Saturday, May 4, 2024

ad

Homeകവര്‍സ്റ്റോറിക്ഷേമവും വികസനവും ഉറപ്പാക്കി ധനദൃഢീകരണത്തിലേക്ക്

ക്ഷേമവും വികസനവും ഉറപ്പാക്കി ധനദൃഢീകരണത്തിലേക്ക്

എം. ഗോപകുമാര്‍

ഇടതുപക്ഷം സ്വീകരിച്ചുപോരുന്ന സാമ്പത്തിക, ധനസമീപനത്തിന്‍റെ ഫലം തെളിയിക്കുന്നതാണ് 2023-24 ലെ ബജറ്റും നിയമസഭയില്‍ വച്ച 2022 ലെ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും.ക്ഷേമവും വികസനവും ഉറപ്പാക്കിക്കൊണ്ടുതന്നെ ധനദൃഢീകരണത്തിന്‍റെ വഴി സ്വീകരിക്കുന്ന രീതിയാണ് ഈ സമീപനത്തിന്‍റെ കാതല്‍. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ചും മഹാമാരിയുടെ കാലത്തുപോലും സര്‍ക്കാരിന്‍റെ പണം ചെലവഴിക്കുന്നതില്‍ മടിച്ചുനിന്നും മനുഷ്യര്‍ക്ക് ദുരിതം വരുത്തുന്ന ധനയാഥാസ്ഥിതിക സമീപനമല്ല ഇടതുപക്ഷത്തിന്‍റെ വഴി. ദുരിത കാലത്തു പകച്ചുനില്‍ക്കാതെ സാധ്യമായ വഴികളില്‍ നിന്നും ധനസമാഹരണം നടത്തി ക്ഷേമവും നാളെയുടെ വികസനവും ഉറപ്പാക്കുന്ന, കൂടുതല്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടലാണ് ഇടതുപക്ഷ തന്ത്രം. ആ സമീപനം അംഗീകരിക്കാത്ത കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്ന ഒരു പല്ലവിയുണ്ട്. നാടാകെ പൂട്ടിക്കിടന്ന കാലത്ത് സൗജന്യമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അവശ്യ സാധന കിറ്റ് കടംവരുത്തി എന്ന വായ്ത്താരി. ക്ഷേമം ഉറപ്പാക്കുകയും അനുവദിക്കപ്പെട്ട അധിക വായ്പ എടുത്തു മുതല്‍മുടക്കുകയും ചെയ്യുക, അതു നാളെ സമ്പദ്ഘടനയില്‍ വളര്‍ച്ച ഉണ്ടാക്കും; അപ്പോള്‍ നാം ആ ദുരിതകാലം അതിജീവിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഈ നയമാണ് കോവിഡ് കാലത്തെ വലിയ തകര്‍ച്ചയില്‍ നിന്നും കേരളത്തെ അതിവേഗത്തില്‍ വളര്‍ച്ചയുടെ പാതയില്‍ തിരികെ എത്തിക്കുന്നത്.

മാധ്യമങ്ങള്‍ പരത്തിയ കടപ്പേടി
എന്തായിരുന്നു ബജറ്റിനു തലേന്നുവരെ സകല മാധ്യമങ്ങളും ഒരുപറ്റം പണ്ഡിതരും പ്രചരിപ്പിച്ചത്? കേരളം കടത്തില്‍ നിന്നും കടത്തിലേക്കു കൂപ്പുകുത്തുന്നു, കടക്കെണിയാണ്. ഇങ്ങനെ കടപ്പേടി പരത്തലായിരുന്നു ബജറ്റിനു മുന്‍പുള്ള പ്രചരണം. ആകെ കടഭാരം, കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ 37.18% എന്നതു തന്നെ നുണയാണെന്നാണ് മനോരമ പറഞ്ഞത്. റിസര്‍വ് ബാങ്ക് പറയുന്ന കടം 39.1 ശതമാനമാണ് എന്നുപറഞ്ഞ് ഭീതി പരത്താനിറങ്ങിയതും നാം കണ്ടു. ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരം കേന്ദ്രം സംഘടിപ്പിച്ചു തന്ന വായ്പകൂടി കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് പറയുന്നത്, ആയിനത്തിലുള്ള 14,000 കോടിയില്‍പ്പരം രൂപ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്നതാണ് എന്നതൊന്നും പരിഗണിക്കാതെ ഈ ഭയവ്യാപാരം തുടര്‍ന്നു. ഇപ്പോള്‍ ബജറ്റില്‍ പുതുക്കിയ കണക്കുകള്‍ വന്നിരിക്കുന്നു.

സംസ്ഥാനത്തിന്‍റെ ആകെ കടം സംസ്ഥാന വരുമാനത്തിന്‍റെ 37.18% എന്നതില്‍ നിന്നും നടപ്പുധനകാര്യവര്‍ഷം തന്നെ 36.38% ആയി കുറയുന്നു. അടുത്ത വര്‍ഷം ഇതു 36 ശതമാനമായി വീണ്ടും താഴും. 2000-2005 കാലത്ത് ശരാശരി 43.6% ആയിരുന്നു കേരളത്തിന്‍റെ കടം. ആകെ റവന്യൂ വരുമാനത്തിന്‍റെ 27.5 % പലിശച്ചെലവായിരുന്നു. വരുംവര്‍ഷത്തെ നമ്മുടെ പലിശച്ചെലവ് 19 ശതമാനമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പലിശച്ചെലവാകട്ടെ വായ്പ ഒഴികെയുള്ള വരുമാനത്തിന്‍റെ 40 ശതമാനമാണ്.

ധനക്കമ്മി 2022-23 ലെ ബജറ്റ് കണക്കുകളില്‍ പറഞ്ഞ 3.91% എന്നത് പുതുക്കിയ കണക്കുകള്‍ അനുസരിച്ചു 3.61 ശതമാനമേ വരൂ. 2023-24 ല്‍ ഇതു വീണ്ടും താഴ്ന്ന് 3.5% ആകും. കോവിഡിനെ തുടര്‍ന്നനുവദിച്ച അധികകടം മൂലം ഉയര്‍ന്ന ഈ സൂചകങ്ങള്‍ സാധാരണനിലയിലേക്കു തിരികെ എത്തുകയാണ്. റവന്യൂ കമ്മിയും കുറയുകയാണ്. നടപ്പു വര്‍ഷം തന്നെ 2.3 ശതമാനം എന്നത് 1.9 ശതമാനമായി ഇടിയും. വരും വര്‍ഷം 2.11% ആകും. ഇങ്ങനെ അംഗീകൃത ധനസൂചകങ്ങള്‍ എല്ലാം മെച്ചപ്പെടുന്ന ചിത്രമാണ് 2023-2024 ലെ ബജറ്റ് നല്‍കുന്നത്. ബജറ്റിനു മുന്‍പ് മാസങ്ങളായി ഈ കടപ്പേടി പരത്തി കേരളം തകരാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ചവര്‍ ഈ ധനദൃഢീകരണം (എശരെമഹ ഇീിീഹെശറമശേീി) സംബന്ധിച്ച് തികഞ്ഞ മൗനം പുലര്‍ത്തുന്നതും കാണണം.

കുതിക്കുന്ന കേരള സമ്പദ്ഘടന
പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2021-2022 ല്‍ കേരള സമ്പദ്ഘടന 12.01 ശതമാനം കണ്ട്വളര്‍ച്ച കൈവരിച്ചു. തലേക്കൊല്ലം കോവിഡുമൂലം 8.43 ശതമാനം കീഴോട്ടു പോയ കേരള സമ്പദ് ഘടനയാണ് ഈ ഇരട്ടഅക്ക വളര്‍ച്ച നിരക്കുമായി അതിദ്രുതം വീണ്ടെടുപ്പും വളര്‍ച്ചയും കൈവരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാര്‍ഷിക, കാര്‍ഷികാനുബന്ധ മേഖലകള്‍ 4.6 ശതമാനവും വ്യവസായം 3.8 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി എന്നതു പ്രത്യേകം പറയേണ്ടതുണ്ട്. 2022-23 ലെ പുതുക്കിയ കണക്കുകളും വരുംവര്‍ഷത്തെ ബജറ്റ് കണക്കുകളും ഈ ഇരട്ടഅക്ക വളര്‍ച്ച നിരക്കു തുടരും എന്ന സൂചനയാണ് നല്‍കൂന്നത്.

കേരളത്തിന്‍റെ ഏറ്റവും ശക്തവും അതിവേഗത്തിലുമുള്ള കോവിഡാനന്തര വളര്‍ച്ചയുടെയും വീണ്ടെടുപ്പിന്‍റെയും ശോഭനമായ ചിത്രമാണ് ഈ കണക്കുകള്‍ നല്‍കുന്നത്. പ്രളയത്തിന്‍റെയും മാഹാമാരിയുടെയും കെടുതികളില്‍ പകച്ചുനില്‍ക്കാതെ സര്‍ക്കാര്‍ മുതല്‍മുടക്ക് ഗണ്യമായി ഉയര്‍ത്തുന്ന തന്ത്രങ്ങള്‍ ഫലം കണ്ടു എന്ന വിലയിരുത്തലാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും നല്‍കുന്നത്.ഈ വളര്‍ച്ചയുടെ അടിസ്ഥാനം എന്താണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുതന്നെ പറയുന്നത് ഉദ്ധരിക്കുന്നതാണ് ഉചിതം. “Several factors contributed to the growth. State interventions in the form of counter-cyclical fiscal policies, including two economic  packages of Rs. 20,000 crore announced in March 2020 and june 2021 respectively and a supplementary package of Rs. 5,650 crore announced to support small industries, played an important role in recovery” സര്‍ക്കാര്‍ പണം മുടക്കുന്നതിന്‍റെ പ്രാധാന്യമാണ് റിപ്പോര്‍ട്ട് അടിവരയിട്ടു പ്രതിപാദിക്കുന്നത്. സമ്പദ്ഘടനയെ മാന്ദ്യം പിടികൂടുമ്പോള്‍ സര്‍ക്കാര്‍ മുതല്‍മുടക്കുയര്‍ത്തി നടത്തുന്ന സാമ്പത്തിക ഉത്തേജനം ജനങ്ങള്‍ക്ക് ജോലിയും കൂലിയും ഉറപ്പുവരുത്തും. സമ്പദ് ഘടനയുടെ വീണ്ടെടുപ്പിനും വളര്‍ച്ചയ്ക്കും അടിസ്ഥാനമാകുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന വളര്‍ച്ച കടത്തെ ആഗിരണം ചെയ്യും. വളര്‍ച്ച ഉറപ്പു വരുത്തുകയും കടഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഈ ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്ന ദീര്‍ഘകാല ഫലം. മാന്ദ്യവും മഹാമാരിയും സമ്പദ്ഘടനയെ സ്തംഭിപ്പിച്ച സമയത്ത് അനുവദിക്കപ്പെട്ട അധികകടം എടുത്തു സര്‍ക്കാര്‍ മുതല്‍മുടക്കു ഗണ്യമായി ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ ഈ വീണ്ടെടുപ്പും വളര്‍ച്ചയും അസാധ്യമായേനെ എന്നു നാം കാണണം. ദേശീയ സമ്പദ്ഘടനയിലെ വളര്‍ച്ച 6 ശതമാനമാണ്. അനുവദിച്ച കടം എടുക്കാതെ, അതുപയോഗിക്കാതെയിരിക്കലായിരുന്നു അഭികാമ്യം എന്നിനിയും ആരെങ്കിലും പറയുമോ?

ഉയരുന്ന തനതു വരുമാനം, കുറയുന്ന കേന്ദ്രകൈമാറ്റം
കേരളം തനതു വരുമാനം സമാഹരിക്കുന്നതില്‍ വിമുഖത കാണിക്കുന്ന സംസ്ഥാനമാണ്,അതാണ് നമ്മുടെ ധനഅസന്തുലിതാവസ്ഥയുടെ കാരണം എന്ന ആഖ്യാനം ഏറെ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണല്ലോ? ഇതിനു കണക്കുകളും വസ്തുതകളുമായി ബന്ധമില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തെ (22-23) റവന്യൂ വരുമാനത്തില്‍ 64.03 ശതമാനവും സംസ്ഥാനത്തിന്‍റെ തനതു വരുമാനം ആണ്. കേന്ദ്രകൈമാറ്റം അഥവാ Central Transfers 35.9 ശതമാനമാണ്. 2023-24 ലെ ബജറ്റു കണക്കുകള്‍ നല്‍കുന്ന സൂചനയെന്താണ്? ആകെ റവന്യൂ വരുമാനം 1,35,418 കോടി രൂപ. ഇതില്‍ 98,116 കോടി രൂപയും സംസ്ഥാനത്തിന്‍റെ തനതു വരുമാനം (State on Revenue) ആണ്. കേന്ദ്രകൈമാറ്റം 37,291 കോടി രൂപയും. കേന്ദ്രനികുതി വിഹിതവും ഗ്രാന്‍റും ചേരുന്ന തുകയാണിത്. അതായത് വരുംവര്‍ഷത്തെ ആകെ റവന്യൂ വരുമാനത്തില്‍ 72.45 ശതമാനവും കേരളത്തിന്‍റെ തനതു വരുമാനമാണ്. അതേ സമയം കേന്ദ്രകൈമാറ്റം (Central Transfers) 27.53 ശതമാനമാണ്. നമ്മുടെ റവന്യൂ വരുമാനച്ചേരുവയില്‍ നടപ്പു സാമ്പത്തികവര്‍ഷം(2022-23) 35.9 ശതമാനമായിരുന്ന കേന്ദ്രകൈമാറ്റം വരുംവര്‍ഷം 27.53 ശതമാനമായി വീണ്ടും ഇടിയുന്നു എന്നതാണവസ്ഥ. കേരളം നേരിടുന്ന ഈ വിവേചനം ബജറ്റ് കണക്കുകളില്‍ പ്രകടമാണ്. നമ്മുടെ തനതു റവന്യൂ വരുമാനം 2022-23 ലെ 85,542 കോടി രൂപയില്‍ നിന്നും 98,166 കോടി രൂപയായി വര്‍ദ്ധിക്കും. അതായത് 14.71 ശതമാനം വളര്‍ച്ച. അതേ സമയം Central Transfers 43,724 കോടി രൂപയില്‍ നിന്നും 37,291 കോടി രൂപയായി ഇടിയുകയാണ് ചെയ്യുന്നത്. വളര്‍ച്ച 14.71 ശതമാനം കുറയുന്നു. ഈ ഇടിവാണ് നമ്മുടെ ധനഅസന്തുലിതാവസ്ഥയുടെ അടിസ്ഥാനമെന്ന വസ്തുത മറച്ചുപിടിക്കുകയാണ് ഇത്തരം ആഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം.

കേന്ദ്ര നികുതി വിഹിതം ധനക്കമ്മീഷന്‍ അവാര്‍ഡ് പ്രകാരം 1.925% മാത്രമായി തുടരും. അതേസമയം നികുതി വിഹിതത്തിലെ കുറവിനു പരിഹാരമായി ലഭിച്ചിരുന്നതടക്കം ഗ്രാന്‍റുകള്‍ 2021-22 ലെ 30,017 കോടി രൂപയില്‍ നിന്നും 15,800 കോടി രൂപയായി കുറയുന്നു. ഇങ്ങനെ കുറയ്ക്കുന്നതിനുള്ള ഒരു വസ്തുനിഷ്ഠ സാഹചര്യവും ഉടലെടുക്കുന്നുമില്ല. കുറഞ്ഞ നികുതി വിഹിതവും ഗണ്യമായി ഇടിയുന്ന ഗ്രാന്‍റ് കൈമാറ്റവും സംസ്ഥാനത്തിന്‍റെ ധനസന്തുലനത്തെ അപകടപ്പെടുത്തുകയാണ്. പത്തു മുതല്‍ പതിനഞ്ചു വരെയുള്ള ധനക്കമ്മീഷന്‍ അവാര്‍ഡുകള്‍ നോക്കിയാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി നീക്കിവയ്ക്കുന്ന വിഭവ വിഹിതത്തില്‍ കേരളത്തിന്‍റെ പങ്ക് 3.87 ശതമാനമായിരുന്നത് 1.925 ശതമാനമായി കുറഞ്ഞു. ഇപ്പോഴത്തെ ധനക്കമ്മീഷന്‍ അവാര്‍ഡു കാലത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഹിതമായി അനുമാനിക്കപ്പെട്ടിരിക്കുന്ന തുക 42,24,760 കോടി രൂപയാണ്. കേരളത്തിന്‍റെ വിഹിതം 81,326 കോടി രൂപ. 1.92 ശതമാനം. പത്താം ധനക്കമ്മീഷന്‍ മാനദണ്ഡ പ്രകാരമുള്ള 3.87 ശതമാനമായിരുന്നു കേരളത്തിന്‍റെ പങ്ക് എങ്കില്‍ 16,34,98 കോടി രൂപ ഈ ധനക്കമ്മീഷന്‍ കാലത്ത് ലഭിക്കുമായിരുന്നു. 82,172 കോടി രൂപയാണ് കുറവു വരുന്നത്. വാര്‍ഷിക നഷ്ടം 16,434 കോടി രൂപയും. ഇതു നികുതി വിഹിതം മാത്രമാണ്. അഖിലേന്ത്യാ തലത്തില്‍ ഒരു മാനദണ്ഡം സ്വീകരിക്കുമ്പോള്‍ വരുന്ന പ്രയാസമാണിത് എന്നു വന്നാല്‍, ഈ നഷ്ടത്തിനു പകരം പണം തരണം.ഇങ്ങനെയുള്ള കുറവുകൊണ്ടു കൂടിയാണ് നമുക്കു റവന്യൂക്കമ്മി ഉണ്ടാകുന്നത്. അതു പരിഹരിക്കുന്നതിനായി ധനക്കമ്മീഷന്‍ അനുവദിച്ച റവന്യൂക്കമ്മി ഗ്രാന്‍റ് 37,814 കോടി രൂപ മാത്രമാണ്. മറ്റു പ്രത്യേക ഗ്രാന്‍റുകളിലും ഈ നഷ്ടം പരിഹരിക്കപ്പെടുന്നില്ല. 2022-23 ലെ നമ്മുടെ റവന്യൂക്കമ്മി 19,915 കോടി രൂപയാണ്. കേന്ദ്ര നികുതി, ഗ്രാന്‍റ് വിഹിതത്തിലെ ഗണ്യമായ മേല്‍പ്പറഞ്ഞ കുറവ് നമ്മുടെ ധന സന്തുലനത്തില്‍ എത്ര പ്രധാനമാണ് എന്ന് ഈ കണക്കുകളില്‍ നിന്നും വ്യക്തമാണല്ലോ?

കേരളത്തിന്‍റെ സവിശേഷ വികസന അവസ്ഥ ഫെഡറല്‍ ധന വിന്യാസത്തില്‍ പരിഗണിക്കപ്പെടുന്നതേയില്ല. കേരളം നേരിടുന്ന ഈ കടുത്ത വിവേചനമാണ് സംസ്ഥാനത്തിന്‍റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം. ഈ പ്രയാസങ്ങള്‍ നേരിട്ടിട്ടും ക്ഷേമവും വികസനവും ധനദൃഢീകരണവും കൈവരിക്കുന്ന സമീപനമാണ് കേരള ബജറ്റ് സ്വീകരിച്ചിട്ടുള്ളത്. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 6 =

Most Popular