Sunday, July 13, 2025

ad

Homeകവര്‍സ്റ്റോറിപഹൽഗാം ആവർത്തിക്കപ്പെടരുത്

പഹൽഗാം ആവർത്തിക്കപ്പെടരുത്

കെ ജെ ജേക്കബ്

ഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ജമ്മു-കാശ്മീർ നിയമസഭ ഏകകണ്ഠമായി ഒരു പ്രമേയം പാസാക്കി. പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരു കാര്യം പറഞ്ഞു: ഭീകരവാദത്തിന്റെ മുപ്പതിലധികം വർഷം നീണ്ടുനിന്ന കാലയളവിൽ ഇതാദ്യമായി കാശ്മീരിലെ ജനങ്ങൾ ഭീകരതയ്ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നു. ഇത് ജമ്മു-കാശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്.

ഇവിടെ, കേരളത്തിൽ, ഭീകരാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി ഒരു കാര്യം പറഞ്ഞു: ‘‘എനിക്കെന്റെ അച്ഛനെ അവിടെ നഷ്ടപ്പെട്ടു. എന്നാൽ അവിടെനിന്നു രണ്ടു സഹോദരന്മാരെ എനിക്ക് കിട്ടി. എന്നെ സഹോദരിയെപ്പോലെ കണ്ട് അവർ എനിക്കാവശ്യമായ സഹായങ്ങൾ ചെയ്തുതന്നു’’.

*******

പഹൽഗാമിലെ ഭീകരാക്രമണം ഒരു പുതിയ ഇന്ത്യയുടെ നിർമ്മാണത്തിന് കാരണമാകുന്നുണ്ട് എന്നു വേണം കരുതാൻ. ഇന്നലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നൊരു തോന്നൽ ഈ ലേഖകനുണ്ട്. ആര് ഹിന്ദു ആര് മുസ്ലിം എന്ന് ചോദിച്ചുകൊണ്ടാണ് ഭീകരന്മാർ നിരായുധരായ മനുഷ്യരെ കുടുംബാംഗങ്ങളുടെ മുൻപിൽ വെടിവച്ചുവീഴ്ത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ പറഞ്ഞത്.

അതിന്റെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു: നിരപരാധികളായ മനുഷ്യരുടെ രക്തം ഇന്ത്യയിലെ സാധാരണ മുസൽമാന്റെ ദേഹത്തു തെറിപ്പിച്ച് അവരെയൊന്നാകെ വെറുപ്പിന്റെ കയങ്ങളിലേക്കു എടുത്തെറിയുക. ഒരു വൻ വിഭജനം സാധ്യമാക്കുക.

പക്ഷേ അവർ ലക്ഷ്യം വച്ചതുപോലെയല്ല നടന്നത് എന്നുവേണം ഇപ്പോൾ മനസ്സിലാക്കാൻ.

ഒരു സമുദായ സ്പർധയുണ്ടാക്കാനുള്ള സ്ക്രിപ്റ്റുണ്ടാക്കി അതിൽ തങ്ങളുടെ വേഷം ചെയ്തിട്ട് സ്‌ഥലംവിട്ടാൽ ബാക്കി ഇന്ത്യക്കാർ ചെയ്തുകൊള്ളും എന്ന പതിവ് ഭീകര ധാരണയിലാണ് അവർ സാധുക്കളായ മനുഷ്യരുടെമേൽ വെടിയുണ്ട പായിച്ചത്. എന്നാൽ ആ സ്ക്രിപ്റ്റിലുള്ള കളി വേണ്ട എന്ന് ഇന്ത്യക്കാർ പൊതുവിൽ തീരുമാനിച്ചു എന്നാണ് ഇപ്പോൾ തോന്നുന്നത്.

ഭീകരരെ എല്ലാത്തരം മനുഷ്യരും ഒരുമിച്ചുനിന്നെതിർത്തു. ജമ്മു കാശ്മീരിൽ ഹർത്താൽ നടത്തി; ‘‘ഞങ്ങളുടെ പേരിൽ വേണ്ട ഭീകരപ്രവർത്ത’’ നം എന്ന് കാശ്മീരികൾ ഒരുമിച്ചുനിന്നു പറഞ്ഞു. തങ്ങളുടെ അന്നത്തിലാണ് ഭീകരർ മണ്ണിട്ടതെന്നു തുറന്നടിക്കാൻ അവർക്കു മടിയുണ്ടായില്ല; ദൈവം അവരെ ശിക്ഷിക്കും എന്ന് ശപിക്കാനും മറന്നില്ല. മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞതുപോലെ, ചരിത്രത്തിൽ ആദ്യമായി കാശ്മീരിലെ ജനം ഒരു സംശയവുമില്ലാതെ ഭീകരവാദത്തെ കലവറയില്ലാതെ പരസ്യമായി തള്ളിപ്പറഞ്ഞു. മുഴുവൻ രാഷ്ട്രീയപ്പാർട്ടികളും ഒറ്റക്കെട്ടായി നിന്നു.

ബാക്കിയുള്ള മനുഷ്യരും മോശക്കാരല്ല. കൂട്ടക്കൊലയുടെ ആദ്യ രണ്ടുദിനങ്ങളിൽ മനുഷ്യർ സ്വാഭാവികമായും പരിഭ്രമിച്ചു. പല വിനോദസഞ്ചാരികളും തങ്ങളുടെ ബാക്കി പരിപാടികൾ റദ്ദാക്കി തിരിച്ചുപോന്നു; പോകാനിരുന്ന പലരും യാത്ര വേണ്ടെന്നുവച്ചു. എന്നാൽ രണ്ടു ദിവസംകൊണ്ട് ചിത്രംമാറി. കാശ്മീരിൽ ജനം പഴയതുപോലെ ഒഴുകിയെത്തി. ശ്രീനഗറിലും പരിസരങ്ങളിലും മാത്രമല്ല പഹൽഗാമിൽപ്പോലും ആളുകളെത്തി. ആദ്യത്തെ മൂന്നുദിവസങ്ങളിൽ ഏഴായിരം പേരെത്തി എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സുരക്ഷാ സേനകളിലുള്ള വിശ്വാസം ഇതിന് ഒരു കാരണമാണ്. ഇനിയങ്ങോട്ട് സഞ്ചാരികൾക്കു സുരക്ഷ ഉറപ്പുവരുത്താനും ഭീകരരെ നിലയ്ക്കുനിർത്താനും സേനയ്ക്ക് കഴിയും എന്നൊരാത്മവിശ്വാസത്തിന്റെ കൂടി പുറത്താണ് ആളുകൾ അങ്ങോട്ട് യാത്ര ചെയ്യുന്നത്. മറ്റൊരു കാര്യം അവിടത്തെ ജനങ്ങളിലുള്ള വിശ്വാസമാണ്. ആ നാട്ടിലെ മനുഷ്യരെ പരിചയപ്പെട്ടവർ ചിലരെങ്കിലും തല്ക്കാലം ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നില്ല എന്നു പറഞ്ഞു. അത്രയധികം ഉത്തരവാദിത്തത്തോടെയാണ് അവർ അവരുടെ വിരുന്നുകാരുടെ പരിചരണം ഏറ്റെടുക്കുന്നത്. തങ്ങളുടെതന്നെ തൊഴിലാണ് ഇതെന്നും ആ തൊഴിലിൽനിന്നു കിട്ടുന്ന വരുമാനംകൊണ്ട് ഭക്ഷണം വാങ്ങിത്തരുമെന്ന പ്രതീക്ഷയിലിരിക്കുന്ന കുഞ്ഞുങ്ങൾ തങ്ങൾക്കുണ്ട് എന്നും അവിടത്തെ സാമാന്യ ജനത്തിനറിയാം. അതിന്റെ കൂടി പ്രതിഫലനമാണ് ഇപ്പോൾ ജനങ്ങളുടേതായി കാണുന്ന പ്രതികരണം.

കാശ്മീരിലെ ജനം മാത്രമല്ല അത് മനസ്സിലാക്കിയത്. ഭീകരരുടെ കൈയിൽനിന്നു തോക്കു തട്ടിപ്പറിക്കാൻ ശ്രമിച്ചു വെടികൊണ്ടുവീണ കുതിരക്കാരൻ സയ്യിദ് ആദിൽ ഹുസ്സൈൻ ഷാ രാജ്യത്തിന്റെ ഹീറോ ആയി; അയാളാണ് യഥാർത്ഥ കാശ്മീരിയത്തിന്റെ പ്രതിനിധിയെന്നും അയാളുടെ മതമാണ് ഇസ്ലാമെന്നും മനുഷ്യർ മനസ്സിലാക്കി; അയാളുടെ കഥകൾ ചെറുപ്പക്കാർ പാടിനടക്കുന്നു.

സുരക്ഷാ വീഴ്ച പ്രകടമായുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ടെലിവിഷൻ ചാനലുകളിൽ ആവശ്യത്തിനും അനാവശ്യത്തിനും രാജ്യസ്നേഹം വിളിച്ചുകൂകുന്ന മേജർ ജനറൽ ജി ഡി ബക്ഷി എന്ന പഴയ പട്ടാളക്കാരൻ ഇതിനകം ചിലതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്: സർക്കാർ പട്ടാളത്തെ അവഗണിച്ചു എന്നതാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. പുതിയ നിയമനം നടത്താതെ സേനകളിൽ ഒന്നേമുക്കാൽ ലക്ഷം പേരുടെ കുറവുണ്ടാക്കി. പുതിയ സാങ്കേതികവിദ്യകളും ഡ്രോൺ പോലുള്ള ഉപകരണങ്ങളുംകൊണ്ട് സേനയിൽ ആളുകളുടെ എണ്ണം കുറച്ചൊക്കെ ഒഴിവാക്കാം; പക്ഷേ, കാടും കുന്നുകളും പുഴകളുമടങ്ങിയ അതിർത്തി പ്രദേശം കാക്കണമെങ്കിൽ മനുഷ്യർതന്നെ വേണം എന്നദ്ദേഹവും മറ്റു മുതിർന്ന പട്ടാള ഉദ്യോഗസ്‌ഥരും ഉറപ്പിച്ചുപറയുന്നു. അതുകൊണ്ടു പട്ടാളക്കാരുടെ എണ്ണം കുറഞ്ഞത് സുരക്ഷാ വീഴ്ചയ്ക്ക് ഒരു കാരണമായി. ചെലവുചുരുക്കാനും കാശ് ലാഭിക്കാനുമായി സർക്കാർ എടുത്ത പല നടപടികളും തിരിച്ചടിച്ചു.

പഹൽഗാം ആക്രമണത്തിനു ശേഷം പ്രതിപക്ഷ ആവശ്യപ്രകാരം വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ സുരക്ഷാ വീഴ്ചയെപ്പറ്റി കേന്ദ്ര സർക്കാർ തന്നെ തുറന്നു സമ്മതിച്ചു എന്നാണ് റിപ്പോർട്ടുകൾ. അത് സാധാരണയായി കണ്ടുവരുന്ന കാര്യമല്ല. പ്രതിപക്ഷവും അവസരത്തിനൊത്തുയർന്നു. വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല പ്രതിപക്ഷം മുതിർന്നത്; മറിച്ച് ആവശ്യമായ നടപടികൾ എടുക്കാൻ സർക്കാരിന് പിന്തുണ ഉറപ്പുനൽകുകയാണ് ചെയ്തത്.

ഇതെഴുതുമ്പോൾ ഭീകരാക്രമണം നടന്നിട്ട് അഞ്ചു ദിവസം കഴിഞ്ഞു. ഇതുവരെ പ്രതികളെ പിടിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എന്നിട്ടും അതൊരു രാഷ്ട്രീയ വിഷയമായി ഉയർത്താൻ പ്രതിപക്ഷം തയ്യാറായിട്ടില്ല എന്നതും കാണേണ്ടതുണ്ട്. അന്വേഷണ സംഘം ആവശ്യമായ സമയമെടുത്തു ഭീകരരെ പിടിക്കുന്നതിന് ബാക്കി ഇന്ത്യക്കാരോടൊപ്പം കാത്തിരിക്കുകയാണ് അവരും.

*****************

സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനകം രണ്ടു പ്രധാനപ്പെട്ട നടപടികളാണ് ഉണ്ടായിരിക്കുന്നത്. ഒന്ന്, സിന്ധുനദീജല കരാർ മരവിപ്പിക്കുക; രണ്ട്, പ്രതികളായി ആരോപിക്കപ്പെടുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുക.

പാകിസ്‌താനിലെ വലിയൊരു ഭാഗം ജനങ്ങൾ കുടിക്കാനും കൃഷിചെയ്യാനും ഉപയോഗിക്കുന്നത് ഈ കരാറിന്റെ ഭാഗമായി ഇന്ത്യ വിട്ടുകൊടുക്കുന്ന ജലമാണ്. 1960-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവും ഫീൽഡ് മാർഷൽ അയൂബ് ഖാനും ചേർന്ന് രൂപംകൊടുത്ത കരാർ ഇക്കഴിഞ്ഞ 65 കൊല്ലത്തിനുള്ളിൽ ഇന്ത്യ-പാക് ബന്ധങ്ങളിലുണ്ടായ അങ്ങേയറ്റം അപകടകരമായ അവസ്‌ഥകളെയും അതിജീവിച്ചു നിലനിന്നു. ഒരിക്കൽ കൊളോണിയൽ ഭരണത്തിനെതിരെ ഒരുമിച്ചു പോരാടിയതിന്റെ ഓർമ്മകൾ ജീനിൽ കൊണ്ടുനടക്കുന്ന രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ ആ സാഹോദര്യം ബാക്കിവച്ചതിന്റെ സാക്ഷ്യപത്രമായി ആ കരാർ നിലകൊണ്ടു.

എന്നാൽ ഇന്ന് പാകിസ്താൻ ഭരണകൂടവും പട്ടാളവും സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടുനടക്കുന്ന ഭീകര പ്രസ്‌ഥാനം ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു എന്ന വസ്തുത നമ്മുടെ മുന്പിലുണ്ട്. ഇസ്ലാമിസ്റ്റ് ഭീകരതയുടെ ഇരകൾ ഇന്ത്യയിലെ അമുസ്ലിങ്ങൾ മാത്രമല്ല, മുസ്ലിങ്ങളും കൂടിയാണ്. കിട്ടിയ അവസരം ഉപയോഗിച്ച് ഇന്ത്യൻ മുസ്ലിമിനെതിരെ ഹിന്ദുത്വ ഭീകരർ ആക്രമണം അഴിച്ചുവിടുന്ന പല റിപ്പോർട്ടുകളും പല ഭാഗത്തുനിന്നും വന്നു കഴിഞ്ഞു. ഹിന്ദുത്വ തീവ്രവാദികൾക്ക് ഇതൊരു കാരണമായി വന്നുകൂടി. അനിശ്ചിതത്ത്വത്തിന്റെ കാർമേഘങ്ങൾ ഇന്ത്യൻ മുസ്ലിമിന്റെ ജീവിതത്തിലും നിഴൽമൂടിയെന്നർത്ഥം.

ഇത് ഒഴിവാക്കണമെങ്കിൽ പാകിസ്‌താൻ പട്ടാളവും ഭരണകൂടവും വിചാരിക്കണം. അവരതു വിചാരിക്കണമെങ്കിൽ പാകിസ്‌താനിലെ ജനങ്ങൾ വിചാരിക്കണം. കാശ്മീരിനെ വച്ച് ഒരു കാഴ്ചയുണ്ടാക്കി അതിന്റെ മറവിൽ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ പാകിസ്‌താൻ അവസാനിപ്പിക്കണം എന്ന് ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളായ പാകിസ്‌താനിലെ ജനങ്ങൾ തീരുമാനിക്കണം.

പാകിസ്‌താൻ ഭരണാധികാരികളുടെ ഇപ്പോഴത്തെ ചില പ്രഖ്യാപനങ്ങൾ ശ്രദ്ധിച്ചാലറിയാം ആ രാജ്യത്തെ ജനങ്ങൾ എങ്ങനെയാണ് ഇക്കാലമത്രയും ചതിക്കപ്പെട്ടുകൊണ്ടിരുന്നതെന്ന്. തങ്ങൾ ദശകങ്ങളായി അമേരിക്കൻ സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുകയായിരുന്നു എന്നാണ് പാകിസ്‌താൻ പ്രതിരോധ മന്ത്രിയുടെ പുതിയ കുമ്പസാരം. മതത്തിന്റെ പേരിൽ ഒരു മഹാരാജ്യത്തെ വെട്ടിമുറിച്ചു; എന്നിട്ട് അതിനെ സാമ്രാജ്യത്വത്തിന്റെ ഗുണ്ടയാക്കി മാറ്റി. ഇതാണ് പാകിസ്‌താൻ ഭരണകൂടത്തിന്റെ ചരിത്രം.

അതുകൊണ്ടുതന്നെ ഇനി തെരുവിലിറങ്ങേണ്ടതും പാകിസ്‌താൻ നയങ്ങളിൽ മാറ്റമുണ്ടാക്കേണ്ടതും അവിടത്തെ ജനങ്ങളാണ്. കാശ്മീരിന്റെ പേരുപറഞ്ഞ് തങ്ങളുടെ ജീവിതത്തെ കുത്തിച്ചോർത്തി അർമാദിക്കുന്ന പട്ടാളവും രാഷ്ട്രീയക്കാരും ആ പണി നിർത്തി കാര്യങ്ങൾ നേരേയാക്കണമെന്ന് ആവശ്യപ്പെടണം. അതിനുള്ള സമ്മർദ്ദതന്ത്രമായി മാത്രമേ സിന്ധു നദീജലകരാറിനെ ഉപയോഗിക്കാവൂ എന്നാണ് ഈ ലേഖകന്റെ അഭിപ്രായം.

ഭീകരരെ എന്തു വിലകൊടുത്തും അമർച്ച ചെയ്യണം എന്ന കാര്യത്തിൽ ഒരു ഇന്ത്യക്കാരനും അഭിപ്രായവ്യത്യാസമുണ്ടാകാൻ ഇടയില്ല. അന്വേഷണ ഏജൻസികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകേണ്ടതുമാണ്. എന്നാൽ അതിനർത്ഥം മനുഷ്യാവകാശങ്ങളും കോടതിയുത്തരവുകളും നഗ്നമായി ലംഘിക്കാൻ അവർക്കവകാശമുണ്ട് എന്നല്ല. പ്രതികളായി ആരോപിക്കപ്പെടുന്നവരുടെ, പ്രത്യേകിച്ചും അവർ മുസ്ലിങ്ങളാണെങ്കിൽ, വീടുകൾ ഇടിച്ചുനിരത്തുന്നത് ബി ജെ പി സർക്കാരുകൾ ഒരു പുതിയ തന്ത്രമായി രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിനു സുപ്രീം കോടതി കർശനമായി തടയിട്ടിട്ടുള്ളതാണ്. എന്നാൽ കാശ്മീരിൽ ഇതിനകം അര ഡസനോളം വീടുകൾ ഇടിച്ചുനിരത്തിയിട്ടുണ്ട്. നിയമസഭയിലെ പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സിപിഐ എം അംഗമായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞത് ഏറ്റവും പ്രസക്തമായ കാര്യമാണ്: സാധാരണ കാശ്മീരികളെ ഉപദ്രവിക്കുന്നതും അകാരണമായും തോന്നിയതുപോലെയും അറസ്റ്റു ചെയ്യുന്നതും വീടുകൾ ഇടിച്ചുനിരത്തുന്നതും ഇപ്പോൾ ഭീകരവാദത്തിനെതിരെ അണിനിരന്നിട്ടുള്ള കാശ്മീരികളെ നമ്മുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്നും അകറ്റുകയേയുള്ളൂ.

അർണാബ് ഗോസ്വാമിയെപ്പോലുള്ള വായാടികളും സംഘ പരിവാര ക്യാപ്സൂൾ ഫാക്ടറികളും രാജ്യം മുഴുവൻ മുസ്ലിംവിരുദ്ധതയുടെ ആഴംകൂട്ടാൻ ആഞ്ഞു പരിശ്രമിക്കുന്നുണ്ട്. കേരളത്തിലും സംഘപരിവാരവും ക്രിസ്ത്യൻ വർഗീയവാദികളും മത്സരിച്ചു വെറുപ്പുചീറ്റിക്കാൻ നോക്കുന്നുണ്ട്; ചില ഇസ്ലാമിസ്റ്റ്സ്വത്വവാദികൾ ഇതു മുഴുവൻ ഇന്ത്യാ സർക്കാരിന്റെ വിക്രിയയാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തുന്നുമുണ്ട്; ഒരുതരം വെള്ളപൂശൽ നാടകം.

സംഘികളും ക്രിസംഘികളും ചില വിചിത്രവാദങ്ങളും നുണകളുമായി കോടതികൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് സുപ്രീം കോടതി വിധിപ്രകാരം തിരഞ്ഞെടുപ്പ് നടത്തി സംസ്‌ഥാന സർക്കാരിന് അധികാരം ഏൽപ്പിച്ചുകൊടുത്തതുകൊണ്ടാണ് സുരക്ഷാ വീഴ്ച വന്നത് എന്ന വാദം. സംസ്‌ഥാനത്ത് ഒരു സർക്കാരുണ്ടെങ്കിലും ജമ്മു കാശ്മീരിന്റെ സുരക്ഷാ ഉത്തരവാദിത്തം ഇപ്പോഴും കേന്ദ്ര സർക്കാരിനാണെന്നറിയാതെയായിരിക്കും ഇത്തരമൊരു ശുദ്ധ അസംബന്ധം പറയുന്നത്; അല്ലെങ്കിൽ മനഃപൂർവ്വം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകണം.

ഇത്തരം ശ്രമങ്ങളൊക്കെ നടക്കുമ്പോഴും മലയാളം പറയുന്ന മനുഷ്യർ പൊതുവെ സമനില വിടാതെ നിൽക്കുന്നു. കൊള്ളാവുന്ന വർത്തമാനം അധികമൊന്നും പറഞ്ഞുകേട്ടിട്ടില്ലാത്ത മേജർ രവി കാശ്മീരിൽ ജോലിചെയ്തിട്ടുള്ള പഴയ പട്ടാള ഓഫീസറായിനിന്നതുകൊണ്ട് അങ്ങേയറ്റം ഉത്തരവാദിത്തത്തോടുകൂടി സംസാരിക്കുന്നു. എന്താണ് ഭീകരരുടെ ഉദ്ദേശമെന്ന് ആർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയുന്നു. ആരതി എന്ന പെൺകുട്ടിയുടെ ഹൃദയം തുറന്നുള്ള സംസാരം നമ്മുടെ നാട് എങ്ങിനെയാണ് ചിന്തിക്കുന്നത് എന്നതിന്റെ നേർപ്രകാശനമായി മാറിയിരിക്കുന്നു.

ജിങ്കോയിസവും മപ്പടിച്ചുള്ള നിൽപ്പുമൊക്കെ ഇനിയും സംഭവിക്കാവുന്നതേയുള്ളൂ. കേന്ദ്ര സർക്കാർ പക്ഷേ അതൊഴിവാക്കണം. വെടിവെച്ച ഭീകരരെ പിടികൂടണം; അവർക്കു പിന്നിലുള്ള ശക്തികളെ വെളിച്ചത്തു കൊണ്ടുവരണം. പാകിസ്താൻ പട്ടാളത്തിന്റെ/ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ട് എന്ന ഇപ്പോഴത്തെ സംശയം സ്‌ഥാപിക്കാനുള്ള തെളിവുകൾ കിട്ടിയാൽ ഈ കളി നിർത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടണം.

പഹൽഗാമിൽ കൊല്ലപ്പെട്ട ആ മനുഷ്യരുടെ രക്തം ഭീകരതയ്‌ക്കെതിരെയുള്ള വിട്ടുവീഴ്‍യില്ലാത്ത നിലപാടെടുക്കുന്നതിന് കാരണമായി മാറണം.
കാശ്മീരിലെ ജനങ്ങൾ ഭീകരവാദത്തിനെതിരായ കൃത്യവും പ്രത്യക്ഷവുമായ നിലപാടെടുത്തു; ഇന്ത്യയിലെ ജനങ്ങൾ അതുൾക്കൊണ്ടു എന്നതൊക്കെ പ്രതീക്ഷാഭരിതമായ കാര്യങ്ങളാണ്. ഇവയ്ക്കിടയിലുംകുത്തിത്തിരുപ്പും വർഗീയതയും വിൽക്കാനിറങ്ങുന്നവർ ഏതു ഭാഗത്തുമുണ്ടാകും. അവർക്കെതിരെ നിലപാടെടുക്കുന്ന മനുഷ്യരുടെ കൂട്ടായ്മകളിലാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവി. l
(അഭിപ്രായങ്ങൾ വ്യക്തിപരം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular