ബിബിസി ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗം 2002ലെ നരഹത്യ എപ്രകാരം നരേന്ദ്ര മോദിയുടെ അധികാരാരോഹണത്തിന് പടവുകള്‍ വെട്ടിയെന്നതിന്‍റെ വിവരണമാണെങ്കില്‍ രണ്ടാം ഭാഗം സമകാലികമായ ചില വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്. ജമ്മു-കശ്മീരിന്‍റെ ഭരണഘടനാദത്തമായ പ്രത്യേക പദവി മാത്രമല്ല, സംസ്ഥാനപദവിതന്നെ ഇല്ലാതായതെങ്ങനെ എന്ന് വിവരിച്ചതിനുശേഷം ഡോക്യുമെന്‍ററി പൗരത്വ നിയമ ഭേദഗതിയിലേക്ക് നീങ്ങുന്നു. പണ്ടെങ്ങോ നടന്ന ഒരു സംഭവത്തിന്‍റെ കാലികപ്രസക്തി നഷ്ടപ്പെട്ട വിവരണം മാത്രമാണ് ഡോക്യുമെന്‍ററി എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് രണ്ടാം ഭാഗം. കോവിഡ് വ്യാപനത്തില്‍ നിലച്ചുപോയ പ്രക്ഷോഭം പുനരാരംഭിച്ചിട്ടില്ലെങ്കിലും പൗരത്വ നിയമഭേദഗതി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ മറന്നുകളയാന്‍ കഴിയാത്തവയാണ്.
പൗരത്വ (ഭേദഗതി) നിയമത്തോടുള്ള എതിര്‍പ്പിനു കാരണങ്ങള്‍ പലതുണ്ട്.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് അവര്‍ക്ക് ബഹിരാഗതരെ ആവശ്യമില്ലാത്തതുകൊണ്ടാണ്. അസം കരാറോളമെത്തിയ രക്തരൂഷിതമായ കലാപത്തിന്‍റെ ചരിത്രം അവിടെയുണ്ട്. പൗരത്വ (ഭേദഗതി) നിയമം മറ്റിടങ്ങളില്‍ അനാശാസ്യമാകുന്നത് അത് ഭരണഘടനാവിരുദ്ധമായതുകൊണ്ടാണ്. മതനിരപേക്ഷരാഷ്ട്രത്തില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനാണ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ഇന്ത്യ ഹിന്ദുക്കളുടേത് എന്ന ഹിന്ദുത്വ അജന്‍ഡ പാര്‍ലമെന്‍റിലെ നിയമനിര്‍മാണത്തിനു മാര്‍ഗദര്‍ശകമായി. ഭരണഘടനയുടെ മതനിരപേക്ഷ മാര്‍ഗദര്‍ശനം വിസ്മരിക്കപ്പെട്ടു. 2025ല്‍ ആര്‍എസ്എസിന്‍റെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുമെന്നു പറയുന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണ് ഈ നിയമഭേദഗതിയിലൂടെ നടന്നത്.
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ജൂതപ്രവാസത്തിനു വിരാമമിട്ടുകൊണ്ട് രൂപീകൃതമായ ജൂതരാഷ്ട്രമാണ് ഇസ്രയേല്‍. ലോകമെങ്ങുമുള്ള ജൂതര്‍ അവിടേയ്ക്ക് സ്വാഗതം ചെയ്യപ്പെട്ടു. മതത്തെ അടിസ്ഥാനമാക്കി രൂപംകൊണ്ട മറ്റൊരു രാജ്യമാണ് പാക്കിസ്താന്‍. ഇന്ത്യ വ്യത്യസ്തമാണ്. ഏതെങ്കിലും മതത്തെ അടിസ്ഥാനമാക്കിയോ ആ മതത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയോ വികസിതമായ ആശയമല്ല ഇന്ത്യ എന്നറിയപ്പെടുന്ന ഭാരതം. ഹിന്ദുസ്ഥാന്‍ എന്ന പേരുപോലും ഭരണഘടനാനിര്‍മാതാക്കള്‍ക്ക് സ്വീകാര്യമാകാതിരുന്നത് ഇക്കാരണത്താലാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ഭരണഘടനയ്ക്കും പാരമ്പര്യത്തിനും ചരിത്രത്തിനും നിരക്കാത്ത വിവേചനമായി മാറുന്നു. പൗരത്വ (ഭേദഗതി) നിയമത്തെ എതിര്‍ക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം ഇതാണ്.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം നിഷേധിക്കുന്നതിനുള്ളതാണ് ഈ നിയമം എന്ന് ആരും ആശങ്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ അമിത് ഷായുടെ വിശദീകരണം അസ്ഥാനത്താണ്. ആരില്‍നിന്നും എടുക്കുന്നതിനല്ല ചിലര്‍ക്ക് കൊടുക്കാതിരിക്കുന്നതിനുവേണ്ടിയാണ് നിയമം നിര്‍മിച്ചത്. പൗരരല്ലാത്ത അഭയാര്‍ത്ഥികള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി പൗരത്വം നല്‍കുമ്പോള്‍ വിവേചനം ആരോപിക്കാനാവില്ലെന്ന് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. കാരണം അവര്‍ പൗരരായിട്ടില്ലല്ലോ. ഭരണകൂടത്തിന്‍റെ ഇടപെടലുകളിലും ഇടപാടുകളിലും വിവേചനം പാടില്ലെന്ന് പറയുന്നത് ഭരണഘടനയെ അടിസ്ഥാനമാക്കിയാണ്. ആരോടും, പൗരര്‍ അല്ലാത്തവരോടുപോലും, വിവേചനം പാടില്ലെന്ന് അനുഛേദം 14 നിഷ്കര്‍ഷിക്കുന്നു. ക്യൂവില്‍ നില്‍ക്കുന്ന ക്ഷണിക്കപ്പെടാത്ത ഭിക്ഷുവിനും വിവേചനത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. പന്തിയില്‍ പക്ഷഭേദം പാടില്ലെന്നു പറയുന്നതിന്‍റെ അടിസ്ഥാനവും ഇതുതന്നെ.
കടന്നുവരുന്നവരില്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ഭരണഘടന വായിച്ചിട്ടില്ലാത്തവര്‍ക്കും പറയാന്‍ കഴിയും. വ്യത്യസ്തമായ നിലപാട് സുപ്രീം കോടതിക്ക് സ്വീകരിക്കാന്‍ കഴിയില്ല. സുപ്രീം കോടതിയുടെ സമീപകാലനിലപാടുകളില്‍ സംതൃപ്തി ഇല്ലാത്തവര്‍ക്കും പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ കാര്യത്തില്‍ പ്രതീക്ഷയുള്ളത് കോടതിക്ക് അവഗണിക്കാന്‍ കഴിയാത്തവിധം ഭരണഘടനാവിരുദ്ധത ഉള്ളതുകൊണ്ടാണ്. ആര്‍ക്കും കൊടുക്കാന്‍ പറയാന്‍ കോടതിക്കാവില്ല. കൊടുക്കുമ്പോള്‍ എല്ലാവരെയും ഒന്നായി കാണണമെന്ന് പറയാതിരിക്കാനുമാവില്ല. മതത്തിന്‍റെ പേരില്‍ പൗരത്വം നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് ഭരണഘടനയുടെ ചേതനയ്ക്കും ഇന്ത്യയുടെ ചൈതന്യത്തിനും നിരക്കുന്നതല്ല. ഭരണഘടനയുടെ, നിലനിര്‍ത്തേണ്ടതായ മൗലികഭാവത്തിനു നിരക്കാത്ത നിയമം ജുഡീഷ്യല്‍ റിവ്യൂ എന്ന സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീം കോടതിക്ക് അസാധുവാക്കാന്‍ കഴിയും. ഈ കേസിലല്ലെങ്കില്‍ മറ്റേതു കേസിലാണ് പരമോന്നതകോടതി ഈ അധികാരം പ്രയോഗിക്കേണ്ടത്? സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ പാര്‍ലമെന്‍റിനധികാരമുണ്ടെന്നു പറഞ്ഞ ലാഘവത്തോടെ പൗരത്വവിഷയത്തില്‍ സുപ്രീം കോടതിക്ക് നിലപാട് സ്വീകരിക്കാനാവില്ല.
കോടതിയുടെ സ്റ്റേ ഇല്ലെങ്കില്‍പ്പോലും ഗവണ്‍മെന്‍റിന് ഈ പ്രാകൃതനിയമവുമായി മുന്നോട്ടു പോകാനാവില്ല. പ്രതിഷേധം അത്ര ശക്തമാണ്. കശ്മീരിലെ അണയാത്ത തീ അസമിലേക്കുകൂടി പടര്‍ന്നിരിക്കുന്നു. കാമ്പസുകള്‍ രണഭൂമിയായിരിക്കുന്നു. ജാലിയന്‍വാലാ ബാഗില്‍ ആള്‍ക്കൂട്ടത്തെ നേരിട്ട ജനറല്‍ ഡയറിന്‍റെ പ്രേതം ആവേശിച്ചാലെന്നപോലെയാണ് അമിത് ഷായുടെ പൊലീസ് വിദ്യാര്‍ത്ഥികളെ നേരിട്ടത്. അസമിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്‍റെ തുടര്‍ച്ചയായാണ് ഈ പ്രക്ഷോഭങ്ങളെ കാണേണ്ടത്. ജനാധിപത്യത്തിലെ പ്രക്ഷോഭങ്ങള്‍ കിരാതമായി അടിച്ചമര്‍ത്താനുള്ളതല്ല. ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഈ വിഷയത്തിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നത് ഗവണ്‍മെന്‍റിന് അവഗണിക്കാനാവില്ല. നാട്ടില്‍ എല്ലാം അവതാളത്തിലാകുമ്പോഴും പുറത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ പൂര്‍ണമായും അപ്രസക്തമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഐക്യരാഷ്ട്രസഭയ്ക്കോ യൂറോപ്യന്‍ യൂണിയനോ അംഗീകരിക്കാന്‍ കഴിയാത്ത മതവെറിയാണ് വിമര്‍ശവിധേയമായ നിയമനിര്‍മാണത്തില്‍ ഇന്ത്യയിലെ പാര്‍ലമെന്‍റ് പ്രകടിപ്പിച്ചത്. ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി മോദിയെയും തദ്വാര ഇന്ത്യയെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന വ്യാഖ്യാനം ഉത്തരം മുട്ടുന്നവന്‍റെ ചേഷ്ടകള്‍ മാത്രമാണ്.
മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതായി വിഷയത്തെ പരിമിതപ്പെടുത്തുന്നത് അപകടമാണ്. വൈസ്രോയിയായിരുന്ന കഴ്സന്‍റെ മതാടിസ്ഥാനത്തിലുള്ള ബംഗാള്‍ വിഭജനം ഒടുവില്‍ ഇന്ത്യാ വിഭജനത്തിലെത്തിയതുപോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് അമിത് ഷായുടെ പൗരത്വ നിയമ ഭേദഗതി. മതനിരപേക്ഷസമൂഹമാണ് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാനായി വിട്ടുകൊടുക്കാവുന്നതല്ല മതനിരപേക്ഷ റിപ്പബ്ളിക്കിന്‍റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയം. കേരളം ഇക്കാര്യത്തില്‍ അനുകരണീയമായ മാതൃകയായി. അഭൂതപൂര്‍വമായ സാഹചര്യങ്ങളില്‍ അഭൂതപൂര്‍വമായ പ്രതികരണം ഉണ്ടാകണം.
അസം മാതൃകയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശവ്യാപകമായി തയാറാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെയാണ് വാസ്തവത്തില്‍ ഭീഷണിയായി കാണേണ്ടത്. പൗരത്വത്തില്‍ മതപരമായ വിവേചനം സാധൂകരിക്കാനാവാത്ത സാധ്യതയാണെങ്കില്‍ രജിസ്റ്റര്‍ നിര്‍മിതിയിലും ഭരണഘടനാപരമായി ഗര്‍ഹണീയമായ തത്വം കടന്നുവരും. പൗരത്വ നിയമ ഭേദഗതിയേക്കാള്‍ ഗൗരവത്തോടെ കാണേണ്ട കാര്യമാണത്. പൗരത്വം നിര്‍ണയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയില്‍ മതം വിഷയമാകരുത്. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാക്കുന്നില്ലെങ്കില്‍ വലിയ തോതിലുള്ള അപകടങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട്.
അസം കേന്ദ്രീകരിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന പൗരത്വ രജിസ്റ്റര്‍ നിര്‍മാണം ബിജെപിക്ക് സന്തോഷിക്കാന്‍ കാരണമായില്ല. ജനസംഖ്യയുടെ ആറു ശതമാനം വരുന്ന 19 ലക്ഷം ആളുകള്‍ ത്രിശങ്കുവിലായപ്പോള്‍ അവരില്‍ ഗണ്യമായ വിഭാഗം ബംഗ്ളാദേശില്‍നിന്നെത്തിയ ബംഗാളി ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കളെ സ്വീകരിക്കുന്നതിനും മുസ്ലീങ്ങളെ തിരസ്കരിക്കുന്നതിനുമുള്ള പരിശ്രമമാണ് നടക്കുന്നത്. അസമിലെ പ്രശ്നം മതമല്ല. വരത്തന്മാരായ ബംഗാളികളെയാണ് അവര്‍ക്ക് ഒഴിവാക്കേണ്ടത്. അവിഭക്ത അസമില്‍ 1960 മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണിത്. അസമിലെ രാഷ്ട്രീയത്തെ മാറ്റിമറിച്ചുകൊണ്ട് വന്‍തോതില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുള്ളതും ഇക്കാരണത്താലാണ്.
ദേശീയ പൗരത്വ രജിസ്റ്ററിനു മുന്നോടിയായി കാണേണ്ടതാണ് പൗരത്വ നിയമ ഭേദഗതി. അസമില്‍ തെറ്റിയ കണക്ക് അവര്‍ ആവര്‍ത്തിക്കാതെ നോക്കും. മതാടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ ഉള്‍ക്കൊള്ളുന്നതിനും മറ്റൊരു വിഭാഗത്തെ തിരസ്കരിക്കുന്നതിനുമുള്ള നീക്കം തുടരും. ജനിച്ച മണ്ണും താമസിക്കുന്ന ഇടവുമാണ് പൗരത്വത്തിന് ആധാരമായി ഭരണഘടന നിര്‍ദേശിക്കുന്നത്. പൗരത്വം ലഭിക്കുന്നതിനുള്ള വിവിധങ്ങളായ കാരണങ്ങള്‍ നിയമത്തിലുണ്ട്. അവയിലൊന്നിനെ അടിസ്ഥാനമാക്കി പൗരത്വം സമ്പാദിച്ചയാളാണ് സോണിയ ഗാന്ധി. ഒരു സാഹചര്യത്തിലും മതം പരിഗണനാവിഷയമല്ല. പീഡിതരെയും ബഹിഷ്കൃതരെയും നമുക്ക് ആശ്ളേഷിക്കാം — മനുഷ്യരെന്ന നിലയില്‍, സാര്‍വത്രികമായ മനുഷ്യാവകാശങ്ങളുടെ അവകാശികള്‍ എന്ന നിലയില്‍. അവിടെ മതത്തിനു സ്ഥാനമില്ല. ഭയത്തിന്‍റെ ആവൃതിയില്‍ ഇന്ത്യ നിശ്ശബ്ദമാകുമ്പോള്‍ എവിടെയെങ്കിലും സംസാരം ഉണ്ടാകണം. കൊള്ളേണ്ടിടത്ത് കൊള്ളുമ്പോഴാണ് അത് അപകീര്‍ത്തിയായി അനുഭവപ്പെടുന്നത്. ♦