ഡാറ്റാ സുരക്ഷിതത്വത്തിനും, വിവര വിനിമയങ്ങൾക്കും ജനാധിപത്യ സമൂഹത്തിൽ ഏറെ പ്രാധാന്യമുണ്ട് എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. പൗരസമൂഹത്തിന് കാര്യങ്ങളുടെ നിജസ്ഥിതി ഗ്രഹിക്കാനും, പൊതുസംവാദങ്ങളിൽ ഭാഗഭാക്കാകാനും ഇത് അനിവാര്യമാണ്-. അധികാരശ്രേണിയിലുള്ളവർ പൗരസമൂഹത്തോട് ഉത്തരവാദിത്വം പുലർത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. വസ്തുതാപരവും വിശ്വസനീയവുമായ വിവരങ്ങൾ പൗരസമൂഹത്തിനു കെെമാറേണ്ട ബാധ്യത അധികാരികൾക്കുണ്ട്. അതുവഴി അധികാരികളുടെ നയസമീപനങ്ങളെയും പദ്ധതികളെയും പറ്റി ജനങ്ങൾക്ക് വിലയിരുത്താൻ അവസരമുണ്ടാകും. ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും കടമകളും അർത്ഥപൂർണമായി നിർവഹിക്കുന്നതിന് ഇതു വഴിയൊരുക്കുകയും ചെയ്യും. ഇത്തരത്തിൽ സുതാര്യമായ വിവരവിനിമയങ്ങൾക്ക് അവസരമൊരുക്കാതിരിക്കുകയോ, അത് ഒഴിവാക്കുകയോ ചെയ്യുന്ന ജനകീയ സർക്കാർ ഒരു ദുരന്തം തന്നെയായിരിക്കും എന്നാണ് ജെയിംസ് മാഡിസൺ (1751–1836) പറഞ്ഞിട്ടുള്ളത്. ‘ഫെഡറലിസ’ത്തെപ്പറ്റിയുള്ള പരികൽപന മുന്നോട്ടുവച്ചത് അമേരിക്കയുടെ നാലാമത്തെ പ്രസിഡന്റായിരുന്ന ജെയിംസ് മാഡിസൺ ആണെന്നതും പ്രസക്തമാണ്.
വിയോജിപ്പുകളെ അടിച്ചമർത്തിയും, പൊതുജനാഭിപ്രായം വളച്ചൊടിച്ചും, മനുഷ്യാവകാശ പ്രശ്നങ്ങൾ ദുരുപയോഗം ചെയ്യുന്നത് മറച്ചുവച്ചും അധികാര കേന്ദ്രീകരണം ശക്തിപ്പെടുത്തിയുമാണ് ഇത്തരം ഭരണാധികാരികൾ വിവര വിജ്ഞാന വിനിമയങ്ങൾ തടസ്സപ്പെടുത്തുന്നത്. സെൻസർഷിപ്പ്, വ്യാജപ്രചാരണം, വക്രീകരിക്കപ്പെട്ട വാർത്താവിനിമയം, ജാഗ്രതയോടെയുള്ള മേൽനോട്ടം, മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണം തുടങ്ങിയവയും യഥാർത്ഥ വസ്തുതകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്താതിരിക്കാനായി ഏകാധിപതികളായ ഭരണാധികാരികൾ സമർത്ഥമായി ഉപയോഗിക്കും. ഇതിന്റെ ക്ലാസിക് ഉദാഹരണമാണ് നാസി ജർമനിയിൽ അഡോൾഫ് ഹിറ്റ്ലർ നടത്തിയത്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയും, ബഹുഭൂരിപക്ഷം പത്രങ്ങളേയും വിലക്കെടുത്തും, വ്യാജപ്രചാര വേല സംഘടിപ്പിച്ചും, ഇതിനായി ജോസഫ് പോൾ ഗീബൽസിന്റെ ചുമതലയിൽ പ്രചാരണ മന്ത്രാലയം സ്ഥാപിച്ചും, ജൂതന്മാർക്കും, സോഷ്യൽ ഡെമോക്രാറ്റുകൾക്കും നേരെ നടത്തിയ അതിക്രമങ്ങളും കൊടുംക്രൂരതകളും മറച്ചുവച്ചുമാണ് ഹിറ്റ്ലർ ഇതു നടപ്പാക്കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം 2014 മുതൽ ഇതു പടിപടിയായി നടപ്പാക്കി വരികയാണ്. മൂന്നാം തവണ അധികാരത്തിലെത്തിയതോടെ അതു പൂർണമായി നിർവഹിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയായിരുന്നു 2023 ആഗസ്ത് 9ന് പാർലമെന്റ് പൗരരുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വവും സംരക്ഷിക്കുവാനെന്നു പറഞ്ഞ് പാസ്സാക്കിയ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമം. നിയമം കൊണ്ടുവന്ന് 16 മാസങ്ങൾക്കുശേഷം 2025 ജനുവരി മൂന്നിന് ഇൗ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളുടെ കരട് (ഡ്രാഫ്റ്റ് ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ്) പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
എന്താണ് ഡിപിഡിപി?
2017 ആഗസ്ത് 24നാണ് കെ എസ് പുട്ടസ്വാമി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച്, സ്വകാര്യത മൗലികാവകാശമാണെന്ന വിധി പ്രസ്താവിച്ചത്. ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശവും എന്നാണ് ഈ കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചത്. ഇതേത്തുടർന്ന് 2019ൽ ഒരു ഡാറ്റ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവന്നിരുന്നു. പുട്ടസ്വാമി കേസിലെ വിധി പ്രസ്താവത്തിന്റെ അന്തഃസത്തയ്ക്ക് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുകയെന്ന താരതമേ-്യന നിഷ്കളങ്കമായ ഒന്നായിരുന്നു അത്. എന്നാൽ, ഇതിനുശേഷം, 2022ൽ മോദി സർക്കാർ കൊണ്ടുവന്ന ഇതേ പേരിലുള്ള ബിൽ പ്രത്യക്ഷത്തിൽ പൗരരുടെ അവകാശം സംരക്ഷിക്കുന്നതാണെങ്കിലും പൗരരുടെ അവകാശത്തെ സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് ഇല്ലാതാക്കാനുള്ള വ്യവസ്ഥകൾ കൂടി അടങ്ങുന്നതായിരുന്നു. എന്നു മാത്രമല്ല, യഥാർത്ഥത്തിൽ സ്വദേശികളും വിദേശികളുമായ വൻകിട കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പൗരരുടെ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള കുറുക്കുവഴി ഒരുക്കലാണ് ഈ ബില്ലിന്റെ ലക്ഷ്യം.
ഈ ബിൽ 2023 ആഗസ്ത് 9ന് പാർലമെന്റ് പാസ്സാക്കി. ബിൽ പാർലമെന്റ് പാസ്സാക്കിയതുതന്നെ ജനാധിപത്യ രീതി അട്ടിമറിച്ചുകൊണ്ടാണെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. വിവരങ്ങളെല്ലാം പൂർണമായും സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യമെന്ന വിമർശനമാണ് ഉയർന്നത്. നിബന്ധനകൾ പലതും അവ്യക്തമാണ്.പലതിലും നിർദ്ദേശിക്കാനിടയുള്ള പ്രകാരം (as may be prescribed) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തു നിർദ്ദേശമാണ് കാലാകാലങ്ങളിൽ നൽകുന്നതെന്നത് സ്റ്റേറ്റിന്റെ തീരുമാനമാണ്. എന്നുപറഞ്ഞാൽ, സ്റ്റേറ്റിന്റെ തീരുമാനമാണ് വിവരവിനിമയത്തിലെ അവസാന വാക്കായി വരിക. വ്യക്തിവിവരങ്ങളും പൊതുതാൽപര്യത്തിന്റെ പശ്ചാത്തലത്തിൽ നൽകേണ്ടതാണെന്ന 2005ലെ വിവരാവകാശ നിയമത്തിന്റെ ലംഘനമാണ് ഡിപിഡിപി നിയമത്തിലുള്ളത്.
വിവരാവകാശ നിയമത്തിലെ 8 (1)ജെ വകുപ്പിൽ പറയുന്നത്, സാധാരണഗതിയിൽ നൽകാൻ പാടില്ലാത്ത വ്യക്തിഗത വിവരങ്ങൾ, അവയിൽ വിശാലമായ പൊതുതാൽപര്യം അടങ്ങിയിട്ടുണ്ടെങ്കിൽ, നൽകാമെന്നാണ്. എന്നാൽ ഡിപിഡിപി നിയമത്തിലെ 30–ാം വകുപ്പിൽ പറയുന്നത്, ഇങ്ങനെ വിശാലമായ പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വിവരങ്ങൾ നൽകാമെന്ന വിവരാവകാശ നിയമത്തിന്റെ 8(1) ജെ വകുപ്പിലെ നിർദ്ദേശം ഒഴിവാക്കിയിരിക്കുന്നു എന്നാണ്. ഇതാണ് ഡിപിഡിപി നിയമത്തിന്റെ 30–ാം വകുപ്പിലെ 2–ാം ഉപ വകുപ്പു പറയുന്നത്. ഇതിന്റെ അർത്ഥം, ഇനി അധികാര സ്ഥാനങ്ങളിലുള്ള ആരുടെയും വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കുകയില്ല എന്നാണ്. അധികാരസ്ഥാനങ്ങളിലുള്ളവരുടെ നിയമവിരുദ്ധ ഇടപെടലുകൾ, അഴിമതി, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയവ സംബന്ധിച്ചൊന്നും പൊതുജനങ്ങൾക്ക് ചോദിക്കാനോ, അറിയാനോ ഉള്ള അവസരമാണ് ഇതുവഴി കൊട്ടിയടയ്ക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പിടിച്ചുലച്ച 2 ജി സ്പെക്ട്രം അഴിമതി, ആദർശ് ഫ്ലാറ്റ് കുംഭകോണം തുടങ്ങിയവ പുറത്തുകൊണ്ടുവന്നത് വിവരാവകാശ നിയമം ഉപയോഗിച്ചായിരുന്നു. സുഭാഷ് ചന്ദ്ര അഗർവാൾ എന്ന വിവരാവകാശ പ്രവർത്തകനായിരുന്നു 2 ജി സ്പെക്ട്രം അഴിമതി വിവരാവകാശ അപേക്ഷകളിലൂടെ പുറത്തുകൊണ്ടുവന്നത്. സിംപ്രീത് സിങ്, യോഗാചാര്യ എന്നീ രണ്ടു വിവരാവകാശ പ്രവർത്തകരുടെ ശ്രമഫലമായാണ് ആദർശ് ഫ്ലാറ്റ് കുംഭകോണത്തെപ്പറ്റി ജനങ്ങൾ അറിയാനിടയായത്. ഇനി ഇത്തരം കൊള്ളക്കൊടുക്കലുകളൊന്നും പുറത്തറിയാൻ പോകുന്നില്ല എന്നതാണ് സ്ഥിതി. ഈ നിയമം വരുന്നതിനു മുമ്പു തന്നെയാണ് 2016ൽ കെജരിവാൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച് ഡൽഹി സർവകലാശാലയിൽ നൽകിയ വിവരാവകാശ അപേക്ഷ നിരസിക്കപ്പെട്ടത് എന്നോർക്കണം. 2005ലെ വിവരാവകാശ നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചെടുത്തുകൊണ്ട് 2019 ജൂലെെയിൽ ഇൗ നിയമം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു. വിവരാവകാശ കമ്മീഷന്റെ സ്വതന്ത്ര നിലനിൽപ് റദ്ദാക്കിക്കൊണ്ട്, വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാരിന്റെ താൽപര്യത്തിനനുസരിച്ച് മാറ്റാമെന്നും ഏതെങ്കിലും ഒരു വിവരാവകാശ കമ്മീഷണർക്ക് പ്രത്യേകമായ എന്തെങ്കിലും ആനുകൂല്യം നൽകുന്ന കാര്യം കേന്ദ്രത്തിനു തീരുമാനിക്കാമെന്നും 2019ലെ നിയമഭേദഗതിയിൽ പറഞ്ഞിട്ടുണ്ട്.
ചട്ടങ്ങളിലെ കള്ളക്കളികൾ
ഡിപിഡിപി ബിൽ നിയമമാക്കി 16 മാസത്തിനുശേഷമാണ് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കരട് ഈ ജനുവരി മൂന്നിന് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏതാണ്ട് ഇതിനു സമാനമായിട്ടായിരുന്നു 2019 ഡിസംബർ 10നു പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ 2024 മാർച്ച് 16ന്, 18–ാം പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി കൊണ്ടുവന്നത്.
ഡിപിഡിപി നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളുടെ കരട് 51 പേജുള്ളതാണ്. മൂന്നു പേജുള്ള വിശദീകരണക്കുറിപ്പും ഇംഗ്ലീഷ് /ഹിന്ദി ഭാഷകളിൽ ഗസറ്റിലൂടെ വിജ്ഞാപനം നടത്തിയിട്ടുണ്ട്. ജനങ്ങൾക്കും കരടിലെ നിർദ്ദേശങ്ങളിൽ അഭിപ്രായങ്ങൾ അറിയിക്കാം. എന്നാൽ വിപുലമായ ജനകീയ ഇടപെടൽ ആവശ്യമില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ‘MyGov’ എന്ന ഓൺലെെൻ പ്ലാറ്റ്ഫോമിലൂടെ മാത്രമേ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനാവൂ. ഇത് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനല്ല. മറിച്ച് കോർപ്പറേറ്റുകൾക്ക് ഇടപെടൽ നടത്താൻ വേണ്ടിയാണെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
സമ്മതപത്രം നൽകുന്നതു സംബന്ധിച്ച് ചട്ടം 3 ലാണ് പറയുന്നത്. വ്യക്തവും ലളിതവുമായ ഭാഷയിൽ (Clear and Plain Language) എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതിന്റെ പൂർണ സ്വരൂപം സംബന്ധിച്ച് ചട്ട നിർദേശങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല. നമ്മുടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ അനുഛേദം 345 മുതൽ 351 വരെ പറയുന്നതനുസരിച്ച് രാജ്യത്ത് 22 ഔദ്യോഗിക ഭാഷകളുണ്ട്. ഇത്രയേറെ ഭാഷാ വെെവിധ്യമുള്ള രാജ്യത്ത് ഇതെങ്ങനെ സാധ്യമാകും എന്നതാണ് വിമർശനം. മറ്റൊന്ന്, ഡാറ്റകളെ തരംതിരിച്ച് വ്യവഛേദിച്ചിട്ടില്ല എന്നതാണ്. ഡാറ്റാ വിജ്ഞാപനത്തിന്റെ സമയക്രമത്തെപ്പറ്റിയും പറയുന്നില്ല. സാധാരണഗതിയിൽ ഇതിന് ഒരു സ്വതന്ത്ര കാര്യനിർവഹണസമിതി (independent regulatory body) ഉണ്ടാവേണ്ടതാണ്. എന്നാൽ, ഇവിടെ ഇത്തരമൊരു സമിതിയുടെ അധികാരം മുഴുവൻ കേന്ദ്ര ഗവൺമെന്റിനു നൽകിയിരിക്കുകയാണ്. അതിനു വേണ്ടിയാണ് കേവലം അനൗപചാരിക ചർച്ചകളിലൂടെയും ഗസറ്റ് വിജ്ഞാപനത്തിലൂടെയും മാത്രം നിയമത്തിന്റെ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകാൻ കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്.
ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ബോർഡി (Data Protection Board) നും സ്വാതന്ത്ര്യം നൽകിയിട്ടില്ല എന്നതും ഗൗരവതരമാണ്. ബോർഡിന്റെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെലക്-ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്. ഇത് കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ സ്വാധീനത്തിന് വഴിവയ്ക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര ഗവൺമെന്റിനു സ്വീകാര്യമല്ലാത്തയാളെയാണ് സെലക്-ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്നതെങ്കിൽ, കേന്ദ്രത്തിന് അതുവേണ്ടെന്നു വയ്ക്കാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പിനും അതിനായി രൂപീകരിക്കപ്പെടുന്ന സെലക്-ഷൻ കമ്മിറ്റിക്കും എന്തു പ്രസക്തിയാണുണ്ടാവുക? ഡാറ്റ പ്രൊട്ടക്-ഷൻ ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ബാഹ്യ ഇടപെടലുകളൊന്നും കൂടാതെയായിരിക്കണം എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് നേരത്തെത്തെ ആസൂത്രണ കമ്മീഷൻ നൽകിയ ശുപാർശ. അതിനു വിരുദ്ധമായാണ് ബോർഡിൽ കേന്ദ്ര സർക്കാരിന്റെ ഇടപെലിന് സാധ്യത ഒരുക്കിയിട്ടുള്ളത്. അങ്ങനെ വരുമ്പോൾ, കേന്ദ്ര ഗവൺമെന്റിനു വിധേയമായി പ്രവർത്തിക്കേണ്ടി വരുന്ന ഡാറ്റാ പ്രൊട്ടക്-ഷൻ ബോർഡിന് എങ്ങനെ ഫലപ്രദമായി ഡാറ്റാ സംരക്ഷണം നിർവഹിക്കാൻ കഴിയും എന്ന മൗലിക ചോദ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
നിർദ്ദിഷ്ട ചട്ടങ്ങളുടെ അഞ്ചാം വകുപ്പിൽ സബ്സിഡികൾക്കു വേണ്ടി ഡാറ്റ വിശകലനം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ സമ്മതം ആവശ്യമില്ലെന്നു പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ വിവരങ്ങളുടെ സ്വകാര്യതാ സംരക്ഷണത്തിൽ എന്ത് ഉത്തരവാദിത്വമാണുള്ളത് എന്ന ചോദ്യവും പ്രസക്തമാണ്. ചട്ടം 22 പ്രകാരം ഗവൺമെന്റിന് വിവരങ്ങൾ തേടുന്നതിൽ ഒരു നിയന്ത്രണവുമില്ല. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് വ്യക്തിഗത വിവരങ്ങളിലും കേന്ദ്ര സർക്കാരിനു പൂർണമായും പിടിമുറുക്കാൻ അവസരം സൃഷ്ടിച്ചുകൊണ്ടാണ് ഡിപിഡിപിയും നടപ്പാക്കാൻ പോകുന്നത് എന്ന അനുമാനത്തിലെത്തേണ്ടി വരുന്നത്.
വിവരനിയന്ത്രണത്തിനുള്ള
അവസാന അടവ്
വിവര–വിജ്ഞാന വിനിമയങ്ങളിലും, ആശയവിനിമയങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്ന മാധ്യമ ഇടപെടലുകളിലും കേന്ദ്ര ബിജെപി ഗവൺമെന്റിന് പൂർണമായ നിയന്ത്രണം യാഥാർഥ്യമാക്കുന്നതിനുള്ള ചുവടുവയ്പുകളുടെ ഏറ്റവും ഒടുവിലത്തെ പരിണതിയായി വേണം ഡിപിഡിപി നടപ്പാക്കുന്ന രീതിയെയും കാണേണ്ടത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം ആരംഭിച്ച 2014 മുതൽ ഘട്ടംഘട്ടമായി ഈയൊരു രീതി ശക്തിപ്പെടുത്തി വരികയാണ്. ജർമനിയിൽ 1940കളിൽ അഡോൾഫ് ഹിറ്റ്ലർ ചെയ്തതുപോലെ പത്രാധിപ മാരണനിയമം നടപ്പാക്കുകയും പത്രങ്ങളെ മുഴുവൻ ഭീഷണിപ്പെടുത്തിയും, പേടിപ്പിച്ചും, കെെയടക്കിയും നാസി പാർട്ടിക്ക് വിധേയമാക്കുകയും ചെയ്തതുപോലെ കാര്യങ്ങൾ ചെയ്യാനല്ല മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധി ചെയ്തതുപോലെ, സെൻസർഷിപ്പ് ഏർപ്പെടുത്തി പത്രങ്ങളുടെ വായ മൂടിക്കെട്ടാനുമല്ല മോദി ശ്രമിക്കുന്നത്. അതിനേക്കാളൊക്കെ കൗശലപൂർവം, സാവകാശം മാധ്യമങ്ങളെയും, വിവര വിനിമയ സംവിധാനങ്ങളെയും നിയമങ്ങളുടെ പഴുതുകൾ ഉപയോഗിച്ചുകൊണ്ടെന്ന പ്രതീതി സൃഷ്ടിച്ച് സ്വന്തം വരുതിക്കു നിർത്താനാണ് ശ്രമം. ഇന്ത്യൻ മാധ്യമ രംഗത്തും, വിവര വിനിമയ രംഗങ്ങളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ വന്നുകൊണ്ടിരിക്കുന്ന അപകടകരമായ വൃതിയാനങ്ങൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്.
വിവര–വാർത്താ രംഗത്ത്
ഇനി മോദിയിസം മാത്രം
മോദി അധികാരത്തിലെത്തിയ 2014 ൽ ആഗോളമാധ്യമ സൂചികയിൽ 180 രാജ്യങ്ങളുടെ സ്ഥാനത്ത് 132 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. മാധ്യമങ്ങൾക്ക് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവകവുമായി പ്രവർത്തിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് പാരീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എൻജിഒ ആയ ആർഎസ്-എഫ് ആഗോള മാധ്യമ സൂചിക നിജപ്പെടുത്തുന്നത്. മോദിയുടെ ഭരണം ഓരോ വർഷം പിന്നിടുന്തോറും ഈ മാധ്യമ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ കൂടുതൽ പിന്നിലായി. ഇപ്പോൾ അത് 159ൽ എത്തിനിൽക്കുകയാണ്. 2014നുശേഷം രാജ്യത്ത് മാധ്യമപ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങളും, മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളും വർധിച്ചുവരുന്നതായും കണക്കുകൾ വന്നിട്ടുണ്ട്. 30 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടതായും 154 പേർ അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതായി ‘ഫ്രീ സ്-പീച്ച് കളക്ടീവി’ന്റെ പഠനത്തിൽ പറയുന്നു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ ജനുവരി രണ്ടിന് ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ട യുവമാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകർ.
അറസ്റ്റും തടവും മരണവും ഒക്കെ ഭയന്നാണ് മാധ്യമപ്രവർത്തകർ ഏറെയും രാജ്യത്ത് പ്രവർത്തിക്കുന്നതെങ്കിൽ, അതിനു സമാന്തരമായി മാധ്യമങ്ങളെത്തന്നെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും മോദി നടത്തിവരികയാണ്. അതിന്റെ ഭാഗമായി കോർപറേറ്റ് മാധ്യമങ്ങളെയെല്ലാം തനിക്കൊപ്പം ചേർത്തു മോദി. ഇന്ന് രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും കെെയാളുന്നത് മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ്. അംബാനിക്കു മാത്രം രാജ്യത്തെ വിവിധ ഭാഷകളിലായി 28 വാർത്താചാനലുകൾ ഉണ്ട്. അംബാനിയും അദാനിയുമാകട്ടെ, മോദിയുടെ വലം കെെയും ഇടം കെെയും പോലെ പ്രവർത്തിക്കുകയാണ്. രണ്ടുവർഷം മുമ്പ് അദാനി കൗശലപൂർവം എൻഡിടിവി പിടിച്ചെടുത്തതോടെ, ദേശീയതലത്തിൽ താരതമേ-്യന സ്വതന്ത്രവും നിഷ്-പക്ഷവുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ അന്യം നിൽക്കുന്ന സ്ഥിതിയായി.
ഇതിനു പിന്നാലെയാണ് ഔദ്യോഗിക മാധ്യമ സംവിധാനത്തെക്കൂടി സംഘപരിവാർ രാഷ്ട്രീയത്തിന്റെ സ്തുതി പാഠകരാക്കി മാറ്റാൻ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ്, ആകാശവാണിക്കും ദൂരദർശനും വാർത്തകൾ നൽകുന്ന ചുമതലയിൽനിന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) എന്ന വാർത്താ ഏജൻസിയെ ഒഴിവാക്കി, പകരം ഹിന്ദുമഹാസഭാ നേതാവായിരുന്ന ശിവറാം ശങ്കർ ആപ്തെ സ്ഥാപിച്ച ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്ന വാർത്താ ഏജൻസിയെ ചുമതലപ്പെടുത്തിയത്. ഓൺലെെൻ മാധ്യമങ്ങളുടെ കൂടി വായടപ്പിക്കാൻ കഴിഞ്ഞ വർഷം കൊണ്ടുവന്ന ബ്രോഡ് കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ ബിൽ), 1867 മുതൽ രാജ്യത്ത് നിലനിൽക്കുന്ന പ്രസ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ട് ഭേദഗതി ചെയ്ത് അവതരിപ്പിച്ച ‘പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ്’ (പിആർപി) ബിൽ, ഓൺലെെൻ മാധ്യമങ്ങളുടെ വായടപ്പിക്കാൻ കൊണ്ടുവന്ന ഐടി (മധ്യവർത്തി മാർഗനിർദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ഭേദഗതി ചട്ടങ്ങൾ 2023 എന്നിവയും ബിജെപി വിരുദ്ധവാർത്തകൾക്കു വിലങ്ങു തീർക്കാനും, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതു വിജയിപ്പിച്ചാൽപ്പിന്നെ മോദിക്കോ, ബിജെപി ഗവൺമെന്റിനോ, സംഘപരിവാർ രാഷ്ട്രീയത്തിനോ അലോസരമുണ്ടാക്കുന്ന വാർത്തകൾ ഉണ്ടാകില്ല എന്നുറപ്പിക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ ജനാധിപത്യം എന്തു മണ്ണാങ്കട്ട എന്നു ചോദിക്കേണ്ടി വരും എന്നു മാത്രം. l