2025 ജനുവരി 14ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദുറോ മൂന്നാമതും അധികാരത്തിലേറി നാലുദിവസങ്ങൾക്കുശേഷം, അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിൽ ബ്രെത് സ്റ്റീഫൻസ് എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘‘മദുറോയെ അധികാരത്തിൽനിന്നും താഴെയിറക്കുക’’ (Depose Maduro) എന്നായിരുന്നു. വെനസ്വേലയിൽ ‘‘ജനാധിപത്യം’’ സ്ഥാപിക്കുന്നതിനുവേണ്ടി അവിടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനെ ‘‘സൈനിക ഇടപെടലി’’ലൂടെ അട്ടിമറിക്കണമെന്നാണ് ലേഖനം ആവശ്യപ്പെടുന്നത്. മദുറോയെ ജയിപ്പിച്ച വെനസ്വേലയിലെ ജനങ്ങൾ തെറ്റായ തിരഞ്ഞെടുപ്പാണ് നടത്തിയിരിക്കുന്നതെന്നും അതിനാൽ വിദേശ സൈനിക ഇടപെടലിലൂടെ അവിടെ ജനാധിപത്യം കൊണ്ടുവരണമെന്നും അത്തരമൊരു ഇടപെടലിനുള്ള സമയം അതിക്രമിച്ചുവെന്നും ധാർമികമായശരിയാണതെന്നും ഈ ലേഖനം പറഞ്ഞുവെക്കുന്നു. ‘‘മദുറോ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുകയും എതിരാളികളെ അടിച്ചമർത്തുകയും ജനങ്ങളെ ക്രൂരമായി നേരിടുകയും ചെയ്‌തു. രാഷ്‌ട്രീയ മാറ്റത്തിനുവേണ്ടി നടത്തിയ മറ്റെല്ലാ ശ്രമങ്ങളെയും വെനസ്വേലൻ ഗവൺമെന്റ് പരാജയപ്പെടുത്തി. അതുമാത്രമല്ല, ചൈന, റഷ്യ, ഇറാൻ തുടങ്ങിയ ‘‘നമ്മുടെ ശത്രുക്കളു’’മായി വെനസ്വേല സൗഹൃദപരമായ ബന്ധം പുലർത്തുകയും ചെയ്യുന്നു’’‐ ലേഖനത്തിൽ പറയുന്ന മുഖ്യ അധിക്ഷേപം ഇതൊക്കെയാണ്.
അതായത് അമേരിക്കയ്‌ക്ക് ഹിതകരമല്ലാത്ത രാഷ്‌ട്രീയ‐സാമ്പത്തിക ആശയം പിന്തുടരുന്നതിനാലും അമേരിക്കയ്‌ക്ക് ഇഷ്ടമില്ലാത്തവരുമായി കൂട്ടുകൂടുന്നതിനാലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തെ ഭരണസംവിധാനത്തെ അക്രമാസക്തമായ സൈനിക ഇടപെടലിലൂടെ അട്ടിമറിക്കണമെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനം ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയ്‌ക്ക് ആ രാജ്യത്തെ ജനങ്ങൾക്കു ഗുണകരമായ വികസനപാത ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പരിപൂർണമായ അവകാശമുണ്ട്. അമേരിക്ക ഗോളാർധത്തിലെ അധീശത്വരാജ്യമായിരിക്കാം, പക്ഷേ മറ്റൊരു രാജ്യത്ത് ആരു ഭരിക്കണം, എന്തൊക്കെ നടപ്പാക്കണം എന്ന് ഉത്തരവിടാനുള്ള യാതൊരു അവകാശവും അമേരിക്കയ്‌ക്കില്ല. അമേരിക്കയും സഖ്യരാജ്യങ്ങളും ചേർന്ന് നടത്തിയ നിരന്തരമായ അട്ടിമറിശ്രമങ്ങളെ ഹ്യൂഗോ ഷാവേസിന്റെയും നിക്കോളസ് മദുറോയുടെയും നേതൃത്വത്തിൽ 25 വർഷമായി വെനസ്വേലൻ ജനത പരാജയപ്പെടുത്തി രാജ്യത്തിന്റെ പരമാധികാരവും സ്വയംനിർണായാവകാശവും സംരക്ഷിക്കുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെ അതിജീവിച്ച് സമ്പദ്‌ഘടനയുടെ തനതായ വളർച്ചയെ ത്വരിതപ്പെടുത്തി മുന്നേറുന്ന വെനസ്വേല ഇന്ന് ഗോളാർധമേഖലയിലെ ഏറ്റവും ഉയർന്ന ജിഡിപി വളർച്ചയുള്ള രാജ്യമാണ്. ജനങ്ങളെയാകെ ഉൾച്ചേർത്തുകൊണ്ടു നടത്തുന്ന വികസനക്കുതിപ്പിനും രാഷ്‌ട്രീയമായ മുന്നോട്ടുപോക്കിനും ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ ഫലമാണ് മൂന്നാമത്തെ തിരഞ്ഞെടുപ്പിലും മദുറോ നേടിയ ഉജ്വലമായ വിജയം. ചുരുക്കത്തിൽ സമഗ്രമായ ജനാധിപത്യമെന്ന സമസ്യ പൂർണമായി അർഥവത്തായ ഒരു രാജ്യത്ത് ‘‘ജനാധിപത്യത്തെ സംരക്ഷിക്കാനായി ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാനുള്ള’’ ആഹ്വാനമാണ് ന്യൂയോർക്ക് ടൈംസ് ലേഖകൻ നടത്തുന്നത്. l