കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നര നൂറ്റാണ്ടിനുശേഷം എന്ന പുസ്തകം മാര്‍ക്സിസത്തെപ്പറ്റി സഖാവ് ഇ എം എസ് രചിച്ച പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ എന്തെല്ലാമാണെന്നും അവ എങ്ങനെ വികസിക്കുന്നുവെന്നും സമഗ്രമായി വിലയിരുത്തിയ മറ്റൊരു കൃതി മലയാളഭാഷയില്‍ ഉണ്ടായിട്ടില്ല. ഈ പുസ്തകത്തിന്‍റെ പ്രാധാന്യത്തിനനുസരിച്ച് വായനക്കാരുടെ ശ്രദ്ധ ഇതിന് ലഭിച്ചതായി തോന്നുന്നില്ല.ڔകമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നരനൂറ്റാണ്ടിനുശേഷം എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച ചിന്ത പബ്ലിഷേഴ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു. റെഡ്ബുക്ക് ഡേയുമായി ബന്ധപ്പെട്ട് ഈ പുസ്തകം വ്യാപകമായി വായിക്കപ്പെടുമെന്നും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഞാന്‍ കരുതുന്നു.
മറ്റേതൊരു ശാസ്ത്രത്തെയുംപോലെ മാര്‍ക്സിസവും തുടര്‍ച്ചയായി വികസിപ്പിക്കപ്പെടേണ്ട ഒന്നാണ്. മാര്‍ക്സിസത്തെപ്പറ്റി ലെനിന്‍ നടത്തിയ വിലയിരുത്തലില്‍നിന്ന് തുടങ്ങാമെന്ന് കരുതുന്നു: “മാര്‍ക്സിന്‍റെ സിദ്ധാന്തം സമ്പൂര്‍ണ്ണമാണെന്നോ അലംഘനീയമാണെന്നോ ഞങ്ങള്‍ കരുതുന്നില്ല. മറിച്ച് ആ ശാസ്ത്രത്തിന് തറക്കല്ല് പാകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കാലത്തിനൊത്ത് നീങ്ങണമെന്നുണ്ടെങ്കില്‍ സോഷ്യലിസ്റ്റുകള്‍ ആ ശാസ്ത്രത്തെ എല്ലാ വശങ്ങളിലേക്കും വികസിപ്പിക്കേണ്ടതാണെന്നും ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.” (ലെനിന്‍ സമാഹൃതകൃതികള്‍ – വോള്യം 4, പേജ് 211-12) കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലുണ്ടായ പ്രധാനപ്പെട്ട സംഭവവികാസങ്ങളില്‍ ഇടപെട്ട് മാര്‍ക്സിസത്തെ എങ്ങനെ വികസിപ്പിച്ചു എന്ന് വിവരിക്കുകയാണ് ഈ കൃതിയില്‍ ഇ എം എസ് ചെയ്തിട്ടുള്ളത്. ലെനിന്‍റെ നിര്‍ദ്ദേശം പാലിക്കുവാന്‍ സോഷ്യലിസ്റ്റുകള്‍ കഴിഞ്ഞ ഒന്നരനൂറ്റാണ്ടില്‍ എങ്ങനെ പരിശ്രമിച്ചു എന്നാണ് ഇ എം എസ് പരിശോധിക്കുന്നത്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ലഘുവിവരണത്തോടെയാണ് ഈ കൃതി ആരംഭിക്കുന്നത്. ഒമ്പത് ചെറിയ ഖണ്ഡികകളിലായി ഇ എം എസ് അത് നിര്‍വ്വഹിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട സോഷ്യലിസം ഏതാനും മനുഷ്യസ്നേഹികളും പ്രതിഭാശാലികളുമായ ചിലരുടെ സങ്കല്പത്തില്‍നിന്നു മാത്രം ഉയര്‍ന്നുവന്ന ഒന്നായിരുന്നുവെന്നും കമ്യൂണിസ്റ്റു മാനിഫെസ്റ്റോ സോഷ്യലിസത്തിന് ശാസ്ത്രീയമായൊരു അടിത്തറ പണിതതായും ഇ എം എസ് വിവരിക്കുന്നു. ആ അടിത്തറയുടെ പ്രധാനപ്പെട്ട വശങ്ങള്‍ ഏതെല്ലാമാണെന്ന് ഇ എം എസ് ഒന്നാമത്തെ അധ്യായമായ ‘മാനിഫെസ്റ്റോ – ഒരു ലഘുവിവരണം’ എന്ന ലേഖനത്തില്‍ വിവരിക്കുന്നു. മാര്‍ക്സിസത്തെ വികസിപ്പിക്കണമെന്ന ലെനിന്‍റെ നിര്‍ദ്ദേശം ‘ആഗോള സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള മാര്‍ഗ്ഗദര്‍ശി’ എന്ന രണ്ടാമത്തെ അധ്യായത്തില്‍ ഇ എം എസ് ആവര്‍ത്തിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉരുവിടാന്‍ മാത്രമുള്ള ഒരു പ്രാമാണിക വേദഗ്രന്ഥമല്ലെന്നും ആഗോള തൊഴിലാളി പ്രസ്ഥാനത്തിന്‍റെ അനുഭവത്തെ അടിസ്ഥാനമാക്കി മാര്‍ക്സും എംഗല്‍സും തന്നെ മാനിഫെസ്റ്റോയില്‍ പിന്നീട് ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും മാര്‍ക്സും എംഗല്‍സും അന്തരിച്ചതിനുശേഷം ലെനിനും, ലെനിനുശേഷം വന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകളും മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും വീക്ഷണത്തെ പുഷ്ടിപ്പെടുത്തുകയും പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ടെന്നും ഇ എം എസ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനുള്ളില്‍ അവ എങ്ങനെ നിര്‍വ്വഹിക്കപ്പെട്ടു എന്നു മനസ്സിലാക്കാന്‍ ഇ എം എസിന്‍റെ ഈ കൃതി സഹായിക്കും.
കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്ന എംഗല്‍സിന്‍റെ ഗ്രന്ഥം ഭരണകൂടവും വിപ്ലവവും, സാമ്രാജ്യത്വം മുതലാളിത്തത്തിന്‍റെ ഏറ്റവും ഉയര്‍ന്നഘട്ടം തുടങ്ങിയ ലെനിന്‍റെ കൃതികള്‍, 1848-50 കാലത്തെ യൂറോപ്യന്‍ വിപ്ലവങ്ങള്‍, 1871 ലെ പാരീസ് കമ്യൂണ്‍, കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും വരുത്തിയ ഭേദഗതികള്‍, കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലുകളുടെ രൂപീകരണം, 1917 ലെ ഒക്ടോബര്‍ വിപ്ലവം, യുദ്ധകാല കമ്യൂണിസം, സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണം പിന്നാക്ക രാജ്യങ്ങളില്‍ എങ്ങനെ നിര്‍വ്വഹിക്കണമെന്ന കാര്യത്തില്‍ ലെനിന്‍റെ നേതൃത്വത്തില്‍ ‘പുത്തന്‍ സാമ്പത്തിക നയ’ങ്ങളുടെ നടപ്പാക്കല്‍. അതിന് ഇന്നത്തെ ചൈനയിലെയും വിയറ്റ്നാം, ക്യൂബ, കൊറിയ തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സാമ്പത്തികനയങ്ങളുമായുള്ള ബന്ധങ്ങള്‍, സോവിയറ്റ് പാര്‍ട്ടിക്കകത്തെ ആശയസമരം തുടങ്ങി മാര്‍ക്സിസത്തിന്‍റെ വികാസവുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങള്‍ ഇ എം എസ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെപ്പറ്റി പ്രാഥമികമായി വിലയിരുത്തിക്കൊണ്ട് 1992 ല്‍ ചേര്‍ന്ന സിപിഐ എമ്മിന്‍റെ പതിനാലാം പാര്‍ട്ടികോണ്‍ഗ്രസ് ഒരു രേഖ അംഗീകരിക്കുകയുണ്ടായി. സോഷ്യലിസത്തിനേറ്റ തിരിച്ചടിയെപ്പറ്റി കൂടുതല്‍ വിശദമായ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും സിപിഐ എം ആ രേഖയില്‍ എടുത്തുപറഞ്ഞിരുന്നു. അത്തരമൊരു പരിശോധനയ്ക്ക് സഹായകമായ ചില വിഷയങ്ങള്‍ ലെനിനിസത്തില്‍ നിന്നുള്ള വ്യതിയാനം എന്ന ഏഴാം അധ്യായത്തില്‍ ഇ എം എസ് സൂചിപ്പിക്കുന്നു. ‘ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രതിസന്ധി’ എന്ന എട്ടാം അധ്യായം 1950 കളുടെ രണ്ടാം പകുതിയോടെ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് വളര്‍ന്നുവന്ന ഭിന്നിപ്പും, വ്യത്യസ്ത ആശയനിലപാടുകളും വിവരിക്കുന്നു. സിപിഐ എം, സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളുടെ പല നിലപാടുകളോടും വിയോജിച്ചുകൊണ്ട് ഒരു സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. മാര്‍ക്സിസത്തെപ്പറ്റിയുള്ള അറിവുകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് സിപിഐ എം ഈ സ്വതന്ത്ര നിലപാടില്‍ എത്തിച്ചേര്‍ന്നത്. ‘ചൈനീസ് പാര്‍ട്ടിയിലെ സ്വയം വിമര്‍ശനം’ എന്ന ഒമ്പതാം അധ്യായം ‘മഹത്തായ കുതിച്ചുചാട്ടം’, ‘സാംസ്കാരിക വിപ്ലവം’ എന്ന മൗ സെദോങ് നേതൃത്വം നല്കിയ രണ്ടു പ്രസ്ഥാനങ്ങളെ വിലയിരുത്തുന്നു. ഇടതുപക്ഷ സെക്ടേറിയന്‍ നിലപാടില്‍നിന്ന് ദെങ് സി യാവോ പിങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വരുത്തിയ തിരുത്തലുകളെയും അതിന്‍റെ തുടര്‍ച്ചയായി ചൈനീസ് പാര്‍ട്ടിയും സിപിഐ എമ്മും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിനെയും ഇ എം എസ് വിവരിക്കുന്നു. ‘സ്റ്റാലിനും മൗ സെദോങ്ങും’ എന്ന പത്താമത്തെ അധ്യായത്തില്‍ സ്റ്റാലിനെപ്പറ്റി സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ വിലയിരുത്തലുകളും മൗ സെദോങ്ങിനെപ്പറ്റി ചൈനീസ് പാര്‍ട്ടി നടത്തിയ വിലയിരുത്തലുകളും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളെന്തെന്ന് ചൂണ്ടിക്കാണിക്കുന്നു. ‘സ്റ്റാലിന്‍ യുഗത്തെ’ക്കുറിച്ചുള്ള നിഷേധാത്മകമായ നിലപാട് നിമിത്തം സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി റിവിഷനിസത്തിന്‍റെ ചെളിക്കുണ്ടിലാണ്ടുപോയിയെന്നും ആ പ്രക്രിയ ശക്തിപ്പെട്ടാണ് ഗോര്‍ബച്ചേവ് സോഷ്യലിസത്തെത്തന്നെ ഉപേക്ഷിക്കുന്നിടത്ത് എത്തിച്ചേര്‍ന്നതെന്നും ഇ എം എസ് ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ മൗ സെദോങ്ങിന്‍റെ ക്രിയാത്മകമായ സംഭാവനകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടും മൗ സെദോങ് നേതൃത്വത്തിന്‍റെ ദൗര്‍ബല്യങ്ങളും വൈകല്യങ്ങളും തിരുത്തിസോഷ്യലിസത്തെ നവീകരിക്കുകയാണ് ചെയ്തത്. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ച വ്യത്യസ്ത സമീപനങ്ങളെപ്പറ്റിയുള്ള ഇ എം എസിന്‍റെ വിമര്‍ശനപരമായ വിലയിരുത്തല്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ പാഠമാകണം.
‘മാര്‍ക്സിസത്തിന്‍റെ നവീകരണം’ എന്ന പതിനൊന്നാം അധ്യായം സോവിയറ്റ് യൂണിയനിലും ചൈനയിലും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ നടത്തിയ ശ്രമങ്ങളെ വിവരിക്കുന്നു. ഓരോ രാജ്യത്തിനും അതാതിന്‍റേതായ ദേശീയ സവിശേഷതകളുണ്ട്. അവയെ പൂര്‍ണ്ണമായും കണക്കിലെടുത്തുകൊണ്ട് മാത്രമേ ഓരോ രാജ്യത്തിനും അതാതിന്‍റെ ദേശീയ സവിശേഷതകളോടു കൂടിയ സോഷ്യലിസ്റ്റ് നിര്‍മ്മാണം നടപ്പാക്കാന്‍ കഴിയൂ. ലോകത്ത് വന്ന മാറ്റങ്ങളെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ അനുഭവങ്ങളെയും വിലയിരുത്തിക്കൊണ്ട് പതിനൊന്നാം അധ്യായം നമ്മുടെ ഭാവി കടമകളിലേക്ക് വിരല്‍ചൂണ്ടുന്നു. പതിനൊന്നാം അധ്യായം അവസാനിക്കുന്നത് ഇപ്രകാരമാണ്:
ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്സും എംഗല്‍സുമോ പിന്നീട് ലെനിനോ വിലയിരുത്തിയതുപോലുള്ള ആഗോള രാഷ്ട്രീയ സ്ഥിതിയല്ല ഇന്നുള്ളത്. സംഘടിതമായ ഒരു ആഗോള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംവിധാനം ഇന്ന് നിലവിലില്ലെങ്കിലും ചൈനയും വിയറ്റ്നാമും കൊറിയയും ക്യൂബയുമടക്കം സ്വന്തം രാജ്യത്ത് മുഴുവനുമോ (ഇന്ത്യയെപ്പോലെ) രാജ്യത്തിന്‍റെ ചില ഭാഗത്തെങ്കിലുമോ ഭരണാധികാരത്തിലുള്ളതും ഭരണാധികാരത്തിന്‍റെ വക്കത്തെത്തി നില്ക്കുന്നതുമായ ഒരു ഡസനോളം രാജ്യങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുണ്ട്.
ഈ സാഹചര്യത്തില്‍ ആഗോള തൊഴിലാളിവര്‍ഗ്ഗ വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള കടമയാണ് ഇന്ന് നമ്മുടെ മുമ്പിലുള്ളത്. അതിന് നൂറ്റമ്പത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെ അത് പുറത്തുവന്നതിനുശേഷം നടന്ന പ്രവര്‍ത്തനങ്ങളും അവയെ ആസ്പദമാക്കിയ വിമര്‍ശനങ്ങളും നമുക്ക് മാര്‍ഗ്ഗദര്‍ശനങ്ങളായി നില്ക്കുന്നുണ്ട്.
‘ഇന്ത്യയില്‍ മാര്‍ക്സിസം മുക്കാല്‍ നൂറ്റാണ്ടിനുശേഷം’ എന്ന പന്ത്രണ്ടാം അധ്യായം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെ വിലയിരുത്തുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ക്സിസത്തിന് ശോഭനമായ ഭാവി ഇന്ത്യയിലുണ്ടെന്ന് ഇ എം എസ് പ്രഖ്യാപിക്കുന്നു.
ഇ എം എസിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നരനൂറ്റാണ്ടിനുശേഷം എന്ന കൃതി വായിക്കണമെന്നും അത് നല്കുന്ന സന്ദേശമുള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നും എല്ലാ പാര്‍ട്ടി അംഗങ്ങളോടും അനുഭാവികളോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ♦