Wednesday, February 12, 2025

ad

Homeരാജ്യങ്ങളിലൂടെവീണ്ടും അധികാരമേറ്റ്‌ മദുറൊ

വീണ്ടും അധികാരമേറ്റ്‌ മദുറൊ

ഷിഫ്‌ന ശരത്

2025 ജനുവരി 10ന്‌ വെനസ്വേലയുടെ അടുത്ത ആറുവർഷക്കാലത്തെ പ്രസിഡന്റായി ദേശീയ അസംബ്ലിക്കു മുന്നിൽ നിക്കോളസ്‌ മദുറൊ സത്യപ്രതിജ്ഞ ചെയ്‌തു. ദേശീയ അസംബ്ലി അംഗങ്ങൾക്കു പുറമെ രാജ്യത്തെ ഉദ്യോഗസ്ഥരും 120 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി താൻ എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം പ്രതിജ്ഞ ചെയ്‌തു.

2024 ജൂലൈ 28ന്‌ നടന്ന തിരഞ്ഞെടുപ്പിൽ മദുറൊ 51.95 ശതമാനം വോട്ടുനേടിയാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. 43.18 ശതമാനം വോട്ടുമാത്രം നേടിയ തീവ്രവലതുപക്ഷ സ്ഥാനാർഥിയായ എഡ്‌മൺഡൊ ഗോൺസാലസിനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. എന്നാൽ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്ത വലതുപക്ഷവും ഗോൺസാലസും തങ്ങളുടെ പരാജയം അംഗീകരിക്കാൻ തയ്യാറായില്ല. അവർ രാജ്യത്തുടനീളം കലാപം അഴിച്ചുവിടുകയാണുണ്ടായത്‌. ആരോഗ്യകേന്ദ്രങ്ങളും ഓഫീസുകളും പ്രതിമകളും ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ്‌ ഓഫീസുകളും അവർ അടിച്ചുതകർത്തു; അഗ്നിക്കിരയാക്കി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പരസ്യമായ പിന്തുണയും ഇക്കൂട്ടർക്കുണ്ടായിരുന്നു.

മദുറൊ സത്യപ്രതിജ്ഞ ചെയ്‌ത അതേസമയം മദുറൊയെ അറസ്റ്റു ചെയ്യുന്നവർക്ക്‌ അമേരിക്കൻ ഗവൺമെന്റ്‌ 25 ദശലക്ഷം ഡോളർ സമ്മാനമായി നൽകുമെന്ന പ്രഖ്യാപനം നടത്തി. വെനസ്വേലയിലെ സർക്കാർ സ്ഥാപനങ്ങൾക്കും ഭരണാധികാരികൾക്കുമെല്ലാമെതിരെ വിലക്കേർപ്പെടുത്തുകയും ചെയ്‌തു.

ജൂലൈയിൽ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ മുതൽ വെനസ്വേലയിലും യൂറോപ്പിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമെല്ലാമുള്ള വലതുപക്ഷം ഗോൺസാലസാണ്‌ യഥാർഥ വിജയിയെന്ന്‌ അവകാശപ്പെട്ട്‌ പ്രചരണം തുടങ്ങിയിരുന്നു. മദുറൊയ്‌ക്കെതിരെ ആയുധമെടുത്ത്‌ രംഗത്തിറങ്ങാൻ സൈന്യത്തോട്‌ ആഹ്വാനം ചെയ്യാനും അവർ മടിച്ചില്ല. പക്ഷേ, സൈനികമേധാവികൾ പരസ്യമായിത്തന്നെ ആ ആഹ്വാനത്തെ അപലപിച്ച്‌ രംഗത്തുവന്നു.

2019ൽ ഹുവാൻ ഗ്വായ്‌ഡൊയെ ബദൽ അധികാരകേന്ദ്രമാക്കി അവരോധിച്ചതുപോലെയുള്ള ഒരു നീക്കത്തിനാണ്‌ അമേരിക്കയും വെനസ്വേലൻ വലതുപക്ഷവും 2024ലും ശ്രമിച്ചത്‌. 2019 മുതൽ 2023 വരെ വെനസ്വേലയിൽ കലാപാന്തരീക്ഷമുണ്ടാക്കാൻ ശ്രമിച്ചതിനപ്പുറം ഒന്നും ചെയ്യാനാവാതെ ഒടുവിൽ ഗ്വായ്‌ഡൊയും വലതുപക്ഷവും മുട്ടുമടക്കാൻ നിർബന്ധിതമായെങ്കിലും 2024ൽ വീണ്ടും അമേരിക്കൻ പ്രേരണയോടെ പഴയ കളി ആവർത്തിക്കാനാണ്‌ അവർ ശ്രമിച്ചത്‌. ആ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ്‌ 2025 ജനുവരി 10ന്‌ മദുറൊ സത്യപ്രതിജ്ഞ ചെയ്‌ത്‌ വീണ്ടും അധികാരമേറ്റത്‌. ഇപ്പോഴും അമേരിക്ക അട്ടിമറിക്ക്‌ കച്ചകെട്ടിത്തന്നെ നിൽപ്പാണ്‌. 2019 മുതലുള്ള കഴിഞ്ഞ ആറ്‌ വർഷക്കാലവും വെനസ്വേല സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലായിരുന്നു. അതു തുടരുമെന്നാണ്‌ മദുറൊ വ്യക്തമാക്കുന്നത്‌. ബൊളിവേറിയൻ വിപ്ലവം തുടരുമെന്നു മാത്രമല്ല സോഷ്യലിസത്തിലേക്കുള്ള പ്രയാണം ശക്തിപ്പെടുത്തുകയും അതിന്റെ വേഗത വർധിപ്പിക്കുകയും ചെയ്യുമെന്നും മദുറൊ പ്രസ്‌താവിച്ചു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + two =

Most Popular