ബിബിസി ഇന്ത്യയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു, ജനസാമാന്യത്തിനിടയില്‍. 2002ല്‍ ഗുജറാത്തില്‍ നടന്ന ഭരണകൂട പ്രേരിതമായ കലാപം ആയിരങ്ങള്‍ക്ക് ജീവഹാനി ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ പ്രേരണ അനുസരിച്ചാണ് ഗുജറാത്തില്‍ ആ സംഭവ പരമ്പര ഉണ്ടായത് എന്ന് അന്നേ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അക്കാര്യം മൂടിവെക്കാനായിരുന്നു ആര്‍എസ്എസ് – ബിജെപി പരിവാരം ആദ്യം മുതല്‍ക്കേ ശ്രദ്ധിച്ചത്. അക്കാലത്ത് കേന്ദ്രം ഭരിച്ചിരുന്നത് ബിജെപി നേതാവ് എ ബി വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വസ്തുതകള്‍ അന്വേഷിക്കാന്‍ വലിയ താല്‍പര്യം കാണിച്ചില്ല. 2004 ല്‍ നിലവില്‍ വന്ന യുപിഎ സര്‍ക്കാരും അക്കാര്യത്തില്‍ സജീവ താല്‍പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഏറ്റവും വ്യാപകവും കടുത്തതുമായ ഗുജറാത്ത് കലാപം വേണ്ട രീതിയില്‍ ഔദ്യോഗിക ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയി. അവശേഷിക്കുന്ന വസ്തുതകളെ കൂടി മായ്ച്ചുകളയാനാണ് മോദി സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നീക്കം. ആര്‍എസ്എസ് – ബിജെപി എന്നും ശ്രമിച്ചിട്ടുള്ളത് തങ്ങളുടെ അക്രമം മറച്ചുവെക്കാനാണ്.
ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സികള്‍ മാത്രമല്ല അന്നത്തെ ഗുജറാത്ത് കലാപത്തെക്കുറിച്ച് വസ്തുതകള്‍ ശേഖരിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായത്. അന്താരാഷ്ട്രരംഗത്ത് ഏറെ അംഗീകാരമുള്ള ഏജന്‍സിയാണ് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍). അതും ആ സംഭവം സംബന്ധിച്ച ദൃക്സാക്ഷി വിവരണം രേഖപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഡോക്യുമെന്‍ററി തയ്യാറാക്കി രണ്ട് ഭാഗങ്ങളായി അത് ഈയിടെ പുറത്തുവിടുകയുണ്ടായി.
മാധ്യമ പ്രവര്‍ത്തകര്‍ പ്രതിബദ്ധതയോടെയും നിഷ്പക്ഷതയോടെയും വാര്‍ത്ത ശേഖരിക്കുന്നതിലും റിപ്പോര്‍ട്ടു ചെയ്യുന്നതിലും പൊതുവില്‍ ലോകമാകെ അംഗീകരിക്കപ്പെടുന്ന ഏജന്‍സിയാണ് ബിബിസി (സോവിയറ്റ് യൂണിയനും ചൈനയ്ക്കും എതിരായി പക്ഷപാതപരമായും വസ്തുനിഷ്ഠമായല്ലാതെയും വാര്‍ത്തകളും വീക്ഷണവും പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റുവിരുദ്ധ നിലപാട് ആ മാധ്യമത്തിനുമുണ്ട് എന്ന കാര്യം മറക്കാനാവില്ല. ബ്രിട്ടീഷ് കോളനികളെക്കുറിച്ച് (ഇന്ത്യ ഉള്‍പ്പെടെ) പണ്ട് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഈ പക്ഷപാതം പ്രകടമായിരുന്നു). എങ്കിലും ബിബിസി അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളെയും മറ്റും അപേക്ഷിച്ച് കൂടുതല്‍ നിഷ്പക്ഷവും സത്യസന്ധവുമായിരുന്നു; ആണ് ഇപ്പോഴും. അതാണ് ബിബിസിയെ അനന്യമാക്കുന്നതും.
ബിബിസി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംഭവങ്ങളുടെ നിജസ്ഥിതി പഠിച്ചുകൊണ്ടാണ്. അതിനാല്‍ ആ വാര്‍ത്തകളെക്കുറിച്ച് വക്രോക്തികളാണെന്നോ നടക്കാത്ത സംഭവങ്ങളുടെ റിപ്പോര്‍ട്ടാണെന്നോ പറയാനാവില്ല. 2002ല്‍ ഗുജറാത്തില്‍ നടന്ന സംഭവങ്ങളുടെ അന്നു സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി, അതിന് സ്ഥിരീകരണം നല്‍കുന്നതാണ് ബിബിസി ഇപ്പോള്‍ ഡോക്ക്യുമെന്‍ററിയിലൂടെ കാണിച്ചത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നോ ബിബിസി അതിശയോക്തി നടത്തുകയാണ് എന്നോ പറഞ്ഞ് തടിതപ്പാന്‍ മോദി പ്രഭൃതികള്‍ക്കാവില്ല. അതുകൊണ്ടാണ് മോദി സര്‍ക്കാര്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഇന്ത്യയില്‍ നിരോധിച്ചതും പ്രതികാരബുദ്ധിയോടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ഇഡിയെ വിട്ട് പരിശോധന നടത്തിച്ചതും. മോദി സര്‍ക്കാര്‍ ഇഡിയെക്കൊണ്ട് ബിബിസി ഓഫീസുകളില്‍ റെയ്ഡ് നടത്തിച്ചതിന്‍റെ ഉദ്ദേശ്യം മേലില്‍ ഇത്തരം പ്രവര്‍ത്തനം നടത്തരുത് എന്ന താക്കീത് നല്‍കുകയാണ്. അതിലൂടെ പറയാതെ പറഞ്ഞത് എന്താണ്? തങ്ങള്‍ ഇനിയും ഇങ്ങനെയൊക്കെ ചെയ്യും; അതെല്ലാം യഥാതഥമായി റിപ്പോര്‍ട്ട് ചെയ്യാനാണ് ബിബിസി ഒരുങ്ങുന്നത് എങ്കില്‍, തങ്ങളുടെ പ്രതികരണം ഭീകരമാകും എന്നാണ്. ബിജെപി സര്‍ക്കാര്‍ കാര്യങ്ങളെ കാര്യമാത്ര പ്രസക്തമായോ നിഷ്പക്ഷമായോ അല്ല വീക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. തങ്ങള്‍ക്ക് തോന്നിയതൊക്കെ ചെയ്യും, അത് കണ്ടും കേട്ടും മിണ്ടാതെ ഇരുന്നുകൊള്ളണം, ഇല്ലെങ്കില്‍ തങ്ങളുടെ വിധം മാറും എന്ന മധ്യയുഗത്തിലെ സ്വേച്ഛാധിപതികളുടെ നിലപാടാണ് ആര്‍എസ്എസ്-ബിജെപിയും മോദിസര്‍ക്കാരും അവലംബിക്കുന്നത്, ലോക പ്രശസ്തമായ ബിബിസിയോടുവരെ.
ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ മറക്കുന്ന കാര്യത്തെക്കുറിച്ചാണ് ജനങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും അവരെ ഓര്‍മിപ്പിക്കാനുള്ളത്. ഇന്ത്യ മതനിരപേക്ഷ ജനാധിപത്യരാജ്യമാണ്. ഇവിടെ ജനങ്ങള്‍ക്കും സര്‍ക്കാരിനും മറ്റും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഭരണഘടനയുണ്ട്. അത് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും (അവ മാധ്യമങ്ങള്‍ക്കും ബാധകമാണ്) കാത്തു രക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. മാത്രമല്ല, ഭരണഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുവേണം സര്‍ക്കാരുകള്‍ ഉള്‍പ്പെടെ രാജ്യത്തുള്ള എല്ലാ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും മറ്റും പ്രവര്‍ത്തിക്കാന്‍. അറിയാനും അറിയിക്കാനും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ് മാധ്യമങ്ങള്‍ക്കും ഉള്ളത്. ആ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പാലിക്കാന്‍ ബിബിസിയും.
ബിബിസി ഗുജറാത്തിലെ സംഭവങ്ങള്‍ തെറ്റായോ അതിശയോക്തിപരമായോ റിപ്പോര്‍ട്ട് ചെയ്തു എന്നല്ല മോദി സര്‍ക്കാര്‍ പറയുന്നത്. ആ സംഭവങ്ങള്‍ യഥാതഥമായി റിപ്പോര്‍ട്ട് ചെയ്തതിലാണ് മോദി സര്‍ക്കാരിനു കലി. സംഭവങ്ങളുടെ വീഡിയോ റിപ്പോര്‍ട്ടാകുമ്പോള്‍ കള്ളം പറഞ്ഞു എന്ന് ആക്ഷേപിക്കാന്‍ കഴിയില്ലല്ലോ.
ഗുജറാത്തിലെ സംഘപരിവാരം മോദിസര്‍ക്കാരിന്‍റെ ആശീര്‍വാദത്തോടും അനുമതിയോടും കൂടിയാണ് 2002ല്‍ വര്‍ഗീയകലാപം ഭീകരമായി അഴിച്ചുവിട്ടത്. അതിന്‍റെ ഡോക്യുമെന്‍ററിയാണ് ഇപ്പോള്‍ ബിബിസി പുറത്തുവിട്ടത്. തങ്ങളുടെ ഭീകരസ്വഭാവം പ്രതിഫലിപ്പിച്ചതിനു മുഖം നന്നാവാത്തതിന് കണ്ണാടികുത്തിപ്പൊട്ടിക്കുന്നതുപോലുള്ള നടപടിയിലാണ് മോദി സര്‍ക്കാര്‍ ബിബിസിയോടുള്ള പ്രതികരണത്തില്‍ കൈക്കൊള്ളുന്നത്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തവരെയും തങ്ങളെ എതിര്‍ക്കുന്ന എന്തിനെയും ഭരണകൂടോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇല്ലാതാക്കുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്യുന്നു എന്നതാണ് മോദി സര്‍ക്കാരിന്‍റെ സമീപനം. പക്ഷേ ബിബിസി ഒരു അന്താരാഷ്ട്ര മാധ്യമമാണെന്നത് അവര്‍ മറന്നു. ജനങ്ങളുടെ, ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്‍റെയാകെ, ദൃഷ്ടിയില്‍ തങ്ങളെ കൂടുതല്‍ അവജ്ഞയ്ക്കും പരിഹാസത്തിനും പാത്രമാക്കുകയാണ് ഇത്തരം നടപടികള്‍ ചെയ്യുക എന്നു മോദിയും കൂട്ടരും മനസ്സിലാക്കുന്നില്ല. ♦