Saturday, January 17, 2026

ad

Homeകവര്‍സ്റ്റോറിമെയ് 20 ദേശീയ പൊതുപണിമുടക്ക്
വിജയിപ്പിക്കുക

മെയ് 20 ദേശീയ പൊതുപണിമുടക്ക്
വിജയിപ്പിക്കുക

എളമരം കരീം

മോദി സർക്കാരിന്റെ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെ, 2025 മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടക്കുകയാണ്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് –ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നൽകിയിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പാക്കി വരുന്ന തൊഴിലാളി –കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ പണിമുടക്ക്. സാർവദേശീയ –ദേശീയ കുത്തകകളുടെയും സാമ്രാജ്യത്വശക്തികളുടെയും തിട്ടൂരങ്ങൾക്ക് വഴങ്ങി, രാജ്യതാൽപ്പര്യങ്ങൾ തകർക്കുന്ന എൻഡിഎ സർക്കാരിനെതിരെ, ജനങ്ങളിൽ വലിയ അമർഷം ഉയർന്നുവരുന്നുണ്ട്. തൊഴിലാളികളും കർഷകരും രാജ്യത്തിന്റെ പല ഭാഗത്തും സമരങ്ങൾ നടത്തി വരികയാണ്. ജനങ്ങളുടെ താല്പര്യങ്ങൾ ബലികഴിച്ച്, കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി മുന്നോട്ടു പോകുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ചരിത്ര വിജയമാക്കാൻ, രാജ്യസ്നേഹികളായ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം.

മൂന്നാമതും അധികാരത്തിൽ വന്നശേഷം, മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ, ജനങ്ങളുടെ ജീവിതം തകർക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. കോർപ്പറേറ്റ് തിട്ടൂരങ്ങൾക്ക് വഴങ്ങിയാണ്, കേന്ദ്രസർക്കാർ മുന്നോട്ട് പോവുന്നത്. ഈ നയങ്ങൾ ജനങ്ങളുടെ ജീവിതം തകർക്കുകയാണ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴിലിന്റെ ഗുണമേന്മ തകർക്കൽ തുടങ്ങിയ നയങ്ങൾ, അധ്വാനിക്കുന്ന ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു. അതേസമയം, വൻകിട കുത്തകകളുടെ ലാഭം കുതിച്ചുയരുന്നു. സർക്കാരിന്റെ സാമ്പത്തിക സർവ്വേക്ക് പോലും, ചില സത്യങ്ങൾ മറച്ചുവെക്കാനായിട്ടില്ല–അനൗപചാരിക മേഖലയിലെ തൊഴി ലാളികളുടെ വേതന നിരക്ക് 2023 –24 ൽ 2017–18 ലെ നിരക്കിനേക്കാൾ കുറഞ്ഞു എന്നാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട് പറയുന്നത്. അതേസമയം തൊഴിൽ വർദ്ധനവ് കേവലം 1ഃ5 മാത്രമാണ്. ഇത് ജനസംഖ്യാ വർദ്ധനവിന്റെ തോതിനേക്കാൾ കുറഞ്ഞതാണ്. പുരുഷ താൽക്കാലിക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസവേതനം 203 രൂപ മുതൽ 242 രൂപ വരെയാണ്; അതേസമയം സ്ത്രീ തൊഴിലാളികളുടെ ദിവസക്കൂലി 128 രൂപയ്ക്കും 159 രൂപയ്ക്കും ഇടയിലാണ്. ഈ അവസ്ഥയിലും കോർപ്പറേറ്റുകളുടെ ലാഭം 22.3 ശതമാനം ഉയർന്നു.

രാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണ്. രാജ്യ സമ്പത്തിന്റെ 70 ശതമാനം കെെക്കലാക്കിയത്, ജനസംഖ്യയുടെ മുകൾ തട്ടിലുള്ള 5 ശതമാനം പേരാണ്. ജനസംഖ്യയുടെ താഴെ തലത്തിലുള്ള ജനങ്ങൾക്ക് 50 ശതമാനം, രാജ്യത്തെ സമ്പത്തിന്റെ 3 ശതമാനമാണ് ലഭിച്ചത്-– എന്തൊരസമത്വം ! ഇന്ത്യയിലെ അതിസമ്പന്നർ, യൂറോപ്പിലെ ശതകോടീശ്വരരേക്കാൾ സമ്പന്നരാണ്. അതേസമയം, ഇന്ത്യയിലെ അതിദരിദ്രർ, ആഫ്രിക്കൻ രാജ്യമായ ‘മെഡഗാസ്കറി’ലേതിനേക്കാൾ ദരിദ്രരാണ്. മോദി സർക്കാരിന്റെ 10 വർഷക്കാലത്ത്, ദാരിദ്രം 17 ശതമാനം വർദ്ധിച്ചു. ഇന്ത്യയിലെ ദരിദ്രകുടുംബങ്ങളുടെ 90 ശതമാനം, 2018ലെ ദാരിദ്ര്യം സംബന്ധിച്ച് അന്തർദേശീയതലത്തിൽ കണക്കാക്കിയ നിലവാരത്തേക്കാൾ താഴ്ന്ന നിലവാരത്തിലാണ്. ഇതാണ് മോദിയുടെ ‘വികസിത് ഭാരത്’!

മൂന്നാമതും അധികാരത്തിൽവന്നശേഷം, മോദി സർക്കാർ ‘‘ലേബർ കോഡുകൾ’’ നടപ്പാക്കാൻ ധൃതിയിൽ കരുക്കൾ നീക്കുകയാണ്. തൊഴിലെടുക്കുന്ന ജനതയെ അടിമത്ത സമാനമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് ലേബർ കോഡുകൾ– തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും തകർക്കുന്നതാണ് ലേബർ കോഡുകളിലെ വ്യവസ്ഥകൾ. തൊഴിൽ സമയം, മിനിമം വേതനം, സാമൂഹ്യസുരക്ഷ തുടങ്ങിയ എല്ലാ തത്വങ്ങളും ലേബർ കോഡുകൾ നിഷേധിക്കുന്നു. സംഘടിക്കാനും യൂണിയൻ രൂപീകരിക്കാനുമുള്ള അവകാശം, കൂട്ടായി വിലപേശാനുള്ള അവകാശം, പ്രതിഷേധിക്കാനും സമരം നടത്താനുമുള്ള അവകാശം എന്നിവയെല്ലാം ലേബർ കോഡുകൾ നിഷേധിക്കുന്നു: അധ്വാനിക്കുന്നവർക്ക് കൂട്ടായി പ്രതിഷേധിക്കാൻ ഒരവകാശവും ഇല്ലാതാക്കുന്നു. ചുരുക്കത്തിൽ, ലേബർ കോഡുകൾ, തൊഴിൽ മേഖലയിൽ അടിമസമാനമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇതെല്ലാം മൂലധന ശക്തികളുടെ ലാഭ താൽപ്പര്യം സംരക്ഷിക്കാനാണ്.

ലേബർ കോഡുകൾ വഴി തൊഴിലാളികളുടെ മൗലികമായ എല്ലാ അവകാശങ്ങളും തകർക്കുന്നതോടൊപ്പം പാർലമെന്റ് പാസ്സാക്കിയ യുഎപിഎ, പിഎംഎൽഎ, ഭാരതീയ ന്യായ സംഹിത തുടങ്ങിയ കരിനിയമങ്ങൾ വഴി, അധ്വാനിക്കുന്ന ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും കവർന്നെടുക്കുന്നു. ഫാസിസ്റ്റ് രൂപത്തിലുള്ള ആക്രമണമാണ്, തൊഴിലാളിവർഗത്തിനു നേരെ ഭരണകൂടം അഴിച്ചുവിടുന്നത്. കോർപ്പറേറ്റുകൾക്കെതിരെ ഉയരുന്ന എല്ലാ വിധ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും പണിമുടക്ക് ഉൾപ്പെടെയുള്ള സമര മാർഗങ്ങളെയും തടയലാണ് സർക്കാരിന്റെ ലക്ഷ്യം. ‘ഭാരതീയ ന്യായ സംഹിത’ യുടെ 111–ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്, തൊഴിലാളികൾ കൂട്ടായി ഒപ്പുകൾ ശേഖരിച്ച് പരാതി നൽകുന്നതുപോലും ക്രിമിനൽ കുറ്റമാണെന്നാണ്. ഈ കുറ്റത്തിന്, പ്രതികളാകുന്നവർക്ക് ജാമ്യം നിഷേധിക്കാം. തൊഴിലാളികളെയും യൂണിയൻ നേതാക്കളെയും ജയിലിലടയ്ക്കാം. ഇത്തരത്തിൽ കേസെടുക്കുന്ന അനുഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്നുണ്ട്– വ്യവസായശാലകൾക്കും സർക്കാർ ഓഫീസുകൾക്കും മുമ്പിൽ പ്രതിഷേധിക്കുന്നതും പ്രകടനം നടത്തുന്നതും കുറ്റകരമാക്കിയിരിക്കുന്നു. ഇത്തരം പ്രതിഷേധ രൂപങ്ങളെ നിരോധിക്കാനും, നിയമം സർക്കാരുകൾക്ക് അധികാരം നൽകുന്നു. ലഘുലേഖ വിതരണം ചെയ്യുന്നതും, തൊഴിലാളികളുടെ ഒപ്പ് ശേഖരിച്ച് മെമ്മോറാണ്ടം നൽകുന്നതും കുറ്റകരമാക്കിയിരിക്കുകയാണ്; തൊഴിൽഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്ക് മൗനം ദീക്ഷിക്കാൻ സാധ്യമല്ല. യോജിച്ച സമരങ്ങളിലൂടെ ലേബർ കോഡുകൾ നടപ്പാക്കുന്നത് തടയാനാകണം. ഇതൊരു ജീവന്മരണ പോരാട്ടമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം!

അധ്വാനിക്കുന്ന വർഗം, സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തിറങ്ങുന്നുണ്ട്. തമിഴ്നാട്ടിൽ, സാംസങ് കമ്പനിയിലെ തൊഴിലാളികൾ രൂപീകരിച്ച ട്രേഡ് യൂണിയന് അംഗീകാരം നിഷേധിച്ചപ്പോൾ തൊഴിലാളികൾ പണിമുടക്ക് സമരം നടത്തി. സമരം തകർക്കാൻ സർക്കാർ അധികൃതർ പതിനെട്ടടവും പയറ്റി. പക്ഷേ തൊഴിലാളികളുടെ ഐക്യം തകർക്കാനോ, സമരം പൊളിക്കാനോ സാധിച്ചില്ല. ഒടുവിൽ ട്രേഡ് യൂണിയന് അംഗീകാരം നൽകാൻ സർക്കാർ നിർബന്ധിതമായി. ഇത്തരം ഐക്യസമരങ്ങൾ ഉയർന്നുവരുന്നത് തടയാൻ, ഉപയോഗിക്കുന്ന ആയുധമാണ് വർഗീയത. മത–ജാതി ഭിന്നതകൾ ഉപയോഗപ്പെടുത്തി തൊഴിലാളികളെ ഭിന്നിപ്പിക്കാൻ മുതലാളിവർഗവും, അവരുടെ ജിഹ്വകളും ശ്രമിക്കുന്നു. ബിജെപി സർക്കാർ അതിന് കൂട്ടുനിൽക്കുന്നു. അടുത്ത കാലത്ത് പാർലമെന്റിൽവന്ന ‘‘വഖഫ് നിയമഭേദഗതി’’ ബില്ലിന്റെ ലക്ഷ്യം, സാമുദായിക ഭിന്നത വളർത്തലാണ്. ഇത്തരം സാഹചര്യങ്ങൾക്കെതിരെയും തൊഴിലാളികൾ ജാഗാരൂകരാവണം. ‘‘ഒരു രാജ്യം–ഒരു തിരഞ്ഞെടുപ്പ്’’ പോലുള്ള പ്രശ്നങ്ങൾ ഉയർത്തുന്നതും, ദേശീയ ഐക്യം തകർക്കുക ലക്ഷ്യം വച്ചാണ്.

‘‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്’’ എന്ന നയം ലക്ഷ്യം വച്ച്, തൊഴിലുടമകൾ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതിനെതിരായ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്. ‘‘ജനവിശ്വാസ് ആക്ട്’’ കോർപ്പറേറ്റുകളെ സഹായിക്കാൻ കൊണ്ടുവന്നതാണ്. ബോയ്-ലേഴ്സ് ആക്ട്, ടീ ആക്ട് തുടങ്ങിയ നിയമങ്ങളിൽ, കുറ്റകരമായി നിർവചിച്ച വകുപ്പുകൾ ഒഴിവാക്കി. തൊഴിൽ നിയമലംഘന കുറ്റങ്ങളാണിവ. തൊഴിലുടമകളെ 180 കുറ്റങ്ങളിൽ നിന്നൊഴിവാക്കി. തൊഴിൽ നിയമങ്ങൾ ഒന്നും നടപ്പാക്കുന്നില്ലെങ്കിലും, ഒരു തൊഴിലുടമയും ഭയപ്പെടേണ്ടതില്ല. ഇന്ത്യൻ തൊഴിലാളികളുടെ പരമദയനീയമായ അവസ്ഥയാണ് ഇത്. കുറ്റകൃത്യങ്ങളിലെല്ലാം ജയിൽശിക്ഷ ഒഴിവാക്കി മുതലാളിമാർ, ചെറിയ തുക പിഴയടച്ചാൽ മതി. നിയമം ലംഘിച്ചുണ്ടാക്കുന്ന ലാഭത്തിന്റെ ചെറിയൊരംശം മുതലാളിമാർ പിഴയടച്ചാൽ മതിയാവും. ലേബർ കോഡുകൾ നടപ്പാക്കുന്നതിനു മുമ്പ് തന്നെ, ‘‘ശ്രം സമാധാൻ’’, ‘‘ശ്രം സുവിധ’’ എന്നീ പോർട്ടലുകൾ വഴി, വ്യവസായ–വാണിജ്യ സ്ഥാപനങ്ങളിലെ ലേബർ ഡിപ്പാർട്ട്മെന്റിന്റെ പരിശോധനകൾ ഒഴിവാക്കി. ഒരു കുറ്റകൃത്യവും കണ്ടുപിടിക്കാനും തടയാനും കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യൻ തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ ഇതാണ്.

ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിന്റെ വലിയ പങ്ക് ഉപയോഗിച്ച്, വൻകിട വ്യവസായങ്ങൾക്ക് പല വിധ സൗജന്യങ്ങൾ നൽകുകയാണ് കേന്ദ്ര സർക്കാർ. ‘‘പ്രൊഡക്ഷൻ ഇൻസന്റീവ്’’, ‘‘കേപൽസ് ഇൻസന്റീവ്’’, ‘‘എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസന്റീവ്’’ എന്നീ പേരുകളിലാണ്, കമ്പനി ഉടമകൾക്ക് ‘‘പ്രോത്സാഹനം’’ നൽകുന്നത്. ഉൽപ്പാദന മേഖലയിലെ 14 വൻകിട കമ്പനികൾക്ക് ‘‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ്’’ വക 1.97 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ നൽകിയത്. ‘സെമി കണ്ടക്ടർ’ ഉൽപ്പാദന വ്യവസായങ്ങൾക്ക് 76,000 കോടി രൂപ, ഇൻസന്റീവ് നൽകി: ‘‘എംപ്ലോയ്-മെന്റ് ലിങ്ക്ഡ് ഇൻസന്റീവ് ആയി, നൽകുന്നത് 2 ലക്ഷം കോടി രൂപയാണ്. ഇതൊക്കെയായിട്ടും, സ്വകാര്യമേഖലയിൽ കാര്യമായ തൊഴിൽ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഉൽപ്പാദനത്തിലും കാര്യമായ വർധനവുണ്ടായിട്ടില്ല. പുതിയ നിക്ഷേപവും പറയത്തക്കതായി വന്നിട്ടില്ല.

മൂലധനശക്തികളെ ഇങ്ങനെയെല്ലാം കയ്യയച്ച് സഹായിക്കുന്ന മോദി സർക്കാർ പാവപ്പെട്ടവരെ സഹായിക്കാൻ ലക്ഷ്യം വച്ച തൊഴിലുറപ്പ് പദ്ധതി, പൊതു ആരോഗ്യമേഖല, വിദ്യാഭ്യാസമേഖല, ക്ഷേമപദ്ധതികൾ എന്നിവകളിലെല്ലാം, ബജറ്റ് നീക്കിയിരിപ്പിൽ ഗണ്യമായ കുറവുവരുത്തി.

ഐതിഹാസികമായ കർഷകസമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷികനിയമങ്ങളിലെ വ്യവസ്ഥകൾ, പിൻവാതിലിലൂടെ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. ‘‘നാഷണൽ പോളിസി ഫ്രെയിം വർക്ക് ഓൺ അഗ്രികൾച്ചറൽ മാർക്കറ്റിങ്’’ എന്ന പേരിൽ പ്രസിദ്ധീകരിച്ച കരട് രേഖ, ഈ ലക്ഷ്യം വച്ചാണ്. സംയുക്ത കർഷകസമിതി ഇതിനെ ശക്തമായി എതിർത്തിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾക്ക് സംഭരണവില– സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരം– ഇതുവരെ നടപ്പാക്കിയിട്ടില്ല. സംയുക്ത കർഷകസമിതി, തുടർച്ചയായ പ്രക്ഷോഭത്തിലാണ്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ പ്രക്ഷോഭം നടത്തി വരികയാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ, ‘‘യൂണിഫെെഡ് പെൻഷൻ സ്കീം (യുപിസി) നോട്ടിഫെെ ചെയ്തിരിക്കുകയാണ്– പ്രോവിഡന്റ് പെൻഷൻ ഉയർത്തണമെന്ന സുപ്രീംകോടതി നിർദേശവും ഇതുവരെ സർക്കാർ നടപ്പാക്കിയിട്ടില്ല.

പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നടപടി തുടരുന്നതോടൊപ്പം, ദേശീയ ആസ്തികൾ വിൽക്കുന്ന ‘‘നാഷണൽ മോണിട്ടെെസേഷൻ പെെപ്പ്ലെെൻ’’ എന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്– റോഡുകൾ, റെയിൽവേ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, വെെദ്യുതി മേഖല എന്നിവയെല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ടെലികോം, ഖനനം തുടങ്ങിയ മേഖലകളും സ്വകാര്യകുത്തകകൾക്ക് അടിയറ വയ്ക്കുകയാണ്– ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് എൽഐസിയുടെ മരണമണിയാണ്. വിനാശകരമായ ഈ നയങ്ങൾ, രാജ്യത്തിന്റെ സ്വയം പര്യാപ്തതയെയും സ്വാശ്രയത്വത്തെയും ദുർബ്ബലപ്പെടുത്തും. വെെദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ, പഞ്ചാബ്, യുപി, മഹാരാഷ്ട്ര, പോണ്ടിച്ചേരി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തും തൊഴിലാളികളുടെ ധീരമായ ചെറുത്തുനിൽപ്പ് ഉയർന്നുവന്നു.

ജനങ്ങളുടെ താൽപ്പര്യം തീർത്തും അവഗണിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. രാഷ്ട്ര സമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ഈ ജനവിരുദ്ധ സർക്കാരിനെതിരെ, ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവരണം. ഇന്ത്യൻ റെയിൽവേ, റോഡ് ഗതാഗതം, കൽക്കരി ഖനികൾ, തുറമുഖങ്ങൾ, പ്രതിരോധ ഉൽപ്പന്ന നിർമാണശാലകൾ, വെെദ്യുതി മേഖല, സ്റ്റീൽ, പെട്രോളിയം, പോസ്റ്റൽ, ടെലികോം, ബാങ്കുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകൾ സ്വകാര്യവൽക്കരിക്കുന്നത് ഉടൻ നിർത്തണമെന്ന്, ഇന്ത്യൻ തൊഴിലാളിവർഗം ആവശ്യപ്പെടുന്നു.

മിനിമം വേതനം 26,000 രൂപയായി നിശ‍്ചയിക്കുക, നിശ‍്ചിത കാലതൊഴിൽ എന്ന വ്യവസ്ഥ ഉപേക്ഷിക്കുക, വ്യവസായങ്ങളിലെ കരാർവൽക്കരണം അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം കർശനമായി നടപ്പാക്കുക, 8 മണിക്കൂർ ജോലി എന്ന തത്വം കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ, ഈ ദേശീയ പണിമുടക്കിൽ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും മുന്നോട്ടു വയ്ക്കുന്നു.

വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം ലക്ഷ്യം വയ്ക്കുന്ന പുതിയ വിദ്യാഭ്യാസനയം ഉപേക്ഷിക്കുക, വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നത് ഉപേക്ഷിക്കുക, വിദ്യാഭ്യാസ – ആരോഗ്യ സംരക്ഷണ മേഖലകൾക്ക് മതിയായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നു.

തൊഴിലാളികൾ, കർഷകർ ഉൾക്കൊള്ളുന്ന രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും ആവശ്യങ്ങൾ ഉയർത്തി, മെയ് 20 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ, എല്ലാവരും മുന്നോട്ടു വരണമെന്നഭ്യർഥിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + sixteen =

Most Popular