Wednesday, February 12, 2025

ad

Homeആമുഖംആമുഖം

ആമുഖം

ഗോളതാപനം കഴിഞ്ഞ കുറേ വർഷങ്ങളായി ലോകം ചർച്ച ചെയ്യുന്ന വിഷയമാണ്. അതിന് അടിയന്തരമായും പരിഹാരം കാണാനായില്ലെങ്കിൽ നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന കാര്യത്തിലും അധികമാർക്കും സംശയമുണ്ടാകാനിടയില്ല. ഈ വിപത്തിനെതിരെ പുറന്തിരിഞ്ഞുനിൽക്കുന്ന, അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കാൻ പോകുന്ന ട്രംപിനെപ്പോലെയുള്ള ചിലരും ഉണ്ടെന്ന യാഥാർഥ്യവും കാണാതിരിക്കാനാവില്ല.

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രൊജക്ടിന്റെ കാർബൺ ബഹിർഗമനം സംബന്ധിച്ച് 2024ലെ റിപ്പോർട്ടിന്റെ ശീർഷകം തന്നെ ശ്രദ്ധേയമാണ് –No More Hot Air….Please. അതായത്, ദയവുചെയ്ത് ഇനിയും ചൂട് കൂട്ടരുതേയെന്ന്. പക്ഷേ, ഇതാരോടാണ് പറയുന്നത്? ലോകത്തെ 800 കോടിയിലേറെ വരുന്ന ജനസാമാന്യത്തോടാണോ? ഇക്കാര്യത്തിൽ ജനങ്ങൾക്ക്, പ്രത്യേകിച്ചും വികസിതരാജ്യങ്ങളിലെ, ഒരു പരിധിവരെ വികസ്വരരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഇതിലൊരു പങ്കുവഹിക്കാനുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഒന്ന്, കാർബൺ ഉൾപ്പെടെയുളള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പരമാവധി കുറയ്ക്കുന്നതിനു പര്യാപ്തമായ ജീവിതരീതി പിന്തുടരുക; രണ്ട്, കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രശ്നങ്ങൾക്കുനേരെ പുറന്തിരിഞ്ഞുനിൽക്കുന്ന ട്രംപിനെപ്പോലെയുള്ള വലതുപക്ഷ രാഷ്ട്രീയക്കാരെ അധികാരത്തിൽനിന്നൊഴിവാക്കുക.

ഇവിടെയാണ് ആഗോളതാപനത്തിനു പിന്നിലെ രാഷ്ട്രീയം അഥവാ വർഗപരമായ പ്രശ്നം സ്ഥിതി ചെയ്യുന്നത്. 1980കളിൽത്തന്നെ ഈ വിപത്തിനു പിന്നിലെ വൻകിട എണ്ണക്കമ്പനികളുടെ പങ്കിനെക്കുറിച്ച് നിരവധി ഗവേഷണപഠനങ്ങൾ നടന്നതാണ്. എന്നാൽ അത് വലിയ ചർച്ചയാകാതെ മൂടിവയ്ക്കാൻ കുറേക്കാലത്തേക്ക് മൂലധന താൽപ്പര്യക്കാർക്ക് കഴിഞ്ഞു; ഇന്ന് അത്തരം പഠനങ്ങൾ പൊതുമണ്ഡലത്തിൽ എത്തിയിട്ടും വേണ്ടത്ര ഗൗരവം അതിനു നൽകാതിരിക്കുന്നത് അതിനു പിന്നിലുള്ള മൂലധന താൽപ്പര്യം തന്നെയാണ്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയിലെ പരിമിതവും അപര്യാപ്തവുമായ വ്യവസ്ഥകൾപോലും അംഗീകരിക്കാനാവില്ലയെന്നു പറഞ്ഞ് അതിൽനിന്നു പിന്മാറിയ ട്രംപ് ഭരണകാലത്തെ അമേരിക്കയെ നമുക്ക് ഓർമയുണ്ടായിരിക്കണം. അമേരിക്കയിൽ തീവ്രദേശീയ വികാരം ഇളക്കിവിടാനാണ് ട്രംപ് ഗവൺമെന്റ് പാരീസ് ഉടമ്പടിയെ കരുവാക്കിയത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കുന്നതും അമേരിക്കയുടെ ഹരിതഗൃഹവാതക ബഹിർഗമനത്തെ ഗണ്യമായി കുറയ്ക്കുന്നതും അമേരിക്കൻ ജനതയുടെ താൽപ്പര്യത്തിനല്ല എതിരാകുന്നത്, മറിച്ച് അമേരിക്ക ആസ്ഥാനമായ കൂറ്റൻ ബഹുരാഷ്ട്ര എണ്ണക്കമ്പനികളുടെ കൊള്ളലാഭക്കൊതിയെ തൃപ്തിപ്പെടുത്താനാണ് അത്തരം നിലപാട് അവർ സ്വീകരിക്കുന്നത്.

ആഗോളതാപനത്തിന് മുഖ്യ ഉത്തരവാദികൾ അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന വികസിത മുതലാളിത്ത രാജ്യങ്ങളാണെന്നാണ് എല്ലാ പഠനങ്ങളും വെളിപ്പെടുത്തുന്നത്. സഞ്ചിത ഹരിതഗൃഹവാതക ബഹിർഗമനത്തിൽ 1850–1990 കാലത്തെ അവസ്ഥ പരിശോധിച്ചാൽ അതിന്റെ 26 ശതമാനം ആഗോള ജനസംഖ്യയിൽ 5 ശതമാനം മാത്രമുള്ള അമേരിക്കയുടെ വിഹിതമാണ്. ആഗോളജനസംഖ്യയിൽ 9 ശതമാനം വരുന്ന യൂറോപ്യൻ യൂണിയന്റെ ബഹിർഗമന വിഹിതം 23 ശതമാനവും. എന്നാൽ ആഗോള ജനസംഖ്യയിൽ 22 ശതമാനം വരുന്ന ചെെനയുടെയും 17 ശതമാനം വരുന്ന (1990ലെ കണക്ക്) ഇന്ത്യയുടെയും കാർബൺ ബഹിർഗമനം യഥാക്രമം 7 ശതമാനവും 4 ശതമാനവും മാത്രമാണെന്ന യാഥാർഥ്യമാണ് കാലാവസ്ഥാ നീതിയെക്കുറിച്ചുള്ള ചർച്ചയിൽ മുഴങ്ങേണ്ടത്. ദരിദ്രരാജ്യങ്ങളുടെ സ്ഥിതി പറയുകയും വേണ്ട. ഈ വിഷയമാണ് ഞങ്ങൾ ഈ ലക്കത്തിൽ കവർ സ്റ്റോറിയായി കെെകാര്യം ചെയ്യുന്നത്. ഡോ. ജോർജ് തോമസ്, ഗോപകുമാർ മുകുന്ദൻ, ഡോ. അഭിലാഷ് എന്നിവരാണ് ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപാദിക്കുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നാം അറിയുന്നതും യഥാർഥത്തിൽ അറിയേണ്ടതുമായ കാര്യങ്ങൾ വിവരിക്കുകയാണ് ഇവിടെ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular