വടക്കുകിഴക്കന്‍ മേഖലയിലെ ഒരു ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ ഭരണനിര്‍വഹണത്തിന്‍റെ മൊത്തം നടത്തിപ്പും പൂര്‍ണമായും കേന്ദ്ര ഗവണ്‍മെന്‍റ് സ്കീമുകളെ ആശ്രയിച്ചാണ്. കഴിഞ്ഞ 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ ത്രിപുര സംസ്ഥാനം എല്ലാ തലങ്ങളിലും മുന്നിലായിരുന്നു. എന്നാല്‍ 2018ല്‍ ബിജെപി-ഐപിഎഫ് സംഖ്യത്തിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് അധികാരമേറ്റശേഷമുള്ള ഈ അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍ ജനങ്ങള്‍ക്ക് ഒന്നിനെയും വിമര്‍ശിക്കാനുള്ള അവകാശം ഇല്ലാതെയായി; ശബ്ദമൊന്നുയര്‍ത്താന്‍പോലും കഴിയാതെയായി. ബിജെപി-ഐപിഎഫ്ടി വാഴ്ചയിന്‍കീഴില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ 68 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്; 1534 വീടുകള്‍ ആക്രമിക്കപ്പെടുകയോ ചുട്ടെരിക്കപ്പെടുകയോ ഉണ്ടായി. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ത്രിപുരയെ മൊത്തത്തില്‍ തകര്‍ത്തിരിക്കുകയാണ്. സിപിഐ എം ഓഫീസായ ദശരഥ് ഭവനും ആക്രമിക്കപ്പെട്ടു. മാധ്യമസ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനുള്ള അവകാശത്തിനായി സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ല. ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ദിവസവും ഒരു ബലാല്‍സംഗമെങ്കിലും നടന്നായുള്ള വാര്‍ത്തകള്‍ ഉണ്ടാവാറുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെടുന്നവര്‍ ബിജെപിയുടെ പ്രവര്‍ത്തകരാണെങ്കില്‍ ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഉടനെ വിട്ടയയ്ക്കും. ആര്‍എസ്എസ് ത്രിപുരയിലെ മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലെ ഐക്യം തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മദ്രസകളെല്ലാം അടച്ചുപൂട്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബിജെപിയുടെ ഒരു എംഎല്‍എ, മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് പ്രസംഗിക്കുകയുണ്ടായി.
ത്രിപുരയിലെ എല്ലാ പ്രദേശങ്ങളിലും അസ്വസ്ഥത സൃഷ്ടിക്കുക മാത്രമല്ല അവര്‍, ത്രിപുരയിലെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയിലെ ഐക്യത്തിന്‍റേതായ സംസ്കാരത്തെത്തന്നെ തകര്‍ക്കുകയാണ്; മുസ്ലീങ്ങളെ അവരുടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍നിന്നും തടയുകയും ക്രിസ്ത്യാനികളെ അവരുടെ ആചാരങ്ങളും മതപരമായ ചടങ്ങുകളും നടത്തുന്നതില്‍നിന്നും തടയുകുമായാണ് ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ അതിക്രൂരമായ ആക്രമണങ്ങളാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. ഗോമതി ജില്ലയിലെ കക്രബന്‍ നിയോജകമണ്ഡലത്തില്‍ പോളിങ് ഏജന്‍റുമാരായ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും സിപിഐ എം സ്ഥാനാര്‍ഥിയായ പബിത്ര കറിന്‍റെ വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന്‍റെ പിറ്റേ ദിവസം, ഖൊഹോയ് ജില്ലയിലെ ദ്വാരകാപൂരില്‍ സിപിഐ എം പ്രവര്‍ത്തകനായ ദിലീപ് ശുക്ലദാസനെ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണകമല്‍ ദാസിന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. ബിജെപി നേതാക്കളുടെ സമ്മര്‍ദം മൂലം ദിലീപിന്‍റെ മൃതദേഹംപോലും പൊലീസ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുത്തില്ല.
അധികാരത്തിലേറിയനാള്‍ മുതല്‍ ബിജെപി, എല്ലാ അധികാരവുമുപയോഗിച്ച് സിപിഐ എം പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ്. ഇനിയും ഏറെ നാള്‍ അതുതുടരാന്‍ അനുവദിക്കില്ല എന്ന സൂചനയാണ് തിരഞ്ഞെടുപ്പിലെ വലിയ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. ബിജെപിയുടെ അക്രമവാഴ്ചയ്ക്കെതിരെ സിപിഐ എമ്മിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടികളിലെ വലിയ ജനപങ്കാളിത്തത്തിലും ജനങ്ങളുടെ പ്രതിഷേധം തന്നെയാണ് പ്രതിഫലിച്ചത്.♦