Saturday, May 9, 2026

ad

Homeവിശകലനംഅമേരിക്കൻ ഭരണവർഗവും 
ട്രംപ് വാഴ്ചയും –5

അമേരിക്കൻ ഭരണവർഗവും 
ട്രംപ് വാഴ്ചയും –5

താൽക്കാലികമായി തൊഴിലാളിവർഗത്തിനും ദരിദ്രർക്കും ചില ചില്ലറ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിൽപോലും ബെെഡൻ ഭരണകൂടം പ്രാഥമികമായി മുതലാളിവർഗത്തിലെ നവലിബറൽ വിഭാഗങ്ങളുടെ താൽപര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. താൻ പ്രസിഡന്റാവുകയാണെങ്കിൽ ‘‘അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടാവുകയില്ല’’യെന്ന് തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപായി ബെെഡൻ വാൾസ്ട്രീറ്റിന് ഉറപ്പു നൽകിയിരുന്നു. അയതിനാൽ 2025 ജനുവരിയിൽ രാജ്യത്തോട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ബെെഡൻ ഇങ്ങനെയൊരു താക്കീത് നൽകിയത് വിരോധാഭാസമായിരിക്കുന്നു: ‘‘ഇന്ന്, നമ്മുടെ ജനാധിപത്യ സംവിധാനത്തെ അക്ഷരാർഥത്തിൽതന്നെ ഒന്നാകെയും നമ്മുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എല്ലാവർക്കും മുന്നേറാനുള്ള തുല്യാവസരത്തെയും ഭീഷണിപ്പെടുത്തുന്ന ഭീമാകാരമായ സമ്പത്തും അധികാരവും സ്വാധീനവും കയ്യാളുന്ന ഒരു പ്രഭുവർഗം അമേരിക്കയിൽ രൂപപ്പെട്ടുവരികയാണ്’’. തുടർന്ന് ബെെഡൻ ഇങ്ങനെയും കൂടി പ്രഖ്യാപിക്കുന്നു: ‘‘ഈ പ്രഭുവർഗം സമ്പത്തിന്റെയും അധികാരത്തിന്റെയും സാന്ദ്രീകരണത്തിൽ മാത്രമല്ല വേരൂന്നിയിട്ടുള്ളത്, മറിച്ച് ഒരു ടെക് – ഇൻഡസ്ട്രിയൽ കോംപ്ലക്സ് (tech– industrial complex – സാങ്കേതിക വിദ്യയും വ്യവസായവും കൂടിച്ചേർന്ന ഒരധികാര രൂപം) ഉയർന്നു വരാനുള്ള സാധ്യതയിലുംകൂടിയാണ്. അനിയന്ത്രിതമായ നിർമിത ബുദ്ധിയുടെയും ‘‘കള്ളപ്പണ’’ത്തിന്റെയും ഉയർന്നുവരവാണ് പുതിയ പ്രഭു വർഗത്തെ തീറ്റിപ്പോറ്റുന്ന ടെക് ഇൻഡസ്ട്രിയൽ കോംപ്ലക്സ് സാധ്യതയുടെ അടിത്തറയെന്നും ബെെഡൻ പ്രസ്താവിച്ചു. പ്രഭു വാഴ്ചയുടെ കടിഞ്ഞാണിന്റെ കേന്ദ്ര ബിന്ദു അമേരിക്കൻ സുപ്രീംകോടതിയാണെന്നറിയാവുന്ന ബെെഡൻ തന്നെയാണ് അമേരിക്കൻ സുപ്രീംകോടതിയുടെ ജഡ്ജിമാരുടെ കാലാവധി 18 വർഷമാക്കി ഉയർത്താനുള്ള നിർദ്ദേശം കൊണ്ടുവന്നത്. ഫ്രാങ്ക്ളിൻ ഡി റൂസ്-വെൽറ്റിനുശേഷം ഒരമേരിക്കൻ പ്രസിഡന്റും ആ സ്ഥാനത്തിരിക്കവെ അമേരിക്കൻ ഗവൺമെന്റിനുമേൽ പ്രത്യക്ഷത്തിൽ ഭരണവർഗ നിയന്ത്രണം വേണമെന്ന പ്രശ്നം ഇത്ര ശക്തമായി ഉന്നയിച്ചിട്ടില്ല; എന്നാൽ ബെെഡന്റെ കാര്യത്തിൽ, അദ്ദേഹം വെെറ്റ് ഹൗസിൽനിന്ന് പടിയിറങ്ങവെയാണ് ഈ വിഷയം ഉന്നയിച്ചത്.

ഭരണകൂടത്തിന്മേലുള്ള ചെറിയൊരു വിഭാഗം പ്രഭുക്കളുടെ നിയന്ത്രണം അമേരിക്കയിൽ പുതിയൊരു കാര്യമല്ലെന്നത് കണക്കിലെടുത്ത് ഇളവുകൊടുക്കാൻ എളുപ്പമാണെങ്കിലും ബെെഡന്റെ പരാമർശങ്ങൾ അമേരിക്കൻ ഭരണകൂടം നവ -ഫാസിസ്റ്റ് നിയന്ത്രണമുള്ള വ്യക്തമായൊരു ചുവടുമാറ്റത്തിന്റെ സ്വാധീനത്തിലായതാണ് പ്രതിഫലിപ്പിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പു വേളയിൽ ട്രംപിനെ വെെസ് പ്രസിഡന്റ് കമല ഹാരിസ് ‘‘ഫാസിസ്റ്റെ’’ന്ന് പരസ്യമായി വിശേഷിപ്പിക്കുകയുണ്ടായി. രാഷ്ട്രീയ കാപട്യത്തിനും അമേരിക്കൻ ദ്വികക്ഷി രാഷ്ട്രീയത്തിൽ പതിവായുള്ള ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും മാറി മാറി അധികാരത്തിലെത്തുന്നതിനും അപ്പുറം ചിലതുകൂടി ഉൾപ്പെടുന്നതാണിത്. 2021ൽ ബെെഡൻ കാബിനറ്റിലെ അംഗങ്ങളുടെ ചെലവു കഴിച്ചുള്ള മൊത്തം ആസ്തി 118 ദശലക്ഷം (11.8 കോടി ) ഡോളറാണെന്ന് ഫോർബ്സ് മാഗസിൻ കണക്കാക്കി. അതേസമയം, പബ്ലിക് സിറ്റിസൺ എന്ന സ്ഥാപനം പറയുന്നതനുസരിച്ച് ട്രംപിന്റെ കാബിനറ്റിലെ ഉന്നതരിൽ 40,000 കോടി ഡോളർ സ്വത്തുള്ള എലോൺ മസ്ക് ഉൾപ്പെടെ 13 ശതകോടീശ്വരർ ഉണ്ട്; ഇവരുടെ ചെലവുകഴിച്ചുള്ള മൊത്തം ആസ്തി 46,000 കോടി ഡോളറാണ്. മസ്-ക്കിനെ ഒഴിവാക്കിയാൽ പോലും ശതകോടീശ്വരർ ഉൾക്കൊള്ളുന്ന ട്രംപിന്റെ കാബിനറ്റിന്റെ മൊത്തം ആസ്തി പതിനായിരക്കണക്കിന് കോടി ഡോളറാണ്; എന്നാൽ ട്രംപിന്റെ മുൻഭരണ കാലത്തെ കാബിനറ്റിന്റെ ആസ്തി 320 കോടി ഡോളാണ്.

ഡഗ് ഹെൻവുഡ് (Doug Henwood) ചൂണ്ടിക്കാണിച്ചതുപോലെ 2016ൽ അമേരിക്കയിലെ മുൻനിര മുതലാളിമാർ ട്രംപിനെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്; എന്നാൽ 2025ൽ ട്രംപ് ഭരണം ശതകോടീശ്വരരുടെ വാഴ്ച തന്നെയായി. ട്രംപിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയം അമേരിക്കൻ രാഷ്ട്രീയ സംവിധാനത്തെയാകെ പൊളിച്ചു പണിയുകയെന്ന ലക്ഷ്യത്തോടെ ഫോർബ്സ് 400 പട്ടികയിൽപ്പെട്ട അതിസമ്പന്നരായവർ ഗവൺമെന്റ് പദവികളിൽ നേരിട്ട് എത്തുന്നതിനിടയാക്കി. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പന്നരാണ് 2025ൽ ട്രംപ് ഭരണമേറ്റെടുത്തപ്പോൾ ഡയസിൽ തിക്കിത്തിരക്കി നിന്നത്. ഭരണവർഗത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ കർക്കശമായി നേതൃത്വം നൽകുന്നതിന്റെ പ്രതിഫലനത്തെക്കാളുപരി ഇത്തരം സംഭവവികാസങ്ങൾ ഭരണവർഗത്തിന്റെ ‘‘ആന്തരിക ജീർണത’’യാണ് കാണിക്കുന്നത് എന്നാണ് ഹെൻവുഡ് വ്യക്തമാക്കുന്നത്.

Ruling Class does not Rule (ഭരണവർഗം ഭരിക്കുന്നില്ല) എന്ന തന്റെ ലേഖനം 2020ൽ ജക്കോബിൻ മാഗസിൻ പുനഃപ്രസിദ്ധീകരിച്ചപ്പോൾ ഫ്രെഡ് ബ്ലോക് കൂട്ടിച്ചേർത്ത അനുബന്ധത്തിൽ ബെെഡനെ ചിത്രീകരിച്ചത് അമേരിക്കൻ രാഷ്ട്രീയ വ്യവസ്ഥയിലെ പൊതുവെ സ്വയം നിർണാധികാരമുള്ള രാഷ്ട്രീയ ദല്ലാൾ എന്ന നിലയിലാണ്. തൊഴിലാളിവർഗത്തിന് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയം ബെെഡൻ മുന്നോട്ടുവെച്ചിരുന്നില്ലെങ്കിൽ (താൻ അങ്ങനെ ചെയ്യില്ലെന്ന് വാൾസ്ട്രീറ്റിന് ബെെഡൻ ഉറപ്പുനൽകിയ കാര്യം) 2024ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെക്കാൾ വഷളനായ ആരെങ്കിലുമായിരിക്കുമായിരുന്നു വിജയിക്കുന്നത് എന്നതിനോടും ബ്ലോക് വിയോജിക്കുന്നില്ല. എന്നാൽ, മുതലാളിത്ത സമൂഹത്തിൽ രാഷ്ട്രീയ നേതാക്കൾ സ്വതന്ത്ര ഏജന്റുമാരായിരിക്കില്ല. അവർ വോട്ടർമാരോട് ഉത്തരവാദിത്വമുള്ളവരുമായിരിക്കില്ല. പഴമൊഴിയിൽ പറയുന്നതുപോലെ, ‘‘താളത്തിനൊത്ത് തുള്ളുന്ന കുഞ്ചിരാമൻമാരാണവർ’’. തിരഞ്ഞെടുപ്പിൽ അൽപമെങ്കിലും ഇടതുപക്ഷത്തേക്ക് ചായുന്നതിൽനിന്നും വൻതുക സംഭാവന നൽകുന്നവർ തടയുന്നതുകൊണ്ടാണ് ഡെമോക്രാറ്റുകൾ ബെെഡന്റെ വെെസ് പ്രസിഡന്റ് കമല ഹാരിസിനെ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്; തന്മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബെെഡന് വോട്ടു ചെയ്ത ദശലക്ഷക്കണക്കിന് തൊഴിലാളിവർഗ വോട്ടർമാരെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഈ പ്രാവശ്യം നഷ്ടപ്പെട്ടു; ബെെഡൻ പ്രസിഡന്റായിരിക്കവെ തങ്ങളെ കെെവെടിഞ്ഞതിനുപകരമാണ് തൊഴിലാളിവർഗം ഡെമോക്രാറ്റുകളെ കെെവെടിഞ്ഞത്. എന്നാൽ കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടു ചെയ്ത ഈ വോട്ടർമാർ ഇൗ പ്രാവശ്യം അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിലാണ് മുഖ്യമായും അണിനിരന്നത്. വോട്ട് ചെയ്യാത്തവരുടെ പാർട്ടി!

പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ ഒന്നാം മൂഴത്തിന്റെ വെറുമൊരു തനിയാവർത്തനമെന്നതിലുപരി നിശ്ചയമായും അതിലുമേറെ വഷളായതാണ് ഇപ്പോൾ ഉയർന്നുവന്നത്. ഭ്രാന്തമായ വിധം ജനങ്ങളെ ഇളക്കി മറിക്കുന്ന ട്രംപിന്റെ ഇപ്പോഴത്തെ മാഗ (MAGA) വാഴ്ച ഭരണവർഗത്തിന്റെ രാഷ്ട്രീയവാഴ്ചയുടെ യാതൊരു മറയുമില്ലാത്ത രൂപമായിരിക്കുകയാണ്; പ്രാഥമികമായും താഴ്ന്ന ഇടത്തരം വർഗത്തിന്റെ റിവാഞ്ചിസ്റ്റ് പ്രസ്ഥാനത്തിലെ ആൾക്കൂട്ടത്തിന്റെ പിന്തുണയാണതിനുള്ളത്; ശിക്ഷാഭയമില്ലാതെ പ്രവർത്തിക്കാനാകുമെന്നും മുൻപേ ഉണ്ടായിരുന്ന ഭരണഘടനാ വിലക്കുകൾ മറികടക്കാൻ ശേഷിയുണ്ടെന്നും തെളിയിക്കപ്പെട്ട ഒരു നേതാവോടുകൂടിയ വലതുപക്ഷ നവഫാസിസ്റ്റ് ഭരണകൂടമാണ് ഇതിലൂടെ രൂപീകരിക്കപ്പെടുന്നത്. ശരിക്കുമൊരു സാമ്രാജ്യാധിഷ്ഠിത പ്രസിഡന്റ് വാഴ്ച (Imperial Presidency). ട്രംപിനും വാൻസിനും ഹെറിറ്റേജ് ഫൗണ്ടേഷനുമായും അതിന്റെ പ്രൊജക്ട് 2025മായും ശക്തമായ ബന്ധമുണ്ട്; പുതിയ മാഗാ അജൻഡയുടെ ഭാഗമാണ് പ്രൊജക്ട് 2025. വലതുപക്ഷത്തേക്കുള്ള ഈ രാഷ്ട്രീയ രൂപാന്തരീകരണത്തിന് എത്രത്തോളം മുന്നോട്ടുപോകാനാകുമെന്നും ഇപ്പോഴത്തെ വ്യവസ്ഥിതിക്കുള്ളിൽ അതിനെ സ്ഥാപനവൽക്കരിക്കാനാകുമോയെന്നുമുള്ളതാണ് ഇപ്പോഴത്തെ ചോദ്യം; ഇതിന്റെയെല്ലാം വിജയം ആശ്രയിച്ചിരിക്കുന്നത് ഒരു വശത്ത് ഭരണവർഗ/മാഗാ സഖ്യവും സാധാരണക്കാരും തമ്മിൽ, മറുവശത്ത് താഴെ തലത്തിൽനിന്ന് അധീശാധിപത്യത്തിനായി നടത്തുന്ന ഗ്രാംഷിയൻ പോരാട്ടമാണ്.

പാശ്ചാത്യമാർക്സിസവും പൊതുവിൽ പാശ്ചാത്യ ഇടതുപക്ഷവും പണ്ടേതന്നെ ഭരണവർഗമെന്ന സങ്കൽപ്പനത്തെ പൊതുവെ കെെവെടിഞ്ഞിരിക്കുകയാണ്; ഭരണവർഗമെന്ന സങ്കൽപ്പനം ‘‘പ്രമാണമാത്രവാദ’’മാണെന്ന മുറവിളിയാണ് അവർ ഉയർത്തുന്നത്; അഥവാ അധികാരത്തിലുള്ള പ്രമാണിവർഗത്തെ സംബന്ധിച്ച വിശകലനത്തിനുള്ള ‘‘കുറുക്കുവഴി’’യായും അവരതിനെ കാണുന്നു. ഇത്തരം കാഴ്ചപ്പാടുകൾ ധെെഷണികമായി നിലവാരമുള്ള തരത്തിൽപെട്ട കാര്യങ്ങളുമായും മുഖ്യധാരാ അക്കാദമിക ലോകത്തിന്റെ തുന്നിച്ചേർക്കപ്പെട്ട സവിശേഷതകളുമായും സമീകൃതമായിരിക്കവെ തന്നെ, മൂലധനത്തിന്റെ ഘടനാപരമായ പ്രതിസന്ധിയുടെ ഘട്ടത്തിലെ പോരാട്ടത്തിന്റെ ആവശ്യകതകൾ സംബന്ധിച്ച ധാരണകളെ ദുർബലപ്പെടുത്തുംവിധം യാഥാർഥ്യബോധത്തിന്റെ അഭാവം ബോധ്യപ്പെടുത്തുന്നതുമാണ്.

US Has a Ruling Class and Americans Must Stand Up to it (അമേരിക്കയ്ക്ക് ഒരു ഭരണവർഗമുണ്ട്; അമേരിക്കക്കാർ അതിനൊപ്പം നിൽക്കണം) എന്ന ശീർഷകത്തിൽ 2022ലെ ഒരു ലേഖനത്തിൽ സാൻഡേഴ്സ് ചൂണ്ടിക്കാണിച്ചതുപോലെ, ‘‘ഈ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങൾ അസാധാരണമായ നിലയിലുള്ള വരുമാന അസമത്വവും സ്വത്ത് അസമത്വവും, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഉടമസ്ഥതാ കേന്ദ്രീകരണവും ഈ രാജ്യത്തിന്റെ പ്രഭു ജനാധിപത്യത്തിലേക്കുള്ള (Oligarchy) പരിവർത്തനം എന്നിവയാണ്…

‘‘കഴിഞ്ഞ നൂറുവർഷത്തിനിടയിൽ മുൻപൊരുകാലത്തും ഉണ്ടായിട്ടില്ലാത്തത്ര അധികം വരുമാന അസമത്വവും സ്വത്ത് അസമത്വവും ഇന്നുണ്ട്. 2022ൽ അമേരിക്കയിലെ മൂന്ന് ബഹുശതകോടീശ്വരർക്ക് അമേരിക്കൻ സമൂഹത്തിലെ താഴെ തട്ടിലുള്ള പകുതി പേർക്ക് (16 കോടി അമേരിക്കക്കാർ) ഉള്ളതിനേക്കാൾ അധികം സ്വത്ത് സ്വന്തമായിട്ടുണ്ട്. ഇന്ന്, എല്ലാ പുതിയ വരുമാനത്തിന്റെയും 45 ശതമാനം പോകുന്നത് ഏറ്റവുമധികം സമ്പത്തുള്ള ഒരു ശതമാനത്തിന്റെ കെെകളിJൽക്കാണ്; വൻകിട കോർപറേഷനുകളുടെ സിഇഒമാർ അവരുടെ കീഴിൽ പണിയെടുക്കുന്ന തൊഴിലാളികൾ സമ്പാദിക്കുന്നതിനെക്കാൾ 350 ഇരട്ടിയാണ് സമ്പാദിക്കുന്നത്..’’

രാഷ്ട്രീയാധികാരത്തിന്റെ മാനദണ്ഡം വച്ച് നോക്കിയാലും ഇതുതന്നെയാണവസ്ഥ. വളരെ കുറച്ചുപേർ മാത്രം വരുന്ന ശതകോടീശ്വരരും സിഇഒമാരും തങ്ങളുടെ സൂപ്പർ പാക്കുകളിലൂടെയും (Super Pacs– സ്വതന്ത്ര ചെലവഴിക്കൽ കമ്മിറ്റികൾ എന്നറിയപ്പെടുന്ന അമേരിക്കയിലെ ഒരുതരം രാഷ്ട്രീയകമ്മിറ്റി. സ്ഥാനാർഥികളെ ജയിപ്പിക്കുന്നതിനോ പരാജയപ്പെടുത്തുന്നതിനോ ഉള്ള പ്രചാരണത്തിന് ചെലവഴിക്കാനുളള തുക സമാഹരിക്കാൻ ഇവയ്ക്ക് കഴിയും. പക്ഷേ, ഈ തുക സ്ഥാനാർഥികൾക്ക് സംഭാവനയായി നൽകാൻ കഴിയുകയുമില്ല) കള്ളപ്പണം ഉപയോഗിച്ചും പ്രചരണത്തിനുള്ള സംഭാവനകളിലൂടെയും ആരെയാണ് തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ടതെന്നും ആരെ പരാജയപ്പെടുത്തണമെന്നും നിർണയിക്കുന്നതിൽ ഭീമമായ പങ്കുവഹിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇവരുടെ എണ്ണം വർധിച്ചുവരികയാണ്; തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാർഥികളെക്കാൾ കൂടുതൽ പണം ചെലവിടുന്നത് യഥാർഥത്തിൽ സൂപ്പർ പാക്കുകളാണ്; സ്ഥാനാർഥികൾ പാവക്കൂത്തുകാരായ അതിസമ്പന്നർക്കുമുന്നിൽ വെറും കളിപ്പാവകളായി മാറുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ 2022ലെ പ്രൈമറികളിൽ തൊഴിലാളി കുടുംബങ്ങൾക്കായി നിലകൊണ്ട പുരോഗമനവാദികളായ സ്ഥാനാർഥികളെ പരാജയപ്പെടുത്താനായി ശ്രമിച്ച ശതകോടീശ്വരർ കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്.

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് സാൻഡേഴ്സ് അഭിപ്രായപ്പെട്ടത്, ഡെമോക്രാറ്റിക് പാർട്ടി സംവിധാനം അമേരിക്കൻ തൊഴിലാളിവർഗത്തിന്റെ ആവശ്യങ്ങൾക്കുനേരെ കണ്ണടയ്ക്കുകയും അതേസമയം പലസ്തീൻ ജനതയ്ക്കു നേരെയാകെ സർവശക്തിയും പ്രയോഗിച്ച് ആക്രമണം നടത്താൻ ശതകോടിക്കണക്കിന് ഡോളർ ചെലവിടുകയും ചെയ്തു; അതുകൊണ്ടാണ് തൊഴിലാളിവർഗം ഡെമോക്രാറ്റിക് പാർട്ടിയെ തിരസ്കരിക്കുകയും വോട്ടുചെയ്യാത്തവരുടെ പാർട്ടിക്കൊപ്പം നിൽക്കുകയും ചെയ്തത്. 150 ശതകോടീശ്വര കുടുംബങ്ങൾ ചേർന്ന് 2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി 200 കോടിയോളം ഡോളർ ചെലവാക്കിയെന്നും സാൻഡേഴ്സ് ചൂണ്ടിക്കാണിച്ചു. എല്ലാ ആളുകളുടെയും താൽപ്പര്യങ്ങൾ പ്രതിനിധാനം ചെയ്യുന്നതായി നടിക്കുക പോലും ചെയ്യേണ്ടതില്ലാത്ത ഭരണവർഗപ്രഭുക്കൾ ഫെഡറൽ ഗവൺമെന്റിൽ ആധിപത്യം ഉറപ്പിച്ചത് ഇതുമൂലമാണ്. സാൻഡേഴ്സ് ഇങ്ങനെ തുടരുന്നു, ‘‘ഈ പ്രവണതകളെ ചെറുക്കുന്നതിന് നിരാശപ്പെട്ട് ഒതുങ്ങിക്കൂടിയിരിക്കുകയല്ല പോംവഴി. നാം പൊരുതുന്നത് നമുക്കുവേണ്ടി മാത്രമല്ല. നമ്മുടെ കുട്ടികൾക്കും ഭാവി തലമുറകൾക്കും വേണ്ടി കൂടിയാണ്; ഈ ഭൂഗോളത്തിന്റെ നന്മയ്ക്കുവേണ്ടിയും കൂടിയാണിത്.

പക്ഷേ പൊരുതേണ്ടതെങ്ങനെ ? സാമ്രാജ്യത്വത്തിന്റെ പക്ഷംപിടിച്ചുനിൽക്കുന്ന പ്രധാനപ്പെട്ട കുത്തകമുതലാളിത്ത രാജ്യങ്ങളിലെ കൂടുതൽ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന തൊഴിലാളികൾക്കിടയിലെ തൊഴിലാളി പ്രഭുത്വമെന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്? അതിനെങ്ങനെ പരിഹാരം കാണാമെന്നതാണ് പ്രശ്നം. ലെനിൻ മുന്നോട്ടുവച്ച പരിഹാര നിർദേശം പ്രസക്തമാകുന്നത് അവിടെയാണ്. തൊഴിലാളിവർഗത്തിനിടയിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുകയും ഒപ്പം കൂടുതൽ വിപുലമായ വിഭാഗങ്ങളിലേക്ക് പോവുകയുമാണ് വേണ്ടത്; ലോകത്തെ ഓരോ രാജ്യത്തുമുള്ള ഇപ്പോൾ നിലവിലുള്ള സാമ്രാജ്യത്വ കുത്തകയോടെതിർപ്പുള്ള, തങ്ങളെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ടത്തെയാണ് അടിസ്ഥാനമാക്കേണ്ടത്. ആത്യന്തികമായി, ട്രംപിന്റെ നവഫാസിസ്റ്റ് ഭരണവർഗ ഭരണകൂടത്തിനൊപ്പം നിൽക്കുന്ന വിഭാഗം വെറും 0.0001 ശതമാനം മാത്രമാണ്; അമേരിക്കയിലെ സംഘടിത രാഷ്ട്രീയ സംവിധാനത്തിലെ ആ വിഭാഗത്തെയാണ് ശതകോടീശ്വരരടങ്ങിയ ട്രംപിന്റെ കാബിനറ്റ് പ്രതിനിധാനം ചെയ്യുന്നതെന്ന് സംശയാതീതമായി നമുക്ക് പറയാൻ കഴിയും. l
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − twelve =

Most Popular