വൈരുധ്യാത്മകം ലോകക്രമത്തിന്റെ സ്വഭാവമാകയാൽ മനുഷ്യനിർമിതമായ ഭരണഘടനയിലും വൈരുധ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഭരണഘടന നിർമിച്ച സഭ തന്നെയാണ് ആവശ്യാനുസരണം ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിനുള്ള അധികാരം ഭരണഘടനയുടെ നിർമിതിയായ പാർലമെന്റിനു നൽകിയത്. സ്രഷ്ടാവിന്റെ പുനഃസൃഷ്ടിക്കുള്ള അധികാരം സൃഷ്ടിക്ക് നൽകിയ അവസ്ഥയായി. അലകും പിടിയും മാറിമാറി മാറ്റുന്ന വിനോദത്തിൽ പാർലമെന്റ് ഏർപ്പെട്ടപ്പോൾ അതിനു തടയിടുന്നതിനുള്ള അവസരം കേശവാനന്ദ ഭാരതി കേസിൽ വിധി പറഞ്ഞ പതിമൂന്നംഗ ബെഞ്ചിനു കിട്ടി. 7:6 എന്ന ക്രമത്തിൽ വിഭജിതമായ ബെഞ്ച് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള പാർലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തി. ഭേദഗതിയാകാം; പക്ഷേ ഭരണഘടനയുടെ ബേസിക് സ്ട്രക്ച്ചറിനെ സ്പർശിക്കരുത് എന്നാണ് സുപ്രീം കോടതി പറഞ്ഞത്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയിൽ എന്ത് രൂപമാറ്റവും വരുത്താൻ എക്സിക്യൂട്ടീവിന് കഴിയുമെന്ന അവസ്ഥ അതോടെ ഇല്ലാതായി. പരസ്പര പ്രതിരോധത്തിലൂടെ സമതുലനം ഉറപ്പാക്കുന്ന സംവിധാനത്തിൽ മൂന്ന് ഭരണവിഭാഗങ്ങളിൽ ഒന്നിനും മേൽക്കോയ്മ അവകാശപ്പെടാൻ കഴിയാത്ത അവസ്ഥയുണ്ടായി. കേശവാനന്ദ ഭാരതികേസിൽ തനിക്ക് ഹിതകരമല്ലാത്ത നിലപാട് സ്വീകരിച്ച മൂന്ന് ജഡ്ജിമാരെ മറികടന്ന് സീനിയോറിറ്റിയിൽ നാലാമനായ ആളെ ചീഫ് ജസ്റ്റിസ് ആയി ഇന്ദിര ഗാന്ധി നിയമിച്ചതിൽനിന്നുതന്നെ ആ കേസിന്റെ പ്രാധാന്യം മനസ്സിലാക്കാം. അനഭിമതനായ നാലാമനെ അടിയന്തരാവസ്ഥക്കാലത്ത് രാജിവയ്ക്കാൻ നിർബന്ധിതനാക്കി. ഇഷ്ടക്കാരനായ ചന്ദ്രചൂഡിന് ചീഫ് ജസ്റ്റിസാകുന്നതിനും ദീർഘകാലം ആ പദവിയിൽ തുടരുന്നതിനുമുള്ള അവസരമുണ്ടാക്കി. ബേസിക് സ്ട്രക്ച്ചർ എന്ന തടസ്സം നീക്കി ജനപ്രതിനിധികളെ സർവാധികാരികളാക്കണമെന്ന് നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഭരണം എന്ന സിദ്ധാന്തത്തിൽ ഭൂരിപക്ഷത്തിന്റെ ഭരണം എന്ന ജനാധിപത്യത്തിന് അപകടകരമായ സമീപനവുമുണ്ട്.
ഇന്ദിര ഗാന്ധിക്ക് വിധേയനായി എക്സിക്യൂട്ടീവിന്റെ പ്രീതിയിൽ കഴിഞ്ഞ വൈ വി ചന്ദ്രചൂഡിൽനിന്ന് വ്യത്യസ്തനായിരിക്കും പുത്രൻ ഡി വൈ ചന്ദ്രചൂഡ് എന്ന് കരുതപ്പെട്ടു. ലിബറൽ ചിന്താഗതിയും മാനവികമായ മൂല്യങ്ങളും ആവോളം പ്രകടിപ്പിച്ച ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്രകടനങ്ങളിലൂടെയും സ്വകാര്യത മൗലികാവകാശമാക്കിയ പുട്ടസ്വാമിക്കേസിലെ വിധി ഉൾപ്പെടെ നിരവധി വിധിന്യായങ്ങളിലൂടെയും വലിയ തോതിൽ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. നിരാശയ്ക്ക് കാരണമായ കുറേ ചീഫ് ജസ്റ്റിസുമാരെ പിന്തുടർന്ന് ചീഫ് ജസ്റ്റിസായുള്ള ചന്ദ്രചൂഡിന്റെ ആരോഹണം പ്രതീക്ഷകളോടെയാണ് രാഷ്ട്രം കാത്തിരുന്നത്. പക്ഷേ തന്റെ പിതാവ് ഇന്ദിര ഗാന്ധിക്ക് എപ്രകാരമായിരുന്നുവോ അതുപോലെയാണ് നരേന്ദ്ര മോദിക്ക് താൻ എന്നു തെളിയിച്ചുകൊണ്ടാണ് ഡി വൈ ചന്ദ്രചൂഡ് കാലാവധി അവസാനിപ്പിച്ചത്. ഗണേശചതുർഥിക്ക് ഔദ്യോഗിക വസതിയിൽ ചീഫ് ജസ്റ്റിസ് നടത്തിയ പൂജയും അതിൽ കാർമികനായി പ്രധാനമന്ത്രി പങ്കെടുത്തതും നമ്മുടെ ഓർമയിലുണ്ട്. സ്വതന്ത്രമായ ജുഡീഷ്യറി എന്ന സങ്കല്പത്തെ വികല്പമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസിന്റെ പൂജാമുറിയിൽ പ്രധാനമന്ത്രി മണി അടിച്ചപ്പോൾ ചകിതമായ മനസ്സോടെ റിപ്പബ്ലിക് ചോദിച്ചു; മണിമുഴങ്ങുന്നതെന്തിനുവേണ്ടി?
റിപ്പബ്ലിക്കിന്റെ മരണമണി മുഴങ്ങാതിരിക്കുന്നതിന് ജുഡീഷ്യറി കണ്ടെത്തിയ പ്രതിരോധമാണ് ബേസിക് സ്ട്രക്ചർ സിദ്ധാന്തം. കേശവാനന്ദ ഭാരതി കേസ് 6:6 എന്ന നിലയിലെത്തിയപ്പോൾ ജസ്റ്റിസ് ഖന്നയാണ് ബേസിക് സ്ട്രക്ച്ചർ എന്ന സിദ്ധാന്തവുമായി ഒരു പക്ഷം ചേർന്ന് കേസിൽ തീരുമാനമുണ്ടാക്കിയത്. ബേസിക് സ്ട്രക്ച്ചർ അഥവാ അടിസ്ഥാന ഘടന എന്ത് എന്ന കാര്യത്തിൽ സൂചനകൾ മാത്രമാണ് കോടതി നൽകിയത്. വിധി വായിച്ച് മനസ്സിലാക്കുന്നതിന് സഹായകമായ ചില ഉദാഹരണങ്ങൾകൂടി കോടതി നൽകി. ഭരണഘടനയുടെ പ്രാമുഖ്യം, റിപ്പബ്ളിക്കിന്റെ ജനാധിപത്യസ്വഭാവം, മതനിരപേക്ഷത, അധികാരവിഭജനം, ഫെഡറൽ സ്വഭാവം എന്നിവയാണ് നൽകപ്പെട്ട ഉദാഹരണങ്ങൾ. ആമുഖം ഭേദഗതി ചെയ്ത് മതനിരപേക്ഷത എഴുതിച്ചേർക്കുന്നതിനുമുമ്പ് എഴുതപ്പെട്ടതാണ് ബേസിക് സ്ട്രക്ചർ സിദ്ധാന്തത്തെ സംബന്ധിക്കുന്ന വിധി.
ഭരണഘടനയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടാണ് കുറേക്കാലമായി ഓരോ റിപ്പബ്ലിക് ദിനവും നാം ആഘോഷിക്കുന്നത്. ജനങ്ങളുടെ കരുതലിൽ ജനങ്ങൾക്ക് കാവലായി ഭരണഘടന നിലനിൽക്കുന്നു. നാനൂറിന്റെ തികവിൽ അംബേദ്കറുടെ ഭരണഘടന പൊളിച്ചടുക്കി സനാതനധർമത്തിലും മനുസ്മൃതിയിലും അധിഷ്ഠിതമായ ഹിന്ദുത്വ ഭരണഘടനയുടെ നിർമിതിക്കിറങ്ങിയവർക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷംപോലും ജനങ്ങൾ നൽകിയില്ല. വേണ്ടത് 272; കിട്ടിയത് 240. ഇങ്ങനെയാണ് ജനങ്ങൾ അവരുടെ അമൂല്യമായ സമ്പത്ത് സംരക്ഷിച്ചത്. ജനവിധിയെന്ന ക്രൂരമായ യാഥാർത്ഥ്യത്തിനു മുന്നിൽ മുട്ടുമടക്കിയ ബിജെപി ഭരണഘടനയുടെ സംരക്ഷകരായി വേഷം കെട്ടുന്നത് അഭിനയത്തിനുവേണ്ടി മാത്രമാണ്. 1976ൽ സ്വന്തം ഏകാധിപത്യം ശാശ്വതീകരിക്കുന്നതിന് ഭരണഘടനയുടെ അലകും പിടിയും മാറ്റിയ ഇന്ദിര ഗാന്ധിയുടെ കോൺഗ്രസിന് ഭരണഘടനയെക്കുറിച്ച് പറയാനോ അതിന്റെ പേരിൽ മേനിനടിക്കാനോ അവകാശമില്ല.
മൊത്തമായി ചെയ്യാൻ കഴിയാത്തത് ഭാഗികമായി ചെയ്യാൻ കഴിയും. അംബേദ്കർ എഴുതിയ അനുച്ഛേദം 19(1)(എ) എന്ന മൗലികാവകാശത്തെ ജവഹർലാൽ നെഹ്റു വെട്ടിയത് ഒന്നാം ഭേദഗതികൊണ്ടാണ്. അതോടെ സംസാരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഏതു നിയമവും ഭരണകൂടത്തിന് നിർമിക്കാമെന്നായി. സംസ്ഥാനങ്ങൾ ചേർന്നുള്ള യൂണിയന് ഏതു സംസ്ഥാനത്തെയും എന്തും ചെയ്യുന്നതിനുള്ള അധികാരം ഭരണഘടന നൽകിയത് വൈരുധ്യമാണ്. ആ അധികാരത്തിന്റെ പ്രയോഗമാണ് 1959ൽ കേരളത്തിലും പിന്നീട് പല സംസ്ഥാനങ്ങളിലും കണ്ടത്.
ദൈവത്തെക്കുറിച്ച് പരാമർശമോ ദൈവത്തിൽ ആശ്രയമോ ഇല്ലാത്ത ഭരണഘടനയാണ് നമ്മുടേത്. എന്നിട്ടും ദൈവം കക്ഷിയായുള്ള അയോധ്യാ കേസിൽ ദൈവഹിതം അറിഞ്ഞതിനുശേഷമാണ് ചന്ദ്രചൂഡ് ദൈവത്തിന് അനുകൂലമായി വിധിയെഴുതിയത്. വിധിയെഴുതുന്ന ജഡ്ജിയുടെ പേര് വിധിന്യായത്തിന്റെ ഭാഗമാണ്. എന്നാൽ അയോധ്യാവിധിയിൽ കേസ് കേട്ട ജഡ്ജിമാരുടെ പേരല്ലാതെ വിധിയെഴുതിയ ജഡ്ജിയുടെ പേരില്ലായിരുന്നു. പിന്നീടാണ് വിധി ദൈവനിവേശിതമാണെന്ന വെളിപ്പെടുത്തലുണ്ടായത്. ദൈവം വിധിയെഴുതുമ്പോൾ ലിമിറ്റേഷൻ, അഡ്വേഴ്സ് പൊസെഷൻ, റെസ് ജുഡിക്കേറ്റ തുടങ്ങിയ തത്ത്വങ്ങൾ ബാധകമാവില്ല. സ്വന്തം കേസിൽ സ്വയം വിധിയാളനാകരുതെന്ന സ്വാഭാവികനീതിയുടെ തത്ത്വംപോലും ദൈവം കക്ഷിയായ കേസിൽ പാലിക്കപ്പെട്ടില്ല. അറുപത്തിയഞ്ച് വയസിൽ ആരോഗ്യത്തോടെ വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് ജീവിക്കാൻ പിന്നെയും കാലം അവശേഷിക്കുന്നുവെന്ന യാഥാർത്ഥ്യത്തിനുമുന്നിൽ ചില ഇടർച്ചകൾ ഉണ്ടാകും.
എഴുപത്തിയഞ്ചിൽ റിപ്പബ്ളിക് നേരിടുന്ന വെല്ലുവിളിയുടെ യഥാർത്ഥ ചിത്രം ഒറ്റത്തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള നിയമനിർമാണത്തിൽ പ്രതിഫലിക്കുന്നുണ്ട്. പാർലമെന്ററി ജനാധിപത്യത്തിനും ഫെഡറലിസത്തിനും നിരക്കാത്ത ആശയം പ്രാവർത്തികമാക്കുന്നതിന് 18 ഭരണഘടനാഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അത് സംഭവിച്ചാൽ തകരുന്നത് ഭരണഘടനയുടെ ബേസിക് സ്ട്രക്ചറാണ്. പാർലമെന്ററി ജനാധിപത്യത്തെ പ്രസിഡൻഷ്യൽ ജനാധിപത്യമാക്കുന്നതിനൊപ്പം ഫെഡറൽ സംവിധാനത്തെ യൂണിറ്ററി ആക്കുന്നതിനുകൂടി ഉദ്ദേശിച്ചുള്ളതാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം. ഭരണഘടനയാണ് തടസ്സമെങ്കിൽ ഭേദഗതികളിലൂടെ പരിഹാരമുണ്ടാക്കാം. ഇതഃപര്യന്തം 106 ഭേദഗതികൾക്ക് ഭരണഘടന വിധേയമായിട്ടുണ്ട്. യുഎസ് ഭരണഘടനയിലെ അവസാനത്തെ ഭേദഗതിയുണ്ടായ 1971 വരെ 180 വർഷത്തിനിടയിൽ 26 ഭേദഗതികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഭേദഗതികളുടെ ആധിക്യം ഭരണഘടനയെ സമ്പുഷ്ടമാക്കുകയല്ല ദുർബലമാക്കുകയാണ് ചെയ്യുന്നത്. തെസ്യൂസിന്റെ കപ്പലിലെ പലകകൾ ഒന്നൊന്നായി മാറ്റി സമ്പൂർണമാക്കിയാൽ പുതുതായുണ്ടാകുന്നത് തെസ്യൂസിന്റെ പഴയ കപ്പൽ തന്നെയായിരിക്കുമോ എന്ന ചോദ്യം പ്ളൂട്ടാർക് ഉന്നയിക്കുന്നുണ്ട്. ഇതുതന്നെയാണ് ഭരണഘടനയുടെ അവസ്ഥ. നിലവിലുള്ളതിനെ നിരാകരിച്ച് പുതുതായൊന്നുണ്ടാക്കാൻ നിലവിലുള്ള സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ പുറംതോട് നിലനിർത്തിക്കൊണ്ട് കാമ്പും കാതലും ചോർത്തി മറ്റൊന്നാക്കാനാണ് ബിജെപിയുടെ ശ്രമം. ഈ അപകടം തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം 2025ലെ റിപ്പബ്ലിക് ദിനാഘോഷം നടക്കേണ്ടത്. l