ഇക്കഴിഞ്ഞ മാസം ജാക്കോബിൻ ത്രൈമാസിക, ‘‘മുസ്ലീങ്ങളെ സംബന്ധിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ആശയക്കുഴപ്പം’’ എന്ന തലക്കെട്ടിൽ ഷാദ്-മാൻ അലിഖാൻ എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ‘‘വലിയ പ്രതിസന്ധി’’, ‘‘കമ്യൂണിസ്റ്റുകാർ ലക്ഷ്യമിടുന്ന സാമൂഹ്യ പരിവർത്തനത്തെ സംബന്ധിച്ച ചിന്താപരമായ പ്രതിസന്ധിയാണ്’’ എന്നാണ് ലേഖകൻ ഇതിൽ വാദിക്കുന്നത്. കാരണം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് (സിപിഐ എം) ‘‘തിരഞ്ഞെടുപ്പുപരമായി പ്രസക്തമായി’’ നിൽക്കേണ്ടതുകൊണ്ട് ‘‘സ്വത്വ സംഘർഷങ്ങളിൽ അത് വീണുപോകുന്നു’’ എന്നു അലിഖാൻ വാദിക്കുന്നു.
‘‘ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ, ഇന്നത്തെ ഇന്ത്യയിലെ സാമൂഹിക വെെരുധ്യങ്ങളുടെ കെണിയിലാണ്; അതിന്റെയർഥം, അവർ മുസ്ലീംവിരുദ്ധ രാഷ്ട്രീയത്തിന്റെ നികൃഷ്ടതയെ ഉൾക്കൊള്ളുന്നു എന്നാണ്’’. ഇത് ശക്തമായ ഒരു അവകാശവാദമാണെങ്കിലും ആ വാദത്തെ സാധൂകരിക്കാൻ ഈ ലേഖനത്തിന് കഴിയുന്നില്ല.
അലിഖാന്റെ ലേഖനത്തിലുടനീളം കൃത്യതയില്ലായ്മകളും ഒഴിവാക്കലുകളും നിറഞ്ഞിരിക്കുന്നു. ഒരൊറ്റ ഉദാഹരണമെടുത്താൽ, ഈ ലേഖനത്തിന്റെ അടിസ്ഥാനമായ രണ്ട് പ്രസ്താവനകളിലൊന്ന് കേരള മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റേതാണ്. ദി ഹിന്ദുവിൽ ശോഭന നായർ നടത്തിയ അഭിമുഖത്തിൽ, കേരളത്തിലെ പല ഭാഗത്തും സ്വർണക്കള്ളക്കടത്തുവഴി ലഭിക്കുന്ന പണം ‘‘ദേശവിരുദ്ധ’’ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് പിണറായി വിജയൻ സൂചിപ്പിക്കുന്നതായി അലിഖാൻ തന്റെ ലേഖനത്തിൽ പറയുന്നു. എന്നാൽ ആ അഭിമുഖം വന്ന് രണ്ടു ദിവസത്തിനുശേഷം, പിണറായി വിജയൻ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത്തരമൊരു കാര്യത്തെ അംഗീകരിക്കുന്നില്ലായെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. തുടർന്ന് പത്രം, അഭിമുഖത്തിൽ അദ്ദേഹം പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന മുഖ്യമന്ത്രിയുടേതല്ല, പബ്ലിക് റിലേഷൻസ് കമ്പനിയായ കെെസാന്റേതാണെന്നാണ് പത്രത്തിന്റെ ഖേദപ്രകടനം. എന്നാൽ അലിഖാൻ ഇക്കാര്യങ്ങളെല്ലാം തന്റെ ലേഖനത്തിൽ മറച്ചുവെക്കുകയും പ്രസ്താവന പിണറായി വിജയൻ നടത്തിയതാണെന്ന് സൗകര്യപൂർവം പറയുകയും ചെയ്യുന്നു. ഈ ലേഖനത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്.
ചുരുക്കിപ്പറഞ്ഞാൽ, അലിഖാൻ തന്റെ ലേഖനത്തിനായുള്ള സ്രോതസ്സായി ആശ്രയിച്ചിരിക്കുന്നത് മുതലാളിത്ത പത്രങ്ങളിലെ വളച്ചൊടിച്ച ലേഖനങ്ങളെയാണ്. സിപിഐ എമ്മിന്റെ പ്രകടനപത്രികകളെയോ പാർട്ടി രേഖകളെയോ ഇന്ത്യയിലെ ഹിന്ദുത്വശക്തികളുടെ അജൻഡയ്ക്കെതിരായ, കമ്യൂണിസ്റ്റുകാരുടെ കാമ്പെയ്നുകളുടെ വ്യാപ്തിയെയോ കുറിച്ച് ലേഖനം ഒരു ഘട്ടത്തിലും പറയുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടു സംബന്ധിച്ച് അതുമായി ബന്ധപ്പെട്ട ആരെങ്കിലുമായി അദ്ദേഹം അഭിമുഖം നടത്തിയതിന്റെ ഒരു തെളിവുമില്ല.
പശ്ചിമ ബംഗാളിലെ പുരോഗതി
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലുടനീളം, ബൂർഷ്വാ – ഭൂപ്രഭുവർഗങ്ങൾ കെട്ടിപ്പടുത്ത പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഇടതുപക്ഷം പാർലമെന്റിറിയും പാർലമെന്റേതരവുമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. നിരവധി സന്ദർഭങ്ങളിൽ, ഇടതുപക്ഷം സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയത് വമ്പിച്ച ജനകീയ പോരാട്ടങ്ങൾ കെട്ടിപ്പടുത്തുകൊണ്ടാണ്. പശ്ചിമ ബംഗാളിൽ, 1977 മുതൽ 2011 വരെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി വിജയം നേടി ഇടതുപക്ഷം സംസ്ഥാനം ഭരിച്ചു. ബംഗാളിലെ ഇടതുമുന്നണിഭരണത്തെക്കുറിച്ചുള്ള സമ്പൂർണമായ ഒരു വിവരണം ഇതുവരെ ഒരു ഭാഷയിലും എഴുതപ്പെട്ടിട്ടില്ല. അതിന് ആ കാലത്തുണ്ടായ പുരോഗതികളെയും പോരായ്മകളെയുംകുറിച്ചുള്ള ആഴത്തിലുള്ള പഠനം ആവശ്യമായിവരും. ഇവിടെ, രേഖകളിൽനിന്നും തനിക്കു ബോധിച്ചതു മാത്രം തെരഞ്ഞെടുക്കുന്ന അലിഖാൻ അപ്പോഴും പൊതുപശ്ചാത്തലത്തെ അവഗണിക്കുന്നു. ഇടതുപക്ഷത്തിനുശേഷം അധികാരത്തിലേറിയ വലതുപക്ഷ ഗവൺമെന്റിനുകീഴിൽ അസമത്വവും പട്ടിണിമരണങ്ങളും വർധിക്കുകയാണെന്ന കാര്യം അലിഖാൻ അവഗണിച്ചുകളയുന്നു.
പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേട്ടങ്ങൾ കാർഷിക പരിഷ്കാരവും വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണവുമായിരുന്നു. ഭൂപരിഷ‍്കരണം, കുടിയായ്മാ രജിസ്ട്രേഷൻ, പ്രാദേശിക ഭരണതലത്തിലേക്ക് അധികാര വികേന്ദ്രീകരണം എന്നിവയുടെ ഗുണഫലം ഗ്രാമങ്ങൾക്ക് ലഭിച്ചു. (ഈ പരിപാടിയുടെ ഗുണം വലിയൊരളവുവരെ മുസ്ലീങ്ങളായ പങ്കുപാട്ടക്കാർക്ക് ലഭിച്ചതുവഴി അവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടു എന്ന കാര്യം അലിഖാൻ സമ്മതിക്കുന്നു).
സ്കൂളുകൾ മെച്ചപ്പെട്ടു; ഹെൽത്ത് സെന്ററുകളുടെ എണ്ണം വർധിച്ചു; അധ്യാപകർക്കും മെഡിക്കൽ പ്രാക്ടീഷണർമാർക്കുമായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വികസിപ്പിച്ചെടുത്തു. ഇടതുപക്ഷ സർക്കാർ, ചരിത്രപരമായ മുസ്ലീം സ്കൂളുകളിൽ (മദ്രസകൾ) പഠിപ്പിച്ചിരുന്നവർക്ക് അധ്യാപക പരിശീലനം നൽകുകയും കൽക്കട്ട മദ്രസയെ അലിയ യൂണിവേഴ്സിറ്റിയാക്കി മാറ്റുകയും ചെയ്തു. അറബിക്ക് ഭാഷയിലുൾപ്പെടെ സ്റ്റെം (STEM) മേഖലകളെയും ഉൾപ്പെടുത്തുന്ന വിധത്തിൽ കോഴ്സിൽ ഉൾപ്പെടുത്തുകയും ഇസ്ലാമിക് തിയോളജി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ പുരോഗതികളെല്ലാം, അവ പരിമിതമാണെങ്കിൽകൂടിയും അവ തൊഴിലാളിവർഗത്തിലെ മുസ്ലീം വിദ്യാർഥികളുടെ സാംസ്കാരിക ജീവിതത്തെ മെച്ചപ്പെടുത്തി.പശ്ചിമബംഗാളിലെ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ മുസ്ലീം ചെറുപ്പക്കാർ അഭിമുഖീകരിച്ചിരുന്ന വിദ്യാഭ്യാസപരമായ വേർതിരിവുകൾ കുറവായിരുന്നു. സാമൂഹിക മാറ്റങ്ങളിൽ കാർഷിക പരിഷ്കാരം വലിയ പങ്കുവഹിച്ചു എന്നതിന്റെ ശക്തമായ സൂചനയാണിത്.
തീർച്ചയായും, ഇടതുപക്ഷ ഗവൺമെന്റിന് പോരായ്മകളുണ്ടായിട്ടുണ്ട്. പ്രതേ-്യകിച്ച് ആരോഗ്യരംഗത്തെ സൗകര്യങ്ങളുടെയും തൊഴിലവസരങ്ങളുടെയും കാര്യത്തിൽ. ഈ തരത്തിലുള്ള പരാജയങ്ങളുടെ നീണ്ട ഒരു പട്ടിക തന്നെയുണ്ടാക്കാനും നഷ്ടപ്പെട്ട സാധ്യതകളെക്കുറിച്ച് പരിതപിക്കാനും കഴിയും. കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് സമഗ്രമായ വിമർശനം നടത്തുക എന്നതാണ് അലിഖാന്റെ ആഗ്രഹമെങ്കിൽ, പശ്ചിമബംഗാളിലെ തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും, പ്രതേ-്യകിച്ച് മുസ്ലീങ്ങളുടെയും ജീവിതം അടിയന്തരമായി മെച്ചപ്പെടുത്താൻ സ്വീകരിച്ച നയങ്ങൾ എന്തൊക്കെയായിരുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ എടുത്തുകാട്ടുന്നത് രസകരമായിരിക്കും.
ഒരുദാഹരണം, ഇന്ത്യയിലെ തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളിൽ ഇടതുപക്ഷക്കാരായ ഡോക്ടർമാർ പോളിക്ലിനിക്കുകൾ നിർമിച്ചതുപോലെ, പശ്ചിമബംഗാളിലെ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി ഹെൽത്ത് കെയർ ക്ലിനിക്കുകൾ സ്ഥാപിക്കുക എന്ന നയം സ്വീകരിച്ചിരുന്നെങ്കിൽ അതിന്റെ പ്രയോജനം പശ്ചിമബംഗാളിനുണ്ടാകുമായിരുന്നു. ഇത്തരം സർക്കാരുകളുടെ അടിത്തറ നിലനിൽക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ്.
എന്നാൽ അലിഖാന്റെ വാദങ്ങൾ വായിച്ചാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ നിങ്ങൾക്ക് കാണാനാവില്ല. കാരണം അത് ഇടതുപക്ഷത്തിനുള്ളിൽ നിന്നുകൊണ്ടുള്ള സംവാദങ്ങളല്ല, അതിനു പുറത്തുനിന്നുള്ളതാണ്.
അക്രമത്തിന്റെ പ്രശ്നം
അതുപോലെ, കേരളത്തിലെ മുസ്ലീം രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള പൊതു അവലോകനത്തിൽ, 2006ൽ സ്ഥാപിക്കപ്പെട്ടതും പിന്നീട് 2022ൽ അഞ്ചുവർഷത്തേക്ക് നിരോധിക്കപ്പെട്ടതുമായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ പങ്കിനെ അലിഖാൻ പാടെ അവഗണിക്കുന്നു. 2018 ജൂലെെ 2ന് പുലർച്ചെ, പിഎഫ്ഐയുടെ വിദ്യാർഥി വിഭാഗത്തിന്റെ പ്രവർത്തകർ പട്ടികവർഗ വിഭാഗത്തിൽപെട്ട, കർഷക ദന്പതികളുടെ മകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തെ എടുത്തുകാട്ടുന്നതിനാണ് പിഎഫ്ഐയുടെ പങ്കിനെ ഞങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് കാരണമായത്. മഹാരാജാസ് കോളേജിന്റെ മതിലിൽ ‘‘വർഗീയത തുലയട്ടെ’’ എന്ന മുദ്രാവാക്യം എഴുതിവെച്ച അഭിമന്യുവിനെ അവർ കൊലപ്പെടുത്തിയത്, അഭിമന്യു കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയായ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യുടെ അംഗമായിരുന്നു എന്ന ഒറ്റക്കാരണത്താലാണ്.
അഭിമന്യുവിനെ കൊലപ്പെടുത്തിയ അതേ കാലത്തുതന്നെ പിഎഫ്ഐ, സിപിഐ എമ്മിന്റെ പതിനാറ് സഖാക്കളെ കൊലപ്പെടുത്തിയിരുന്നു. ഒരു ക്ലാസ് പരീക്ഷയുടെ ചോദ്യത്തിൽ മുഹമ്മദ് എന്ന പേര് ഒന്നു പരാമർശിച്ചതിന്റെ പേരിൽ ടി ജെ ജോസഫ് എന്ന കോളേജധ്യാപകന്റെ കെെവെട്ടി മാറ്റിയതാണ് പ-ിഎഫ്ഐ നടത്തിയ പരക്കെ അറിയപ്പെട്ട ആക്രമണങ്ങലൊന്നാണ്. ഈ ആക്രമണത്തിന്റെ പേരിൽ അതിനിശിതമായി വിമർശിക്കപ്പെട്ടിട്ടും പിഎഫ്ഐ അത് നിർത്തിയില്ല.
പിഎഫ്ഐയെപ്പോലുള്ള സംഘടനകൾ ‘‘കേരളത്തിലെ സമൂഹത്തിൽ മുസ്ലീം സമുദായത്തിനുള്ളിൽ വലിയ തോതിൽ അരികുവൽക്കരിക്കപ്പെട്ടിരിക്കുന്നു’’ എന്ന് അലിഖാൻ പറയുന്നു. എന്നാൽ അതുമാത്രമല്ല യാഥാർഥ്യം. ഇത്തരം സംഘടനകൾക്കെതിരെ കേരളത്തിലെ മറ്റ് മുസ്ലീം സംഘടനകളും ഇടതുപക്ഷവും നടത്തിയ പോരാട്ടങ്ങൾ കൊണ്ടുകൂടിയാണ് ഇത് സാധ്യമായത്. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയൻ ഹിന്ദുത്വശക്തികളെ അങ്ങേയറ്റം തുറന്നെതിർക്കുന്നവരിൽ ഒരാളാണെന്നും തന്റെ പ്രസംഗങ്ങളിലെല്ലാം ഹിന്ദുത്വശക്തികളെ നേരിട്ടു വിമർശിക്കാറുണ്ടെന്നുമുള്ള കാര്യം അലിഖാൻ തന്റെ ലേഖനത്തിൽ പരാമർശിക്കുന്നില്ല. 2021ൽ ആർഎസ്എസിന്റെ ഒരു നേതാവ് പിണറായി വിജയനെ വധിക്കാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ നവംബർ അവസാനം, കേരളത്തിലെ മുസ്ലീം സമുദായത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച് വിവാദമുണ്ടാക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് പാർട്ടിയെ പിണറായി വിജയൻ നിശിതമായി വിമർശിച്ചു. നവംബറിൽ കോവളത്തു നടന്ന പാർട്ടി ജില്ലാ സമ്മേളനത്തിൽ, ഇതിഹാസ തുല്യനായ സിപിഐ എം നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് ‘‘ഞങ്ങൾക്ക് ആർഎസ്എസ്സിന്റെ വോട്ട് വേണ്ട’’ എന്ന് പറഞ്ഞത് പിണറായി വിജയൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ‘‘അതുപറയാൻ കോൺഗ്രസിന് ധെെര്യമുണ്ടോ’’ എന്നും പിണറായി വിജയൻ ചോദിച്ചു.
രസകരമായത്, 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അവലോകനത്തിൽ സിപിഐ എം, ‘‘നരേന്ദ്രമോദിയുടെ ഹിന്ദു ദേശീയവാദ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യ്ക്കെതിരായ പോരാട്ടത്തിലെ ഒരു ശക്തിയായി മുസ്ലീങ്ങൾ സിപിഐ എമ്മിനെ കണ്ടില്ല’’ എന്ന നിഗമനത്തിൽ എത്തുന്നതായി അലിഖാൻ പറയുന്നുണ്ട്. എന്തായാലും, കേരളത്തിൽ ഭരണവിരുദ്ധ വികാരം എന്ന ശാപത്തെ തകർത്ത് ഇടതുപക്ഷം 2021ൽ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചത് മുഖ്യമായും മുസ്ലീങ്ങളുൾപ്പെടെയുള്ള വോട്ടർമാർ സംസ്ഥാനത്ത് ഗവൺമെന്റ് രൂപീകരിക്കുന്നതിൽ ഇടതുപക്ഷത്തെ മുഖ്യശക്തിയായി കാണുന്നതുകൊണ്ടാണല്ലോ സിപിഐ എമ്മിന്റെ ഈ റെക്കോഡ് അലിഖാൻ തെറ്റായി വായിക്കുന്നത് വോട്ടിങ് ശീലങ്ങളിൽ തന്ത്രപരമായ ബുദ്ധി പ്രകടിപ്പിക്കുന്ന കേരളത്തിലെ സമ്മതിദായകരെപ്പറ്റി ഒരു തെറ്റായ ചിത്രം സൃഷ്ടിക്കുന്നുണ്ട്.
ലളിതമായിപ്പറഞ്ഞാൽ, സാമൂഹ്യ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പോരാട്ടത്തെ തെറ്റായി ചിത്രീകരിക്കുകയാണ് അലിഖാൻ. ഇടതുപക്ഷത്തിന്റെ എല്ലാ പരിമിതികളെയും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരുടെയും സമ്പൂർണ പൗരത്വത്തിനുവേണ്ടി മാത്രമല്ല, മുസ്ലീങ്ങളെ പ്രതേ-്യകം ലക്ഷ്യംവച്ചുള്ള വിഷലിപ്തമായ, ഫാസിസ്റ്റിക്കായ വർഗീയതയുടെ വളർച്ചയ്ക്കെതിരായും പോരാടുന്ന പ്രധാനപ്പെട്ട ശക്തികളിലൊന്ന് സിപിഐ എമ്മാണ്. 1998ൽ സിപിഐ എം മുൻ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി പറഞ്ഞത്, ഹിന്ദുത്വശക്തികൾ ‘‘ജനങ്ങളുടെമേൽ ദുരിതം കുന്നുകൂട്ടുന്ന ചൂഷണമെന്ന മഹാസൗധത്തെ ബലപ്പെടുത്തുന്നു’’ എന്നാണ്. ഓരോ വർഷവും ഇന്ത്യയിലെ പതിനായിരക്കണക്കിന് കുട്ടികളാണ് പോഷകാഹാരക്കുറവുമൂലം മരിക്കുന്നത്.
ഇതിനെല്ലാമെതിരെ പോരാടുന്നതിന് എല്ലാ ഇടത്, മതനിരപേക്ഷ, ജനാധിപത്യശക്തികളെയും നാം കൂട്ടിയോജിപ്പിക്കണം. കേവലം തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ജനകീയാധികാരാത്തിനായി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുക – ഇതാണ് സിപിഐ എമ്മിന്റെ സമീപനം. l