സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ യുഗമാണല്ലോ ഇത്. ഈ തലമുറയാകെ സാങ്കേതികവിദ്യയിൽ മുഴുകിക്കഴിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‐ എഐ) സാധ്യതയെ ഉപയോഗപ്പെടുത്തുന്നത്. സമത എന്നു പേരിട്ടിരിക്കുന്ന അവതാരകയെയാണ് നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു വീഡിയോയിൽ സിപിഐ എമ്മിന്റെ ബംഗാൾ ഘടകം എഐ അവതാരകയെ പരിചയപ്പെടുത്തുകയുണ്ടായി. പാർട്ടിയുടെ സോഷ്യൽ മീഡിയ വളന്റിയർമാരാണ് എഐ ആങ്കറിന് രൂപകൽപന നൽകിയത്. പാർട്ടിയുടെ ഡിജിറ്റൽ ടീം കൈവരിച്ച വലിയ നേട്ടമായാണ് സാങ്കേതികവിദഗ്‌ധർ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ സിപിഐ എം ബഹുദൂരം മുന്നിലാണ്. അതിനായി പാർട്ടിയുടെ ഡിജിറ്റൽ ടീം കഠിനാധ്വാനം ചെയ്യുകയാണ്; പുതിയ പല കണ്ടുപിടിത്തങ്ങളും അവർ നടത്തുന്നു. സംസ്ഥാനത്തെ നിലവിലെ അവസ്ഥ പാർട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയും യുട്യൂബിലൂടെയും ചിത്രീകരിക്കുന്ന വീഡിയോകൾ നിർമിക്കുന്നു. സോഷ്യൽ മീഡിയയിലെ വളന്റിയർമാരെ കൂടാതെ ഇടതുപക്ഷ വിദ്യാർഥഠ‐യുവജന പ്രസ്ഥാനങ്ങളും ഈ ക്യാന്പയിനിൽ സജീവമാണ്.
ഈ എഐ ആങ്കർ മനുഷ്യ ആങ്കർമാരെ പിന്നിലാക്കുമെന്ന് ചില വിമർശകർ ചൂണ്ടിക്കാട്ടുന്നു, സിപിഐ എം മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് ഇപ്പോൾ കൃത്രിമബുദ്ധിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മനുഷ്യന്റെ കഴിവുകളെ നിഷേധിക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ ഇത് കേവലം സാങ്കേതികവിദ്യയുടെ മുന്നേറ്റങ്ങളുടെയും സഖാക്കളുടെ ശാസ്‌ത്രീയ മനോഭാവത്തിന്റെയും സർഗാത്മകതയുടെയും സമന്വയമാണെന്ന് പാർട്ടിയുടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവരും സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ സജ്ജീകരണങ്ങളുടെയും ചുമതലയുള്ളവരും വിമർശകർക്കു മറുപടി നൽകുന്നു. ഇത് മനുഷ്യ ആങ്കറിനെ മാറ്റിസ്ഥാപിക്കലല്ല. സമൂഹത്തിൽ ശാസ്‌ത്രീയ മനോഭാവം വർധിപ്പിക്കുന്ന സാങ്കേതികവിദ്യ കൊണ്ടുവന്ന ഒരു വിശാലമായ മേഖലയിലേക്ക് എത്താൻവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ്.
സിപിഐ എമ്മിന്റെ ഡിജിറ്റൽ വളന്റിയർമാർ സൃഷ്ടിച്ച ഈ എഐ ആങ്കറിന് സമത എന്നാണ് പേരിട്ടിരിക്കുന്നത്. ബംഗാളി ഭാഷയിൽ ഇതിനർഥം സമത്വം എന്നാണ്. സിപിഐ എമ്മിനെ വിമർശിക്കുന്നവർ ശബ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ പാർട്ടിയെ സംബന്ധിച്ച് ഇത് തീർച്ചയായും സാങ്കേതികരംഗത്തെ പുരോഗതിയാണ്. ഈ നീക്കത്തെ അഭിനന്ദിക്കുന്ന നഗരവാസികളിൽ ഇത് വലിയ സ്വാധീനം സൃഷ്ടിക്കും. സംസ്ഥാനത്ത് സിപിഐ എമ്മിനോട് യുവതലമുറയ്‌ക്ക് താൽപര്യം വർധിച്ചുവരുന്നത് എതിരാളികളിൽ ആശങ്കയുണ്ടാക്കുന്നു. ചുരുക്കത്തിൽ സാങ്കേതികവിദ്യ‐ഡിജിറ്റൽ രംഗത്തെ മുന്നേറ്റം പാർട്ടിയെ സംബന്ധിച്ച് വലിയ ചരിത്രനേട്ടം തന്നെയാണ്. ♦