2013ലാണ് അമിത് അനില്‍ ചന്ദ്ര ഷായെ ഉത്തര്‍പ്രദേശ് ബിജെപിയുടെ സംഘടനാ ചുമതല ഏല്‍പ്പിക്കുന്നത്. നിര്‍ണായകമായ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു യുപിയിലേക്കുള്ളഅദ്ദേഹത്തിന്‍റെ ഈ യാത്ര.
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എണ്ണത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ സംഘടന ചുമതല ഏറ്റെടുത്ത അമിത്ഷാ സംഘപരിവാര്‍ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയര്‍ന്നു.2014ലെ ലോക്സഭാ ഇലക്ഷനില്‍ ബിജെപിയെ യുപിയിലെ പ്രധാന കക്ഷിയാക്കി ഉയര്‍ത്തി. യുപിയില്‍ അമിത്ഷാ നടപ്പിലാക്കിയസോഷ്യല്‍ എന്‍ജിനിയറിങ് കുപ്രസിദ്ധമാണ്.അമിത് ഷാ ഉപയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിന് മേലെ വലിയ ആഘാതങ്ങള്‍ ആണ് സൃഷ്ടിച്ചതും. പശു, പള്ളി, വര്‍ഗീയ കലാപങ്ങള്‍… എന്നിങ്ങനെ വിഭജനത്തിന്‍റെ അപകടകരമായ രാഷ്ട്രീയകാര്‍ഡുകള്‍ അമിത് ഷായും ബിജെപിയും പുറത്തെടുത്തു.
2014ലെ അധികാരലബ്ധിക്ക് ശേഷവും സംഘപരിവാര്‍ അത് തുടര്‍ന്നു. രാമജന്മഭൂമി, ബാബറി മസ്ജിദ് പ്രശ്നങ്ങളുടെ വിജയകരമായ പരീക്ഷണം നടത്തിയ യുപി പിന്നെയും പിന്നെയും പലതവണ സംഘപരിവാറിന്‍റെ പരീക്ഷണശാലയായി.
എല്ലായ്പ്പോഴും വിവിധ തലങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു ഉത്തര്‍പ്രദേശ് എന്നുതന്നെ പറയാം. ഉദാഹരണത്തിന്, 2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശീയ തലത്തില്‍ അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശു രാഷ്ട്രീയത്തിന്‍റെ ആരംഭം യുപി യില്‍ നിന്നായിരുന്നു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, 2010നും 2017ന്‍റെ മധ്യത്തിനും ഇടയില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ 63 പശുസംരക്ഷണആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും നടന്നത് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷമാണ്. ഈ പറഞ്ഞ ആക്രമണങ്ങളില്‍ സിംഹഭാഗവും അരങ്ങേറിയത് ഉത്തര്‍പ്രദേശില്‍ ആയിരുന്നു. ഇത് വര്‍ഷങ്ങളായി സംഘപരിവാര്‍ ആ സംസ്ഥാനത്തു നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പരീക്ഷണങ്ങളുടെ പ്രതിഫലനമാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദു ജനതയോട്, അവരും അവരുടെ സംസ്കാരവും ഭീഷണിയില്‍ ആണെന്നും, അതിനു കാരണം ഇന്നാട്ടിലെ ന്യൂനപക്ഷങ്ങള്‍ ആണെന്നും പറഞ്ഞുപഠിപ്പിച്ചു കൊണ്ടാണ് ഇവര്‍ ഈ കൃത്യം നടത്തിക്കൊണ്ടിരിക്കുന്നത്. പശു ഇതിനുവേണ്ടി ഇവര്‍ ഉപയോഗിക്കുന്ന ഒരു ആയുധം മാത്രം. ഉദാഹരണത്തിന്, ബിജെപി എം എല്‍ എ യും സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന പശുസംരക്ഷണ രാഷ്ട്രീയത്തിന്‍റെ പ്രചാരകനും ആയ സംഗീത് സോം ബീഫ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്ന ഒരു കമ്പനിയുടെ സ്ഥാപകനാണ്. പശു സംരക്ഷണവും, പശുവിന്‍റെ പേരില്‍ ഉള്ള കൊലപാതകങ്ങളും മോദിക്കും ബിജെപിക്കും ഇലക്ഷനില്‍ ജയിക്കാനുള്ള തന്ത്രം മാത്രമാണ്. ജാതീയത മൂലവും, വര്‍ഗ്ഗവ്യത്യാസങ്ങള്‍ മൂലവും വിഘടിച്ചുകിടക്കുന്ന ഹിന്ദുക്കളെ ഒരുമിപ്പിക്കാനായി അമിത് ഷായും മറ്റുസംഘപരിവാര്‍ നേതാക്കളും കണ്ടുപിടിച്ച ഒരു ആയുധം. അതാണ് പശു. അതേസമയം സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയം പല മാര്‍ഗങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന നാളുകള്‍ മുതല്‍ അതിനു മൗനാനുമതി നല്‍കി കോണ്‍ഗ്രസ്സ് അവരുടെ തന്നെ ശവക്കുഴി സ്വയം കുത്തി. 1992ല്‍ ബാബറി മസ്ജിദ് ഹിന്ദുത്വ അക്രമികള്‍ തകര്‍ത്തപ്പോഴും ഇതേ സമീപനമാണല്ലോ കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. തങ്ങളുടെ മൃദു ഹിന്ദുത്വ അജന്‍ഡയെ സംരക്ഷിക്കാനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് ആ സംരക്ഷണത്തിന്‍റെ തണലില്‍ സംഘപരിവാര്‍ പശുവിന്‍റെ പേരില്‍ ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തെ തച്ചുതകര്‍ത്തുകൊണ്ടിരുന്നു.
മോദി അധികാരത്തില്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍, 2015ല്‍ ആണ്, യുപി യിലെ ദാദ്രിയില്‍ 52 വയസ്സുകാരനായ മുഹമ്മദ് അഖ്ലാഖിനെ പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞ് കൊല ചെയ്തത്. പിന്നീട് അന്വേഷണങ്ങള്‍ക്കുശേഷം കോടതിവിധി തെളിയിച്ചത് അഖ്ലാഖിന്‍റെ കയ്യില്‍ പശു ഇറച്ചി ഇല്ലായിരുന്നു എന്നാണ്. തങ്ങളുടെ അധികാരത്തിനുകീഴില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷം കരുതിയിരിക്കണം എന്ന സതാക്കീതായിരുന്നു ഒരു തരത്തില്‍ അഖ്ലാഖിന്‍റെ കൊലപാതകം. കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട 16 പേരെ പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്‍റെ ഇലക്ഷന്‍ പ്രചരണ ജാഥയിലേക്ക് ക്ഷണിക്കുക പോലും ചെയ്തു! 2016ലാണ് ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് കുടുംബത്തെ നഗ്നരാക്കി നിര്‍ത്തി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. തങ്ങളുടെ ശത്രു മുസ്ലീങ്ങള്‍ മാത്രമല്ല എന്ന്സംഘപരിവാര്‍ ഇതിലൂടെ തെളിയിച്ചു. സംഘപരിവാര്‍ കുടുംബം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവര്‍ (other) എന്ന വിഭാഗത്തില്‍ മുസ്ലിങ്ങള്‍ മാത്രമല്ല ഉള്ളത്. എല്ലാ ന്യൂനപക്ഷങ്ങളും ഈ വിഭാഗത്തിന്‍റെ ഭാഗമാണ്. പശുസംരക്ഷണത്തിനും, പശു എന്ന ജീവിക്കും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നല്‍കുന്ന അമിത പ്രാധാന്യം പശുവിന്‍റെ പേരില്‍ ആക്രമണം അഴിച്ചു വിടുന്നവര്‍ക്ക് വലിയ സ്വീകാര്യതയാണ് നല്‍കിയിട്ടുള്ളത്. ഈയടുത്ത് ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് പുറത്തിറക്കിയ നോട്ടീസ് (ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചു) ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയഏടാണ്.
2014ല്‍ നിന്നും 2019ലെ ലോക്സഭാ ഇലക്ഷനിലേക്ക് എത്തിയപ്പോള്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യതയും കരുത്തും കൈ വന്നു. പശുവില്‍ നിന്നും അവരുടെ ആയുധം ബുള്‍ഡോസര്‍ ആയി മാറി. പൗരത്വഭേദഗതി നിയമം വഴിയും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവിധ നടപടികള്‍ വഴിയും ഏല്‍പ്പിച്ച വലിയ പ്രഹരം, അവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയതോടൊപ്പം തന്നെ അവരെ നിസ്സഹായരും ആക്കി മാറ്റി. ആ നിസ്സഹായതയെ മുതലെടുത്തുകൊണ്ടാണ് ബിജെപി അവരുടെ ബുള്‍ഡോസര്‍ രാജ് മുന്നോട്ടുകൊണ്ടുവരുന്നത്. ഇതിനും തുടക്കം കുറിക്കുന്നത് അവരുടെ രാഷ്ട്രീയ പരീക്ഷണശാലയായ ഉത്തര്‍പ്രദേശില്‍ നിന്നുതന്നെയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത മുസ്ലിം സമുദായക്കാരായവരുടെ കുടുംബങ്ങളെ ആണ് ബിജെപിയുടെ ബുള്‍ഡോസറുകള്‍ ആദ്യം ലക്ഷ്യമിട്ടത്. യോഗി ആദിത്യനാഥിനെ 2021ലെ യുപി ഇലക്ഷനില്‍ ബിജെപി വിശേഷിപ്പിച്ചത് ‘ബുള്‍ഡോസര്‍ ബാബാ’ എന്നായിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും, മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ആക്രമിക്കപ്പെടേണ്ടവര്‍ ആണെന്നുമുള്ള ഒരു പൊതുധാരണ ബുള്‍ഡോസര്‍ രാഷ്ട്രീയം വഴി ശക്തമാക്കാന്‍ ഒരുപരിധി വരെ ബിജെപിക്കു കഴിഞ്ഞു. ഉത്തര്‍പ്രദേശിനൊപ്പം ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക,ആസ്സാം എന്നീ സംസ്ഥാനങ്ങളിലും ബുള്‍ഡോസര്‍ രാജ് അരങ്ങേറി. ഡല്‍ഹിയിലെ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജഹാംഗീര്‍പുരിയിലെ സമാനമായ ശ്രമത്തെ ഇടത് നേതാക്കള്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരകളാവുന്നത്. ദളിതരും, ആദിവാസികളും ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങളും ബിജെപിയുടെ വ്യവസ്ഥാപരമായ ആക്രമണങ്ങളുടെ ഇരകളായി മാറുന്നുണ്ട്. ഇതിന് ഉത്തമഉദാഹരണമാണ് ഈയടുത്ത് മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്തീരുമാനിച്ചത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഈ ഫെലോഷിപ്പിന്‍റെ ഗുണഭോക്താക്കള്‍ ആയിരുന്നത്. ക്രിസ്ത്യന്‍, സിഖ്, പാര്‍സി എന്നിവ ഉള്‍പ്പെടെ ആറു മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന ഈ ഫെലോഷിപ്പ് അവസാനിപ്പിക്കുന്നതുവഴി ഈ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിലേക്ക് എത്താനുള്ള സാധ്യതകളെ സംഘപരിവാര്‍ സര്‍ക്കാര്‍ ചോദ്യ ചിഹ്നത്തിലാക്കുകയാണ്. ഐതിഹാസികമായ കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരിക്കൊണ്ടപ്പോള്‍ സിഖ് മതക്കാരായ ഒരുവിഭാഗംകര്‍ഷകരെ വിഘടനവാദികള്‍ എന്നും ഖലിസ്ഥാനികള്‍ എന്നുമാണ് സംഘപരിവാര്‍ ചാപ്പ കുത്തിയത്. ഉത്തര്‍പ്രദേശില്‍ തന്നെ ഹത്രാസില്‍ നടന്ന ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തിലും ബിജെപിക്ക് കുറ്റകരമായ പങ്ക് ഉണ്ടായിരുന്നു. ഇത്തരത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും, സ്ത്രീകളുടെയും, തൊഴിലാളികളുടെയും, കര്‍ഷകരുടെയും ജീവിതത്തെ അക്രമിക്കുകയൂം,ദുസ്സഹമാക്കുകയും മാത്രമാണ് സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.അനീതികള്‍ക്കും അസമത്വത്തിനും പകരമായി പശുവിനെയും ബുള്‍ഡോസറിനെയും മറയാക്കി അവര്‍ നടപ്പിലാക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ബഹുജന സമരം തന്നെ നടക്കും എന്നതില്‍ ഒരു സംശയവുമില്ല. അസമത്വത്തെ സംബന്ധിച്ച കണക്കുകള്‍ഞെട്ടിപ്പിക്കുന്നതാണ്.അസമത്വവും ചങ്ങാതിമാരായ കോര്‍പ്പറേറ്റുകളുമായി ചേര്‍ന്നു നടത്തുന്ന കൊള്ളയും മറയ്ക്കാനും കൂടിയാണ് പശുവിനെയും ബുള്‍ഡോസറിനെയും ഇവര്‍ ആയുധമാക്കുന്നത്.
ദുര്‍ബലരായ മനുഷ്യരെ പശുവിന്‍റെ പേരില്‍ വേട്ടയാടിത്തുടങ്ങിയവര്‍ ഇപ്പോള്‍,ദരിദ്രരുടെയും മതന്യൂനപക്ഷങ്ങളുടെയും കുടിലുകളിലേയ്ക്ക് ബുള്‍ഡോസറുകള്‍ ഓടിച്ചുകയറ്റുകയാണ്. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ഏകോപനത്തിലൂടെ മാത്രമേ ഈ വിഭജന രാഷ്ട്രീയത്തെ പിടിച്ചുകെട്ടാനാകൂ.കര്‍ഷകരുടെയും,തൊഴിലാളികളുടെയും,തൊഴിലില്ലാത്ത,ചെറിയ കൂലിക്ക് ജോലി ചെയ്യേണ്ടിവരുന്ന ചെറുപ്പക്കാരുടേയുമെല്ലാം മഹാ സമരങ്ങളിലൂടെ ഇന്ത്യന്‍ ജനാധിപത്യം വരും നാളുകളില്‍ കരുത്തുപ്രാപിക്കും.വിഭജന രാഷ്ട്രീയത്തെ രാജ്യം പരാജയപ്പെടുത്തും. ♦