ഗവൺമെന്റിന്റെ അഴിമതിക്കും മാധ്യമ സെൻസർഷിപ്പിനും ദുർഭരണത്തിനുമെതിരായ മാസങ്ങൾ നീണ്ട, തുടർച്ചയായ പ്രക്ഷോഭങ്ങൾക്കൊടുവിൽ സെർബിയൻ പ്രധാനമന്ത്രി മിലോഷ് വുസെവിച്ച് അധികാരക്കസേരയിൽനിന്ന് രാജിവെച്ചിറങ്ങി. 2024 നവംബർ 1ന് സെർബിയൻ നഗരമായ നോവിസാഡിലെ, ഏതാനും മാസം മുമ്പ് പുതുക്കിപ്പണിത റെയിൽവേ സ്‌റ്റേഷന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 15 പേർ തൽക്ഷണം മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അഴിമതി മുഖമുദ്രയാക്കിയ നിലവിലെ ഗവൺമെന്റ് ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അധികാരത്തിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി സെർബിയയിൽ നടക്കുന്ന സമരപരമ്പരകളുടെ ഒടുവിലാണ് പ്രധാനമന്ത്രി വുസെവിച്ച് രാജിവെക്കാൻ തയ്യാറായത്. വിദ്യാർഥികളും തൊഴിലാളികളും കർഷകരും നടത്തിയ തുടർച്ചയായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ എല്ലാ മാർഗങ്ങളും പ്രയോഗിച്ച ഗവൺമെന്റ് ഒടുവിൽ ജനങ്ങളുടെ ഇച്ഛാശക്തിക്കു മുമ്പിൽ മുട്ടുമടക്കുന്ന കാഴ്‌ചയാണിത്.
ഈ പ്രക്ഷോഭത്തിന്റെ ഒരു പ്രത്യേകത ഇതിൽ മുഖ്യപങ്കുവഹിച്ചത് വിദ്യാർഥികളാണ് എന്നതാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി സ്‌കൂളുകളിലും കോളേജുകളിലും തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലാകെ വിദ്യാർഥികൾ നടത്തിയ വമ്പിച്ച സമരപരമ്പരകൾക്ക് വിപുലമായ ജനപിന്തുണയാണ് ലഭിച്ചത്. ഭരണകൂടവും രാജ്യത്തെ യാഥാസ്ഥിതിക വലതുപക്ഷ വിഭാഗങ്ങളും ചേർന്ന് ബഹുവിധമായ മർദന നടപടികളാണ് വിദ്യാർഥി പ്രക്ഷോഭത്തിനു നേരെ നടത്തിയത്. വിദ്യാർഥികൾക്കുനേരെ കാറിടിച്ചു കയറ്റിയതടക്കം അതുലുൾപ്പെടുന്നു. സമരംചെയ്യുന്ന വിദ്യാർഥികളും കർഷകരും തൊഴിലാളികളുമെല്ലാംതന്നെ വിദേശ‐ബാഹ്യശക്തികളുടെ ഇടപെടലിന്റെ ഭാഗമായി രംഗത്തിറങ്ങിയതാണെന്നും പ്രാദേശിക ഇന്റലിജൻസ് സേവനങ്ങൾ ഇതിനുപിന്നിലുണ്ടെന്നുമടക്കമുള്ള നിരവധി ദുഷ്‌പ്രചരണങ്ങൾ വലതുപക്ഷ മാധ്യമങ്ങളെ മുൻനിറത്തി നടത്തുകയും പ്രക്ഷോഭകരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യാൻ ഭരണകൂടവും രാജ്യത്തെ വലതുപക്ഷ വിഭാഗങ്ങളും പരമാവധി ശ്രമം നടത്തി. പക്ഷേ, വിദ്യാർഥികൾ മുന്നിൽനിന്ന് നയിക്കുന്ന പ്രക്ഷോഭത്തിന് വമ്പിച്ച പൊതുജന പിന്തുണയാണ് ലഭിച്ചത്. 1964ൽ നിർമിച്ച നോവിസാഡ് റെയിൽവേ സ്‌റ്റേഷൻ പുതുക്കിപ്പണിയാൻ തുടക്കമിട്ടത് 2021ലാണ്; പണി പൂർത്തിയായത് 2024 മധ്യത്തിലും. എന്നിട്ട് ദിവസങ്ങൾക്കകം മേൽക്കൂര ഇടിഞ്ഞുവീണ് ഈ ദുരന്തമുണ്ടായത് രാജ്യത്തെ ഗവൺമെന്റിന്റെ അഴിമതിനിറഞ്ഞ ഭരണത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
ഒടുവിൽ പ്രധാനമന്ത്രി രാജിവെക്കാൻ തയ്യാറായത് മാസങ്ങൾ നീണ്ട ജനകീയപ്രക്ഷോഭത്തിന്റെ വിജയം തന്നെയാണ്. എങ്കിലും, പ്രസിഡന്റ് അലക്‌സാണ്ടർ വുസിച്ചും ദേശീയ അസംബ്ലി പ്രസിഡന്റ് അന ബൃണാബിച്ചും രാജിവെക്കണമെന്ന പ്രക്ഷോഭകരുടെ ഡിമാന്റ് ഇപ്പോഴും ഗവൺമെന്റ് കണക്കിലെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ പേരാട്ടം തുടരുകതന്നെ ചെയ്യുമെന്നാണ് രാജ്യത്തെ വിദ്യാർഥിസമൂഹം പറയുന്നത്. റെയിൽവേ സ്‌റ്റേഷൻ ദുരന്തത്തിനുപുറമെ പൊതുവിദ്യാഭ്യാസത്തിനും പൗരാവകാശസംരക്ഷണത്തിനും ഗവൺമെന്റ് കൂടുതൽ ചെലവഴിക്കൽ നടത്തണമെന്നും വിവാദമായ റിയോ ടിന്റോ ലിഥിയം ഖനനപദ്ധതിയുടെ കാര്യത്തിൽ പുനരാലോചനയ്‌ക്ക് തയ്യാറാകണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വിഷയങ്ങൾ പരിഗണിക്കാൻപോലും ഗവൺമെന്റ് തയ്യാറായിട്ടില്ല. റിയോ ടിന്റോ പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക ആശങ്കകൾ വളരെ വലുതാണെന്നിരിക്കിലും യൂറോപ്യൻ യൂണിയന് ഇതിൽ പ്രത്യേക താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ വിയോജിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെവരെ (Right to dissent) നിയമപരമായി നീക്കംചെയ്‌ത് ഏതുവിധേനയും ഈ പദ്ധതി നടപ്പാക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. l