ഇന്നു നിങ്ങൾ വനത്തിലിറങ്ങിയാൽ,
നിങ്ങൾക്കൊരു വലിയ അത്ഭുതം ഉറപ്പാണ്.
ഇന്ന് നിങ്ങൾ വനത്തിലിറങ്ങിയാൽ,
നിങ്ങൾ വേഷം മാറി പോകുന്നതാണ് നന്ന്.
ഇന്ന് പ്രഭുക്കളുടെ പിക്-നിക് ഉള്ള ദിവസമാണ്.
ആയതിനാൽ എല്ലാ പ്രഭുക്കളും തീർച്ചയായും
അവിടെ ഒത്തുകൂടും.
എല്ലാ പ്രഭുക്കൾക്കും ഇന്ന് നല്ലയൊരു
സൽക്കാരം ഉറപ്പാണ്.
കഴിക്കാൻ ഗംഭീരമായ ഭക്ഷണ വിഭവങ്ങളുണ്ട്,
കളിക്കാൻ അതിശയകരമായ ഗെയിമുകളുണ്ട്
മരങ്ങൾക്കു ചുവട്ടിൽ ആരും കാണാനില്ല.
അവർ ഇഷ്ടമുള്ളിടത്തോളം കാലം
ഒളിച്ചുകളിച്ച് ഉല്ലസിക്കും.
അതാണ് പ്രഭുക്കളുടെ പിക്‌നിക്കിന്റെ രീതി.
രാഷ്ട്രീയമായി പറഞ്ഞാൽ, ഡൊണാൾഡ് ട്രംപിനെ അധികാരത്തിലിപ്പോൾ ഏറ്റിയത് തങ്ങളാണെന്നു വിശ്വസിക്കുന്ന പ്രഭുക്കളും 1999 മുതൽ വ്ളാഡിമിർ പുടിനെ അധികാരത്തിൽ നിലനിർത്തുന്നത് തങ്ങളാണെന്ന് സ്വയം വിശ്വസിക്കുന്ന പ്രഭുക്കളും തമ്മിൽ പഴയ ടെഡിബിയർ പാട്ടിലെന്നപോലെ വലിയ വ്യത്യാസമില്ല. അവർക്കെല്ലാം വേണ്ടത് ‘‘ഇന്ന് സൽക്കരിക്കുക, കഴിക്കാൻ രുചികരമായ ഭക്ഷണം നൽകുക, കളിക്കാൻ രസകരവും അതിശയകരവുമായ ഗെയിമുകൾ ലഭ്യമാക്കുക’’.
ഒറ്റവാക്കിൽ പറഞ്ഞാൽ ശതകോടിക്കണക്കിന് ഡോളർ പണം വാരിയെറിയൽ . ആ പ്രഭുക്കൾ പണത്തിൽ മാത്രം വിശ്വസിക്കുന്നവരായതിനാൽ അവർ ട്രംപിനോടും പുടിനോടും പറഞ്ഞു : ഒരിക്കൽ ഉക്രൈനിൽ യുദ്ധഭൂമിയിൽ തങ്ങൾ ആസൂത്രണം ചെയ്ത പിക്നിക്കിൽ എത്തിക്കഴിഞ്ഞാൽ ട്രംപിനും പുടിനും ഒരുമിച്ച് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് സമ്മതിക്കാൻ അവരിരുവർക്കും സാധിക്കും.
തീർച്ചയായും, അത് പരമ രഹസ്യമായിരിക്കും, മരങ്ങൾക്കടിയിൽ ആരും കാണാത്തതിനാൽ.
1911 നും 1915 നുമിടയിൽ ഒന്നാം ലോക യുദ്ധവേളയിൽ ഇത് എത്രമാത്രം സ്വാഭാവികമാണെന്ന് ഇറ്റാലിയൻ സോഷ്യോളജിസ്റ്റ് റോബർട്ട് മിഷേൽ വിശദീകരിക്കുകയുണ്ടായി. യുദ്ധത്തിന്റെ ഇരുവശങ്ങളിലുമുള്ള ഗവൺമെന്റുകളിലും പ്രതിപക്ഷ സംഘടനകളിലും ആധിപത്യം സ്ഥാപിക്കാൻ പ്രഭുക്കൾ എത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനെ ‘‘പ്രഭു വർഗത്തിന്റെ ഇരുമ്പ് നിയമം’’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇരുവശത്തുമുള്ള പ്രഭു വർഗത്തിന്റെ ഈ ആധിപത്യം ഇരുകൂട്ടരുടെയും പൊതുതാൽപര്യങ്ങൾക്ക് അനുയോജ്യമായ ഫലം നിർണയിക്കുന്ന പ്രക്രിയയെ ത്വരിത പ്പെടുത്തും, യുദ്ധത്തെ ശക്തിപ്പെടുത്തും – മിഷേൽ ചൂണ്ടിക്കാട്ടി.
‘‘രാജ്യത്തിന്റെ ശക്തി ഒരിക്കലും കൂടുതൽ വലുതല്ല’’ – മിഷേൽസ് എഴുതി. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ശക്തി ഒരിക്കലും യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്തേക്കാൾ ഫലപ്രദമല്ല. അദ്ദേഹം തുടർന്നു. പകൽവേളകളിലെ അധ്വാന ഭാരത്താൽ തളർന്നു പോയ എല്ലാവരും സ്വാഭാവികമായ ഉറക്കത്തിൽ മുഴുകുമ്പോൾ രാത്രിയിൽ കൊടുങ്കാറ്റുപോലെ നിന്ദ്യമായ യുദ്ധം ഭീതി ജനിപ്പിച്ചുകൊണ്ട് കടന്നുവരുന്നു. ആയിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നാഗരികതയുടെ ആധാരശിലയെ പോലും അപകടത്തിലാക്കുന്ന, ശാശ്വതമായ കലാസൃഷ്ടികളെ ഇല്ലാതാക്കുന്ന, മനുഷ്യജീവനോട് തീരെ ബഹുമാനമില്ലാത്ത യുദ്ധം കടന്നുവരുന്നു.
നാം ഇന്ന് വല്ലാത്ത ഒരു അവസ്ഥയിലാണ്. എന്നാൽ പ്രഭുക്കൾ ചിന്തിക്കുന്നത് വാണിജ്യപരമായി അവരുടെ സ്വന്തം നേട്ടത്തിനുവേണ്ടിയാണ്. സാമൂഹികമോ ധാർമികമോ ആയല്ല അവർ ചിന്തിക്കുന്നത്. പ്രഭുക്കളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മൂന്നു വർഷക്കാലത്തെ ഉപരോധമൂലമുണ്ടായ, ആഗോള വിപണിയിൽ ഇന്ന് നിലനിൽക്കുന്ന യഥാർത്ഥ ആസ്തിമൂല്യവും വ്യാപാരമൂല്യവും തമ്മിൽ ഉണ്ടായ വിടവാണ് പ്രധാന കാര്യം. ഉപരോധത്തിനുകീഴിൽ റഷ്യൻ ചരക്കുകളുടെയും വിഭവങ്ങളുടെയും കോർപ്പറേറ്റ് ആസ്തികളുടെയും മൂല്യത്തിൽ വന്ന കുറവുമൂലം പ്രഭുക്കൾക്കുണ്ടായ നഷ്ടം നികത്തി എങ്ങനെ കൂടുതൽ ലാഭമുണ്ടാക്കാമെന്നാണ് പ്രഭുക്കൾ തലപുകഞ്ഞാലോചിക്കുന്നത്; യുദ്ധാവസാന ചർച്ചകളിലൂടെ തങ്ങൾക്കെങ്ങനെ നേട്ടമുണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ പരിസമാപ്തിയിലെത്തിക്കാം എന്നാണ് ഇരു ഭാഗത്തുമായി നിലകൊള്ളുന്ന പ്രഭുക്കൾ ചിന്തിക്കുന്നത്.
റഷ്യൻ പ്രഭുക്കളുമായി അടുപ്പമുള്ള ഏതാനും റഷ്യക്കാരോട് യുദ്ധത്തിന്റെ അവസാന നിബന്ധനകൾ എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ആവശ്യപ്പെടുകയുണ്ടായി. റഷ്യയിലെയും അമേരിക്കയിലെയും പ്രഭുക്കൾ യുദ്ധം അവസാനിപ്പിക്കാൻ തങ്ങളുടെ പ്രസിഡന്റുമാരിൽ സമ്മർദ്ദം ചെലുത്തും എന്നാണ് അവർ പറഞ്ഞത്. അതിനുള്ള നിബന്ധനകൾ താഴെപ്പറയുന്നതായിരിക്കും എന്നാണ് അവർ പ്രവചിച്ചത്:
എണ്ണയും വാതകവും: അമേരിക്കൻ എണ്ണയുടെയും വാതകത്തിന്റെയും വില, ലാഭം, അന്താരാഷ്ട്ര വിപണി വിഹിതം എന്നിവ വർദ്ധിപ്പിക്കാൻ ഉപരോധം ഉപയോഗിക്കണമെന്ന് അമേരിക്കൻ പ്രഭുക്കൾ ട്രംപിനെ ബോധ്യപ്പെടുത്തിയതിനാൽ നിലവിലെ ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള ഒരു കരാറും ഉണ്ടാകില്ലെന്നാണ് മേൽപ്പറഞ്ഞ റഷ്യക്കാർ വിശ്വസിക്കുന്നത്. ഇതിനു തെളിവാണ് ട്രംപിന്റെ പുതിയ ഭീഷണി. ‘‘സമ്പദ്ഘടന തകരുന്ന റഷ്യക്കും പ്രസിഡന്റ് പുടിനും ഞാൻ ഒരു വലിയ ഉപകാരം ചെയ്യാൻ പോകുകയാണ്’’ – ജനുവരി 22ന് ട്രംപ് പ്രഖ്യാപിച്ചു. ‘‘അപഹാസ്യമായ ഈ യുദ്ധം നിർത്തൂ. ഇപ്പോൾ തന്നെ തീർപ്പുണ്ടാക്കുക. യുദ്ധം തുടരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും’’. ‘‘നാം ഇപ്പോൾ ഒരു ഡീൽ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യ ,അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വിൽക്കുന്ന റഷ്യൻ ഉൽപ്പന്നങ്ങൾക്കുമേൽ വൻതോതിൽ ടാക്സുകളും താരിഫുകളും വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ല’’ – ട്രംപ് തുടരുന്നു. റഷ്യയിലെ എണ്ണയും വാതകവും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ചൈനയെയും ഇന്ത്യയെയും പോലെയുള്ള രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് മേൽപ്പറഞ്ഞ റഷ്യക്കാർ വിശ്വസിക്കുന്നു. എണ്ണവില ബാരലിന് 80 ഡോളറിനു മുകളിൽ ഉയരുകയോ 60 ഡോളറിൽ താഴുകയോ ചെയ്യാതിരിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്ന് മേൽപ്പറഞ്ഞ റഷ്യൻ വൃത്തങ്ങൾ വിശ്വസിക്കുന്നു. ‘‘ഇത് തിരിച്ചടിയാകും’’. ഒരു എണ്ണ വ്യവസായി പറയുന്നു.‘‘ഇന്ത്യയെ പെട്രോളിയം സൂപ്പർ പവർ ആക്കാനാണ് മോദി ലക്ഷ്യമിടുന്നത്. അത് നേടാൻ അമേരിക്കൻ ഉപരോധം അദ്ദേഹത്തെ സഹായിക്കുന്നു. ട്രംപിന് അത് തടയാൻ ഒരു മാർഗവുമില്ല’’ – റഷ്യൻ വൃത്തങ്ങൾ വിശ്വസിക്കുന്നു.
ബോയിങ് വിമാനം: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ബോയിങ് കോർപ്പറേഷന് അതിന്റെ വിപണിമൂലധനത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. സുരക്ഷ, മാനേജ്മെന്റ്, ലോജിസ്റ്റിക്കൽ തുടങ്ങിയ കാരണങ്ങളാൽ അന്താരാഷ്ട്ര വിപണി വിഹിതം നഷ്ടപ്പെടുത്തുകയും ആസ്തി തകരുമെന്ന ഊഹം പരത്താൻ ഇടയാക്കുകയും ചെയ്യുന്നു.
ബോയിങ് എയർ ഫ്ലീറ്റിന്റെ റഷ്യൻ ഓപ്പറേഷനിലെ ഉപരോധത്തിൽ ഇളവ് വരുത്തുന്നത് ബോയിങ്ങിനാവശ്യമായ രക്ഷാപ്രവർത്തനമാകുമെന്ന് മേൽപ്പറഞ്ഞ റഷ്യൻ വൃത്തങ്ങൾ വിശ്വസിക്കുന്നു. ഒലെവ് ഡെറിപാസ്കയുടെ റഷ്യൻ മെഷീൻസ് ഗ്രൂപ്പിന് ഒപെൽ ഡിവിഷൻ വിറ്റുകൊണ്ട് ജനറൽ മോട്ടോഴ്സിനെ പാപ്പരത്തത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തോട് ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്. 2009ൽ ഹിലരി ക്ലിന്റൺ അത് അവസാനിപ്പിച്ചു.
റിയൽ എസ്റ്റേറ്റ്: റോമൻ അബ്ര മോവിച്ച് ,ഒലെഗ് ഡെറി പാസ്-ക എന്നിവരെപ്പോലെയുള്ള റഷ്യൻ പ്രഭുക്കൾക്ക് അമേരിക്കയിലെ മാൻഹാട്ടൺ, വാഷിംഗ്ടൺ ഡിസി, കോളറാഡോ, ഫ്ലോറിഡ എന്നിവിടങ്ങളിലെ റിസോർട്ട് ഏരിയകളിൽ റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ ഉണ്ട്. ഈ റിയൽ എസ്റ്റേറ്റ് വ്യാപാരികൾക്ക് തങ്ങളുടെ അമേരിക്കയിലെ സ്വത്തുക്കളുടെ മേലുള്ള കൈകാര്യകർതൃത്വം വീണ്ടെടുക്കാൻ അനുവദിക്കുകയോ അവ വിറ്റ് പണമാക്കി മാറ്റാൻ അനുവദിക്കുകയോ ചെയ്യുന്ന തരത്തിൽ ഇപ്പോഴുള്ള ഉപരോധത്തിൽ ഇളവു വരുത്തുന്നതിനെ ട്രംപും അദ്ദേഹത്തിന്റെ കുടുംബവും അനുകൂലിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തരം ഒരു മാറ്റം വരുത്തുന്നത് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രംപുമായി വളരെ അടുപ്പമുള്ളവരാണ് വാങ്ങുന്നവർ. അത് നിയമാനുസൃതമായ കൈക്കൂലിയാണ്.
റീ ഡോളറൈസേഷൻ: ന്യുയോർക്കിലെ ഇക്കണോമിക് ക്ലബ്ബിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ ഉപരോധം തുടരുന്നത് അമേരിക്കൻ ഡോളറിന് ദോഷകരമാണെന്നാണ് ട്രംപ് വാദിച്ചത്. എന്തുകൊണ്ടെന്നാൽ ‘‘അത് ആത്യന്തികമായി ഡോളറിനെ കൊല്ലുകയും ഡോളർ പ്രതിനിധീകരിക്കുന്ന എല്ലാത്തിനെയും ഇല്ലാതാക്കുകയും ചെയ്യും. ഡോളർ ലോക കറൻസിയായി തുടരണം. ഡോളറിന്റെ ലോക കറൻസി എന്ന സ്ഥാനം നഷ്ടപ്പെടുത്തുന്നത് നാം ഒരു യുദ്ധത്തിൽ തോൽക്കുന്നതിന് സമാനമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അത് നമ്മളെ ഒരു മൂന്നാം ലോക രാജ്യമാക്കി തരംതാഴ്ത്തും. നിങ്ങൾക്ക് ഇറാൻ നഷ്ടപ്പെടുന്നു…. നിങ്ങൾക്ക് റഷ്യ നഷ്ടപ്പെടുന്നു .തങ്ങളുടെ കറൻസി പ്രബലമായ ഒന്നാക്കി മാറ്റാൻ കാത്തിരിക്കുന്ന ചൈനയുണ്ട്… ഉപരോധങ്ങൾ കഴിയുന്നത്ര കുറച്ചു മാത്രം പ്രയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’ – ട്രംപ് വാദിച്ചു.
സ്വിഫ്റ്റ് പെയ്മെന്റ് വ്യവസ്ഥയിൽ നിന്ന് റഷ്യയെ ഒഴിവാക്കുമെന്നും റഷ്യൻ സെൻട്രൽ ബാങ്കിന്റെയും സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലിനയുടെയും സ്വാധീനം വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നാണ് റഷ്യൻ വൃത്തങ്ങളുടെ അഭിപ്രായം. ക്രംലിന്റെ (റഷ്യൻ ഗവൺമെന്റിന്റെ) തീരുമാനങ്ങളിൽ സെൻട്രൽ ബാങ്കിന്റെ സ്വാധീനം ശക്തിപ്പെടണമെന്നാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നാണ് റഷ്യൻ വൃത്തങ്ങൾ കരുതുന്നത്.
സ്വതന്ത്ര അവകാശം: റഷ്യയുടെ ഓവർഫ്ലൈറ്റും മറ്റ് എയർ റൂട്ട് പരിമിതികളും പ്രധാനമായും അമേരിക്ക തന്നെ ഏർപ്പെടുത്തിയതാണ്. യൂറോപ്യനും അനുബന്ധ സ്റ്റേറ്റ് എയർ ലൈനുകളുമാണ് റഷ്യൻ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസിയായ റോസാ വി യാറ്റ്-സിയയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. പാശ്ചാത്യ വിമാന കമ്പനികൾക്ക് ഭാരിച്ച ചെലവും വിപണി വിഹിത നഷ്ടവുമാണ് ഇതിന്റെ ഫലം. അമേരിക്ക, റഷ്യക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ട്രംപ് നീക്കിക്കൊണ്ടും യൂറോപ്യൻ യൂണിയനുമേൽ അതിനുവേണ്ടി സമ്മർദ്ദം ചെലുത്തിക്കൊണ്ടും ആകാശം തുറക്കും; അതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്യും.
ദുബായ് ഹബ്, സൈപ്രസ് ഷട്ട്ഡൗൺ
സൈപ്രസിലെ റഷ്യൻ പ്രഭുക്കളുടെ നികുതി വെട്ടിപ്പ് സംവിധാനങ്ങൾ അടച്ചുപൂട്ടാൻ ബെെഡൻ ഭരണം നിർബന്ധിതമായി. യുഎഇയിലേക്ക് പ്രത്യേകിച്ച് ദുബായിലേക്ക് അവരുടെ ആസ്ഥാനം മാറ്റാൻ റഷ്യൻ പ്രഭുക്കൾ നിർബന്ധിതരായി. ‘‘അവർ സ്വിഫ്റ്റ് സമ്പ്രദായം ഉപയോഗിക്കുന്നു. അവർ ചെയ്യുന്നതെല്ലാം അമേരിക്കക്കാർക്ക് പൂർണമായും സുതാര്യമാണ്; എല്ലാം അമേരിക്കക്കാർക്ക് അറിയാൻ കഴിയും. അവസാനത്തെ മൂന്ന് ഉപരോധ ലിസ്റ്റുകളിൽ അമേരിക്കക്കാർ ആവശ്യപ്പെടുന്ന എല്ലാ സാമ്പത്തിക വിവരങ്ങളും യുഎഇ സ്ഥാപനങ്ങൾ നൽകുമെന്നാണ് ഞങ്ങൾ കരുതുന്നത്. സെെപ്രസുകാരിൽനിന്ന് വ്യത്യസ്തമായി യുഎഇകാർ റഷ്യക്കാരെ ആക്രമിക്കുന്നില്ല. സൈപ്രസ് പല കാര്യങ്ങളിലും വ്യത്യസ്തമാണ്. സെെപ്രസുകാർ കഴിഞ്ഞ 25 വർഷമായി ട്രാൻസ്ഫർ പ്രൈസിങ്ങിലൂടെയും മറ്റ് പദ്ധതികളിലൂടെയും കള്ളപ്പണം വെളുപ്പിക്കാൻ പ്രഭുക്കളെ സഹായിക്കുകയാണ്. വ്യാപാരത്തിന് യഥാർത്ഥത്തിൽ യാതൊരു സേവനവും ചെയ്യാതെ ദൃശ്യം മൂലധനം പുറത്തേക്കൊഴുകുന്നതിനുള്ള പ്രാഥമിക ഓഫ്ഷോർ കേന്ദ്രങ്ങളാണ് അവർ. സൈപ്രസുകാർ പാസ്പോർട്ടുകൾ പ്രഭുക്കൾക്ക് വിറ്റ് വൻതോതിൽ പണം നേടി. എന്നാൽ യുഎഇ അങ്ങനെയൊന്നും ചെയ്തില്ല. റഷ്യക്കാർക്ക് എല്ലാം വിറ്റ സെെപ്രസ് അമേരിക്കൻ സമ്മർദ്ദത്തിനുവഴങ്ങി യൂറോപ്യൻ യൂണിയനിലെ ഏറ്റവും മോശമായ റഷ്യ വിരുദ്ധരായാണ് പെരുമാറിയത്. ദുബായിക്കുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയേക്കാം. പക്ഷേ അദ്ദേഹം വിജയിക്കില്ല. യുഎഇ അതിന്റെ പങ്ക് നിലനിർത്തും.
സെെപ്രസ്, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പോലും വജ്ര വ്യാപാരസ്ഥാപനങ്ങൾ അവർ മാറ്റി സ്ഥാപിക്കുന്നു. ഇന്ത്യ, ചെെന എന്നീ രാജ്യങ്ങളുമായി ഷിപ്പിംഗ്, ഇൻഷുറൻസ്, വ്യാപാര സെറ്റിൽമെന്റ് സംവിധാനങ്ങൾ എന്നിവയിൽ റഷ്യക്കാർക്കും നിക്ഷേപം നടത്താൻ പറ്റിയ കേന്ദ്രമാണ് യുഎഇ.
‘‘എമിറേറ്റികൾക്കും സൗദികൾക്കും ട്രംപ് വളരെ നല്ലവനായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജസ്റ്റിൻസൺ (ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ക്രിപ്റ്റോ കറൻസി പദ്ധതിയുടെ തലച്ചോർ ഇദ്ദേഹത്തിന്റെയാണ്. ആ പദ്ധതി ഓപ്പറേറ്റ് ചെയ്യുന്നത് ജസ്റ്റിൻസൺ ആണ്) ടെലിഗ്രാമിലെ പവൻഡുറോവ് (ട്രംപ് കുടുംബത്തിന്റെ യുഎഇയിലെ ബിസിനസ് സംരക്ഷിക്കുന്ന വ്യക്തി) എന്നിവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ട്രംപ് നിലപാടെടുക്കും. കാരണം ട്രംപിനും കുടുംബത്തിനും കോടിക്കണക്കിനു ഡോളർ ഇപ്പോൾ തന്നെ ലാഭം നേടുന്നുണ്ട്. യുഎഇയിലാണ് ട്രംപും കുടുംബവും അവരുടെ ലാഭം കുന്നുകൂട്ടുന്നത്. ട്രംപിനൊപ്പം നിൽക്കുന്ന പ്രഭുക്കളും പുടിനൊപ്പം നിൽക്കുന്ന പ്രഭുക്കളും അതു തന്നെയാണ് ചെയ്യുന്നത്’’.
മുൻപു പറഞ്ഞ റഷ്യൻ വൃത്തത്തിലെ ഒരു പ്രമുഖൻ ഇങ്ങനെ കൂട്ടിച്ചേർത്തു. l