Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിതൊഴിൽ ബന്ധങ്ങൾ 
പൊളിച്ചെഴുതുന്നതിനെതിരായ
 പണിമുടക്ക്

തൊഴിൽ ബന്ധങ്ങൾ 
പൊളിച്ചെഴുതുന്നതിനെതിരായ
 പണിമുടക്ക്

എ ആർ സിന്ധു

2020 –2024  കാലയളവിൽ ഒന്നിലധികം ജോലി ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന 30 ലക്ഷത്തിലധികമാണ്. ഒരു ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ തൊഴിൽ സുരക്ഷിതത്വം വ്യാപകമായി ഇല്ലാതാവുകയും ലഭ്യമായ ജോലികൾ സുരക്ഷിതമല്ലാതാവുകയും അപകടകര (precarious) മാവുകയും ചെയ്യുന്നു എന്നാണ് ഇതിന്റെ അർഥം. പ്രതിസന്ധിയിലകപ്പെട്ട നവലിബറൽ മുതലാളിത്തം അതിന്റെ പ്രതിസന്ധിയെ മറികടക്കുവാനും ലാഭം വർധിപ്പിക്കുവാനുമായി പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളിലേക്ക് കൂടുതൽ അടിച്ചേൽപ്പിക്കുന്ന തരത്തിൽ തൊഴിലിനെയും തൊഴിൽ ബന്ധങ്ങളെയും പുനഃസംഘടിപ്പിക്കുന്നതുമൂലമാണിത്.

സംഘടിത മേഖല പത്തു ശതമാനത്തിൽ താഴെ മാത്രമുള്ള ഇന്ത്യയിലെ തൊഴിൽ മേഖലയിലെ സ്ഥിതി നവലിബറലിസത്തിനു കീഴിൽ അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. മോദി ഭരണത്തിൽ കഴിഞ്ഞ ദശകത്തിൽ വിവിധ നയങ്ങൾ വഴി സംഘടിത – അസംഘടിത തൊഴിൽ മേഖലകളിൽ തൊഴിൽ പുനഃസംഘാടനത്തിലൂടെ അനൗപചാരികവത്കരണം (informalisation) അതി തീവ്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

കരാർവത്കരണം: ഇന്ത്യയിൽ നിലവിലെ ആകെ തൊഴിൽ സേനയിൽ ( ഏകദേശം 47.1 കോടി) കരാർ തൊഴിലാളികളുടെ പങ്ക് 1997–-98 ൽ 16% ആയിരുന്നെങ്കിൽ 2017-–18 ൽ ഇത് 36.4% ആയി ഉയർന്നു. 2019-–20 ലെ വാർഷിക വ്യവസായ സർവേയിൽ കരാർ തൊഴിലാളികളുടെ എണ്ണം മൊത്തം ഫാക്ടറി തൊഴിലാളികളുടെ 38% ആയി വർദ്ധിച്ചതായി കാണിക്കുന്നു. ഇത് യാഥാർഥ്യത്തെ വളരെ ലഘൂകരിച്ച് കാണലാണ്. വാസ്തവത്തിൽ, പൊതുമേഖലാ യൂണിറ്റുകളിൽ പോലും സ്ഥിരം തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കരാർ തൊഴിലാളികൾ.

പോസ്റ്റൽ വകുപ്പ് പോലെയുള്ള കേന്ദ്ര സർക്കാർ വകുപ്പുകളിൽ യഥാർത്ഥ ജോലിയുടെ 80% വും കാഷ്വൽ / കരാർ തൊഴിലാളികളാണ് ചെയ്യുന്നത്. 2020-–21 ലെ പബ്ലിക് എന്റർപ്രൈസസ് സർവേ പ്രകാരം, 2021 മാർച്ച് അവസാനം IOCL (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ) ൽ ആകെ 80,083 കരാർ തൊഴിലാളികളുണ്ടായിരുന്നു, ഇത് അവരുടെ മൊത്തം ശക്തിയുടെ 71.66% ആയിരുന്നു. BPCL (ഭാരത് പെട്രോളിയം) അവരുടെ മൊത്തം ശക്തിയുടെ 72% കരാർ ജീവനക്കാരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. NTPC യിലെ കണക്കുകൾ കൂടുതൽ ഞെട്ടിക്കുന്നതാണ്. എക്സിക്യൂട്ടീവുകളും സൂപ്പർവൈസർമാരും – 11,141, സ്ഥിരം തൊഴിലാളികൾ – 5,675, കരാർ തൊഴിലാളികൾ – 50,000! കേന്ദ്ര സർക്കാരിനുശേഷം നമ്മുടെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിൽ കരാർ, ഔട്ട് സോഴ്സ് തുടങ്ങി വിവിധ തരത്തിൽ വ്യാപകമായ കരാർ വത്കരണം നടന്നു കഴിഞ്ഞു. സ്വകാര്യമേഖലയിലെ കാര്യം പറയേണ്ടതില്ലല്ലോ. സ്ഥിര സ്വഭാവമുള്ള ജോലിയിൽ താത്കാലിക – കരാർ തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തുകയാണ് ഇന്ത്യൻ മുതലാളി വർഗം.

20 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ കരാർ തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ നിയന്ത്രിക്കുന്നതിനായി 1970-ലെ കരാർ തൊഴിൽ (നിയന്ത്രണവും നിർത്തലാക്കലും) നിയമം നടപ്പിലാക്കി. അതുപ്രകാരം തൊഴിലുടമകൾ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളുടെ എണ്ണവും അവർ ചെയ്യുന്ന ജോലിയുടെ സ്വഭാവവും പ്രഖ്യാപിക്കേണ്ടതുണ്ട്. കരാർ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാരും സ്റ്റാഫിംഗ് കമ്പനികളും രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ അവർ സർക്കാരിൽനിന്ന് ലൈസൻസ് നേടിയിരിക്കണം. ക്ഷേമ സൗകര്യങ്ങൾ (മിനിമം വേതനം, ആരോഗ്യം, സുരക്ഷ, പെൻഷൻ) നിർബന്ധമാക്കുന്നതിലൂടെ കരാർ തൊഴിലാളികളെ ഈ നിയമം സംരക്ഷിക്കുന്നു. പുതിയ ലേബർ കോഡ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആ സ്ഥാപനത്തിലെ ജീവനക്കാരുടെ പരിധി 50 ആയി ഉയർത്തിയതോടെ 70 ശതമാനം സ്ഥാപനങ്ങളിലും ഈ സംരക്ഷണം ഇല്ലാതായി.

ട്രെയിനി/അപ്രന്റീസ്
തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കാനും തൊഴിലില്ലായ്മയെ മുതലെടുത്ത് ഏറ്റവും ക്രൂരമായ കൂലി അടിമത്തം നടപ്പാക്കാനും മോദി സർക്കാർ തെരഞ്ഞെടുത്ത പുതിയ വഴിയാണ് നൈപുണ്യ വർദ്ധന എന്ന പേരിലുള്ള വ്യാപകമായ ട്രെയിനി/അപ്രന്റീസ് നിയമനം.

“നിർവചിക്കപ്പെട്ട ജോലി സമയം’, “നിയമപരമായ നിലവാരത്തിൽ കുറയാത്ത നിർവചിക്കപ്പെട്ട വേതനം’, “നിർവചിക്കപ്പെട്ട സാമൂഹിക സുരക്ഷ’ എന്നീ അടിസ്ഥാന വ്യവസ്ഥകളോടെയുള്ള “സ്ഥിരം തൊഴിലാളികൾ’ എന്ന ആശയം ക്രമേണ ഇല്ലാതാക്കാനായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളാണ് – ‘ഓൺ ജോബ് ട്രെയിനികൾ (OJT-കൾ)’, ‘ലോംഗ് ടേം ട്രെയിനി എംപ്ലോയീസ് (LTTE-കൾ)’, ‘ലേൺ വൈൽ യു ഏൺ’, ‘ജൂനിയർ എക്സിക്യൂട്ടീവുകൾ’, ‘ഫിക്സഡ് ടേം എംപ്ലോയീസ് (FTE-കൾ)’ അല്ലെങ്കിൽ ‘NEEM'(National Employability Enhancement Scheme), ‘NETAP’ ( National Employability through Apprenticeship Program ), SITA സ്കീം ട്രെയിനികൾ’ തുടങ്ങിയവ. ട്രേഡ് യൂണിയൻ അവകാശങ്ങളൊന്നുമില്ലാത്ത ഇന്റേണുകൾ അല്ലെങ്കിൽ ട്രെയിനികളെ കൂടുതൽ ജോലിക്ക് വയ്ക്കാനും മൂന്നു വർഷത്തിലധികം പണിയെടുപ്പിക്കാനുമായി നിയമ ഭേദഗതി വരുത്തിക്കഴിഞ്ഞു.

പല വ്യവസായങ്ങളിലും ഇന്ന് സ്ഥിരം തൊഴിലാളികൾ 10 ശതമാനത്തിലും കുറവാണ്. ഫാക്ടറികളിൽ ആയിരക്കണക്കിന് ട്രെയിനികളെ മുഴുവൻ ഉൽപാദന പ്രക്രിയയിലും വിന്യസിച്ചിട്ടുണ്ട്. പലപ്പോഴും, കരാർ തൊഴിലാളികളേക്കാൾ നേരിയ തോതിൽ കൂടുതൽ പ്രതിഫലം ട്രെയിനികൾക്ക് ലഭിക്കുന്നതായി കാണുന്നു. ഇത് സൂചിപ്പിക്കുന്നത് മാനേജ്മെന്റ് കരാർ വിഭാഗത്തിലേക്ക് അവരെ നിയമിക്കുന്നതിനുപകരം യാതൊരുവിധ അവകാശങ്ങളുമില്ലാത്ത ട്രെയിനി തസ്തികയിൽ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനും ആകർഷിക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയാണിത്.

സ്വകാര്യമുതലാളിമാരുടെ മുഴുവൻ ഉദ്പാദനച്ചെലവും സർക്കാർ ഏറ്റെടുക്കുക എന്ന ലജ്ജാവഹമായ നയം ട്രെയിനി/അപ്രന്റീസുകളുടെ പ്രതിഫലം സർക്കാർ വഹിക്കുന്ന വിവിധ പദ്ധതികളാണ് ഏറ്റവും പുതിയ കണ്ടുപിടുത്തം. പിഎം ഇന്റേൺഷിപ് യോജന എന്ന പദ്ധതി ഇത്തരത്തിൽ 16 വയസ്സു മുതൽ ചെറുപ്പക്കാരെ കൂലി അടിമകളാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ദേശീയ വിദ്യാഭ്യാസ നയം ഇതിന് പൂരകമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

ഫിക്സഡ് ടേം തൊഴിൽ
1946 ലെ വ്യാവസായിക തൊഴിൽ (സ്റ്റാൻഡിംഗ് ഓർഡർ) നിയമപ്രകാരമുള്ള കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് 2018 മാർച്ചിൽ ഫിക്സഡ് ടേം തൊഴിൽ ഔപചാരികമായി നിലവിൽ വന്നു. ഇത് എല്ലാത്തരം വ്യവസായങ്ങൾക്കും ഫിക്സഡ് ടേം(ഹ്രസ്വകാല) തൊഴിലാളികളെ നിയമിക്കാൻ അനുവദിച്ചു. സൈന്യത്തിലടക്കം കൊണ്ടുവന്ന അഗ്നിവീർ പദ്ധതി ഇതിനുദാഹരണമാണ്. ഇപ്പോൾ, ലേബർ കോഡുകൾ ഈ പുത്തൻ കൂലി അടിമത്ത വ്യവസ്ഥയെ നിയമവിധേയമാക്കിയിരിക്കുന്നു.
അതായത് തൊഴിലാളികളെ തോന്നും പോലെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഇനിമേൽ നിയമപരമായ അധികാരം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും.

സ്കീം വർക്കേഴ്സ്
അവശ്യ സേവന സ്കീമുകൾവഴി സ്കീം തൊഴിലാളികളും അവശ്യ സേവന മേഖലയിൽ കരാർ വത്കരണത്തിന്റെ പുതിയ രീതി സൃഷ്ടിച്ചു കൊണ്ട് ചൂഷണത്തിന് പുതിയ മാനം തീർത്തിരിക്കുന്നു മോദി സർക്കാർ. പോഷണം, ആരോഗ്യം, വിദ്യാഭ്യാസം, ശിശുപരിചരണം എന്നിങ്ങനെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായുള്ള സ്ഥാപനങ്ങളേയും സർക്കാർ വിഭാഗങ്ങളേയും സ്കീമുകളായി ചുരുക്കുകയും അവയിലെ ഏറ്റവും നിർണായക ഘടകമായ അദ്ധ്വാനത്തെ നിരാകരിച്ചുകൊണ്ട് അതിനെ ‘സന്നദ്ധപ്രവർത്തനം’ എന്നു പേരിട്ടുകൊണ്ടു മിനിമം കൂലി, മറ്റ് ആനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ , പെൻഷൻ അടക്കമുള്ള സാമൂഹ്യ സുരക്ഷാ സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ അവകാശങ്ങളും ഏതാണ്ട് ഒരു കോടിയോളം വരുന്ന അങ്കണവാടി, ആശ, പാചക തൊഴിലാളികൾ, എൻഎച്ച്എം ജീവനക്കാർ അടക്കമുള്ള തൊഴിലാളികൾക്ക് വർഷങ്ങളായി നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. വിവിധ പാർലമെന്ററി കമ്മിറ്റി കൾ, കോടതികൾ , ഇന്ത്യൻ ലേബർ കോൺഫറൻസ് തുടങ്ങിയവയുടെയെല്ലാം നിർദേശങ്ങൾ കാറ്റിൽ പറത്തുകയാണ് സർക്കാർ. ശ്രദ്ധേയമായ കാര്യം ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതാണ്. സ്ത്രീകളുടെ കൂലിയില്ലാത്ത അധ്വാനത്തിന്റെ സാമൂഹിക ചൂഷണത്തെ ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതികളിലൂടെ ചൂഷണം തുടരുന്നത്. ഇവരെ തൊഴിൽ നിയമ പരിധിയിൽ കൊണ്ടുവരുന്നതിനും അവകാശങ്ങൾ നേടുന്നതിനുമുള്ള പോരാട്ടം ട്രേഡ് യൂണിയനുകളെത്തന്നെ ശക്തിപ്പെടുത്തിയിരിക്കുന്നു.

സ്വയം തൊഴിൽ: തൊഴിലുടമ – തൊഴിലാളി ബന്ധത്തെത്തന്നെ അദൃശ്യമാക്കുകയും അതുവഴി ചൂഷണത്തിനെതിരായി സംഘടിക്കുന്നതിനെയടക്കം തടയുകയും ചെയ്യുന്ന രൂപത്തിലാണ് ഇന്ത്യയിൽ അസംഘടിത മേഖലയിലെ തൊഴിൽ ബന്ധങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ചുകൊണ്ട് കോർപ്പറേറ്റുകൾ പുനഃസംഘടിപ്പിക്കുന്നത്. സ്വയം തൊഴിൽ ഇവയിലൊന്നാണ്.

ഇന്ത്യയുടെ പശ്ചാത്തലത്തിൽ, സ്വയം തൊഴിൽ ചെയ്യുന്നവർ കൂടുതലും മെച്ചപ്പെട്ട സംരംഭകരല്ല, മറിച്ച് അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്ന വേഷംമാറിയ കൂലിത്തൊഴിലാളികളാണ്. ചെറുകിട സംരംഭങ്ങളെയും കരാർ വ്യവസ്ഥയിലുള്ള തൊഴിലാളികളെയും ഉപയോഗിച്ച് വലിയ സ്ഥാപനങ്ങൾ മൂലധനം സമാഹരിക്കുന്ന ഒരു ഔട്ട്‌സോഴ്‌സിംഗ് സംവിധാനമായി ചെറുകിട ചരക്ക് ഉൽപ്പാദനം ഇന്ന് മാറിയിരിക്കുന്നു. പലപ്പോഴും ചെറുകിട സ്വയം തൊഴിൽ ഏതെങ്കിലും വൻകിട കോർപ്പറേറ്റ് കമ്പനിയുടെ മൂല്യ ശൃംഖലയുടെ കണ്ണിയായിരിക്കും. ഹോം ബേസ്ഡ് വർക്കിന്റെ വകഭേദങ്ങളാണ് പലപ്പോഴും ഇവ. ഇന്ത്യയിലെ തൊഴിൽ സേനയിൽ വലിയൊരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീകൾ, കൂലിയില്ലാത്ത കുടുംബതൊഴിൽ സഹായി (unpaid family helper) എന്ന ഗണത്തിലാണുള്ളത്. യാതൊരു തൊഴിൽ സുരക്ഷയും ഇല്ലാത്ത വിഭാഗമാണ് ഇവര്.

ഗിഗ് വർക്കേഴ്സ് /പ്ലാറ്റ്ഫോം വർക്കേഴ്സ്: ഇതിന്റെ ഒരു വകഭേദമാണ് വളരെ വേഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഗിഗ് വർക്കേഴ്സ് /പ്ലാറ്റ്ഫോം വർക്കേഴ്സ്. താത്കാലിക സേവനത്തിനായി തൊഴിലാളികളുടെ തൊഴിൽ ശക്തി (സമയ-നിരക്ക്, പീസ്-നിരക്ക് രണ്ടും) ഹ്രസ്വകാലത്തേക്ക് ലഭ്യമാക്കുമ്പോൾ അവയെ സേവനത്തിനുള്ള കമ്മീഷൻ, സ്വയം തൊഴിൽ, “പങ്കാളി’ എന്നിങ്ങനെ വിവധ പേരുകളിൽ തൊഴിൽ ബന്ധത്തെ അദൃശ്യമാക്കി നിലനിർത്തുകയാണിവിടെ. സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിലൂടെ ഉണ്ടായ സാങ്കേതികവിദ്യയിലെ പുരോഗതി വൻകിട കുത്തക കമ്പനികൾ തൊഴിൽ ചൂഷണത്തിനായി ഉപയോഗിക്കുകയാണിവിടെ. ഓല, ഉൗബെർ പോലുള്ള ഗതാഗത പ്ലാറ്റ്ഫോമുകൾ തൊഴിൽ ബന്ധങ്ങളെ നിഷേധിക്കുകയാണ്. ഹോം ഡെലിവെറി പ്ലാറ്റ്ഫോമുകളും അതിഭീകര ചൂഷണമാണ്, ‘പാർട്ട്ണർ’ എന്ന പേരിൽ തൊഴിലാളികളോട് ചെയ്യുന്നത്. എല്ലാത്തരം സേവനങ്ങളിലും – വീട്ടുജോലിയടക്കം അർബൻ കമ്പനി പോലുള്ള വൻകിട കമ്പനികൾ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെ അവസാന തരിയും ഊറ്റിയെടുക്കാൻ ഉപയോഗിക്കുകയാണ്. വിവിധ സർക്കാരുകൾ ഗിഗ് വർക്കർ മാർക്കായി ചില സാമൂഹ്യസുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവരെ തൊഴിലാളികളായി അംഗീകരിക്കാൻ തയാറല്ല.

നിർമിത ബുദ്ധി (AI): ഓട്ടോമേഷൻ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകൾ തൊഴിലാളിയുടെ ജോലിസമയം കുറയ്ക്കാനും ജീവിത നിലവാരം കൂട്ടാനും ഉപയോഗിക്കുന്നതിന് പകരം തൊഴിലില്ലായ്മയ്-ക്കും മനുഷ്യത്വരഹിതമായ ചൂഷണത്തിനും ആക്കം കൂട്ടുന്നതിനാണ് മുതലാളിത്ത വ്യവസ്ഥ ഇടയാക്കുന്നത്.

ലാഭം പരമാവധിയാക്കുന്നതിനായി നിർമിതബുദ്ധി- (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഉൽപ്പാദനക്ഷമതയെ പുതിയ അളവിൽ വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് AI. എന്നാൽ ഗോൾഡ്മാൻ സാച്ചസിലെ സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത് AI സാങ്കേതികവിദ്യ തൊഴിൽ വിപണിയിൽ ഏതാണ്ട് 30 കോടി മുഴുവൻ സമയ തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുമെന്നാണ്. ലോകമെമ്പാടുമുള്ള ഏകദേശം 40% ജോലികളെയും വികസിത സമ്പദ്‌വ്യവസ്ഥകളിലെ 60% ജോലികളെയും AI ബാധിക്കുമെന്നും അസമത്വം കൂടുതൽ വഷളാക്കുമെന്നുമാണ് IMF വിലയിരുത്തൽ.

നിർമ്മാണത്തിലും സേവനത്തിലും റോബോട്ടിക്‌സിന്റെ വൻതോതിലുള്ള ഉപയോഗത്തോടെ തൊഴിൽ സാഹചര്യം കൂടുതൽ വഷളാകാൻ പോകുന്നു. മാനേജ്‌മെന്റിന്റെ പ്രവർത്തനങ്ങളിലെ AI ഉപയോഗം തൊഴിലാളികളുടെ വിലപേശൽ ശേഷിയെ കൂടി ബാധിക്കും. ഇത് തൊഴിൽ ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ അസമത്വം, വേതനത്തിൽ താഴേക്കുള്ള സമ്മർദ്ദം എന്നിവയും ജോലിഭാരവും വർദ്ധിക്കുമെന്നു തീർച്ച.

ഈ മാറ്റങ്ങളുടെയെല്ലാം ഫലമായി ഇന്ത്യയിൽ മൊത്തം മൂല്യവർദ്ധനവിൽ (net value added ) വേതനത്തിന്റെ പങ്ക് 2020-ൽ 18.9 ശതമാനത്തിൽ നിന്ന് 2023-ൽ 15.9 ശതമാനമായി കുറഞ്ഞു. അതേ കാലയളവിൽ ലാഭത്തിന്റെ പങ്ക് മൊത്തം മൂല്യവർദ്ധനവിന്റെ 38.7 ശതമാനത്തിൽ നിന്ന് 51.9 ശതമാനമായി ഉയർന്നു. പ്രതിസന്ധിയിൽപോലും ലാഭം കുന്നുകൂട്ടുവാനായി എല്ലാ നിയന്ത്രണങ്ങളിൽ നിന്നും സംരക്ഷണത്തിൽ നിന്നും തൊഴിൽ സേനയെ പുറത്താക്കി യാതൊരു അവകാശവുമില്ലാതാക്കി യൂണിയൻ രഹിതമായ ഒരു തൊഴിലിടം സ്ഥാപിക്കുക എന്നതാണ് ഭരണവർഗത്തിന്റെ ലക്ഷ്യം. തൊഴിൽ ചെലവ് കുറയ്ക്കുക മാത്രമല്ല, അതിനേക്കാൾ പ്രധാനമായി തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്ന ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാൻ അവരുടെ മേൽ പുത്തൻ കൂലിയടിമ വ്യവസ്ഥ അടിച്ചേൽപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലേബർ കോഡുകൾ ഈ പ്രക്രിയയെ സുഗമമാക്കുന്നു.

നാളിതുവരെ ഇന്ത്യൻ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങൾ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ നിലനിൽപ്പ് അപകടത്തിലാക്കുന്ന തരത്തിലാണ് തൊഴിൽ ബന്ധങ്ങളിലെ പൊളിച്ചെഴുത്തും അതിനു നിയമ പ്രാബല്യം നേടാനുള്ള ലേബർ കോഡുകളും. ഇവയെ ചെറുത്തുതോല്പിക്കാൻ മെയ് 20 ന്റെ പണിമുടക്ക്- ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കാവേണ്ടതുണ്ട്. ഇതിനായി പ്രതിജ്ഞാബദ്ധമായ വിപ്ലവ തൊഴിലാളി പ്രസ്ഥാനത്തിനു പിന്നിൽ അണിനിരക്കേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular