Friday, April 25, 2025

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ 
ഫെഡറലിസത്തിന്റെ ഭാവി

ഇന്ത്യൻ 
ഫെഡറലിസത്തിന്റെ ഭാവി

എം എ ബേബി

ധുനിക ദേശരാഷ്ട്രങ്ങളുടെ ആവിർഭാവത്തിനുശേഷം രാഷ്ട്രഘടന സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ രൂപപ്പെടുകയുണ്ടായി. സർവ്വ അധികാരങ്ങളും ഒരൊറ്റ സ്ഥാനത്ത് കേന്ദ്രീകരിക്കുന്ന ‘യൂണിറ്ററി’ സമ്പ്രദായമാണ് ഒന്ന്. ഭരണസൗകര്യത്തിനുവേണ്ടി പ്രദേശങ്ങളും പട്ടണങ്ങളും മറ്റുമായി തരംതിരിക്കലുകളും ‘കൗണ്ടി’, ‘മുനിസിപ്പാലിറ്റി’ തുടങ്ങിയ സംവിധാനങ്ങളും കേന്ദ്ര ഭരണത്തിനുകീഴിൽ ഉണ്ടായിരിക്കും. എന്നാൽ അധികാരം കേന്ദ്രത്തിൽതന്നെ കേന്ദ്രീകരിക്കുന്നതാണ് ഈ സമ്പ്രദായത്തിലെ രീതി.

ഫെഡറൽ സംവിധാനത്തിനുകീഴിലാവട്ടെ, കേന്ദ്ര ഭരണത്തിന്റെ അധികാരാവകാശങ്ങളും സംസ്ഥാനങ്ങളുടെ / പ്രവിശ്യകളുടെ അധികാരാവകാശങ്ങളും വേർതിരിച്ച് വ്യക്തമാക്കപ്പെടും. രാഷ്ട്രത്തിന്റെ ഭരണഘടനയിൽത്തന്നെ ഇതുസംബന്ധിച്ച വ്യക്തമായ വിഷയ വിവരപ്പട്ടിക ഉണ്ടാകും. ഇന്ത്യൻ ഭരണഘടന അതിന് ഉത്തമദൃഷ്ടാന്തമാണ്.

ഇന്ത്യൻ ഭരണഘടനയുടെ 7–ാം ഷെഡ്യൂളിലാണ് ഇന്ത്യാ യൂണിയനും, സംസ്ഥാനങ്ങളും തമ്മിൽ നിയമനിർമാണ, ഭരണനിർവഹണ അധികാരങ്ങൾ വിഭജിച്ചുകൊണ്ടുള്ള ക്രമീകരണം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവിടെ മൂന്നു ലിസ്റ്റുകൾ വേർതിരിച്ചു നൽകിയിട്ടുണ്ട്. യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെയാണ് വിഭജനം. യൂണിയൻ ലിസ്റ്റിൽ 100 വിഷയങ്ങളുണ്ട്. പാർലമെന്റിന് നിയമനിർമ്മാണാവകാശവും, യൂണിയൻ ഗവൺമെന്റിന് ഭരണനിർവഹണ അധികാരവും ഈ വിഷയങ്ങളിന്മേലുണ്ട്. 66 വിഷയങ്ങളാണ് സംസ്ഥാന ലിസ്റ്റിൽ ഉള്ളത്. കൺകറന്റ് ലിസ്റ്റിൽ (സമവർത്തിപ്പട്ടികയിൽ) ഉള്ളത് 47 വിഷയങ്ങളാണ്. ഇതിൽ ഉൾപ്പെട്ട വിഷയങ്ങളിന്മേൽ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും നിയമനിർമ്മാണാവകാശമുണ്ട്. എന്നാൽ ഒരു വിഷയത്തിൽ പാർലമെന്റ് നിർമ്മിച്ച നിയമവും സംസ്ഥാന നിയമസഭ (കൾ) പാസ്സാക്കിയ നിയമവും തമ്മിൽ വെെരുദ്ധ്യമുണ്ടായാൽ, പാർലമെന്റ് പാസ്സാക്കിയ നിയമത്തിനാണ് പ്രാബല്യം കിട്ടുക. അതിന്റെ അർത്ഥം, യഥാർത്ഥത്തിൽ സമവർത്തിപ്പട്ടിക (കൺകറന്റ് ലിസ്റ്റ്) യൂണിയൻ ലിസ്റ്റിനു സമമാണ് എന്നുതന്നെ.

ഇതിനുപുറമേ, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 248 പ്രകാരം യൂണിയൻ ലിസ്റ്റിലോ സ്റ്റേറ്റ് ലിസ്റ്റിലോ ഉൾപ്പെടുത്തപ്പെടാതെ പോയ ഏതു വിഷയവും യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നതായിരിക്കും. പുതിയ ഏതെങ്കിലും വിഷയം, ഉയർന്നുവന്നാൽ ഉദാഹരണത്തിന് ‘നിർമ്മിതബുദ്ധി’; അത് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെടുമെന്നാണ് അനുഛേദം 248ന്റെ അർത്ഥം. ഇതിനുപുറമേ അനുഛേദം 246 ന്റെ ഉപവകുപ്പ് 4 അനുസരിച്ച്, യുണിയൻ ടെറിട്ടറികൾക്കു ബാധകമാകുന്നു എന്ന പേരിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുവേണ്ടി പാർലമെന്റിന് സംസ്ഥാന ലിസ്റ്റിൽപ്പെട്ടതുൾപ്പെടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും പാസ്സാക്കാൻ അവകാശമുണ്ട്.

ഇപ്പോൾ നടത്തിയ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച ഭരണഘടന വ്യവസ്ഥകളുടെ അവലോകനം സംശയരഹിതമായി വ്യക്തമാക്കുന്ന കാര്യം, സംസ്ഥാനങ്ങളുടെ അധികാരപരിമിതി ഭരണഘടനയിൽ വ്യക്തമായി മുഴച്ചുനിൽക്കുന്നുണ്ട് എന്നതാണ്.

അതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യ കാലത്ത് സെെനികബലം ഉപയോഗിച്ചാണ് ബ്രിട്ടൻ ഭരണം നടത്തിയിരുന്നത്. അന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലല്ലാതെ 560ൽ അധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. അവ സ്വതന്ത്ര നാട്ടുരാജ്യങ്ങളാണ് എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഫലത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടാണ് നിലനിന്നിരുന്നത്.

1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കുമ്പോൾ ഇന്ത്യ – പാകിസ്ഥാൻ വിഭജനം നടപ്പാക്കിയ ബ്രിട്ടൻ ഒരു പ്രഖ്യാപനം കൂടി നടത്തി. ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് പുതുതായി സൃഷ്ടിക്കപ്പെടുന്ന ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനുള്ള അവകാശം മാത്രമല്ല സ്വയം ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാനുള്ള സ്വാതന്ത്ര്യവും പ്രഖ്യാപിച്ചു. ഇതേത്തുടർന്നാണ് തിരുവിതാംകൂർ സ്വതന്ത്ര രാഷ്ട്രമായി മാറുന്നത് സംബന്ധിച്ച ദിവാൻ സി പി രാമസ്വാമി അയ്യരുടെ പ്രഖ്യാപനമുണ്ടാവുന്നത്; തിരുവിതാംകൂർ രാജാവുമായി ആലോചിച്ചാണിത് നടത്തുന്നത്. ഹെെദരാബാദ് നെെസാമും ഇന്ത്യൻ യൂണിയനുമായി ചേരാൻ വിസമ്മതിച്ചു. ജമ്മു കാശ്മീരിലും ജുനഗഢിലും വ്യത്യസ്ത രൂപത്തിൽ ഇതിന്റെ അനുരണനങ്ങളുണ്ടായി.

ഇത്തരത്തിൽ വേറിട്ടു പോകൽ പ്രവണതകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഭരണഘടനാ നിർമ്മാണസഭ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാര വിഭജനം ചർച്ച ചെയ്തത്. വളരെയേറെ സുശക്തമായ അഖിലേന്ത്യാ ഭരണകേന്ദ്രം ഉണ്ടാവണമെന്ന സങ്കൽപ്പനത്തിന് പ്രാമുഖ്യം ലഭിച്ചതിന്റെ പശ്ചാത്തലം ഇപ്പറഞ്ഞതാണ്.

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ പ്രവർത്തനം ആരംഭിക്കുന്നതിന് ഏതാണ്ട് കാൽനൂറ്റാണ്ടിലേറെ മുൻപേ രൂപവൽക്കരിക്കപ്പെട്ട സോവിയറ്റ് യൂണിയന്റെ ഭരണഘടനയിലാവട്ടെ, വേണമെങ്കിൽ വിട്ടുപിരിഞ്ഞുപോയി ഒരു സ്വതന്ത്രരാഷ്ട്രമായി മാറാനുള്ള സ്വാതന്ത്ര്യംപോലും ഉറപ്പുനൽകുന്ന തരത്തിലുള്ള സംവിധാനമാണ് തയ്യാറാക്കപ്പെട്ടത്. ഒരു ഡസനിലധികം സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകൾ ചേർന്ന യൂണിയൻ എന്നായിരുന്നുവല്ലോ യുഎസ്-എസ്ആർ എന്ന സോവിയറ്റ് രാഷ്ട്രനാമത്തിന്റെ വിപുലീകരണം: ‘യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്’. ഘടകറിപ്പബ്ലിക്കുകൾക്കൊക്കെ പ്രത്യേകം ഭരണഘടനകളും പതാകകളും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ഉണ്ടായിരുന്നു. യുണെെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ) യിലും ഘടക സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം ഭരണഘടനകളുണ്ട്.

ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലെ അധികാരവിഭജനം സംബന്ധിച്ച് ഒട്ടേറെ വെെജാത്യങ്ങൾ ഉണ്ടെന്നത് പ്രസിദ്ധം. ആ വിശദാംശങ്ങളിലേക്ക് ഇവിടെ പോകേണ്ടതില്ല.

ഇന്ത്യ അതിവിസ്–തൃതമായ ഒരു രാജ്യമാണ്. മാത്രമല്ല ഭരണഘടന അംഗീകരിക്കുന്ന 22 ഭാഷകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇവ ഭരണഘടനയുടെ 8–ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ടവയാണ്. ഇവയ്-ക്കുപുറമേ 38 ഭാഷകൾകൂടി 8–ാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള അംഗീകാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

ഇന്ത്യയിലെ ഭാഷാ വെെവിധ്യം അംഗീകരിക്കുവാൻ വിസമ്മതിച്ചുകൊണ്ട് ഇന്ത്യയ്ക്കാകെ ബാധകമായ ഏകഭാഷയായി ഹിന്ദി ഭാഷയ്ക്ക്, അധീശത്വം സ്ഥാപിച്ചുകൊടുക്കുവാൻ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാർ നടത്തുന്ന കുടിലനീക്കങ്ങളാണ് ഇന്ത്യയുടെ ഫെഡറൽ ഘടനയ്-ക്ക് ഏറ്റവും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന ഒരു വിഷയം.

മതാടിസ്ഥാനത്തിൽ രൂപവൽകരിക്കപ്പെട്ട പാകിസ്ഥാൻ ഭൂമിശാസ്ത്രപരമായി പടിഞ്ഞാറും കിഴക്കും പാകിസ്ഥാനുകൾ എന്ന് വേർപെട്ടുകിടക്കുകയായിരുന്നുവല്ലോ. 1971ൽ കിഴക്കൻ പാകിസ്ഥാൻ എന്ന പേര് ഉപേക്ഷിച്ച് ബംഗ്ലാദേശ് ആയതിൽ ബംഗാളി ഭാഷാഭിമാനം പ്രധാന ഘടകമായിരുന്നു എന്നത് ഓർക്കാവുന്നതാണ്.

ആർഎസ്എസ്സിനും ബിജെപിക്കും കീഴടങ്ങാതെ നിൽക്കുന്ന സംസ്ഥാന ഗവൺമെന്റുകൾക്കുനേരെ ഭരണപരമായും ധനപരമായും ജന്മി, കുടിയാനോടെന്നപോലെ ഭരണഘടനാവിരുദ്ധമായി പെരുമാറുന്ന സമീപകാലത്തെ ഒട്ടനേകം സംഭവങ്ങൾ ഫെഡറൽ തത്ത്വങ്ങളെ ലംഘിക്കുന്നതിന് ഉദാഹരണങ്ങളാണ്. അനുച്ഛേദം 356 ദുരുപയോഗിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതും, ഘടക പാർട്ടികളെ പാട്ടിലാക്കിയും പിളർത്തിയും അട്ടിമറിക്കുന്നതും കോൺഗ്രസ് സർക്കാരുകൾ തുടങ്ങിയതാണെങ്കിലും മോദി–അമിത് ഷാ ഭരണത്തിൽ അത് എല്ലാ സീമകളും അതിലംഘിച്ചിരിക്കുന്നു. ഗവർണർമാരെ, കേന്ദ്ര ബിജെപി സർക്കാരിന്റെ കാര്യസ്ഥനായ കുത്തിത്തിരിപ്പു ജോലി ഏൽപ്പിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട് : നോട്ടിഫെെ ചെയ്യപ്പെട്ട പുതിയ യുജിസി ചട്ടഭേദഗതികൾ പ്രകാരം ഗവർണർമാർക്ക് സംസ്ഥാന സർവകലാശാല വെെസ് ചാൻസലർ നിയമനത്തിൽ ഫ-ലത്തിൽ സർവാധികാരങ്ങളും ലഭിക്കുന്ന സ്ഥിതിയാണ്. അക്കാദമിക പരിചയമില്ലാത്തവരെയും വെെസ് ചാൻസലർമാരാക്കണം എന്നും പ്രഖ്യാപിക്കുന്നതാണ് പ്രസ്തുത കരട് വിജ്ഞാപനം.

ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകൾക്ക് മൂക്കുകയറിടാനുള്ള നീക്കവും മോദി വാഴ്ചയിൽ വ്യാപകമായിരിക്കുന്നു; വർദ്ധിച്ചുവരുന്നു. സംസ്ഥാനങ്ങളുടെ നിയമനിർമാണാവകാശത്തെപ്പോലും തടസ്സപ്പെടുത്തത്തക്കവിധം ബില്ലുകൾ ഒപ്പിടാതെ മാറ്റിവയ്ക്കുന്ന പ്രവണത അതിന്റെ ഭാഗമാണ്. ഇതും ഫെഡറൽ സംവിധാനത്തിനുമേലുള്ള ആക്രമണമാണ്.

ഭരണഘടന ഇതംഗീകരിക്കുമ്പോൾ സംസ്ഥാനപ്പട്ടികയിലുണ്ടായിരുന്ന വിദ്യാഭ്യാസം, വനം തുടങ്ങിയവ സമവർത്തിപ്പട്ടികയിലേക്ക് 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം കെെയടക്കി. അടിയന്തരാവസ്ഥ ക്കാലത്ത് ഇന്ദിരാഗാന്ധി സർക്കാരാണ് ഈ ഭരണഘടനാവിരുദ്ധമായ അതിക്രമം കാണിച്ചത്.

നരേന്ദ്രമോദി നയിക്കുന്ന ബിജെപി ഗവൺമെന്റ് സംസ്ഥാനപ്പട്ടികയിലുളള ‘സഹകരണ’ വകുപ്പ് കെെവശപ്പെടുത്താനുള്ള നീക്കം തുടങ്ങി. ആഭ്യന്തരമന്ത്രി അമിത് ഷായ്-ക്ക് ‘സഹകരണ വകുപ്പ്’ (പുതുതായി കേന്ദ്രത്തിൽ കൊണ്ടുവന്ന്) ചുമതല കൃത്യമായ ‘കാഴ്ചപ്പാടോടെ’ ഏൽപ്പിച്ചിരിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ കെെവശമുള്ള കേന്ദ്ര അനേ-്വഷണ ഏജൻസികളെക്കൂടി, ഭീഷണിക്കും ബലപ്രയോഗത്തിനും ദുരുപയോഗപ്പെടുത്തി സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ വരുതിയിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ നീക്കം.

മുസ്ലീം ഭൂരിപക്ഷമുള്ള ജമ്മുകാശ്മീർ സംസ്ഥാനത്തിന് സവിശേഷ അധികാരാവകാശങ്ങളും പ്രത്യേക പദവിയും സംസ്ഥാന ഭരണഘടനയും ഇന്ത്യയുടെ ഭരണഘടനാനിർമാണസഭതന്നെ അംഗീകരിച്ചുകൊടുത്തതാണ്. (എന്തിന് ജമ്മുകാശ്മീരിന് പ്രത്യേക ഭരണഘടന എന്നു ചോദിക്കുന്നവരോട്: അമേരിക്കൻ ഐക്യനാടുകളിൽ എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം ഭരണഘടനകളുണ്ട്.) മുസ്ലീം രാഷ്ട്രമെന്ന നിലയിൽ സ്ഥാപിതമായ പാക്കിസ്ഥാനോടു ചേരാനല്ല; മതേതര ഇന്ത്യയുടെ ഭാഗമാകാനാണ്, പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന, മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു ആൻഡ് കാശ്മീർ തീരുമാനിച്ചത് എന്ന ചരിത്രവസ്തുത ‘ഇന്ത്യ എന്ന ആശയ’ത്തിന് എത്രമാത്രം അഭിമാനകരമാണ്. ആ തീരുമാനം കെെക്കൊണ്ട സന്ദർഭത്തിൽ ഇന്ത്യയുടെ ദേശീയ നേതൃത്വം, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും, സർദാർ വല്ലഭ് ഭായ് പട്ടേലും ഡോ. അംബേദ്ക്കറും ഡോ. രാജേന്ദ്രപ്രസാദും, ഷേക്ക് അബ്ദുള്ളയും പരസ്പരം ചർച്ച ചെയ്തു കെെക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഭരണഘടനാനിർമാണസഭ അനുച്ഛേദം 370 അംഗീകരിച്ചത്. യാതൊരു മുൻകാല നോട്ടീസും പാർലമെന്റ് ചർച്ചയും കൂടാതെ ജമ്മു ആൻഡ് കാശ‍്-മീരിന്റെ അനുച്ഛേദം 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കുകയും അനുച്ഛേദം 370ന്റെ ഉള്ളടക്കം ഒന്നടങ്കം റദ്ദാക്കുകയും ചെയ്തു, ആർഎസ്എസ് പദ്ധതി പ്രകാരം മോദി–അമിത് ഷാ ദ്വന്ദ്വം. അത് നഗ്നമായ പാർലമെന്ററി നടപടിക്രമങ്ങളുടെ അട്ടിമറിയും ഫെഡറലിസത്തിന്റെ ധ്വംസനവുമാണ്. മാത്രമല്ല പ്രത്യേക സംസ്ഥാന പദവിയുണ്ടായിരുന്ന ജമ്മു കാശ‍്-മീരിനെ ഒരു സംസ്ഥാനം പോലുമല്ലാതാക്കി, രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി അപമാനിച്ചു; ദേശീയ ഐക്യത്തിനെതിരായ ഏറ്റവും ആപൽക്കരമായ ആക്രമണമായാണിതിനെ കാണേണ്ടത്.

ഇതേത്തുടർന്ന് ആ സംസ്ഥാനത്ത് അടിയന്തരാവസ്ഥാ സമാനമായ അടിച്ചമർത്തലും നടപ്പാക്കി. വാർത്താവിനിയമയബന്ധം വിച്ഛേദിച്ചു. മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കി. പ്രതിപക്ഷമുഖ്യമന്ത്രിമാരെ ജയിലിലടച്ച് തിരഞ്ഞെടുപ്പു നടത്തിയ മോദി ചെയ്തത് സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിനെതിരായ ഏകാധിപത്യ പ്രയോഗമാണെന്നും ഓർമിക്കുക.

സംസ്ഥാന നിയമസഭ ചർച്ച ചെയ്ത് അഭിപ്രായം രൂപീകരിക്കാതെ ഒരൊറ്റ സംസ്ഥാനത്തിന്റേയും ഭൂപരിധിയും അതിർത്തിയും പാർലമെന്റ് പുതുക്കരുത് എന്ന കീഴ്-വഴക്കം ലംഘിച്ചുകൊണ്ടാണ് ജമ്മു കാശ്മീരിനെ രണ്ടു യൂണിയൻ ടെറിട്ടറികളായി മാറ്റാനുള്ള പാർലമെന്റ് തീരുമാനം മോദി – അമിത്ഷാ ദ്വന്ദ്വം നടപ്പാക്കിയത്.

ധനകാര്യ ഫെഡറലിസമാണ് ഏറ്റവും വലിയ കെടുതി നേരിടുന്നത്. വെെരനിര്യാതനപൂർവം പ്രതിപക്ഷ സംസ്ഥാന ഗവൺമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നില്ല; പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല; തുല്യനിലയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നുമില്ല. ഇന്ത്യയിൽ ആകെ സർക്കാർ ചെലവിൽ കേന്ദ്ര ഗവൺമെന്റിന്റെ ആകെ ചെലവ് 40 % വരും. എന്നാൽ നികുതി വരുമാനത്തിന്റെ 60% കേന്ദ്രത്തിനും ലഭ്യമാക്കുന്നു.

ഭരണസംവിധാനത്തിലെ എല്ലാ സംസ്ഥാനങ്ങളും കൂടിച്ചേർന്ന് രാജ്യത്ത് സർക്കാർ ചെലവുകളുടെ 60% നിർവ്വഹിക്കുന്നു. പക്ഷേ സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിന്റെ ആകെ ഭാഗമായി ലഭിക്കുന്നത് 40% മാത്രം. നേരെമറിച്ച് ചെലവിന്റെ 40% മാത്രം വഹിക്കുന്ന കേന്ദ്രത്തിന് നികുതി വരുമാനത്തിന്റെ 60% ലഭിക്കുന്നു.

ഒറ്റനോട്ടത്തിൽത്തന്നെ അതിഭീമമായ ഈ സാമ്പത്തിക അനീതി തിരുത്തപ്പെടേണ്ടതുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നീക്കം നഗ്നമായ സേ-്വച്ഛാധിപത്യത്തിലേക്കുള്ള നീക്കമാണ്. ദേശീയതലത്തിലെയും സംസ്ഥാനങ്ങളിലെയും പ്രാദേശിക ഭരണസമിതികളിലെയും തിരഞ്ഞെടുപ്പുകളാകെ ഒന്നിച്ചു നടത്തുക എന്ന അജൻഡയാണ് പ്രധാനമന്ത്രി മോദി ഇപ്പോൾ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ന്യായീകരണമായി അദ്ദേഹം പറയുന്നത്, തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുക, ഭരണപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുക, ഓരോ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും നടപ്പാക്കപ്പെടുന്ന മാതൃകാ പെരുമാറ്റച്ചട്ടംമൂലമുണ്ടാകുന്ന ഭരണപരമായ നയങ്ങളും പരിപാടികളും നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കൽ എന്നിവയാണ്. വളരെ ദുർബലവും പരിഹാസ്യവുമായ നിലപാടാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്.

ചെലവ് കുറയ്ക്കാൻ കഴിയുമെന്ന വാദം തന്നെ തെറ്റാണ്; യഥാർഥത്തിൽ ഒറ്റത്തവണ തിരഞ്ഞെടുപ്പുകൊണ്ട് ചെലവ് വർദ്ധിക്കാനാണ് സാധ്യതയെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതൽ വോട്ടിങ് യന്ത്രങ്ങൾ, കൂടുതൽ ഉദേ-്യാഗസ്ഥർ, കൂടുതൽ പോളിങ് ബൂത്തുകൾ എന്നിവയെല്ലാം അധികച്ചെലവ് സൃഷ്ടിക്കും. വികസന നയങ്ങളും പരിപാടികളും മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴല്ലാതെ അതിനുമുൻപുതന്നെ തുടങ്ങാനും തുടരാനും കഴിയും. അക്കാര്യത്തിൽ എന്തെങ്കിലും തടസ്സമുണ്ടാകുന്നുവെങ്കിൽ അതിന് മറ്റു മാർഗങ്ങൾ കൂട്ടായ ചർച്ചകളിലൂടെ നടപ്പാക്കാവുന്നതാണ്.

എന്നാൽ ‘‘ഒറ്റത്തവണ തിരഞ്ഞെടുപ്പ് അഥവാ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ’’ എന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ ഫെഡറലിസത്തെ അട്ടിമറിക്കലാകും. തിരഞ്ഞെടുപ്പ് പ്രക്രിയയാകെ കേന്ദ്രീകരിക്കുന്നത്- സംസ്ഥാനങ്ങളുടെ സ്വയംഭരണം ഇല്ലാതാക്കും; പ്രാദേശിക പ്രാതിനിധ്യം പരിമിതപ്പെടുത്തും, ഒരേ തരത്തിലുള്ള രാഷ്ട്രീയ സംസ്കാരം അടിച്ചേൽപ്പിക്കപ്പെടും. അതായത് ഇന്ത്യയുടെ വെെവിധ്യത്തെതന്നെ അത് തകർക്കും. ഒറ്റത്തവണ തിരഞ്ഞെടുപ്പ് മൂലം ദേശീയ വിഷയങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുകയും സംസ്ഥാന വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും അപ്രസക്തമാകുകയും ചെയ്യും. പാർലമെന്റ് തിരഞ്ഞെടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും പ്രാദേശിക തിരഞ്ഞെടുപ്പായാലും ഓരോ സ്ഥാനാർഥിയും മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ സവിശേഷ വിഷയങ്ങൾ ഉയർത്താനും ചർച്ച ചെയ്യാനും ഇന്നു ലഭിയ്ക്കുന്ന അവസരമാണ് ഒറ്റത്തിരഞ്ഞെടുപ്പിലൂടെ നഷ്ടമാവുക. തന്മൂലം പ്രാദേശിക വികസന പ്രശ്നങ്ങളും തൃണമൂലതല ജനാധിപത്യവും ഇല്ലാതാകും.

കേന്ദ്രീകരിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രചരണം ബിജെപിയെപ്പോലെയുള്ള വിഭവ സമൃദ്ധിയുള്ള പാർട്ടികൾക്ക് പ്രചരണത്തിൽ മേൽക്കെെ സൃഷ്ടിക്കാൻ അവസരമാകും; പ്രാദേശിക കക്ഷികൾ പിന്തള്ളപ്പെടും. മാത്രമല്ല, സംസ്ഥാന നിയമസഭകളുടെ കാലാവധി ലോക്-സഭയുടെ കാലാവധിയുമായി കൂട്ടിക്കെട്ടുമ്പോൾ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി 5 വർഷം പൂർത്തിയാകാതെ വരും. ഭരണഘടനയുടെ അനുച്ഛേദം 174 പ്രകാരം സംസ്ഥാന നിയമസഭകൾ പിരിച്ചുവിടാൻ ഉപദേശിക്കാൻ മുഖ്യമന്ത്രിമാർക്ക് അധികാരമുണ്ട്. പുതിയ സംവിധാനം വരുമ്പോൾ അതാകെ പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കും. പ്രാദേശിക ഭരണസമിതികളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുമ്പോൾ അധികാര വികേന്ദ്രീകരണം തകർക്കപ്പെടുന്നു. രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യം തകർക്കുകയും പ്രസിഡൻഷ്യൽ രീതിയിലേക്ക് ഭരണസംവിധാനത്തെ കൊണ്ടുപോവുകയുമാണ് ഈ നീക്കത്തിനു പിന്നിലുള്ള ആർഎസ്എസ് അജൻഡ. അത് നടപ്പാക്കാനാണ‍് മോദി സർക്കാർ ശ്രമിക്കുന്നത്.

ശക്തമായ അഖിലേന്ത്യാ കേന്ദ്രവും സുശക്തമായ സംസ്ഥാനങ്ങളുമാണ് ഇന്ത്യയുടെ ഐക്യത്തിന് അനുപേക്ഷണീയം. ഭരണഘടനയുടെ അടിസ്ഥാന ഘടനകളിലൊന്നാണ് ഫെഡറൽ സംവിധാനം. അടിസ്ഥാന ഘടനയിൽ മാറ്റം പാടില്ലെന്ന സുപ്രീം കോടതിവിധിയെപ്പോലും മറികടന്നാണ്, മോദി വാഴ്ചയിൽ ഭരണഘടനാ ഭേദഗതി കൂടാതെ തന്നെ ഫലത്തിൽ അതിന്റെ അന്തഃസത്ത തകർക്കുന്നത്. അത് എതിർക്കപ്പെടേണ്ടതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 20 =

Most Popular