Tuesday, January 7, 2025

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കൻ ഉപരോധത്തിനെതിരെ ക്യൂബയിൽ മാർച്ച്‌

അമേരിക്കൻ ഉപരോധത്തിനെതിരെ ക്യൂബയിൽ മാർച്ച്‌

ആര്യ ജിനദേവൻ

ക്യൂബയിലെ അമേരിക്കൻ എംബസിക്കു മുന്നിലേക്ക്‌ ഡിസംബർ 20ന്‌ അഞ്ചുലക്ഷത്തിലധികം ഹവാന നിവാസികൾ മാർച്ച്‌ ചെയ്‌തെത്തി. ആ മാർച്ചിന്‌ നേതൃത്വം നൽകിയത്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗ്വേൽ ഡയസ്‌കാനെയും മുൻ പ്രസിഡന്റും വിപ്ലവനായകനുമായ ജനറൽ റൗൾ കാസ്‌ട്രോയുമായിരുന്നു. അമേരിക്ക പ്രചരിപ്പിക്കുന്ന ‘‘കുപ്രസിദ്ധ രാജ്യങ്ങളുടെ പട്ടികയിൽനിന്ന്‌ ക്യൂബയുടെ പേര്‌ നീക്കംചെയ്യൂ, മി. ബൈഡൻ’’ എന്നാണ്‌ പ്രകടനക്കാർ അമേരിക്കൻ ഭരണാധികാരികളോട്‌ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്‌. ഒരാഴ്‌ച മുന്പ്‌ ക്യൂബൻ പ്രസിഡന്റാണ്‌ ഇത്തരമൊരു മാർച്ചിന്‌ ആഹ്വാനം ചെയ്‌തത്‌.

ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള മനുഷ്യർ‐ വിദ്യാർഥികൾ, ഡോക്ടർമാർ, തൊഴിലാളികൾ, കലാകാരർ തുടങ്ങി നാനാവിഭാഗമാളുകൾ ഈ മാർച്ചിൽ അണിനിരന്നു. ‘‘ഞങ്ങൾ തോൽക്കില്ല, തോക്കാനൊട്ട്‌ മനസ്സുമില്ല; ഇത്‌ വിപ്ലവമാണ്‌’’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തിയാണ്‌ വിദ്യാർഥികളും യുവജനങ്ങളും മാർച്ച്‌ ചെയ്‌ത്‌ നീങ്ങിയത്‌.

ഹവാനയിലെ സാമ്രാജ്യത്വവിരുദ്ധ ഹോസെമാർട്ടി ട്രിബ്യൂണലിൽനിന്നാണ്‌ ഈ ബഹുജനമുന്നേറ്റം ആരംഭിച്ചത്‌. അമേരിക്കൻ എംബസിയുടെ നേരെ എതിർവശത്താണ്‌ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്‌. അവിടെ തടിച്ചുകൂടിയ ജനസാഗരത്തെ അഭിസംബോധനചെയ്‌ത പ്രസിഡന്റ്‌ മിഗ്വേൽ ഡയസ്‌ കാനൽ അമേരിക്കൻ ഗവൺമെന്റിന്റെ നിഷ്‌ക്രിയത്വത്തെ ശക്തമായി അപലപിച്ചു. അമേരിക്ക ക്യൂബയ്‌ക്കുമേൽ 60 വർഷമായി ഏർപ്പെടുത്തിയ ഉപരോധത്തിൽ ഒബാമയുടെ ഭരണകാലത്ത്‌ ചെറിയ അയവ്‌ വരുത്തിയിരുന്നു. ട്രംപ്‌ അധികാരത്തിലെത്തിയതോടെ ഈ അയവ്‌ റദ്ദാക്കുകയും കൂടുതൽ കർക്കശമാക്കുകയും ചെയ്‌തു. ട്രംപിന്‌ ഭരണം നഷ്ടപ്പെട്ട്‌ പകരം ബൈഡൻ അധികാരത്തിലെത്തിയപ്പോൾ ഒരു മാറ്റവും വരുത്താതെ ട്രംപിന്റെ പാത പിന്തുടരുന്നതിനെയാണ്‌ നിഷ്‌ക്രിയ നീക്കമെന്ന്‌ ക്യൂബൻ പ്രസിഡന്റ്‌ വിശേഷിപ്പിച്ചത്‌. ഭക്ഷണസാധനങ്ങൾ, ഔഷധം, ഇന്ധനം, നിലനിൽപ്പിന്‌ അനിവാര്യമായ മറ്റ്‌ അവശ്യസാധനങ്ങൾ എന്നിവയെല്ലാം ക്യൂബയിലേക്ക്‌ ഇറക്കുമതിചെയ്യാൻ പറ്റാത്ത അവസ്ഥയാണ്‌ ഈ ഉപരോധം സൃഷ്ടിച്ചിരിക്കുന്നത്‌.

നിയമവിരുദ്ധവും നിഷ്‌ഠുരവുമായ ഉപരോധം തുടരുന്നതിനൊപ്പം ഇപ്പോൾ തെക്കൻ ഫ്‌ളോറിഡയിൽ സായുധസംഘങ്ങൾക്ക്‌ പരിശീലനം നൽകുന്നുമുണ്ട്‌. ക്യൂബയ്‌ക്കുമേൽ ഭീകരാക്രമണം നടത്തുടകയെന്ന ലക്ഷ്യത്തോടെയാണ്‌ അമേരിക്ക ഇത്തരം ക്രിമിനൽ സംഘങ്ങളെ പരിശീലിപ്പിക്കുന്നത്‌. അമേരിക്കയുടെ തന്നെ നിയമങ്ങളും അന്താരാഷ്‌ട്ര ഉടന്പടികളുമെല്ലാം ലംഘിച്ചുകൊണ്ടുള്ള നഗ്നമായ നിയമവിരുദ്ധ നീക്കമാണ്‌ ഇപ്പോൾ അമേരിക്കൻ ഭരണകൂടം നടത്തുന്നത്‌. 1959ൽ ക്യൂബൻ വിപ്ലവം വിജയിച്ച കാലം മുതൽ അമേരിക്ക തുടരുന്നതാണ്‌ ക്യൂബൻ ഭരണം അട്ടിമറിക്കാനുള്ള ഈ നീക്കം. ഫിദെൽ കാസ്ട്രോയെ വധിക്കാൻ 630ലേറെ നീക്കങ്ങൾ അമേരിക്ക നടത്തി. കാസ്‌ട്രോയെ വധിച്ചാൽ ക്യൂബൻ വിപ്ലവ ഭരണത്തെ ഇല്ലാതാക്കാമെന്നായിരുന്നു അമേരിക്കൻ ഭരണാധികാരികളുടെ കണക്കുകൂട്ടൽ. എന്നാൽ അദ്ദേഹത്തെ വധിക്കാനവർക്ക്‌ കഴിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ സ്വാഭാവികമായ മരണാനന്തരം വിപ്ലവഭരണത്തെ അട്ടിമറിക്കാമെന്ന അവരുടെ വ്യാമോഹവും അസ്‌തമിച്ചിരിക്കുകയാണ്‌. വിപ്ലവാനന്തര തലമുറയിലെ നേതാവായ മിഗ്വേൽ ഡയസ്‌ കാനൽ അധികാരമേറ്റശേഷവും വിപ്ലവത്തിന്റെ രക്തപതാക ഉയർത്തിതന്നെയാണ്‌ ക്യൂബ ഇപ്പോഴും മുന്നേറുന്നത്‌. അതിൽ അസ്വസ്ഥരായ അമേരിക്കൻ ഭരണാധികാരികൾ ഇപ്പോൾ വീണ്ടും ഭീകരപ്രവർത്തനത്തിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌.

ട്രന്പ്‌ വീണ്ടും അധികാരത്തിലെത്തിയതോടെ ഈ ആക്രമണം കൂടുതൽ രൂക്ഷമാകുമെന്ന്‌ മിഗ്വേൽ ഡയസ്‌ കാനൽ ജനങ്ങളെ ഓർമിപ്പിച്ചു. ഇതൊരു സാമ്രാജ്യത്വവിരുദ്ധ മാർച്ചാണ്‌. വിജയംവരെ ഈ ചെറുത്തുനിൽപ്പ്‌ തുടരുമെന്ന പ്രഖ്യാപനത്തോടെയാണ്‌ പ്രസിഡന്റ്‌ വാക്കുകൾ അവസാനിപ്പിച്ചത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 10 =

Most Popular