ജൂഡീഷ്യറിയെക്കൂടി പൂര്‍ണമായും തങ്ങളുടെ പിടിയിലൊതുക്കാനുള്ള സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മോദി ഗവണ്‍മെന്‍റിന്‍റെ അറ്റകൈ പ്രയോഗങ്ങളാണ് അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളെ സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനകള്‍ക്കു പിന്നാലെ, വര്‍ഗീയ വിഷം ചീറ്റുന്ന, സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകയായ ഒരഭിഭാഷകയെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ഇതിന്‍റെ പ്രതിഫലനമാണ്.
നിലവിലുള്ള നിയമനവ്യവസ്ഥപ്രകാരമാണല്ലോ സംഘപരിവാര്‍ സംഘടനയായ മഹിളാമോര്‍ച്ചയുടെ നേതാവായിരുന്ന അഭിഭാഷക വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയാക്കപ്പെട്ടത് എന്ന വാദം ഉയര്‍ന്നേക്കാം. അത് ശരിയുമാണ്. ഉന്നത നീതിപീഠങ്ങളിലേക്കുള്ള ന്യായാധിപരുടെ തെരഞ്ഞെടുപ്പിനുള്ള ഇന്നത്തെ കൊളീജിയം വ്യവസ്ഥയുടെ പോരായ്മയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നതില്‍ സംശയമില്ല. എന്നാല്‍ എക്സിക്യൂട്ടീവില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കേണ്ട ജുഡീഷ്യല്‍ നിയമനാധികാരം സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ഒരു ഗവണ്‍മെന്‍റിന്‍റെ കൈപ്പിടിയിലൊതുങ്ങുന്നത് നിലവിലെ കൊളീജിയം സംവിധാനത്തെക്കാള്‍ അപകടകരവും ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുന്നതുമാകും. അതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന യൂണിയന്‍ ഗവണ്‍മെന്‍റും സുപ്രീംകോടതിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ജനാധിപത്യ പുരോഗമനശക്തികള്‍ യൂണിയന്‍ ഗവണ്‍മെന്‍റിന്‍റെ നിലപാടിനെ നഖശിഖാന്തം എതിര്‍ക്കുന്നത്.
യഥാര്‍ഥത്തില്‍ സിപിഐ എം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുപോലെ ജുഡീഷ്യറിയിനിന്നും എക്സിക്യൂട്ടീവില്‍നിന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു സംവിധാനമാണ് ഉന്നതനീതിപീഠങ്ങളിലെ ന്യായാധിപരെ നിയമിക്കുന്നതിന് ഉണ്ടാകേണ്ടത്. അത്തരത്തിലൊരു സംവിധാനം നിലവില്‍ വരേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് ഇപ്പോഴത്തെ വിവാദനിയമനം വിരല്‍ചൂണ്ടുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ചൂണ്ടിക്കാണിച്ചത് അഡ്വക്കേറ്റ് വിക്ടോറിയ ഗൗരിയെ സംബന്ധിച്ച, വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരായ കേസ് നിലവിലുണ്ടെന്ന കാര്യം അവരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ സുപ്രീംകോടതി കൊളീജിയത്തിനുമുന്നില്‍ ഉണ്ടായിരുന്നില്ല എന്നാണ്. മുസ്ലീങ്ങളെ പച്ചഭീകരരെന്നും ക്രിസ്ത്യാനികളെ വെള്ളഭീകരരെന്നും വിശേഷിപ്പിച്ച്, വര്‍ഗീയ വിദ്വേഷപ്രസംഗം നടത്തിയ ഈ അഭിഭാഷകയ്ക്കെതിരെയുള്ള കേസിനു നേരെ കണ്ണടച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഇവരെ ഹൈക്കോടതി ജഡ്ജിയാക്കണമെന്ന ശുപാര്‍ശ നല്‍കിയത് എന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. അഡ്വക്കേറ്റ് വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ ഫയല്‍ ചെയ്ത കേസ് ഫെബ്രുവരി ഏഴിന് സുപ്രീംകോടതി പരിഗണിക്കവെ അതിന്മേലുള്ള തീര്‍പ്പ് എന്താണെന്നറിയാന്‍ പോലും കാത്തുനില്‍ക്കാതെ (സുപ്രീംകോടതി കേസ് പരിഗണനയ്ക്കെടുത്തത് 10.25ന്, മദ്രാസ് ഹൈക്കോടതിയില്‍ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ 10.35ന്) ആ അഭിഭാഷകയെ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതില്‍ കാണിച്ച തിടുക്കംതന്നെ ദുരൂഹമാണ്.
എന്നാല്‍, സുപ്രീംകോടതിയില്‍ ഈ കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് ഖന്നയും ജസ്റ്റിസ് ബി ആര്‍ ഗവായ്യും ചേര്‍ന്ന ബഞ്ച് നിലവിലെ കൊളീജിയം സംവിധാനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്നതിനാലാണ് അഡ്വക്കേറ്റ് വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കാന്‍ വിസമ്മതിച്ചത്. ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ വാക്കുകള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നിയമനം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി കൊളീജിയത്തോട് നിര്‍ദേശിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച വിധിന്യായത്തില്‍ ഇപ്പോള്‍ ഈ നിയമനം അഡീഷണല്‍ ജഡ്ജിയായിട്ടായതുകൊണ്ട് ഇവരെ ജഡ്ജിയായി സ്ഥിരപ്പെടുത്താനുള്ള പ്രക്രിയ നടക്കുമ്പോള്‍ എല്ലാക്കാര്യങ്ങളും ഒന്നുകൂടി പരിശോധിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്നെ കോടതിയില്‍ പരസ്യമായി പ്രതികരിച്ചത് വിക്ടോറിയ ഗൗരിയുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്, “അവരുടെ മാനസികാവസ്ഥ ഭരണഘടനയുമായി ഒത്തുപോകുന്നതല്ല” എന്നാണ്. ഭരണഘടനയുടെ കാവലാളായി നില്‍ക്കേണ്ട, ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഉന്നതനീതി പീഠത്തിലേക്ക് ഇത്തരമൊരു മാനസികാവസ്ഥയുള്ള ഒരു വ്യക്തികടന്നുവരുന്നത് ആശാസ്യമല്ല.
സുപ്രീം കോടതി കൊളീജിയം രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ശുപാര്‍ശയിലെ പേരുകള്‍പോലും സര്‍ക്കാര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊളീജിയം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതിന്മേല്‍ ഇനിയും ഉത്തരവിറക്കാത്ത യൂണിയന്‍ ഗവണ്‍മെന്‍റ് ഇപ്പോള്‍ ജനുവരി 17ന് കൊളീജിയം ശുപാര്‍ശ ചെയ്ത വിക്ടോറിയ ഗൗരിയെ തിടുക്കത്തില്‍ ദിവസങ്ങള്‍ക്കകം നിയമിച്ചതില്‍നിന്നുതന്നെ യൂണിയന്‍ ഗവണ്‍മെന്‍റിന്‍റെയും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറിന്‍റെയും ദുഷ്ടലാക്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഒളിഞ്ഞും തെളിഞ്ഞും നീതിന്യായവ്യവസ്ഥയെ അപ്പാടെ തങ്ങളുടെ കൈവെള്ളയ്ക്കുള്ളിലാക്കാനുള്ള ഹീനമായ ഈ നീക്കത്തെ ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടതിന്‍റെ 100 വര്‍ഷം തികയുന്ന 2025നകം ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കുകയെന്ന സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കലിന്‍റെ ഭാഗമായാണ് കാണേണ്ടത്.
ഇപ്പോള്‍ സുപ്രീംകോടതി വിധിയില്‍ പരാമര്‍ശിച്ചതുപോലെ വിവാദ ജഡ്ജിയുടെ ഇപ്പോഴത്തെ നിയമനം താല്‍ക്കാലികമായതുകൊണ്ട് ഇവരെ സ്ഥിരപ്പെടുത്തുമ്പോള്‍ ഇക്കാര്യം പുനഃപരിശോധിക്കാനാവുമെന്നത് ആശ്വാസകരമാണെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ യൂണിയന്‍ ഗവണ്‍മെന്‍റും സംഘപരിവാറും ഏതറ്റം വരെ പോകാനും എന്തുനീക്കം നടത്താനും മടിക്കില്ലയെന്നും നാം കാണണം. 1992 മാര്‍ച്ച് 10ന് കുമാര്‍ പത്മപ്രസാദ് വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, ഗൗഹാത്തി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് കെ എന്‍ ശ്രീവാസ്തവയെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചതിനെതിരെ നല്‍കപ്പെട്ട കേസില്‍, സുപ്രീംകോടതി, അപ്പോയിന്‍റ്മെന്‍റ് വാറന്‍റ് തന്നെ പിന്‍വലിച്ച കീഴ്വഴക്കം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ഈ കേസില്‍ അത് പരിഗണിക്കാതിരുന്നതും തിരക്കിട്ട് വിവാദ അഭിഭാഷകയെ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിച്ചതും അപകട സൂചന നല്‍കുന്നതുതന്നെയാണ്.
തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ സംഘപരിവാര്‍ കച്ചകെട്ടിയിറങ്ങിയതിന്‍റെ തെളിവാണ് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ വിക്ടോറിയ ഗൗരിയുടെ നിയമനത്തെ ചോദ്യം ചെയ്തു രംഗത്തിറങ്ങിയതിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിലെ 50 അഭിഭാഷകര്‍ രംഗത്തുവന്നത്. മുന്‍പും രാഷ്ട്രീയപ്രവര്‍ത്തകരും കക്ഷി രാഷ്ട്രീയനിലപാടുള്ളവരും ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ജഡ്ജിമാരായി നിയമിക്കപ്പെട്ട ഉദാഹരണങ്ങള്‍ അണിനിരത്തിയാണ് വിക്ടോറിയ ഗൗരിയുടെ നിയമനത്തെ അവര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ ഈ അഭിഭാഷകയുടെ സംഘപരിവാര്‍ ബന്ധമോ അവര്‍ ബിജെപി ഭാരവാഹിയാണെന്നതോ അല്ല അവര്‍ക്കെതിരായി ചൂണ്ടിക്കാണിക്കപ്പെട്ടത്. നിരന്തരമായി അവര്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ട്വീറ്റുകളും നടത്തുന്നതിനെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുവെന്നതാണ് അയോഗ്യതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്. അതുകൊണ്ടാണല്ലോ സുപ്രീംകോടതി ചീഫ് ജസ്റ്റിസുതന്നെ വിക്ടോറിയ ഗൗരി ഭരണഘടനയുടെ അന്തസ്സത്തയോട് നീതി പുലര്‍ത്തുന്ന വ്യക്തിയല്ല എന്ന നിലയില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള സംഘപരിവാറിന്‍റെയും യൂണിയന്‍ ഗവണ്‍മെന്‍റിന്‍റെയും നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ മതനിരപേക്ഷവാദികളായ അഭിഭാഷകസമൂഹം മാത്രമല്ല, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളുമാകെ അണിനിരക്കേണ്ടതുണ്ട്. സിപിഐ എം, അഭിഭാഷകര്‍ക്കൊപ്പം തെരുവിലിറങ്ങിയതുപോലെ മറ്റു ജനാധിപത്യ-മതനിരപേക്ഷ കക്ഷികളും പ്രസ്ഥാനങ്ങളും അണിനിരന്ന് അപകടകരമായ ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണം.♦