Wednesday, March 4, 2026

ad

Homeനിരീക്ഷണംശതകോടീശ്വരർ 
വളരുമ്പോൾ

ശതകോടീശ്വരർ 
വളരുമ്പോൾ

എ കെ രമേശ്

വർഷത്തെ ഓക്സ്ഫാം റിപ്പോർട്ട് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറേക്കൂടി ദക്ഷിണാനുകൂലം ( പ്രൊ സൗത്ത്) ആയിട്ടുണ്ട്. തലക്കെട്ട് തന്നെ അതിന്റെ സൂചന നൽകുന്നുണ്ട്. Takers not makers : The un just poverty and unearned wealth of colonial inheritance എന്നാണ് റിപ്പോർട്ടിന്റെ പേര്.

350 കോടി മനുഷ്യർ ദരിദ്രരായി കഴിയുന്ന ഒരു ലോകത്താണ് അതിധനികരായ ഒരു ശതമാനം, ആകെയുള്ള സമ്പത്തിന്റെ 95 ശതമാനവും കൈയടക്കിവെക്കുന്നത് എന്ന് റിപ്പോർട്ട് വെട്ടിത്തുറന്നു പറയുന്നു.

കോളനിരാജ്യങ്ങളിൽ നിന്നുള്ള ഊറ്റൽ
പ്രഭാത് പട്നായിക്കിനെയും ഉത്സാ പട്നായിക്കിനെയും ഉദ്ധരിച്ചു കൊണ്ട്, ഇന്ത്യയിൽ നിന്ന് ബ്രിട്ടൺ ഊറ്റിക്കൊണ്ടു പോയ വിഭവങ്ങളുടെ വലുപ്പം പ്രകടമാക്കാൻ ലളിതമായ ഒരു കണക്കവതരിപ്പിക്കുന്നുണ്ട് റിപ്പോർട്ട്. ആ കാശത്രയും 50 പൗണ്ട് (എന്നു വെച്ചാൽ 5000 രൂപ) നോട്ടാക്കി മാറ്റിയാൽ, ലണ്ടൻ നഗരത്തെ അതു കൊണ്ട് നാലു തവണ മൂടാനാവുമത്രെ. ലണ്ടൻ നഗരത്തിന്റെ വിസ്തീർണം 1572 ചതുരശ്ര കിലോമീറ്ററാണ്. എന്നു വെച്ചാൽ 15,72,000 കോടി ചതുരശ്ര സെന്റിമീറ്റർ. നോട്ടിന്റെ വലുപ്പം 112 ചതുരശ്ര സെന്റിമീറ്റർ. അതു വെച്ച് കണക്കു കൂട്ടിയാണ് ലണ്ടനെ 5 തവണ മൂടാനാവും നോട്ട് കൊണ്ട് എന്ന് കണക്കാക്കുന്നത്.

2023 ൽ മാത്രം ദക്ഷിണ രാജ്യങ്ങളിൽ നിന്ന് സമ്പന്നരാജ്യങ്ങൾ ഊറ്റിയെടുത്തത് 92,100 കോടി ഡോളറാണ്. പല പേരുകളിലായി ദക്ഷിണ രാജ്യങ്ങൾക്ക് ലഭിച്ച സഹായധനത്തിന്റെ നാലിരട്ടിയാണിത്.

ദക്ഷിണ രാജ്യങ്ങളെ അപേക്ഷിച്ച് ശതകോടീശ്വരന്മാരുടെ എണ്ണം ഉത്തര രാജ്യങ്ങളിൽ പെരുകിവരികയാണ്. അവരുടെ എണ്ണത്തിൽ 68 ശതമാനവും സമ്പത്തിൽ 77 ശതമാനവും അതിസമ്പന്നരാജ്യങ്ങളിലാണ്. എന്നാൽ ലോകജനസംഖ്യയുടെ വെറും 20.6 ശതമാനം മാത്രമാണ് ഉത്തര രാജ്യങ്ങളുടേത് എന്നും റിപ്പോർട്ട് എടുത്തു പറയുന്നു.

സമാനതകളില്ലാത്ത കുതിച്ചു കയറ്റം
അതിസമ്പന്നരാജ്യങ്ങളിലെ ഒരു ശതമാനം ധനികർ ഒരു മണിക്കൂറിൽ 3 കോടി ഡോളറാണ് 2023 ൽ കീശയിലാക്കിയത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ശതകോടീശ്വരർ ഒരു ദിവസം 20 ലക്ഷം ഡോളർ കണ്ടാണ് സമ്പത്ത് വർദ്ധിപ്പിച്ചത്. ഇങ്ങനെയുള്ള ശത കോടീശ്വരരുടെ പട്ടികയിലേക്ക് 2024 ൽ മാത്രം 204 പേരാണ് കടന്നുവന്നത്.

എന്നു വെച്ചാൽ പട്ടിണി പെരുകുന്ന ഒരു ലോകത്ത്, അത്യതി സമ്പന്നരുടെ നിലയിലേക്ക് ഒരാഴ്ചക്കാലത്ത് പുതുതായി കടന്നുവരുന്നത് 4 ശതകോടീശ്വരരാണ്. ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2024 ൽ ഒരു ദിവസം 10 കോടി ഡോളർ കണ്ടാണ് വർദ്ധിച്ചത്. അത്തരം പത്താളുകളുടെ ശരാശരി വരുമാനം ഉണ്ടാക്കാൻ നിങ്ങൾക്കാവണമെങ്കിൽ, എത്ര കാലം സമ്പാദിക്കേണ്ടിവരും എന്നും റിപ്പോർട്ട് കണക്കാക്കുന്നുണ്ട്. ഒരു ദിവസം 1000 ഡോളർ (ഏതാണ്ട് 85,500 രൂപ) വെച്ച് സമ്പാദിക്കുകയാണെങ്കിൽ നിങ്ങൾക്കതാവും. പക്ഷേ 3,15,000 വർഷം മുമ്പേ (മനുഷ്യൻ ഉണ്ടായ കാലം മുതൽക്കുതന്നെ) സമ്പാദിക്കാൻ തുടങ്ങേണ്ടിവരും എന്നു മാത്രം.

അപ്പറഞ്ഞ 10 സമ്പന്നരുടെ സ്വത്തിൽ 99 ശതമാനവും നഷ്ടപ്പെട്ടു പോയാലും, അവർ പിന്നെയും ശതകോടീശ്വരരായി തുടരും. 99.999 ശതമാനം പോയെന്നിരിക്കട്ടെ. എന്നാലും അവർ ലക്ഷാധിപതികളായി തുടരും. അപ്പോഴും ലോകത്തെ 98.5 ശതമാനം മനുഷ്യരേക്കാൾ സമ്പന്നരായിരിക്കും അവർ.

ട്രില്യണർമാർ 
അഞ്ചിരട്ടിയാകും
കഴിഞ്ഞ വർഷം ഓക്സ്ഫാം പറഞ്ഞത്, ഒരു ദശകത്തിനിടക്ക് ഈ ബില്യണർമാർക്കിടയിൽ നിന്ന് ഒരു ട്രില്യ ണർ ( ലക്ഷം കോടി ഡോളർ ആസ്തിയുള്ളവർ) ഉയർന്നു വരും എന്നാണ്. എന്നാൽ ഇപ്പോഴത്തെ നിഗമനം അത് ഒരാളല്ല, പത്തുവർഷത്തിനകം അത്തരം അത്യതി ധനികരായ ട്രില്യണർമാർ 5 പേരുണ്ടാവും എന്നാണ്!

എലോൺ മസ്കിന്റെ 2024 ലെ സമ്പത്ത് 33,010 കോടി ഡോളറാണ്. അതിന്റെ വാർഷിക വർദ്ധന 163 ശതമാനമാണ്. ജെഫ് ബെ സോസിന്റെ സമ്പത്ത് 2024 ൽ 22,330 കോടി ഡോളറും വാർഷിക വർദ്ധന 12 ശതമാനമാണ്. അത്യതി സമ്പന്നരായ 5 പേരുടെ സമ്പത്തും അതിന്റെ വാർഷിക വർദ്ധനയുടെയും റിപ്പോർട്ടിൽ.

ഇമ്മാതിരി ഡാറ്റകൾ വെച്ച് കണക്കാക്കിയാണ് ട്രില്യണർമാരുടെ എണ്ണം അഞ്ചാവും എന്ന് പ്രഖ്യാപിക്കുന്നത്. ഈ അഞ്ചുപേരിൽ നിന്ന് എലോൺ മസ്കിനെ ഒഴിവാക്കിയാൽ ബാക്കിയുള്ള 4 പേർ 14 കൊല്ലമെടുക്കും ശത സഹസ്രകോടീശ്വരരാവാൻ.
ഫോർബ്സ് ലിസ്റ്റിലെ മുഴുവൻ ശതകോടീശ്വരരെയും ഉൾപ്പെടുത്തിയാൽ, അവരുടെ ഓരോരുത്തരുടെയും വളർച്ച കണക്കിലെടുത്താൽ, 28 പേർ ട്രില്യണർമാരായി മാറിയേക്കും. പക്ഷേ ഈ വളർച്ചാ നിരക്ക് തുടരും എന്നുറപ്പില്ലാത്തതു കൊണ്ടാണ് അത് 5 ആക്കി ചുരുക്കിയത്.

എത്രയുണ്ടീ സമ്പന്നരുടെ ആസ്തി?
അംബാനിയെപ്പോലുള്ള ശത കോടീശ്വരന്മാരിൽ മുമ്പന്മാരായ 50 വമ്പന്മാരുടെ സമ്പത്താകെ ഒരു ഡോളറിന്റെ നോട്ടാക്കി മാറ്റി എന്നു കരുതുക. അതങ്ങനെ അട്ടിയട്ടിയാക്കി വെച്ചാൽ എന്തുയരം കാണും? ചോദ്യത്തിനുത്തരം നൽകുന്നുണ്ട് ഓക്സ് ഫാം റിപ്പോർട്ട്. അത് ചന്ദ്രനെത്തുളച്ചപ്പുറമെത്തും.

2024 നവംബറിൽ അത്യതി ധനികരായ 50 പേരുടെ ആസ്തി 4.2 ട്രില്യൺ ഡോളറാണ് എന്നാണ് ഫോർബ്സ് കണക്കാക്കിയത്.

ഒരു ഡോളർ നോട്ട് 0.00011 മീറ്ററാണ്. എന്നു വെച്ചാൽ 0.00000011 കിലോമീറ്റർ. ആകയാൽ 4.2 ട്രില്യൺ ഡോളർ നോട്ടിന്റെ ഉയരം 467,203 കിലോമീറ്റർ വരും. ചന്ദ്രനിലേക്കുള്ള ദൂരം 384,400 കിലോമീറ്റർ മാത്രം. എന്നു വെച്ചാൽ ചന്ദ്രനെത്തുളച്ചപ്പുറമെത്തും അത്യതി സമ്പന്നരുടെ നോട്ട് കെട്ട് എന്നു തന്നെ.

അതുകൊണ്ടാണ്, ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹറിന് “പ്രത്യേകാവകാശങ്ങളുള്ള ഒരു ചെറു വിഭാഗം നമ്മുടെ ആഗോള സമ്പദ് വ്യവസ്ഥ പിടിച്ചടക്കുന്നത് ഒരിക്കൽ ഊഹാതീതമെന്ന് കരുതിയ തലത്തിലെത്തിയിരിക്കുന്നു’ എന്ന് പറയേണ്ടി വന്നത്. സ്ഫോടകാത്മകമായ ഈ അസമത്വം മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണെന്നും അതിനെ തിരിച്ചിടിക്കാനുള്ള സമരൈക്യ നിര വിപുലപ്പെടുത്തുകയാണ് വേണ്ടതെന്നും കൂടുതൽ കൂടുതൽ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രയാസകരമായ കടമ ഏറ്റെടുക്കേണ്ട ചുമതല വർഗബഹുജന സംഘടനകളുടേതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + 12 =

Most Popular