Monday, October 14, 2024

ad

Homeപ്രതികരണംനവകേരളം സാധ്യമാക്കാന്‍ നൂതന കര്‍മ പരിപാടികള്‍

നവകേരളം സാധ്യമാക്കാന്‍ നൂതന കര്‍മ പരിപാടികള്‍

 

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സംസ്ഥാന പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് സമ്മിറ്റ് സംഘടിപ്പിച്ചത്. തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പൊതുവില്‍ പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് ആയി കണക്കാക്കുന്നത്. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ മേഖലകള്‍, എഞ്ചിനിയറിങ് മേഖല, കൃഷി, കാര്‍ഷികാനുബന്ധ മേഖലകള്‍, മാനേജ്മെന്‍റ് മേഖല, നിയമ മേഖല തൂടങ്ങി വ്യത്യസ്ത കോഴ്സുകള്‍ ചെയ്യുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പരിപാടിയുടെ ഭാഗമായി. അതായത്, മനുഷ്യന്‍റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോഗ്യം, ഭക്ഷണം, വ്യവസായമേഖല, സാമ്പത്തികരംഗം, നീതിന്യായവ്യവസ്ഥ എന്നിവ മുതല്‍ ബഹിരാകാശ ഗവേഷണത്തില്‍ വരെ ഇടപെടാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് അവിടെ ഒരുങ്ങിയത്.

വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സാധ്യതകള്‍
സമൂഹത്തിന്‍റെയാകെ പുരോഗതിക്ക് ഇത്തരം മേഖലകള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ എത്രകണ്ട് വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുകൊണ്ടുതന്നെ, കേവലം തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്നവര്‍ എന്ന നിലയിലല്ല, മറിച്ച് ഭാവി സമൂഹത്തിന്‍റെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവര്‍ എന്ന നിലയിലാണ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ കാണേണ്ടത്.

2019 ലാണ് സ്റ്റുഡന്‍റ് സമ്മിറ്റിനു നമ്മള്‍ തുടക്കം കുറിച്ചത്. ഇത്തവണ നടന്നത് മൂന്നാമത്തെ എഡിഷനാണ്. ഈ എഡിഷനിലേക്ക് എത്തിനില്‍ക്കുമ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കു പുറമെ അഞ്ഞൂറോളം അധ്യാപകര്‍ കൂടി ഇതില്‍ പങ്കെടുത്തു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ പങ്കാളിത്തം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബൃഹത്താക്കുന്നതിനും ഈ പരിപാടിയില്‍ കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഈ സമ്മിറ്റില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. പൊതുവില്‍ ഉയര്‍ന്ന സാമൂഹികബോധവും സമൂഹത്തോട് നല്ല നിലയില്‍ പ്രതിബദ്ധതയും ഉള്ളവരാണ് നമ്മുടെ യുവാക്കള്‍. 2018 ലും 2019 ലും പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയവരില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവന സന്നദ്ധരായ യുവാക്കളുടെ സജീവസാന്നിധ്യം തന്നെയുണ്ടായിരുന്നു.

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ സാമൂഹ്യ അടുക്കളകള്‍ ഒരുക്കുന്നതിലും, രോഗപ്രതിരോധ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിലും, രോഗികളെ സഹായിക്കുന്നതിലും, കുട്ടികളെ പൊതുപരീക്ഷയ്ക്കെത്തിക്കുന്നതിലും എല്ലാം മുന്നിട്ടുനിന്നവരാണ് നമ്മുടെ യുവാക്കള്‍. അവരുടെ സേവനങ്ങള്‍ നമ്മുടെ നാടിനു കൂടുതല്‍ പ്രയോജനപ്പെടണം. ഏതെങ്കിലും പ്രത്യേക മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും പ്രയോജനപ്പെടണം.

ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തെക്കാളും മുന്നിലാണു നാം. കുറഞ്ഞ ശിശുമരണ നിരക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ ലഭ്യതയും ഒക്കെ നോക്കുമ്പോള്‍ പല വികസിത രാജ്യങ്ങള്‍ക്കും ഒപ്പമാണ് നമ്മള്‍. അത്തരം നേട്ടങ്ങളെ നാടിന്‍റെ മുന്നേറ്റത്തിനുതകുംവിധം ഉപയോഗപ്പെടുത്താനാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഉന്നതവിദ്യാഭ്യാസമേഖലയുടെ നവീകരണം.

കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ക്കനുസൃതമായി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെയും മാറ്റിത്തീര്‍ക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിനുതകുന്ന ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തെ നമ്മുടെ എന്‍റോള്‍മെന്‍റ് റേഷ്യോ മെച്ചപ്പെടുത്തുക എന്നതുതന്നെയാണ് അതിന്‍റെ ആദ്യ പടി. അത് ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്നാണ് രാജ്യത്തിന്‍റെ ഏറ്റവും ഒടുവിലത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 43.2 ശതമാനമായാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവേശനാനുപാതം വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് പടിപടിയായി 75 ശതമാനമെങ്കിലുമാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ത്തന്നെ നാം ശ്രദ്ധചെലുത്തേണ്ട ചില മേഖലകള്‍ കൂടിയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സ്റ്റെം, അഥവാ സയന്‍സ് ടെക്നോളജി, എഞ്ചിനീയറിങ് മാത്തമാറ്റിക്സ് എന്നിവ. ഈ മേഖലയിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ മാറുന്ന ലോകത്തിനനുസരിച്ച് നൂതനമായ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിയുകയുള്ളു. ഇത് ലക്ഷ്യം വച്ചാണ് 2021 ലെ പ്രകടന പത്രികയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂതനവിദ്യാ പ്രോത്സാഹന നയം മുന്നോട്ടുവച്ചത്. അതിന്‍റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്താന്‍
നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതിന് ദ്വിമുഖമായ ഇടപെടലുകള്‍ ആവശ്യമാണ്. അതിലൊന്ന് അക്കാദമിക മേഖലയിലെ ഇടപെടലുകളാണ്. മറ്റൊന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കുന്ന അറിവുകള്‍ പ്രയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇടപെടലുകളാണ്. ഈ രണ്ട് പ്രവര്‍ത്തനങ്ങളെയും പരസ്പര പൂരകമായി ബന്ധിപ്പിച്ചുകൊണ്ട് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

കോളേജുകള്‍ കേവലം വിജ്ഞാനവിതരണ കേന്ദ്രങ്ങളാണെന്ന ചിന്താഗതിക്ക് മാറ്റം വരുന്ന കാലമാണിത്. ഏതെങ്കിലും ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നവിധം മാത്രം കുട്ടികളെ പരിശീലിപ്പിക്കുക എന്ന തരത്തിലുള്ള ചിന്താഗതിക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ബഹുമുഖമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനാണ് നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പ്രാധാന്യം നല്‍കിവരുന്നത്.

ഏതെങ്കിലും പ്രത്യേക ജ്ഞാനശാഖയില്‍ മാത്രം പരിചയമുള്ളവരടങ്ങുന്ന സമൂഹത്തെക്കാളുപരി എല്ലാ ജ്ഞാനശാഖകളിലും അറിവും നൈപുണ്യവുമുള്ള വ്യക്തികള്‍ ഉള്‍പ്പെടുന്ന സമൂഹമാകും എപ്പോഴും പുരോഗമനോന്മുഖമായി പരിവര്‍ത്തിപ്പിക്കപ്പെടുന്നത്. അവിടെ മാത്രമേ സമഗ്രമായ സാമൂഹികപുരോഗതി ഉണ്ടാവുകയുള്ളൂ. അത്തരത്തിലുള്ള ഒരു സമൂഹസൃഷ്ടിയാണ് നമ്മള്‍ ലക്ഷ്യംവെക്കുന്നത്. ലോകത്തിന്‍റെ ഏതു കോണില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവും നമ്മുടെ സാമൂഹിക പുരോഗതിക്ക് ഉതകുന്ന വിധത്തില്‍ വിളക്കിച്ചേര്‍ക്കപ്പെടണം.

അറിവ് സ്വീകരിക്കുകയും പകര്‍ന്നുകൊടുക്കുകയും മാത്രമല്ല, അറിവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി നമ്മുടെ സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമെല്ലാം മാറിത്തീരണം. അവയെ സമൂഹത്തിന്‍റെ നാനാതുറകളിലെത്തിച്ചു നല്‍കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണം. ഇത്തരം ബഹുമുഖ ഇടപെടലുകളിലൂടെ മാത്രമേ വൈജ്ഞാനിക സമൂഹത്തിന്‍റെ സൃഷ്ടി സാധ്യമാവുകയുള്ളു. അതിനുതകുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അത്തരം ഇടപെടലുകളില്‍ എടുത്തുപറയേണ്ടതാണ് ട്രാന്‍സ്ലേഷന്‍ ലാബുകളുടെ സ്ഥാപനം. നമ്മുടെ അക്കാദമിക് രംഗത്തിന്‍റെ ഒരു പരിമിതി, പലപ്പോഴും അവിടെ സൃഷ്ടിക്കപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ അറിവുകള്‍ ആ അക്കാദമിക് സമൂഹത്തിനുള്ളില്‍ മാത്രം നിലനില്‍ക്കുന്നു എന്നതാണ്. ആ പരിമിതിയെ നമുക്കു മറികടക്കേണ്ടതുണ്ട്. ഓരോ അറിവിനെയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അവയെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിനും നമുക്കു കഴിയണം.

പല മേഖലകളിലും തനത് അറിവിന്‍റെ അഭാവം നേരിടുന്ന ഒരു നാടാണ് നമ്മുടേത്. വിദേശ സാങ്കേതികവിദ്യകള്‍ കടംകൊണ്ടോ വിദേശത്തെ ഗവേഷണശാലകളില്‍ ഉണ്ടാകുന്ന അറിവുകളെ ആശ്രയിച്ചോ ആണ് പലപ്പോഴും നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗമടക്കം മുന്നോട്ടുപോകുന്നത്. പേറ്റന്‍റ് വ്യവസ്ഥകളും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും മറ്റും കര്‍ശനമാക്കപ്പെടുന്ന ഈ കാലത്ത് മറ്റ് ഇടങ്ങളിലുണ്ടാകുന്ന അറിവുകളെ മാത്രം ആശ്രയിക്കുന്നത് അത്രകണ്ട് പ്രാവര്‍ത്തികമല്ല. അതുകൊണ്ട്, തദ്ദേശീയ അറിവുകള്‍, ഗവേഷണങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ നമുക്കു കഴിയണം. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും തയ്യാറാകണം.

പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കേരളത്തിനു പുറത്തേക്കു പോകുന്ന രീതി കണ്ടുവരുന്നുണ്ട്. ഇന്ത്യയുടെയാകെ കാര്യമെടുത്താല്‍ പഠിക്കാനായി രാജ്യത്തിനു പുറത്തുപോവുന്ന പ്രവണതയുമുണ്ട്. അവിടങ്ങളിലുണ്ടെന്നു പറയപ്പെടുന്ന അക്കാദമിക നിലവാരത്തേക്കാളുപരി പഠിക്കുന്നതോടൊപ്പം തന്നെ അവിടങ്ങളില്‍ ജോലി ചെയ്യാമെന്നതും നൈപുണ്യം വികസിപ്പിക്കാമെന്നതുമാണ് നമ്മുടെ വിദ്യാര്‍ത്ഥികളെ മറ്റിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. അത്തരം സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലും ലഭ്യമാകണം. അതിനുതകുന്നവിധമാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം എന്നിവ ഒരുക്കുന്നത്. മെഡിക്കല്‍, നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് ചെയ്യാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പോലെ എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ഇന്‍റേണ്‍ഷിപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ ഈ യുഗത്തില്‍ മുന്നേറുന്ന നിരവധി തൊഴില്‍ മേഖലകളുണ്ട്. അവയില്‍ ഐ ടി, ബി ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രിക് വാഹനനിര്‍മ്മാണം, ഫിന്‍ടെക്ക് സേവനങ്ങള്‍ എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ മേഖലകളില്‍ നാടിന് മുന്നേറാനുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ലൈഫ് സയന്‍സ് പാര്‍ക്ക് സ്ഥാപിച്ചും ഐ ടി മേഖലയിലെ വര്‍ക്കിങ് സ്പെയ്സിന്‍റെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിച്ചും സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം ഒരുക്കിയും ഗ്രഫീന്‍ ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയുമെല്ലാം വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിവരുന്നത്.


സര്‍ക്കാരിന്‍റെ ഇടപെടല്‍ മാത്രം പോര

സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല ഇത്തരം മേഖലകളിലെ മുന്നേറ്റങ്ങള്‍. കാരണം, വളരെ ചടുലമായി മാറിക്കൊണ്ടിരിക്കുന്ന മേഖലകളാണ് ഇവയെല്ലാം. ആ മാറ്റങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ക്ലാസ് മുറികളില്‍ നിന്നും മാത്രം ലഭിക്കുന്നവയല്ലതാനും. സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി അത്തരം മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവയെ നമ്മുടെ നാട്ടിലവതരിപ്പിക്കാനും കഴിയണം. അതിനുവേണ്ട സാഹചര്യമൊരുക്കാനാണ് ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതും കെ ഫോണ്‍ പോലെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതും.

ലോക വൈജ്ഞാനിക ശൃംഖലയുമായി കേരളത്തെ ബന്ധിപ്പിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. അതിന്‍റെ ഭാഗമായി വിദേശ സര്‍വ്വകലാശാലകളുടെയടക്കം സേവനങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കാനും അന്താരാഷ്ട്ര തലത്തിലെ പ്രതിഭകളുമായി കേരളത്തിലെ വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ശാസ്ത്ര – സാങ്കേതികരംഗങ്ങളില്‍ കേരളത്തിന്‍റെ മുന്നേറ്റം സാധ്യമാക്കാനാണ് ഇത്തവണ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ബജറ്റ് അവതരിപ്പിച്ചത്. 3,500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ശാസ്ത്ര – സാങ്കേതിക രംഗങ്ങളിലെ നൂതന ആശയങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഈ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ മേഖലകളിലും ഇതിന്‍റെ ഗുണഫലങ്ങള്‍ ലഭിക്കും. അവയെ മെച്ചപ്പെട്ട നിലയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.

മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ ടെക്ക് ഇന്നൊവേഷന്‍ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ പാര്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഇത്തവണത്തെ ബജറ്റില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യാ മേഖലയ്ക്കായി 559 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിനും അവ പ്രയോഗിക്കുന്നതിനുമുള്ള അവസരങ്ങളൊരുക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.

കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടാണെന്നും യുവാക്കള്‍ ഇവിടം ഉപേക്ഷിച്ചു പോവുകയാണ് വേണ്ടത് എന്നുമുള്ള പ്രചരണങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. കേരളം വ്യാവസായിക സൗഹൃദമല്ലെന്നും ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ എന്താണ് നമ്മുടെ നാടിന്‍റെ വ്യവസായ രംഗത്തിന്‍റെ അവസ്ഥ? രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണിത്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച സംസ്ഥാനമാണ് കേരളം. ഗ്ലോബല്‍ സ്പൈസസ് പ്രോസസ്സിങ്ങിന്‍റെ ഹബ്ബാണ് കേരളം. ലോകത്തുല്‍പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതല്‍ 50 ശതമാനത്തോളം കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിങ് നടത്തുന്ന 75 ശതമാനം കമ്പനികള്‍ക്കും ഇ യു സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ലോകത്തേറ്റവുമധികം കൃത്രിമപ്പല്ലുകള്‍ ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനി കേരളത്തിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ എക്വിപ്മെന്‍റ് ഉത്പാദന കമ്പനികളിലൊന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എയര്‍ബസ്, നിസ്സാന്‍, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നത് നമ്മുടെ ഓര്‍മ്മയിലുള്ള കാര്യങ്ങളാണ്. എന്നിട്ടും ഇവിടെ വ്യവസായങ്ങള്‍ വളരുന്നില്ല എന്നും കേരളം വ്യവസായങ്ങള്‍ക്ക് അനുകൂലമല്ല എന്നും ഉള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കുറഞ്ഞപക്ഷം നമ്മുടെ യുവാക്കളെങ്കിലും ഇത്തരം വ്യാജപ്രചാരങ്ങളെ തിരിച്ചറിയണം. പ്രതിരോധിക്കണം.

ഈ സാമ്പത്തിക വര്‍ഷത്തെ സംരംഭക വര്‍ഷമായാണ് നമ്മള്‍ കണക്കാക്കിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ 10 മാസം കൊണ്ടുതന്നെ അവയുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാന്നൂറ്റി എണ്‍പത്തി ഒന്നിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. 8,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി സാധ്യമായത്. രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തോളം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാന്‍ കഴിഞ്ഞു. കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ മാനുഫാക്ചറിങ് സെക്ടറിന്‍റെ സംഭാവന 14 ശതമാനത്തോളമാണ്. അത് ദേശീയ ശരാശരിക്കടുത്താണ്. കഴിഞ്ഞ വര്‍ഷമാണ് വ്യാവസായിക സൗഹൃദാന്തരീക്ഷത്തിലെ റാങ്കിങ്ങില്‍ കേരളം 15-ാം സ്ഥാനത്തേക്ക് മുന്നേറിയത്.

പരമ്പരാഗത നൂതന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍റ് ഇന്നോവേഷന്‍ ഹബ്ബ് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2022 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോഡബിള്‍ ടാലന്‍റ്സ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതും ലോകത്ത് നാലാമതുമാണ്.

കഴിഞ്ഞ ആറരവര്‍ഷം കൊണ്ട് ഏതാണ്ട് 3800 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ ആരംഭിച്ചത്. 40,000ല്‍ അധികം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 4,561 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് ഇതുവഴി ലഭ്യമാക്കി. 836 കോടി രൂപയുടെ നിക്ഷേപം ഫണ്ട് ഓഫ് ഫണ്ട് ഇനത്തിലും ലഭ്യമാക്കി. 29 കോടി രൂപയാണ് ഇന്നോവേഷന്‍ ഗ്രാന്‍റ് എന്ന നിലയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത.്

നമ്മുടെ യുവാക്കളെ തൊഴില്‍ സംരംഭകര്‍ എന്നതുപോലെ തന്നെ തൊഴില്‍ ദാതാക്കള്‍ കൂടിയാക്കി മാറ്റുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നു. നിങ്ങളും ഈ സാഹചര്യം പ്രയോജനപ്പെടുത്തണം. നൂതനമായ ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. എല്ലാ സഹായവും നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകും. സാങ്കേതികവിദ്യാ വികാസവും പ്രൊഫഷണല്‍ രംഗത്തെ മുന്നേറ്റവും ഉണ്ടാകുമ്പോള്‍ തന്നെ നാടാകെ പുരോഗമിക്കണമെങ്കില്‍ ഇവിടെയുള്ള ശാന്തിയും സമാധാനവും സംരക്ഷിക്കപ്പെടണം.

കേരളത്തെ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി പരിണമിപ്പിക്കുന്നതിനുള്ള ഇടപെടലുകളുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഉല്‍പാദനോന്മുഖമായി കേരള സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിനോടൊപ്പം വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും ഉറപ്പാക്കേണ്ടതുണ്ട്. അതിനായി വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയും ക്ഷേമ പദ്ധതികള്‍ അര്‍ഹമായ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുകയാണ്. അങ്ങനെ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള നവകേരളം സാധ്യമാവുകയുള്ളു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 3 =

Most Popular