നാല്‍പത്തൊന്നു വര്‍ഷമായി അമേരിക്കന്‍ തടവറയിലടയ്ക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ തടവുകാരനും ജേണലിസ്റ്റുമായ മുമിയ അബു ജമാലിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലോകത്തുടനീളമുള്ള ട്രേഡ് യൂണിയനുകളും ജനകീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 16 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. മാര്‍ച്ച് 16നാണ് മുമിയയുടെ കേസില്‍ ഫിലാഡെല്‍ഫിയയിലെ വിചാരണ കോടതി വിധി പറയുന്നത്. അതിനുള്ളില്‍ മുമിയയ്ക്ക് ശക്തമായ ജനപിന്തുണ രേഖപ്പെടുത്തുന്നതിനും 41 വര്‍ഷമായി നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനുമുന്നില്‍ നിയമത്തിന്‍റെ കണ്ണുകള്‍ ഇനിയെങ്കിലും തുറക്കണമെന്ന് ജുഡീഷ്യറിയോട് ആവശ്യപ്പെടുന്നതിനുമാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
വിപ്ലവകാരിയും ജേര്‍ണലിസ്റ്റും അമേരിക്കയിലെ രാഷ്ട്രീയത്തടവുകാരനുമായ മുമിയ അബു ജമാലിന് സ്വാതന്ത്ര്യം കിട്ടുന്നതിനുവേണ്ടി നടക്കുന്ന ദശകങ്ങള്‍ നീണ്ട പോരാട്ടത്തിന്‍റെ ഭാഗമായാണ് ഈ നീതിരഹിതമായ തടവുശിക്ഷയ്ക്കെതിരായി ആഗോള ക്യാമ്പയിന്‍ നടത്തുന്നത്. നാഷണല്‍ യൂണിയന്‍ ഓഫ് മെറ്റല്‍ വര്‍ക്കേഴ്സ് ഓഫ് സൗത്ത് ആഫ്രിക്കയും (NUMSA), ഇന്‍റര്‍നാഷണല്‍ ലോങ്ഷോര്‍ ആന്‍റ് വെയര്‍ഹൗസ് യൂണിയന്‍ (ILWA) ലോക്കല്‍ 10ഉം അടക്കം ഒട്ടേറെ സംഘടനകള്‍ ക്യാമ്പയിനില്‍ അണിനിരന്നിട്ടുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍ ജേണലിസ്റ്റും ബ്ലാക്ക് പാന്തര്‍ പാര്‍ടി മുന്‍ അംഗവുമായിരുന്ന മുമിയയെ 1981ലാണ് വെള്ളക്കാരനായ ഡാനിയേല്‍ ഫൗള്‍ക്നര്‍ എന്ന പൊലീസുകാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് അമേരിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തത്. 1982ല്‍ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. പിന്നീട് ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് 2001ല്‍ അദ്ദേഹത്തിന്‍റെ വധശിക്ഷ നീക്കം ചെയ്തുവെങ്കിലും ജാമ്യമില്ലാത്ത ജീവപര്യന്തം തടവിനു വിധിക്കുകയാണുണ്ടായത്. ഈ 41 വര്‍ഷത്തില്‍ അധികകാലവും മുമിയ ഏകാന്ത തടവിലായിരുന്നു, ദിവസത്തില്‍ 23 മണിക്കൂറും സെല്ലിനുള്ളില്‍ അടയ്ക്കപ്പെട്ട മുമിയ, എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന അമേരിക്കയിലെ രാഷ്ട്രീയത്തടവ് സംവിധാനത്തിന്‍റെയും വര്‍ണവെറിയുടെയും ഇരയാണ്. മുമിയയ്ക്കെതിരായ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ കൃത്രിമമാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടിരുന്നു. കേസില്‍ സാക്ഷികളായി മൊഴി കൊടുത്തവര്‍ക്ക് പണം നല്‍കിയും അവര്‍ പ്രതികളായിരുന്ന ചില കേസുകളില്‍ ഇളവു നല്‍കിയും മറ്റും അവരെ പൊലീസും ഗവണ്‍മെന്‍റും വിലയ്ക്കെടുക്കുകയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. എന്നിട്ടും, മുമിയയുടെ നിരപരാധിത്വം അംഗീകരിക്കാന്‍ അമേരിക്കയിലെ ജുഡീഷ്യല്‍ സംവിധാനമോ ഗവണ്‍മെന്‍റോ തയ്യാറായിട്ടില്ല. 14-ാം വയസ്സില്‍ ബ്ലാക് പാന്തര്‍ പാര്‍ടിയില്‍ അംഗമായതുമുതല്‍ ഭരണകൂടത്തിന്‍റെ വേട്ടയാടല്‍ നേരിട്ട മുമിയ ഇപ്പോഴും ജയിലില്‍ നരകജീവിതമനുഭവിക്കുകയാണ്. 68 വയസ്സുള്ള മുമിയയ്ക്ക് കരള്‍ രോഗമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഈ 41 വര്‍ഷവും ജയിലില്‍ കഴിയുമ്പോഴും എഴുത്തിലൂടെയും മറ്റും തന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിബദ്ധത രേഖപ്പെടുത്തുന്നതില്‍ ഈ വിപ്ലവകാരി വിജയിച്ചു.
സാമൂഹിക-രാഷ്ട്രീയ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തരമായ ഇടപെടല്‍ നടത്തുന്ന ഐഎല്‍ഡബ്ല്യു ലോക്കല്‍ 10 ഫെബ്രുവരി 16ന് പണിമുടക്ക് പ്രഖ്യാപിക്കുകയും കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ, ഓക്ലന്‍ഡ് എന്നീ നഗരങ്ങളിലെ തുറമുഖങ്ങള്‍ അടച്ചിടുകയും ചെയ്തു. യൂണിയന്‍ ഹാളില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഹാരി ബ്രിഡ്ജസ് പ്ലാസയിലേക്ക് ഒരു റാലിയും നടത്തി. ആന്‍റി പൊലീസ് ടെറര്‍ പ്രോജക്റ്റടക്കമുള്ള തദ്ദേശ ഗ്രൂപ്പുകളും ഈ റാലിയില്‍ പങ്കെടുക്കുകയുണ്ടായി. അബു ജമാലിന്‍റെ കൊച്ചുമകന്‍ ജമാല്‍, ഫ്രെഡ് ഹാംപ്ടണ്‍ ജൂനിയര്‍, പൊലീസ് ഭീകരതയില്‍ കൊല്ലപ്പെട്ട ടയര്‍ നിക്കോളസിന്‍റെയും ഏഞ്ചലോ ക്വിന്‍റോയുടെയും കുടുംബാംഗങ്ങള്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.
കള്ളസാക്ഷികളുടെയും വ്യാജ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച കേസിനുപിന്നില്‍ അഴിമതിയും വംശീയതയും പൊലീസ് ഭീകരതയും ഭരണകൂട മര്‍ദ്ദനവുമാണ് എന്നു വ്യക്തമായ സാഹചര്യത്തില്‍ മുമിയയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രമുഖരും രംഗത്തുവരുകയുണ്ടായി. ദീര്‍ഘകാലം രാഷ്ട്രീയ തടവുകാരിയാക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റും എഴുത്തുകാരിയുമായ ഏഞ്ചല ഡേവിസ് ഈ ക്യാമ്പയ്നുമായി ബന്ധപ്പെട്ട നാഷണല്‍ യൂണിയന്‍ ഓഫ് മെറ്റല്‍ വര്‍ക്കേഴ്സ് ഓഫ് സൗത്ത് ആഫ്രിക്കയുടെ ജനല്‍ സെക്രട്ടറി ഇര്‍വിന്‍ ജിമ്മിന് കത്തെഴുതുകയുണ്ടായി. അതുപോലെതന്നെ മുമിയയുടെ കാര്യത്തില്‍ നീതി നടപ്പാക്കണമെന്നും അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇര്‍വിന്‍ ജിം വിചാരണ കോടതി ജഡ്ജി ലുക്രിഷ്യ ക്ലെമനിന് കത്തയച്ചു.
ജനാധിപത്യത്തിന്‍റെ പേരില്‍ സദാ ആണയിടുന്ന അമേരിക്കയിലാണ് ഈ കൊടിയ അനീതി നടമാടുന്നത്. തീര്‍ച്ചയായും ഇത് അമേരിക്കയില്‍ നിലനില്‍ക്കുന്ന അനീതിക്കും വര്‍ണ്ണവെറിക്കും എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുന്ന ഭരണകൂട ഭീകരതയ്ക്കുമെതിരായ ചെറുത്തുനില്‍പ് തന്നെയാണ്.
ഗ്രീസ്
ഗ്രീസില്‍ ന്യൂ ഡെമോക്രസി നയിക്കുന്ന യാഥാസ്ഥിതിക ഗവണ്‍മെന്‍റ് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുമെതിരായി അധ്യാപക സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നു. ഫെബ്രുവരി 15ന് ഗ്രീസിലുടനീളം വിപുലമായ പ്രക്ഷോഭമാണ് നടന്നത്. ടീച്ചിങ് ഫെഡറേഷന്‍ ഓഫ് ഗ്രീസ് (IOC), ഫെഡറേഷന്‍ ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഓഫീസേഴ്സ് (OLME) പോലുള്ള അധ്യാപക യൂണിയനുകളും വിവിധ വിദ്യാര്‍ഥി സംഘടനകള്‍, പേരന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവയും ചേര്‍ന്ന് നടത്തിയ ആഹ്വാനത്തിന്‍റെ ഭാഗമായി വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് പ്രക്ഷോഭത്തിലുണ്ടായത്. തലസ്ഥാനമായ ഏതന്‍സ്, തെസലോനിക്കി തുടങ്ങിയ പന്ത്രണ്ടോളം നഗരങ്ങളില്‍ വമ്പിച്ച പ്രക്ഷോഭം നടക്കുകയുണ്ടായി. ഏതന്‍സില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ടീച്ചര്‍മാര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം, “രക്ഷിതാക്കളെന്ന കക്ഷികളോടും കുട്ടികളോടുമൊപ്പം സ്കൂളുകളെ വിലയ്ക്കു വാങ്ങുവാനാണ് അവരുടെ പ്ലാന്‍” എന്നതായിരുന്നു.
യൂറോപ്യന്‍ യൂണിയന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം ഗ്രീസില്‍ വലിയ തോതിലുള്ള വാണിജ്യവത്കരണവും ക്രമീകരണങ്ങളും സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്നതിനുവേണ്ടി യാഥാസ്ഥിതിക ഗവണ്‍മെന്‍റ് കൊണ്ടുവന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. യൂറോപ്യന്‍ യൂണിയനുപുറമെ ഒഇസിഡി നല്‍കിയ മാര്‍ഗനിര്‍ദേശവും കൂടി കണക്കിലെടുത്തുകൊണ്ടാണ് ജനവിരുദ്ധമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്. രാജ്യത്തെ സ്കൂള്‍ – ഉന്നത വിദ്യാഭ്യാസരംഗത്തെ ‘കമ്പോള സൗഹൃദ’വും ‘മത്സരാധിഷ്ഠിത’വുമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. 2020ല്‍ ഗവണ്‍മെന്‍റ് കൊണ്ടുവന്ന ഈ നിയമത്തിനെതിരെ അധ്യാപകരുടെയും മറ്റ് വിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ‘സ്വയംഭരണ സ്കൂളുകള്‍’ കൊണ്ടുവരുന്നതുവഴി ‘സ്കൂളിന്‍റെ നിലവാരമുയര്‍ത്തുകയും അധ്യാപകരെ കൂടുതല്‍ ശാക്തീകരിക്കുകയും” ചെയ്യാനെന്ന പേരില്‍ 2021ല്‍ ഗവണ്‍മെന്‍റ് വീണ്ടും വിവാദമായൊരു നിയമനിര്‍മാണം കൂടി നടപ്പാക്കിയത്. ഈ രണ്ടു നിയമങ്ങളും ഗ്രീസിലെ സ്കൂള്‍ വിദ്യാഭ്യാസ സംവിധാനത്തെയാകെ വാണിജ്യവത്കരിക്കുന്നതിനും കമ്പോള കേന്ദ്രിതമാക്കുന്നതിനും വേണ്ടിയുള്ളതാണെന്നും അതുകൊണ്ടവ റദ്ദാക്കണമെന്നും അധ്യാപക യൂണിയനുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
നാണയപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ജീവിത ച്ചെലവും വിലക്കയറ്റവും മൂലം ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ കഷ്ടപ്പെടുകയാണ് മറ്റ് തൊഴിലാളിവര്‍ഗ വിഭാഗങ്ങളെപ്പോലെ തന്നെ ഗ്രീസിലെ അധ്യാപക വിഭാഗവും. അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള പിഴവുകളേയെുള്ള മൂല്യനിര്‍ണയ മാനദണ്ഡങ്ങളും അധ്യാപകരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ വാണിജ്യവല്‍കരിക്കുന്നതിനുള്ള ഈ വിവാദ നിയമങ്ങള്‍ റദ്ദാക്കുക, നാണയപ്പെരുപ്പത്തിന് തത്തുല്യമായ വേതന വര്‍ധനവ് അനുവദിക്കുക, മെച്ചപ്പെട്ട തൊഴില്‍ കരാറുകളും എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി കാഷ്വല്‍ കരാറുകളുടെ ക്രമവത്കരണവും കൊണ്ടുവരുക, പിഴവുകളേറെയുള്ള മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ അസാധുവാക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത പരീക്ഷകളുടെ കട്ട് ഓഫ് മാര്‍ക്കില്‍ ഇളവനുവദിക്കുക തുടങ്ങിയ ഡിമാന്‍റുകള്‍ ഫെബ്രുവരി 15നു നടന്ന ഈ പ്രക്ഷോഭത്തില്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഗ്രീസിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ട്രേഡ് യൂണിയനുകളും അധ്യാപക സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് പ്രസ്താവനയിറക്കുകയുണ്ടായി. വരുംനാളുകളില്‍ ഈ സമരം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.♦