ജനാധിപത്യ ഭരണകൂടത്തിനു നാല് തൂണുകളാണ് എന്നാണ് പൊതുവെ പറയാറുള്ളത്. മൂന്നെണ്ണം ഔദ്യോഗികമാണ്. ജനപ്രതിനിധിസഭ, ഭരണനിര്‍വഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ. നാലാമത്തേത് പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്ന മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ ഒരു നൂറ്റാണ്ടിലേറെയായി കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലാണ്, പാശ്ചാത്യ രാജ്യങ്ങളില്‍. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലും അത് ഏറെക്കുറെ പൂര്‍ണമായി. അവ ഇപ്പോള്‍ ‘നമോ’ സ്തുതിപാഠകരാണ്.
ഔദ്യോഗിക തൂണുകളില്‍, തിരഞ്ഞെടുപ്പില്‍ ജനപിന്തുണ പണംകൊടുത്തും കയ്യൂക്കുകൊണ്ടും സംഘടിപ്പിച്ച ജനപ്രതിനിധികളില്‍ ഭൂരിപക്ഷത്തെ ആര്‍എസ്എസ് – ബിജെപി തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തിയിരിക്കുന്നു. കുത്തക മുതലാളിമാര്‍ അദാനി – അംബാനിമാരുടെ നേതൃത്വത്തില്‍ അതിനായി എത്ര പണവും ഒഴുക്കാന്‍ തയ്യാറാണ്. ഔദ്യോഗികതലത്തില്‍ സംഘടിപ്പിക്കപ്പെട്ട പല പിഎം ഫണ്ടുകളും ഇപ്പോള്‍ സ്വകാര്യ ഫണ്ടുകളാണ്. അവയുടെ കണക്ക് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ അവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംശയാസ്പദമാണെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അത്ഭുതമില്ല.
എക്സിക്യൂട്ടീവ് എന്ന ഭരണനിര്‍വഹണ വിഭാഗത്തെ കഴിഞ്ഞ 9 വര്‍ഷങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് – ബിജെപി നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും വിധേയരും അല്ലാത്തവരും എന്നൊക്കെയായി വര്‍ഗീകരിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ ഒരു പരിധിവരെ പട്ടാളത്തെക്കൂടി അണിനിരത്തിക്കഴിഞ്ഞതായി പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ എക്സിക്യൂട്ടീവ് ബാധ്യസ്ഥമാണ്, പക്ഷേ, ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി നിലപാട് കൈക്കൊള്ളുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കാന്‍ സ്ഥിരം ഉദ്യോഗസ്ഥ വൃന്ദം ബാധ്യസ്ഥമാണ്, ജനാധിപത്യ വ്യവസ്ഥയില്‍. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നെങ്കിലേ ഉദ്യോഗസ്ഥര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയൂ. ഇന്ത്യയില്‍ അങ്ങനെ ചെയ്യാന്‍ കഴിയാത്ത സ്ഥിതി സംജാതമായിട്ടുണ്ട് എന്ന് റിട്ടയര്‍ ചെയ്ത, വിവിധ തലങ്ങളിലുള്ള പല ഉദ്യോഗസ്ഥരും തുറന്നുപറഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്ന തൂണാണ് ജുഡീഷ്യറി എന്ന നീതിന്യായ വിഭാഗം. അത് ഏറെക്കുറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ സവിശേഷതയായി പലരും പല കാലങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 50 വര്‍ഷം മുമ്പാണ് സുപ്രീംകോടതിയുടെ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ചുകളില്‍ ഒന്ന് (13 അംഗ ബെഞ്ച്) കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതില്‍ പാര്‍ലമെന്‍റിനു പരിധി നിശ്ചയിച്ചത്. അതിന്‍റെ അടിസ്ഥാനഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്‍റിന് അധികാരമില്ല എന്നു കോടതി വിധിച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും മൗലികാവകാശങ്ങളും മറ്റും അക്കൂട്ടത്തില്‍പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭരണഘടനയുടെ മേല്‍ക്കൈ, ഇന്ത്യയുടെ ഏകത്വം, പരമാധികാരം, ജനാധിപത്യപരവും റിപ്പബ്ലിക്കന്‍ സ്വഭാവമുള്ളതുമായ ഭരണകൂടം എന്നിവയാണ് ഭരണഘടനയുടെ അടിസ്ഥാനഘടന എന്നു കോടതി പറഞ്ഞു.
1970 കളിലാണ് കേരളത്തില്‍നിന്നുള്ള കേശവാനന്ദഭാരതിയുടെ കേസ് കൈകാര്യം ചെയ്യവേ സുപ്രീംകോടതി ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്. പാര്‍ലമെന്‍റിലെ കയ്യൂക്ക് ഉപയോഗിച്ച് ഭരണഘടനയെ തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തിരുത്തുന്നതിനായിരുന്നു ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അക്കാലത്ത് ശ്രമം നടന്നിരുന്നത്. ഒറ്റയ്ക്ക് ഭരണഘടന ഭേദഗതി ചെയ്യാന്‍ വേണ്ട ഭൂരിപക്ഷം അക്കാലത്ത് കോണ്‍ഗ്രസിന് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. അതൊന്നും നടക്കാതെ പോയത് കേശവാനന്ദഭാരതി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കുന്ന ഭേദഗതികളൊന്നും പാടില്ലെന്ന വിധിമൂലമാണ്. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണഘടന ഭേദഗതി ചെയ്ത് തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ നിയമങ്ങളെ മാറ്റിമറിക്കുന്നതിനായിരുന്നു അക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. താമസിയാതെ ആ സര്‍ക്കാര്‍ അമിതാധികാര പ്രവണത സംശയാതീതമായി പ്രകടിപ്പിക്കുകയും ചെയ്തല്ലോ. അതിനു കൂച്ചുവിലങ്ങിടുകയായിരുന്നു അന്ന് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീംകോടതി ചെയ്തത്. ഇന്നു ‘നമോ’ സര്‍ക്കാരും തങ്ങളുടെ ലക്ഷ്യത്തിനൊത്തവിധം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം ഉള്‍പ്പെടെ ചോര്‍ത്തിക്കളയാനാണ് നീക്കമെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിനു തടസ്സം ഭരണഘടനയും അതിനെ ആത്യന്തികമായി വ്യാഖ്യാനിക്കാനും പ്രതിരോധിക്കാനും അധികാരപ്പെടുത്തപ്പെട്ട നീതിന്യായ വ്യവസ്ഥയുമാണ്.
അതിനാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ആര്‍എസ്എസ് – ബിജെപി ലക്ഷ്യം കൈവരിക്കണമെങ്കില്‍ കോടതികളെ തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കണമെന്ന് ‘നമോ’ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുവേണ്ടത് സുപ്രീം – ഹൈക്കോടതികളില്‍ ഒഴിവുവരുമ്പോള്‍ തങ്ങളുടെ താല്‍പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്നവരെ ജഡ്ജിമാരാക്കുകയാണ് എന്ന് അവര്‍ മനസ്സിലാക്കുന്നു; അങ്ങനെ പിന്നീട് കൊളീജിയത്തെ നിയന്ത്രിക്കാമെന്നും. ജഡ്ജിമാരുടെ നിയമനം പണ്ടേ തന്നെ സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കവിഷയമായിരുന്നു. ഇതിനായി സര്‍ക്കാരിന്‍റെയും കോടതിയുടെയും നിയമജ്ഞരുടെയും പൊതുജനങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു സമിതിയെ നിയമനിര്‍മാണത്തിലൂടെ രൂപീകരിച്ചിട്ടുണ്ട്, പല രാജ്യങ്ങളിലും. അതുപോലൊന്ന് രൂപീകരിക്കാന്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളില്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവന്നു. പാര്‍ലമെന്‍റ് അത് പാസാക്കി. ജഡ്ജി നിയമനത്തില്‍ തങ്ങള്‍ അതേവരെ കയ്യടക്കിയിരുന്ന നിര്‍ണായക അധികാരം ആ നിയമം പ്രാവര്‍ത്തികമായാല്‍ നഷ്ടപ്പെടുമെന്നു കണ്ട സുപ്രീംകോടതി ആ നിയമത്തെ അസാധുവാക്കി എന്നുവേണം മനസ്സിലാക്കാന്‍.
അതിനുപകരം സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ അഞ്ചു ജഡ്ജിമാരുടെ ‘കൊളീജിയം’ എന്ന സമിതി രൂപീകരിച്ചു. ഹൈക്കോടതികളില്‍ അതുപോലെ മൂന്നംഗ കൊളീജിയവും. ഏതാണ്ട് 30 വര്‍ഷത്തോളമായി ആ സമ്പ്രദായം ഇന്ത്യയില്‍ നിലവില്‍ വന്നിട്ട്. അതിനെ മാറ്റാന്‍ ‘നമോ’ സര്‍ക്കാര്‍ ആറേഴുവര്‍ഷം മുമ്പ് ഒരു നിയമം കൊണ്ടുവന്നു. അതും നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ – പലപ്പോഴും അവരുടെ കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും – പുതിയ ജഡ്ജിമാരായി നിയമിച്ചിട്ടുള്ളത് കാണാം. ഇപ്പോള്‍ നിലവിലിരിക്കുന്ന കീഴ്വഴക്കമനുസരിച്ച് സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചവരെ വേണം സര്‍ക്കാര്‍ നിയമിക്കുവാന്‍. ഹൈക്കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ അതിലെ കൊളീജിയം പേരുകള്‍ സുപ്രീംകോടതിക്ക് സമര്‍പ്പിക്കും. അവിടത്തെ കൊളീജിയം പരിശോധിച്ച് വേണ്ട ഭേദഗതികളിലൂടെ സര്‍ക്കാരിനു സമര്‍പ്പിക്കും. അതിനു ആ പട്ടികയിലെ പേരുകള്‍ അംഗീകരിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാം. തിരിച്ചയച്ച പട്ടിക അതേപടി സുപ്രീംകോടതി കൊളീജിയം വീണ്ടും സമര്‍പ്പിച്ചാല്‍ അതിലെ പേരുകാരെ ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് ഇതേവരെ അംഗീകരിക്കപ്പെട്ടിരുന്ന കീഴ്വഴക്കം.
ആദ്യമൊക്കെ നീരസത്തോടെയും ചില ഭേദഗതികളോടെയും ആണെങ്കിലും, ഈ ഏര്‍പ്പാട് അംഗീകരിച്ചുപോന്ന ‘നമോ’ സര്‍ക്കാര്‍ ഇപ്പോള്‍ അത് അംഗീകരിക്കാത്ത നില വന്നുകൊണ്ടിരിക്കുകയാണ്. കൊളീജിയം നിര്‍ദ്ദേശിച്ച പേരുകള്‍ കേന്ദ്രം തടഞ്ഞുവെക്കുന്നു, ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ് ആ പട്ടികയിലെ ചിലരെ നിയമിക്കുന്നു. ഇതൊക്കെയാണ് അവസ്ഥ. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി ഈയിടെ നിയമിക്കപ്പെട്ട ലക്ഷ്മി ചന്ദ്ര വിക്ടോറിയ ഗൗരിയുടെ നിയമനം.
അതിലേക്ക് പ്രവേശിക്കുംമുമ്പ് ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. രാജ്യം ഭരിക്കുന്ന തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ ജഡ്ജിമാരായി നിയമിക്കാന്‍, അതുവഴി ഭരണകൂടാധികാരത്തിന്മേല്‍ തങ്ങളുടെ പിടിമുറുക്കാന്‍, കഴിയാത്തതിലുള്ള ‘നമോ’ സര്‍ക്കാരിന്‍റെ അസന്തുഷ്ടി പ്രകടമാണ്. അതിനുവേണ്ടത് രാജ്യം മുഴുവന്‍ പാര്‍ലമെന്‍റ് മുതല്‍ പഞ്ചായത്ത് വരെ, തങ്ങളുടെ പിടിയില്‍ അമര്‍ത്താന്‍ കഴിയുന്ന ഭരണ വ്യവസ്ഥയാണ്. അതാണ് സംഘചിന്ത.
ആദ്യം ‘നമോ’ സര്‍ക്കാരും സുപ്രീംകോടതി കൊളീജിയവും തമ്മില്‍ ജഡ്ജി നിയമന കാര്യത്തില്‍ എത്തിനിന്ന തര്‍ക്കത്തെക്കുറിച്ച് പറയാം. കൊളീജിയം സംവിധാനത്തിന്‍റെ വളവുതിരിവുകള്‍ അത് നിര്‍ദ്ദേശിക്കുന്ന പാനലുകളിലും കാണാം. അതേസമയം കൊളീജിയം നിര്‍ദ്ദേശിക്കുന്നത് സംസ്ഥാനങ്ങളിലെ കൊളീജിയം നിര്‍ദേശിക്കുന്ന പേരുകളാണ്. സംസ്ഥാന ഹൈക്കോടതി സുപ്രീംകോടതി കൊളീജിയങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ പേരുകളേ സാധാരണഗതിയില്‍ കൊളീജിയം പാനലുകളില്‍ ഉണ്ടാകൂ.
എന്നാല്‍, ലക്ഷ്മീചന്ദ്ര വിക്ടോറിയ ഗൗരിയുടെ നാമനിര്‍ദ്ദേശം കൊളീജിയം സംവിധാനത്തിനും ജുഡീഷ്യറിയുടെ മതനിരപേക്ഷ ജനാധിപത്യ നിഷ്പക്ഷതയ്ക്കും കളങ്കമായി നിലകൊള്ളുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളെയും അവയുടെ മതചിന്തകളെയും മതപരമായ നിലപാടുകളെയുംകുറിച്ച് ഇന്ത്യയിലെ മതനിരപേക്ഷത പുലര്‍ത്തുന്ന ജനസാമാന്യത്തിന്‍റെ ചിന്താഗതിക്ക് നിരക്കുന്നതല്ല ആ അഭിഭാഷകയുടെ വാക്കുകളും നിലപാടുകളുമെന്നു ചെന്നൈയിലെ പല പ്രസിദ്ധ അഭിഭാഷകരും സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച കേസില്‍ ചൂണ്ടിക്കാട്ടി. നഗ്നമായ മതപക്ഷപാതം, വര്‍ഗീയത വമിക്കുന്ന വാക്കുകളും സമീപനവും എന്നിവയൊക്കെ വിക്ടോറിയ ഗൗരിയുടെ സ്വാഭാവിക അഭിപ്രായപ്രകടന രീതിയാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതൊക്കെ അവര്‍ പുലര്‍ത്തിക്കൊള്ളട്ടെ. അവരെ എന്തിനു ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് രാജ്യത്തെ നീതിസംഹിതയെ മലിനപ്പെടുത്തണം? ഇതാണ് ഉയര്‍ന്നുവരുന്ന ചോദ്യം.
അങ്ങനെയുള്ള ഒരാളുടെ പേര് സുപ്രീംകോടതി കൊളീജിയത്തിനു മദ്രാസ് ഹൈക്കോടതി കൊളീജിയം എങ്ങനെ നിര്‍ദ്ദേശിച്ചു, സാധാരണ ജഡ്ജിമാരായി പുതുതായി നിര്‍ദ്ദേശിക്കപ്പെടുന്നവരെ പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കാറുള്ള മാനദണ്ഡങ്ങളില്‍ സുപ്രീംകോടതി കൊളീജിയം വിക്ടോറിയ ഗൗരിയുടെ കാര്യത്തില്‍ എങ്ങനെ എന്തിനു വീഴ്ചവരുത്തി, കൊളീജിയം നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ ഏറെ ആഴ്ചകളോ മാസങ്ങളോ എടുക്കാറുള്ള ‘നമോ’ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മിന്നല്‍ വേഗത്തില്‍ നിയമന തീരുമാനമെടുത്തത് എങ്ങനെ എന്നിങ്ങനെ പല ചോദ്യങ്ങളും സാധാരണക്കാരുടെ പക്ഷത്തുനിന്നു ഉന്നയിക്കപ്പെടുന്നു. ഒരു കൂട്ടം അഭിഭാഷകര്‍ വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ പരാതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ചപ്പോള്‍ അത് പരിഗണിക്കാന്‍ ആ കോടതി താമസിച്ചതെന്ത്. മിന്നല്‍ വേഗത്തില്‍ അവരെ കേന്ദ്രസര്‍ക്കാര്‍ ജഡ്ജിയായി നിയമിച്ചത് എന്തിന് എന്നീ വിഷയങ്ങളൊക്കെ അസാധാരണമായവയാണ്. ഒരുതരം അമിത താല്പര്യം ആ ജഡ്ജി നിയമനത്തില്‍ പ്രകടമായി കണ്ടു. അത് ഏറ്റവും അധികം ദൃശ്യമായത് ചില അഭിഭാഷകര്‍ വിക്ടോറിയ ഗൗരിയുടെ നിയമനത്തിനു എതിരായി അവര്‍ നിയമിക്കപ്പെടും മുമ്പ് കേസ് കൊടുത്തപ്പോള്‍, ആ കേസ് കേള്‍ക്കുന്ന ദിവസം കാലത്ത് അവരെ നിയമിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.
ഈ അമിത താല്പര്യം ‘നമോ’ സര്‍ക്കാരില്‍ മാത്രമാണോ, അതോ കൊളീജിയത്തിലും ഉണ്ടോ എന്ന സംശയവും പ്രകടിപ്പിക്കപ്പെട്ടു കണ്ടു. ‘നമോ’ സര്‍ക്കാരിനും സംഘപരിവാരത്തിനും വര്‍ഗീയ വാദപരമായ അഭിപ്രായങ്ങള്‍ അനര്‍ഗളം നിര്‍ഗളിക്കുന്ന അഭിഭാഷകയുടെ കാര്യത്തില്‍ ഉണ്ട് എന്നു തീര്‍ച്ച. ആ നിയമനം തടയുന്നതിനു മതനിരപേക്ഷവാദികളായ ജഡ്ജിമാര്‍, (ചെന്നൈ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉള്ളവര്‍) വേണ്ടത്ര ശുഷ്കാന്തി കാണിച്ചോ എന്ന ചോദ്യവും ഉയരുന്നു. അത് അവര്‍ ‘നമോ’ സംവിധാനത്തിനു കീഴടങ്ങുന്നതിന്‍റെ ആരംഭമാണോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചു കണ്ടു.
കോടതികളെ വര്‍ഗീയതയുടെയും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന കുത്തക മുതലാളിത്തത്തിന്‍റെയും നീരാളിപ്പിടിത്തത്തില്‍നിന്നു രക്ഷിക്കാന്‍ കൊളീജിയം സംവിധാനം ശ്രമിച്ചുകൊണ്ടിരുന്നു; കൊണ്ടിരിക്കുന്നു എന്നത് നേരാണ്. എന്നാല്‍ വിക്ടോറിയ ഗൗരിയുടെ നിയമനവുമായി ബന്ധപ്പെട്ടുനടന്ന കെട്ടിമറിച്ചിലുകള്‍ കാണുമ്പോള്‍ സുപ്രീംകോടതിയിലെ മതനിരപേക്ഷ ജഡ്ജിമാര്‍ക്ക് എത്രകാലം സംഘപരിവാറാക്രമണത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയും എന്ന ആശങ്ക പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ടുണ്ട്. ♦