ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75–ാം വാർഷികാഘോഷവേളയാണിത്. നമ്മുടെ റിപ്പബ്ലിക്കൻ ഭരണഘടനയുടെ ഭാവി എന്താകും എന്ന ആശങ്ക ഉയർത്തിക്കൊണ്ടാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഓരോ റിപ്പബ്ലിക് ദിനവും കടന്നുപോകുന്നത്. ജനങ്ങളുടെ കരുതലും ജാഗ്രതയും കൊണ്ടുമാത്രമാണ് നമ്മുടെ ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
തങ്ങൾക്ക് 370 സീറ്റ് നേടി ഭരിക്കാനായാൽ ഈ ഭരണഘടനയെത്തന്നെ വലിച്ചെറിയാമെന്ന് സ്വപ്നം കണ്ടായിരുന്നു സംഘപരിവാർ 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതോടെ നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കളും ഭരണഘടനാ നിർമാതാക്കളും സ്വതന്ത്ര ഇന്ത്യയിൽ നടപ്പാക്കണമെന്നാഗ്രഹിച്ച ജനാധിപത്യവും സാമൂഹ്യനീതിയും മതനിരപേക്ഷതയും പാടെ നശിപ്പിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനത ബിജെപിക്ക് മൂന്നിൽ രണ്ട് സീറ്റുകൾ പോയിട്ട് കേവല ഭൂരിപക്ഷം പോലും നൽകിയില്ല. അങ്ങനെ മോദിയുടെ നേതൃത്വത്തിൽ മൂന്നാം ഗവൺമെന്റ് വന്നിട്ടും ഇന്ത്യൻ ഭരണഘടന ഇന്നും നിലനിൽക്കുന്നുവെന്നതിൽ നമുക്ക് ആശ്വസിക്കാം! എന്നിരുന്നാലും സംഘപരിവാർ ശക്തികൾ തങ്ങളുടെ അജൻഡയിൽനിന്നു പിന്നോട്ടുപോകുമെന്ന് കരുതാനാവില്ല.
ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട നമ്മുടെ ഭരണഘടനയെ സനാതന ധർമത്തിന്റെയും മനുസ്-മൃതിയുടെയും കെട്ടുപാടുകളിൽപ്പെടുത്തി അതിനെ ഹിന്ദുത്വ ഭരണഘടനയായും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായും മാറ്റുകയെന്നതാണ് ദശകങ്ങളായുള്ള സംഘപരിവാർ അജൻഡ. ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികമാകുന്ന 2025ൽ തങ്ങളുടെ അജൻഡ സാക്ഷാത്കരിക്കാമെന്ന സംഘപരിവാർ സ്വപ്നത്തിനാണ് ഇന്ത്യൻ ജനത ആഘാതമേൽപ്പിച്ചത്. എന്നിരുന്നാലും, വളഞ്ഞ വഴിയിലൂടെ ലക്ഷ്യം നടപ്പാക്കാനുള്ള നീക്കം സംഘപരിവാർ തുടരുമെന്നുറപ്പാണ്. അതിനെതിരായ നിതാന്ത ജാഗ്രത നാം പുലർത്തേണ്ട കാലത്താണ് രാജ്യം 75–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ഭരണാധികാരികൾ ഭരണഘടനയുടെ അലകും പിടിയും തന്നെ ഭേദഗതികളിലൂടെ മാറ്റാനുള്ള സാധ്യത മുന്നിൽക്കണ്ട നമ്മുടെ സുപ്രീം കോടതി 1973ൽ അത്തരം ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടന തന്നെ തകർക്കുന്നതാകരുതെന്ന് വിധിന്യായം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഭരണഘടനയിൽ ഭേദഗതി വരുത്താതെ തന്നെ അതിന്റെ അടിസ്ഥാനഘടനയെ തകർക്കുന്ന അഭ്യാസമാണ്.
കഴിഞ്ഞ ഒരു ദശകക്കാലത്ത് ഭരണഘടനയുടെ അടിസ്ഥാനശിലകളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും ഫെഡറൽ സംവിധാനവുമെല്ലാം അനുദിനം തകർക്കപ്പെടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങൾ, പൗരരുടെ മൗലികാവകാശങ്ങൾ ഉൾപ്പെടെ നിഷേധിക്കപ്പെടുകയാണ്. ജനാധിപത്യത്തിന് കാവലാളാവേണ്ട ഭരണഘടനാ സ്ഥാപനങ്ങളാകെ ഇന്ന് മോദി സർക്കാരിന്റെ കെെപ്പിടിയിൽ അമർന്നു കഴിഞ്ഞിരിക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കപ്പുറമുള്ള ഭീതിദമായ ഒരവസ്ഥയിലൂടെയാണ് രാജ്യം ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതിവേഗം രാജ്യം നവഫാസിസത്തിന്റെ ചവിട്ടടിയിൽ പതിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കുകയെന്നത് ജനാധിപത്യ വിശ്വാസികളായ ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.
ഈ വിഷയത്തിലൂന്നി നിന്നുകൊണ്ടാണ് ഞങ്ങൾ ഈ റിപ്പബ്ലിക്ദിന പതിപ്പ് വായനക്കാരിലേക്കെത്തിക്കുന്നത്. l
– ചിന്ത പ്രവർത്തകർ