ഇക്കഴിഞ്ഞ മെയ് 7ന് പുലര്‍ച്ചെ ഇന്ത്യന്‍ സേന പാക് അധിനിവേശ കാശ്മീരിലും പാക് പഞ്ചാബിലും കൃത്യതയോടെ നടത്തിയ ആക്രമണത്തില്‍ ലഷ്കര്‍ –ഇ–തൊയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഹിസ്ബുൽ മുജാഹിദീന്റെയും ഭീകര പരിശീലനകേന്ദ്രങ്ങളും ആസ്ഥാനങ്ങളുമാണ് തകര്‍ത്തത്. 1989 ല്‍ മുഹമ്മദ് അഹ്സാന്‍ ദര്‍ സ്ഥാപിച്ച ഹിസ്ബുള്‍ മുജാഹിദീന്റെ ആസ്ഥാനം പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദാണ്. ആസ്ഥാനം മുസഫറാബാദിലും സുപ്രീം കമാന്‍ഡര്‍ സയ്യിദ് സലാഹുദ്ദീനുമാണെങ്കിലും കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ സായുധ ഭീകര വിഭാഗമാണത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കാനഡയും അമേരിക്കയും ഭീകര സംഘടനാപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹിസ്ബുൽ മുജാഹിദീന്റെ മുസഫറാബാദിലെ ഭീകരവാദികളുടെ ലോഞ്ചിങ് പാഡുകളാണ് മെയ് 7 ന് തകര്‍ക്കപ്പെട്ടത്.
കാശ്മീരിന്റെ കാര്യത്തില്‍, ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു കാര്യത്തില്‍ മാത്രമാണ് യോജിപ്പുള്ളത്; കാശ്മീര്‍ ഒരു സ്വതന്ത്രരാഷ്ട്രമായിത്തീരുന്നത് ഇരുരാജ്യങ്ങളും അംഗീകരിക്കുന്നില്ല. പാകിസ്താന്, ഇന്ത്യ യുടെ ഭാഗമായ കാശ്മീര്‍ താഴ്വരകൂടി കിട്ടണം. ഇന്ത്യയ്ക്കാകട്ടെ, 1948 ല്‍ പാകിസ്താന്‍ പിടിച്ചെടുത്ത പാക് അധിനിവേശ കാശ്മീര്‍ വീണ്ടെടുത്ത് രാജ്യത്തോട് ചേര്‍ക്കുകയും വേണം. പാകിസ്താന്റെ ഉദ്ദേശ്യലക്ഷ്യ ങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണ്, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ സായുധ ഭീകര വിഭാഗമായ ഹിസ്ബൂള്‍ മുജാഹിദീന്റെയും പ്രഖ്യാപിത നിലപാട്. അതായത്, ഇന്ത്യയുടെ ഭാഗമായ കാശ്മീരും പാക് അധിനിവേശ കാശ്മീരും കൂട്ടിച്ചേര്‍ത്ത് ഒരു സ്വതന്ത്രരാഷ്ട്രമാക്കുകയല്ല അവര്‍ക്കു വേണ്ടത്. ഇന്ത്യയുടെ ഭാഗമായ കാശ്മീരിന്റെ ഭാഗംകൂടി പാകിസ്താനോട് കൂട്ടിച്ചേര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
അതേ സമയം, 1993 ല്‍ രൂപവത്കരിക്കപ്പെട്ട ഓള്‍ പാര്‍ട്ടീസ് ഹൂറിയത്ത് കോണ്‍ഫറന്‍സോ 1977 ല്‍ അമേരിക്കയിലെ ബര്‍മിങ്ഹാമില്‍ സ്ഥാപിക്കപ്പെടുകയും 1994 വരെ കാശ്മീരില്‍ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടോ കാശ്മീര്‍ ഭൂഭാഗം പാകിസ്താനോട് കൂട്ടിച്ചേര്‍ക്കണമെന്ന വീക്ഷണം വെച്ചുപുലര്‍ത്തിയിരുന്നില്ല. അവര്‍ക്കു വേണ്ടിയിരുന്നത് സ്വതന്ത്രരാഷ്ട്രമായിരുന്നു. കാശ്മീര്‍ ജനതയുടെ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണെങ്കിലും അവരില്‍ സൂക്ഷ്മ ന്യൂനപക്ഷം മാത്രമാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ‘ഇസ്ലാമിസ്റ്റ്’ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍. 26 പാര്‍ട്ടികളുടെ സഖ്യമായ ഓള്‍ പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്-ലാമിയുമുണ്ട്. (ഇപ്പോള്‍ ഹൂറിയത്തില്‍ രണ്ട് പ്രമുഖ വിഭാഗമുണ്ട്. അതിൽ ചില പാര്‍ട്ടികളെയും സംഘടനകളെയും ഇന്ത്യാ ഗവൺമെന്റ് ഭീകര സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുമുണ്ട്). ഹൂറിയത്തില്‍, കാശ്മീര്‍ ജമാ അത്തെ ഇസ്ലാമിയാണ് കാശ്മീരിനെ പാകിസ്താനുമായി ഏകീകരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച പാര്‍ട്ടികളിലൊന്ന്. ഇന്ത്യയ്ക്കെതിരെ ഹിസ്ബുള്‍ മുജാഹിദീനെ ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമി നടത്തിയ/നടത്തുന്ന രണോത്സുക പ്രവര്‍ത്തനങ്ങളാണ് ഹൂറിയത്തിലെ മറ്റു കക്ഷികളേക്കാള്‍ അതിന് കാശ്മീരിലും പാകിസ്താനിലും കൂടുതല്‍ ദൃശ്യത നല്‍കിയത്. കാശ്മീരിലെ ‘ഇസ്ലാമിസ്റ്റ് പ്രതിരോധ’ത്തിന്റെ മുഖ്യമുഖം തങ്ങളാണെന്ന് പ്രക്ഷേപിക്കുന്നതില്‍ ജമാഅത്തിനെ ഇത് സഹായിച്ചു.
തുടക്കം മുതല്‍ പാകിസ്താന്റെ പദ്ധതി, കാശ്മീരില്‍ മതമൗലിക വാദത്തെ വ്യാപിപ്പിക്കുകയും അതുവഴി വിഘടന വാദത്തെ വര്‍ധിപ്പിക്കുകയുമായിരുന്നു. കാശ്മീരില്‍ നിന്ന് മതേതരവാദികളെ തിരഞ്ഞെടുത്ത് മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതും സായുധ പരിശീലനം നല്‍കുന്നതും പാകിസ്താന്‍ രാഷ്ട്രനയമാക്കി മാറ്റിയിട്ട് മൂന്ന് വ്യാഴവട്ടമെങ്കിലുമായി. ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടി ‘പ്രക്ഷോഭകാരി’കളുടെ ഒരു പ്രത്യേക സംഘത്തെതന്നെ പാകിസ്താന്‍ പരിശീലിപ്പിച്ചിരുന്നു. താഴ്വരയില്‍ ഇവരെക്കൊണ്ട് അശാന്തിയും അസ്വാസ്ഥ്യവും സൃഷ്ടിച്ച് ഇന്ത്യന്‍ സേനയെ നിഷ്ഠുരതയോടെ നേരിടാന്‍ അവരെ എരികേറ്റുകയായിരുന്നു പാക് ലക്ഷ്യം. ഇന്ത്യന്‍ സുരക്ഷാസൈന്യത്തിന്റെ പല അപലപനീയ കൃത്യങ്ങളും ഈ ചതുരുപായത്തിന് വളംവെച്ചുകൊടുക്കുകയും ചെയ്തു.
കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയായിരുന്നു ഈ പാക് സൈനിക സമരതന്ത്രത്തില്‍ മുഖ്യപങ്കു വഹിച്ചിരുന്നത്. 1990 കള്‍ മുതല്‍ വിദേശികളായ ഭീകരവാദികളെ റിക്രൂട്ട് ചെയ്യാനും സായുധപരിശീലനം നല്‍കാനും ഹിസ്ബുള്‍ മുജാഹിദീന്‍ വഴി കാശ്മീര്‍ ജമാഅത്ത് ആണ് മുന്‍കൈ എടുത്തിരുന്നത്. ജമാഅത്ത് അഫ്ഗാന്‍ ‘ജിഹാദ്’ വേളയിലുണ്ടാക്കിയ ബന്ധങ്ങളും രാജ്യാന്തര ഇസ്ലാമിസ്റ്റ് ഭ്രമണപഥത്തില്‍ അതിനുള്ള സ്വാധീനവുമാണ് വിദേശികളെ കാശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിലേക്ക് നയിക്കാന്‍ സഹായിച്ചത്. അഫ്ഗാനിസ്താനിലെ ഹെസ്-ബ്–ഇ–ഇസ്ലാമി എന്ന ജിഹാദി സംഘത്തില്‍പ്പെട്ട ചിലര്‍ ഹിസ്-ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നെങ്കിലും അവര്‍ മുഖ്യമായും ഉപദേശകരായാണ് പ്രവര്‍ത്തിച്ചത്. 1992 ല്‍ നജീബുല്ല സര്‍ക്കാറിന്റെ പതനത്തിനുശേഷം സുഡാന്‍, ഈജിപ്ത്, പലസ്തീന്‍, പാകിസ്താന്‍, ഗള്‍ഫ് – അറബ് രാഷ്ട്രങ്ങള്‍ എന്നി വിടങ്ങളില്‍ നിന്ന് ‘പോരാളികള്‍’ കാശ്മീരിലെത്തി. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കാശ്മീര്‍ താഴ്വരയിലേക്ക് അക്കാലത്ത് നുഴഞ്ഞുകയറിയിരുന്നുവെങ്കിലും അവരുടെ എണ്ണം ഗണനീയ മായിരുന്നില്ല. 1988–1994 കാലത്ത് ഇന്ത്യന്‍ സൈന്യം വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത 561 വിദേശ ഭീകരവാദികളില്‍ 18 പേര്‍ മാത്രമായിരുന്നു ഗള്‍ഫ് – അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ‘അറബ് കൂലിപ്പടയാളി’കളാണ് കാശ്മീരില്‍ ‘പ്രവര്‍ത്തി’ക്കുന്നതെന്ന വാദം അക്കാലത്ത് പാകിസ്താന്‍ ഉന്നയിച്ചിരുന്നു. അതൊരു ഉപരിപ്ലവമായ കൈകഴുകലായിരുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 1993–94 ല്‍ മാത്രം ആയിരത്തോളം വിദേശ ഭീകരവാദികള്‍ കാശ്മീര്‍ താഴ്വരയില്‍ ഉണ്ടായിരുന്നു.
രാജ്യാന്തര തലത്തില്‍ അഭിപ്രായ രൂപീകരണത്തിനും ധനസമാഹരണത്തിനും വിദേശരാജ്യങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകളുമായുമുള്ള ബന്ധം ജമാഅത്ത് ഉപയോഗപ്പെടുത്തി. അമേരിക്കയിലും യൂറോപ്പിലുമുണ്ടായിരുന്ന ഇത്തരം സംഘടനകള്‍ കാശ്മീര്‍ പ്രശ്നത്തെ ലോകമാകെ പ്രചരിപ്പിക്കുന്നതിനും കാശ്മീരിലെ ഗറില്ല ജിഹാദ് യുദ്ധമുറയ്ക്കു ഫണ്ട് ശേഖരിക്കുന്നതിനും ജമാഅത്തിനെ സഹായിച്ചു. ബ്രിട്ടനില്‍ ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത ജേണലുകളുണ്ടായിരുന്നു. ഈ പ്രസിദ്ധീകരണങ്ങള്‍ വഴി കാശ്മീരിന് ‘മനുഷ്യത്വപരമായ സഹായം’ നല്‍കാന്‍ ആഹ്വാനം ചെയ്യുന്നത് പതിവായിരുന്നു.
കാശ്മീരിലും മറ്റിടങ്ങളിലും ഇസ്ലാമീകരണ പ്രവേഗഗതി നിര്‍ണയിക്കാന്‍ തീവ്രയത്നം നടത്തിയ ജമാഅത്തെ ഇസ്ലാമി, കാശ്മീരിലെ ഇന്ത്യന്‍ സാന്നിധ്യത്തെ നിശിതമായി എതിര്‍ത്തുപോന്നു. കൗമാരക്കാരെയും യുവാക്കളെയും സ്കൂളില്‍നിന്നും സര്‍വകലാശാലയില്‍ നിന്നും ജമാഅത്തെ ഇസ്ലാമി റിക്രൂട്ട് ചെയ്തു. ജമാഅത്തുകാരായ അധ്യാപകരാണ് ഈ കര്‍ത്തവ്യത്തിന് നിയുക്തരായിരുന്നത്. ഹിസ്ബുൽ മുജാഹിദിനിലേക്കുള്ള റിക്രൂട്ട്മെന്റിന് മറ്റു മാനദണ്ഡങ്ങളുണ്ടായിരുന്നു. കാശ്മീരില്‍ നടന്നിരുന്ന ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളുടെ രംഗനിരീക്ഷണമാണ് ആദ്യപടി. അവയില്‍ ഏറ്റവും ചുണയുള്ളവരെ ശാരീരികമായി കരുത്തുള്ളവരെയുമാണ് സംഘടനയില്‍ അംഗങ്ങളായി ചേര്‍ക്കുക. തുടര്‍ന്ന് അവരെ പാക് അധിനിവേശ കാശ്മീരിലേക്ക് പാരാമിലിറ്ററി പരിശീലനത്തിന് അയക്കും. അവിടെവെച്ച് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കും. പിന്നീട് അഫ്ഗാനിസ്താനിലെ സായുധ പരിശീലന കേന്ദ്രങ്ങളിലേക്കയയ്ക്കും. അല്ലെങ്കില്‍ താജിക്കിസ്ഥാന്റെ അതിര്‍ത്തിയിലുള്ള ക്യാമ്പുകളിലയയ്ക്കും. അവിടെവെച്ചാണ് യഥാര്‍ഥ യുദ്ധപരിശീലനം നല്‍കുന്നത്. പിന്നെ അവരെ ഇന്ത്യ ‘കൈവശപ്പെടുത്തി ’വെച്ചിരിക്കുന്ന കാശ്മീരിലേക്ക് ഏതെങ്കിലും മാര്‍ഗത്തിലെത്തിക്കും. ഈ ജിഹാദി വിന്യാസം കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല എന്നതും പാകിസ്താനോട് കാശ്മീരിനെ കൂട്ടിച്ചേര്‍ക്കാനാണ് എന്നതുമാണ് ഇസ്ലാമാബാദിന് തൊണ്ണൂറുകളില്‍ ഹിസ്ബുൽ മുജാഹിദീനെ കണ്ണിലുണ്ണിയാക്കി മാറ്റിയത്. പില്‍ക്കാലത്ത് ഇതേ ലക്ഷ്യത്തോടെ കൂടുതല്‍ സംഘടിതവും രണോത്സുകവുമായ ലഷ്കര്‍–ഇ–തൊയ്ബ, ഹര്‍ക്കത്തുല്‍ അന്‍സാര്‍, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ അരങ്ങത്തെത്തിയതോടെ ഹിസ്ബുൽ മുജാഹിദീന് പഴയ ‘പ്രതാപം’ പോയി.
1996 ല്‍ നടന്ന തിരഞ്ഞെടുപ്പ് ഒരു പരമാര്‍ഥം ഏറെക്കുറെ അനാവരണം ചെയ്തു: കാശ്മീരിലെ ജനങ്ങള്‍ സൈന്യവും ഭീകരവാദികളും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തില്‍ തളര്‍ന്നു പൊറുതിമുട്ടിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധസമരത്തില്‍ അവരില്‍ മഹാഭൂരിപക്ഷത്തിനും ഒട്ടും താല്പര്യമില്ലാതായി. തല്‍സ്ഥിതി തുടരുന്നതാണ് എന്തുകൊണ്ടും അഭികാമ്യമെന്ന വിചാരത്തിലേക്ക് സാധാരണക്കാരായ കാശ്മീരികള്‍ എത്തിച്ചേര്‍ന്നു.
1999 മെയ് മുതല്‍ ജൂലായ് ആദ്യം വരെ കാര്‍ഗില്‍ യുദ്ധം നടന്നപ്പോള്‍ ഇന്ത്യയിലും പാകിസ്താനിലും കാശ്മീരിലുമുള്ള ജമാഅത്തെ ഇസ്ലാമികളും ഹിസ്ബുൽ മുജാഹിദീനും സ്വീകരിച്ച നിലപാടുകള്‍ പരിശോധിക്കുന്നത് കൗതുകകരമാണ്. ഇന്ത്യയും പാകിസ്താനും തത്ത്വത്തില്‍ അംഗീകരിച്ച നിയന്ത്രണ രേഖ കടന്ന് പാക് പട്ടാളവും ഭീകരവാദികളായി മുജാഹിദീനുകളും കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് വഴിവെച്ചത്. കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട പ്പോള്‍ പാക് ജമാ അത്തെ ഇസ്ലാമിയുടെ മൂന്നാമത്തെ അമീറായിരുന്ന ഖാസി ഹുസൈന്‍ അഹമ്മദും (1938–2013) ലാഹോറില്‍ ഹിസ്ബുൽ മുജാഹിദീന്റെ തലവനായ സയ്യിദ് സലാഹുദ്ദീനും കൂടിക്കാഴ്ച നടത്തി ഒരുമിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. അവര്‍ കാര്‍ഗില്‍ യുദ്ധത്തെ ജിഹാദ് ആയി കണക്കാക്കുകയും അതിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ കര–വ്യോമ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മര്‍ദ്ദവും കനത്തപ്പോള്‍ കാര്‍ഗിലില്‍ നിന്ന് പിന്‍മാറാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായി. അപ്പോള്‍ നവാസ് ഷെരീഫ് സര്‍ക്കാരിനെ കഠിനമായി വിമര്‍ശിക്കുകയും നിന്ദിക്കുകയുമാണ് ഖാസി ഹുസൈനും സലാഹുദ്ദീനും ചെയ്തത്. ഖാസി ഹുസൈന്‍ പക്ഷേ, പാക് സൈന്യത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല.
ശ്രീനഗറിലാകട്ടെ, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി കാര്‍ഗില്‍ യുദ്ധസമയത്ത് തന്ത്രപരമായ നിശ്ശബ്ദതയും നിശ്ചലതയുമാണ് പുറമേ പ്രകടിപ്പിച്ചത്. അകമേ പാക് ജമാഅത്തിന്റെ കാഴ്ചപ്പാടായിരുന്നുവെങ്കിലും ശക്തമായ സൈനിക അടിച്ചമര്‍ത്തല്‍ ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഹിസ്ബുൽ മുജാഹിദീന്‍ വീണ്ടും ഇന്ത്യന്‍ സേന യ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ ആരംഭിച്ചു. അപ്പോള്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവും പിന്നീട് ഹൂറിയത്തിന്റെ അധ്യക്ഷനും പാക് അനുകൂല വിഘടനവാദിയുമായിരുന്ന സയ്യിദ് അലി ഷാ ഗിലാനി (1929–2021) യെ സര്‍വ്വാത്മനാ പിന്തുണച്ചിരുന്ന വിഭാഗം മുന്‍നിരയിലേക്ക് വന്നു.
മജീദ് ദറിന്റെ നേതൃത്വത്തില്‍ ഹിസ്ബുൽ മുജാഹിദീന്‍ 2000 ആഗസ്തില്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഈ ഭീകര സംഘടനയ്ക്കകത്തും പാക് സൈന്യത്തിലുമുണ്ടായ പരസ്പര വിരുദ്ധമായ പ്രവണതകള്‍ കാരണം അത് ഫലം കണ്ടില്ല. 2025 ലും ഹിസ്ബുൽ മുജാഹിദീന്‍ ‘കര്‍മ രംഗ’ത്തുണ്ടെങ്കിലും അതിന്റെ പ്രാവര്‍ത്തികശേഷിയും അംഗബലവും ഏതാനും വര്‍ഷങ്ങളായി ഗണ്യമായി ക്ഷയിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ സ്റ്റേറ്റ് പോളിസിയാക്കി മാറ്റിയിട്ടുള്ള പാകിസ്താന് പ്രീതിപാത്രമായ ഭീകര സംഘടനകള്‍ ഇപ്പോള്‍ ലഷ്കര്‍ –ഇ–തൊ യ്ബയും ജയ്ഷെ മുഹമ്മദുമാണ്. ഹിസ്ബുൽ മുജാഹിദീനില്‍ പ്രവര്‍ത്തി ച്ചവര്‍ ഇത്തരം സംഘടനകളിലേക്ക് ചേക്കേറുന്നത് അത്ര വിരളമല്ല. l



