Thursday, March 28, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യ,ദ മോദി ക്വസ്റ്റ്യന്‍

ഇന്ത്യ,ദ മോദി ക്വസ്റ്റ്യന്‍

(ഭാഗം 2)
ഝാര്‍ഖണ്ഡ് 2017

സ്ക്രീനില്‍ ഝാര്‍ഖണ്ഡ് 2017 എന്ന് തെളിയുന്നു.

നരേന്ദ്രമോദി അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിനുശേഷമുള്ള ഝാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തിന്‍റെ ദൃശ്യം സ്ക്രീനില്‍. ഒരു വീട്ടിലേക്കാണ് ക്യാമറ നീങ്ങുന്നത്, അവിടെ ആ വീട്ടില്‍ മധ്യവയസ്കയായൊരു മുസ്ലിം സ്ത്രീ. തന്‍റെ കയ്യിലുള്ള ഫോട്ടോ നോക്കി മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുകയാണവര്‍: “എന്‍റെ ഭര്‍ത്താവ് ഒരു ഡ്രൈവറായിരുന്നു. ആളുകളോട് എപ്പോഴുമൊരു ചിരിയോടുകൂടിയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അന്ന് രാവിലെ 7 മണിക്ക് അദ്ദേഹം വീട്ടില്‍ നിന്നുപോയി. ഞാന്‍ വാതിലോളംവരെചെന്ന് അദ്ദേഹത്തെ യാത്രയാക്കി.”

മറിയം അന്‍സാരിയെന്ന ആ സ്ത്രീ തന്‍റെ വീടിന്‍റെ ജനലഴികളിലൂടെ വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്നു. അവരുടെ മുഖത്ത് വിഷാദച്ഛായ.

അവര്‍ തുടരുന്നു: “ചെറുപ്പക്കാരുടെ ഒരു കൂട്ടം വീടിനു പുറത്തുണ്ടായിരുന്നു. അവരെല്ലാംതന്നെ മൊബൈല്‍ ഫോണുകളില്‍ വാട്സാപ്പ് നോക്കി നില്‍ക്കുകയായിരുന്നു. ഫോണിലേക്ക് നോക്കിയ ആ നിമിഷം എന്‍റെ ബോധം പോയി.”

ഇപ്പോള്‍ സ്ക്രീനില്‍ വലിയൊരു ജനക്കൂട്ടത്തിന് നടുവിലിട്ട് കുറേയാളുകള്‍ ഒരു മനുഷ്യനെ തല്ലിച്ചതയ്ക്കുന്ന ദൃശ്യമാണ്. ചിലയാളുകള്‍ ആര്‍ത്തട്ടഹസിക്കുന്നുമുണ്ട്.

വീണ്ടും മറിയം അന്‍സാരി: “ഒരു മണിക്കൂര്‍ മുമ്പാണ് അദ്ദേഹം എന്നോട് യാത്ര പറഞ്ഞു പോയത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചത്?”

തല്ലുകൊണ്ട ആ മനുഷ്യന്‍ തലയില്‍ കൈവച്ചു നിലവിളിക്കുന്ന ദൃശ്യം സ്ക്രീനില്‍.

വീണ്ടും മറിയം അന്‍സാരി: “ഒരുപാടാളുകള്‍ ഇത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു, ഒത്തിരിയാളുകള്‍.”

വീണ്ടും അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സ്ക്രീനില്‍. ബിബിസി അവതാരക പശ്ചാത്തലത്തില്‍.

അവരുടെ ശബ്ദം: “മറിയത്തിന്‍റെ ഭര്‍ത്താവ് അലിമുദ്ദീന്‍ ഒരു മുസ്ലീമാണ്. അദ്ദേഹത്തെ ആക്രമിച്ചവര്‍ ഹിന്ദുക്കളും”.

വീണ്ടും മറിയം അന്‍സാരി തുടരുന്നു: “പൊലീസുകാര്‍ അദ്ദേഹത്തെ കൊണ്ടുപോയതായി എനിക്കറിയിപ്പ് കിട്ടി. അതുകൊണ്ട് ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയി.”

മറിയത്തിന്‍റെ മുഖം സ്ക്രീനില്‍ തെളിഞ്ഞു കാണുന്നു. അവര്‍ തുടരുന്നു: “അവിടുണ്ടായിരുന്നൊരു പൊലീസ് ഓഫീസര്‍ പറഞ്ഞത്, ‘അയാളെ ഞങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു, എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അയാള്‍ മരിച്ചു’ എന്നാണ്”. അലിമുദ്ദീന്‍റെ ഫോട്ടോ വീണ്ടും സ്ക്രീനില്‍.

മറിയം തുടരുന്നു: “ഞാന്‍ നിസ്സഹായയായിരുന്നു. മുസ്ലീങ്ങളായതുകൊണ്ടുമാത്രം അവര്‍ ഞങ്ങളെ കൊല്ലുന്നു.”

ദുഃഖം, ഖനീഭവിച്ച മുഖഭാവത്തോടെ തന്‍റെ പ്രിയതമന്‍റെ മരിച്ചുകിടക്കുന്ന ചിത്രം നോക്കിനില്‍ക്കുന്ന മറിയം അന്‍സാരി. കുടുംബ ആല്‍ബത്തിലെ ചില താളുകളും സ്ക്രീനില്‍ കാണാം.

ഇംഗ്ലണ്ടിലെ സെന്‍റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഇന്ത്യാകാര്യ വിദഗ്ധന്‍ ഡോ. ക്രിസ് ഓഗ്ഡെന്‍ സ്ക്രീനില്‍. അദ്ദേഹം സംസാരിക്കുകയാണ്: “മോദി അധികാരത്തില്‍ വരുന്നതിനുമുമ്പ് ഇന്ത്യയില്‍ വര്‍ഗീയലഹളകള്‍ നടന്നിരുന്നു. ചിലപ്പോഴെല്ലാം മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകളും കൊല്ലപ്പെടുന്ന സംഭവങ്ങളുണ്ടായിരുന്നു. പക്ഷേ തീര്‍ച്ചയായും നമുക്ക് പറയാനാകും, 2014നു ശേഷം (മോദി അധികാരത്തില്‍വന്നശേഷം) മുസ്ലീങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണത്തിന്‍റെയും കൊലപാതകങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്.”


പശ്ചാത്തലത്തില്‍ അവതാരക: “മാട്ടിറച്ചി (ബീഫ്) വില്‍പ്പന നടത്തി എന്നാരോപിച്ചാണ് അലിമുദ്ദീനെ അവര്‍ ആക്രമിച്ചത്. നരേന്ദ്രമോദിയുടെ ഭരണകാലത്ത് വിവാദപരമായ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ പശുക്കളെ വിശുദ്ധമായി കാണുന്നു.”

എന്‍ഡിടിവിയില്‍ വന്ന ഒരു വാര്‍ത്തയാണ് തുടര്‍ന്ന് സ്ക്രീനില്‍ കാണുന്നത്. കുറേപ്പേര്‍ ചേര്‍ന്ന് രണ്ട് മുസ്ലീം സ്ത്രീകളെ തല്ലിച്ചതയ്ക്കുന്നതാണ് വാര്‍ത്ത.

എന്‍ഡിടിവി റിപ്പോര്‍ട്ടറുടെ ശബ്ദമാണിപ്പോള്‍ കേള്‍ക്കുന്നത്: “ഹിന്ദു തീവ്രവാദ സംഘത്തില്‍പ്പെട്ടവരെന്ന് പറയപ്പെടുന്നവര്‍ രണ്ട് മുസ്ലീം സ്ത്രീകളെ തല്ലിച്ചതയ്ക്കുന്നതാണ് നിങ്ങള്‍ കാണുന്നത്. ഇവര്‍ തീവണ്ടിയില്‍ ബീഫ് വില്‍ക്കാനെത്തിയവരാണ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം എന്നാണ് പൊലീസിനു കിട്ടിയ വിവരം”.

ഇപ്പോള്‍ മുഹമ്മദ് അഖ്ലാഖിന്‍റെ ചിത്രവും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും എന്‍ഡിടിവിയില്‍.

റിപ്പോര്‍ട്ടര്‍: “50 കാരനായ മുഹമ്മദ് അഖ്ലാഖിനെ വലിയൊരു ജനക്കൂട്ടം വീട്ടില്‍നിന്ന് പുറത്തേക്ക് വലിച്ചിടുകയാണുണ്ടായത്; കുടുംബത്തിന്‍റെ മുന്നിലിട്ട് അദ്ദേഹത്തെ അവര്‍ തല്ലിക്കൊന്നു.”

സ്ക്രീനില്‍ ആകാര്‍ പട്ടേല്‍ (ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യയിലെ ചെയര്‍മാന്‍) സംസാരിക്കുന്നു: “ഇതെല്ലാം നടക്കുന്നത് പ്രധാനമന്ത്രി മോദിയുടെ വാക്കുകളുടെ തുടര്‍ച്ചയായാണ്”.

ഏപ്രില്‍ മാസത്തില്‍ മോദി ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ദൃശ്യം സ്ക്രീനില്‍.

മോദി പറയുന്നു- “ഇന്ത്യയില്‍ ഒരു പിങ്ക് വിപ്ലവം നടക്കുകയാണ്. നമ്മുടെ ഗ്രാമങ്ങളാകെ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; നമ്മുടെ കന്നുകാലികളാകെ ഇല്ലാതാക്കപ്പെടുകയാണ്”

ആകാര്‍ പട്ടേല്‍ തുടരുന്നു: “മോദി പറയുന്നത്, പിങ്ക് വിപ്ലവത്തെക്കുറിച്ചാണ്. പിങ്ക് വിപ്ലവം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് മാട്ടിറച്ചി കയറ്റുമതിയാണ്. മോദിയുടെ പ്രസംഗത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ മാട്ടിറച്ചി കൈവശം വയ്ക്കുന്നത് നിരോധിച്ചു. അതിനുശേഷമാണ് അക്രമങ്ങള്‍ ആരംഭിച്ചത്.

അവതാരക: “മൂന്നരവര്‍ഷത്തിനിടയില്‍ പശു ജാഗ്രത സമിതിക്കാര്‍ എന്ന പേരില്‍ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ പശു സംരക്ഷണവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ 44 ആളുകള്‍ കൊല്ലപ്പെട്ടു; 280 ഓളം ആളുകള്‍ക്ക് പരിക്കുപറ്റി. അധികവും മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്, പരിക്കുപറ്റിയതും!”

സ്ക്രീനില്‍ 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള മൂന്നരവര്‍ഷക്കാലം ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ പശുവിന്‍റെ പേരില്‍ നടന്ന ചില ആക്രമണങ്ങളുടെ ദൃശ്യം. ഹ്യൂമന്‍ റൈറ്റ്സ് വാച്ചില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍, എന്നും സ്ക്രീനില്‍ വായിക്കാം.

അവതാരക തുടരുന്നു: “വളരെ കുറച്ച് ആക്രമണകാരികളെ മാത്രമാണ് നിയമത്തിനു മുന്നിലെത്തിച്ചത്. നാമെല്ലാം പ്രതീക്ഷിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രി ഈ ആക്രമണങ്ങളെ അപലപിക്കുമെന്നാണ്. എന്നാല്‍ മോദി ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല. ഈ സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം അദ്ദേഹം മൗനത്തിലായിരുന്നു.”

സ്ക്രീനില്‍ മാധ്യമപ്രവര്‍ത്തകനും Narendra Modi: The Man, The Times എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമായ നിലഞ്ജന്‍ മുഖോപാധ്യായ സംസാരിക്കുന്ന ദൃശ്യം. അദ്ദേഹം പറയുന്നു: “മോദിയുടെ നിശ്ശബ്ദതയെ ജനക്കൂട്ടം കണ്ടത് ആക്രമണങ്ങള്‍ തുടരാനുള്ള സിഗ്നലായാണ്. എന്താക്രമണം നടത്തിയാലും ഒരു നടപടിയും ഉണ്ടാവില്ലെന്ന സന്ദേശമാണ് തന്‍റെ മൗനത്തിലൂടെ മോദി അക്രമികള്‍ക്ക് നല്‍കിയത്.”

അവതാരക:: “കടുത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ അലിമുദ്ദീന്‍ കൊല്ലപ്പെട്ട ദിവസം ഒടുവില്‍ മോദി തന്‍റെ മൗനംവെടിഞ്ഞു.”

അപ്പോഴും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ക്രീനില്‍ 2018 ജൂണില്‍ മോദിയുടെ പ്രസംഗത്തിന്‍റെ ദൃശ്യം. അദ്ദേഹം പറയുന്നു: “നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം നല്ലതിനാണോ? ഇങ്ങനെയാണോ പശുവിനെ ആരാധിക്കുന്നത്?”

അവതാരക:: “തുടര്‍ന്നുണ്ടായത് അത്ഭുതകരമായ സംഭവവികാസമായിരുന്നു. പശു സംരക്ഷകര്‍ അലിമുദ്ദീനെ കൊലപ്പെടുത്തിയതിന്‍റെ മൂന്നാം ദിവസം ആദ്യമായി ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ അറസ്റ്റുചെയ്യപ്പെട്ടു. ബിജെപിയുടെ ജില്ലാ വക്താവ് നിത്യാനന്ദ മഹതോ ആണ് അറസ്റ്റുചെയ്യപ്പെട്ടത്. പൊലീസ് പറഞ്ഞത്, മഹതോയാണ് അന്‍സാരിയെ വാനില്‍നിന്ന് പുറത്തേക്ക് വലിച്ചിറക്കിയത് എന്ന് വീഡിയോകള്‍ വ്യക്തമാക്കുന്നുവെന്നാണ്.”

നിത്യാനന്ദ മഹതോയുടെ ചിത്രം സ്ക്രീനില്‍ കാണിക്കുന്നു. അവതാരക തുടരുന്നു:

“അലിമുദ്ദീന്‍റെ കൊലപാതകത്തില്‍ ബിജെപിയുടെ വക്താവായ നിത്യാനന്ദ് മഹതോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; കോടതി അയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാല്‍ മോദി ഗവണ്‍മെന്‍റിലെ മന്ത്രിമാരിലൊരാള്‍ കോടതിയില്‍ പിഴയടച്ച് ഇടപെട്ട് നിത്യാനന്ദയെയും ശിക്ഷിക്കപ്പെട്ട മറ്റു സഹകുറ്റവാളികളെയും ജാമ്യത്തില്‍ പുറത്തിറക്കി. അവര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ മന്ത്രിയും സംഘവും നേരിട്ടെത്തി ഈ കുറ്റവാളികളെ പൂമാലയണിയിച്ച് സ്വീകരിച്ചു.”

മന്ത്രിയും ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടി പാതകയുമേന്തി അലിമുദ്ദീന്‍ കൊലപാതകക്കേസിലെ പ്രതികളായ നിത്യാനന്ദ മഹതോയെയും 8 കൂട്ടുപ്രതികളെയും സ്വീകരിക്കുന്ന ദൃശ്യം സ്ക്രീനില്‍.

അവതാരക തുടരുന്നു: “മി.സിന്‍ഹ (മന്ത്രി) പറഞ്ഞത്, താന്‍ അവരെ സഹായിച്ചത് അവര്‍ ദരിദ്രരായതുകൊണ്ടാണെന്നാണ്. താന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ താന്‍ ഇനി ഇങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു”.

വീണ്ടും അലിമുദ്ദീന്‍റെ സഹധര്‍മിണി മറിയം അന്‍സാരി സംസാരിക്കുന്ന ദൃശ്യം സ്ക്രീനില്‍.

അവര്‍ പറയുന്നു: “ഇവര്‍ ഈ രാജ്യത്തിന്‍റെയാകെ ഭരണാധികാരികളാണ്. ഞങ്ങളാകട്ടെ വെറും ദരിദ്രര്‍. ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകും?”

അവതാരക: “നാല് വര്‍ഷത്തിനുശേഷം ഈയാളുകള്‍ ജയില്‍ മോചിതരാക്കപ്പെട്ടു.”

നിലഞ്ജന്‍ മുഖോപാധ്യായ സ്ക്രീനില്‍: അദ്ദേഹത്തിന്‍റെ വാക്കുകള്‍: “ഈ സംഭവം നല്‍കുന്ന വ്യക്തമായ സന്ദേശമിതാണ്; ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണിത്; ഇന്ത്യയിലെ ഹിന്ദുക്കളുടെ വികാരത്തിനെതിരായി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ കൃത്യമായും ആക്രമിക്കപ്പെടുമെന്നുതന്നെയാണ് ഇത് നല്‍കുന്ന സന്ദേശം.”

ബിജെപി മുന്‍ എംപിയും നാഷണല്‍ എക്സിക്യൂട്ടീവ് അംഗവുമായ സ്വപന്‍ ദാസ് ഗുപ്ത സ്ക്രീനില്‍. അദ്ദേഹം പറയുന്നു: “ചിലയാളുകള്‍ കൊലപാതകം പോലെയുള്ള ഒരു കുറ്റകൃത്യം ചെയ്തുവെന്നത് ശരിതന്നെയാണ്; ഇത് അഭിനന്ദിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യേണ്ട കാര്യമല്ല. എന്നാല്‍ അതേസമയംതന്നെ, ഈ സംഭവത്തെ പൊതുവല്‍ക്കരിക്കുകയും ഇന്ത്യയില്‍ ഇതാണിപ്പോള്‍ പൊതുവില്‍ നടക്കുന്നതെന്നും ബിജെപിയുടെ സ്വഭാവംതന്നെ ഇങ്ങനെയാണെന്നും പറയുന്നതും എന്‍റെ അഭിപ്രായത്തില്‍ അനാവശ്യമായ, തെറ്റായ വിലയിരുത്തലാണ്.”

സ്ക്രീനില്‍ വീണ്ടും പശുസംരക്ഷണത്തിന്‍റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍.

ഇപ്പോള്‍ സംസാരിക്കുന്നത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി: “നാം അല്‍പ്പമൊന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഈ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, പിന്നീടുണ്ടായ വലിയ ആക്രമണങ്ങളുടെ തുടക്കം മാത്രമായിരുന്നുവെന്ന് കാണാന്‍ കഴിയും. അവ അസ്വസ്ഥതയുണ്ടാക്കുന്നതും പേടിപ്പെടുത്തുന്നവയുമാണ്, ഭീകരമാണവ. വരാന്‍പോകുന്ന കാര്യങ്ങളുടെ മുന്നറിയിപ്പായിരുന്നു അവ.”

2019
സ്ക്രീനില്‍ 2019 എന്ന് തെളിഞ്ഞുവരുന്നു; മോദിയുടെ ദൃശ്യവും.
അവതാരക: “മോദി രണ്ടാം തവണ അധികാരത്തില്‍ കയറാനായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ബ്രാന്‍ഡിലുള്ള ഹിന്ദു ദേശീയതയ്ക്ക് റിക്കാര്‍ഡ് പിന്തുണയാണ് ലഭിച്ചത്; മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് അതിനുമുന്‍പ് ലഭിച്ചിരുന്നതിനെക്കാളെല്ലാം വലിയ ഭൂരിപക്ഷമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്; അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി വീണ്ടും അഞ്ച് വര്‍ഷത്തേക്കുകൂടി മോദി ഭരണമുറപ്പിച്ചു.”

ബിജെപിയുടെയും മോദിയുടെയും വിജയാഹ്ലാദപ്രകടനം. തുറന്ന വാഹനത്തില്‍ അനുയായികളെ അഭിവാദ്യം ചെയ്യുന്ന മോദി.

സ്വപന്‍ ദാസ് ഗുപ്ത സംസാരിക്കുന്നു:

“ചരിത്രത്തിലാദ്യമായി മുന്‍പൊരിക്കലും ബിജെപിക്ക് കടന്നുചെല്ലാന്‍ പോലും കഴിയാതിരുന്ന മേഖലകളില്‍നിന്നുതന്നെ നമുക്ക് പിന്തുണ ലഭിച്ചു. അങ്ങനെ അക്ഷരാര്‍ഥത്തില്‍ മോദി ഒരഖിലേന്ത്യാ വ്യക്തിത്വമായി.”

ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കുന്ന മോദിയുടെ പ്രസംഗത്തിന്‍റെ ദൃശ്യം സ്ക്രീനില്‍. മോദിയുടെ വാക്കുകള്‍: “ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. ജനങ്ങളാണ് ഇവിടെ വിജയിച്ചത്.”

ബിജെപി നേതാക്കള്‍ മോദിയെ പടുകൂറ്റന്‍ ഹാരമണിയിച്ച് സ്വീകരിക്കുന്ന ദൃശ്യം.

നിലഞ്ജന്‍ മുഖോപാധ്യായ വിശദീകരിക്കുന്നു: “ഈ ജനവിധി മോദിയും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റും ഉയര്‍ത്തിപ്പിടിക്കുന്ന പേശീബല ദേശീയതയുടെ (Muscular nationality) വിജയമാണെന്നതില്‍ സംശയം വേണ്ട.”

മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്ക്രീനില്‍. സദസ്സില്‍ അമിത് ഷായും രാജ്നാഥ്സിങ്ങും മറ്റു നിയുക്ത മന്ത്രിമാരും മുന്‍നിരയില്‍ ആസനസ്ഥരായിരിക്കുന്നു.

അവതാരക: “രാജ്യം കണ്ടതില്‍വച്ച് ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരിക്കുകയാണ് ഇപ്പോള്‍ പ്രധാനമന്ത്രി മോദി.”

ഡോ. ക്രിസ് ഒഗ്ഡന്‍റെ വാക്കുകള്‍: “തങ്ങളുടെ അജന്‍ഡ നടപ്പാക്കാനുള്ള സാഹചര്യമായിരിക്കുന്നുവെന്ന് ഇപ്പോള്‍ ബിജെപിക്ക് ബോധ്യമായിരിക്കുന്നു. ഇന്ത്യ ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്ന പാതയില്‍ നിന്ന് മാറ്റി ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ അവസരമൊരുങ്ങിയിരുങ്ങിയിരിക്കുന്നതായി അവര്‍ക്ക് ബോധ്യമായി; ഇന്ത്യയുടെ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക സ്വഭാവവും അതിന്‍റെ പദാവലികളും മാറ്റപ്പെടുന്നതിന്‍റെ തുടക്കമാവുകയാണ്. അനിവാര്യമായും അതിന് വഴിയൊരുങ്ങിക്കഴിഞ്ഞു”.


മോദി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് കയറുന്ന ദൃശ്യം. സത്യപ്രതിജ്ഞ ചൊല്ലുന്നു – “നരേന്ദ്ര ദാമോദര്‍ദാസ് മോദിയായ ഞാന്‍ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു”. വേദിയില്‍ അമിത് ഷാ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍.

സ്ക്രീനില്‍ നിലഞ്ജന്‍ മുഖോപാധ്യായ സംസാരിക്കുന്ന ദൃശ്യം.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ : “ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയെ ഒരു മെജോറിട്ടേറിയന്‍ (ഭൂരിപക്ഷാധിപത്യ) രാജ്യമാക്കി മാറ്റാനാണ് നിശ്ചയമായും മോദി ശ്രമിക്കുന്നത്”.

സ്ക്രീനില്‍ അരുന്ധതി റോയ് സംസാരിക്കുന്നു : ഈ ഭരണത്തിന് രാജ്യത്തെ ഹിന്ദുക്കളെ ഉള്‍പ്പെടുത്തുകയും മുസ്ലീങ്ങളെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുകയും വേണം. അതായത് അവര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം”.

ബിജെപി യുവജനവിഭാഗം മുന്‍ വൈസ് പ്രസിഡന്‍റും ഡല്‍ഹി യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍റിസ്റ്റുമായ സ്വദേശ് സിങ് പറയുന്നു : “ഇന്ത്യയിലെ 80 ശതമാനത്തിലധികം ആളുകളും ഹിന്ദുക്കളാണ്; ഈ ആളുകളാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. ഇതിനര്‍ത്ഥം ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയോ ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയോ ആണെന്നല്ല”.

മാധ്യമപ്രവര്‍ത്തകനായ ഹര്‍ദോഷ് സിങ് ബാല്‍ സംസാരിക്കുന്നു: “ഇന്ത്യയില്‍ ഇതേവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും കേന്ദ്രീകൃതമായിട്ടുള്ള, സര്‍വാധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഗവണ്‍മെന്‍റാണിത്. നരേന്ദ്രമോദിയുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ ആരുമില്ല. എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതും എല്ലാത്തിനെയും നിയന്ത്രിക്കുന്നതും നേരിട്ട് മോദിതന്നെയാണ്”.

അവതാരക:”ഏറെ വൈകാതെ മോദി ഇന്ത്യയിലെ ഒരേയൊരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിലേക്ക് തിരിഞ്ഞു”.

കാശ്മീര്‍
ആഗസ്ത് 2019
സ്ക്രീനില്‍ കാശ്മീരിന്‍റെ ആകാശക്കാഴ്ച. കാശ്മീര്‍ ആഗസ്ത് 2019 എന്ന് തെളിഞ്ഞുവരുന്നു. കാശ്മീരിലെ മനോഹരമായ ഒരു പാതയിലൂടെ ഒരാള്‍ നടന്നു പോകുന്ന ദൃശ്യം. അയാളുടെ വാക്കുകള്‍: ഞാന്‍ ഹബീല്‍ ഇഖ്ബാല്‍. ഞാനൊരു അഭിഭാഷകനാണ്. കാശ്മീരിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്‍റ് ജമ്മുകാശ്മീരിനെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന കിംവദന്തികള്‍ ഏതാനും ദിവസങ്ങളായി കേള്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് പിടികിട്ടുന്നില്ല. പക്ഷേ അണിയറയില്‍ എന്തോ നടക്കുന്നുണ്ട്”.

അവതാരക : “കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി കാശ്മീര്‍ ഇന്ത്യയിലെ ഏറ്റവുമധികം സെന്‍സിറ്റീവായ പ്രദേശങ്ങളിലൊന്നാണ്; വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭീകര പ്രവര്‍ത്തനത്തിന്‍റെ പശ്ചാത്തലവുമുണ്ട്; അയല്‍രാജ്യമായ പാകിസ്താനുമായി ഈ പ്രദേശത്തിന്‍റെ പേരില്‍ സംഘര്‍ഷവും നിലനില്‍ക്കുന്നു. കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി കാശ്മീര്‍ പ്രത്യേക നിയമത്തിന്‍ കീഴിലായിരുന്നു; അതുപ്രകാരം കാശ്മീരികള്‍ക്ക് ഒരു പരിധിവരെ സ്വന്തം കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള കക്ഷിക്ക് അത് സ്വീകാര്യമായിരുന്നില്ല”.

സ്വപന്‍ ദാസ് ഗുപ്ത : “1990 കള്‍ മുതലുള്ള, ഒരുപക്ഷേ അതിനും മുന്‍പേ തന്നെയുള്ള, ബിജെപിയുടെ മാനിഫെസ്റ്റോകള്‍ ചില പ്രത്യേക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു; അതിലൊന്നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയെന്നത്; ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ഈ ഭരണഘടനാ വ്യവസ്ഥ”.

ഡോ. സുബ്രഹ്മണ്യന്‍ സ്വാമി (ബിജെപിയുടെ മുന്‍ എംപി): “കാശ്മീരിനെ മൊത്തം ഇന്ത്യയുടെ ഭാഗമായാണ് ഞങ്ങള്‍ കണക്കാക്കുന്നത്; അതുകൊണ്ട് കാശ്മീരിനെ പ്രത്യേകതയുള്ളതാക്കി മാറ്റുന്ന ഈ ആര്‍ട്ടിക്കിള്‍ 370 (ഭരണഘടനയിലെ 370 -ാം വകുപ്പ്) എന്തിനാണെന്ന് ഞങ്ങള്‍ ചോദിച്ചു”.

അവതാരക : “മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 9 മാസത്തിനകം കാശ്മീരിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കാന്‍ തുടങ്ങി”.

സ്ക്രീനില്‍ കാശ്മീര്‍ താഴ്വരയില്‍ ആയുധധാരികളായി പട്ടാളം നീങ്ങുന്നതിന്‍റെയും നഗരവീഥികളാകെ പട്ടാള നിയന്ത്രണത്തില്‍ നിശ്ചലമായിരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍.

അവതാരക തുടരുന്നു :”പുതുതായി പതിനായിരം പാരാമിലിറ്ററി സേനാംഗങ്ങളെ കൂടി കാശ്മീര്‍ താഴ്വരയില്‍ വിന്യസിക്കാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചു. കേന്ദ്ര ഗവണ്‍മെന്‍റ് വീണ്ടും തിരക്കിട്ട് 25,000 പാരാമിലിറ്ററി സേനാംഗങ്ങളെക്കൂടി കാശ്മീര്‍ താഴ്വരയില്‍ വിന്യസിച്ചു. ഭീകരതയെ നേരിടുന്നതിനുള്ള ഊര്‍ജിതമായ നീക്കമായാണ് പറഞ്ഞത;് സുരക്ഷാ തയ്യാറെടുപ്പിന്‍റെ പേരില്‍ കാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. ഇന്‍റര്‍നെറ്റും ടെലഫോണുകളുമെല്ലാം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു”.

സ്ക്രീനില്‍ നിശ്ചലമായി കിടക്കുന്ന, ശൂന്യമായ, കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുന്ന കാശ്മീര്‍ താഴ്വരയുടെ ദൃശ്യം. പട്ടാളത്തിന്‍റെയും പാരാമിലിറ്ററി സേനയുടെയും കനത്ത ബന്തവസ്സ്. റോഡുകളില്‍ അവിടവിടെ മുള്ളുവേലികള്‍കൊണ്ട് തടസ്സം സൃഷ്ടിച്ചിരിക്കുന്നു. ആളുകളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ജമ്മുകാശ്മീര്‍ പൊലീസിന്‍റെ ചെക് പോയിന്‍റുകളും കാണാം.

ഹബീല്‍ ഇഖ്ബാല്‍ (മനുഷ്യാവകാശ അഭിഭാഷകന്‍) : “ഞങ്ങള്‍ പൂര്‍ണമായും ബ്ലാക്ക് ഔട്ടിലാണ്. എല്ലാ വാര്‍ത്താ വിനിമയ സൗകര്യങ്ങളും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. പുറംലോകത്തുനിന്നും ഞങ്ങളെ പൂര്‍ണമായും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങളില്‍ ഭയവും ഉത്കണ്ഠയും അരിച്ചുകയറുകയാണ്”.

അവതാരക : “ആഗസ്ത് ആറിന് മോദി, കാശ്മീരിന് സ്വയം ഭരണാവകാശം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ റദ്ദുചെയ്യാനുള്ള ക്രമീകരണമുണ്ടാക്കി; കാശ്മീരി നെ കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും കറുത്ത ദിനങ്ങള്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിയെ വിശേഷിപ്പിച്ചു”.


പ്രൊഫ. ക്രിസ്റ്റഫെ ജാഫ്രലോ (ലണ്ടനിലെ കിങ്സ് കോളേജ് പ്രൊഫസറും ങീറശ’െ കിറശമ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവും): “ഇപ്പോള്‍ ജമ്മു-കാശ്മീരിനുമേല്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഭരണമാണ് നടപ്പാക്കുന്നത്. ഇന്ത്യവല്‍ക്കരണം എന്ന പുതിയ നയമാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്”.

അവതാരക : “മൂന്ന് ദിവസത്തിനുശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മോദിയുടെ വാക്കുകള്‍ : “ഞങ്ങള്‍ ചരിത്രപ്രധാനമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ്; രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള തീരുമാനമാണത്. രാജ്യമാകെ അതംഗീകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. പുതിയ ഊര്‍ജത്തോടെ പുതിയ സ്വപ്നങ്ങളോടെ നമുക്ക് മുന്നോട്ടുനീങ്ങാം”.

സ്വപന്‍ ദാസ് ഗുപ്ത : “രാജ്യത്തിനുള്ളില്‍ വലിയ തോതിലുള്ള പിന്തുണ ലഭിച്ച, ഏറെ പ്രചരിപ്പിക്കപ്പെട്ട തീരുമാനമാണിത്. നാം ഉറച്ചുനിന്നാല്‍ മറ്റൊരു വിഷയം ഉയര്‍ന്നു വരാവുന്നതാണ്; പാകിസ്താനുമായുള്ള ബന്ധത്തിന്‍റെ പ്രശ്നം; പക്ഷേ രാജ്യത്തിനുള്ളില്‍ ഇത് വിപുലമായി സ്വീകരിക്കപ്പെട്ട, ജനപ്രിയമായ ഒരു കാര്യമാണ്”.

അവതാരക : “എന്നാല്‍ കാശ്മീരിലെ പ്രതികരണം രൂക്ഷമായിരുന്നു”.

പ്രതിഷേധത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയും ജനങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സ്ക്രീനില്‍. ചെറുപ്പക്കാര്‍ രോഷാകുലരായി തെരുവിലിറങ്ങുന്നതാണ് കാണുന്നത്.

ഹബീല്‍ ഇഖ്ബാല്‍ : “ഒരുതരം കര്‍ഫ്യൂ ആയിരുന്നു സംസ്ഥാനത്താകെ. നൂറുകണക്കിന് പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം വലിയ തോതിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഗവണ്‍മെന്‍റിനറിയാമായിരുന്നു; പക്ഷേ ഭരണകൂടത്തിന്‍റെ പ്രതികരണം പതിവുപോലെതന്നെ ആയിരുന്നു – പ്രതിഷേധങ്ങള്‍ ഉണ്ടാകുന്ന ഉടന്‍തന്നെ അതെല്ലാം അടിച്ചമര്‍ത്തുക; അങ്ങനെ പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കി; ഏകപക്ഷീയമായി ആളുകളെ കൂട്ടത്തോടെ തടവിലാക്കി. അവര്‍ ശരിക്കും മനുഷ്യരെ പീഡിപ്പിക്കുകയായിരുന്നു – വലതുപക്ഷക്കാരോ ഇടതുപക്ഷക്കാരോ മധ്യനിലപാടുകാരോ എന്ന് നോക്കാതെയുള്ള വ്യാപകമായ ആക്രമണം. ആകെക്കൂടി ഭീകരമായൊരു അന്തരീക്ഷം”.

അവതാരക: “ഏകദേശം 4,000 ത്തോളം ആളുകള്‍ ആദ്യ ഒരു മാസത്തിനകംതന്നെ തടവിലാക്കപ്പെട്ടു. അധികൃതര്‍ ആളുകളെ മര്‍ദ്ദിക്കുന്നതായും ക്രൂരമായി പീഡിപ്പിക്കുന്നതായും ജനങ്ങളില്‍നിന്ന് കേള്‍ക്കാനാരംഭിച്ചിരിക്കുന്നു എന്ന് ഹബീല്‍ പറയുന്നു”.

ഹബീല്‍ ഇഖ്ബാല്‍: “ആളുകളെ അര്‍ധരാത്രി പിടിച്ചുകൊണ്ടുപോവുകയും കടുത്ത ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ പീഡനമേറ്റൊരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. ഇങ്ങനെ അയാള്‍ പീഡിപ്പിക്കപ്പെട്ട സമയത്ത് അദ്ദേഹത്തിന്‍റെ അടുത്ത് ഒരുച്ചഭാഷിണി കൊണ്ടുവച്ചിരുന്നു. അയാളെ പീഡിപ്പിക്കുന്നതിന്‍റെയും അയാള്‍ നിലവിളിക്കുന്നതിന്‍റെയും ശബ്ദം ഗ്രാമവാസികളാകെ കേള്‍ക്കുന്നതിനുവേണ്ടിയായിരുന്നു അത്. ആ ഗ്രാമത്തിലെ ജനങ്ങളെയാകെ വിരട്ടിനിര്‍ത്തുകയെന്ന തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഇത്. കാശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് പുറംലോകം കാണാനോ അറിയാനോ പാടില്ലായെന്നും അധികൃതര്‍ ആഗ്രഹിച്ചിരുന്നു”.

കാശ്മീരിലെ പൊലീസ് ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് സ്ക്രീനില്‍ കാണുന്നത്.

അവതാരക : “കാശ്മീരില്‍ ആളുകളെ പീഡിപ്പിക്കുകയാണെന്ന വാദത്തെ ഇന്ത്യന്‍ സേന ശക്തിയുക്തം നിഷേധിക്കുകയാണ്. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രമുഖയായ മനുഷ്യാവകാശ വിദഗ്ധയടക്കം കാര്യങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞു”.

ഇപ്പോള്‍ സ്ക്രീനില്‍ കാണുന്നത് മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാഷ്ലെ സംസാരിക്കുന്നതാണ്, “അടുത്തകാലത്ത് ഇന്ത്യാ ഗവണ്‍മെന്‍റ് കൈക്കൊണ്ട നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് പറയുമ്പോള്‍, ഇന്‍റര്‍നെറ്റുവഴിയുള്ള ആശയവിനിമയവും സമാധാനപരമായി യോഗം ചേരാനുള്ള അവകാശവും ഉള്‍പ്പെടെയുള്ള കാശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതില്‍ എനിക്ക് അതിയായ ഉത്കണ്ഠയുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ അറസ്റ്റു ചെയ്യപ്പെടുകയാണ്”.

സ്ക്രീനില്‍ നിലഞ്ജന്‍ മുഖോപാധ്യായ: അദ്ദേഹം സംസാരിക്കുകയാണ് : “മോദിയെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള ഹിന്ദു വോട്ടുകള്‍ സമാഹരിക്കുന്നതിന് കാശ്മീര്‍ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ്. മോദിയുടെ രാഷ്ട്രീയ നിലനില്‍പ്പിന്, കാശ്മീരി മുസ്ലിം പൗരരെ നിയന്ത്രിച്ചിരിക്കുന്നു എന്നും അവരെ വരുതിയിലാക്കിക്കഴിഞ്ഞു എന്നും ഇതര ഭാഗങ്ങളിലെ ഹിന്ദു വോട്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കേണ്ടത് മോദിയുടെ ആവശ്യമാണ്”.

സ്ക്രീനില്‍ സ്വപന്‍ ദാസ്ഗുപ്ത : “70 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഏതെങ്കിലുമൊരു കേന്ദ്ര സര്‍ക്കാര്‍ കാശ്മീരി മുസ്ലീങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത്. അങ്ങനെ ഇതാദ്യമായി കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി സംയോജിപ്പിക്കപ്പെട്ടു”.

ആഗസ്ത് 2022ലെ ഒരു വാര്‍ത്താ ദൃശ്യം: വാര്‍ത്താവതാരകയുടെ ശബ്ദമാണ് കേള്‍ക്കുന്നത് : “കാശ്മീരില്‍ ഹിന്ദുക്കളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള കൊലപാതക പരമ്പര തന്നെ നടക്കുന്നു”.

ബിബിസി അവതാരക :”അതുപോലെ തന്നെ തുടര്‍വര്‍ഷങ്ങളില്‍ അധിനിവേശ കാശ്മീരില്‍ ഹിന്ദു വിരുദ്ധ അക്രമങ്ങളും നടന്നിരുന്നു”.

നഗരവീഥിയിലെ ചെക്പോസ്റ്റില്‍ അര്‍ധ സൈനിക വിഭാഗം ജനങ്ങളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്നതിന്‍റെയും വിരട്ടുന്നതിന്‍റെയും ഭീകരമായൊരു അന്തരീക്ഷം സ്ക്രീനില്‍.

റിപ്പോര്‍ട്ടറുടെ ശബ്ദം പശ്ചാത്തലത്തില്‍ : “കാശ്മീരില്‍ ഭയത്തിന്‍റേതായൊരു അന്തരീക്ഷം നിലനില്‍ക്കുന്നില്ലായെന്ന് ഇന്ത്യാ ഗവണ്‍മെന്‍റ് പറയുന്നുണ്ട്. തങ്ങളുടെ നയങ്ങളും നടപടികളും കാശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരികയാണെന്ന് ഗവണ്‍മെന്‍റ് അവകാശപ്പെട്ടു”.

ആസാം
സ്ക്രീനില്‍ ആസാം എന്ന അക്ഷരങ്ങള്‍ തെളിയുന്നു. ആസാമിന്‍റെ വ്യോമ ദൃശ്യമാണിപ്പോള്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത്. കേള്‍ക്കുന്നത് ബിബിസി അവതാരകയുടെ ശബ്ദം: “തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് അന്താരാഷ്ട്ര നിയമവിരുദ്ധ കുടിയേറ്റത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ പൗരരുടെ ദേശീയ രജിസ്റ്റര്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു”.

മോദി പ്രസംഗിക്കുന്ന ദൃശ്യം സ്ക്രീനില്‍.

അദ്ദേഹം പറയുന്നു: “സുഹൃത്തുക്കളെ, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കാനാഗ്രഹിക്കുന്നത്, ഞങ്ങളുടെ ഗവണ്‍മെന്‍റ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ് നടപ്പാക്കുമെന്നാണ്, എന്‍ആര്‍സി”……

എന്‍ആര്‍സി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആവേശഭരിതരാകുന്ന ജനാവലിയുടെ ആര്‍പ്പുവിളികളും കയ്യടിയും.

വീണ്ടും മോദി : “ഞാന്‍ നിങ്ങള്‍ക്ക് വീണ്ടും ഉറപ്പുനല്‍കുന്നു, ഇന്ത്യക്കാരായ ഹിന്ദുസ്ഥാന്‍ സ്വദേശികളായ ഒരാളും ഒഴിവാക്കപ്പെടില്ലായെന്ന് ഞാന്‍ ആവര്‍ത്തിച്ചുറപ്പു നല്‍കുന്നു”.

ജനക്കൂട്ടത്തിന്‍റെ കൈയടി.

വീണ്ടും തിരക്കേറിയൊരു നഗരക്കാഴ്ച സ്ക്രീനില്‍. അവതാരകയുടെ ശബ്ദം പശ്ചാത്തലത്തില്‍: “ഇതിനകം തന്നെ ആസാമില്‍ എന്‍ആര്‍സി പരീക്ഷിക്കപ്പെട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന നെടുനാളത്തെ പരീക്ഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊടുവിലാണ് ഇത് തയ്യാറാക്കപ്പെട്ടത്. പതിറ്റാണ്ടുകളായി അയല്‍രാജ്യമായ ബംഗ്ലാദേശില്‍നിന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേപോലെ ഇവിടേക്ക് കുടിയേറുകയായിരുന്നു”.

സ്ക്രീനില്‍ സ്വപന്‍ ദാസ് ഗുപ്ത : “ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരില്‍ ഏറിയ പങ്കും സാമ്പത്തികമായ കാരണങ്ങളാലാണ്, അതേസമയം ഹിന്ദു കുടിയേറ്റമാകട്ടെ, ബംഗ്ലാദേശില്‍നിന്നുള്ള പീഡനം സഹിക്കാനാവാത്തതുകൊണ്ടായിരുന്നു; അതുപോലെ ബംഗ്ലാദേശില്‍ നിന്ന് ന്യൂനപക്ഷങ്ങളെ പുറത്താക്കുന്നതുകൊണ്ടുമാണ്”.

സ്ക്രീനില്‍ ഡോ. സ്വദേശ് സിങ് സംസാരിക്കുന്നു: “ഒരു ആധുനിക രാഷ്ട്രം സൃഷ്ടിക്കണമെന്നുണ്ടെങ്കില്‍, നിങ്ങളുടെ പൗരര്‍ ആരെന്ന നിര്‍വചനം നല്‍കുകയെങ്കിലും വേണം. മറ്റെല്ലാ രാജ്യങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ട്. അത്തരമൊരു പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കണമെന്ന് ബിജെപി ആഗ്രഹിച്ചു. അവരത് ചെയ്യുകയും ചെയ്യും. അവര്‍ക്കതിനുള്ള അവകാശമുണ്ട്”.

നാഷണല്‍ സിറ്റിസണ്‍സ് രജിസ്റ്റര്‍ തയ്യാറാക്കുന്ന ബൂത്തുകള്‍ക്കുമുന്നില്‍ ആളുകള്‍ വരിവരിയായി കാത്തുനില്‍ക്കുന്ന ദൃശ്യം സ്ക്രീനില്‍. പശ്ചാത്തലത്തില്‍ അവതാരകയുടെ ശബ്ദം:

“എന്‍ആര്‍സി തയ്യാറാക്കുകയെന്നാല്‍ ആസാമിലെ വലിയൊരു വിഭാഗം മുസ്ലീം ജനതയെ ഒഴിവാക്കുകയെന്നാണ് അര്‍ത്ഥമെന്ന് പലരും ഭയപ്പെട്ടിരുന്നു; എന്നാല്‍ മോദി പറഞ്ഞത്, നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ എന്നാണ്”.

സ്ക്രീനില്‍ ആകാര്‍ പട്ടേല്‍. അദ്ദേഹം സംസാരിക്കുകയാണ് : “1971നു മുന്‍പ് ആസാം സംസ്ഥാനത്ത് നിങ്ങളുടെ പൂര്‍വികരെത്തിയിരുന്നു എന്നതിന്‍റെ രേഖാമൂലമായ തെളിവ് ഹാജരാക്കാന്‍ കഴിയുന്നുവെങ്കില്‍ നിങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തപ്പെടും. അതിനു കഴിയാത്ത പക്ഷം അതൊരു പ്രശ്നമായി മാറും”.

സ്ക്രീനില്‍ സൈക്കിള്‍ റിക്ഷയോടിച്ചു പോകുന്ന ഒരാളുടെ ദൃശ്യം. അയാളുടെ പേര് നൂര്‍ ഹുസൈന്‍. അവതാരകയുടെ ശബ്ദം പശ്ചാത്തലത്തില്‍ :

“അത്തരത്തില്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ടിവന്നവരില്‍ ഒരാളാണ് മുസ്ലീമായ സൈക്കിള്‍ റിക്ഷാ ഡ്രൈവര്‍ നൂര്‍ ഹുസൈന്‍”.

നൂര്‍ ഹുസൈന്‍ സംസാരിക്കുന്നു : “ഞാന്‍ ജനിച്ചത് ഇന്ത്യയിലെ ലോഡൂം ഗ്രാമത്തിലാണ്. എന്‍റെ അച്ഛനും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അവിടെ ജനിച്ചുവളര്‍ന്നവരാണ്. ഞാനും അവിടെത്തന്നെയാണ് ജനിച്ചത്”.

തന്‍റെ കുടിലിലിരുന്ന് ബിബിസിയോട് സംസാരിക്കുന്ന നൂര്‍ ഹുസൈന്‍. അദ്ദേഹം തുടരുന്നു: “പൊലീസ് എന്നെ തേടിയെത്തി. അവര്‍ എന്‍റെ മേല്‍വിലാസവും രേഖകളും ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്ത രേഖകള്‍ അവര്‍ എടുക്കുകയും ചെയ്തു. എന്നിട്ട് എന്നോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞു”.

വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുനീങ്ങുന്ന നൂര്‍ ഹുസൈന്‍റെ ദൃശ്യം. നൂര്‍ ഹുസൈന്‍ തുടരുന്നു : “ഞാനവരെ എന്‍റെ ഐഡി കാര്‍ഡും വോട്ടര്‍ കാര്‍ഡും കാണിച്ചുകൊടുത്തു. പക്ഷേ, അവരതൊന്നും സ്വീകരിച്ചില്ല. എന്‍റെ പേര് വ്യക്തമായി കാണിച്ചിട്ടുള്ള ഒറിജിനല്‍ രേഖകള്‍ കൊണ്ടുവരാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അതെനിക്ക് സമയത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ബംഗ്ലാദേശുകാരനാണെന്ന് അവര്‍ സംശയിച്ചു”.

തന്‍റെ കുടിലിനുപുറത്ത് മുറ്റത്ത് കൂട്ടിയിരിക്കുന്ന അടുപ്പില്‍ പാചകം ചെയ്യുന്ന നൂര്‍ ഹുസൈന്‍റെ ദൃശ്യം സ്ക്രീനില്‍. (സമീപത്ത് പത്തു വയസ്സിനുള്ളില്‍ പ്രായം തോന്നിക്കുന്നെ ഒരു കുട്ടി).

നൂര്‍ വീണ്ടും തുടരുന്നു: “ഞാനവരോട് പറഞ്ഞു, ഞാനിപ്പോള്‍ എന്‍റെ വീട്ടിലാണെന്ന്. അവര്‍ അങ്ങോട്ടുവന്നു, എന്നെ പിടിച്ചു കൊണ്ടുപോയി തടവിലിട്ടു”.

സ്ക്രീനില്‍ നൂറിന്‍റെ ഭാര്യയുടെയും രണ്ടു കുഞ്ഞു മക്കളുടെയും ദൃശ്യങ്ങള്‍. പശ്ചാത്തലത്തില്‍ അവതാരകയുടെ ശബ്ദം : “അധികൃതര്‍ പറഞ്ഞത്, നൂറിന്‍റെ ഭാര്യ സഹാറയുടെ പേപ്പറുകളും ശരിയല്ലായെന്നാണ്. അതുകൊണ്ട് അവളെയും അറസ്റ്റുചെയ്തു”.

നൂര്‍ ഹുസൈന്‍: “കുട്ടികളെ അറസ്റ്റില്‍ നിന്നൊഴിവാക്കാനാണ് അവര്‍ താല്‍പര്യപ്പെട്ടത്. കാരണം അടുത്തകാലത്തൊന്നും ഞങ്ങളെ മോചിപ്പിക്കാനവര്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനവരെ ഞങ്ങളോടൊപ്പം കൂട്ടാതിരുന്നാല്‍ അവര്‍ക്കെന്ത് സംഭവിക്കും? പൊലീസ് എന്നെയും ഭാര്യയെയും കൊണ്ടുപോകുകയും ലോക്കപ്പിലടയ്ക്കുകയും ചെയ്തു. ഇതുപോലൊരു നരകതുല്യമായ സാഹചര്യത്തില്‍പെടുമെന്ന് ഞാനിതിനു മുന്‍പൊരിക്കലും കരുതിയില്ല”.

അവതാരക : “നൂറും സഹാറയും കുഞ്ഞുങ്ങളെയും കൂടെ കൂട്ടി. അടുത്ത 18 മാസത്തേക്ക് അവര്‍ക്ക് തടങ്കല്‍ പാളയത്തില്‍ കഴിയേണ്ടി വന്നു”.

സ്ക്രീനില്‍ അരുന്ധതി റോയ് : “അഭയാര്‍ത്ഥി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യമല്ലിത്. മറിച്ച്, സ്വന്തം ജനങ്ങളില്‍ നിന്നുതന്നെ അഭയാര്‍ത്ഥികളെ നിര്‍മ്മിച്ചെടുക്കുന്ന വിചിത്രമായൊരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇത് അവിശ്വസനീയമാണ്”.

നിസ്കരിക്കുന്ന മുസ്ലീം ജനതയുടെ ദൃശ്യം സ്ക്രീനില്‍.

അവതാരക പറയുന്നു: “നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പ്രകാരം ഏഴു ലക്ഷം മുസ്ലീങ്ങള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ 10 ലക്ഷത്തിലേറെ ഹിന്ദുക്കളും ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വിവാദ ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം ഗവണ്‍മെന്‍റ് അവതരിപ്പിച്ചത് ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുമെന്നതിനാലാണ്”.

ആകാര്‍ പട്ടേല്‍ : “സിഎഎ പറയുന്നത് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍നിന്നോ പാകിസ്താനില്‍നിന്നോ രേഖകളില്ലാതെ 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്കെല്ലാം, അവര്‍ മുസ്ലീങ്ങളല്ലയെങ്കില്‍ സ്വാഭാവികമായിത്തന്നെ ഇന്ത്യന്‍ പൗരത്വം ലഭിക്കും. എന്‍റെ അഭിപ്രായത്തില്‍, ഇത് മുസ്ലിങ്ങളെ വേട്ടയാടലാണ്”.

ഡോ. സ്വദേശ് സിങ് : “നിര്‍ഭാഗ്യവശാല്‍, ഇത് ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിനെതിരായതല്ല. മറിച്ച് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കനുകൂലമായ ഒന്നാണിത്. അതായത്, ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധമതക്കാരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണിത്”.

സ്വപന്‍ ദാസ് ഗുപ്ത: “ദൗര്‍ഭാഗ്യവശാല്‍, ഇതിനെ തെറ്റിദ്ധാരണ പരത്തുന്ന വിധം ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. ചിലയാളുകളുടെ പൗരത്വാവകാശം കവര്‍ന്നെടുക്കുന്നതിനുവേണ്ടിയാണ് ഈ നിയമം എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ഒരാളെയും ഒഴിവാക്കുന്നതിനെക്കുറിച്ച് നിയമം ഒരിടത്തും പറഞ്ഞിട്ടില്ല. നിയമം പറയുന്നത്, ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതിനെക്കുറിച്ച് മാത്രമാണ്”.

സ്ക്രീനില്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. അദ്ദേഹം പറയുന്നു: “ഇത് പാര്‍ലമെന്‍റ് അവതരിപ്പിക്കുകയും നിയമമാക്കുകയും ചെയ്തതിലൂടെ മോദി എന്തെങ്കിലും തെറ്റുചെയ്തോ? ശരിക്കുമിത് ഇന്ത്യയിലെല്ലാവരാലും സ്വാഗതം ചെയ്യപ്പെട്ട ഒരു നടപടിയാണ്”.

സ്ക്രീനില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും സിഎഎ നിയമത്തിനെതിരായി പ്ലക്കാഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍. പശ്ചാത്തലത്തില്‍ അവതാരക സംസാരിക്കുന്നു: “പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത് നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ ഭാവിയെന്താകുമെന്ന് ആശങ്കപ്പെട്ടുകൊണ്ടാണ്”.

VOA ന്യൂസിലും DW ന്യൂസിലും സംപ്രേക്ഷണം ചെയ്യപ്പെട്ട സിഎഎ പ്രതിഷേധങ്ങളുടെ ദൃശ്യം സ്ക്രീനില്‍. അതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിങ്ങനെ: “ആയിരക്കണക്കിനാളുകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ ബില്ലിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. ഈ നിയമം വിവേചനപരമാണെന്നും ഇത് ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു”.

പാര്‍ലമെന്‍റില്‍ അമിത് ഷാ സംസാരിക്കുന്ന ദൃശ്യം സ്ക്രീനില്‍. അദ്ദേഹം പറയുന്നു: “ഈ ബില്ല് ന്യൂനപക്ഷങ്ങളിലെ ഒരു ചെറിയ വിഭാഗത്തിനുപോലും ദോഷകരമാവില്ല, പ്രത്യേകിച്ചും ഈ രാജ്യത്ത് ജീവിക്കുന്ന മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്ക് ഇത് ദോഷകരമല്ല. കാരണം ഈ ബില്ല് ആളുകള്‍ക്ക് പൗരത്വം നല്‍കുകയാണ് ചെയ്യുന്നത്, ആര്‍ക്കും നിഷേധിക്കുകയല്ല”.

വീണ്ടും പാര്‍ലമെന്‍റിന്‍റെ ദൃശ്യം. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ : “ഇവര്‍ കൃത്യമായി ന്യൂനപക്ഷവിഭാഗങ്ങളായ മുസ്ലീങ്ങളെ ടാര്‍ഗറ്റ് ചെയ്യുകതന്നെയാണ്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടനയെത്തന്നെ ലംഘിക്കാനാണവര്‍ ശ്രമിക്കുന്നത്. ഇത് വിഭാഗീയവും ഒരു വിഭാഗത്തെ ഒഴിവാക്കുന്നതുമാണ്”.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ട് എഎന്‍ഐ റിപ്പോര്‍ട്ടറോട് പ്രതികരിക്കുന്ന യുവതി: “അവര്‍ ഒരു മറയുമില്ലാതെ പറയുന്നത്, മുസ്ലീങ്ങളൊഴികെയുള്ള എല്ലാ അഭയാര്‍ത്ഥികളും സ്വാഗതം ചെയ്യപ്പെടുമെന്നാണ്”.

ശക്തമായി ഉയരുന്ന പ്രതിഷേധത്തിന്‍റെ ദൃശ്യം സ്ക്രീനില്‍. തെരുവില്‍ നിറഞ്ഞൊഴുകുന്ന ജനരോഷം.

സ്ക്രീനില്‍ അരുന്ധതി റോയ്: “ഒരു ജനവിഭാഗത്തെയാകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അതുകൊണ്ട് ഭീമമായ ഈ പ്രതിഷേധ പ്രകടനങ്ങളെല്ലാം ഉയര്‍ന്നുവന്നത് ഈ വികാരത്തെ അടിസ്ഥാനമാക്കിയാണ്”.

പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന DW ചാനലിലെ ദൃശ്യങ്ങള്‍.

ചാനല്‍ റിപ്പോര്‍ട്ടര്‍: “ഇന്ത്യയിലെ ഒട്ടേറെ ആളുകള്‍ ഈ നിയമത്തെ മുസ്ലിം വിരുദ്ധമായാണ് കാണുന്നത്. ഇത് നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നു പറയുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും ആളുകള്‍ കാണുന്നുണ്ട്”.

പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പലസ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസും പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍.

സ്ക്രീനില്‍ പ്രൊഫ. ക്രിസ്റ്റഫെ ജാഫ്രലോ. അദ്ദേഹം സംസാരിക്കുകയാണ്: “രാജ്യത്തെ പ്രതികരണം അതിശക്തമായിരുന്നു. അപകട സാധ്യത വളരെ വലുതായിരുന്നു. ഇത് ഇന്ത്യയുടെ അസ്തിത്വത്തെത്തന്നെ നിര്‍വചിക്കുന്നതുമായിരുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ അസ്തിത്വംതന്നെ അപകടത്തിലായിരിക്കുന്നു”.

ഡല്‍ഹി
ഡല്‍ഹിയുടെ ആകാശക്കാഴ്ച സ്ക്രീനില്‍.

ഡല്‍ഹിയിലെ പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യം.

അവതാരക : “ഡല്‍ഹിയിലെ അഭിമാനസ്തംഭങ്ങളായ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുകയും പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്യുകയുമുണ്ടായി”.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നിന്നും സഫൂറ സര്‍ഗാര്‍ സംസാരിക്കുന്നു: “സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരായ ഞങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനാണ് ഞങ്ങള്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ചുചെയ്യുന്നത്. സിഎഎ ഒട്ടേറെ മുസ്ലീങ്ങളെ രാജ്യരഹിതരാക്കും. അതുകൊണ്ടാണ് ഞങ്ങള്‍ ഇത്ര ശക്തമായി പ്രതികരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ”.

പാര്‍ലമെന്‍റിലേക്ക് സമാധാനപരമായി മാര്‍ച്ചുചെയ്യുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് വഴിമധ്യേ ബാരിക്കേഡുകള്‍ വച്ച് തടയുകയും ടിയര്‍ ഗ്യാസ് പൊട്ടിക്കുകയും ചെയ്തു. സ്ക്രീനില്‍ മാറിമറിയുന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.

സഫൂറ സര്‍ഗാര്‍ തുടരുന്നു: “പൊലീസുകാര്‍ റോഡില്‍ പലേടത്തും ബാരിക്കേഡുകള്‍ വെച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞു. അതുകൊണ്ടാണ് ചില വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്. അപ്പോഴേക്കും പൊലീസ്ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ തുടരെത്തുടരെ പൊട്ടിച്ചു. ഒരെണ്ണം വന്നുവീണത് എന്‍റെ തൊട്ടു മുന്നിലാണ്. കുറച്ചുനേരത്തേക്ക് എനിക്ക് ശ്വസിക്കാന്‍ പോലും പറ്റിയില്ല”.

സ്ക്രീനില്‍ ബാരിക്കേഡുകള്‍ ചാടിക്കടന്ന് മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദൃശ്യം. ടിയര്‍ ഗ്യാസുകള്‍ പൊട്ടിക്കുന്നതിന്‍റെയും കുട്ടികള്‍ ചിതറിയോടുന്നതിന്‍റെയും ദൃശ്യങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് കല്ലേറ് നടത്തുന്നതും കാണാം.

വീണ്ടും സഫൂറ : “എന്‍റെ സുഹൃത്തുക്കളിലൊരാള്‍ ദേഹമാസകലം രക്തത്തില്‍ കുളിച്ച അവസ്ഥയിലായി. ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഇത്രയധികം ഭീകരമായും ക്രൂരമായും നേരിടുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല. രാജ്യത്തിന്‍റെ തലസ്ഥാനമായ ഡല്‍ഹി നഗരത്തിന്‍റെ ഹൃദയഭാഗത്ത്, അവിശ്വസനീയമായ സാഹചര്യമാണുണ്ടായത്. ഒരു യുദ്ധമേഖലയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത്”.

കാരവന്‍, ട്വിറ്റര്‍ എന്നിവയില്‍നിന്നുള്ള ദൃശ്യങ്ങള്‍. പൊലീസ് ആക്രമിക്കുന്നതിന്‍റെയും ചിതറിയോടുന്ന വിദ്യാര്‍ത്ഥികളുടെയും ഡല്‍ഹി തെരുവുകള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സ്ക്രീനില്‍. വിദ്യാര്‍ത്ഥികളെ ഭീകരമായി മര്‍ദ്ദിക്കുന്ന പൊലീസിന്‍റെയും, മര്‍ദ്ദനമേറ്റ് അവശരായ വിദ്യാര്‍ഥികളെ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളുടെയും ദൃശ്യങ്ങള്‍.

അവതാരകയുടെ വാക്കുകള്‍: “പൊലീസിന്‍റെ മര്‍ദ്ദന നടപടികള്‍ ശക്തിപ്പെട്ടതോടെ തെരുവിലിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും പ്രതിഷേധ പ്രകടനങ്ങളും വര്‍ദ്ധിച്ചു. തലസ്ഥാന നഗരമാകെ പ്രതിഷേധം പടര്‍ന്നുപിടിച്ചു. ക്യാമ്പസിനകത്തേക്ക് കയറാന്‍ പൊലീസ് തീരുമാനിച്ചു”.

സര്‍വ്വകലാശാലയ്ക്കുള്ളിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിടുന്ന പൊലീസ് ഭീകരതയുടെ സിസിടിവി ദൃശ്യങ്ങള്‍ സ്ക്രീനില്‍. എങ്ങും കാക്കിപ്പടയുടെ താണ്ഡവം. ക്ലാസ് മുറികള്‍ക്കുള്ളിലേക്ക് ഇരച്ചുകയറി കസേരയും മേശയുമുള്‍പ്പെടെ കാണുന്നതെല്ലാം അടിച്ചുതകര്‍ക്കുകയാണ് പൊലീസ്. എങ്ങും കുട്ടികളുടെ നിലവിളി ശബ്ദങ്ങള്‍. ക്ഷനേടാനായി മേശകള്‍ക്കും ഡസ്ക്കുകള്‍ക്കുമെല്ലാം പിന്നില്‍ രഒളിച്ചിരിക്കുന്ന കുട്ടികളെ വലിച്ചിഴച്ച് പുറത്തിട്ട് ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുന്ന പൊലീസ് ഭീകരതയാണ് സ്ക്രീനില്‍ നിറഞ്ഞു കാണുന്നത്. ചിതറിയോടുന്ന വിദ്യാര്‍ത്ഥികള്‍…. നശിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍…..

പശ്ചാത്തലത്തില്‍ സഫൂറയുടെ ശബ്ദമാണിപ്പോള്‍ കേള്‍ക്കുന്നത്: “പെട്ടെന്നാണ് പൊലീസ് അകത്തേക്ക് ഇരച്ചുകയറിയത്. മനുഷ്യരെയും വസ്തുവകകളെയുമെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു അവര്‍. വിദ്യാര്‍ത്ഥികള്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ദയയ്ക്കായി യാചിച്ചുകൊണ്ട് മേശകള്‍ക്ക് പുറകിലും മറ്റും ഒളിക്കുകയായിരുന്നു. പക്ഷേ പൊലീസ് അവരെയെല്ലാം വലിച്ചു പുറത്തിട്ട് വിവേചനരഹിതമായി തല്ലിച്ചതയ്ക്കുകയായിരുന്നു”.

ഗ്ലാസ് ഷട്ടറുകള്‍ പൊലീസ് ആക്രമണത്തില്‍ പൊട്ടിത്തകരുന്ന ശബ്ദവും ദൃശ്യവും സ്ക്രീനില്‍. അടിയേറ്റ് തലപൊട്ടിയും ബോധരഹിതരായും ശുചിമുറിയിലും ഇടനാഴിയിലുമെല്ലാം വീണുകിടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കാണാം. ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിന്നും പൊലീസിന്‍റെ ആക്രമണത്തില്‍നിന്നും രക്ഷതേടുന്ന നിസ്സഹായരായ വിദ്യാര്‍ഥികളുടെ നിലവിളി ശബ്ദം.

മാധ്യമറിപ്പോര്‍ട്ടര്‍: “ഡസന്‍ കണക്കിന് കുട്ടികളെ പ്രാദേശികാശുപത്രികളിലേക്ക് കൊണ്ടുപോയി”.

പരിക്കേറ്റ് ആശുപത്രിയിലായ ഒരു വിദ്യാര്‍ഥിയുടെ വാക്കുകള്‍ (ന്യൂസ് ക്ലിക്കില്‍ നിന്നുള്ള ദൃശ്യം): “പൊലീസ് അകത്തേക്ക് കയറിവന്നു. ഞങ്ങളെയെല്ലാം വലിച്ചുപുറത്തിട്ടു.”

അവതാരക: “അവര്‍ പറയുന്നത് ഇന്ത്യയിലെ പുതിയ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിച്ചതിനാണ് പൊലീസ് തങ്ങളെ ആക്രമിച്ചത് എന്നാണ്”.

സഫൂറ സര്‍ഗാര്‍ സ്ക്രീനില്‍: “അവര്‍ വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദ്ദിച്ചു; സര്‍വകലാശാലയാകെ കീഴ്മേല്‍ മറിച്ചു. പ്രതിഷേധിക്കുന്ന ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാനായി, ഇനിയും പ്രതിഷേധിക്കരുത് എന്ന താക്കീത് നല്‍കാനായി അവര്‍ ഭീതിയുടെയും ഭീകരതയുടെയും ഒരന്തരീക്ഷം സൃഷ്ടിച്ചു”.

അവതാരക: “പൊലീസ് പറഞ്ഞത് തങ്ങള്‍ ക്രമസമാധാനം പാലിക്കാനാണ് ശ്രമിച്ചതെന്നാണ്. എന്നാല്‍ പൊലീസിന്‍റെ നടപടി കൂടുതല്‍ വലിയ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണുണ്ടായത്. സിഎഎക്കെതിരെയും പ്രതിഷേധക്കാരെ തല്ലിക്കൊല്ലുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയും രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അലയടിച്ചുയരുന്നതായാണ് തുടര്‍ന്ന് നാം കാണുന്നത്”.

റിപ്പോര്‍ട്ടര്‍: “ഡല്‍ഹിയില്‍നിന്നും പ്രക്ഷോഭം കൊല്‍ക്കത്ത, മുംബൈ എന്നിങ്ങനെ രാജ്യമാകെ ശക്തമായി പടര്‍ന്നുപിടിച്ചു. മുസ്ലീം കുടിയേറ്റക്കാര്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്ന നിയമത്തിനെതിരെയും രാജ്യം ഭരിക്കുന്ന ദേശീയവാദികളായ നേതൃത്വത്തിനെതിരെയും അഭൂതപൂര്‍വമായ എതിരഭിപ്രായമാണ് രാജ്യത്തുടനീളം പ്രകടമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്”.

ചാനല്‍ റിപ്പോര്‍ട്ടര്‍: “പ്രതിഷേധം രാജ്യത്തുടനീളം രൂക്ഷമായി പടര്‍ന്നുപിടിക്കുകയാണ്. ഇപ്പോഴത് അഖിലേന്ത്യാ സ്വഭാവമുള്ള പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലുടനീളം പ്രധാനനഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമായി തുടരുന്നു”.

മറ്റൊരു റിപ്പോര്‍ട്ടര്‍: “പ്രധാനമായും ഇത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നതെന്ന് പലരും കരുതുന്ന ഒരു നിയമത്തിനെതിരെയാണ്”.

ബിബിസി അവതാരക: “ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ നഗരത്തിന്‍റെ പല ഭാഗങ്ങളും പിടിച്ചടക്കി കുത്തിയിരുന്നു. പുതിയ നിയമം റദ്ദാക്കപ്പെടുന്നതുവരെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സഫൂറ സര്‍ഗാറും ആ കൂട്ടത്തിലുണ്ടായിരുന്നു”.


‘വിപ്ലവം ജയിക്കട്ടെ’, ‘ആസാദി, ആസാദി’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അവര്‍ ഓരോ സ്ഥലത്തും കുത്തിയിരുന്നത്. ഗണ്യമായത്ര സ്ത്രീ പങ്കാളിത്തംകൊണ്ട്, ചെറുപ്പക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ അഭൂതപൂര്‍വമായ പ്രതിഷേധം.

സഫൂറ സര്‍ഗാര്‍: “എന്‍ആര്‍സിയുടെയും സിഎഎയുടെയും അനന്തരഫലങ്ങളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതോടെ ഈ പ്രതിഷേധങ്ങള്‍ വലിയ ഒരു ജനമുന്നേറ്റമായി മാറുകയാണെന്ന് എനിക്ക് തോന്നുന്നു.”

സ്വപന്‍ ദാസ് ഗുപ്ത: “എന്നെ അന്ധാളിപ്പിക്കുന്ന കാര്യം ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ മുസ്ലീങ്ങളുടെ ഗണ്യമായ പങ്കാളിത്തത്തോടുകൂടി പ്രക്ഷോഭം നടക്കുന്നുവെന്നതാണ്. ഡല്‍ഹിയില്‍ ദീര്‍ഘകാലമായി മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. അതുകൊണ്ട് അവരുടെ വലിയ തോതിലുള്ള പങ്കാളിത്തം സൂചിപ്പിക്കുന്നത് കേവലം സിഎഎയോടുള്ള അവരുടെ പ്രതിഷേധം മാത്രമല്ല. കഴിഞ്ഞ 7-8 വര്‍ഷമായി രാജ്യത്തിന്‍റെ രാഷ്ട്രീയസംവിധാനത്തില്‍ അതേവരെ അവര്‍ക്കുണ്ടായിരുന്ന പിടി അയഞ്ഞുപോയതിലുള്ള മുസ്ലീം പ്രതിഷേധമായും കാണണം”.

“ഞങ്ങള്‍ക്കൊപ്പം അണിചേരൂ; പ്രതിഷേധത്തില്‍ പങ്കാളികളാകൂ” എന്ന ഉറക്കെയുള്ള മുദ്രാവാക്യംവിളികളാല്‍ മുഖരിതമായ ഒരു ക്യാമ്പ് സ്ക്രീനില്‍ കാണുന്നു. മഹാഭൂരിപക്ഷവും സ്ത്രീകളാണ്, അതും ചെറുപ്പക്കാര്‍. ദേശീയപതാകയേന്തിയാണ് അവരുടെ പ്രതിഷേധം.

ബിബിസി അവതാരക: “തീവ്രവാദ ചിന്താഗതിക്കാരായ ഹിന്ദുപുരോഹിതര്‍ മുസ്ലീം പ്രതിഷേധക്കാര്‍ക്കെതിരെ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങി”.

ഹിന്ദു തീവ്രവാദികളുടെ ഒരു യോഗത്തില്‍ ഒരാള്‍ പ്രസംഗിക്കുന്ന ദൃശ്യം (2020ല്‍ ഡല്‍ഹിയില്‍ നടന്നത്). അയാളുടെ വിഷം ചീറ്റല്‍; “ഇങ്ങനെ വലിയ തോതില്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്ന ഈ മുസ്ലീങ്ങളെല്ലാം അറിയേണ്ട കാര്യം ഇതേപോലെ ഞങ്ങളും പുറത്തിറങ്ങുന്ന ദിവസം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നാണ്.”

മറ്റൊരു കാവിവേഷധാരിയുടെ വാക്കുകള്‍ : “ഇസ്ലാമെന്ന് വിളിക്കപ്പെടുന്ന തിന്മയെ ഉന്മൂലനം ചെയ്യാതെ നമുക്കെങ്ങനെ അതിജീവിക്കാനാകും?”

വീണ്ടും ബിബിസി അവതാരക: “മോദിയുടെ അനുയായികള്‍ മുസ്ലീങ്ങളായ പ്രതിഷേധക്കാര്‍ക്കെതിരെ തങ്ങളുടേതായ പ്രകടനങ്ങളുമായി തെരുവിലിറങ്ങാന്‍ തുടങ്ങി”. 2020 ഫെബ്രുവരി 24ലെ ദൃശ്യം സ്ക്രീനില്‍. ‘മോദി’, ‘മോദി’യെന്ന ആര്‍പ്പുവിളികള്‍.

അരുന്ധതിറോയി: “പ്രതിഷേധങ്ങള്‍ മൂന്നുമാസം പിന്നിടാറാകുന്നതോടുകൂടി ബിജെപിയുടെ പ്രമുഖരായ സീനിയര്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങുകയും പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്.”

ബിബിസി അവതാരക: “നരേന്ദ്രമോദിയുടെ ഇന്ത്യ മുന്‍പൊരിക്കലും കാണാത്ത വിധം വിഭജിക്കപ്പെട്ടിരിക്കുന്നതായിതോന്നുന്നു; എന്നാല്‍ പൊരുതാന്‍ കച്ചകെട്ടി നില്‍ക്കുന്ന പ്രധാനമന്ത്രിക്ക് അപ്രതീക്ഷിതമായ ഒരു കോണില്‍നിന്ന് പിന്തുണ ലഭിച്ചു”.

ഗുജറാത്ത്
2020 ഫെബ്രുവരി 24
നമസ്തേ ട്രംപ് എന്ന പേരില്‍ ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് മോദി നല്‍കിയ സ്വീകരണ പരിപാടിയുടെ ദൃശ്യം. ആര്‍ത്തുവിളിക്കുന്ന സദസ്യര്‍. സ്വാഗത പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിക്കപ്പെടുന്നു. മോദിയുടെ വാക്കുകള്‍: “സുഹൃത്തുക്കളേ, ഞാന്‍ എന്‍റെ ഈ സുഹൃത്തിനെ, ഇന്ത്യയുടെ സുഹൃത്തിനെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്‍റ് മി. ഡൊണാള്‍ഡ് ട്രംപിനെ നമസ്തേ പറഞ്ഞ് സ്വീകരിക്കുന്നു. നാമെല്ലാം എണീറ്റുനിന്ന് ട്രംപിന് നമസ്തേ പറഞ്ഞ് ആദരിക്കണം.” സദസ്യര്‍ ആര്‍പ്പുവിളികളോടെ അതേറ്റു വിളിക്കുന്നു. ട്രംപും നമസ്തേ പറയുന്നു. സദസ്യരുടെ കയ്യടി!

ട്രംപിന്‍റെ വാക്കുകള്‍: “ഏറെ സവിശേഷതയുള്ള ഈ നേതാവിന്, ഇന്ത്യയുടെ മഹാനായ ഈ അഭ്യുദയകാംക്ഷിക്ക്, രാപകല്‍ ഭേദമില്ലാതെ തന്‍റെ രാജ്യത്തിനായി പണിയെടുക്കുന്ന ഒരു മനുഷ്യന്, എന്‍റെ യഥാര്‍ഥ സുഹൃത്തെന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ തുടങ്ങട്ടെ! ദശലക്ഷക്കണക്കിനുവരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോളുരുമ്മിനിന്ന് സൗഹൃദത്തോടെ ആരാധന നടത്തുന്ന, പ്രാര്‍ഥിക്കുന്ന ഒരിടമെന്ന നിലയിലാണ് ലോകത്തുടനീളം നിങ്ങളുടെ ഈ രാജ്യം ആദരിക്കപ്പെടുന്നത്; നിങ്ങള്‍ക്കിടയിലുള്ള ഈ ഐക്യമാണ് ലോകത്തിനാകെ ആവേശം പകരുന്നത്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു; ഞങ്ങള്‍ ഇന്ത്യയെ വളരെയേറെ സ്നേഹിക്കുന്നു, നന്ദി!

സദസ്സിന്‍റെ ആര്‍പ്പുവിളി. മോദിയും ട്രംപും കൈകോര്‍ത്ത് സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.

ഡല്‍ഹി
ജനക്കൂട്ടം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍. പലേടത്തുനിന്നും തീയും പുകയും ഉയരുന്നതും കാണാം. ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കുന്നതുപോലെയുള്ള വെടിയൊച്ചകള്‍ ഉയരുന്നതും കേള്‍ക്കാം. ആള്‍ക്കൂട്ടത്തില്‍ പലരുടെയും കൈവശം കമ്പും വടികളും കാണാം. പൊലീസ് അടുത്തെങ്ങും ഉള്ളതായി കാണുന്നില്ല. (വിവിധ ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍ അക്കാലത്തുവന്ന റിപ്പോര്‍ട്ടുകളില്‍നിന്നാണ് ബിബിസി ഈ ഭാഗത്തെ ഡോക്യുമെന്‍ററി തയ്യാറാക്കാന്‍ ഉപയോഗിച്ചത് എന്ന് സൂചിപ്പിക്കുന്നുണ്ട്)

റിപ്പോര്‍ട്ടര്‍: “സിഎഎ വിരുദ്ധ പ്രതിഷേധക്കാരും സിഎഎ അനുകൂല പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വ്യാപകമായ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്നു; ഞങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്ഥിതി വഷളായിരിക്കുകയാണ്. അക്രമവും അരാജകത്വവും അനിയന്ത്രിതമായി തുടരുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഇരുപക്ഷവും ഏറ്റുമുട്ടുകയാണ്. വീണ്ടും വന്‍തോതിലുള്ള കല്ലേറ് തുടരുന്നു”.

സ്ക്രീനില്‍ ആക്രമണങ്ങളുടെയും കല്ലേറിന്‍റെയും ദൃശ്യങ്ങള്‍.

‘കൊല്ലൂ, അവന്മാരെ കൊല്ലൂ’, ‘ഹിന്ദുസ്ഥാന്‍ ഞങ്ങളുടേതാണ്’ എന്നിങ്ങനെയുള്ള മുറവിളികള്‍ കേള്‍ക്കാം. ചില ചെറുപ്പക്കാരെ വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുന്നതും കാണാം.

വീണ്ടും റിപ്പോര്‍ട്ടര്‍: “രാജ്യതലസ്ഥാനം ഒരു യുദ്ധഭൂമിയായിരിക്കുകയാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നഗരത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്”.

ഒരു ചെറുപ്പക്കാരന്‍ സ്വന്തം അനുഭവം വിശദീകരിക്കുന്നു: “എന്‍റെ ഉമ്മ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു; ഞാന്‍ അവരെ അന്വേഷിച്ചുപോയി. ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ടത്, ആകെ കുഴപ്പം പിടിച്ച ഒരവസ്ഥയാണ്. വലിയ തിക്കും തിരക്കുമായിരുന്നു അവിടെ – ഉന്തും തള്ളും; അതില്‍പെട്ട് ഞാന്‍ തറയില്‍ വീണു”.

മുഹമ്മദ് വസീം എന്ന ആ ചെറുപ്പക്കാരന്‍ തുടരുന്നു:

“അവര്‍ എന്നെ പിടിച്ച് ഇവിടെ കൊണ്ടുവന്ന് ഈ തറയിലിട്ടു”.’

ചൂടുപിടിച്ച വാഗ്വാദങ്ങള്‍. ഒന്നും വ്യക്തമായി കേള്‍ക്കാനാവുന്നില്ല. ആളുകളെ വടികൊണ്ടടിക്കുന്നതിന്‍റെയും നിലവിളിയുടെയും ഒച്ചകള്‍.

“ഞങ്ങളെല്ലാം ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്.” മറുവശത്തെ ശബ്ദം “പക്ഷേ, നീ കല്ലെറിയുന്നതു ഞാന്‍ കണ്ടെടാ…” (തെറിവിളി)
മുഹമ്മദ് വസീം: “പൊലീസുകാര്‍ ഞങ്ങളെ തല്ലുകയായിരുന്നു. ഞങ്ങളില്‍ അഞ്ചുപേരെ തല്ലുകയാണ്. പൊലീസുകാര്‍ തന്നെ തങ്ങളുടെ മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. തറയില്‍ കിടന്ന് തല്ലുകൊള്ളുന്ന ചെറുപ്പക്കാരുടെ ദൃശ്യങ്ങള്‍”.

വസീം തുടരുന്നു: “അവര്‍ (പൊലീസുകാര്‍) ഞങ്ങളെ റൈഫിളും കമ്പികളും വടികളും കൊണ്ടാണ് തല്ലിയത്. അവര്‍ ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഞങ്ങള്‍ അടികൊണ്ടവശരായി തറയില്‍ കിടക്കുമ്പോള്‍ ദേശീയഗാനം ആലപിക്കാന്‍ അവര്‍ ഞങ്ങളോട് പറഞ്ഞു”.

ശാന്തമായി, പതിഞ്ഞ ശബ്ദത്തില്‍ അവന്‍ ദേശീയഗാനം ആലപിക്കുന്നു.

വീണ്ടും വസീമിന്‍റെ വാക്കുകള്‍: “അവര്‍ കരുതിയത് മുസ്ലീങ്ങള്‍ക്ക് ദേശീയഗാനം അറിയില്ലെന്നാണ്. പക്ഷേ ഞങ്ങളിവിടെയാണ് ജീവിച്ചത്, ഈ മണ്ണിലാണ് വളര്‍ന്നത്; ഞങ്ങള്‍ക്ക് നന്നായി ദേശീയഗാനം അറിയാം. ഇതൊന്ന് (തല്ലുന്നത്) നിര്‍ത്താന്‍ ഞാനവരോട് വാദിച്ചുകൊണ്ടിരുന്നു. ദേശീയഗാനം പാടിയിട്ടും അവര്‍ അടി നിര്‍ത്തിയില്ല”.

പരുക്കന്‍ ശബ്ദത്തില്‍ ഗാനാലാപനം. പൊലീസ് തുടര്‍ച്ചയായി തല്ലിക്കൊണ്ടിരിക്കുന്നു. പ്രതിഷേധക്കാരുടെ ആര്‍ത്തനാദം ഉയരുന്നു. ഒപ്പം ‘ആസാദി, ആസാദി’ വിളികളും.

വസീം തുടരുന്നു: “എന്‍റെ അവസ്ഥ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. എനിക്ക് തലചുറ്റല്‍ അനുഭവപ്പെട്ടു; എനിക്ക് തീരെ വയ്യാതായി എന്നുതോന്നി. എന്‍റെ ശരീരമാകെ വേദനകൊണ്ട് പുളയുകയായിരുന്നു”.

തല്ലുകൊണ്ട് നീരുവന്ന് വീര്‍ത്തിരിക്കുന്ന കൈകാലുകളുടെ ദൃശ്യം സ്ക്രീനില്‍. പിന്നില്‍ കൈ കെട്ടി പുറംതിരിഞ്ഞ് ചിന്താമഗ്നനായി നില്‍ക്കുന്ന മുഹമ്മദ് വസീമിന്‍റെ ദൃശ്യം സ്ക്രീനില്‍.

വസീമിന്‍റെ വാക്കുകള്‍: “ഞങ്ങളെ അവര്‍ ജ്യോതിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പത്ത് – പതിനഞ്ച് മിനിറ്റുകള്‍ക്കുശേഷം ഫൈസാനെയും എന്നെയും ഒരുമിച്ചാക്കി. അവനെ അവര്‍ അകത്തേക്ക് തള്ളുകയായിരുന്നു; അവന്‍ തറയില്‍ വന്ന് വീണു. അവന്‍റെ തലയില്‍ ബാന്‍ഡേജ് കെട്ടിയിരുന്നു; അവന്‍റെ വസ്ത്രങ്ങളാകെ രക്തത്തില്‍ കുളിച്ചിരുന്നു. അവന്‍ എവിടെയായിരുന്നുവെന്ന് അവനറിയില്ല. സ്വന്തം കാലില്‍ നേരെ നിവര്‍ന്നുനില്‍ക്കാന്‍ അവനു കഴിയുമായിരുന്നില്ല.” സ്ക്രീനില്‍ ഫൈസാന്‍റെ വീടിനകം. ഫൈസാന്‍റെ ഉമ്മ കിസ്മത്തുന്‍ സംസാരിക്കുന്നു. ചുവരില്‍ ഫൈസാന്‍റെ ചിത്രം. “ആ ദിനം എനിക്കൊരിക്കലും മറക്കാനാവില്ല. അവന്‍ അത്രയ്ക്ക് നല്ല കുട്ടിയായിരുന്നു. ഫൈസാന് 23 വയസ്സായിരുന്നു; തയ്യല്‍ക്കാരനായിട്ടാണ് അവന്‍ പണിയെടുത്തിരുന്നത്. എന്‍റെ മകനെ ഞങ്ങള്‍ക്ക് വീട്ടില്‍ കാണാന്‍ കിട്ടിയല്ലോ; പക്ഷേ, അവന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. അവന് ഇരിക്കാനോ നില്‍ക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല”.

ഫൈസാന്‍റെ ചിത്രങ്ങളും ആധാര്‍ കാര്‍ഡും ആ ഉമ്മ കാണിക്കുന്ന ദൃശ്യം സ്ക്രീനില്‍. ഈ പശ്ചാത്തലത്തില്‍ അവന്‍റെ ഉമ്മ തുടരുന്നു: “ഞങ്ങളവനെ വീട്ടിനുള്ളിലേക്ക് കൊണ്ടുവന്നു. അവന്‍റെ വസ്ത്രങ്ങളിലാകെ ചോരപുരണ്ടിരുന്നു. ശരീരത്തിലാകമാനം നീണ്ട വടികൊണ്ട് തല്ലുകൊണ്ടതിന്‍റെ പാടുകള്‍ കാണാമായിരുന്നു. അവന്‍റെ ശരീരമാകെ കറുത്ത് കരുവാളിച്ചിരുന്നു. നേരം വെളുത്തപ്പോള്‍ തന്നെ ഞാനവനെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ആ ഡോക്ടര്‍ പറഞ്ഞത്, എത്രയും പെട്ടെന്ന് അവനെ ആശുപത്രിയിലെത്തിക്കാനാണ്; രക്ഷപ്പെടുത്താന്‍ കഴിയുമോയെന്നത് സംശയമാണ്. അവന്‍ എന്നെ ‘ഉമ്മാ, ഉമ്മാ’ എന്ന് വിളിച്ച് കരയുകയായിരുന്നു; അവന്‍ തന്‍റെ സഹോദരന്‍റെ കൈ കവര്‍ന്നെടുത്തു; എന്നിട്ട് പറഞ്ഞു- എന്നെ തനിച്ചാക്കരുതെന്ന്, എന്നെ വിട്ടുപോകരുതെന്ന്”.

ഇതെല്ലാം പറയുമ്പോള്‍ ആ ഉമ്മ ഏങ്ങലടിച്ച് പൊട്ടിക്കരയുകയായിരുന്നു. കണ്ണീര്‍ തുടയ്ക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ട് അവര്‍ തുടര്‍ന്നു:

“അധികം കഴിയുംമുന്‍പ് അവന്‍ മരിച്ചു”.

ബിബിസി അവതാരക: “ഫൈസാനെ തല്ലുന്നതിന്‍റെ വീഡിയോ വൈറലായി. ഈ മുസ്ലീം ചെറുപ്പക്കാരനെ പൊലീസ് തല്ലിക്കൊല്ലുകയായിരുന്നു. മരിക്കുമ്പോള്‍ ഫൈസാന് 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ”.

അരുന്ധതിറോയി: “ആ വീഡിയോകണ്ടപ്പോള്‍ ഞാന്‍ ശരിക്കും ചിന്തിച്ചത് നമ്മള്‍ എന്തൊരു അറപ്പുളവാക്കുന്ന സമൂഹമാണെന്നാണ്- എന്തൊരു അറപ്പുളവാക്കുന്ന സമൂഹം!”

വീണ്ടും കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സ്ക്രീനില്‍. ഒരു ചെറുപ്പക്കാരന്‍ ഒരു മോസ്ക്കിന്‍റെ മിനാരത്തില്‍ കയറി അതെല്ലാം തകര്‍ക്കുന്ന ദൃശ്യവും കാണാം.

ബിബിസിയുടെ അവതാരകയുടെ ശബ്ദം: “കലാപം ആറ് ദിവസം നീണ്ടുനിന്നു. ഭരണകൂടം ഇന്ത്യയിലെ എല്ലാ മനുഷ്യരെയും സംരക്ഷിക്കുമെന്നാണ് നാം പ്രതീക്ഷിക്കുക. പക്ഷേ, ഇവിടെ നാം കാണുന്നത് ഹിന്ദുക്കള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരും മുസ്ലീങ്ങള്‍ക്കുനേരെ കല്ലെറിയുന്നതാണ്. കഴിഞ്ഞയാഴ്ചത്തെ കലാപത്തിനുശേഷം ഇതുപോലുള്ള വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്”.

ഹിന്ദുക്കള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരും കല്ലെറിയുന്ന വീഡിയോ ദൃശ്യം സ്ക്രീനില്‍; ഇടിച്ച് തകര്‍ക്കപ്പെട്ട വീടുകളുടെയും കടകളുടെയും ദൃശ്യങ്ങള്‍.

ബിബിസി അവതാരക തുടരുന്നു: “കലാപത്തില്‍ 500 ആളുകള്‍ക്ക് പരിക്കേറ്റു. 53 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുപേരും മുസ്ലീങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ നടത്തിയ ഒരന്വേഷണത്തില്‍ വ്യക്തമായത് പൊലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായാണ്; പ്രതിഷേധക്കാര്‍ക്കുനേരെ മോശമായി പെരുമാറുക, പീഡനങ്ങളും ഏകപക്ഷീയവും അമിതവുമായ ബലപ്രയോഗങ്ങളും നടത്തിയതായാണ്; മാത്രമല്ല, കലാപത്തില്‍ പൊലീസുകാരും സജീവമായി പങ്കുചേരുന്നതായും കണ്ടെത്തി”.

ആകാര്‍ പട്ടേല്‍ :”ഡല്‍ഹി കലാപത്തെ സംബന്ധിച്ച ആംനെസ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് പൊലീസ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നാണ്; അവര്‍ പ്രവര്‍ത്തിച്ച ഇടങ്ങളിലാകട്ടെ കുറ്റവാളികള്‍ക്കെതിരെയല്ല അവര്‍ നടപടിയെടുത്തത്; പലപ്പോഴും കലാപത്തിലേര്‍പ്പെട്ടവര്‍ അതിനിരയായവരാണെന്നാണ് പൊലീസ് പറഞ്ഞത്. ഈ നടപടികളെക്കുറിച്ച് ശരിയായ വിധത്തില്‍ കൃത്യമായ ഒരന്വേഷണം നടക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതേവരെ അങ്ങനെയൊരന്വേഷണം നടന്നിട്ടില്ല”.

അവതാരക : “ഡല്‍ഹി പൊലീസ് പറയുന്നത്, ആംനെസ്റ്റി റിപ്പോര്‍ട്ട് പൊലീസിനെതിരായ ഏകപക്ഷീയവും പക്ഷപാതപരവുമായ ഒന്നാണെന്നാണ്.മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ചുള്ള ആംനെസ്റ്റിയുടെ കേസ് പൊലീസിനെതിരെ വിദ്വേഷജനകമായി അവതരിപ്പിക്കുന്നതാണ്”.

സ്വപന്‍ ദാസ് ഗുപ്ത: “കാര്യങ്ങളെ വിശാലമായി കണ്ടാല്‍, ഡല്‍ഹി കലാപം അത്ര പ്രധാനപ്പെട്ട ഒന്നല്ല എന്നു മനസ്സിലാകും. എന്നാല്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ അതിനു വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. കാരണം കുറച്ചു പണിയെടുത്ത് വലിയ ശ്രദ്ധ പിടിച്ചെടുക്കാന്‍ കഴിയുമെന്നതാണ്, വീട്ടുപടിക്കല്‍ നിന്നുകൊണ്ടുതന്നെ ചെയ്യാവുന്ന കാര്യം”.

അവതാരക : “അസിമിനെയും ഫൈസാനെയും മര്‍ദ്ദിച്ചതു സംബന്ധിച്ച് പൊലീസിനെതിരെ ഇതേവരെ കേസൊന്നുമെടുത്തിട്ടില്ല; ഒരു പൊലീസുദ്യോഗസ്ഥനെതിരെയും കുറ്റപത്രം നല്‍കിയിട്ടുമില്ല. ഡല്‍ഹി പൊലീസ് പറയുന്നത്, അന്വേഷണം തുടരുന്നു എന്നാണ്”.

കിസ്മത്തൂന്‍ : “എന്‍റെ മകന് ഇതേവരെ നീതി ലഭിച്ചില്ല. ഒരു കാരണവും കൂടാതെയാണ് പൊലീസുകാര്‍ അവനെ തല്ലിക്കൊന്നത്. ആ വീഡിയോ ഉണ്ടായിരുന്നില്ലായെങ്കി ല്‍ അവനെ കൊന്നത് മറ്റാരോ ആണെന്ന് അവര്‍ പറയുമായിരുന്നു. എന്തുകൊണ്ടാണ് ഒരു പൊലീസുകാരനെയും ഇതേവരെ അറസ്റ്റു ചെയ്യാത്തത്”?

അവതാരക : “രണ്ടായിരത്തിലേറെ ആളുകളെയാണ് കലാപത്തിന്‍റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. ആഴ്ചകള്‍ക്കുശേഷം കലാപത്തിന് നേതൃത്വം കൊടുത്തവരായി പറയപ്പെടുന്നവരെ അറസ്റ്റുചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു”.

സ്ക്രീനില്‍ സഫൂറ സര്‍ഗാര്‍. അവള്‍ പറയുന്നു: “ഏപ്രില്‍ 10ന് ഡോര്‍ ബെല്ലടിച്ചു. എന്‍റെ ഭര്‍ത്താവ് വന്ന് എന്നോട് പറഞ്ഞു, ചില ആളുകള്‍ എന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ വന്നിരിക്കുന്നു എന്ന്. ഏഴെട്ട് പൊലീസുകാരാണ് കടന്നുവന്നത്. ബാഗുകളെല്ലാം എടുത്തുകൊണ്ട് ഇറങ്ങാന്‍ അവര്‍ എന്നോടു പറഞ്ഞു. എന്നെ അറസ്റ്റു ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവരെന്നെ കൊണ്ടുപോയി. പോകുന്ന വഴി റോഡുകള്‍ പൂര്‍ണമായും വിജനമായിരുന്നു. ഒരൊറ്റയാളെയും വഴിയിലൊന്നും കാണാനില്ലായിരുന്നു. അതൊരു ഭീകരമായ അവസ്ഥയായിരുന്നു, ഒറ്റയ്ക്കാക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത. വിദ്വേഷ പ്രസംഗം, കലാപമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം ഇതെല്ലാമായിരുന്നു എനിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍. പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്”.

തിഹാര്‍ ജയിലിനുമുന്നില്‍ നില്‍ക്കുന്ന സഫൂറ സര്‍ഗാര്‍. അവര്‍ തുടരുന്നു: “ഇതാണ് തിഹാര്‍ ജയില്‍. ഇന്ത്യയിലെ കൊടുംകുറ്റവാളികളെ തടവിലിടുന്നതിവിടെയാണ്. ഇവിടെയാണ് എന്നെ തടവിലിട്ടത്”.

അവതാരക : “മുസ്ലിം വിദ്യാര്‍ത്ഥിയായ സഫൂറ അറസ്റ്റു ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടത് നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അഥവാ യുഎപിഎ എന്ന പേരില്‍ അറിയപ്പെടുന്ന ഭീകരവിരുദ്ധ നിയമത്തിലെ വ്യവസ്ഥപ്രകാരമാണ്”.

സ്ക്രീനില്‍ നിലഞ്ജന്‍ മുഖോപാധ്യായ. അദ്ദേഹം പറയുന്നു: “മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിനുശേഷം ആദ്യം ചെയ്തത്, യുഎപിഎ നിയമം ഭേദഗതി ചെയ്യലായിരുന്നു. ഈ പുതിയ നിയമം വ്യക്തികളെ ഭീകര പ്രവര്‍ത്തകരായി കുറ്റംചാര്‍ത്താന്‍ ഗവണ്‍മെന്‍റിന് അവസരം നല്‍കുന്നു. ഇത് സംഘടനകളെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതില്‍നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ഒന്നാണ്. ഈ പുതിയ നിയമഭേദഗതി പ്രകാരം ഏതൊരാളെയും ജാമ്യം അനുവദിക്കാതെ ദീര്‍ഘകാലം ജയിലഴിക്കുള്ളില്‍ അടച്ചിടാനാകും”.


ഇപ്പോള്‍ സ്ക്രീനില്‍ കാണുന്നത്,തിഹാര്‍ ജയിലിനു പുറത്ത് നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് നൊമ്പരത്തോടെ നോക്കുന്ന സഫൂറയെയാണ്. എത്ര ഭീകരമായ അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നതവരുടെ മുഖത്ത് കാണാം. ശബ്ദത്തില്‍ നിന്നറിയാം. സഫൂറ പറയുന്നു: “ആദ്യം അവരെന്നെ പൂര്‍ണമായും ഏകാന്ത തടവിലാണിട്ടിരുന്നത്. വളരെ ചെറിയൊരു കുടുസ്സു മുറിയായിരുന്നു അത്. ഞാന്‍ ഗര്‍ഭിണിയായിരുന്നു; പിറക്കാന്‍ പോകുന്നത് എന്‍റെ ആദ്യകുഞ്ഞ്. ജയിലിനുള്ളില്‍ എന്‍റെ കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വരുന്നത് എനിക്ക് ദുഃസ്വപ്നമായി. ജയിലിനുള്ളില്‍ പരസഹായമില്ലാതെ ഒറ്റയ്ക്ക് പ്രസവിക്കുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല.”

അവതാരക : “സഫൂറ 74 ദിവസം ജയില്‍വാസമനുഭവിച്ചു.” ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങി വാഹനത്തില്‍ കയറി പോകുന്ന സഫൂറയുടെ ദൃശ്യം സ്ക്രീനില്‍.

മാധ്യമ റിപ്പോര്‍ട്ടര്‍: “ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥി, ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. മാനുഷിക പരിഗണനയില്‍ സഫൂറയുടെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തില്ല.”

അവതാരക: “ഡല്‍ഹി കലാപത്തിലെ മുഖ്യഗൂഢാലോചനക്കാരെന്ന നിലയില്‍ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട 16 മുസ്ലീങ്ങളില്‍ ഒരാളാണ് സഫൂറ.”

കീ കീ ശബ്ദമുണ്ടാക്കുന്ന കളിപ്പാവകള്‍ക്കിടയില്‍ തന്‍റെ കുഞ്ഞിനെ കൊഞ്ചിക്കുന്ന സഫൂറയുടെ ദൃശ്യം സ്ക്രീനില്‍. അവള്‍ വീണ്ടും തന്‍െറ അനുഭവങ്ങള്‍ വിവരിക്കുകയാണ്: “സിഎഎ വിരുദ്ധ പ്രതിഷേധത്തിലേര്‍പ്പെട്ട എല്ലാ ആളുകള്‍ക്കുമെതിരായ വേട്ടയാടലായിരുന്നു ഈ നടപടികള്‍. പിന്നെ ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയുടെ ഒരുദാഹരണവുമാണിത്. ഞങ്ങളെ തടവിലാക്കുമ്പോള്‍ എനിക്കുറപ്പുണ്ടായിരുന്നു, ഞങ്ങള്‍ക്കെതിരായ ഒരു കുറ്റം പോലും തെളിയിക്കാന്‍ അവര്‍ക്ക് കഴിയില്ലായെന്ന്.”

സ്ക്രീനില്‍ ഡോ. സ്വദേശ് സിങ്: “സിസിടിവി ഫൂട്ടേജുകളും വാട്ട്സാപ്പ് സന്ദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അവരെ അറസ്റ്റുചെയ്തത്. അവരെല്ലാം തന്നെ പല പല മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നു, പ്രത്യേക മതത്തില്‍ പെട്ടവരായിരുന്നില്ല”.

ക്രിസ്റ്റഫെ ജാഫ്രലോ: “കലാപത്തിനുശേഷം അതിന് ഇരയായവരെത്തന്നെ കുറ്റക്കാരാക്കി മാറ്റിയെന്നതാണ് ഇതിലെ വിരോധാഭാസം. ഇരകളെത്തന്നെ കലാപത്തിന്‍റെ ഉത്തരവാദികളെന്നപേരില്‍ കുറ്റമാരോപിച്ച് അറസ്റ്റു ചെയ്തു. നിരവധി പേരെ ജയിലിലടച്ചു. അധികം പേരും ഇപ്പോഴും ജയിലിലാണ്.”

തന്‍റെ കുഞ്ഞിന് മുത്തം നല്‍കുന്ന സഫൂറയുടെ ദൃശ്യത്തോടെ സ്ക്രീന്‍ മറയുന്നു. വിജനമായ ദേശീയപാതയുടെ ആകാശക്കാഴ്ചയാണ് സ്ക്രീനില്‍ ഇപ്പോള്‍ തെളിയുന്നത്.

പശ്ചാത്തലത്തില്‍ അവതാരക: “അപ്പോഴേക്കും കൊറോണ വൈറസ് എന്ന പുതിയൊരു ഭീഷണിയോട് ഇന്ത്യക്ക് പൊരുതേണ്ടതായി വന്നു. അതിനെ നേരിടാന്‍ ഏര്‍പ്പെടുത്തിയ കര്‍ക്കശമായ ലോക്ക്ഡൗണ്‍ കൂടുതല്‍ പ്രതിഷേധങ്ങളെ ക്ഷണിച്ചുവരുത്തി. പക്ഷേ അപ്പോഴും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ശത്രുത തുടര്‍ന്നു.”

രാത്രിയുടെ ഇരുട്ടില്‍ തിളങ്ങുന്ന നഗരക്കാഴ്ച. ഈ പശ്ചാത്തലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത് കലാപാഹ്വാനം ചെയ്തുകൊണ്ടുള്ള ഹിന്ദു തീവ്രവാദിയുടെ വാക്കുകള്‍.

“ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുവേണ്ടി നമ്മള്‍ പൊരുതും. വേണ്ടിവന്നാല്‍ മരിക്കാനും തയ്യാറാകും. ബോലോ ഭാരത് മാതാ കീ ജയ്!”

സ്ക്രീനില്‍ അലിഷാന്‍ ജാഫ്രിയുടെ മുഖം തെളിഞ്ഞു വരുന്നു.

അയാള്‍ പറയുന്നു: “ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണ്. വെറുപ്പും വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ഞാന്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നത്”.

വീണ്ടും ഹിന്ദു തീവ്രവാദിയുടെ കലാപഹ്വാനം പശ്ചാത്തലത്തില്‍.

“അവിശ്വാസികളുടെ തലയറുക്കാനുള്ള മഴുവാണ് നമ്മുടെ കൈവശമുള്ളത്. ഹര്‍ഹര്‍ മഹാദേവ്, ഹര്‍ഹര്‍ മഹാദേവ്.

വീണ്ടും അലിഷാന്‍ ജാഫ്രി സ്ക്രീനില്‍. അദ്ദേഹം പറയുന്നു: “മുസ്ലീങ്ങള്‍ക്കെതിരായ വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങള്‍ നിരന്തരം നടക്കുകയും അത് വര്‍ദ്ധിച്ചു വരുകയും ചെയ്യുന്നൊരു രാജ്യമാണ് ഇന്ത്യ. എന്‍റെയൊരു സഹപ്രവര്‍ത്തകന്‍ ധര്‍മ്മ സന്‍സദില്‍ നിന്ന് (മത പാര്‍ലമെന്‍റ്) റിപ്പോര്‍ട്ട് ചെയ്യുകയാണ്. അത് അടിസ്ഥാനപരമായും ഹിന്ദു മതക്കാരുടേതായൊരു പാര്‍ലമെന്‍റാണ്. എങ്ങനെ മുസ്ലീങ്ങളെ ഭൂമുഖത്ത് നിന്നുതന്നെ ഉന്മൂലനം ചെയ്യാം എന്നതിനെക്കുറിച്ചാണ് അവര്‍ അവിടെ സംസാരിച്ചത്”.

വീണ്ടും കലാപാഹ്വാനം: “കൊന്നൊടുക്കുക അല്ലെങ്കില്‍ സ്വയം ചത്തൊടുങ്ങുക. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല”.

വീണ്ടും അലിഷാന്‍ ജാഫ്രി: “വീഡിയോകള്‍ വിശകലനം ചെയ്യുന്നതിലാണ് ഞാന്‍ അധികവും ശ്രദ്ധ ചെലുത്താറുള്ളത്. പൊതുവില്‍ ഒരു ദിവസം 10 -12 വീഡിയോകള്‍ തയ്യാറാക്കാറുണ്ട്. ഈ വീഡിയോകള്‍ കാട്ടുതീ പോലെ പടര്‍ന്നുപിടിക്കും. അവയെല്ലാം വൈറലാകുന്നുമുണ്ട്”.

വീണ്ടും കലാപാഹ്വാനം – ഹിന്ദു വര്‍ഗീയവാദിയുടെ ശബ്ദം : “ഞങ്ങളുടെ കൂട്ടത്തിലെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ നീയൊക്കെ തൊട്ടുകളിച്ചാല്‍ ഞാന്‍ നിന്‍റെയൊക്കെ സഹോദരിമാരെയും പെണ്‍മക്കളെയും നിന്‍റെ വീടുകളില്‍നിന്ന് തട്ടിക്കൊണ്ടുപോകും. എന്നിട്ടവറ്റകളെ ബലാത്സംഗം ചെയ്യും”.

അലിഷാന്‍ ജാഫ്രി സ്ക്രീനില്‍ : “ഭരണകൂടം തങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ വേണ്ടെന്ന സന്ദേശം രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ലഭിച്ചു”.

സ്ക്രീനില്‍ അരുന്ധതി റോയ്. അവര്‍ സംസാരിക്കുകയാണ് : “നാം പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ എന്നാണ്. ശരിക്കും ഇങ്ങനെ സംഭവിക്കാനിടയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. റുവാന്‍ണ്ടയിലെ പോലെ ഇവിടെയും അങ്ങനെ സംഭവിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഈ ഡോക്യുമെന്‍ററിയില്‍ നിങ്ങളോട് ഞാന്‍ സംസാരിക്കുന്നതെന്തിനാണ്? ഈ ചെയ്യുന്നതിനെ നമ്മളെല്ലാവരും അംഗീകരിക്കുന്നില്ല എന്നുള്ള രേഖ ഉണ്ടാകുമെന്നതുകൊണ്ടാണ്. എന്നാല്‍ ഇതൊരു സഹായാഭ്യര്‍ത്ഥനയുമല്ല, കാരണം സഹായം എവിടെ നിന്നും ലഭിക്കുകയില്ല”.

അവതാരക : “കഴിഞ്ഞവര്‍ഷം ജൂണില്‍ ബിജെപിയുടെ വക്താവായ ഒരു സ്ത്രീ ഒരു ടിവി ചാനലില്‍ പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയത് ഇന്ത്യയിലെയും ലോകത്തിലെയാകെയും മുസ്ലീങ്ങളെ രോഷാകുലരാക്കി. രണ്ട് മുസ്ലീം ചെറുപ്പക്കാര്‍ ഒരു ഹിന്ദുവിനെ കൊലപ്പെടുത്തി. മോദിക്കെതിരെ ഭീഷണിയുയര്‍ത്തുകയും ഓണ്‍ലൈനില്‍ കൊലപാതകം സംബന്ധിച്ച് വീഡിയോ പോസ്റ്റുചെയ്യുകയും ചെയ്ത ശേഷമാണ് അവര്‍ അറസ്റ്റുചെയ്യപ്പെട്ടത്”.

ഡോ. സ്വദേശ് സിങ് : “ഇരുപക്ഷത്തും ചില തീവ്രവാദി ഗ്രൂപ്പുകളുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രകോപനങ്ങള്‍മൂലം (അത് ഇക്കാലത്തൊരു പ്രതിഭാസമായി മാറിയിരിക്കുകയാണ്) ഇരുപക്ഷത്തുനിന്നും, ഹിന്ദുക്കള്‍ക്കിടയില്‍നിന്നും, മുസ്ലീങ്ങള്‍ക്കിടയില്‍നിന്നും ഇത് സംഭവിക്കാറുണ്ട്. ഏതു ഭാഗത്തുനിന്നായാലും ഇത് അവസാനിപ്പിക്കേണ്ടതുണ്ട്.”

സ്ക്രീനില്‍ സ്വപന്‍ ദാസ് ഗുപ്ത : “ഇത് ചെയ്യുന്നത് ആരായാലും, ഹിന്ദുവായാലും മുസ്ലീമായാലും സിഖുകാരായാലും നടപടി എടുക്കേണ്ടതുതന്നെയാണ്. ഇന്ത്യയില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ചില പരിധികളൊക്കെയുണ്ട്. അത് വേണ്ടതാണ്. ശരിക്കും നമ്മള്‍ ചിന്തിക്കേണ്ട കാര്യം, മോദി പലവട്ടം പറഞ്ഞതുപോലെ ഒരുതരത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനത്തെയും നമ്മള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നതാണ്”.

തെരുവിലൂടെ നടന്നുവരുന്ന അലിഷാന്‍ ജാഫ്രിയുടെ ചിത്രം സ്ക്രീനില്‍.

അദ്ദേഹം സംസാരിക്കുകയാണ്: “ഞങ്ങളില്‍ പലരും ചെയ്യുന്ന പ്രവര്‍ത്തനം വളരെ അപകടകരമാണ്. എനിക്ക് പലവട്ടം വധഭീഷണികള്‍ ലഭിച്ചിട്ടുണ്ട്; എന്നാല്‍ അതൊന്നും എന്നെ പിന്തിരിപ്പിച്ചിട്ടില്ല”.

സ്ക്രീനില്‍ പത്രപ്രവര്‍ത്തകനും എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍.

അദ്ദേഹം പറയുന്നു: “ഇന്ന് റിപ്പോര്‍ട്ടിങ് കൂടുതല്‍ അപകടകരവും അപകടസാധ്യതയുള്ളതും കൂടുതല്‍ പ്രയാസമേറിയതും ആയിരിക്കുന്നു. തുറന്നുപറഞ്ഞാല്‍ കഴിഞ്ഞ കാലത്ത് റിപ്പോര്‍ട്ടിങ് ഇന്നത്തേക്കാള്‍ ഭേദമായിരുന്നു”.

അവതാരക : “ഇന്ത്യയിലിന്ന് റിപ്പോര്‍ട്ടര്‍മാര്‍ അക്രമവും ഭീഷണിയും അറസ്റ്റും നേരിട്ടുകൊണ്ടാണ് തങ്ങളുടെ ജോലി ചെയ്യുന്നത്. പ്രചാരകര്‍ പറയുന്നത് നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്നും ഇപ്പോഴത് പ്രതിസന്ധിയിലാണ് എന്നുമാണ്”.

അംഗരക്ഷകരുടെ അകമ്പടിയോടെ മോദിയും പിന്നാലെ അമിത്ഷായും നടന്നുവരുന്ന ദൃശ്യം.

സിദ്ധാര്‍ത്ഥ് വരദരാജന്‍: ” സ്വതന്ത്ര മാധ്യമങ്ങളെ മോദി കാണുന്നത് തനിക്ക് നാശം വരുത്തുന്ന എന്തോ ഒന്നായാണ്. അതിനെ അദ്ദേഹം ശത്രുപക്ഷത്താണ് കാണുന്നത്. ഞാന്‍ കരുതുന്നത്, തന്‍റെ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് എല്ലാത്തിനെയും നോക്കിക്കാണുന്ന രാഷ്ട്രീയത്തിലാണ് മോദി വിശ്വസിക്കുന്നത് എന്നാണ്. മാധ്യമങ്ങളും അങ്ങനെ തന്നെയായിരിക്കണം എന്നും അദ്ദേഹം കരുതുന്നു.

അല്ലാത്തപക്ഷം മാധ്യമങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും വിരട്ടി നിലയ്ക്കുനിര്‍ത്തേണ്ടതും ചെയ്യേണ്ടത് തന്‍റെ പരിപാടികള്‍ നടപ്പാക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു”.

അവതാരക : “മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്, അവരും ആക്രമിക്കപ്പെടുന്നുവെന്നാണ്. ഇന്ത്യയിലെ ആംനസ്റ്റി പറയുന്നതും ഇന്ത്യയിലതിന്‍റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അത് നിര്‍ബന്ധിതമായിരിക്കുന്നു എന്നാണ്. ഗവണ്‍മെന്‍റ് പറയുന്നത്, വിദേശ സംഭാവനകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ മറികടന്നുകൊണ്ട് ആംനസ്റ്റി നിയമലംഘനം നടത്തിയിരിക്കുന്നുവെന്നാണ്”.

ആകാര്‍ പട്ടേല്‍: “മോദി ചെയ്തുകൊണ്ടിരിക്കുന്നത്, രാജ്യത്തെ സിവില്‍ സമൂഹത്തിലെ വലിയൊരു ഭാഗത്തെ ഫലത്തില്‍ അടച്ചുപൂട്ടിയിരിക്കുന്നു എന്നുള്ളതാണ്. ആയിരക്കണക്കിന് എന്‍ജിഒകള്‍ 2015നുശേഷം അടച്ചുപൂട്ടപ്പെട്ടു. ഇത് വളരെ പരിതാപകരമാണ്. എന്‍ജിഒകളുടെ ഇടം, സിവില്‍ സൊസൈറ്റിയുടെ ഇടം കുറഞ്ഞു വരുന്ന ഒരു കാലം, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്”.

അവതാരക: “2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യ പരിഗണിക്കപ്പെട്ടിരുന്നത് ഒരു സ്വതന്ത്ര രാജ്യമായാണ്; അമേരിക്കന്‍ തിങ്ക് ടാങ്കായ ഫ്രീഡം ഹൗസാണ് ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തിയത്. എന്നാലിപ്പോള്‍ ഇന്ത്യ അറിയപ്പെടുന്നത് ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യമെന്നാണ്”.

സ്വപന്‍ ദാസ് ഗുപ്ത: “നമ്മുടെ ജനാധിപത്യം സമ്പൂര്‍ണ്ണമല്ലായിരിക്കാം; എന്നാല്‍ അത് മെച്ചപ്പെട്ടുവരികയാണ്. ഞാന്‍ കരുതുന്നത്, ഇവിടെ എല്ലാവര്‍ക്കും അഭിപ്രായപ്രകടനത്തിന്, അത് യുക്തിപരമായാലും അല്ലെങ്കിലും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നാണ്”.

സഫൂറ സര്‍ഗാറിന്‍റെ ദൃശ്യം വീണ്ടും സ്ക്രീനില്‍ നിറയുന്നു.

അവതാരക: “സഫൂറ സര്‍ഗാര്‍ ഇപ്പോഴും ജാമ്യത്തില്‍ തന്നെയാണ്”.

സഫൂറ സര്‍ഗാര്‍: “ഭരണകൂടം രാജ്യത്തെ മുസ്ലിങ്ങളെ മനുഷ്യരായി കാണുന്നില്ല. മുസ്ലീങ്ങളെ രണ്ടാംതരം പൗരരായാണ് അവര്‍ കാണുന്നതെന്ന് വളരെ വ്യക്തമാണ്”.

സ്ക്രീനില്‍ കിസ്മത്തൂന്‍റെ ദൃശ്യം.

അവതാരക :”തന്‍റെ മകനെ കൊലപ്പെടുത്തിയ പൊലീസുകാരെ കണ്ടെത്തുന്നതിനായി കിസ്മത്തൂന്‍ ഇപ്പോഴും പോരാട്ടത്തിലാണ്”.

കിസ്മത്തൂന്‍: “നീതിക്കുവേണ്ടി ഞാന്‍ ദീര്‍ഘകാലമായി പൊരുതുകയാണ്. ദരിദ്രനും മുസ്ലീമുമായിരുന്നതിനാലാണ് എന്‍റെ മകന്‍ കൊല്ലപ്പെട്ടത്. ഞാനൊരുകാലത്തും ഇതു മറക്കില്ല”.

സ്ക്രീനില്‍ അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യം.

അവതാരക: “അലിമുദ്ദീന്‍ അന്‍സാരിയെ ആക്രമിച്ച കേസില്‍ കുറ്റവാളിയായ ആള്‍ ഇപ്പോഴും ജാമ്യത്തില്‍ തുടരുകയാണ്”.

മറിയം അന്‍സാരി: “ഇന്ന്, എന്‍റെ കുഞ്ഞുങ്ങള്‍ക്കച്ഛനില്ല. ഞാന്‍ വിധവയാണ്. എനിക്കുവേണ്ടത് നീതിയാണ്”.

കാശി വിശ്വനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനെത്തുന്ന മോദിയുടെയും ക്ഷേത്രത്തിന്‍റെയും ദൃശ്യങ്ങള്‍ സ്ക്രീനില്‍.

പശ്ചാത്തലത്തില്‍ അവതാരക: “നരേന്ദ്രമോദി വാഴ്ചയ്ക്കുകീഴില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. മോദിയുടെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്; വര്‍ഗീയമായ ചേരിതിരിക്കലും വര്‍ധിച്ചുവരികയാണ്”.

നിലഞ്ജന്‍ മുഖോപാധ്യായ: “രാഷ്ട്രീയമായി ശരിയല്ലാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പൊതുബോധമായി മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടുന്നത് തെറ്റാണെന്ന് ഹിന്ദുക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇത്തരം വികാരങ്ങള്‍ക്ക് ശബ്ദം നല്‍കുന്നതിന് മോദിക്ക് കഴിഞ്ഞിരിക്കുന്നു”.

ആകാര്‍ പട്ടേല്‍: “ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുന്‍പൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരവസ്ഥയാണിപ്പോള്‍. ഈ അവസ്ഥയില്‍നിന്ന് നമുക്കെങ്ങനെ പുറത്തുകടക്കാമെന്ന് എനിക്കറിയില്ല”.

സ്വപന്‍ ദാസ് ഗുപ്ത: “മോദി മുസ്ലീം വിരുദ്ധനാണെന്ന സങ്കല്‍പം വ്യാപകമായുണ്ട്. അങ്ങനെയൊന്നുള്ള കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യം ഇന്ത്യയിലേതെങ്കിലുമൊരു സ്ഥാപനം ഹിന്ദുക്കള്‍ക്കു പ്രത്യേക പരിഗണന നല്‍കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നുണ്ടോ എന്നാണ്. അങ്ങനെയൊന്നില്ല”.

മന്ത്രോച്ചാരണങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു പൂജാരികള്‍ക്കൊപ്പം കാഷായവേഷം ധരിച്ച് ക്ഷേത്ര പൂജ നടത്തുന്ന മോദിയുടെ ദൃശ്യം സ്ക്രീനില്‍.

ക്രിസ്റ്റഫെ ജാഫ്രലോ: “ചൈനയെ എതിരിട്ടുനില്‍ക്കാനുള്ള ഉത്തമമാര്‍ഗമായാണ് പാശ്ചാത്യശക്തികള്‍ ഇന്ത്യയെ കാണുന്നത്. അതുകൊണ്ടാണ് അവര്‍ ഇന്ത്യയിലെ മോദി ഗവണ്‍മെന്‍റിന്‍റെ തീരുമാനങ്ങളെ അപലപിക്കാത്തതും ഇന്ത്യയില്‍ നടക്കുന്ന വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതും. കാരണം പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം മറുവശത്തുള്ളത് വലിയ വെല്ലുവിളിയാണ്”.

ക്രിസ് ഒഗ്ഡെന്‍: “പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയമായും അന്താരാഷ്ട്ര കാര്യങ്ങളിലെ സംഭവ വികാസങ്ങളിലും ഇന്ത്യക്ക് പ്രാധാന്യമുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളധനപ്രതിസന്ധിയും പോലുള്ള കാര്യങ്ങളില്‍ അവര്‍ക്ക് ഇന്ത്യയെ കൂടെ നിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് പല കാര്യങ്ങളിലും പരിഹാരം കാണാന്‍ ഇന്ത്യയെ കൂടെ നിര്‍ത്തേണ്ടതുണ്ട്. പക്ഷേ സകല അധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഒരുതരം സ്വേച്ഛാധിപത്യത്തോട് വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നുണ്ട്.

ജനാവലിക്കുമുന്നില്‍ കാഷായവേഷം ധരിച്ച് കൈയുയര്‍ത്തിനിന്ന് “ഹര്‍ ഹര്‍ മഹാദേവ്” എന്നുറക്കെ വിളിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദൃശ്യം സ്ക്രീനില്‍ തെളിയുന്നതോടെ ഡോക്യുമെന്‍ററി അവസാനിക്കുന്നു. ♦
(കടപ്പാട് – ബിബിസി)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular