സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാല എന്നറിയപ്പെടുന്ന ഗുജറാത്തിൽ വർഗീയവിഭജനത്തിനും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കും എല്ലാകാലത്തും ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചുപോന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്ത് സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (ജിഎസ്‌ആർടിസി) ഈയടുത്തിടെ സംസ്ഥാനത്തുടനീളമുള്ള ഹൈവേകൾക്കരികിലുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയ നടപടി. ഹിന്ദു പേരുകളിലുള്ള നിരവധി ഹൈവേ ഹോട്ടലുകൾ യഥാർഥത്തിൽ നടത്തുന്നത് മുസ്ലിങ്ങളാണെന്ന പരാതിയെത്തുടർന്നാണീ നടപടി. തെറ്റായി ചിത്രീകരിക്കൽ, വൃത്തിഹീനം എന്നൊക്കെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജിഎസ്‌ആർടിസി മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾ തെരഞ്ഞുപിടിച്ച് ലൈസൻസുകൾ റദ്ദാക്കിയത്. അഹമ്മദാബാദ്, രാജ്‌കോട്ട്, വഡോദര, ബറൂച്ച് തുടങ്ങിയ പ്രധാന ജില്ലകളിലെ ഹൈവേകളിലുള്ള ഈ ഹോട്ടലുകൾ ജിഎസ്‌ആർടിസി സ്‌റ്റോപ്പുകളുടെ അവിഭാജ്യ ഭാഗമായിരുന്നു. ഹോട്ടൽ ശിവശക്തി, ഹോട്ടൽ തുളസി എന്നീ ഹോട്ടലുകളെ പ്രത്യേകം ടാർഗറ്റ് ചെയ്‌ത് ലൈസൻസ് റദ്ദാക്കുകയായിരുന്നു. സ്വന്തം സ്ഥാപനത്തിന് ഏതു പേരിടാനും നമ്മുടെ രാജ്യത്ത് ആർക്കും അവകാശമുണ്ടെന്നിരിക്കെയാണ് ‘‘തെറ്റിദ്ധരിപ്പിക്കൽ’’ കുറ്റം ചുമത്തി മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾ പൂട്ടിച്ചത്. മുസ്ലിങ്ങൾ നടത്തുന്ന ബിസിനസുകളെ പാർശ്വവൽക്കരിച്ച് ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഹിന്ദുത്വ അജൻഡയുടെ ഭാഗമാണിത്.
പ്രാദേശിക നേതാക്കളും സംഘടനകളും ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്നു. മുസ്ലിങ്ങൾ ഇതിനകംതന്നെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയസാഹചര്യത്തിൽ, അതിജീവനത്തിനായി സ്വന്തം ഐഡന്റിറ്റി മറച്ചുവെക്കേണ്ടതായ സാഹചര്യം മറ്റേത് ജനാധിപത്യരാജ്യത്ത് കാണാനാകുമെന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ട ഹോട്ടലുടമകളും തൊഴിലാളികളും ചോദിക്കുന്നു.
ഗുജറാത്തിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഉത്തർപ്രദേശിൽ ആദിത്യനാഥ് സർക്കാരും വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന മുസ്ലിങ്ങൾക്കെതിരെ ഇതേ രീതിയിൽ നടപടിയെടുക്കുകയുണ്ടായി. യുപിയിൽ കാൻവാർ യാത്രക്കുള്ള മാർഗമധ്യേയുള്ള ഹോട്ടലുകളിൽ ഹോട്ടലിന്റെ പേരിനു പുറമേ ഉടമയുടെ പേരുകൂടി പ്രദർശിപ്പിക്കണമെന്ന് ബിജെപി സർക്കാർ ഉത്തരവിട്ടു. മുസ്ലിം സമുദായത്തിൽനിന്ന് വ്യാപകമായ പ്രതിഷേധം ഉയരുന്നതിന് ഇതിടയാക്കി. ഈ ഉത്തരവിന്റെ നിയമപരമായ സാധുതയെയും അതിനു പിന്നിലെ ലക്ഷ്യത്തെയും സുപ്രിംകോടതി ചോദ്യംചെയ്യുകയും ഈ ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്‌തു. മാത്രവുമല്ല ഇത്തരം പ്രവർത്തനങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 15 (1)ൽ പ്രതിപാദിച്ചിരിക്കുന്ന ‘‘മതം, വംശം, ജാതി, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ പൗരരോട് ഭരണകൂടം വിവേചനം കാണിക്കാൻ പാടില്ല’’ എന്ന പ്രസ്‌താവനയുടെ ലംഘനവുമാണ് എന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. l