Thursday, May 9, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിലെ ഭരണസംവിധാനം

ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിലെ ഭരണസംവിധാനം

എം എ ബേബി

ലാവോഷ്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് ഭരണകക്ഷിയായ ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി. ഭരണനിര്‍വഹണത്തില്‍ ജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ പാര്‍ട്ടി അതീവ ജാഗ്രത പുലര്‍ത്താറുണ്ട്. ജനങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കുകയും സാമൂഹ്യ – സാമ്പത്തിക പശ്ചാത്തലസൗകര്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നതുവഴി ജനസാമാന്യത്തിന്‍റെയാകെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നതിനും തുല്യമാക്കുന്നതിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് 1975ല്‍ അധികാരത്തില്‍ വരുമ്പോള്‍ കയസണ്‍ ഫോമ്വിഹാനെ പറയുകയുണ്ടായി. അന്ന് പറഞ്ഞതുപോലെതന്നെ ജനങ്ങള്‍ക്കുവേണ്ടി ആ ഗവണ്‍മെന്‍റ് ഉറച്ചുനിലകൊള്ളുന്നു എന്നാണ് പിന്നീടിങ്ങോട്ടുള്ള ലാവോ പിഡിആറിന്‍റെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. അരനൂറ്റാണ്ടു പിന്നിടുമ്പോഴും എല്‍പിആര്‍പിക്ക് നിലനില്‍ക്കുന്ന ലാവോസിലുള്ള ജനപിന്തുണ ആ നിലപാടിന്‍റെ ഫലമാണ്. ദാരിദ്ര്യത്തിന്‍റെയും ദുരിതത്തിന്‍റെയും പടുകുഴിയില്‍ വീണുകിടക്കുന്ന ഒരു ജനതയുടെ ജീവിതം മെച്ചപ്പെടുത്തി സാധാരണ നിലയിലേക്കുയര്‍ത്തണമെങ്കില്‍ അതിന് ഭരണസംവിധാനത്തില്‍ തൃണമൂലതല ജനാധിപത്യം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യം എല്‍പിആര്‍പിക്ക് ഉണ്ടായിരുന്നു.

ദേശീയ അസംബ്ലി
ദേശീയ അസംബ്ലിയാണ് ലാവോസില്‍ നിയമനിര്‍മാണം നിര്‍വഹിക്കുന്ന സംവിധാനം. ലാവോസിലെ ബഹുവംശീയ ജനതയുടെ അവകാശങ്ങളും താല്‍പര്യങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്ന സംവിധാനമാണ് ദേശീയ അസംബ്ലി. രാജ്യത്തെ മൗലികമായ പ്രശ്നങ്ങളിന്മേല്‍ തീരുമാനങ്ങളെടുക്കുവാനും, എക്സിക്യൂട്ടീവ് സ്ഥാപനങ്ങളുടെയും ജനകീയ കോടതികളുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിന്‍റെയും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുവാനും അധികാരമുള്ള നിയമനിര്‍മാണ വിഭാഗമാണ് ദേശീയ അസംബ്ലി. രാജ്യത്തെ ഭരണഘടന തയ്യാറാക്കുകയും അംഗീകരിക്കുകയും ഭേദഗതി വരുത്തുകയും ചെയ്യുക എന്നതാണ് ദേശീയ അസംബ്ലിയുടെ മൗലികമായ കടമകളിലൊന്ന്. രാജ്യത്ത് നിയമങ്ങള്‍ നിര്‍മിക്കുകയും ഭേദഗതി വരുത്തുകയും ആവശ്യമില്ലെന്ന് കാണുന്നവ റദ്ദാക്കുകയും ചെയ്യുക എന്നതും നികുതിയും ചുങ്കവും തീരുമാനിക്കുന്നതും സാമൂഹിക, സാമ്പത്തിക വികസനത്തിനും ബജറ്റിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് അംഗീകരിക്കുന്നതുമെല്ലാം ദേശീയ അസംബ്ലിയുടെ കടമയാണ്. പ്രസിഡന്‍റിന്‍റെ ശുപാര്‍ശപ്രകാരം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ നിയമിക്കുകയോ തല്‍സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യുക, ഗവണ്‍മെന്‍റിന്‍റെ സംഘടനാപരമായ ഘടന അംഗീകരിക്കുക, അതുപോലെതന്നെ പ്രധാനമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവണ്‍മെന്‍റിലെ അംഗങ്ങളെ സ്ഥലംമാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുക എന്നിങ്ങനെയുള്ള അധികാരങ്ങളും കടമകളുമുള്ള സ്ഥാപനമാണ് ദേശീയ അസംബ്ലി. ജനകീയ സുപ്രീംകോടതിയുടെ പ്രസിഡന്‍റിനെയും പരമോന്നത പബ്ലിക് പ്രോസിക്യൂട്ടറെയും പ്രസിഡന്‍റിന്‍റെ ശുപാര്‍ശയിന്മേല്‍ തിരഞ്ഞെടുക്കുന്നതും നീക്കം ചെയ്യുന്നതും ദേശീയ അസംബ്ലിയാണ്. ജനാധിപത്യ തത്വമനുസരിച്ച് സംഘടിപ്പിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും യോഗങ്ങള്‍ ചേരുകയും ഭൂരിപക്ഷ വോട്ടനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ജനാധിപത്യപരമായ സംവിധാനമാണത്.

കയസണ്‍ ഫോമിഹാനെ

പ്രസിഡന്‍റാണ് ലാവോ പിഡിആറിന്‍റെ രാഷ്ട്രത്തലവന്‍; അതേസമയം പ്രധാനമന്ത്രി ഭരണത്തലവനുമാണ്. ഗവണ്‍മെന്‍റിന്‍റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നയിക്കുകയും നിയന്ത്രിക്കുകയും സുഗമമാക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. ഗവണ്‍മെന്‍റിന്‍റേതായ യോഗങ്ങള്‍ വിളിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ദേശീയ അസംബ്ലി പാസ്സാക്കുന്ന പ്രമേയങ്ങളുടെ നടപ്പാക്കലിനെ നിരീക്ഷിക്കുകയും, വിവിധ മന്ത്രാലയങ്ങളുടെയും തത്തുല്യമായ സംവിധാനങ്ങളുടെയും പ്രവിശ്യകളുടെയും നഗരങ്ങളുടെയും നേരിട്ടു ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള മറ്റു സംഘടനകളുടേയുമാകെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതിനും നയപരിപാടികള്‍ രൂപീകരിച്ച് അത് നടപ്പിലാക്കുന്നതിനും ഗവണ്‍മെന്‍റ് ചിട്ടയോടെ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്‍റിനുകീഴില്‍ പ്രവിശ്യാ, ജില്ലാ, ഗ്രാമ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഭരണനിര്‍വഹണ സംവിധാനം
രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക തലങ്ങളും പരിസ്ഥിതി സംരക്ഷണം, ദേശീയ സുരക്ഷ, പ്രതിരോധം, വിദേശകാര്യം, വിഭവ വിനിയോഗം തുടങ്ങിയ രംഗങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ഭരണപരമായ കടമ നിര്‍വഹിക്കുന്ന എക്സിക്യൂട്ടീവ് വിഭാഗമായാണ് ലാവോ പിഡിആര്‍ ഗവണ്‍മെന്‍റ് നിലകൊള്ളുന്നത്. ഭരണഘടനയും, ദേശീയ അസംബ്ലി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും നിയമങ്ങളും നടപ്പാക്കുകയും ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സര്‍വ്വോപരി ക്ഷേമത്തിനുംവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംവിധാനമാണ് ലാവോസിലുള്ളത്. സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള പദ്ധതികളും ബജറ്റും നടപ്പിലാക്കാനും തന്ത്രപ്രധാനമായ പദ്ധതികള്‍ നിര്‍ണയിക്കാനുമുള്ള ഉത്തരവാദിത്വം ഗവണ്‍മെന്‍റിനുണ്ട്.

രാജ്യത്തെ ബഹുവംശീയ ജനവിഭാഗങ്ങളെയാകെ ഒന്നിപ്പിച്ച് നിര്‍ത്തുകയും സംഘടിപ്പിക്കുകയും ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ലാവോസിലെ ഗവണ്‍മെന്‍റിന്‍റെ പ്രത്യേകതകള്‍ അനേകമാണ്; കൃത്യമായി ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ച് ജനാധിപത്യപരമായി സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുവാനാണ് ലാവോസിലെ ഗവണ്‍മെന്‍റ് ശ്രമിക്കുന്നത്.

പ്രവിശ്യാ ഭരണസംവിധാനം: അടിത്തട്ടുവരെയുള്ള ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലയെന്നോണമാണ്, രാജ്യത്തെ തദ്ദേശഭരണം പ്രവിശ്യകളും അതിനുകീഴില്‍ ജില്ലകളും അവയ്ക്കുതാഴെ ഗ്രാമങ്ങളുമായി തിരിച്ചിരിക്കുന്നത്. അനേകം ജില്ലകളും മുന്‍സിപ്പാലിറ്റികളും ഉള്‍ക്കൊള്ളുന്നതാണ് പ്രവിശ്യ. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും കേന്ദ്രമാണ് പ്രവിശ്യകള്‍. പ്രവിശ്യാതലവനായ ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും അനേകമാണ്. ഗവണ്‍മെന്‍റിന്‍റെ നയപരിപാടികളും നിയമങ്ങളും പ്രവിശ്യകളില്‍ നടപ്പാക്കുന്ന ഗവര്‍ണര്‍ പ്രവിശ്യകളുടെ സാമൂഹിക സുരക്ഷിതത്വവും വളര്‍ച്ചയും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ജില്ലാ ഭരണസ്ഥാപനങ്ങള്‍ തൊട്ട് മുന്‍സിപ്പാലിറ്റികളിലെയും ഗ്രാമങ്ങളിലെയുംവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രവിശ്യകള്‍ ദേശീയനിര്‍മിതിക്കായുള്ള ലാവോ മുന്നണി (ഘഎചഇ) യുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

⇒ ജില്ലാ ഭരണകേന്ദ്രം: ഓരോ പ്രവിശ്യയ്ക്കും കീഴില്‍ തദ്ദേശഭരണകേന്ദ്രമായ ജില്ലകള്‍ ക്രമീകരിച്ചിരിക്കുന്നു. ജില്ലാ തലവന്മാരും ഇത്തരത്തില്‍ രാജ്യത്തിന്‍റെ മുന്നേറ്റത്തിനായുള്ള സാമൂഹിക- സാമ്പത്തിക വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും നിയമ-നയപരിപാടികള്‍ ഉറപ്പാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിലും ശ്രദ്ധിക്കുന്നു. ജില്ലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുചെയ്യുകയും ഗ്രാമങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് ജില്ലാ കേന്ദ്രങ്ങളാണ്.

⇒ ഗ്രാമ ഭരണകേന്ദ്രങ്ങള്‍: ജില്ലയുടെയോ അഥവാ മുന്‍സിപ്പാലിറ്റിയുടെയോ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന, ഏറ്റവും അടിത്തട്ടിലുള്ള തദ്ദേശഭരണകേന്ദ്രമാണ് ഗ്രാമ ഭരണസംവിധാനം. ജനങ്ങളോട് നേരിട്ട് ഇടപഴകുന്നു എന്നതിനാല്‍ തന്നെ ഒട്ടേറെ ഔപചാരിക കര്‍ത്തവ്യങ്ങള്‍ക്കൊപ്പം ജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കുകയും അവര്‍ക്കിടയില്‍ ഒരുമയും ഐക്യദാര്‍ഢ്യവും വളര്‍ത്തുകയും ചെയ്യേണ്ടതും ഗ്രാമഭരണ നേതൃത്വത്തിന്‍റെ കടമയാണ്. ജനങ്ങളുടെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും സുസ്ഥിരമായ ജീവിതവും അടിത്തട്ടില്‍ ഉറപ്പാക്കേണ്ട ഗ്രാമ ഭരണ സംവിധാനം ലാവോസിലെ സാമൂഹിക,സാമ്പത്തിക വികസനപ്രവര്‍ത്തനങ്ങളുടെ ഹൃദയമാണ്.

ഇങ്ങനെ ശാസ്ത്രീയവും ജനാധിപത്യപരവുമായ മാതൃകയില്‍ ഭരണനിര്‍വഹണ സംവിധാനത്തെ ക്രമപ്പെടുത്തുകയും ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും അതിന്‍റേതായ അധികാരങ്ങളും ചുമതലകളും വേര്‍തിരിച്ചു നല്‍കുകയും ചെയ്തുകൊണ്ടാണ് ലാവോ പിഡിആര്‍ പ്രവര്‍ത്തിക്കുന്നത്. എല്‍പിആര്‍പി ലാവോസില്‍ നടത്തുന്നത് സ്വേച്ഛാധിപത്യമാണെന്നും അരാജകത്വമാണെന്നുമൊക്കെയുള്ള സ്ഥിരം കമ്യൂണിസ്റ്റുവിരുദ്ധ പ്രചരണങ്ങള്‍ക്കുള്ള മറുപടികൂടിയാണ് അവിടുത്തെ തൃണമൂലതല ജനാധിപത്യസംവിധാനവും ഭരണനിര്‍വഹണവും. ഈ സംവിധാനത്തിലൂടെയാണ് ലാവോസിന്‍റെ സാമൂഹിക, സാമ്പത്തിക വികസനപ്രവര്‍ത്തനങ്ങളും പൊതുജനക്ഷേമവും ഉറപ്പാക്കുന്നത്.

ജുഡീഷ്യല്‍ സംവിധാനം
വളരെ ചിട്ടയോടുകൂടിയുള്ളതും നീതിപൂര്‍വകവുമായ ജുഡീഷ്യല്‍ സംവിധാനമാണ് ലാവോസിലുള്ളത് രണ്ടുതരം ജുഡീഷ്യല്‍ സ്ഥാപനങ്ങളാണുള്ളത്: 1) ജനകീയ കോടതികള്‍ 2) ജനകീയ പ്രോസിക്യൂട്ടര്‍മാര്‍. കേസുകള്‍ വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കാനധികാരമുള്ള ജുഡീഷ്യല്‍ സ്ഥാപനമാണ് ജനകീയ കോടതികള്‍. നിയമം ലംഘിക്കുന്നവരെ വിചാരണ ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്യുക, നിയമലംഘനത്തിലേക്കു നയിക്കുന്ന കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്യുക, രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തെ സംബന്ധിച്ച ജനങ്ങളുടെ അറിവ് വര്‍ധിപ്പിക്കുക, നിയമങ്ങളെയും നയങ്ങളെയും സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കുക, സമൂഹത്തില്‍ അച്ചടക്കം നിലനിര്‍ത്തുക എന്നിവയാണ് ജുഡീഷ്യറിയുടെ അവകാശങ്ങളും കടമകളും.

കേസുകള്‍ വിചാരണ നടത്തുവാനധികാരമുള്ള ജുഡീഷ്യല്‍ സ്ഥാപനമാണ് ജനകീയ കോടതികളെങ്കില്‍, കേന്ദ്രം മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍വരെയുള്ള ഗവണ്‍മെന്‍റ് സംഘടനകളും സാമൂഹികസംഘടനകളും സംരംഭങ്ങളും രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും കൃത്യമായി പിന്തുടരുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഓഫീസ് ഓഫ് ദ പബ്ലിക് പ്രോസിക്യൂട്ടര്‍. കോടതി നടപടിക്രമങ്ങളിലും വിധിതീര്‍പ്പിലും നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നുണ്ടോ എന്നു പരിശോധിക്കുക, അറസ്റ്റിലും തടവിലും പുനര്‍ വിദ്യാഭ്യാസശാലകളിലും ജയിലുകളിലും കോടതി നടപടികള്‍ നടപ്പാക്കുമ്പോള്‍ നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നുണ്ടോ എന്നു പരിശോധിക്കുക, തടവുകാര്‍ക്ക് മോചനമനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക, നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ നടപടി സ്വീകരിക്കുക, നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നില്ലായെന്നും ശിക്ഷിക്കപ്പെടുന്നവര്‍ നിയമപ്രകാരമാണ് ശിക്ഷിക്കപ്പെടുന്നതെന്നും ഉറപ്പാക്കുക എന്നിങ്ങനെ പോകുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കാര്യാലയത്തിന്‍റെ അധികാരങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്ത് നിയമവാഴ്ച പിന്തുടരുന്നു എന്നുറപ്പാക്കുകയാണ് ഈ സംവിധാനത്തിന്‍റെ ആത്യന്തിക ലക്ഷ്യം.

ജനാധിപത്യവും പൗരാവകാശങ്ങളും ലാവോസില്‍
ലാവോ പിഡിആറിലെ നിയമവാഴ്ചയെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ലാവോ പൗരര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും കടമകളും. വളരെ വിശാലമായ മൗലികാവകാശങ്ങളാണ് തൊഴിലാളിവര്‍ഗ പാര്‍ട്ടി ഭരിക്കുന്ന ഈ രാജ്യം പൗരര്‍ക്ക് പ്രദാനംചെയ്യുന്നത്. പ്രായം, ജന്‍ഡര്‍, സാമൂഹിക പദവി, വിദ്യാഭ്യാസം, വിശ്വാസം, വംശീയ വിഭാഗങ്ങള്‍ എന്നിവയൊന്നും കണക്കാക്കാതെ നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ് എന്ന് ലാവോ പിഡിആറിന്‍റെ ഭരണഘടന ഉറപ്പാക്കുന്നു. 18 വയസ്സായ എല്ലാ ലാവോ പൗരര്‍ക്കും വോട്ടു ചെയ്യാനും 20 വയസ്സായ എല്ലാ പൗരര്‍ക്കും തിരഞ്ഞെടുക്കപ്പെടാനും അവകാശമുണ്ട്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും കുടുംബകാര്യങ്ങളിലും തുല്യാവകാശങ്ങള്‍, എല്ലാ പൗരര്‍ക്കും വിദ്യാഭ്യാസത്തിനും സ്വയം നവീകരിക്കപ്പെടാനുമുള്ള അവകാശം, തൊഴിലെടുക്കാനും നിയമവിരുദ്ധമല്ലാത്ത ജോലികള്‍ ചെയ്യാനുമുള്ള അവകാശം, വിശ്രമിക്കാനും ചികിത്സ ലഭിക്കാനുമുള്ള അവകാശം, ഏതു മതത്തിലും വിശ്വസിക്കുവാനും ഒരുമതത്തിലും വിശ്വസിക്കാതിരിക്കുവാനുമുള്ള അവകാശം, നിയമവിരുദ്ധമല്ലാതെ സംസാരിക്കുവാനും അഭിപ്രായപ്രകടനത്തിനും സംഘംചേരുവാനുമുള്ള അവകാശം, ശാസ്ത്രവും സാങ്കേതികവിദ്യയും പഠിക്കുവാനും പ്രയോഗിക്കുവാനും കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനുമുള്ള അവകാശം എന്നിങ്ങനെയാണ് ലാവോ പിഡിആര്‍ പൗരര്‍ക്ക് പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍. ഒപ്പം തന്നെ സോഷ്യലിസ്റ്റാശയങ്ങളെ ഉള്‍ക്കൊള്ളുന്ന ഭരണഘടന മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇതെല്ലാം കാണിക്കുന്നത്, ഒരു പുരോഗമന ജനാധിപത്യ സമൂഹമാക്കി ലാവോസിനെ മാറ്റുവാനും സുസ്ഥിരമായ സമ്പദ്ഘടന സാധ്യമാക്കുവാനുമാണ് ലാവോസില്‍ എല്‍പിആര്‍പി ശ്രമിക്കുന്നത് എന്നാണ്.

ജനകീയ ലാവോസ് ജനക്ഷേമത്തിലൂടെ മുന്നോട്ട്
ഇത്തരത്തില്‍ വളരെ ചിട്ടയോടും ദീര്‍ഘവീക്ഷണത്തോടും കൂടിയ ഭരണനിര്‍വഹണ സംവിധാനവും നിയമ സംവിധാനവും ഉള്ളതുകൊണ്ടും, ജനകീയാസൂത്രണ മാതൃകയില്‍ തൃണമൂലതല വികസന പ്രക്രിയകള്‍ മുന്നോട്ടുകൊണ്ടുപോയതുകൊണ്ടുമാണ് 7 ശതമാനത്തിന്‍റെ വാര്‍ഷികവളര്‍ച്ച നേടിയ ഒരു രാജ്യമാക്കി ലാവോസിനെ മാറ്റാന്‍ എല്‍പിആര്‍പിക്ക് കഴിഞ്ഞത്. 17 പ്രവിശ്യകളും 139 ജില്ലകളും 10,552 ഗ്രാമങ്ങളുമുള്ള ഈ കൊച്ചുരാജ്യത്തിന്‍റെ ശരാശരി സാക്ഷരതാ നിരക്ക്, 15 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ 2005ലെ കണക്കുപ്രകാരം 73 ശതമാനമാണ്. 1995ല്‍ ഇത് 60 ശതമാനമായിരുന്നു. 2002-03 സാമ്പത്തിക വര്‍ഷം ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ ജീവിക്കുന്ന ജനങ്ങള്‍ 33.5 ശതമാനമായിരുന്നത് 2018ല്‍ 18.3 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ അഞ്ചു വയസ്സിനുമുന്‍പ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 2005ല്‍ 75 ആയിരുന്നെങ്കില്‍ 2020ല്‍ അത് 44 ആയി കുറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തെ ദാരിദ്ര്യം, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും പുരോഗതി നേടാനും താരതമ്യേന മെച്ചപ്പെട്ട സാമൂഹികാവസ്ഥ സൃഷ്ടിക്കുവാനും ലാവോ പിഡിആറിന് കഴിഞ്ഞു. സാമൂഹികപുരോഗതിക്കും സാമൂഹികക്ഷേമത്തിനും ജനകീയ ലാവോ പരമപ്രധാനമായ പരിഗണനയാണ് നല്‍കുന്നത്.

അതുകൊണ്ടാണ് ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19 മഹാമാരിയുടെ ആദ്യപാദത്തില്‍ ഒരു കോവിഡ് മരണം പോലുമില്ലാത്ത രാജ്യമെന്ന് വിയറ്റ്നാമിനൊപ്പം പേരെടുക്കുവാന്‍ ലാവോസിന് കഴിഞ്ഞത്. ശാസ്ത്രീയവും യുക്തിസഹവും ജനപക്ഷവുമായ ഉറച്ച സമീപനം കൈക്കൊണ്ടതുകൊണ്ടാണ് കോവിഡ് 19 നെ ഇങ്ങനെ ചെറുക്കാന്‍ ഈ കൊച്ചു രാജ്യത്തിന് സാധിച്ചത്. 2023 ജനുവരി വരെയുള്ള കണക്കനുസരിച്ച് ആകെ 2,17,901 കോവിഡ് ബാധിതരും 758 മരണവും മാത്രമാണ് മഹാമാരിയുടെ ഭാഗമായി ലാവോസിലുണ്ടായിട്ടുള്ളത്. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മഹാമാരിയെ ചെറുക്കുന്നതില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ലാവോസ്. കൊച്ചു ലാവോസിനെ സംബന്ധിച്ചിടത്തോളം ഈ നേട്ടം വളരെ വലുതാണ്.

എന്നാല്‍ മഹാമാരിമൂലം ലോകത്തുടനീളമുണ്ടായ സാമ്പത്തിക തിരിച്ചടികളുടെ പ്രതിഫലനം ലാവോസിന്‍റെ സമ്പദ്ഘടനയിലും കണ്ടുതുടങ്ങിയിരിക്കുന്നു. ദാരിദ്ര്യനിരക്ക് വര്‍ദ്ധിക്കുകയും ജനങ്ങളില്‍ ഗണ്യമായൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്തു. ആഗോള സാമ്പത്തികരംഗത്ത് മഹാമാരിയുണ്ടാക്കിയ ആഘാതം ലാവോസിനെയും ഒരു പരിധിവരെ ബാധിച്ചു.

കൃത്യമായ സാമ്പത്തികാസൂത്രണത്തിലൂടെയും ജനകീയനയങ്ങളിലൂടെയും ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് ലാവോസ് ഗവണ്‍മെന്‍റിന്. അയല്‍ രാജ്യങ്ങളുമായി സാമ്പത്തിക ഇടനാഴികള്‍ സൃഷ്ടിച്ചും രാജ്യത്തിന്‍റെ തനതായ ജലവൈദ്യുതി മേഖല ശക്തിപ്പെടുത്തിയുമാണ് ലാവോസ് മുന്നോട്ടുപോകുന്നത്. ഖനനവും ടൂറിസവുമാണ് പ്രധാന വരുമാന സ്രോതസ്സുകള്‍. ജനകീയ ചൈനയുടെ സഹായത്തോടെയുള്ള മെക്കോങ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനു പുറമെ ലാവോസ് തലസ്ഥാനമായ വിയന്‍റയിനില്‍നിന്ന് ചൈനയിലെ ഷാങ്ഹായ് വരെയുള്ള അതിവേഗ റയില്‍പാതയും ലാവോസിന്‍റെ ഭാവി വികസനത്തിന് അടിത്തറയിടുന്നു. വിഭവങ്ങള്‍ സാധ്യമായത്ര തുല്യമായി വിതരണം ചെയ്യുകയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുകയുമാണ് ഇപ്പോള്‍ ലാവോസ്. നിലവില്‍ ഒമ്പതാമത് ദേശീയ സാമൂഹിക സാമ്പത്തിക വികസന പരിപാടി (NSEDP) നടപ്പാക്കി വരികയാണ്. ലാവോസിന്‍റെ വികസനത്തിന് ഏറെ സംഭാവന ചെയ്ത നയസമീപനമാണ് ഇത്. ഈ പരിപാടികള്‍ നിലവില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍കൂടി അതിനോട് ചേര്‍ത്തുനിര്‍ത്തി യാഥാര്‍ത്ഥ്യമാക്കാനാണ് ഗവണ്‍മെന്‍റ് ശ്രമിക്കുന്നത്. ഒരു അടിസ്ഥാന സാമൂഹിക സുരക്ഷാ സംവിധാനംവഴി ലാവോ ജനതയുടെയാകെ ക്ഷേമം 2030 ഓടെ യാഥാര്‍ത്ഥ്യമാക്കുക എന്ന കാഴ്ചപ്പാടോടുകൂടി സുസ്ഥിര വികസനത്തോടുചേര്‍ത്ത് 2030 ഓടുകൂടി നേടിയെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളും ദേശീയ സാമൂഹിക സംരക്ഷണ തന്ത്ര പരിപാടി വഴി നടപ്പാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ലാവോസ്.

തുടക്കത്തില്‍ പറഞ്ഞതുപോലെ, സമത്വപൂര്‍ണമായ സാമൂഹമായി രാജ്യത്തെ പരിവര്‍ത്തനത്തിന്‍റെ പാതയിലൂടെ നയിക്കാനാണ് ശാസ്ത്രീയ സോഷ്യലിസത്തില്‍ ഉറച്ചുനില്‍ക്കുന്ന ലാവോ പീപ്പിള്‍സ് റവല്യൂഷനറി പാര്‍ട്ടി ശ്രമിക്കുന്നത്. നീതിപൂര്‍വകവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹ നിര്‍മ്മിതിക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിന്‍റെ കൂട്ടായ ഉടമസ്ഥരും അധിപരുമെന്ന നിലയില്‍ തൊഴിലാളിവര്‍ഗത്തിന്‍റെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങള്‍ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് ഭരണഘടനയിലൂടെയും ഗവണ്‍മെന്‍റിലൂടെയും ലാവോ പിഡിആര്‍ ശ്രമിക്കുന്നത്. ഫോമ്വിഹാനെ പറഞ്ഞതുപോലെ, “ഒരു വികസിത സോഷ്യലിസ്റ്റ് സംസ്കാരത്തിന്‍റെ രൂപീകരണവും പുതിയ പുരോഗമന വ്യക്തിയുടെ വിദ്യാഭ്യാസവും മൊത്തം പരിവര്‍ത്തന പ്രക്രിയയിലെ അനുപേക്ഷണീയമായ ഘടകമാണ്. ഉല്‍പാദന ബന്ധങ്ങളുടെയും ശാസ്ത്ര സാങ്കേതികവിദ്യയുടെയും രംഗത്ത് വിപ്ലവത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണത്; ഇതെല്ലാം ചേര്‍ന്ന് നാം മുറുകെപ്പിടിക്കുന്ന സോഷ്യലിസ്റ്റ് വിപ്ലവത്തെ വിജയത്തിലേക്ക് നയിക്കും” (Revolution in Laos, Kayasone Phomvihane, P 194) തീര്‍ച്ചയായും ഈ ആശയം വിജയശ്രീലാളിതമാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − seven =

Most Popular