ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തില്‍ നിര്‍ണായക പങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുന്നൂറു വര്‍ഷക്കാലം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നും മോചനം കിട്ടിയശേഷം സമ്പുഷ്ടമായ ചര്‍ച്ചകളും ആശയവിനിമയവും നമ്മുടെ ഭരണഘടനാ നിര്‍മാണസഭയില്‍ നടന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന രൂപീകൃതമായ ഫിലാഡെല്‍ഫിയ കണ്‍വെന്‍ഷനുശേഷം ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകള്‍.
സ്വാതന്ത്ര്യസമരത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യസംസ്കാരം, സാമ്പത്തിക കൈയേറ്റങ്ങള്‍ക്കെതിരായ വികാരം എന്നിവയെല്ലാം പല രീതിയിലും പല തോതിലും നമ്മുടെ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന കര്‍ഷക- – ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിലും നിന്നു കൂടിയാണ് ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ഈ മൂല്യങ്ങള്‍ കടന്നുവന്നത്. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. അധികാരവികേന്ദ്രീകരണത്തിനും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ക്കും വേണ്ടി സുദീര്‍ഘമായ സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിശേഷിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും കോടതികള്‍ക്കും അവയവയുടേതായ പങ്കുണ്ട്.
ഭരണഘടനാ ഭേദഗതികള്‍ പൗരാവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതിലേക്ക് നീങ്ങിയപ്പോള്‍ കോടതി മുഖാന്തരം അതിനെതിരെ ശക്തമായ നിയമയുദ്ധം നടത്തിയതിന്റെ രേഖ ഇന്നും ‘എ കെ ഗോപാലന്‍ വെഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്’ എന്ന കേസിന്റെ വിധിന്യായത്തിലൂടെ നിയമവിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കരുതല്‍ തടങ്കലിലൂടെ പൗരാവകാശ ലംഘനം നടത്തുന്നതിനെതിരെയായിരുന്നു ആ നിയമ പോരാട്ടം. അന്ന് ഭൂരിപക്ഷ വിധി എതിരായിരുന്നുവെങ്കിലും അഞ്ച് ദശാബ്ദങ്ങള്‍ക്കുശേഷം സുപ്രീംകോടതി അന്നത്തെ ന്യൂനപക്ഷ വിധിയായിരുന്നു ശരി എന്നു പറയുകയുണ്ടായി.
ജനാധിപത്യ സംവിധാനങ്ങള്‍ അതേപടി നിലനിര്‍ത്തുന്നതിനുവേണ്ടി വീണ്ടും നിയമയുദ്ധങ്ങള്‍ പരമോന്നത കോടതിക്കു മുമ്പാകെ ഉണ്ടായിട്ടുണ്ട്. ഇതില്‍ എടുത്തുപറയേണ്ട ഒരു നിയമയുദ്ധമാണ് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ വേണ്ടി നടന്ന ‘എഡിഎം, ജബല്‍പൂര്‍ വെഴ്സസ് ശിവകാന്ത് ശുക്ല’ എന്ന കേസ്. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് ഈ കേസിന്റെ വിധി വന്നത്. ജീവിക്കാനുള്ള അവകാശം, പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുള്ള അടിയന്തരാവസ്ഥയില്‍ നിലനില്‍ക്കില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ഈ ഭൂരിപക്ഷ വിധിയും ശരിയായിരുന്നില്ല എന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം അടിയന്തിരാവസ്ഥയില്‍ പോലും നിഷേധിക്കാന്‍ കഴിയില്ല എന്ന ഭരണഘടനാ ഭേദഗതിയും പില്‍ക്കാലത്തുണ്ടായി.
ഭരണഘടനാ മൂല്യങ്ങളെ നിലനിര്‍ത്താന്‍ ധാരാളം ബഹുജന സമരങ്ങള്‍ ഇന്ത്യയൊട്ടാകെ നടന്നിട്ടുണ്ട്. നമ്മുടെ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ പറഞ്ഞിട്ടുള്ള സാമ്പത്തിക സമത്വത്തിനും അധികാരവികേന്ദ്രീകരണത്തിനും ശാസ്ത്രബോധത്തിനും പരിസ്ഥിതി അവബോധത്തിനും വേണ്ടി നിരവധി സമരങ്ങളും കൂട്ടായ്മകളും നടന്നിട്ടുണ്ട്. മൗലികാവകാശമായ ജാതിവിവേചനമില്ലായ്മയ്ക്കു വേണ്ടിയും ചെറുതും വലുതുമായ ധാരാളം പോരാട്ടങ്ങള്‍ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്.
ഭരണഘടനയിലെ വകുപ്പുകളെ തന്നെ വളച്ചൊടിച്ചുകൊണ്ട് ജനാധിപത്യ നിഷേധം പ്രാവര്‍ത്തികമാക്കിയ ഒരു അവസ്ഥയാണ് 19 മാസക്കാലത്തെ അടിയന്തരാവസ്ഥ. അതുപോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള 356-–ാം വകുപ്പിനെ തുടരെ ദുരുപയോഗം ചെയ്തതും ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. ഇതിനെല്ലാം എതിരെയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി ചില സംരക്ഷണ കവചങ്ങള്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഒരുക്കിയിട്ടുമുണ്ട്.
നമ്മുടെ ജനാധിപത്യം സാമ്പത്തിക സമത്വത്തിനും ലിംഗനീതിക്കും ജാതിവിവേചനമില്ലായ്മയ്ക്കും ശാസ്ത്ര അവബോധത്തിനും വേണ്ടിയുള്ള പാതയില്‍ ഏറെ മുന്നേറേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളുടെ പ്രചാരണവും അതിന്റെ ഉള്‍ക്കൊള്ളലും ഈ മുന്നേറ്റത്തിന് ഏറെ സഹായകരമാകുന്ന ഒന്നാണ്. മതവികാരങ്ങള്‍ ഇളക്കിവിടുന്ന രാഷ്ട്രീയ–വര്‍ഗ്ഗീയ കലാപങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ നമ്മള്‍ ജനങ്ങള്‍ നമുക്കുവേണ്ടി നല്‍കിയ ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും മുമ്പെന്നത്തെക്കാളും ഈ കാലത്ത് ഉണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല.
ഭരണഘടന അതിന്റെ ആമുഖത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. ഇവയെല്ലാം നമ്മുടെ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളായാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ഇത് ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുവരെ പലപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. ‘മതേതര റിപ്പബ്ലിക്’ എന്ന് ഭരണഘടന തന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ വര്‍ഗീയശക്തികളെയും മതനിരപേക്ഷ ശക്തികളെയും ഒരേപോലെ കണാൻപാടില്ല. മതേതരശക്തികളെ വര്‍ഗീയ ശക്തികളോട് താരതമ്യപ്പെടുത്തുന്നതു തന്നെ ഭരണഘടനാവിരുദ്ധമാണ്. മതനിരപേക്ഷതയെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനെ തകര്‍ക്കുകയും രാഷ്ട്രത്തെ ശിഥിലീകരിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയതയെ ഭരണഘടനാ വിരുദ്ധമായി തന്നെയാണ് കാണേണ്ടത്. എന്നാല്‍, അതിനു കഴിയുന്നുണ്ടോ?
‘സോഷ്യലിസ്റ്റ്’എന്ന സങ്കല്‍പമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. അപ്പോള്‍ സോഷ്യലിസ്റ്റ് സങ്കല്‍പത്തില്‍ നിന്നുള്ള പുറംതിരിഞ്ഞു പോകലുകളെ, പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നീക്കങ്ങളെ ഭരണഘടനാനുസൃതമായ നടപടിയായി കാണാനാവുമോ? മുതലാളിത്തത്തിലധിഷ്ഠിതമായ ഉദാരവല്‍ക്കരണ, ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങളെ ഈ സോഷ്യലിസ്റ്റ് സങ്കല്‍പത്തിന്റെ വീക്ഷണത്തില്‍ എങ്ങനെ ഭരണഘടനാനുസൃതമെന്നു കാണാനാവും?
‘ജനാധിപത്യ റിപ്പബ്ലിക്’ എന്ന് അഭിമാനപൂര്‍വം നാം വിശേഷിപ്പിക്കുമ്പോഴും ജനാധിപത്യത്തിന്റെ ഹത്യകള്‍ ഇവിടെ നടക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ 356-–ാം വകുപ്പ് ഉപയോഗിച്ച് പുറത്താക്കിയതിന്റെ എത്രയോ ദൃഷ്ടാന്തങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. സഭാതലത്തില്‍ തെളിയേണ്ട ഭൂരിപക്ഷത്തെ സഭയ്ക്കു പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങള്‍ തന്നെ വഴിവെക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ നടപടികളുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ ‘ജനാധിപത്യ’ എന്ന വിശേഷണം നമുക്ക് എത്രത്തോളം ചേരും എന്നതും ചിന്തനീയമാണ്.
‘പരമാധികാര’ എന്നതാണ് റിപ്പബ്ലിക്കിന് ഭരണഘടന നല്‍കുന്ന മറ്റൊരു വിശേഷണം. രാഷ്ട്രതാല്‍പര്യത്തിനും ജനതാല്‍പര്യത്തിനും വിരുദ്ധമായ കരാറുകള്‍ സാമ്പത്തികരംഗത്തു മുതല്‍ പ്രതിരോധ രംഗത്തു വരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവ നമ്മുടെ പരമാധികാരത്തിന് അനുഗുണമാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടാല്‍ അടുത്ത പടിയായി നഷ്ടപ്പെടുക രാഷ്ട്രീയ പരമാധികാരമാണ്. ഇത് സ്വാതന്ത്ര്യപൂര്‍വ ഘട്ടത്തില്‍ നാം തന്നെ അനുഭവിച്ചറിഞ്ഞ കാര്യമാണ്. എന്നിട്ടും സാമ്പത്തിക പരമാധികാരത്തില്‍ തുടരെത്തുടരെ വിട്ടുവീഴ്ച ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് എത്രത്തോളം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതും ആലോചിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ റിപ്പബ്ലിക്കിനെ പാര്‍ലമെന്ററി ഡെമോക്രസി ആയാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നു പറഞ്ഞുവല്ലോ. എന്നാല്‍ അതിനെ പ്രസിഡന്‍ഷ്യല്‍ രീതികൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങളും അവയ്ക്ക് അനുസൃതമായ നിയമനിര്‍മ്മാണങ്ങളും പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനം നടപ്പില്‍വരുത്താനുള്ള കുറുക്കുവഴിയാണ് എന്നതാണ് വസ്തുത. ചെലവുചുരുക്കാനെന്നു പറഞ്ഞ് നടത്തുന്ന നിയമനിര്‍മ്മാണം പക്ഷേ, എങ്ങനെയാണ് ചെലവുകുറയുന്നതെന്നും എത്രയാണ് കുറയുക എന്നും പറയുന്നില്ല. ആവര്‍ത്തിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനെന്ന നിലയില്‍ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും എല്ലാം പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താം എന്നതിനെക്കുറിച്ചും അവര്‍ മൗനംപാലിക്കുന്നു.
ശാസ്ത്രയുക്തിക്ക് പരമപ്രാധാന്യമാണ് ഭരണഘടന കല്‍പ്പിക്കുന്നത്. എന്നാല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരുന്നതും ശാസ്ത്രത്തെ ഐതിഹ്യം കൊണ്ടും ഊഹാപോഹം കൊണ്ടും പകരംവെക്കുന്നതുമായ ഒരു പ്രക്രിയ അധികാരത്തിന്റെ ആഭിമുഖ്യത്തില്‍ തന്നെ ശക്തിപ്പെടുമ്പോള്‍ നമുക്ക് ഭരണഘടനയോട് നീതിപുലര്‍ത്താന്‍ എത്രത്തോളം കഴിയുന്നു എന്ന ചിന്ത വര്‍ധിച്ച പ്രസക്തിയാര്‍ജിക്കുന്നുണ്ട്.
ജാതീയമായ ഉച്ചനീചത്വങ്ങളും സാമ്പത്തികമായ അസമത്വങ്ങളും തുടച്ചുനീക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയും ഭരണഘടനയിലെ സങ്കല്‍പങ്ങളിലേക്ക് നമുക്ക് ഉയരാനാവാതെ പോകുന്നതിന്റെ ദൃഷ്ടാന്തമായി കാണേണ്ടതുണ്ട്. ഇക്കാര്യത്തില്‍, ഭരണഘടനയുടെ കരട് അവതരിപ്പിച്ചുകൊണ്ട് അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്.
‘‘നമ്മള്‍ ഇന്ത്യന്‍ സമൂഹത്തില്‍ രണ്ട് കാര്യങ്ങളുടെ പൂര്‍ണ്ണ അഭാവം അംഗീകരിച്ചുകൊണ്ട് തുടങ്ങേണ്ടതുണ്ട്. അവയില്‍ ഒന്ന് സമത്വമാണ്. സാമൂഹിക തലത്തില്‍, ഇന്ത്യയില്‍ നമുക്ക് ഒരു സമൂഹം ഉണ്ട്.- അതില്‍ കുറച്ചുപേര്‍ക്ക് ഉന്നമനവും മറ്റുള്ളവര്‍ക്ക് അധഃപതനവുമുള്ള വ്യവസ്ഥ. സാമ്പത്തിക തലത്തില്‍, നമുക്ക് ഒരു സമൂഹം ഉണ്ട് – അവിടെ ചിലര്‍ക്ക് അളവറ്റ സമ്പത്തും മറ്റുള്ളവര്‍ക്ക് കടുത്ത ദാരിദ്ര്യവുമുണ്ട്. 1950 ജനുവരി 26ന്, നമ്മള്‍ വിരുദ്ധാഭാസങ്ങളുടെ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വവും സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ അസമത്വവും ഉണ്ടാകും. രാഷ്ട്രീയത്തില്‍ നമ്മള്‍ ‘ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം’ എന്ന തത്വത്തെ അംഗീകരിക്കും. എന്നാല്‍ സാമൂഹിക,- സാമ്പത്തിക, സംവിധാനംമൂലം നമ്മള്‍ ‘ഒരാള്‍ക്ക് ഒരു മൂല്യം’ എന്ന തത്വം നിഷേധിക്കും.
എത്രകാലം നമ്മള്‍ ഈ വിരുദ്ധാഭാസങ്ങളുടെ ജീവിതം തുടരും? എത്രകാലം നമ്മള്‍ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ സമത്വം നിഷേധിക്കും? ഇതു നീണ്ട കാലം തുടര്‍ന്നാല്‍, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അത് അപകടത്തിലാക്കും. ഈ വിരുദ്ധാഭാസം അടിയന്തരമായി നീക്കം ചെയ്യണം. അല്ലെങ്കില്‍ അസമത്വം അനുഭവിക്കുന്നവര്‍ ഈ സഭ കഠിനാധ്വാനത്തിലൂടെ നിര്‍മ്മിച്ച രാഷ്ട്രീയ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കും’’.
ഭരണഘടനാ പിതാക്കള്‍ക്ക് മനസ്സിലൊരു സ്വപ്നമുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സ്വപ്നം. അത് സാക്ഷാത്കരിക്കുന്നതില്‍ നമുക്ക് എത്രത്തോളം മുന്നോട്ടുപോവാനായി എന്നത് ആലോചിക്കേണ്ടതുണ്ട്. അക്ഷരത്തിന്റെ കിലുക്കം പോലും അപ്രാപ്യമായ നിലയില്‍ ജനകോടികള്‍ കഴിയുമ്പോള്‍, അന്നന്നത്തെ അന്നത്തിനുപോലും വകയില്ലാതെ വലിയൊരു വിഭാഗം വിഷമിക്കുമ്പോള്‍, മനുഷ്യപദവി പോലും നിഷേധിക്കപ്പെട്ട് ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വര്‍ഗീയവാദികളാലും നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഭരണഘടനാ സ്വപ്നങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമായി എന്ന ചോദ്യത്തിന് സവിശേഷമായ പ്രസക്തി കൈവരികയാണ്. ആ ചോദ്യം മുന്‍നിര്‍ത്തി സമൂഹമനസ്സില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട്.
വൈവിധ്യങ്ങളെയാകെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഏകതാനമായ സംവിധാനമായിരുന്നില്ല, മറിച്ച് വൈവിധ്യങ്ങളെയാകെ അംഗീകരിച്ച്, ആദരിച്ച് ബഹുവര്‍ണ ശബളതയോടെ നില്‍ക്കുന്ന സംവിധാനമായിരുന്നു ഭരണഘടനാ സ്രഷ്ടാക്കളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ബഹുത്വത്തിന്റേതായ ഒരു ലോകത്ത് ഇന്ത്യയ്ക്ക് തലയെടുപ്പോടെ, പരിഷ്കൃതമായ മുഖത്തോടെ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയണമെങ്കില്‍ ഈ സംവിധാനമേ പറ്റൂ എന്ന ബോധ്യവുമുണ്ടായിരുന്നു ഭരണഘടനാ സ്രഷ്ടാക്കള്‍ക്ക്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ നാള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ ഒരു വാചകമുണ്ട്. ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഇന്ത്യയുടെ ആത്മാവ് ഇതാ സംസാരിച്ചു തുടങ്ങുന്നു എന്നതാണത്. അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യയുടെ ആത്മാവിന്റെ ആദ്യമായുള്ള ഔപചാരിക സംഭാഷണം എന്നതു തന്നെയാണ് സത്യത്തില്‍ നമ്മുടെ ഭരണഘടന. ആ ഭരണഘടനയ്ക്കെതിരായ ഏതു പ്രവൃത്തിയും, അതിന്റെ സത്തയ്ക്കെതിരായ ഏതു നീക്കവും യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആത്മാവിന്റെ, മനസ്സിന്റെ വായപൊത്തലാണ്. മൂക്കും വായയും ഒരുമിച്ചു മൂടി ഇന്ത്യയെ ശ്വാസംമുട്ടിക്കലാണ്. ഇത് അനുവദിച്ചുകൂട.
ഓരോ പൗരനും ചിന്തിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കാരം നടത്താനുമുള്ള ഭരണഘടനാ സ്വാതന്ത്ര്യം ഇന്ന് ഹനിക്കപ്പെടുന്നു. എം എം കല്‍ബുര്‍ഗിയെയും നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരയെയും ഗൗരി ലങ്കേഷിനെയും പോലുള്ള ചിന്തകര്‍ക്ക്, എഴുത്തുകാര്‍ക്ക്, മാധ്യമപ്രവര്‍ത്തകര്‍ക്ക് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടിവന്നു എന്നത് ഭരണഘടനാ മൂല്യങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളാൻ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു.
വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കാര്യമെടുത്താലോ? വിശ്വാസത്തിന്റെ പേരില്‍ ഗ്രഹാം സ്റ്റെയിന്‍സിന് മക്കളോടൊപ്പം വെന്തുമരിക്കേണ്ടിവരുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നു. പ്രത്യേക മതങ്ങളിലെ വിശ്വാസികള്‍ക്ക് പലായനം ചെയ്യേണ്ടിവരുന്നു. ചിലയിടങ്ങളില്‍ പടരുന്ന വര്‍ഗീയാക്രമണങ്ങള്‍ക്കു മുമ്പില്‍ ‘കൈകൂപ്പി’ നിന്ന് ജീവനുവേണ്ടി കേണപേക്ഷിക്കേണ്ടിവരുന്നു. ദളിത് സമൂഹത്തില്‍പ്പെട്ടവര്‍ക്ക് തെരുവില്‍ അപമാനിക്കപ്പെടേണ്ടതായും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു വിധേയരാകേണ്ടതായും വരുന്നു. ഇവിടെയും ധ്വംസിക്കപ്പെടുന്നത് ഭരണഘടനയാണ്.
അവസരത്തിലും പദവിയിലും തുല്യത എന്നതാണ് ഭരണഘടന പറയുന്ന മറ്റൊരു കാര്യം. പൗരത്വ കാര്യത്തില്‍ പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരരെ വിഭജിക്കുന്ന നില വന്നാല്‍ ഈ വിശേഷണത്തിനു പിന്നെയെന്താണര്‍ത്ഥം? വ്യക്തിയുടെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കും വിധമുള്ള സാഹോദര്യത്തെക്കുറിച്ചു പറയുന്നു. ജനിച്ചത് പ്രത്യേക സമുദായത്തിലായിപ്പോയതുകൊണ്ട് രോഹിത് വെമുല മുതല്‍ ഫാത്തിമ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ഭരണഘടനയുള്ള രാജ്യത്തു തന്നെയാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നതോര്‍ക്കുക. അപ്പോള്‍ പിന്നെ എവിടെയാണ് ഈ ഭരണഘടനാ തത്വത്തിന്റെ സാംഗത്യം?
ഇനി സോഷ്യലിസ്റ്റ് എന്ന ഭരണഘടനാ വിശേഷണമെടുക്കുക. പൊതുമേഖലാ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്കു കൈമാറുന്നു; ദരിദ്രര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ക്കുള്ള വിഹിതങ്ങള്‍ വെട്ടിച്ചുരുക്കുന്നു. ഉള്ളവനും ഇല്ലാത്തനും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുന്നു. ദരിദ്രന്‍ അതീവ ദരിദ്രനും കോടീശ്വരന്‍ ശതകോടീശ്വരനുമാവുന്നു. സാമ്പത്തികവളര്‍ച്ച ഉണ്ടെന്നും ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നു എന്നുമൊക്കെയാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാല്‍, രാജ്യത്തിന്റെ മൊത്തം ആസ്തിയില്‍ 41 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടെ കൈയിലാണ്. സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുന്നത് എന്നു വ്യക്തമാക്കുന്നതാണ് ഈ വസ്തുത.
കേന്ദ്ര സര്‍ക്കാരിന്റെ പല കോര്‍പ്പറേറ്റ് അനുകൂല നടപടികളും കാരണം ഇന്ത്യയിലെ ലിസ്റ്റു ചെയ്ത കമ്പനികള്‍ 2023-–24 ല്‍ 10.1 ശതമാനമെന്ന നിരക്കില്‍ വന്‍ ലാഭം കൊയ്തു. 2007-–08 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ലാഭനിരക്കാണിത്. 16 ലക്ഷം കോടിയോളം രൂപയുടെ കോര്‍പ്പറേറ്റ് കടങ്ങളാണ് എഴുതിത്തള്ളിയത്. പ്രതിവര്‍ഷം 2 ലക്ഷം കോടിയോളം രൂപ കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍, തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യംവെച്ചുള്ള പദ്ധതികള്‍ക്ക് പണമില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇ പി എഫ് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തത് നമുക്കറിയാം. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടുപോലും അതിനെ എങ്ങനെയെങ്കിലും അട്ടിമറിച്ചുകൊണ്ട് തുച്ഛമായ പെന്‍ഷന്‍ പോലും കൊടുക്കാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മതനിരപേക്ഷത അനാവശ്യമാണെന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കാർ തന്നെ പറഞ്ഞുനടക്കുന്നു. ആദ്യം ഭരണഘടനയിലുണ്ടായിരുന്നില്ല ഇത്. പിന്നീട് എഴുതിച്ചേര്‍ത്ത ഈ വിശേഷണത്തെ മറ്റൊരു ഘട്ടത്തില്‍ എടുത്തുകളയാവുന്നതേയുള്ളു എന്ന വാദം ശക്തിപ്പെടുന്നു. ഭരണഘടനയില്‍ ഈ വിശേഷണം നിലനില്‍ക്കെത്തന്നെയാണ് മതാധിഷ്ഠിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ ശക്തിപ്പെടുത്തുന്നത്; മതസ്പര്‍ദ്ധ വളര്‍ത്തുന്ന നടപടികള്‍ തുടര്‍ച്ചയായി അധികാരികളില്‍ നിന്നുണ്ടാവുന്നത്; പൗരത്വം നല്‍കുന്നതിനുപോലും മതം മാനദണ്ഡമാക്കുന്ന അവസ്ഥയുണ്ടാവുന്നത്. അപ്പോള്‍ പിന്നെ എവിടെയാണ് മതനിരപേക്ഷത എന്ന വിശേഷണത്തിന് അര്‍ത്ഥം?
പാര്‍ലമെന്ററി ജനാധിപത്യമാണ് നാം അംഗീകരിച്ച് അനുവര്‍ത്തിക്കുന്ന രീതി. എന്നാല്‍, ഇതിനെ ‘ഒരു രാഷ്ട്രം, ഒരു നേതാവ്’ എന്ന ജര്‍മനിയിലെ നാസി തത്വപ്രകാരവും സമാന സ്വഭാവത്തിലുള്ള സംഘപരിവാര്‍ തത്വപ്രകാരവും അട്ടിമറിക്കാന്‍ നോക്കുകയാണ്. പാര്‍ലമെന്ററി സംവിധാനത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം കൊണ്ടു പകരംവെക്കാനുള്ള മുറവിളി അതിശക്തമായിക്കൊണ്ടിരിക്കുന്നു. ജനവിധിയെ കുതിരക്കച്ചവടത്തിലൂടെ ബിജെപി അട്ടിമറിക്കുന്നത് എത്രയോ ഇടങ്ങളില്‍ നാം കണ്ടു. അപ്പോള്‍ പിന്നെ എവിടെയാണ് ജനാധിപത്യത്തിനു സ്ഥാനം?
പൗരരോടുള്ള സമീപനത്തില്‍ ഏതു നിമിഷത്തില്‍ ജാതി-, മത, -വർഗ വിവേചനം കടന്നുവരുന്നോ, ആ നിമിഷം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം തകര്‍ക്കപ്പെടുന്നു. അപ്പോള്‍ ഭരണഘടനാ ധ്വംസനമുണ്ടാവുന്നു. ഫെഡറലിസത്തെ തകർക്കുന്ന നയങ്ങളിലൂടെയും പൗരത്വഭേദഗതിയിലൂടെയും ഏക സിവിൽ കോഡിലൂടെയുമെല്ലാം ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത് അതിനായാണ്. ഭരണഘടനയുടെ ശില്പിയായ അംബേദ്കറിനെ പാർലമെന്റിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ അപഹസിച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്.
ഈ ശ്രമങ്ങൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ ജനാധിപത്യ വിശ്വാസികളിൽ നിന്നുയർന്നു വരണം. ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഏവരും കൈകോർത്തു നിൽക്കണം. ആ പോരാട്ടങ്ങള്‍ ശക്തിപ്പെടണമെങ്കില്‍ ഭരണഘടനാ സാക്ഷരത ശക്തിപ്പെടണം. ഭരണഘടന, തങ്ങള്‍ക്ക് എന്തെല്ലാമാണ് അനുവദിച്ചു തന്നിട്ടുള്ളത് എന്നതു സംബന്ധിച്ച ബോധം ശക്തിപ്പെടണം. എന്നാല്‍, ആ ബോധത്തെ ദുര്‍ബ്ബലമാക്കി നിര്‍വീര്യമാക്കാനാണ് അധികാരസ്ഥാനത്തുള്ള പലരും ഇന്നും ശ്രമിക്കുന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്നു. ഈ നിഷേധം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് എന്ന് ബന്ധപ്പെട്ട ജനവിഭാഗങ്ങളെ കൊണ്ടുതന്നെ പറയിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ചെറുത്ത് ഒരു ജനതയ്ക്ക് അതിജീവിക്കണമെങ്കില്‍ ഭരണഘടനാ സാക്ഷരത അവര്‍ കൈവരിച്ചേ മതിയാകൂ. അതിനുള്ള ശ്രമങ്ങൾ ശക്തമാക്കണം. ഒരു ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് അർത്ഥപൂർണ്ണമാകുംവിധം ഇന്ത്യയെ മാറ്റുന്നതിനായുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനാധിപത്യവിശ്വാസികൾ ഒരുമിച്ചു നിൽക്കണം. l