പഹൽഗാമിലെ നിഷ്ഠുരമായ ഭീകരാക്രമണത്തെത്തുടർന്ന് കാശ്മീരിലുടനീളം കടുത്ത ദുഃഖവും ഒപ്പം ശക്തമായ പ്രതിഷേധവും ആളിക്കത്തി. ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ല; ആർക്കും ഒരുവിധത്തിലും അതിനെ ന്യായീകരിക്കാനുമാവില്ല. കാശ്മീർ ജനത ഒന്നടങ്കം സങ്കടത്തിന്റെയും സന്താപത്തിന്റെതുമായ ഈ മണിക്കൂറുകളിൽ രാജ്യത്തോടാകെ ചേർന്നുനിൽക്കുകയാണ്. ഇത്തരം ആക്രമണങ്ങൾ നമ്മുടെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ജീവചൈതന്യത്തിന്റെയും നേരെയുള്ള കടന്നാക്രമണമാണ്; ഒരിക്കലും നമ്മെ വർഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുത്.
അനന്തനാഗിൽ നിന്നുള്ള തദ്ദേശീയനായ ഒരു കുതിരക്കാരനുൾപ്പെടെ 26 നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്ത പഹൽഗാമിലെ ബെെസരാനിലുണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമാണ്; അത് ജമ്മുകാശ്മീർ ജനതയെ അടിമുടി ഉലച്ച, ഞെട്ടിപ്പിച്ച സംഭവമാണ്. അക്രമം ഒന്നിനും പരിഹാരമാകുന്നില്ല; നിരുപാധികം ഒറ്റക്കെട്ടായി അത് അപലപിക്കപ്പെടേണ്ടതുതന്നെയാണ്. ഭീകരവാദികൾക്ക് ഒരിക്കലും അവരുടെ വ്യവസ്ഥകൾ നമുക്കുമേൽ അടിച്ചേൽപ്പിക്കാനാവില്ല; നിരപരാധികളായ പൗരരെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന, ഭീരുത്വപൂർണമായ നടപടികൾക്ക് സംസ്കാരമുള്ള ഒരു സമൂഹത്തിൽ ഒരിടത്തും ഒരിക്കലും ഇടമുണ്ടാവില്ല. കുറ്റവാളികളെ പിടികൂടുകതന്നെ വേണം; അല്പവും വൈകാതെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം.
ഭീകരവാദികളിൽനിന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ ജീവൻ നഷ്ടപ്പെട്ട, പാവപ്പെട്ട കാശ്മീരി കുതിരക്കാരൻ സയ്-ദ് ആദിൽ ഹുസൈൻ ഷായുടെ രക്തസാക്ഷിത്വം ധീരോദാത്തമായ, എക്കാലവും സ്മരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയാണ്. കാശ്മീരിയാത്തിന്റെ യഥാർഥ ജീവസത്തയുടെ പ്രതിഫലനവും പ്രതീകവുമാണ് അദ്ദേഹത്തിന്റെ ജീവത്യാഗം. ആ ദുരന്തത്തിനുശേഷം പ്രദേശവാസികൾ ആക്രമണത്തിനിരയായവരുടെ ജീവൻ രക്ഷിക്കാൻ രക്തദാനത്തിന് സ്വമേധയാ മുന്നോട്ടുവന്നതുതന്നെ കാണിക്കുന്നത് കാശ്മീരികൾ വർഗീയ സംഘർഷമുണ്ടാക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കുന്നില്ലായെന്നാണ്.
ഈ കിരാതമായ ആക്രമണത്തിനെതിരെ കാശ്മീരിലുടനീളം അണപൊട്ടിയൊഴുകിയ സ്വമേധയായുള്ള രോഷപ്രകടനം സമാനതകളില്ലാത്തതായിരുന്നു. ഇത്തരം നിഷ്ഠുരമായ ഭീകരനടപടിക്കെതിരെ കാശ്മീരിലുയർന്നു വന്ന വമ്പിച്ച പ്രതികരണം മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധത്തിലുള്ളതായിരുന്നു.
ഈ ഭീകര പ്രവർത്തനം യഥാർഥത്തിൽ കാശ്മീരിന്റെ മൂല്യബോധത്തിന്റെ ഹൃദയത്തിനേരെയുള്ള കനത്ത അടിയായിരുന്നു; വിനോദസഞ്ചാരത്തെ ആശ്രയിച്ച് നിത്യവൃത്തി പുലർത്തിയിരുന്ന ആയിരക്കണക്കിനാളുകളുടെ, കാശ്മീരികളുടെ ഉപജീവനമാർഗമാണ് അപകടത്തിലായത്. ഈ മേഖല ഇപ്പോൾ മെല്ലെയാണെങ്കിലും പ്രതീക്ഷ നൽകുന്നവിധം വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തിന് സാക്ഷ്യംവഹിക്കുകയാണ്; സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്നു; ജനങ്ങൾക്ക് ഇത് ശുഭപ്രതീക്ഷ നൽകുന്നു.
ദുഃഖകരമായ ഈ സംഭവം അവിടത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് പുനഃപരിശോധന നടത്തേണ്ടതും അത് ശക്തിപ്പെടുത്തേണ്ടതും അടിയന്തരാവശ്യമാക്കി മാറ്റിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി ശ്രീനഗറിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗം ആക്രമണത്തെ അപലപിച്ചുകൊണ്ട് ഏകകണ്ഠമായി ഒരു പ്രമേയം അംഗീകരിച്ചു; ഇത് സ്വാഗതാർഹമായ ഒരു നീക്കമാണ്. നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിന് നിയമസഭ ഒരു ദിവസത്തെ പ്രത്യേക യോഗം ചേരണമെന്ന തീരുമാനം ശരിയായ ദിശയിലൂടെയുള്ള ഒരു ചുവടുവയ്പാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും എത്രമാത്രം ഗൗരവമായാണ് ഇതിനെ കാണുന്നതെന്നതിന്റെ പ്രതിഫലനമാണിത്.
ഒരു വിഭാഗം ദേശീയ മാധ്യമങ്ങൾ, കാശ്മീർ ഇതിനകം അനുഭവിച്ചിട്ടുള്ള ദുരന്തങ്ങളുടെ നീണ്ട ചരിത്രത്തെ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്; മിർവയ്-സ് കാശ്മീരിന്റെയും നിയമസഭാംഗങ്ങളുടെയും പ്രമുഖരായ നിരവധി രാഷ്ട്രീയ പ്രവർത്തകരുടെയും ന്യൂനപക്ഷ സമുദായാംഗങ്ങളുടെയുമെല്ലാം കൊലപാതകങ്ങളുടെ കാര്യം തന്നെ ഉദാഹരണം. ഭീകരരുടെ ഓരോ നടപടിയും വേദനയുടെയും നഷ്ടപ്പെടലിന്റെയും അടയാളൾ അവശേഷിപ്പിക്കാറുണ്ട്; അതൊരിക്കലും നമുക്ക് മറക്കാനാവില്ല. മാധ്യമ ആഖ്യാനങ്ങൾ സൂക്ഷ്മവും സംവേദനക്ഷമവും ഒപ്പം ഉത്തരവാദിത്വബോധത്തോടുകൂടിയതുമായിരിക്കണം, പ്രത്യേകിച്ചും ഇത്തരത്തിൽ കടുത്ത ദുഃഖത്തിന്റെയും വേദനയുടെയും സമയത്ത്.
ജനങ്ങളെ വർഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതിനുള്ള ഉപകരണമായും നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയും ഒരിക്കലും, ഒരു കാരണവശാലും ഭീകരതയെ ഉപയോഗിക്കരുത് എന്നാണ് എനിക്ക് ഈ രാജ്യത്തുടനീളമുള്ള സത്യസന്ധരും സ്വബുദ്ധിയുള്ളവരും മതനിരപേക്ഷ മനസ്സുള്ളവരുമായ എല്ലാ നല്ല മനുഷ്യരോടും ശക്തമായി അഭ്യർഥിക്കാനുള്ളത്. ഒരുവിധത്തിലുമുള്ള ഭീകര പ്രവർത്തനത്തെയും തീവ്രവാദ പദ്ധതിയെയും ജനങ്ങളെ ഭിന്നിപ്പിക്കാനോ സമുദായങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്താനോ അനുവദിക്കാൻ പാടില്ല. രാഷ്ട്രമൊന്നടങ്കം ഭിന്നതകൾക്കുപരിയായി ഉയർന്നുനിൽക്കണം; ഒറ്റക്കെട്ടായി ഭീകരതയെ അപലപിക്കണം; നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെയും സഹിഷ്ണുതാബോധത്തെയും ഉയർത്തിപ്പിടിക്കണം. സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മാനുഷിക ദുരന്തങ്ങളെ മുതലെടുക്കാനുള്ള ഏതൊരു നീക്കത്തെയും തിരസ്കരിക്കേണ്ടത് മർമപ്രധാനമായ കാര്യമാണ്.

ഇനിയും ആവർത്തിച്ചുള്ള എന്റെ വർത്തമാനം അധികം നീട്ടുന്നില്ല. ഇത് ശക്തമായി ഇടപെടുന്നതിനുള്ള സമയമാണ്. ഇന്ത്യാ ഗവൺമെന്റും അതിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും, സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാകണം ഇത്തരം ഹീനമായ ഭീകര പ്രവർത്തനങ്ങൾ ആവർത്തിക്കാൻ ഒരിക്കലും ആരെയും അനുവദിക്കില്ലായെന്ന് ഉറപ്പുവരുത്തണം അതിനുള്ള തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിൽ സംഭവിച്ച പാളിച്ചകൾ എന്താണെന്ന് കണ്ടെത്തുകയും വേണം. ഈ പ്രദേശത്ത് നെടുനാളായി നിലനിൽക്കുന്ന സൗഹാർദവും സമാധാനവും സംരക്ഷിക്കുന്നതിന് ജനപിന്തുണ ഉറപ്പുവരുത്താനായി ജമ്മു – കാശ്മീർ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കേണ്ട സമയമാണിത്.
രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ജമ്മു കാശ്മീരിൽ നിന്നുള്ള വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളുണ്ട്; അതിനുപുറമേ ജമ്മു കാശ്മീരിൽ നിന്നുള്ള കച്ചവടക്കാരും വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും പലതരത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റും സംസ്ഥാന സർക്കാരുകളും രാജ്യമാസകലമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സമാധാനാന്തരീക്ഷവും സൗഹൃദവും നിലനിർത്തേണ്ടതിന്റെയും കാശ്മീരികൾ ഒരിടത്തും പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കണം.
കാശ്മീരിലെ യഥാർഥ സാഹചര്യം വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യാത്ത ഒരു വിഭാഗം ദേശീയ മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിക്കുന്നതൊഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണം.
അക്രമ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുമ്പോൾതന്നെ, നിയമവാഴ്ച നിലനിൽക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതുമുണ്ട്. തങ്ങൾ അന്യവൽക്കരിക്കപ്പെടുന്നുവെന്ന് തോന്നുന്ന ജനവിഭാഗങ്ങളുടെ അത്തരം ധാരണ മാറ്റിയെടുക്കുന്നതിന്, അവർക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതിന് സാധ്യമായ സർവ പരിശ്രമങ്ങളും നടത്തണം. ജനങ്ങൾക്കിടയിൽ ഭീതിയും അരക്ഷിതബോധവും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന വിധം സുരക്ഷാസേന വിവേചനരഹിതമായ നടപടികളെ ആശ്രയിക്കുന്നത് ശരിയായ ഫലം നൽകാൻ സഹായകമാവില്ല. അധിക്ഷേപാർഹവും അംഗീകരിക്കാനാവാത്തതുമായ ചില പ്രവർത്തനങ്ങളുമായി മുൻപ് ബന്ധപ്പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെടുന്നവരെയോ ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരോട് മുൻപ് ബന്ധപ്പെട്ടിരുന്നവരെയോ പോലും അകാരണമായി പീഡിപ്പിക്കരുത്; അപലപനീയമായ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന, വഴിതെറ്റിപ്പോയ ആളുകൾക്ക് നേരായ വഴിയിലേക്കു മടങ്ങിവരാൻ ഒരവസരം നൽകേണ്ടതുമാണ്.
ജമ്മു കാശ്മീരിൽ നിന്നുള്ളവർ മാത്രമല്ല, ഇന്ത്യയിലെ പൗരരൊന്നടങ്കം നമ്മുടെ ജനങ്ങളുടെ ഐക്യം സംരക്ഷിക്കുന്നതിനും നമ്മുടെ രാഷ്ട്രത്തിന്റെ മതനിരപേക്ഷ അന്തഃസത്തയ്ക്ക് പോറലേൽക്കാതെ നോക്കുന്നതിനും മുന്നോട്ടുവരേണ്ട സമയമാണിത്. സഹിഷ്ണുതയോടെയുള്ള സാമൂഹികാന്തരീക്ഷവും ജനങ്ങൾക്കിടയിലെ സൗഹാർദ്ദവും നിലനിർത്തുകയും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ തിരസ്കരിക്കുകയും ചെയ്യുന്നതിനൊപ്പം പ്രതിസന്ധിയുടെ ഈ സമയത്ത് ഒത്തൊരുമയോടെ, ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യേണ്ടത് നമ്മുടെയാകെ കൂട്ടായ ഉത്തരവാദിത്തമാണ്. l



