സമ്പദ്ഘടനയുടെ അവസ്ഥയെ സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന സമയത്തുതന്നെയാണ് ഇന്ത്യയില്‍ ബജറ്റുകള്‍ അവതരിപ്പിക്കുന്നതും. പൗരര്‍ക്കുമേല്‍ ഗവണ്‍മെന്‍റ് ചുമത്തുന്ന നികുതികള്‍ക്ക് ന്യായീകരണം നല്‍കുന്നതിന് കൂടുതല്‍ മികച്ചതെന്ന് അവര്‍ കരുതുന്ന നയപരമായ വാചകക്കസര്‍ത്തുകള്‍ പ്രഖ്യാപിക്കുന്നതും ബജറ്റിലാണ്. നയമുദ്രാവാക്യങ്ങളുടെയും ഈരടികളുടെയും വാചകമേളകള്‍ക്കിടയ്ക്ക് ധനമന്ത്രിമാര്‍ പാര്‍ലമെന്‍റിനെ തൃപ്തിപ്പെടുത്തുന്നത് വ്യത്യസ്ത വര്‍ഗവിഭാഗങ്ങള്‍ ആ അവസരത്തില്‍ അവിടെ നടത്തുന്ന ബഹളകോലാഹലങ്ങള്‍ക്കിടയിലാണ്.
മിക്ക നയങ്ങള്‍മൂലവും നേട്ടമുണ്ടാക്കുന്നവരും നഷ്ടം സംഭവിക്കുന്നവരുമുണ്ട്; അതീവദുര്‍ബലമായ ശബ്ദങ്ങള്‍ സ്വത്തുരഹിതരായ ദരിദ്രജനവിഭാഗങ്ങളുടേതാണ്; ചെറുകിട-സൂക്ഷ്മ ബിസിനസുകള്‍ ചെയ്യുന്നവരുടെയും ചെറുകിട നാമമാത്രകള്‍ കര്‍ഷകരുടെയുമാണ്. ചിലപ്പോഴെല്ലാം ഈ വിഭാഗങ്ങള്‍ക്കായി ഏതാനും എല്ലിന്‍കഷണങ്ങള്‍ എറിഞ്ഞുകൊടുത്തേക്കാം- പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അങ്ങനെ ചെയ്യുന്നത്; മറ്റ് സന്ദര്‍ഭങ്ങളിലെല്ലാം ഈ സഹായങ്ങളും സൗജന്യങ്ങളും അവരില്‍നിന്ന് തട്ടിയെടുക്കുന്നതായാണ് കാണപ്പെടുന്നത്. ധനമന്ത്രി നിര്‍മല സീതരാമനെ സംബന്ധിച്ചിടത്തോളം, ദരിദ്രര്‍ക്കുനേരെ എറിഞ്ഞുകൊടുക്കാന്‍ മോദി നിര്‍ബന്ധിതമായ എല്ലിന്‍കഷണങ്ങള്‍തന്നെ തട്ടിയെടുക്കുന്ന വര്‍ഷമാണിത്; ലോകത്തിലെ ഏറ്റവും ഭീകരമായതെന്നു കരുതപ്പെടുന്ന കോവിഡുകാല ലോക്ഡൗണിനെ തുടര്‍ന്നാണ് മോദി ഇങ്ങനെ ചില എല്ലിന്‍കഷണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞത്. ദശലക്ഷക്കണക്കായ ചെറുകിട വരുമാനക്കാരായ കുടുംബങ്ങളെയും ചെറുകിട സംരംഭകരെയും തകര്‍ത്ത ഈ സര്‍ക്കാരിന്‍റെ, ദുഷ്ടലാക്കോടെയുള്ള നോട്ട് അസാധുവാക്കല്‍ നടപടിയുടെ ആഘാതത്തില്‍നിന്നും സമ്പദ്ഘടന കരകയറുന്നതിനുമുന്‍പാണ് ഈ മഹാമാരി വന്നത് എന്ന കാര്യം വായനക്കാര്‍ ഓര്‍ക്കുമല്ലോ.
ഇന്ത്യന്‍ സമ്പദ്ഘടന സര്‍ക്കാര്‍ നയം സൃഷ്ടിച്ച മാന്ദ്യത്തിലൂടെ കടന്നുപോയതേയുള്ളൂ; മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കൈകാര്യം ചെയ്ത, അഹന്തയും കഴിവുകേടും കൊണ്ട് നിറഞ്ഞ മോദി സര്‍ക്കാരിന്‍റെ ശൈലിയോട് നമുക്ക് നന്ദിപറയാം. ഇക്കണോമിക് സര്‍വെ ചെയ്തതുപോലെ 2022-23 ലെ ജിഡിപി വളര്‍ച്ചയിലെ ഏറ്റവും മികച്ച എസ്റ്റിമേറ്റായി ഇതിനെ ആരെങ്കിലും കരുതിയാലും; 2019-23 കാലത്ത് പ്രതിവര്‍ഷം 2.7 ശതമാനം മാത്രം ശരാശരി വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് എന്നത് വസ്തുതയാണ്. ഇന്ത്യയില്‍ തൊഴിലില്ലായ്മ സര്‍വകാല റിക്കാര്‍ഡിട്ടിരിക്കുന്നതിലും, വന്‍തോതിലുള്ള അഗതിവല്‍ക്കരണവും പട്ടിണിയും പോഷകക്കുറവും ഇന്ത്യയിലെ ചെറുപ്പക്കാരുടെയും വൃദ്ധരുടെയും മുഖങ്ങളില്‍ നിഴലിക്കുന്നുവെന്നതിലും അത്ഭുതപ്പെടേണ്ടതില്ല. അതാണ് ഒരു ശതമാനത്തിനു പുറത്തുള്ളവരുടെയാകെ അവസ്ഥ. ഒരു ശതമാനത്തെ സംബന്ധിച്ചിടത്തോളം വീണ്ടെടുപ്പ് പൂര്‍ണമാണ്. മെര്‍സിഡെസിനോട് ചോദിക്കൂ. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അവര്‍ കണ്ടത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവുമധികം വില്‍പ്പന ഉണ്ടായതായാണ്. സാമ്പത്തികശാസ്ത്രജ്ഞര്‍ ഇക്കാര്യത്തിന് ഉപയോഗിക്കുന്ന ഒരു അലങ്കാരപദമുണ്ട്- അവര്‍ അതിനെ K രൂപത്തിലുള്ള വീണ്ടെടുപ്പ് എന്നു വിളിക്കുന്നു. അങ്ങനെ വിളിക്കുന്നത് ഒരു ശതമാനംപേര്‍ക്ക് നേട്ടമുണ്ടാവുകയും മറ്റെല്ലാവര്‍ക്കും നഷ്ടമുണ്ടാവുകയും ചെയ്യുമ്പോഴാണ്.
K ആകൃതിയിലുള്ള വീണ്ടെടുപ്പിന് സ്തുതി ഗീതം ആലപിക്കുന്ന സാമ്പത്തിക സര്‍വെ അതേസമയംതന്നെ അതിവേഗത്തിലുള്ളതും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ വളര്‍ച്ചയാണ് വാഗ്ദാനം ചെയ്യുന്നത്; ഈ വീണ്ടെടുപ്പാകട്ടെ 2019ലെ നിലയില്‍നിന്ന് അല്‍പ്പം മാത്രം അധികമാണ്; ഇതാകട്ടെ ഗവണ്‍മെന്‍റ് നടത്തിയ മൂലധന നിക്ഷേപത്തിന്‍റെ ഫലമായുണ്ടായതുമാണ്. പെട്ടെന്ന് തള്ളിക്കയറി വരുന്നത് സ്വകാര്യമേഖലയുടെ മൃഗീയവാസനകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ലക്ഷ്യം കൈവരിക്കാനായി റിസ്ക്കുകള്‍ ഏറ്റെടുക്കണമെന്നുമുള്ള മന്ത്രോച്ചാരണങ്ങളാണ്! എന്നാല്‍ സ്വകാര്യമേഖലാ നിക്ഷേപത്തിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞിരിക്കുകയാണെന്നതാണ് വസ്തുത; സമ്പദ്ഘടനയിലെ തൊഴിലവസരങ്ങളും ചോദനവും ഇല്ലാതാക്കിയ മോദിയുടെ നോട്ട് അസാധുവാക്കല്‍ മുതലിങ്ങോട്ടുള്ള അവസ്ഥയിതാണ്; മുഖസ്തുതികൊണ്ടും പ്രേരണ കൊണ്ടുമൊന്നും സ്വകാര്യനിക്ഷേപകരെ മാറ്റിയെടുക്കാനാവില്ലെന്നാണ് കാണുന്നത്. ആറ് വര്‍ഷത്തിനുശേഷം പോലും, സ്വകാര്യമേഖലാ നിക്ഷേപം മന്ദഗതിയില്‍ തന്നെ തുടരുകയാണ്; ദേശീയ നിക്ഷേപ നിരക്ക് ജിഡിപിയുടെ 39 ശതമാനമായിരുന്നത് മോദിയുടെ ഭരണകാലത്ത് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
നിര്‍മല സീതരാമന്‍റെ ബജറ്റ് മോദി ഗവണ്‍മെന്‍റിന്‍റെ ക്രൂരമായ മുഖം ഒരിക്കല്‍കൂടി കാണിച്ചു; മൂന്ന് വര്‍ഷം മുന്‍പ് പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ നൂറുകണക്കിന് (ചിലപ്പോള്‍ ആയിരക്കണക്കിന്) മൈലുകള്‍ നടന്നു താണ്ടി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോകാന്‍ യാതൊരു മനഃസാക്ഷിക്കൂത്തോ ദയാദാക്ഷിണ്യമോ ഇല്ലാതെ നിര്‍ബന്ധിതരാക്കിയപ്പോള്‍ മോദി ഗവണ്‍മെന്‍റിന്‍റെ ആ ക്രൂരമായ മുഖം നമ്മള്‍ കണ്ടതാണ്. അന്നവരെ സഹായിക്കുവാനോ ഭക്ഷണവും പാര്‍പ്പിടവും നല്‍കുവാനോ ശ്രമിച്ചവരെ നിര്‍മല സീതാരാമന്‍ കളിയാക്കിയതും വായനക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.
ആദായകരമായ തൊഴിലുകള്‍ പിടുങ്ങിയ സാമ്പത്തികതകര്‍ച്ചയ്ക്കു കീഴില്‍ നട്ടംതിരിയുന്ന തൊഴിലില്ലാത്തവരില്‍നിന്നും അവരുടെ ഭക്ഷണവും തൊഴിലുറപ്പ് പ്രവൃത്തി ദിനങ്ങളും മോദി ഗവണ്‍മെന്‍റ് പിടിച്ചുപറിക്കുന്ന ഒന്നായി ബജറ്റ് 2023 ഇനിയങ്ങോട്ട് അറിയപ്പെടും. സമ്പന്നരായ വരുമാന നികുതിദായകര്‍ക്ക് നികുതിയിളവ് അനുവദിക്കുന്നതിനും പശ്ചാത്തലസൗകര്യ നിക്ഷേപത്തിനുള്ള വിഭവങ്ങളുയര്‍ത്തുന്നതിനും വേണ്ടിയാണ് ഗവണ്‍മെന്‍റ് ഈ പിടിച്ചുപറി നടത്തുന്നത്- മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്ന തൊഴിലുറപ്പ് സ്കീമിന് വകയിരുത്തേണ്ട തുകയില്‍ ഗണ്യമായ വെട്ടിച്ചുരുക്കലാണ് ഗവണ്‍മെന്‍റ് നടത്തിയിരിക്കുന്നത്. തൊഴിലുറപ്പിനുകീഴില്‍ നിലവിലുള്ള ഗ്രാമീണ തൊഴില്‍ ഡിമാന്‍റ് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ് ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മഹാമാരിക്കു മുന്‍പുണ്ടായിരുന്ന നിലയിലേക്ക് ജിഡിപി വീണ്ടെടുക്കപ്പെട്ടുവെങ്കിലും, യുക്തിരഹിതവും തിരക്കിട്ട് നടപ്പാക്കിയതുമായ ലോക്ക്ഡൗണ്‍ ഇല്ലാതാക്കിയ തൊഴിലുകള്‍ ഇനിയും പഴയ നിലയിലായിട്ടില്ല. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും തൊഴിലില്ലായ്മ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു; അതുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിക്കുകീഴില്‍ തൊഴിലിനുള്ള ഡിമാന്‍റ്ഉയര്‍ന്നു തന്നെനില്‍ക്കുന്നത്. പട്ടിണിക്കാര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും മോദി ഗവണ്‍മെന്‍റിനെതിരായി പൊരുതിയ കര്‍ഷകര്‍ക്കുമടക്കമുള്ള സബ്സിഡികളും പിന്തുണയും ഈ ബജറ്റ് വെട്ടിക്കുറച്ചു. ആത്യന്തികമായി, K രൂപത്തിലുള്ള ഈ വീണ്ടെടുപ്പ് (K – shaped recovery എന്നാല്‍ സമ്പദ്ഘടനയുടെ ചില ഭാഗങ്ങള്‍ വളരുമ്പോള്‍ മറ്റു ചില ഭാഗങ്ങള്‍, നേര്‍വിപരീതമായി, തകരുന്നതിനെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ്) രാഷ്ട്രീയത്തെക്കുറിച്ചും കൂടിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഭരിച്ച ഗവണ്‍മെന്‍റുകളില്‍ ഏറ്റവും രാഷ്ട്രീയവും ഏറ്റവും പ്രത്യയശാസ്ത്രപരവുമായ ഗവണ്‍മെന്‍റ് മോദിയുടേതാണ് – സാമ്പത്തികശാസ്ത്രം ഇറക്കിക്കളിച്ചാണ്. രാഷ്ട്രീയം എക്കാലത്തും മുന്നോട്ടുപോകുന്നത്.
നിര്‍ദ്ദയമായ വെട്ടിച്ചുരുക്കലുകളാണ് മോദി ഗവണ്‍മെന്‍റ് ബജറ്റില്‍ നടത്തിയത്. പാവങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്സിഡിയിലും ഭക്ഷ്യധാന്യങ്ങളിലും ഒരുലക്ഷം കോടി രൂപയുടെ കുറവ് വരുത്തി; രാസവള സബ്സിഡി 50000 കോടി രൂപയിലധികം വെട്ടിച്ചുരുക്കി; തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 33 ശതമാനത്തിലധികം, അതായത് 90000 കോടി രൂപയില്‍നിന്നും 60000 കോടി രൂപയായി കുറച്ചു. സമാനമായി, ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പാവപ്പെട്ടവന്‍ 100 രൂപ കൊടുക്കുമ്പോള്‍തന്നെ പെട്രോളിയം സബ്സിഡിയും വെട്ടിക്കുറച്ചു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംവേണ്ടിയുള്ള വകയിരുത്തലിലും സമാനമായ കുറവു വരുത്തി. ഴാങ് ദ്രേസും രീതിക രേഖയും സൂചിപ്പിച്ചതുപോലെ, “ജിഡിപിയുടെ അനുപാതമെന്ന നിലയ്ക്ക് ഈ സ്കീമുകളിലേക്കുള്ള മൊത്തം ചെലവിന്‍റെ കാര്യത്തില്‍, ഇരുപത് വര്‍ഷത്തിനുശേഷം നമ്മള്‍ തുടങ്ങിയിടത്തേക്കുതന്നെ തിരിച്ചുപോയിരിക്കുന്നു: (ദ വയര്‍, ചാര്‍ട്ട്: ദ ഷാര്‍പ് ഡിക്ലൈന്‍ ഇന്‍ ടോട്ടല്‍ എക്സ്പെന്‍ഡിച്ചര്‍ ഓണ്‍ സോഷ്യല്‍ സെക്യുരിറ്റി സ്കീംസ്).
മൂലധന ചെലവ് 10 ലക്ഷം കോടി രൂപയിലേക്ക്, അഥവാ ജിഡിപിയുടെ 3.3 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചത് ഗവണ്‍മെന്‍റ്ഏറെ കൊട്ടിഘോഷിച്ചുവെങ്കിലും സമ്പദ്ഘടനയെ ഉയര്‍ത്തുവാന്‍ അതുകൊണ്ട് കഴിയില്ല. സമ്പദ്ഘടനയില്‍ വളര്‍ച്ച ഉണ്ടാവണമെങ്കില്‍, അതിന് ഇന്ത്യ ഏറ്റവും കുറഞ്ഞത് ജിഡിപിയുടെ 33 ശതമാനമെങ്കിലും, അഥവാ നിലവില്‍ ഗവണ്‍മെന്‍റ് ചെലവഴിക്കുന്നതിനേക്കാള്‍ 10 ഇരട്ടി കൂടുതല്‍ നിക്ഷേപിക്കേണ്ടതുണ്ട്. ബാക്കിയുള്ള നിക്ഷേപം വരേണ്ടത് സ്വകാര്യ കോര്‍പറേറ്റ് മേഖലയില്‍നിന്നും ഇപ്പറയുന്ന കുടുംബമേഖലയില്‍നിന്നുമാണ്. ഇന്ന് ഇന്ത്യയിലെ പെന്‍ഷന്‍കാര്‍ നല്‍കുന്ന നികുതിയേക്കാള്‍ താഴ്ന്ന നികുതി അടയ്ക്കുന്ന സ്വകാര്യ കോര്‍പറേഷനുകള്‍ക്ക് ഗവണ്‍മെന്‍റ് ഒട്ടധികം നികുതിയിളവുകള്‍ അനുവദിച്ചിട്ടും കഴിഞ്ഞ 7-8 വര്‍ഷമായി ഈ സ്വകാര്യ കോര്‍പറേറ്റ് മേഖല നിക്ഷേപം നടത്താന്‍ മടിക്കുന്നു; തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ ചിട്ടപ്പെടുത്തുവാനും, ആസ്തികള്‍ വിറ്റഴിച്ച് കടത്തിന്‍റെ തോത് കുറയ്ക്കുവാനുംവേണ്ടി ഗവണ്‍മെന്‍റിന്‍റെ സൗജന്യം പറ്റിയിട്ടും, ഇക്കൂട്ടര്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു.
വഷളായിക്കൊണ്ടിരിക്കുന്ന വരുമാന വിതരണം ഒട്ടേറെ വ്യവസായങ്ങള്‍ക്കുള്ള ഡിമാന്‍റ് തകരുന്നതിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ, ഒരു കോടിയിലധികം രൂപ വില വരുന്ന ആഡംബര കാറുകള്‍ക്കുള്ള ഡിമാന്‍റ് ഇരട്ടിയായതിനാല്‍ മെഴ്സിഡസിന്‍റെ ഡിമാന്‍റ് അത്യന്തം നല്ല നിലയില്‍ പോയപ്പോള്‍, ഇന്ത്യയിലെ ശതകോടീശ്വരന്മാരോടൊപ്പം മോട്ടോര്‍ സൈക്കിളിന്‍റെയും സ്കൂട്ടറിന്‍റെയും ഡിമാന്‍റ് 40 ശതമാനം കണ്ട് ഇടിഞ്ഞു. ഇവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്നത് തുച്ഛവേതനം ലഭിക്കുന്ന ഡെലിവറി ജോലിക്കാരാണ്; ഇവര്‍ക്ക് മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്; ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്വിഗ്ഗി എന്നിവയ്ക്ക് കൊള്ളലാഭമടിക്കാന്‍ വേണ്ടിയാണ് ഇവര്‍ പണിയെടുക്കുന്നത്. അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ചരക്കുകളുടെ (FMCG) മേഖലകളിലേക്കും മറ്റു മേഖലകളിലേക്കുംകൂടി പ്രതിസന്ധി വ്യാപിക്കുന്നതോടെ ചോദന തകര്‍ച്ചയും വരുമാനത്തിലെ ഇടിവും ഉണ്ടാകുന്നു എന്നത് സ്വകാര്യ കോര്‍പറേറ്റ് മുതലാളിമാരെ നിക്ഷേപം നടത്തുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നു; വരുമാന വിതരണത്തിലെ ഏറ്റവും അടിത്തട്ടിലുള്ള 80 ശതമാനം ഇന്ത്യക്കാരാണ് ഇവയുടെ മുഖ്യ ഉപഭോക്താക്കള്‍ എന്നതാണിതിന് കാരണം. ദുര്‍ബലമാക്കപ്പെട്ടുകഴിഞ്ഞ ചെറുകിട – ഇടത്തരം ബിസിനസ്സുകാര്‍ക്ക് ഇതിന് കഴിയില്ല എന്നതും വ്യക്തമാണ്. അതുകൊണ്ട് നിര്‍മല സീതാരാമന്‍റെ 10 ലക്ഷം കോടി രൂപയുടെ പദ്ധതിച്ചെലവ് സമ്പദ്ഘടനയിലെ മൊത്തത്തിലുള്ള നിക്ഷേപ നിരക്കുയര്‍ത്താന്‍ യാതൊരു സാധ്യതയുമില്ല. സുഷുപ്തിയിലാണ്ടുകിടക്കുന്ന മൃഗീയവാസനകളെയുണര്‍ത്താനും വരുന്നതുവരട്ടെ എന്നും കരുതി നിക്ഷേപം നടത്താന്‍ അവരെ മുന്നോട്ടുകൊണ്ടുവരുവാനും ഇതിന് കഴിയില്ല. സ്വകാര്യ നിക്ഷേപ വളര്‍ച്ചയ്ക്ക് ചോദനത്തിലെ അനിശ്ചിതത്വം ഒരിക്കലും ശുഭസൂചകമാകില്ലായെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
രണ്ടാമത്തെ കാര്യം, പൊതുമേഖലാ സംരംഭങ്ങള്‍ നടത്തുന്ന മൂലധനച്ചെലവുകൂടി കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മൂലധനച്ചെലവിനോട് കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ മൊത്തം തുക ജിഡിപിയുടെ 3.9 ശതമാനം വരും. കൃത്യമായും ഇതാണ് കഴിഞ്ഞ വര്‍ഷം (2022-23) കേന്ദ്ര ഗവണ്‍മെന്‍റും പൊതുമേഖലാ സംരംഭങ്ങളും കൂടി മൊത്തത്തില്‍ നിക്ഷേപിച്ചത്. അതുകൊണ്ട് ഈ വര്‍ഷം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിക്ഷേപ വര്‍ധന വരുന്നത് പൊതുമേഖലാ സംരംഭങ്ങളുടെ ചെലവിലാണ്; അവയുടെ മൂലധന ബജറ്റാകട്ടെ, വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയുമാണ്. അപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതി ചെലവ് വര്‍ധിക്കുകയും പൊതുമേഖലയുടെ പദ്ധതി ചെലവ് കുറയുകയും ചെയ്യുന്നത് എങ്ങനെയാണ്? അത് വെറും രാഷ്ട്രീയമാണ്, ഇരട്ടത്താപ്പിന്‍റെ ഇളകിയാട്ടം!
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പദ്ധതി ചെലവിലെ 30 ശതമാനത്തോളം സ്വകാര്യമേഖലയാണ് നിറവേറ്റുന്നത് എന്നതാണ് രസകരമായ മറ്റൊരു കാര്യം. 3 ലക്ഷം കോടി രൂപയോളം ചെലവഴിക്കപ്പെടുന്നത് ഗ്രാന്‍റ്-ഇന്‍ – എയ്ഡായോ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങായോ ടോള്‍ റോഡുകളെയും മെട്രോ ലൈനുകളെയും പോലെയുള്ള പദ്ധതികള്‍ക്ക് നല്‍കുന്ന തുകയായാണ്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതാകട്ടെ റിലയന്‍സിനെ പോലെയുള്ള കമ്പനികളും; അതായത് ഇതിലേറിയ കൂറും മോദിയുടെ ചങ്ങാതിമാരുടെ കീശയിലേക്കാണ് പോകുന്നത്!
അവസാനമായി ഒരു കാര്യം കൂടി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കുന്ന സൂചന, ധനക്കമ്മി അഞ്ചുശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ്. ഈ അത്ഭുതം എങ്ങനെ നേടിയെടുക്കാന്‍ കഴിയുമെന്ന പ്രാര്‍ത്ഥനയിലാണവര്‍. നികുതിവിഭവങ്ങളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം ഞെക്കിപ്പിഴിഞ്ഞെടുത്തുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്‍റ് തങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍ സമാഹരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കേണ്ടതില്ലാത്ത സര്‍ചാര്‍ജുകളും സെസുകളും ഏര്‍പ്പെടുത്തിയുമാണ് കേന്ദ്ര ഗവണ്‍മെന്‍റ് വിഭവ സമാഹരണം നടത്തുന്നത്. ഇതിനെയാണ് ജയതിഘോഷ് വളരെ കൃത്യമായി “എരിയുന്ന ഫെഡറലിസം” എന്നു വിളിച്ചത്. (Tightening the Screws, 2nd Feb 2023, The Telegraph)
കഴിഞ്ഞകാല രൂപങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടുതന്നെ പറയട്ടെ, റേറ്റിങ് ഏജന്‍സുകള്‍ക്ക് കൊടികാണിക്കുന്ന ധര്‍മ്മം ലക്ഷ്യമാക്കിയുള്ളതും ഒരു ശതമാനത്തിനുവേണ്ടി തയ്യാറാക്കപ്പെട്ടതുമായ ബജറ്റാണിത്. രാജ്യത്തെ മറ്റ് പൗരര്‍ സ്വയം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ഇതാണ് ‘ആത്മനിര്‍ഭര്‍ ഭാരതി’ന്‍റെ ശരിയായ അര്‍ത്ഥം! ആമേന്‍. ♦