Saturday, November 9, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍എ കെ ജി: പാവങ്ങളുടെ പടത്തലവൻ ‐2

എ കെ ജി: പാവങ്ങളുടെ പടത്തലവൻ ‐2

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 29

1933 അവസാനത്തോടെ ജയിൽമുക്തനാകുമ്പോഴേക്കും എ.കെ.ജി.യുടെ ചിന്താഗതിയിൽ മാറ്റംവരാൻ തുടങ്ങിയിരുന്നു. ബെല്ലാരി ജയിലിൽ ഏകാന്ത തടവിൽ കഴിയുമ്പോൾ ആ മനസ്സിൽ ഉയർന്നുവന്ന സന്ദേഹങ്ങൾ. ക്ഷേത്രപ്രവേശനം അനുവദിച്ചാലും പാവപ്പെട്ട ഹരിജനങ്ങൾക്കും മറ്റും ക്ഷേത്രത്തിൽ പോകാനാവുമോ, അവർക്ക് ഉണ്ണാനുണ്ടോ, എന്ത് ഉടുത്താണവർ പുറത്തുപോവുക.  ഭക്ഷണത്തിന്റെ പ്രശ്നമല്ലേ ആദ്യം പരിഹരിക്കേണ്ടത്. സ്വാതന്ത്ര്യസമരത്തിന് സാമ്പത്തികമായ ഉളളടക്കംകൂടി വേണ്ടേ എന്ന ബോധത്തിലേക്ക്.

കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ചൂഷണത്തിനെതിരെ പൊരുതലാണ് തന്റെ വഴിയെന്ന് എ.കെ.ജി. തിരിച്ചറിയുകയായിരുന്നു. 1934 അവസാനത്തോടെ നിയമലംഘനപ്രസ്ഥാനം തൽക്കാലം നിർത്തിവെക്കപ്പെട്ടു. മിതവാദി‐വലതുപക്ഷ കോൺഗ്രസ്സുമായി തർക്കിച്ച് ഇടതുപക്ഷ സോഷ്യലിസ്റ്റ് വീക്ഷണമുള്ളവർ ജയപ്രകാശ് നാരായണിന്റെയും മറ്റും നേതൃത്വത്തിൽ ദേശീയതലത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചു. കേരളത്തിൽ കൃഷ്ണപിള്ളയും ഇ.എം.എസും അതിന്റെ നേതാക്കളായി. ഇ.എം.എസുമായി ഇക്കാലത്ത് അടുത്തുപരിചയപ്പെടാൻ എ.കെ.ജിക്ക് അവസരം ലഭിച്ചു. കേളപ്പന്റെ നേതൃവലയത്തിൽനിന്ന് എ.കെ.ജി. ഇ.എം.എസ്സിലേക്ക് മാറാൻ തുടങ്ങുകയായിരുന്നു. ഈ കാലത്ത് കെ.പി.സി.സി.യുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.ജി. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ആവതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിയിലാണ് താമസം. അവിടെനിന്ന് സൗജന്യമായി രശീതി അച്ചടിപ്പിച്ച് അവിടുത്തെ ജീവനക്കാരിൽനിന്ന് തന്നെ ആദ്യത്തെ മെമ്പർഷിപ്പ് ചേർത്ത്്. പച്ചവെള്ളം മാത്രം കുടിച്ച് രണ്ടുമൂന്നുദിവസം മാതൃഭൂമിയിൽ കിടന്നുറങ്ങിയ അനുഭവം. കോഴിക്കോട് കോമളവിലാസം ഹോട്ടലിന് മുമ്പിലൂടെ മണിക്കൂറുകളോളം നടത്തം. കാശുളള ആരെങ്കിലും വിളിച്ച് ചായയോ ചോറോ വാങ്ങിത്തരുമെന്ന ആശയോടെ. ദിവസങ്ങളോളം റെയിൽവേസ്റ്റേഷനിൽ ചെന്നുനിന്ന് ആരെങ്കിലും ടിക്കറ്റെടുത്തുതരുമോ എന്ന് നോക്കൽ. അതല്ലെങ്കിൽ കള്ളവണ്ടി കയറി പോകാനാകുമോ എന്ന് നോക്കൽ.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനും നേതാവുമായതോടെ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്് സമരംചെയ്യുന്നതിലായി എ.കെ.ജി.യുടെ ശ്രദ്ധ. കോഴിക്കോട്ടെ വ്യവസായതൊഴിലാളികളെ സംഘടിപ്പിച്ച് സമരശക്തിയാക്കുന്നതിലാണ് എ.കെ.ജി.യും കൃഷ്ണപിള്ളയും എൻ.സി.ശേഖറും കെ.പി.ഗോപാലനും ആദ്യം മുഴുകിയത്്. തുടർന്ന് കണ്ണൂരിലെ കോമൺ വെൽത്ത് മിൽ, ആറോൺ മിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ, ബീഡിത്തൊഴലാളികളെയും നെയ്ത്തുതൊഴിലാളികളെയുമെല്ലാം സംഘടിപ്പിച്ച് ഉജ്ജ്വലപോരാട്ടങ്ങൾ നടത്തി.

കേരളത്തിൽ ജാഥകൾ, ദീർഘ പദയാത്രകൾ എന്നിവ സമരമാർഗമാക്കിയത് എ.കെ.ജി.യാണ്. ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട കണ്ണൂർ‐ഗുരുവായൂർ ജാഥ, പിന്നീട് അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെ അഖിലകേരളജാഥ.. അടുത്തതായി 1936‐ൽ ഐതിഹാസികമായ പട്ടിണിജാഥ. കോഴിക്കോട്ടുനടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പട്ടിണിജാഥകൾ നടത്തണമെന്ന്  തീരുമാനിച്ചിരുന്നു. സാമ്രാജ്യത്വചൂഷണത്തിന്റെ ഫലമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മക്കും പട്ടിണിക്കുമെതിരെ ജാഥകൾ. അതിന്റെ ഭാഗമായി ആദ്യജാഥ കല്യാശ്ശേരിയിൽനിന്ന് കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്ക് നടക്കുന്നു. കെ.പി.ആറാണ് നേതാവ്,. കൂത്തുപറമ്പിലെത്തിയപ്പോൾ ആയിരത്തോളമാളുകളുടെ വലിയ സംഘമായി മാറിയ ജാഥ തലശ്ശേരിയിലെത്തി സബ് കളക്ടർക്ക് നിവേദനം നൽകി. നിവേദനം മദിരാശിയിലെ സർക്കാർ ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കാമെന്ന്് സബ് കളക്ടർ ഉറപ്പ് നൽകി. തുടർന്ന്് നടന്ന റാലിയിൽ പ്രസംഗിച്ച എ.കെ.ജി. പട്ടിണിജാഥ നാളെത്തെന്നെ മദിരാശിയിലേക്ക് പുറപ്പെടുകയാണെന്ന് പ്രഖ്യാപിച്ചു. പാർട്ടിതലത്തിൽ മുൻകൂർ ആലോചനയില്ലാതെയുള്ള പ്രഖ്യാപനമായിരുന്നു അത്.

ഈ ഘട്ടത്തിൽ എ.കെ.ജി.യും സർദാർ ചന്ദ്രോത്തും സി.എസ്.പിയിൽനിന്ന് രാജിവെച്ച് ഔദ്യോഗിക കോൺഗ്രസ്സിനൊപ്പം പ്രവർത്തിക്കുന്ന ഇടവേളയായിരുന്നു. കേളപ്പൻ അടക്കമുള്ള നേതാക്കളുടെ സ്വാധീനവലയത്തിൽനിന്ന്് പുറത്തുകടക്കാനാവാത്തതും കൃഷ്ണപിള്ളയടക്കമുള്ളവരോടുളള അഭിപ്രായവ്യത്യാസവുമാണ് എ.കെ.ജി.യുടെയും ചന്ദ്രോത്തിന്റെയും മാറിനില്പിന് കാരണം. എ.കെ.ജി.യും സർദാർ ചന്ദ്രോത്തും വിട്ടുപോകുന്നത് സി.എസ്.പി.ക്ക് ആലോചിക്കാനേ കഴിയുന്നതല്ല. കൃഷ്ണപിള്ള തന്ത്രങ്ങൾ മെനഞ്ഞു. ആദ്യ പട്ടിണിജാഥയുടെ ക്യാപ്റ്റനായ കെ.പി.ആറിനെ എ.കെ.ജി.യുടെ പട്ടിണിജാഥയുടെ മാനേജരായി നിയോഗിച്ചു. പട്ടിണിജാഥ കഴിയുമ്പോഴേക്കും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് യോജിപ്പായി. പറ്റിപ്പോയ പിശക് എ.കെ.ജി. സമ്മതിച്ചു.

ഒറ്റ ദിവസത്തെ തയ്യാറെടുപ്പടെ നടത്തിയ പട്ടിണിജാഥയുടെ മാനേജരും പാട്ടുകാരനും കെ.പി.ആറും സെക്രട്ടറി ചന്ദ്രോത്തുമായിരുന്നു. 1936 ജൂലായ് ഒന്നിന് കണ്ണൂരിൽനിന്ന് തുടങ്ങിയ ജാഥ ദിവസേന 20 മൈൽ വരെ സഞ്ചരിച്ച് ഓഗസ്റ്റ് പകുതിയോടെയാണ് മദിരാശിയിലെത്തിയത്. പെരുമഴക്കാലമാണതെന്നോർക്കണം. 750 മൈൽ സഞ്ചരിച്ച് 500 പൊതുയോഗങ്ങൾ നടത്തി രണ്ട് ലക്ഷത്തോളം പേരുമായി സംവദിച്ച് കാൽ ലക്ഷം ലഘുലേഖകളും പുസ്തകങ്ങളും വിറ്റ് 500 രൂപയുടെ ചില്ലറ നാണയങ്ങൾ സംഭാവനയായി പിരിച്ചെടുത്ത ഐതിഹാസികജാഥയെ മദിരാശിയിൽ ആയിരക്കണക്കിനാളുകൾ സ്വീകരിച്ചു. കോൺഗ്രസ്സിലെ ഇടതുപക്ഷം നടത്താൻ പോകുന്ന പുതിയതരം പ്രവർത്തനത്തിന്റെ വിളംബരമായി രാജ്യവ്യാപകമായി മാധ്യമങ്ങൾ ജാഥയെ പരിചയപ്പെടുത്തി. മലബാറിൽ തിരിച്ചെത്തിയശേഷം ജാഥയുടെ തുടർപ്രവർത്തനങ്ങളിൽ മുഴുകിയ എ.കെ.ജിയെയും കെ.പി.ഗോപാലനെയും കേരളീയനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

1938ൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങിയപ്പോൾ അതിനെ എല്ലാവിധത്തിലും സഹായിക്കാൻ  കെ.പി.സി.സി തീരുമാനിച്ചു. തിരുവിതാംകൂറിലേക്ക് കോഴിക്കോട്ടുനിന്ന്് എ.കെ.ജി.യുടെ നേതൃത്വത്തിൽ ഒരു ജാഥ പോകണമെന്നാണ് തീരുമാനം. ഗുരുവായൂർ സത്യാഗ്രഹാനന്തരം ജാതീയമായ ഉച്ചനീചത്വത്തിനും അനാചാരങ്ങൾക്കുമെതിരെ തിരുവിതാംകൂറിലേക്ക്്് ജാഥ നയിച്ച എ.കെ.ജി. പുതിയ തിരുവിതാംകൂർ ജാഥ നടത്താനുള്ള തീരുമാനം ആവേശത്തോടെയാണ് സ്വീകരിച്ചത്. 1938 സെപ്റ്റംബർ എട്ടിന് കോഴിക്കോട് കടപ്പുറത്തുചേർന്ന യാത്രയയപ്പ് റാലിയിൽ ജാഥ ഉദ്ഘാടനംചെയ്യപ്പെട്ടു. കെ.പി.സി.സി. പ്രസഡണ്ട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കോഴിപ്പുറത്ത് മാധവമേനോൻ, വി.ആർ.നായനാർ എന്നവർ പങ്കെടുത്ത റാലി..

ജാഥ സെപ്റ്റംബർ ഒമ്പതിന് എറണാകുളത്തെത്തി. അവിടെ ആവേശകരമായ സ്വീകരണം. സ്വീകരണത്തിന് നേതൃത്വം നൽകിയത് തിരുവിതാംകൂർ യൂത്ത് ലീഗ് നേതാവും പിൽക്കാലത്തെ തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായ പി.ടി.പുന്നൂസ്. എറണാകുളത്തെ സ്വീകരണത്തിന് ശേഷം ആലുവയിലെത്തി തിരുവിതാംകൂറിലേക്ക് കടക്കാൻ ശ്രമം. പൊലീസും പട്ടാളവും വടംകെട്ടി തടയുന്നു. ആയിരക്കണക്കിന് പ്രവർത്തകരുടെ അഭിവാദ്യം. അതിർത്തി ലംഘിച്ച എ.കെ.ജി.യെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ലോക്കപ്പിൽ മനുഷ്യത്വരഹിതമായ അവസ്ഥ. പിറ്റേന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ എ.കെ.ജി.യാണ് വാദിച്ചത്. പോലീസ് ഇൻസ്പക്ടറെ എ.കെ.ജി. ക്രോസ് വിസ്താരം നടത്തിയത് വലിയ സംഭവമായി മാറി. കോടതിയിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. കേസിൽ എ.കെ.ജി., എ.എം.കുഞ്ഞിക്കണ്ണൻ, കെ.ടി.മാധവൻനായർ എന്നിവർക്ക് എട്ടു മാസത്തെ തടവുശിക്ഷ വിധിച്ചു. കോട്ടയം പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലാണ് ആദ്യം അടച്ചത്. അവിടെവെച്ച് ക്രൂരമായ മർദനം. എ.കെ.ജി. നിരാഹാരസമരം തുടങ്ങി. പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും സ്റ്റേഷനുചുറ്റും വിദ്യാർഥികളും തൊഴിലാളികളുമെല്ലാം തടിച്ചുകൂടി. ഉടനെതന്നെ വൈക്കം സബ് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അവിടെയും എ.കെ.ജി. നിരാഹാരം തുടങ്ങി. അഞ്ച് ദിവസമായപ്പോഴേക്കും എ.കെ.ജി. മരിച്ചുവെന്ന വാർത്ത പരന്നു. ആയിരക്കണക്കിനാളുകൾ ജയിലിന് മുന്നിൽ തടിച്ചുകൂടി. ഒടുവിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എത്തി എ.കെ.ജി.യോടഭ്യർഥിച്ചു, മരിച്ചിട്ടില്ലെന്ന് ജനക്കൂട്ടത്തോട് പറയണം. ആവശ്യങ്ങൾ അനുവദിച്ചതിനെ തുടർന്ന് നിരാഹാരം അവസാനിപ്പിച്ചു.

1935ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി ഷൊർണൂരിൽനിന്ന് ഇ.എം.എസിന്റെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രഭാതം പത്രം കൂടുതൽ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എ.കെ.ജി.യെ അതിന്റെ മാനേജരായി നിയോഗിച്ചു. മലയാളികളുള്ളേടത്തുനിന്നെല്ലാം ഫണ്ട് ശേഖരിച്ച് പുതിയ പ്രസ് വാങ്ങുക, കൂടുതൽപേരെ വരിക്കാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എ.കെ.ജി.യെ മാനേജരാക്കിയത്. എ.കെ.ജി. ആദ്യം ബോംബെയിലും മലയാളികൾ കൂടുതലുള്ള മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലും സഞ്ചരിച്ച് പ്രഭാതത്തിന്റെ പ്രചരണം നടത്തി. കമ്യണിസ്റ്റ് പാർട്ടി കേരളത്തിൽ നിലവിൽവരുന്നതിന് തൊട്ടുമുമ്പായിരുന്നെങ്കിലും പാർട്ടിയുടെ അടിത്തറയുണ്ടാക്കുന്ന ഘട്ടമായിരുന്നു അത്. ഇക്കാലത്താണ് പ്രഭാതം പിരിവിന്റെ ഭാഗമായി എ.കെ.ജി. ദീർഘകാലത്തെ വിദേശയാത്രക്ക് പുറപ്പെടുന്നത്. സിലോണിലെ ഭാരത് യൂത്ത് അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് എ.കെ.ജി. പുറപ്പെടുകയാണ്. സിംഹളരും ഇന്ത്യക്കാരും തമ്മിലും സിംഹളരും മലയാളികളും തമ്മിലും കടുത്ത വൈരവും ഏറ്റുമുട്ടലുമെല്ലാം നടക്കുന്ന കാലമാണ്. പൊന്നാനിക്കാരാണ് സിലോണിൽ ഉളള മലയാളികളിൽ കൂടുതലും. കൊച്ചിയൻ എന്നാണവരെ സിംഹളർ വിളിച്ചുപോന്നത്. എ.കെ.ജി. മാസങ്ങളോളം സിലോണിൽ പാർത്ത് മലയാളികളെയും തമിഴരെയും സംഘടിപ്പിക്കാൻ പ്രവർത്തിച്ചു. സിംഹളർ ഇന്ത്യക്കാരുടെ യോഗങ്ങൾ കല്ലെറിഞ്ഞു പിരിക്കുകയടക്കമുള്ള അക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. സിലോണിലെ പത്രങ്ങളുടെ സഹായത്തോടെ വിവിധ വിഭാഗങ്ങളുമായി എ.കെ.ജി. നടത്തിയ ചർച്ചകൾ കുറച്ചൊക്കെ ഫലംചെയ്തു.

സിലോണിൽനിന്ന് എ.കെ.ജി. സിംഗപ്പൂരിലേക്കാണ് പോയത്. മൂന്നുമാസം അവിടെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു. അക്കാലത്ത് അവിടെ കോളേജധ്യാപകനായി പ്രവർത്തിക്കുന്നുണ്ടായിരുന്ന എം.എസ്. ദേവദാസാണ് സിംഗപ്പൂരിൽ എ.കെ.ജി.ക്ക് ആദ്യഘട്ടത്തിൽ ആശ്രയമായത്. അന്നവിടത്തെ നേവൽബേസിൽ മാത്രം പതിനായിരത്തോളം മലയാളി തൊഴിലാളികളുണ്ടായിരുന്നു. തോട്ടം തൊഴിലളികളിൽ 60 ശതമാനം തമിഴരും 35 ശതമാനം ചൈനക്കാരും അഞ്ച് ശതമാനം മലയാളികളുമായിരുന്നു. ചൈന‐ഭാരത് യൂത്ത്‌ ലീഗ് എന്ന സംഘടനയുണ്ടായിരുന്നു. എല്ലാ സംഘടനകളും എ.കെ.ജി.യെ വരവേറ്റു. ചൂഷണവും പീഡനവും നടക്കുന്ന തോട്ടങ്ങളിൽ എ.കെ.ജിയെ തൊഴിലാളികൾ ക്ഷണിച്ചുകൊണ്ടുപോയി. യൂറോപ്യൻ മുതലാളിമാർ നടത്തുന്ന ഖനിയിലെ തൊഴിലാളികൾ എ.കെ.ജി. യെ ക്ഷണിച്ചത് ഗായകനെന്ന നിലയിലാണ്‌. എ.കെ.ജി.യുടെ സംഗീതകച്ചേരി! തിരുവിതാകൂറിലെ തൊഴിലാളികളുടെ സംഘടന എ.കെ.ജിക്ക് വലിയ സ്വീകരണം നൽകി. അധ്യക്ഷത വഹിച്ചത് കേരളത്തിലെ കോൺഗ്രസ്സിന്റെ സ്ഥാപകനേതാവും എ.കെ.ജി.യടക്കമുള്ള ആദ്യകാല കോൺഗ്രസ് നേതാക്കളുടെയെല്ലാം  ഗുരുസ്ഥാനീയനുമായ കെ.പി.കേശവമേനോൻ. 500 രൂപയുടെ പണക്കിഴിയാണവിടെനിന്ന് പ്രഭാതം ഫണ്ടിലേക്ക് ലഭിച്ചത്. സിലോണിലെയും സിംഗപ്പൂരിലെയും പത്രങ്ങൾ എ.കെ.ജി.യുടെ പര്യടനം വലിയ വാർത്തയാക്കുകയും മുഖപ്രസംഗങ്ങളും അഭിമുഖങ്ങളും പ്രസിദ്ധപ്പെടുത്തുകയുംചെയ്തു. എട്ടുമാസത്തെ ആ പര്യടനം മറുനാടൻ മലയാളികളിൽ ഇടതുപക്ഷ ബോധമുറപ്പിക്കാൻ സഹായകമായി. മലയാളികളുടെ ഐക്യം വളർത്തുന്നതിലും എ.കെ.ജി.യുടെ  സ്നേഹസാന്നിധ്യം പ്രയോജനപ്പെട്ടു. എട്ടമാസത്തിന് ശേഷം നീണ്ട കപ്പൽയാത്രക്കുശേഷം എ.കെ.ജി. കൊൽക്കത്തയിലെത്തി. വാറണ്ടുള്ളതിനാൽ, രഹസ്യപൊലീസുകാർ പിന്തുടരുന്നതിനാൽ എ.കെ.ജി. പത്ത് ദിവസം കൊൽക്കത്തയിൽ ഒളിവിൽ കഴിഞ്ഞു. പിന്നീട് അതീവരഹസ്യമായി വാർധയിലെത്തി എ.ഐ.സി.സി. സമ്മേളനത്തിൽ പങ്കെടുത്തു. അവിടെനിന്നും കേരളത്തിൽ തിരിച്ചെത്തിയ എ.കെ.ജി.യോട് തമിഴ്നാട്ടിൽ പ്രവർത്തിക്കാൻ നിർദേശിക്കുകയായിരുന്നു പാർട്ടി. അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടുകഴിഞ്ഞിരുന്നു. എ.കെ.ജി. വിദേശത്തുനിന്ന് പിരിച്ചെടുത്ത പണം ദേശാഭിമാനി പത്രത്തിന് പ്രസ് വാങ്ങുന്നതിനടക്കം പ്രയോജനപ്പെട്ടു. തമിഴ്നാട്ടിൽ ആദ്യം തൃശ്ശിനാപ്പളളിയിൽ ഗോൾഡൻ റോക്കിലെ റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് എം. കല്യാണസുന്ദരത്തോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് മധുര മേഖലയിൽ ട്രേഡ് യൂണിയൻ സംഘാടനം. 1941‐ഓടെ പൂർണമായും ഒളിവിൽ പ്രവർത്തിക്കാൻ നിർബന്ധിതനായി. അക്കാലത്തെ അനുഭവത്തെക്കുറിച്ച് എ.കെ.ജി. വിവരിക്കുന്നതിങ്ങനെ “ദുരിതംനിറഞ്ഞ ജീവിതം. ആറ്റുതീരങ്ങളിൽ കിടന്നുറങ്ങിയിട്ടുണ്ട്. വഴിയമ്പലങ്ങളിൽ രാമനാമം പാടിയിട്ടുണ്ട്്. അമ്പലത്തിലെ പൂജാരിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ചിദംബരം ക്ഷേത്രത്തിലെ  ബ്രാഹ്മണരുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. വെറും രണ്ടരയണ കൊണ്ട് നാലുദിവസം സമൃദ്ധിയായി ആഹാരം കഴിച്ചിട്ടുണ്ട്. നടപ്പാതയിൽ കിടന്നുറങ്ങി പച്ചവെള്ളവും പഴവും കൊണ്ട് ദിവസം കഴിച്ചുകൂട്ടി. രാത്രിയിൽ ഇരുട്ടത്ത് നടന്ന് എന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.’ തഞ്ചാവൂരിൽവെച്ച് ബസ്സിൽ യാത്ര ചെയ്യുമ്പോൾ പൊലീസ് വരുന്നതുകണ്ട് ഇറങ്ങിയോടുകയും പൊലീസിനുനേരെ കല്ലേറുനടത്തി കാട്ടിൽ കയറി രക്ഷപ്പെട്ടോടുകയുംചെയ്തു. ദിവസങ്ങളോളം കാട്ടിനകത്ത്. ഒടുവിൽ അവിടവെച്ചുതന്നെ പൊലീസിന്റെ പിടിയിലാവുകയും ചെയ്‌തു.

തൃശ്ശിനാപ്പള്ളിയിൽവെച്ച് അറസ്റ്റിലായ എ.കെ.ജി.യെ വെല്ലൂർ ജയിലിലാണടച്ചത്. കെ.പി.ഗോപാലൻ, കെ.ദാമോദരൻ എന്നിവരെല്ലാം അക്കാലത്ത് വെല്ലൂർ ജയിലിലുണ്ടായിരുന്നു. എന്നാൽ അവരോടൊപ്പമൊന്നും പാർപ്പിക്കാതെ എ.കെ.ജി.യെ ഭീകരനായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തി താമസിപ്പിക്കുകയായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും വിവേചനം. ജയിലിൽ ക്രൂരമർദനവും. എ.കെ.ജി. നിരാഹാരമാരംഭിച്ചു. 18 ദിവസംനീണ്ട നിരാഹാരസമരത്തിനൊടുവിലാണ് എ.കെ.ജി.യെ മറ്റു തടവുകാർക്കൊപ്പമാക്കിയത്. പിന്നെയും പീഡനം തുടർന്നപ്പോഴാണ് ജയിലിൽനിന്ന് പുറത്തേക്കുചാടാൻ എ.കെ.ജി തീരുമാനിക്കുന്നത്. കമ്പിപ്പാരയും ചുറ്റികയുമെല്ലാം സംഘടിപ്പിച്ച് ജയിൽഭിത്തിയിൽ വിടവുണ്ടാക്കി, അർധരാത്രിയിൽ പുറത്തേക്ക്. സമുന്നത ട്രേഡ് യൂണിയൻ നേതാവായ സി.കണ്ണൻ, ആന്ധ്രയിൽനിന്നുള്ള പട്ടാഭിരാമയ്യ, വി.കെ.റാവു, കോരപ്പാട്ടി ഡാട്ള എന്നിവരാണ് ജയിൽചാടിയത്. പിന്നീട് ദിവസങ്ങളോളം കാട്ടിലും മേട്ടിലും. ത്യാഗത്തിന്റെയും വേദനകളുടെയും ധീരതയുടെയും ഇഛാശക്തിയോടെയുള്ള അതിജീവനത്തിന്റെയും എത്രയെത്ര  അനുഭവങ്ങൾ.

വെല്ലൂർ ജയിലിൽനിന്ന് പുറത്തേക്ക് ചാടിയ എ.കെ.ജി. കാട്ടിലും മേട്ടിലുമായി കുറേനാൾ ചെലവഴിച്ചു. ജയിലിൽനിന്ന് പരിചയപ്പെട്ട ഒരു കള്ളവാറ്റുകാരന്റെ വീട് കണ്ടുപിടിച്ച് ചില്ലറക്കാശ് വാങ്ങിയാണ് കുറേനാൾ കഴിഞ്ഞത്. അതിനിടെ ടൈഫോയിഡ് ബാധിച്ച് കിടപ്പിലായി. 1942 അവസാനം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിയതിനാൽ മറ്റ് നേതാക്കളല്ലാം പുറത്തുവന്നു. പലപല വാറണ്ടുകളുള്ളതിനാൽ എ.കെ.ജി. ഒളിവിൽത്തന്നെ. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നാലുവർഷത്തോളം നീണ്ട ഒളിവുജീവിതം. ഝാൻസിയിൽ ഒരു ഇൻഷുറൻസ് ഏജന്റിന്റെ  സഹായി, കലണ്ടർ കമ്പനിയുടെ ഏജന്റ് എന്നീ നിലയിൽ കുറേക്കാലം. ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടുമടങ്ങിയ സംഘത്തോടൊപ്പം മീൻപിടിക്കാൻ പോയ സാഹസാനുഭവം.. അതോടെ അവിടെനിന്ന് പിടിക്കപ്പെട്ടേക്കുമെന്ന് തോന്നിയപ്പോൾ കൊൽക്കത്തയിലേക്ക്. അവിടെ ഒരു സിമന്റ് കമ്പനിയിൽ മാനേജരായി ജോലി. അവിടത്തെ സ്ത്രീ തൊഴിലാളികൾക്ക് കൂലി വളരെ കുറവായിരുന്നു. അവരെ സംഘടിപ്പിച്ച് പണിമുടക്കിലേക്ക് നയിച്ചു. പണിമുടക്കിന് പിന്നിൽ മദ്രാസി ബാബുവായ എ.കെ.ജി.യാണെന്ന വിവരം പുറത്തുവന്നത് വലിയ പൊല്ലപ്പായി. എ.കെ.ജി. അതിവേഗം അവിടെനിന്നും മുങ്ങി. അപ്പോഴേക്കും 1946ലെ പ്രവിശ്യ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. എ.കെ.ജി. മലബാറിലോ തിരുവിതാംകൂറിലോ കൊച്ചിയിലോ പ്രത്യക്ഷപ്പെടുമെന്ന സി.ഐ.ഡി.റിപ്പോർട്ടിനെ തുടർന്ന് പൊലീസ് എല്ലായിടത്തും വലവീശിനിന്നു.

പെരിന്തൽമണ്ണയ്ക്കടുത്ത് സഖാക്കൾ ഇ.പി.ഗോപാലനും കുഞ്ഞുണ്ണിനായരും പ്രസംഗിക്കുന്ന പൊതുയോഗം. വൻ ജനക്കൂട്ടമുണ്ട്്. പാന്റും കുപ്പായവും ധരിച്ച് ഒരു ട്രങ്ക് പെട്ടിയുമായി ഒരാൾ ജനക്കൂട്ടത്തിനിടയിലൂടെ കടന്നുവന്ന് യോഗവേദിയിലെ കസേരയിലിരുന്നു. ആരാണെന്ന് ജനങ്ങൾ അദ്ഭുതപ്പെട്ടു. ഇ.പി.ഗോപാലൻ ആഗതനോട് പ്രസംഗിക്കാൻ പറഞ്ഞു. നാടകീയമായി ആരംഭം. പൊലീസ് നാലുപാടും തേടിനടന്നിട്ട് പിടിക്കാൻ കഴിയാത്ത എ.കെ.ഗോപാലനാണ് ഞാൻ. അതോടെ ജനങ്ങൾ ആവേശഭരിതരായി ഇളകി. നീണ്ടുനിന്ന ഹർഷാരവവും മുദ്രാവാക്യവും. പ്രസംഗം കഴിഞ്ഞ ഉടൻതന്നെ പൊലീസ് എ.കെ.ജി.യുടെ അടുത്തെത്തി അറസ്റ്റ് ചെയ്യുന്നതായറിയിച്ചു. ജനക്കൂട്ടം അത് തടയാൻ മുതിർന്നെങ്കിലും എ.കെ.ജി. ഇടപെട്ട് ശാന്തരാക്കി. രണ്ടുദിവസത്തിനുശേഷം എ.കെ.ജി.യെ വിട്ടയച്ചു. അങ്ങനെ വർഷങ്ങൾക്കുശേഷം എ.കെ.ജി. ജനമധ്യത്തിലെത്തി. എന്നാൽ വീണ്ടും കള്ളക്കേസുകൾ, അറസ്റ്റ്. വീണ്ടും ശിക്ഷ. ജയിൽ.

കണ്ണൂർ ജില്ലയിലെ കണ്ടക്കൈയിൽ പൊലീസ്‌ ഇൻസ്പക്ടർ അനന്തകുറുപ്പ് പ്രവർത്തകരെ മർദിക്കുകയും വീടാക്രമിക്കുകയുംചെയ്ത വിവരമറിഞ്ഞ് എ.കെ.ജി. എത്തി. തിരിച്ചുപോകുമ്പോൾ കണ്ടക്കൈ കടവിൽനിന്ന് എ.കെ.ജി.കയറിയ അതേ കടത്തുതോണിയിൽ അനന്തകുറുപ്പുമുണ്ടായിരുന്നു. എ.കെ.ജി.അയാളെ കണക്കിന് ചീത്ത വിളിച്ചു. ജനങ്ങളെ മർദിച്ചാൽ തിരിച്ചുകിട്ടുന്നതു വാങ്ങിക്കോളണം എന്നും പറഞ്ഞു. അയാളുടെ പരാതിയിൽ എ.കെ.ജി.ക്കെതിരെ കേസെടുത്ത് അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചു. ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകൾ പ്രായോഗികമായിരുന്നില്ല. കേസ് നടക്കുന്ന ദിവസം മാത്രമേ മലബാറിലുണ്ടാകാവൂ എന്നതാണ് പ്രധാന വ്യവസ്ഥ. അത് അതേപടി പാലിക്കാൻ കഴിയാതിരുന്നതിനാൽ വീണ്ടും അറസ്റ്റ്. ജാമ്യക്കാരെ ഉപദ്രവിക്കൽ. സ്വാതന്ത്ര്യദിനമാകുമ്പോഴേക്കും മറ്റ് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചെങ്കിലും എ.കെ.ജി.യെ വിട്ടയച്ചില്ല. രാജ്യദ്രോഹകുറ്റം ചുമത്തി എ.കെ.ജി.യെ ജയിലിൽത്തന്നെ നിർത്തുകയായിരുന്നു. ഇതിനെതിരെ നാട്ടിൽ വലിയ പ്രക്ഷോഭം നടന്നു. അതിന്റെ പേരിൽ  അഴീക്കോടൻ രാഘവനടക്കമുള്ളവരെ ജയിലിലടച്ചു. സ്വാതന്ത്ര്യം ലഭിച്ചശേഷവും സ്വാതന്ത്ര്യസമരനേതാവായ എ.കെ.ജി.യെ ജയിലിലടച്ചതിന് കോൺഗ്രസ്ിന് ന്യായീകരണമുണ്ടായിരുന്നില്ല. സെപ്റ്റംബർ 16ന് പുറത്ത് സമരം തുടങ്ങിയതറിഞ്ഞതോടെ 20ന് എ.കെ.ജി. നിരാഹാരമാരംഭിച്ചു. സഹതടവുകാരും കുറെദിവസം അനുഭാവനിരാഹാരം നടത്തി. ഒക്ടോബർ 12‐ന് ജയിലിൽനിന്ന് വിട്ടയക്കുന്നതുവരെ എ.കെ.ജി. നിരാഹാരം തുടർന്നു‐ 22 ദിവസം നീണ്ട നിരാഹാരം എ.കെ.ജി.യുടെ ആരോഗ്യം തകർത്തു. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം എ.കെ.ജി. വീണ്ടും ജനമധ്യത്തിൽ സമരസംഘടനാ പ്രവർത്തനം. നീലേശ്വരം, മടിക്കൈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ 1947 ഡിസമ്പറിൽ സൗത്ത് കനറാ പോലീസെത്തി എ.കെ.ജി.യെ അറസ്റ്റ് ചെയ്തു. കരുതൽ തടങ്കൽ നിയമപ്രകാരം മൂന്നുവർഷത്തോളം നീണ്ട ജയിൽവാസത്തിന്റെ തുടക്കം. കടലൂർ ജയിലിൽ നരകസമാനമായ അവസ്ഥയിലാണ് എ.കെ.ജി. കഴിഞ്ഞത്. പിന്നീട്  ആന്ധ്രയിലെ രാജമുണ്ട്രി ജയിലിൽ ഏകാന്തത്തടവിലാക്കിയതിനെതിരെ 20 ദിവസത്തെ നിരാഹാരസമരം. ഒരുവർഷത്തിനിടയിൽ രണ്ടുതവണയായി മൂന്നാഴ്ച വീതം നിരാഹാരം. ഒന്നാം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ നീണ്ടുനിന്ന കരുതൽ തടങ്കൽ.

കരുതൽ തടങ്കലിനെതിരെ എ.കെ.ജി. സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി ഭരണഘടനയുമായി ബന്ധപ്പെട്ട് ആദ്യം പരിഗണിച്ച കേസ്. ബാരിസ്റ്റർ എം.കെ.നമ്പ്യാരാണ് എ.കെ.ജിക്കുവേണ്ടി ഹാജരായത്. കരുതൽ തടങ്കൽ നിയമാനുസൃതമാണെന്ന് വിധിച്ച സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് എ.കെ.ജി.ക്ക് ജയിൽമോചനം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു. മദിരാശി ഹൈക്കോടതിയിൽ എ.കെ.ജി. തന്നെ ജയിൽമോചിതനാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുകയും കേസിൽ സ്വയം വാദിക്കുകയുംചെയ്തു. ഹൈക്കോടതി എ.കെ.ജി.യെ മോചിപ്പിക്കാൻ വിധിച്ചു. എന്നാൽ ജയിൽവളപ്പിൽവെച്ചുതന്നെ വീണ്ടും അറസ്റ്റ് ചെയ്ത്‌ കടലൂർ ജയിലിലടക്കുകയായിരുന്നു. ഇതിനെതിരെ അന്നുതന്നെ എ.കെ.ജി. മദിരാശി ഹൈക്കോടതിയെ സമീപിച്ചു. എ.കെ.ജി.യെ ഇനി തൊട്ടുപോകരുതെന്ന താക്കീതോടെയായിരുന്നു ആ കേസിൽ വിധി.

സുപ്രിംകോടതിയിലെ കേസും ഹൈക്കോടതിയിൽ സ്വയം കേസ് വാദിച്ചതും ജയിൽവളപ്പിൽവെച്ച് വീണ്ടും അറസ്റ്റ് ചെയ്തതിനെതിരായ ഹൈക്കോടതിവിധിയുമെല്ലാം പത്രങ്ങളിൽ തുടർച്ചയായ വാർത്തയും ചർച്ചയുമായി. അഞ്ചുവർഷക്കാലം തുടർച്ചയായി ജയിലിൽ കഴിഞ്ഞശേഷം തിരിച്ചെത്തിയ എ.കെ.ജി.യെ വീരനായകനായി ആരാധനയോടടുത്ത സ്നേഹത്തോടെയാണ് ജനങ്ങൾ വരവേറ്റത്.

ജയിലിൽനിന്ന് മോചിതനായെത്തി ഏതാനും ദിവസത്തിനകമാണ് നാമനിർദേശപത്രിക നൽകിയത്. തിരഞ്ഞടുപ്പിൽ എതിരാളി ആദ്യകാല സഹപ്രവർത്തകനായ കോൺഗ്രസ്സിന്റെ സമുന്നതനേതാവ് സി.കെ.ജി. എന്ന സി.കെ.ഗോവിന്ദൻനായർ. എ.കെ.ജി.യും സി.കെ.ജി.യും തമ്മിലുള്ള മത്സരം രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരങ്ങളിലൊന്നായിരുന്നു. വാശിയേറിയ മത്സരത്തിൽ 87229 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.കെ.ജി വിജയിച്ചു. മലബാറിലും തിരുവിതാംകൂറിലും ആകെയെടുത്താൽ ഏറ്റവും വലിയ ഭൂരിപക്ഷം എ.കെ.ജി.ക്കായിരുന്നു. ആദ്യത്തെ പ്രതിപക്ഷനേതാവായി. പിന്നെയും അമരാവതി സമരം, സംസ്ഥാന പുനസംഘടനക്കായി രാജ്യവ്യാപകസമരം, മിച്ചഭൂമി സമരം. സമരങ്ങളുടെ പര്യായമായി, ത്യാഗത്തിന്റെ പര്യായമായി, മനുഷ്യസ്നേഹത്തിന്റെ പര്യായമായി എ.കെ.ജി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular