വരാൻപോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ഇടതുപാർട്ടികൾ രണ്ടു സീറ്റെങ്കിലും നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി 5 സീറ്റുകളിലാണ് സിപിഐ എം, സിപിഐ, സിപിഐ (എംഎൽ) പാർട്ടികൾ ചേർന്ന് മത്സരിക്കുന്നത്. ഇടതുപാർടികളുടെ നേതാക്കളും പ്രവർത്തകരും ബിജെപിയെ തോൽപിക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെ കഴിഞ്ഞ ഒരുമാസമായി തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനത്തിലാണ്. 1999ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിലാണ് ബീഹാറിൽ ഇടതുപക്ഷ സ്ഥാനാർഥി ഏറ്റവുമൊടുവിലായി വിജയിച്ചത്. ഭഗൽപൂരിൽ നിന്നും ജയിച്ച സുശോധ് രവിയായിരുന്നു സിപിഐ എം സ്ഥാനാർഥിഠയായി മത്സരിച്ചു വിജയിച്ചത്. നീണ്ട 25 വർഷത്തിനുശേഷം ഇപ്പോൾ ഇടതുപക്ഷത്തിന് ജയസാധ്യത കാണുന്നു.
നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ് എന്നതിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. തൊഴിലില്ലായ്‌മ, വിലക്കയറ്റം, വർധിച്ചുവരുന്ന അസമത്വം, രാജ്യത്ത് നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിവയിലെല്ലാം ജനങ്ങൾ കടുത്ത അസംതൃപ്‌തരും രോഷാകുലരുമാണ്. ഇത് തീർച്ചയായും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മാത്രവുമല്ല നേരത്തെ ഇടതുപക്ഷത്തിനുണ്ടായിരുന്ന പിന്തുണാടിത്തറ കൂടുതൽ ശക്തമായിരിക്കുകയുമാണ്.
നിലവിൽ നിയമസഭയിൽ സിപിഐ എമ്മിന് 11 എംഎൽഎമാരുണ്ട്. കൂടാതെ തദ്ദേശഭരണസ്ഥാപനങ്ങളിൽ ശക്തമായ സാന്നിധ്യവുമുണ്ട്.
2024 മാർച്ചിൽ നടന്ന മഹാഗഢ്‌ബന്ധനിലുണ്ടായ സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ ബീഹാറിലെ മൊത്തം 40 ലോക്‌സഭാ സീറ്റുകളിൽ 5 സീറ്റുകളിലാണ് ഇടതുപക്ഷ പാർട്ടികൾ മത്സരിക്കുന്നത്. ആർജെഡി 26 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും. ബെഗുസാര മണ്ഡലത്തിൽ സിപിഐയും പരന്പരാഗതമായിത്തന്നെ ശക്തമായ അടിത്തറയുള്ള ഖഗാരിയയിൽ സിപിഐ എമ്മും മത്സരിക്കുന്നു.
എന്തായാലും ബീഹാറിലെ മാറ്റത്തിന്റെ സൂചന ദേശീയരാഷ്‌ട്രീയത്തിലും പ്രതിഫലിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ♦