Wednesday, February 12, 2025

ad

Homeരാജ്യങ്ങളിലൂടെഒടുവിൽ വെടിനിർത്തൽ കരാർ

ഒടുവിൽ വെടിനിർത്തൽ കരാർ

ആര്യ ജിനദേവൻ

2023 ഒക്ടോബറിൽ തുടക്കമിട്ട പലസ്തീൻ വംശഹത്യ താൽക്കാലിക വിരാമമായിരിക്കുന്നു. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ മധ്യസ്ഥത വഹിച്ചുകൊണ്ടാണ് പലസ്തീനിൽ വെടിനിർത്തൽ കരാർ സാധ്യമാക്കിയത്. 2025 ജനുവരി 15 ബുധനാഴ്ച പത്രസമ്മേളനത്തിലൂടെയാണ് ഖത്തർ പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റും (ഹമാസ്) ഇസ്രയേലും തമ്മിൽ 48 ദിവസത്തെ വെടിനിർത്താൻ കരാറും ഇരു രാജ്യങ്ങളുടെയും കൈവശമുള്ള തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള ഉടമ്പടിയും സാധ്യമാക്കി എന്ന് പ്രഖ്യാപിച്ചത്. 2025 ജനുവരി 19 മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്നും മൂന്നു ഘട്ടങ്ങളായാണ് ഈ കരാർ നടപ്പാക്കുന്നതെന്നും അൽ താനി വ്യക്തമാക്കിയിരുന്നു.

ഈ വെടിനിർത്തൽ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്നാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന കരാർ കാലാവധിക്കകത്ത് ഇരു രാജ്യങ്ങളും തങ്ങളുടെ തടവിൽകഴിയുന്ന എതിർ രാജ്യത്തെ ആളുകളെ പരസ്പരം വിട്ടയയ്ക്കണമെന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ, ജനുവരി 19 ഞായറാഴ്ച കരാർ നിലവിൽ വരുന്നതോടുകൂടി തന്നെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുമെന്നതും നിശ്ചിത എണ്ണം തടവുകാരെ കൈമാറ്റം ചെയ്യുന്നതും ഇസ്രായേലി ഓക്കുപേഷൻ ഫോഴ്സ്‌ പലസ്തീൻ പ്രദേശത്തുനിന്ന് ഭാഗികമായി പിന്മാറുന്നതും പിടിച്ചടക്കപ്പെട്ടിട്ടുള്ള ഭാഗങ്ങളിലേക്ക് അവിടുത്തെ മനുഷ്യർക്ക് സഹായം എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കലും ഉൾപ്പെടുന്നുണ്ട്. അതുപോലെതന്നെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുവാനുതകുന്ന തുടർച്ചയായ കൂടിയാലോചനകളും ചർച്ചകളും ഒന്നാംഘട്ടത്തിൽ നടക്കും. ഈ ഘട്ടത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം വരുന്ന 33 ഇസ്രായേലി തടവുകാരെ ഗാസയും ക്രമാടിസ്ഥാനത്തിൽ വിട്ടയക്കണം. പകരം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു കഴിയുന്ന 275 പേരെയടക്കം 700 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കണം. ഓരോ ദിവസവും ഇരു രാജ്യങ്ങളും വിട്ടയക്കേണ്ട തടവുകാരുടെ എണ്ണം വരെ കൃത്യമായി കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്ന് ഗാസയുടെ വടക്കൻ ഭാഗത്തെ തെക്കൻ ഭാഗത്തിൽനിന്ന്‌ വേർപെടുത്തുന്ന നെറ്റ്സാറിം ഇടനാഴിയിൽ നിന്നുള്ള ഇസ്രയേലി ഒക്കുപ്പേഷൻ സേനയുടെ (ഐ ഒ എഫ്) പിന്മാറ്റമാണ്. പൊതുവിൽ ഇസ്രായേലി അധിനിവേശസേനയുടെ പിന്മാറ്റത്തിന് കൃത്യമായ കാലപരിധി നിശ്ചയിക്കാൻ ഇടനിലക്കാർ തയ്യാറാകണമെന്ന് ഹമാസ് ആവശ്യമുയർത്തിയിട്ടുണ്ട്.

ഒന്നാം ഘട്ടത്തിൽ നടപ്പാക്കപ്പെടുന്ന മറ്റൊരു കാര്യം വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ 50 ഇന്ധന ട്രക്കുകളടക്കം 600 ട്രക്കുകൾ ഗാസയിലേക്ക് ഓരോ ദിവസവും കടത്തിവിടും എന്നുള്ളതാണ്. 2 ലക്ഷം ടെന്റുകളും അറുപതിനായിരം മൊബൈൽ വീടുകളും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി സജ്ജീകരിക്കും. ഭക്ഷണവും വെള്ളവും ചികിത്സാ സഹായത്തിന് ആവശ്യമായ സാമഗ്രികളും സേവന സന്നദ്ധരായ മനുഷ്യരേയുമടക്കം എല്ലാം ഗാസയിലേക്ക് കടത്തിവിടും.

രണ്ടാം ഘട്ടം തുടങ്ങുന്നത് ഒന്നാംഘട്ടത്തിന്റെ 16‐ാമത്തെ ദിവസം മുതലാണ്. അവശേഷിക്കുന്ന 65 ഇസ്രായേൽ തടവുകാരെക്കൂടി വിട്ടയക്കുകയും ഗാസ മുനമ്പിൽനിന്ന് പൂർണ്ണമായി ഇസ്രായേൽ പിന്മാറുകയും ഈ ഘട്ടത്തിൽ ചെയ്യണമെന്ന് പറയുന്നു. മൂന്നാം ഘട്ടത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥ, തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തികളുടെ ഭൗതികാവശിഷ്ടങ്ങൾ പരസ്പരം കൈമാറണം എന്നുള്ളതാണ്; ഒപ്പം തന്നെ വീടുകളും കെട്ടിടങ്ങളും അടിസ്ഥാനസൗകര്യവും ഉൾപ്പെടെ ഗാസയുടെ മൊത്തത്തിലുള്ള പുനർനിർമാണവും ഈ ഘട്ടത്തിൽ മുൻതൂക്കം കൊടുക്കുന്ന വിഷയമാണ്.

ഇത്തരമൊരു വെടിനിർത്താൻ സാധ്യമാക്കുന്നതിന് നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ഈജിപ്തിന്റെയും ഖത്തറിന്റെയും വലിയൊരു നേട്ടമാണ് അവർക്ക് അമേരിക്കയെ കൂടി ഇതിന്റെ ഭാഗമായി നിർത്തുവാൻ സാധിച്ചു എന്നത്. അതുകൊണ്ടുതന്നെയാണ് ക്ഷണികമാണെങ്കിലും പലസ്തീൻ ജനതയ്ക്ക് തെല്ലെങ്കിലും ആശ്വാസം നൽകുന്ന ഇത്തരമൊരു കരാറിലേക്ക് എത്തിയത്.

യുദ്ധമെന്ന പ്രതിഭാസത്തിന്റെ അത്രതന്നെ പഴക്കമുണ്ട് വെടിനിർത്തൽ എന്ന ആശയത്തിന്. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് പെട്ടെന്നൊരു വിരാമം അഥവാ വെടിനിർത്തൽ എന്ന് പറയപ്പെടുമ്പോൾ അത് ഇരുവശത്തും ഉള്ളവർക്ക് തെല്ലൊന്നു വിശ്രമിക്കാനും സ്വയം പുനരുദ്ധരിക്കാനുമുള്ള അവസരമായിട്ടാണ് സാധാരണ കണക്കാക്കപ്പെടാറുള്ളത്. ജീവജാലങ്ങളുടെ ജീവനും വെടിനിർത്തൽ കരാറിൽ ഒരു ഘടകമായി ഉൾപ്പെടുത്തപ്പെടാറുണ്ട്. ഗാസയിലെ ജനതയെ സംബന്ധിച്ചിടത്തോളം ശാശ്വതമായതോ താൽക്കാലികമായതോ ആകട്ടെ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണം നിർത്തിവയ്ക്കുകയും മനുഷ്യത്വപരമായ സഹായഹസ്തങ്ങൾ രാജ്യത്തിനകത്തേക്ക് കടത്തിവിടുകയും ചെയ്യുന്ന, ഏതൊരു വെടിനിർത്തലും ഒരാശ്വാസമാണ്. താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്ന ജനുവരി 19ന് തന്നെ കോ‐ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയർസ്‌ മുൻകൈയെടുത്ത് 630 വാഹനങ്ങൾ ഭക്ഷണസാധനങ്ങളും മരുന്നുകളും മറ്റുമായി ഗാസയിലേക്ക് കടത്തിവിട്ടു. പലസ്തീനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളവും ഭക്ഷണവും മരുന്നും താൽക്കാലികമായ പാർപ്പിടങ്ങളും ചികിത്സ സൗകര്യങ്ങളും അടക്കം അവിടേക്ക് എത്തുന്നത് വളരെ വലിയ ആശ്വാസമാണ് സൃഷ്ടിക്കുന്നത്. വംശഹത്യ ആക്രമണം തുടങ്ങി 500ലധികം ദിനങ്ങൾ പിന്നിടുമ്പോൾ ഇന്ന് ഈ സഹായം കേവലം ഒരു ആശ്വാസം എന്നതിനേക്കാൾ അവർക്ക് അത് അവരുടെ ജീവിതമാണ്. 600 ഓളം ട്രാക്കുകൾ പ്രവേശിക്കുന്നു എന്നുപറയുമ്പോൾ തന്നെ ഇസ്രായേൽ ഗാസയെ ബോംബിട്ട് തകർത്തുകൊണ്ടിരുന്ന കാലത്ത് മൃതപ്രായരായ മനുഷ്യർക്ക്‌ ഒരു തുള്ളി വെള്ളമോ ഭക്ഷണമോ എത്തിക്കുവാൻ പോലും ഇസ്രായേൽ അനുവദിച്ചിരുന്നില്ല എന്ന കാര്യം കൂടി ഓർക്കണം. ഇന്ന് ഭക്ഷണവും വെള്ളവും മരുന്നും എല്ലാം ഗാസയിലേക്ക് കടത്തിവിടപ്പെടുകയാണ്.

ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപുലേഷൻ പ്രോസ്പെക്ട്സ് 2024 നടത്തിയ പഠനത്തിൽ പറയുന്നത്, ഒന്നര കൊല്ലത്തോളം ഇസ്രയേൽ നടത്തിയ തുടർച്ചയായ ബോംബക്രമണത്തിന്റെ ഭാഗമായി പലസ്തീനിലെ ജനങ്ങളുടെ ആയുർദൈർഘ്യം 2022നും 2023നും ഇടയ്ക്ക്, അതായത്‌, വെറും ഒരുവർഷത്തിനുള്ളിൽ 11.5 വർഷത്തോളം കുറഞ്ഞു എന്നതാണ്. അതായത്, 2022ൽ പലസ്തീനിലെ ജനങ്ങളുടെ ആയുർദൈർഘ്യം 76.7 വയസ്സ് വരെ ആയിരുന്നെങ്കിൽ 2023 ൽ അത് 65.2 വയസ്സായി കുറഞ്ഞു. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണത്തിന്റെ ആദ്യത്തെ മൂന്നുമാസങ്ങൾ, അതായത് 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവുകൊണ്ട് പലസ്തീനിലെ മനുഷ്യരുടെ ആയുർദൈർഘ്യത്തിൽ ഇത്തരത്തിലൊരു ഭീകരമായ ഇടിവുണ്ടാക്കാൻ സാധിച്ചു എങ്കിൽ അവിടെ നടന്ന സമാനതകളില്ലാത്ത വംശഹത്യയുടെ ആഴം എത്രത്തോളമാണെന്ന് ഒന്നാലോചിച്ചു നോക്കൂ. പലസ്തീനിലെ ജനങ്ങൾക്ക് അവരുടെ ആയുസ്സിൽ നിന്ന് 11 കൊല്ലം നഷ്ടപ്പെട്ടിരിക്കുന്നു. അതായത് പലസ്തീനിൽ ശേഷിക്കുന്ന 5.2 ലക്ഷം മനുഷ്യരുടെ ആയുർദൈർഘ്യത്തിൽ മൊത്തത്തിൽ ഏതാണ്ട് 60 ദശലക്ഷം വർഷങ്ങളുടെ കുറവുണ്ടായിരിക്കുന്നു. ആധുനിക മനുഷ്യ ചരിത്രത്തിൽ ഒരിടത്തും ഇത്തരത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഭീകരമായ ഇടിവ് ആയുർദൈർഘ്യത്തിൽ ഉണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ പലസ്തീനിൽ അത് സംഭവിച്ചു. അതിനു കാരണം അമേരിക്കയും ഇസ്രയേലും സാമ്രാജ്യത്വവുമാണ്.

ആയിരക്കണക്കിന് മനുഷ്യരാണ് ഗാസയിലെ യുദ്ധഭൂമിയിൽ പിടഞ്ഞു മരിച്ചത്. അതിൽ 14500 കുരുന്നുകളും ഉണ്ട്. ഗാസയുടെ മൊത്തം ജനസംഖ്യയിൽ 90 ശതമാനത്തിലധികം പേരും അവിടെ നിന്നും ഒഴിപ്പിക്കപ്പെട്ടു. 17000 ത്തിലേറെ കുഞ്ഞുങ്ങൾ അവരുടെ അച്ഛനമ്മമാരിൽ നിന്ന് വേർപെടുത്തപ്പെട്ടു. മരണം ശാശ്വതമാണെന്ന് ഈ കുരുന്നുകൾക്ക് പോലും അനുഭവേദ്യമായിരിക്കുന്നു. അതിജീവിക്കുന്ന ജനങ്ങൾക്ക് തീവ്രമായ ന്യൂറോളജിക്കൽ പ്രശ്നങ്ങളും മാനസികാരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടാവുന്നു. വീടുകളും ആശുപത്രികളും കടകമ്പോളങ്ങളും സ്കൂളുകളും അങ്ങനെ ഇനി അവിടെ തകർക്കപ്പെടാൻ ബാക്കിയൊന്നുമില്ല. ഒരു പ്രാഥമിക പഠനം നിർദ്ദേശിക്കുന്നത്, ഗാസയുടെ പുനർനിർമാണത്തിന് 80,00 കോടി ഡോളർ വേണ്ടിവരും എന്നാണ്. ഇത് ആര് നൽകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സമ്പന്നമായ ഗൾഫ് അറബ് രാജ്യങ്ങളോ, ഈ വംശഹത്യയ്ക്ക് എല്ലാവിധ സഹായഹസ്തങ്ങളും നൽകുകയും ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്ത അമേരിക്കയും ബ്രിട്ടനും ജർമ്മനിയും അടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളോ ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഗാസ വ്യക്തമായും ഈ വംശഹത്യയുടെ ഉപജ്ഞാതാക്കൾക്ക് ഇനിയൊരു റിയൽ എസ്റ്റേറ്റ് കളിയിടമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിലും ബെഞ്ചമിൻ നെതന്യാഹുതന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ള വാക്കുകളിൽ നിന്നുമെല്ലാം അത് വ്യക്തമാണ്. എന്തായാലും ഇപ്പോഴത്തെ ഈ വെടിനിർത്തൽ ഗാസയിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. അത് ശാശ്വതമായ വെടിനിർത്തലായി മാറണമെന്ന് സമാധാനകാംക്ഷികളായ ലോകരാജ്യങ്ങൾ ആഗ്രഹിക്കുന്നുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − two =

Most Popular