Thursday, November 21, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍അദാനിയുടെ വളര്‍ച്ചയും തളര്‍ച്ചയും

അദാനിയുടെ വളര്‍ച്ചയും തളര്‍ച്ചയും

അദാനി ഗ്രൂപ്പിന്‍റെ വളര്‍ച്ച ഒരു ലോകവിസ്മയമാണ്. ശരവേഗത്തിലാണ് അദാനി ലോകത്തെ സമ്പന്നരില്‍ രണ്ടാമനായി വളര്‍ന്നത്. 2014ല്‍ അദാനിയുടെ സ്വത്ത് 0.50 ലക്ഷം കോടി രൂപയായിരുന്നു. 2022ല്‍ അത് 11.44 ലക്ഷം കോടി രൂപയായി. 23 മടങ്ങ് വര്‍ദ്ധന. സമീപകാലത്താണ് ഈ വര്‍ദ്ധനയില്‍ നല്ലപങ്കും ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടയില്‍ 14 മടങ്ങിലേറെയാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും 1600 കോടി രൂപ വച്ചാണ് അദാനിയുടെ സ്വത്ത് വര്‍ദ്ധിച്ചത്.

ഉത്തരം കിട്ടാത്ത സംശയങ്ങള്‍
മേല്‍പ്പറഞ്ഞ വളര്‍ച്ച അദാനി കമ്പനികളുടെ ഓഹരി വിപണിമൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ്. അതോടൊപ്പം അദാനി കമ്പനികളുടെ ടേണോവറും ആദായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓഹരികളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് യഥാര്‍ത്ഥ ബിസിനസിലുണ്ടായ വര്‍ദ്ധനവിന്‍റെ പല മടങ്ങാണ്. ഇത്രയും വലിയ അന്തരം എങ്ങനെ ഉണ്ടായി എന്നതാണ് ഏറ്റവും വലിയ സംശയം. ഇതിലേക്കു കടക്കുംമുമ്പ് അദാനിയുടെ വിറ്റുവരവിലും ലാഭത്തിലും ഉണ്ടായ വര്‍ദ്ധനവ് നോക്കാം.

അദാനി ഗ്രൂപ്പിന്‍റെ വിറ്റുവരവ് 2014ല്‍ 57,000 കോടി രൂപയായിരുന്നത് 2020ല്‍ ഒരുലക്ഷത്തിലേറെ കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതുപോലെ ലാഭം ഏതാണ്ട് 1000 കോടിയില്‍ നിന്നും 7,000 കോടി രൂപയായും ഉയര്‍ന്നു. വജ്രവ്യാപാര മേഖലയിലും മറ്റും കയറ്റുമതിയും ഇറക്കുമതിയും ചെയ്തുകൊണ്ടിരുന്ന ഒരു ചെറുകിട സ്ഥാപനമായിരുന്നു അദാനിയുടേത്. എന്നാല്‍ 2002ല്‍ ഗുജറാത്തില്‍ അധികാരത്തില്‍വന്ന മോദിയുമായുള്ള വ്യക്തിപരമായ ബന്ധം അദാനിയുടെ തലവര മാറ്റിവരച്ചു. മുന്ദ്ര തുറമുഖ വികസനമായിരുന്നു നിര്‍ണ്ണായക വഴിത്തിരിവ്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മോദി സര്‍ക്കാരിന്‍റെ സഹായത്തോടെ കല്‍ക്കരി, വൈദ്യുതി, തുറമുഖം, ഗതാഗതം, ഗ്രീന്‍ എനര്‍ജി, സിമന്‍റ്, ഡാറ്റാ സെന്‍റര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും അതിവേഗത്തില്‍ വളര്‍ന്നു. ഇതിനെല്ലാ പിന്തുണയും മോദി സര്‍ക്കാര്‍ നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളും പൊതുസ്വത്തുക്കളും ചുളുവിലയ്ക്ക് അദാനിക്കു ലഭ്യമായി.

കേവലം സൗഹൃദം മാത്രമായിരുന്നില്ല ഈ പിന്തുണയുടെ പിന്നില്‍ ഉണ്ടായിരുന്നത്. ഇന്ത്യയെ നവീകരിച്ച് ആഗോള സാമ്പത്തിക ശക്തിയാക്കുന്നതു സംബന്ധിച്ച മോദിയുടെ സവിശേഷ കാഴ്ചപ്പാടും ഈ ബന്ധത്തിനു പിന്നിലുണ്ട്. ഏതാനും ആഗോള ഭീമന്‍ കമ്പനികളെ സൃഷ്ടിച്ചാല്‍ മാത്രമേ മുന്നേറാനാകൂവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇതാണത്രേ ദക്ഷിണ കൊറിയയില്‍ നടന്നത്. നിതി ആയോഗ് മേധാവി അമിതാഭ് കാന്തിന്‍റെ ഭാഷയില്‍ അഞ്ച് ചാമ്പ്യന്‍ നിക്ഷേപകരെ സൃഷ്ടിക്കലാണ് ലക്ഷ്യം. അതില്‍ ഒന്നാമനാണ് മോദിയുടെ ദീര്‍ഘകാല സുഹൃത്തുകൂടിയായ ഗൗതം അദാനി.

മുതല്‍മുടക്കിനുള്ള പണം എവിടെനിന്ന്?
മേല്‍പ്പറഞ്ഞതുപോലെ വൈവിധ്യമാര്‍ന്ന മേഖലകളിലേക്കു കടന്നുചെന്ന് അവിടെയെല്ലാം വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും അവ അതിവേഗത്തില്‍ വളര്‍ത്തുന്നതിനും ഭീമമായ മുതല്‍മുടക്കു വേണം. ഈ പണം എങ്ങനെയാണ് സ്വരൂപിച്ചത്? രണ്ട് രീതിയില്‍ കഴിയും. ഒന്നുകില്‍ ഓഹരികള്‍ വിറ്റ് മൂലധനം സമാഹരിക്കുക. അല്ലെങ്കില്‍ വായ്പയെടുക്കുക. സാധാരണഗതിയില്‍ ഏതു വ്യവസായിയും ഈ രണ്ട് മാര്‍ഗ്ഗങ്ങളും അവലംബിക്കും. ഇവ രണ്ടും തമ്മില്‍ ആരോഗ്യകരമായ ഒരു അനുപാതം നിലനിര്‍ത്തണമെന്നാണ് വിദഗ്ധര്‍ പറയുക.
സാധാരണഗതിയില്‍ ഓഹരി മൂലധനത്തിന്‍റെ 1.5 മടങ്ങില്‍ കൂടുതല്‍ കടം വര്‍ദ്ധിക്കാന്‍ പാടില്ലായെന്നാണു വിദഗ്ധമതം. ഇത്തരത്തില്‍ കടഭാരം ഒന്നരമടങ്ങില്‍ കൂടുതല്‍ വരുന്ന കമ്പനികളെ ഓവര്‍ലിവറേജ്ഡ് എന്നാണു വിശേഷിപ്പിക്കുക.

അദാനി കമ്പനികളുടെ മൊത്തം കടം 2013ല്‍ 72,000 കോടി രൂപയായിരുന്നത് പടിപടിയായി ഉയര്‍ന്ന് 2022ല്‍ 2.23 ലക്ഷം കോടി രൂപയായിത്തീര്‍ന്നു. തുടക്കത്തില്‍ 3.25 ആയിരുന്നു കടം – ഓഹരി മൂലധന അനുപാത തോത്. 2022 ആയപ്പോഴേക്കും അത് 2.36 ആയി താഴ്ന്നുവെങ്കിലും അപകടനിലയായ 1.5ന് മുകളിലാണ്. ഇപ്രകാരം കമ്പനി ഓവര്‍ലിവറേജ്ഡ് ആണെങ്കിലും അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിലകള്‍ അത്ഭുതകരമായ വേഗതയിലാണ് സമീപകാലത്ത് ഉയര്‍ന്നത്.

ഓഹരി വിലയുടെ ശരവേഗ വളര്‍ച്ച
2020ല്‍ കോവിഡ് വന്നതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു വീണു. എന്നാല്‍ അദാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സുവര്‍ണ്ണകാലമായി ഇതുമാറി. അദാനി ഓഹരികളുടെ വിലകളുടെ കുതിപ്പ് ചിത്രം 3ല്‍ കാണാം. കോവിഡ് തുടങ്ങിയപ്പോള്‍ അദാനി ഓഹരി വിപണി മൂല്യം 2020ന്‍റെ ആദ്യ പാദത്തില്‍ 2.2 ലക്ഷം കോടി രൂപയില്‍ നിന്ന് 1.2 ലക്ഷം കോടി രൂപയായിത്തീര്‍ന്നു. പിന്നെ മുകളിലേക്ക് ഒരു വളര്‍ച്ചയായിരുന്നു. 2021 ഏപ്രില്‍ ആയപ്പോള്‍ 7.8 ലക്ഷം കോടി രൂപയായി.

കേട്ടുകേള്‍വിയില്ലാത്ത വേഗതയിലാണ് ഓഹരി വിലകള്‍ ഉയര്‍ന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ അദാനി ഗ്യാസിന്‍റെ ഓഹരി വില 2121 ശതമാനമാണ് ഉയര്‍ന്നത്. ഇതിനേക്കാള്‍ താഴ്ന്ന നിരക്കിലാണെങ്കിലും മറ്റു കമ്പനികളുടെയും ഓഹരി വിലകള്‍ കുതിച്ചു. 2021ല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നത് 2022ല്‍ 18.13 ലക്ഷം കോടി രൂപയായി.

ഈ കുതിപ്പിന് അദാനി ഗ്രൂപ്പിന്‍റെ വിറ്റുവരവിലോ ആദായത്തിലോ ഉണ്ടായ വര്‍ദ്ധനയുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തില്‍ കാണാനില്ല. അതുകൊണ്ട് ഇതൊരു പ്രഹേളികയായി തുടര്‍ന്നു. അദാനിയും കൂട്ടരും പറഞ്ഞു പ്രചരിപ്പിച്ചത് ഇന്നത്തെ വരുമാനത്തെയല്ല നാളത്തെ വരുമാനത്തെയാണ് നിക്ഷേപകര്‍ വിലയിരുത്തലിനുവേണ്ടി ഉപയോഗിക്കുന്നത് എന്നാണ്. അദാനി ഗ്രൂപ്പ് പുതിയ മേഖലകളിലേക്കു കടന്നുകയറുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ സര്‍വ്വവിധ പിന്തുണയുമുണ്ട്. അതുകൊണ്ട് നാളെ വമ്പന്‍ ലാഭം ലഭിക്കും. ഇതുമൂലമാണ് ഓഹരികള്‍ക്ക് വളരെ ഉയര്‍ന്ന വില മത്സരിച്ചു നല്‍കി വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകുന്നത്. ഈ കുമിളയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗ്രൂപ്പ് കുത്തിപ്പൊട്ടിച്ചത്.

ഹിന്‍ഡന്‍ബര്‍ഗും ഷോര്‍ട്ട് സെല്ലിങ്ങും
അമേരിക്കയിലെ ഒരു ചെറുകിട നിക്ഷേപ കമ്പനിയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. പലരും കരുതുന്നതുപോലെ ഉടമസ്ഥന്‍റെ പേരല്ല ഹിന്‍ഡന്‍ബര്‍ഗ്. നാഥന്‍ ആന്‍ഡേഴ്സണ്‍ എന്നാണ് ഉടമസ്ഥന്‍റെ പേര്. ഹിന്‍ഡന്‍ബര്‍ഗ് എന്നത് 1937ല്‍ അമേരിക്കയില്‍വച്ചു തകര്‍ന്ന അന്നത്തെ ഏറ്റവും വലിയ ഗ്യാസ് ബലൂണ്‍ വിമാനത്തിന്‍റെ (ദലുുലഹശി) പേരായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് 1934ല്‍ മരിച്ച ജര്‍മ്മന്‍ സൈനിക മേധാവിയായിരുന്നു. അദ്ദേഹത്തിന്‍റെ പേര് ജര്‍മ്മന്‍ കമ്പനി വിമാനത്തിനു നല്‍കി. കണക്കില്‍ കവിഞ്ഞ് ആളുകളെ തിക്കിക്കയറ്റിയ ബലൂണ്‍ വിമാനം തീപിടിച്ച് യാത്രക്കാര്‍ കൂട്ടത്തോടെ മരണമടഞ്ഞു. അങ്ങനെ മനുഷ്യനിര്‍മ്മിതമായ അപകടങ്ങള്‍ക്ക് എക്കാലത്തെയും നല്ല ഉദാഹരണമായി ഹിന്‍ഡന്‍ബര്‍ഗ് മാറി. ഇത് അടിസ്ഥാനമാക്കിയാണ് നാഥന്‍ ആന്‍ഡേഴ്സണ്‍ തന്‍റെ കമ്പനിക്ക് ഹിന്‍ഡന്‍ബര്‍ഗ് എന്ന പേരിട്ടത്.

കോര്‍പ്പറേറ്റ് മേഖലയില്‍ കൃത്രിമങ്ങള്‍ കാണിച്ച് ഓഹരിവിലകള്‍ ഊതിവീര്‍പ്പിക്കുന്നവര്‍ ഹിന്‍ഡന്‍ബര്‍ഗ് അപകടം പോലെ മനുഷ്യനിര്‍മ്മിത അപകടം ഓഹരിവിപണിയില്‍ സൃഷ്ടിക്കുന്നുവെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്. അവരെ കണ്ടുപിടിച്ച് അവരുടെ കുമിളകള്‍ പൊട്ടിച്ച് ലാഭം കൊയ്യുകയാണ് ആന്‍ഡേഴ്സന്‍റെ ബിസിനസ്. അതുകൊണ്ടാണ് താഴെകൊടുത്തിരിക്കുന്ന കാര്‍ട്ടൂണില്‍ അദാനിയുടെ ചിത്രം ഒരു ബലൂണ്‍ വിമാനത്തിന്‍റെ രൂപത്തിലാക്കിയിരിക്കുന്നത്.

എങ്ങനെ? ഒരു കമ്പനിയുടെ ഓഹരിയുടെ യഥാര്‍ത്ഥ വില 100 രൂപയാണെന്നിരിക്കട്ടെ. അത് കൃത്രിമമായി 1000 രൂപ വിപണിയില്‍ വില ഉയര്‍ത്തിയെന്നിരിക്കട്ടെ. ഹിന്‍ഡന്‍ബര്‍ഗ് അത്തരം കമ്പനികളെ ലക്ഷ്യമിടും. ഒരു മാസം കഴിഞ്ഞ് ഈ ഓഹരികള്‍ 900 രൂപയ്ക്ക് വില്‍ക്കാന്‍ ബ്രോക്കര്‍മാരുമായി കരാര്‍ ഉണ്ടാക്കും. ഇങ്ങനെ വിലകുറച്ച് വില്‍ക്കുന്നതിനു കരാര്‍ ഉണ്ടാക്കുന്നതിനെയാണ് ഷോര്‍ട്ട് സെല്ലിങ് എന്നു പറയുന്നത്.

അടുത്ത നടപടി ഈ കമ്പനിയുടെ കള്ളത്തരങ്ങളെ പുറത്തുവിടുകയാണ്. ഇതിനുവേണ്ടി മുന്‍പേ ഗവേഷണം ചെയ്തു വിവരങ്ങളെല്ലാം ശേഖരിച്ച് ഉറപ്പിച്ചിരിക്കും. വസ്തുതകള്‍ പുറത്തുവരുന്നതോടെ കറക്ക് കമ്പനിയുടെ ഓഹരി വിലകള്‍ കുത്തനെ ഇടിയും. അത് 500 രൂപയായി കുറഞ്ഞുവെന്നിരിക്കട്ടെ. അപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് ഓഹരികള്‍ വാങ്ങും. എന്നിട്ട് 900 രൂപയ്ക്ക് കരാര്‍ എഴുതിയ ബ്രോക്കര്‍മാര്‍ക്കു വില്‍ക്കും. ഷെയര്‍ ഒന്നിന് 400 രൂപവച്ച് ലാഭവും നേടും.

സാധാരണഗതിയില്‍ ഓഹരികള്‍ വാങ്ങുന്നത് വിലകൂടുമ്പോള്‍ മറിച്ചുവിറ്റ് ലാഭം ഉണ്ടാക്കാനാണ്. എന്നാല്‍ ഷോര്‍ട്ട് സെല്ലിങ്ങില്‍ നടപടികള്‍ നേരെ വിപരീതമാണ്. വിലയിടിയുമ്പോള്‍ വാങ്ങി ലാഭമുണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഓഹരി വിപണിയില്‍ രണ്ടും നിയമവിധേയമാണ്. വിപണിയിലെ കള്ളത്തരങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഷോര്‍ട്ട് സെല്ലിങ് അനിവാര്യമാണെന്നു കരുതുന്ന വിദഗ്ധര്‍ ഏറെയുണ്ട്.

ഹിന്‍ഡന്‍ബര്‍ഗിന്‍റെ അദാനി റിപ്പോര്‍ട്ട്
അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായി പഠിച്ചു തയ്യാറാക്കിയ ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ഓഹരി വിലകള്‍ ഊതിവീര്‍പ്പിച്ചവയാണ്. ശരിക്കും ഓഹരികള്‍ക്ക് കമ്പോളത്തില്‍ ഇത്രയും വില വരാന്‍ പാടില്ല. അവര്‍ പറയുന്നത് അദാനിയുടെ കണക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍പോലും ഓഹരി വിലകള്‍ 85 ശതമാനമെങ്കിലും അനര്‍ഹമായി ഉയര്‍ന്നതാണ് എന്നാണ്.

സാധാരണഗതിയില്‍ അദാനി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായമേഖലയില്‍ ഓഹരിവില ആദായത്തിന്‍റെ 2024 മടങ്ങ് വരാന്‍ പാടുള്ളതല്ല. എന്നാല്‍ അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലും ഗ്യാസ് കമ്പനിയിലും 800 മടങ്ങാണ് ഓഹരി വില. ഏറ്റവും വലിയ കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റേത് 500 മടങ്ങ്. അദാനി ട്രാന്‍സ്മിഷന്‍റേത് 312 മടങ്ങ്. മറ്റുള്ളവ 30-90 മടങ്ങ്.

അതുപോലെതന്നെ ഒരു കമ്പനിയുടെ മൊത്തം വിപണിമൂല്യത്തെ നികുതിക്കും പലിശയ്ക്കും തേയ്മാനത്തിനുമുള്ള ചെലവുകള്‍ കിഴിക്കുന്നതിനുമുമ്പുള്ള മൊത്തം ആദായത്തിന്‍റെ 812 മടങ്ങേ വര്‍ദ്ധിക്കാന്‍ പാടുള്ളൂ. എന്നാല്‍ അദാനി ഗ്രൂപ്പില്‍ ഗ്യാസ് കമ്പനിക്ക് 303 മടങ്ങും ഗ്രീന്‍ എനര്‍ജി കമ്പനിക്ക് 101 മടങ്ങും എന്‍റര്‍പ്രൈസസിനും ട്രാന്‍സ്മിഷനും 60 മടങ്ങിലേറെയും വരുന്നൂവെന്ന് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തി.

ഇത്തരത്തില്‍ മറ്റു മാനദണ്ഡങ്ങള്‍വച്ചു പരിശോധിക്കുമ്പോള്‍ അവിശ്വസനീയമായ രീതിയില്‍ ഉയര്‍ന്നതാണ് അദാനി കമ്പനികളുടെ ഓഹരിവില. ഇത് വിദേശത്തുള്ള ബിനാമി കമ്പനികളെ ഉപയോഗിച്ച് കൃത്രിമമായി വില ഉയര്‍ത്തിയതാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റെ പ്രധാനപ്പെട്ട ആരോപണം.

ഓഹരി കമ്പോളത്തിലെ തിരിമറി എങ്ങനെ?
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ഈ മുഖ്യവാദത്തെ താഴെപ്പറയും പ്രകാരം അതിലളിതവല്‍ക്കരിച്ച് വിശദീകരിക്കാം. ഇവ യഥാര്‍ത്ഥ കണക്ക് അല്ല. കാര്യം മനസിലാക്കാനുള്ള ഉദാഹരണം മാത്രമാണ്:

ഒന്ന്, 100 കോടി രൂപയുടെ ഒരു കമ്പനി സ്ഥാപിക്കുന്നുവെന്നു കരുതുക. ഇതാണ് മുതല്‍മുടക്ക്.

രണ്ട്, ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ഈ കമ്പനിയുടെ യഥാര്‍ത്ഥമൂല്യം 1000 കോടിയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ കമ്പനിക്ക് പുതിയതായി ലഭിച്ച ഖനികളോ അല്ലെങ്കില്‍ മറ്റു ബിസിനസുകളോ കരാറുകളോ മൂലം ഭാവിവരുമാനത്തില്‍ ഗണ്യമായ കുതിപ്പ് ഉണ്ടാകുമത്രേ. ഇതിന്‍റെ അടിസ്ഥാനത്തില്‍ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനും ഓഹരി വില്‍ക്കുന്നതിനും തീരുമാനിക്കുന്നു.

മൂന്ന്, ഈ പ്രഖ്യാപനം കമ്പോളത്തെക്കൊണ്ട് എങ്ങനെ വിശ്വസിപ്പിക്കും? ഇവിടെയാണ് ട്വിസ്റ്റ്. കമ്പനി ലിസ്റ്റ് ചെയ്യണമെങ്കില്‍ 25 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നാണു ചട്ടം. അത് പ്രമോട്ടര്‍മാര്‍ വാങ്ങാനും പാടില്ല. ഇതു മറികടക്കാന്‍ മൗറീഷ്യസിലുമൊക്കെ മറ്റു പേരുകളില്‍ ഷെല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യും. യഥാര്‍ത്ഥ ഉടമ ഇന്ത്യയിലെ കമ്പനിയോ അവരുടെ ബന്ധുക്കളോ തന്നെയായിരിക്കും. അതു വിദഗ്ധമായി മറച്ചുവച്ചിരിക്കും. അവര്‍ ഇറങ്ങി വന്‍തോതില്‍ ഷെയര്‍ വാങ്ങുന്നതോടെ കമ്പോളത്തിലെ വില കമ്പനി പ്രഖ്യാപിച്ചതാകും.

നാല്, അതോടെ പ്രമോട്ടര്‍മാരുടെ ഓഹരികളുടെ വിലയും 10 മടങ്ങ് വര്‍ദ്ധിച്ചിരിക്കും. അവരുടെ സ്വത്തും ആനുപാതികമായി ഉയരും. ഇവിടംകൊണ്ടും തട്ടിപ്പ് അവസാനിക്കുന്നില്ല. ഈ ഊതിവീര്‍പ്പിക്കപ്പെട്ട വിലകളുള്ള ഓഹരി ബാങ്കുകളില്‍ പണയംവച്ച് പണവും വാങ്ങും. ഇതോടെ തട്ടിപ്പിന്‍റെ ഒരു റൗണ്ട് തീരും. ഇത് ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

റൗണ്ട് ട്രിപ്പിംഗ് എങ്ങനെ?
മൗറീഷ്യസ്, കെയ്മാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടുള്ള ബിനാമി കമ്പനികളുടെ വിശദാംശങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ അദാനിയുടെ ഈ ബിനാമി കമ്പനികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരികയും പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ഈ ഷെല്‍ കമ്പനികളുമായി ബന്ധപ്പെട്ട് കള്ളപ്പണത്തിന്‍റെ റൗണ്ട് ട്രിപ്പിംഗ് വളരെ വിശദമായിട്ട് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

റൗണ്ട് ട്രിപ്പിംഗ് എന്നു പറയുന്നത് നാട്ടില്‍ ഉണ്ടാകുന്ന കള്ളപ്പണം വിദേശത്തു കൊണ്ടുപോയി വെളുപ്പിച്ച് തിരിച്ചു നാട്ടില്‍ കൊണ്ടുവരുന്നതിനെയാണ്. ഇതിനു മൂന്ന് നടപടികളുണ്ട്:

ഒന്ന്, ആദ്യം ചെയ്യുക ഇറക്കുമതി ഇന്‍വോയ്സുകള്‍ പെരുപ്പിച്ചു കാണിക്കുക എന്നുള്ളതാണ്. എന്നുവച്ചാല്‍ വില വളരെ ഉയര്‍ത്തിയാണ് ഇറക്കുമതി ചെയ്യുക. അദാനി വൈദ്യുതി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത് ഇത്തരത്തില്‍ ഓവര്‍ഇന്‍വോയ്സ് ചെയ്താണ് എന്നതിന് തെളിവ് റിപ്പോര്‍ട്ടിലുണ്ട്. ഇറക്കുമതി ഓവര്‍ഇന്‍വോയ്സ് ചെയ്യുന്നതുപോലെതന്നെ കയറ്റുമതി അണ്ടര്‍ഇന്‍വോയ്സ് ചെയ്യാം. അതായത് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വില താഴ്ത്തിക്കാണിക്കാം.

രണ്ട്, ഇത്തരത്തില്‍ വില കുറച്ച് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുമ്പോഴുണ്ടാകുന്ന വ്യാപാരത്തുകയിലെ വ്യത്യാസം അദാനി കമ്പനിക്ക് അര്‍ഹതപ്പെട്ടതാണ്. ഇത് അദാനിയുടെ വിദേശത്തുള്ള ബിനാമി കമ്പനികള്‍ക്കായി കൈമാറുന്നു.

മൂന്ന്, ഈ കള്ളപ്പണം വിദേശത്തുനിന്നുള്ള വായ്പയായോ നിക്ഷേപമായോ ഇന്ത്യയിലേക്ക് അയക്കുന്നു. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരുപാട് സൂത്രവിദ്യകള്‍ നിയമത്തിലുണ്ട്.

ഈ ഇടപാടുകളെല്ലാമായി അദാനിയുടെ ചില സഹോദരങ്ങളും മറ്റു ബന്ധുക്കളും ഇടപെട്ടതിന്‍റെ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ബന്ധുക്കള്‍ മാത്രമല്ല ഖേതന്‍ പരേഖിനെപ്പോലുള്ള മുന്‍ ഓഹരി തട്ടിപ്പു വീരന്മാരും ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ടുപോയ ചില ഗുജറാത്തി വ്യവസായികളുമെല്ലാം ഇത്തരം കറക്ക് കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.


റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്താണ്?

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഊതിവീര്‍പ്പിക്കപ്പെട്ട ഷെയര്‍ വില കുമിളയെ കുത്തിപ്പൊട്ടിച്ചിരിക്കുകയാണ്. വലിയ വിലയ്ക്കു വാങ്ങിയ ഓഹരികള്‍ എത്രയും പെട്ടെന്നു വിറ്റഴിച്ച് തടിക്കു കേട് ഒഴിവാക്കാനാണ് നിക്ഷേപകര്‍ ശ്രമിക്കുന്നത്. ഈ പരിഭ്രാന്തി കേട്ടുകേള്‍വിയില്ലാത്ത ഒരു ഓഹരി വില തകര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുന്നു.

അദാനി കമ്പനികളുടെ ഓഹരി വിലകള്‍ ഇടിഞ്ഞതിന്‍റെ ഫലമായി 5.6 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം നാല് ദിവസംകൊണ്ട് നഷ്ടപ്പെട്ടു. ഏറ്റവും വലിയ കമ്പനിയായ അദാനി എന്‍റര്‍പ്രൈസസ് ആദ്യ ദിവസത്തിനുശേഷം അടുത്ത മൂന്നു ദിവസവും പിടിച്ചുനിന്നു. ഇന്നിപ്പോള്‍ അഞ്ചാം ദിവസം ഞാന്‍ ഈ ലേഖനം എഴുതുമ്പോള്‍ ഈ കമ്പനിയുടെ ഓഹരിവിഹിതവും താഴേക്കാണ്. എല്ലാ കമ്പനികളുടെയും ഓഹരിവിലയില്‍ 10-25 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

മാത്രമല്ല, ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും വലിയ കമ്പനി ഓഹരി വില്‍പ്പനയായ 20,000 കോടി രൂപയുടെ എഫ്.പി.ഒ.യും അവതാളത്തിലായി. എല്‍ഐസി അടക്കമുള്ളവര്‍ കൂട്ടുചേര്‍ന്ന് ആന്‍കര്‍ ഇന്‍വെസ്റ്റര്‍മാരുടെ വിഹിതം വാങ്ങിത്തീര്‍ത്തു. എന്നാല്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മാറ്റിവച്ചതില്‍ ചെറിയൊരു ഭാഗമേ വിറ്റുപോയുള്ളൂ. പക്ഷേ, അദാനി മേധാവികള്‍ക്ക് ഒരു കൂസലും ഉണ്ടായില്ല. മുഴുവന്‍ ഷെയറുകളും വിറ്റുപോകുമെന്നു ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചു. അവസാനനിമിഷം പറഞ്ഞതു തന്നെ നടന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ള ഷെയറുകളും വന്‍കിട കമ്പനികള്‍ക്കും വന്‍കിട നിക്ഷേപകര്‍ക്കുമായി മാറ്റിക്കൊടുത്തതോടെ മുഴുവന്‍ ഓഹരികളും വിറ്റുപോയി. അത്ഭുതപ്പെടുത്തുന്ന വസ്തുത ഓഫര്‍ പ്രൈസായ 3100 രൂപയില്‍ നിന്ന് 200-300 രൂപ വില കുറച്ച് ഓഹരി കമ്പോളത്തില്‍ ഇതേ കമ്പനികളുടെ ഓഹരികള്‍ വിറ്റുകൊണ്ടിരുന്ന വേളയിലാണ് പുതിയ ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്ക് മുഴുവനും വിറ്റുപോയത്.

ഈ അനുഭവം ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. അദാനിയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന നിക്ഷേപകരെയും ബിനാമി കമ്പനികളെ ഉപയോഗിച്ച് ഓഹരി വിലകള്‍ കുത്തനെ ഉയര്‍ത്തുന്നു എന്നതാണല്ലോ അവരുടെ ആക്ഷേപം. അതിന് നല്ലൊരു ഉദാഹരണമാണ് നമ്മുടെ കണ്‍മുന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്.

മൂന്നാമതൊരു പ്രത്യാഘാതവുംകൂടി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൃഷ്ടിച്ചു. അദാനിക്കു വലിയതോതില്‍ വായ്പ കൊടുത്തിട്ടുള്ള ബാങ്കുകളുടെയും എല്‍ഐസി പോലുള്ള സ്ഥാപനങ്ങളുടെയും ഓഹരിവിലകള്‍ ഇടിഞ്ഞു. ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമാണ് ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റില്‍ നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പ് ലോക ഓഹരി കമ്പോളത്തിന്‍റെ 3.6 ശതമാനം മൂല്യം ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ അത് ഇന്ന് 3.1 ശതമാനമായി. ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ 5ന് പുറത്തായി. അദാനിയുടെ റാങ്കാവട്ടെ 2-ാം സ്ഥാനത്തുനിന്നും 11-ാം സ്ഥാനത്തേക്ക് ഇടിഞ്ഞു.

പിടിച്ചുനിന്നത് എങ്ങനെ?
വലിയ തകര്‍ച്ചയാണ് അദാനി നേരിട്ടതെങ്കിലും എങ്ങനെ പിടിച്ചുനിന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം അദാനി ഓഹരികളുടെ വില 85 ശതമാനമെങ്കിലും ഊതിവീര്‍പ്പിച്ചതാണ്. അപ്പോള്‍ ചോദ്യം എങ്ങനെ ഓഹരി വില തകര്‍ച്ച 20 ശതമാനത്തില്‍ പരിമിതപ്പെടുത്തി നിര്‍ത്താന്‍ കഴിഞ്ഞൂവെന്നുള്ളതാണ്.

ഇതില്‍ അത്ഭുതപ്പെടാനില്ല. കാരണം മൊത്തം ഓഹരികളുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ വിപണിയില്‍ സ്വതന്ത്രവ്യാപാരത്തിനായി എത്തുന്നുള്ളൂ. 75 ശതമാനം ഓഹരികള്‍ ഇപ്പോഴും പ്രമോട്ടര്‍മാരുടെ കൈവശമാണ്. മറ്റൊരു 1015 ശതമാനം വിദേശത്തുള്ള ബിനാമി കമ്പനികളുടെ കൈകളിലാണ്. പിന്നെ എല്‍ഐസി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയുടെ കൈയിലുള്ള ഓഹരിയും കഴിഞ്ഞാല്‍ 10 ശതമാനത്തില്‍ താഴെ മാത്രം ഓഹരികളാണ് വിപണിയിലുള്ളത്. അതിന്‍റെ ഗതിവിഗതികളെ സ്വാധീനിക്കുന്നതിന് അദാനി ഗ്രൂപ്പിനു കഴിഞ്ഞെങ്കില്‍ അത്ഭുതപ്പെടാനില്ല.

പക്ഷേ, പ്രശ്നം അവിടെയല്ല. ബോണ്ട് മാര്‍ക്കറ്റിലാണ്. 2.5 ലക്ഷം കോടി രൂപയാണ് അദാനിയുടെ കടം. അതില്‍ ഒരുലക്ഷത്തിലേറെ കോടി രൂപ കഴിഞ്ഞ ഒരുവര്‍ഷം എടുത്തതാണ്. അതില്‍ പകുതിയിലേറെ വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകളായി എടുത്തിട്ടുള്ളവയാണ്. സമീപകാലത്തായി അദാനി ഗ്രൂപ്പ് വിദേശബോണ്ടുകളെ ഉപയോഗിച്ചാണ് വിഭവസമാഹരണം നടത്തുന്നത്. അദാനി ബോണ്ടുകളുടെ വിലകളില്‍ എന്തുസംഭവിക്കുമെന്നുള്ളതാണ് ഏറെ നിര്‍ണ്ണായകം. ഇന്ന് ബോണ്ടുകളുടെ വില 73 സെന്‍റായി താഴ്ന്നിട്ടുണ്ട്. ബോണ്ടിന്‍റെ മൂല്യം ഇങ്ങനെ ഇടിഞ്ഞുകൊണ്ടിരുന്നാല്‍ പുതിയതായി വായ്പയെടുക്കാന്‍ കഴിയാതെ വരും.

ഇന്നിപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്നപോലെ അദാനി ഗ്രൂപ്പിന്‍റെ കടഭാരം വളരെ ഉയര്‍ന്നതാണ്. കടം – മൂലധന തോത് അപകടനിലയുടെ പല മടങ്ങാണ്. ഇതിലൊരു മാറ്റം വരുത്താനാണ് ഇപ്പോള്‍ 20,000 കോടി രൂപയുടെ പുതിയ ഓഹരികള്‍ കമ്പോളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അതുതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം.

പൊതുപണം ഉപയോഗിച്ച് തന്‍റെ സുഹൃത്തിനെ രക്ഷിക്കാന്‍ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + eight =

Most Popular