്ണയാവകാശം അംഗീകരിക്കുന്നതായിരുന്നു. അതനുസരിച്ച്, കിഴക്കൻ പാകിസ്താൻ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിക്കുകയുണ്ടായി. അതിന്റെ ഭാഗമായി 1969ൽ ധാക്കയിൽ കിഴക്കൻ പാകിസ്താനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം ചേർന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാർട്ടിയാകാൻ തീരുമാനമെടുത്തു. ഇതാണ് പിന്നീട് ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടിയായി മാറിയത്. രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ദേശീയ ജനാധിപത്യ വിപ്ലവത്തിനുള്ള സാഹചര്യം പാകമായി വരുകയാണെങ്കിൽ ആ പ്രദേശത്തെ മോചിപ്പിക്കാൻ പാർട്ടി നേതൃത്വം നൽകണം എന്നതായിരുന്നു ഇതിനാധാരമായ 1966ലെ തീസിസ്. കിഴക്കൻ പാകിസ്താനിൽ മാത്രമല്ല, പടിഞ്ഞാറ്- ബലൂചിസ്താനിലും മറ്റുമെല്ലാം ദേശീയ സ്വയംനിർണയാവകാശത്തിനുള്ള സമരങ്ങൾ വളർന്നുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് 1966ലെ തീസിസിന് രൂപം നൽകപ്പെട്ടത‍്.

ധാക്ക കോൺഫറൻസിനെ തുടർന്ന് പശ്ചിമ പാകിസ്താൻ മേഖലയിലെ കമ്യൂണിസ്റ്റ് പാർട്ടി കറാച്ചിയിൽ യോഗം ചേരുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ പശ്ചിമ പാകിസ്താൻ ഒാർഗനെെസിങ് കമ്മിറ്റിക്ക് ഔപചാരികമായി രൂപം നൽകുകയും ചെയ്തു. ഇമാം അലി നസീഷിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ധാക്ക സമ്മേളന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു.

1971ൽ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി സജീവമായി പങ്കെടുത്തു. 1969ലെ ധാക്ക സമ്മേളന തീരുമാനപ്രകാരമായിരുന്നു അത്. പടിഞ്ഞാറൻ പാകിസ്താനിലെ കമ്യൂണിസ്റ്റ് പാർട്ടിയും ബംഗ്ലാദേശ് വിമോചനത്തിന് പൂർണ പിന്തുണ നൽകി. ബംഗ്ലാദേശ് വിമോചനത്തെത്തുടർന്ന് പടിഞ്ഞാറൻ പാകിസ്താനിലെ കമ്യൂണിസ്റ്റ് പാർട്ടി പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ പ്രവർത്തനം തുടർന്നു. ഇമാം അലി നസീഷ് തന്നെയായിരുന്നു ജനറൽ സെക്രട്ടറി.

1975ൽ സിന്ധ് പ്രവിശ്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് രഹസ്യമായി ചേർന്നു. ഈ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ട നയപരിപാടികൾക്ക് രൂപം നൽകുന്നതിനൊപ്പം നേതൃസമിതികളെ തിരഞ്ഞെടുക്കുകയും ചെയ്തു. മാറിയ സാഹചര്യത്തിനനുസരിച്ച് 1969ലെ തീസിസിൽ ആവശ്യമായ ഭേദഗതികൾ വരുത്തുകയും ചെയ്തു. 1975ൽ പാകിസ്താനിലെ ഭൂട്ടോ ഗവൺമെന്റ് നാഷണൽ അവാമി പാർട്ടിയെ നിരോധിക്കുകയും അതിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ്കാർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.

1968നുശേഷം കറാച്ചിയിൽനിന്ന് കമ്യൂണിസ്റ്റു പാർട്ടി തരാകി എന്ന പേരിൽ ഒരു ദെെ-്വവാരിക പ്രസിദ്ധീകരിച്ചെങ്കിലും ഏതാനും ലക്കങ്ങൾ പുറത്തിറങ്ങിയപ്പോൾതന്നെ സർക്കാർ അത് നിരോധിച്ചു. 1970ൽ കറാച്ചിയിൽനിന്നു തന്നെ അവാമി ആവാസ് എന്ന പേരിൽ ഒരു മാസിക പുറത്തിറങ്ങിയെങ്കിലും കഷ്ടിച്ച് ഒരു വർഷംവരെ മാത്രമേ അതിനും ആയുസ്സുണ്ടായുള്ളൂ. 1972 ജൂൺ മുതൽ 1973 മാർച്ച് വരെ സംഘട് എന്ന പേരിൽ ബലൂചിസ്താൻ തലസ്ഥാനമായ ഖെ-്വറ്റയിൽ നിന്ന് ഒരു വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. ബലൂചിസ്താനിൽ നാഷണൽ അവാമി പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പ്രവിശ്യാ ഗവൺമെന്റ് പിരിച്ചുവിടപ്പെട്ടതോടെ ഈ വാരികയും പ്രസിദ്ധീകരണം നിർത്തലാക്കാൻ നിർബന്ധിതമായി.

എന്നാൽ 1972ൽ ഉറുദുവിൽ പ്രസിദ്ധീകരണമാരംഭിച്ച സുർഖ് പർച്ചാം (ചെങ്കൊടി) എന്ന മാസിക പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമാസികയായി ഇന്നും തുടരുന്നു. പക്ഷേ, അത് ഒളിവിൽ രഹസ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി ഉറുദുവിൽ പ്രസിദ്ധീകരിക്കുന്ന സെെദ്ധാന്തിക ത്രൈമാസികയാണ് ഇൽമ് -– ഒ – അമൽ. പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സിന്ധ് പ്രവിശ്യാ കമ്മിറ്റി സിന്ധി ഭാഷയിൽ ഹൽചൽ എന്ന പേരിൽ ഒളിവിൽനിന്ന് ഒരു പ്രസിദ്ധീകരണവും പുറത്തിറക്കുന്നുണ്ട്. ഇതിനുപുറമെ ആനുകാലികങ്ങളല്ലാത്ത മറ്റു നിരവധി പ്രസിദ്ധീകരണങ്ങളും ജനങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്.

പാർട്ടി നിരോധിക്കപ്പെട്ടതിനെയും വർഷങ്ങളോളം തുടർന്ന മക്കാർത്തിസ്റ്റ് ശെെലിയിലുള്ള വേട്ടയാടലിനെയും തുടർന്ന് തുടക്കത്തിൽ കുറെയേറെക്കാലം തിരിച്ചടി നേരിടേണ്ടതായി വന്നെങ്കിലും ക്രമേണ ആ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ പാർട്ടിക്ക് കഴിഞ്ഞു. 1960കളുടെ ആദ്യ പകുതിയിൽ തന്നെ തൊഴിലാളിവർഗത്തിനും കർഷക ജനതയ്ക്കുമെല്ലാമിടയിൽ ശക്തമായി വേരുറപ്പിക്കൻ പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരുന്നു; ആ രാജ്യത്തെ പരിഗണിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ ശക്തിയായി പാർട്ടി മാറുകയും ചെയ്തു. രാഷ്ട്രീയരംഗത്ത് നാഷണൽ അവാമി പാർട്ടിയെന്ന ഇടതുപക്ഷ സ്വഭാവമുള്ള ഐക്യമുന്നണിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് നേതൃത്വപരമായ പങ്കുമുണ്ടായി. ട്രേഡ് യൂണിയൻ രംഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന വലതുപക്ഷ, ബ്യൂറോക്രാറ്റിക് ട്രേഡ് യൂണിയനുകളെ പുറന്തള്ളാനും കമ്യൂണിസ്റ്റ്കാരായ ട്രേഡ് യൂണിയൻ പ്രവർത്തകർക്ക് കഴിഞ്ഞു.

1963 ആയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് കറാച്ചിയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിൽ അധിക ഭാഗത്തിന്റെയും നേതൃത്വത്തിലെത്താൻ കഴിഞ്ഞു; പാകിസ്താനിലെ മറ്റു വ്യാവസായിക കേന്ദ്രങ്ങളിലെയും ഗണ്യമായ വിഭാഗം തൊഴിലാളികൾ കമ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തിലുള്ള യൂണിയനുകളിൽ അണിനിരന്നു. 1963 മാർച്ചിൽ തൊഴിലാളികൾ ആദ്യമായി നടത്തിയ, മാർച്ച് ഒന്ന് മുന്നേറ്റം എന്നറിയപ്പെടുന്ന പൊതുപണിമുടക്ക് സംഘടിപ്പിച്ചത് കമ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തിലുള്ള കോ–ഓർഡിനേഷൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് ആയിരുന്നു. ആ പൊതുപണിമുടക്കിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് അണിനിരന്നത്. 8 ദിവസം നീണ്ടുനിന്ന ആ പണിമുടക്ക് അവസാനിച്ചത് തൊഴിലാളികൾ മുന്നോട്ടുവെച്ച സാമ്പത്തികാവശ്യങ്ങൾ പട്ടാള ഭരണാധികാരികൾ അംഗീകരിച്ചതിനെ തുടർന്നാണ്. പണിമുടക്ക് തുടങ്ങിയ ദിവസം തന്നെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിന്റെ ഫലമായി 40 തൊഴിലാളികൾ രക്തസാക്ഷികളായി.

വിദ്യാർഥി രംഗത്ത് പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബഹുജന സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്) 1960–62 കാലത്ത് വലിയ മുന്നേറ്റം നടത്തി. കറാച്ചിയിലെ ഭൂരിപക്ഷം കോളേജുകളിലും മറ്റു നഗരങ്ങളിലെ ഗണ്യമായ വിഭാഗം കോളേജുകളിലും സാമ്രാജ്യത്വപക്ഷപാതികളായ പിന്തിരിപ്പൻ വിദ്യാർഥി സംഘടനകളെ എൻഎസ്എഫ് തുടർച്ചയായി പരാജയപ്പെടുത്തി. അങ്ങനെ വിദ്യാർഥി പ്രസ്ഥാനത്തിന് സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യപരവും മതനിരപേക്ഷവുമായ ഒരു ദിശ നൽകുകയും ചെയ്തു. കർഷക ജനസാമാന്യത്തിനിടയിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം വീണ്ടെടുക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു; സിന്ധ് പ്രവിശ്യയിലും പഞ്ചാബ് പ്രവിശ്യയിലും കർഷക സമിതികൾ രൂപീകരിച്ചു. ഈ സമിതികളുടെ ആഭിമുഖ്യത്തിൽ വലിയ പങ്കാളിത്തമുള്ള നിരവധി കർഷക സമ്മേളനങ്ങളും നടത്തപ്പെട്ടു.

ഇടത് – വലത് അവസരവാദ പ്രവണതകൾക്കെതിരെയും പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി രൂക്ഷമായ ആശയസമരം നടത്തി. ഇതിന്റെ ഫലമായി പാർട്ടിയിൽനിന്ന് വലിയ ചോർച്ചയുണ്ടാക്കാതെ പാർട്ടിയംഗങ്ങളെ ഒരുമിപ്പിച്ചുനിർത്താനും 1970കളുടെ തുടക്കമായപ്പോഴേക്കും എല്ലാ പ്രവിശ്യകളിലും പാർട്ടി ഘടകങ്ങൾ നിലനിർത്താനും കഴിഞ്ഞു. 1970കളുടെ അവസാനമായപ്പോൾ മാവോയിസ്റ്റ്കൾ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഇടതുപക്ഷ തീവ്രവാദി വിഭാഗങ്ങൾ ഏറെക്കുറെ നാമാവശേഷമായി.

സാമ്രാജ്യത്വവിരുദ്ധവും -ഫ്യൂഡൽവിരുദ്ധവുമായ ഒരു വിശാല ജനകീയ മുന്നണി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ ഏറെക്കുറെ വിജയം കണ്ടുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് മറ്റു പുരോഗമന ശക്തികളുമായി ചേർന്ന‍് പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി രൂപംനൽകിയ അവാമി നാഷണൽ പാർട്ടിയെന്ന പുതിയ ദേശീയ ജനാധിപത്യ സഖ്യം. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സജീവമായി പ്രവർത്തിക്കുന്ന കർഷകസമിതികളുണ്ട്. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ, പാകിസ്താൻ വർക്കേഴ്സ് ഫെഡറേഷൻ, ഡെമോക്രാറ്റിക് ഓർഗനെെസേഷൻ ഓഫ് ദ വിമെൻ എന്നിങ്ങനെ നിരവധി വർഗ ബഹുജന സംഘടനകളുമുണ്ട്.

2023 ജൂൺ 16, 17, 18 തീയതികളിൽ ഇസ്ലാമാബാദിൽ ചേർന്ന പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ് തീരുമാനങ്ങളെ ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. അതോടൊപ്പം പാർട്ടി കോൺഗ്രസുകളുടെ ചരിത്രത്തിലേക്കും ഒന്നെത്തി നോക്കേണ്ടതുണ്ട്. 1948ൽ കമ്യൂണിസ്റ്റ് പാർട്ടി ഒവഫ് ഇന്ത്യ യുടെ കൽക്കത്തയിൽ ചേർന്ന രണ്ടാം കോൺഗ്രസ് വേദിയിൽവച്ച് രൂപംകൊണ്ട പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഒന്നാം കോൺഗ്രസായി കണക്കാക്കുന്നത് ആ രൂപീകരണ സമ്മേളനത്തെയാണ്. ഒന്നാം കോൺഗ്രസ് സ്വതന്ത്ര ഇന്ത്യയിൽ കൽക്കത്തയിലാണ് ചേർന്നതെങ്കിൽ പാർട്ടിയുടെ രണ്ടാം കോൺഗ്രസ് ചേർന്നത് ദീർഘമായ ഒരിടവേളയ്ക്കുശേഷം പാകിസ്താനിൽ 1975 ഡിസംബർ , 1976 ജനുവരി കാലത്താണ്. 1976ലെ പാർട്ടി കോൺഗ്രസ് എന്നാണ് ഇതറിയപ്പെടുന്നത്. ആ കാലത്ത് പാകിസ്താനിൽ നിലനിന്നിരുന്നത് തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റാണെങ്കിലും തിരുവായ്ക്കെതിർവായില്ലാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് 1976ലെ പാർട്ടി കോൺഗ്രസ് അതിനെ ‘‘തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സേ-്വച്ഛാധിപത്യം’’ എന്നാണ് വിശേഷിപ്പിച്ചത്.

പാർട്ടിയുടെ മൂന്നാം കോൺഗ്രസ് ചേർന്നത് പിന്നെയും 13 വർഷത്തെ ഇടവേളയ്ക്കുശേഷം 1989 മെയ് മാസത്തിലാണ്. പാകിസ്താൻ രൂപംകൊണ്ട് 42 വർഷത്തിനുശേഷം സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ ശരദി ഗോഥിലുള്ള ഒരു പാടത്ത് പന്തലിട്ടാണ് ആ കോൺഗ്രസ് നടത്തിയത്. ഈ പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമാം അലി നാസിഷും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് കറാച്ചി പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം നടത്തി. പാർട്ടി പ്രവർത്തകരിലും നേതാക്കളിലും ഒളിവിൽ പ്രവർത്തിക്കാൻ നിർബന്ധിതരായ ചുരുക്കം ചിലരൊഴികെ മറ്റെല്ലാവരും ഒളിവിൽനിന്ന് പുറത്തുവന്ന് പരസ്യമായി സംഘടനാപ്രവർത്തനം നടത്തണമെന്നതായിരുന്നു മൂന്നാം പാർട്ടി കോൺഗ്രസ് കെെക്കൊണ്ട തീരുമാനങ്ങളിൽ മുഖ്യ ഇനം.

മൂന്നാം പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം 1989 ആഗസ്ത് 9 ന് സിന്ധ് പ്രവിശ്യയിലെ ലാർക്കനയിൽ വലിയൊരു പൊതുസമ്മേളനം ചേർന്നു. സഖാവ് നാസിർ അബ്ബാസിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ചേർന്ന ആ മഹാസമ്മേളനത്തിൽ സിന്ധിലെയും ബലൂചിസ്താനിലെയും പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും പുറമേ സഖ്യകക്ഷികളിൽപെട്ട മതനിരപേക്ഷ ജനാധിപത്യവാദികളാകെ പങ്കെടുത്തു. സമ്മേളനം നടന്ന ജിന്നാബാഗിനു പുറത്തുള്ളവർക്കുകൂടി പ്രസംഗങ്ങൾ കേൾക്കത്തക്കവിധം മൂന്നുദിശകളിലുമുള്ള റോഡുകളിലുടനീളം ലൗഡ് സ്പീക്കറുകൾ വിന്യസിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ജിന്നാബാഗിൽ ഇരിക്കാനും നിൽക്കാനുമാകാത്ത വിധം തിരക്കായതിനെത്തുടർന്ന് സമീപത്തുള്ള കെട്ടിടങ്ങൾക്കു മുകളിലും പാർക്കു ചെയ്തിരുന്ന ബസുകൾക്കു മുകളിലുമെല്ലാം ജനങ്ങൾ ഇടം കണ്ടെത്തി.

1990 ഡിസംബറിൽ സിന്ധ് പ്രവിശ്യയിലെ കറാച്ചിക്കടുത്ത് ല്യാരിയിലാണ് പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം കോൺഗ്രസ് ചേർന്നത്. സിന്ധിലെ റോഹ്റി സിമന്റ് ഫാക്ടറിക്കടുത്തുള്ള പാർട്ടിയംഗമായ മൗലാ ബക്ഷ് ഖാസ്ഖേലിയുടെ വീടിനു സമീപത്തുള്ള സ്ഥലത്താണ് അഞ്ചാം കോൺഗ്രസ് 1995 നവംബറിൽ നടന്നത്. 1998 ഡിസംബറിൽ ഖെെബർ പക്-ത്തുൻഖ്വ പ്രവിശ്യയിലെ (മുൻപ് നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യ) മന്ദനി ജില്ലയിലാണ് 6–ാം കോൺഗ്രസ് ചേർന്നത്. സിന്ധിലെ ഹെെദ്രാബാദിലാണ് 2002 മാർച്ചിൽ ഏഴാം പാർട്ടി കോൺഗ്രസ് ചേർന്നത്. 2011 ഏപ്രിൽ മാസത്തിൽ 8–ാം കോൺഗ്രസ് ചേർന്നതും ഹെെദ്രാബാദിൽ തന്നെയാണ്. ഇതേ സ്ഥലത്തുവച്ചുതന്നെയാണ് 2016 മാർച്ചിൽ ഒമ്പതാം കോൺഗ്രസും ചേർന്നത്. കോവിഡ് മഹാമാരിയെതുടർന്ന് മാറ്റിവയ്ക്കേണ്ടതായി വന്ന പത്താം കോൺഗ്രസാണ് 2023 ജൂൺ 16, 17, 18 തീയതികളിൽ ഇസ്ലാമാബാദിൽ ചേർന്നത്.

മുൻപുനടന്ന പാർട്ടി കോൺഗ്രസുകളിലെന്നപോലെതന്നെ പത്താം കോൺഗ്രസിന്റെയും രേഖകൾ പ്രവിശ്യാ സമ്മേളനങ്ങളിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും തുടർന്ന് പാർട്ടി അംഗങ്ങളും അനുഭാവികളും നിർദേശിച്ച ഭേദഗതികളും കൂട്ടിച്ചേർക്കലുകളും പരിശോധിച്ച് ഉൾപ്പെടുത്തുകയും ചെയ്താണ് അന്തിമരൂപം നൽകി കോൺഗ്രസിൽ പാസാക്കുന്നത്. പത്താം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ ഇവയാണ് –(1) സാമ്രാജ്യത്വാധിപത്യത്തിൽനിന്നും പാകിസ്താനെ മോചിപ്പിക്കുക (2) പാകിസ്താന്റെ രാഷ്ട്രീയ കാര്യങ്ങളിൽനിന്നും ഭരണപരമായ കാര്യങ്ങളിൽനിന്നും സാമ്രാജ്യത്വദാസരായ സെെനിക–സിവിൽ മേധാവികളെ അകറ്റിനിർത്തുക; (3) ഫ്യൂഡൽ – മുതലാളിത്ത രാഷ്ട്രീയ പ്രമാണിമാരെയും അവരുടെ വളർന്നുവരുന്ന ക്രിമിനൽ സിൻഡിക്കേറ്റുകളെയും കീഴ്-പ്പെടുത്തിക്കൊണ്ട് യഥാർഥത്തിലുള്ള മതനിരപേക്ഷ ജനാധിപത്യം കെട്ടിപ്പടുക്കുക; (4) ജനാധിപത്യപരമായ ചട്ടക്കൂടിനുള്ളിൽ വേറിട്ടുപോകാനുളള അവകാശമുൾപ്പെടെയുള്ള സ്വയംനിർണയാവകാശം എല്ലാ ദേശീയ വിഭാഗങ്ങൾക്കും അനുവദിക്കുക; (5) സോഷ്യലിസ്റ്റ് വിപ്ലവം യാഥാർഥ്യമാക്കുകയെന്ന ആത്യന്തിക ലക്ഷ്യം കെെവരിക്കൽ– തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളെയും അണിനിരത്തിക്കൊണ്ടുമാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

ഈ ലക്ഷ്യങ്ങൾ കെെവരിക്കാനായി തൊഴിലാളി വർഗത്തിനും ജനസാമാന്യത്തിനുമിടയിൽ വർഗബോധം വളർത്തിയെടുത്ത് വർഗസമരത്തിലൂടെ വിപ്ലവ മുന്നേറ്റമുണ്ടാക്കി ബഹുജന വിപ്ലവം സാധ്യമാക്കണമെന്നാണ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. ഉൽപ്പാദനോപാധികൾ കെെയടക്കിവച്ചിട്ടുള്ള മർദ്ദക വർഗങ്ങൾ സമാധാനപരമായി സ്വമേധയാ ചൂഷണം അവസാനിപ്പിക്കില്ലയെന്ന ചരിത്രപാഠവും പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയം നമ്മെ ഓർമിപ്പിക്കുന്നു. പാർട്ടിയുടെ അടിയന്തര കടമകളിൽ ഒന്നായി കാർഷിക പരിഷ്കരണത്തെ ഉയർത്തിപ്പിടിക്കുന്ന പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ് പ്രമേയം -ഫ്യൂഡൽ സംസ്കാരത്തെയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെയും തുടച്ചുനീക്കണമെന്നും മുൻ ഭൂപ്രഭുക്കൾക്കും ഫ്യൂഡൽ പ്രഭുക്കൾക്കും തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനോ വോട്ടവകാശം നൽകാനോ പാടില്ലയെന്നും വ്യക്തമാക്കുന്നു.

എല്ലാ ദേശീയ ജനവിഭാഗങ്ങൾക്കും സ്വയംനിർണയാവകാശം ഉറപ്പാക്കണമെന്നും വിഭവങ്ങളാകെ തുല്യമായി പങ്കുവയ്ക്കണമെന്നും വ്യക്തമാക്കുന്ന ഈ രാഷ്ട്രീയ പ്രമേയം പാകിസ്താനെ പൂർണമായ തോതിലുള്ള ഒരു ഫെഡറൽ രാഷ്ട്രമാക്കി മാറ്റണമെന്നും ആവശ്യപ്പെടുന്നു. സെെന്യത്തെ രാഷ്ട്രത്തിന്റെ പ്രതിരോധ ചുമതലയിൽമാത്രം ഒതുക്കിനിർത്തണമെന്നും രാഷ്ട്രീയ പ്രമേയം പറയുന്നു. എല്ലാ വംശ–മതവിഭാഗങ്ങളിൽപ്പെടുന്നവർക്കും ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നവർക്കും തുല്യാവകാശം ഉറപ്പാക്കുന്ന യഥാർഥ മതനിരപേക്ഷ രാഷ്ട്രമാക്കി പാകിസ്താനെ മാറ്റണമെന്നും ആഗോള ധനമൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നീരാളിപ്പിടുത്തത്തിൽനിന്നും പാകിസ്താനെ സംരക്ഷിക്കുന്നതിന് ശക്തമായി അണിനിരക്കണമെന്നും ജനങ്ങളോടാകെ ആഹ്വാനം ചെയ്താണ് പാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ് പിരിഞ്ഞത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + eighteen =

Most Popular