Tuesday, January 28, 2025

ad

Homeഇക്കണോമിക് നോട്ടുബുക്ക്കെയ്നീഷ്യൻ സിദ്ധാന്തത്തെക്കുറിച്ചുള്ള മാർക്സിയൻ വിമർശനം- 1

കെയ്നീഷ്യൻ സിദ്ധാന്തത്തെക്കുറിച്ചുള്ള മാർക്സിയൻ വിമർശനം- 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 58

ഡിമാൻഡ് വർദ്ധിപ്പിക്കാനുള്ള സർക്കാർ നടപടികളിൽ ഊന്നൽ നൽകുന്ന കെയ്നീഷ്യൻ സിദ്ധാന്തം മഹാമാന്ദ്യത്തിന് ശേഷം ദീർഘകാലം പാശ്ചാത്യ മുതലാളിത്ത ലോകത്ത് പ്രായോഗിക്കപ്പെട്ടു. അതേസമയം തന്നെ പല കോണുകളിൽ നിന്നും ഇത് ശക്തമായി വിമർശിക്കപ്പെട്ടു. മൂലധനവ്യവസ്ഥയുടെ ഉള്ളിൽത്തന്നെ ഈ സമീപനങ്ങൾക്കെതിരായ വിമർശനങ്ങൾ ശക്തമായി ഉയർന്നിരുന്നു. ഒരുതരത്തിലുള്ള നിയന്ത്രണങ്ങൾക്കും വഴങ്ങാതിരിക്കുക, കൂടുതൽ കൂടുതൽ ലാഭം ലക്ഷ്യമിടുക എന്ന സമീപനമാണ് മൂലധനം എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. പക്ഷേ പല കാരണങ്ങളാലും ഈ തനിസ്വഭാവം പുറത്തെടുക്കാൻ അതിനു കഴിയാറില്ല എന്നുമാത്രം. ഈ ഒരു വീക്ഷണകോണിൽ നിന്നുമുള്ള വിമർശനമാണ് മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക പ്രക്രിയകളെ രൂപപ്പെടുത്തുന്നതിൽനിന്നും കെയ്നീഷ്യൻ സമീപനങ്ങളെ മെല്ലെ ഉപേക്ഷിക്കാൻ ഭരണകൂടങ്ങളെ നിർബന്ധിതമാക്കിയത്. പക്ഷേ ഇതിനർത്ഥം കെയ്ൻസിന്റെ സാമ്പത്തിക കുറിപ്പടികളിൽ എന്തെങ്കിലും തരത്തിലുള്ള ഇടതുപക്ഷ സമീപനങ്ങൾ കലർന്നിട്ടുണ്ട് എന്നല്ല. മാർക്സിയൻ അർത്ഥശാസ്ത്ര സമീപങ്ങളോടും അത് വെച്ചുപുലർത്തുന്ന സാമൂഹിക വിശകലന സംവർഗങ്ങളോടും ഒരുതരത്തിലും യോജിപ്പ് പുലർത്താത്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെയ്ൻസ്. ഇത് വിശദമാക്കാനാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. സാമ്പത്തികശാസ്ത്ര സമീപനങ്ങളെ ഏതോ മൂല്യനിരപേക്ഷമായ ശാസ്ത്രസത്യം കണക്കെ വീക്ഷിക്കുന്ന സമീപനങ്ങളിലെ പൊള്ളത്തരത്തെക്കൂടി എടുത്തുകാട്ടാൻ ഇത് സഹായകമാകും എന്ന് കരുതുന്നു.

ഒരു സമൂഹത്തിനകത്തു നിലനിൽക്കുന്ന അധികാരബന്ധങ്ങളെയും പുറമെനിന്ന് ആ സമൂഹത്തിൽ പ്രയോഗിക്കപ്പെടുന്ന സമ്മർദങ്ങളെയും ഒരു രീതിയിലും കെയ്ൻസ് അംഗീകരിച്ചിരുന്നില്ല . ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന വർഗബന്ധങ്ങളെയും അവ തമ്മിൽ പരസ്പരം പ്രയോഗിക്കപ്പെടുന്ന ബലാബലങ്ങളെയും കെയ്ൻസ് പൂർണമായും തമസ്കരിച്ചിരുന്നു. നമ്മുടെ നാട്ടിലെ സാമ്പത്തികവിദഗ്‌ധരിൽ നല്ലപങ്കും അവരെ പിൻപറ്റുന്ന മാധ്യമങ്ങളും ഇന്നും ഇതേ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നവരാണ്. പ്രകൃതിനിയമങ്ങൾ പോലെ ‘പരിശുദ്ധമായ’ എന്തോ ഒന്നാണ് സമൂഹത്തിലെ സാമ്പത്തിക പ്രക്രിയയുടെ മേൽ നടപ്പിലാക്കപ്പെടുന്ന സാമ്പത്തിക സമീപനങ്ങൾ എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. സാമ്രാജ്യത്വം എന്ന സംവർഗ്ഗത്തെയും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നയസമീപനങ്ങളിൽ അത് ചെലുത്തുന്ന സമീപനങ്ങളെയും മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം അവഗണിക്കുന്നത് അതിനാലാണ്. മുതലാളിത്തം എന്ന വാക്കുതന്നെ സമീപകാലത്ത് നമ്മുടെ ബിസിനസ്സ് സ്കൂളുകളിലെ പാഠാവലികളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. വ്യക്തികളെ മാത്രം കണക്കിലെടുക്കുകയും മൊത്തം സമൂഹത്തെ കാണാതിരിക്കുകയുമാണ് ഈ വീക്ഷണം വെച്ചുപുലർത്തുന്ന അർത്ഥശാസ്ത്രകാരുടെ പൊതുരീതി. കെയ്ൻസും ഇക്കാര്യത്തിൽ വിഭിന്നനായിരുന്നില്ല. യാഥാസ്ഥിതിക സാമ്പത്തികശാസ്ത്രസമീപനങ്ങളിൽ നിന്നും അടിസ്ഥാനപരമായി വേറിട്ടുനിൽക്കുന്ന ഒരു സമീപനമല്ല കെയ്ൻസിനെന്നുമെന്ന് അടിവരയിടുന്ന വസ്തുതയാണിത്.

കെയ്ൻസിന്റെ ചിന്തകളെ ചൂഴ്ന്നുനിന്നിരുന്നത് വ്യക്തിവാദമാണോ സമൂഹത്തെ ഒന്നാകെ കണക്കിലെടുത്തുകൊണ്ടുള്ള വീക്ഷണമാണോ എന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട് . സമൂഹത്തിന്റെയാകെ ഉപഭോഗാവശ്യം എന്ന കെയ്നീഷ്യൻ ആശയത്തെ മുൻനിർത്തി വ്യക്തിവാദത്തിൽ അധിഷ്ഠിതമായ ബൂർഷ്വാ അർത്ഥശാസ്ത്രത്തിൽ നിന്നും കെയ്ൻസ് വേറിട്ടുനിൽക്കുന്നുവെന്ന് വാദിക്കുന്നവരുണ്ട്. അതേസമയം ഓരോ വ്യക്തിയുടെയും ഉപഭോഗവശ്യങ്ങളെ കേന്ദ്രീകരിച്ചാണ് കെയ്നീഷ്യൻ സിദ്ധാന്തം നിലനിൽക്കുന്നതെന്നും ഇതിന്റെയെല്ലാം ആകെത്തുക കണക്കിലെടുക്കുക മാത്രമാണ് കെയ്ൻസ് ചെയ്തെന്നും യുക്തിസഹമായി സമർഥിക്കുന്നവരുമുണ്ട്. പരസ്പരം ഇടകലർന്ന് പ്രതിപ്രവർത്തിക്കുന്ന ഏക ഘടകമായി സമൂഹത്തെ മനസിലാക്കുന്ന ഹെഗേലിയൻ ചിന്താധാരയാണ് കെയ്ൻസിന്റെ തത്വശാസ്ത്രമെന്ന വാദവും ഇത് തികച്ചും ഉപരിപ്ലവമായ വീക്ഷണമാണ് എന്ന വാദവും ശക്തമായി നിലനിൽക്കുന്നുണ്ട്. കെയ്ൻസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എവിടെയാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുന്നതിൽ ഈ സംവാദത്തിന് വലിയ പ്രാധാന്യമുണ്ട്.

വ്യക്തിവാദത്തെ കെയ്ൻസ് ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല. എന്നു മാത്രമല്ല ഒരു സാമൂഹികപ്രക്രിയയായി സാമ്പത്തിക ചലനങ്ങളെ മനസിലാക്കിയിരുന്ന മാർക്സിയൻ കാഴ്ചപ്പാടുകളുടെ നിശിത വിമർശകനായിരുന്നു എക്കാലവും കെയ്ൻസ്. അതേസമയം അക്കാലത്ത് നിലനിന്നിരുന്ന യാഥാസ്ഥിതിക സാമ്പത്തികശാസ്ത്രത്തിനു നേരെ ഒരിക്കലും നിശിതമായ വിമർശനങ്ങൾ കെയ്ൻസ് ഉയർത്തിയിരുന്നില്ല. യുക്തിസഹമായി ചിന്തിക്കുന്ന വ്യക്തിയെ (rational thinking man) അടിസ്ഥാനമാക്കിയ ബൂർഷ്വാ അർത്ഥശാസ്‌ത്രത്തിന്റെ അതേ പാതയിൽ കൂടി തന്നെയായിരുന്നു കെയ്ൻസിന്റെയും സഞ്ചാരം.

സാമൂഹികപ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന ബഹുമുഖമായ അടരുകളെ കണ്ടെത്താൻ മാർക്സ് നടത്തിയ ശ്രമങ്ങളെ കെയ്ൻസ് പാടെ തള്ളിക്കളഞ്ഞു. ആ സ്ഥാനത്ത് വ്യക്തിയുടെ യുക്തസഹമായ ചിന്തകളെ പ്രതിഷ്ഠിച്ചു .അതുവഴി മുഖ്യധാരാ സാമ്പത്തിക ശാസ്ത്രവുമായി തന്റെ ചിന്തകൾക്ക് യാതൊരു വിധത്തിലുള്ള അടിസ്ഥാന ഭിന്നതകളുമില്ലെന്ന് വ്യക്തമാക്കി. മാർക്സ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ സാമൂഹിക വൈരുധ്യങ്ങളിൽ തേടിയപ്പോൾ, വ്യക്തിയുടെ നൈതിക പ്രശ്ങ്ങളിലാണ് കെയ്ൻസ് ഇതിനുത്തരം തേടിയത്.

ക്ലാസ്സിക്കൽ അർത്ഥശാസ്ത്ര ചിന്തകളോട് കെയ്ൻസ് പുലർത്തിയിരുന്ന ആഭിമുഖ്യത്തിൽ നിന്നും കെയ്ൻസിന്റെ കൃത്യമായ പക്ഷഭേദങ്ങളെ കണ്ടെത്താവുന്നതാണ്. അധ്വാനമൂല്യസിദ്ധാന്തത്തെ അംഗീകരിച്ചിരുന്ന റിക്കാർഡോയെ കെയ്ൻസ് തള്ളിക്കളഞ്ഞു. അതേസമയം അധ്വാനമൂല്യസിദ്ധാന്തത്തോട് വിയോജിച്ചിരുന്ന മാൽത്തൂസിന്റെ ചിന്തകളെ പിന്തുണച്ചു. ലാഭനിരക്കിലെ ഇടിവ് അംഗീകരിച്ചിരുന്നു റിക്കാർഡോയുടെ നിലപാടുകളോടും കെയ്ൻസ് യോജിച്ചിരുന്നു. ബൂർഷ്വാ അർത്ഥശാസ്ത്ര കാരനായ റിക്കാർഡോയുടെ സിദ്ധാന്തങ്ങളിൽ നിന്നുമാണ് മാർക്സ് തന്റെ മൗലികമായ പല നിരീക്ഷണങ്ങളിലേക്കും എത്തിയത് എന്നതുകൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. റിക്കാർഡോയെയും മാർക്സിനെയും പാടെ തിരസ്കരിക്കുന്ന കെയ്നീഷ്യൻ സമീപനം തീർത്തും ആകസ്മികമാണെന്ന് പറയാൻ വയ്യ.

കെയ്ൻസ് വെച്ചുപുലർത്തിയിരുന്ന പോസിറ്റിവിസ്റ്റ് നിലപാടുകളും ഇത്തരം സമീപനങ്ങൾ കൈക്കൊള്ളുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചിരുന്നു. കെയ്ൻസിന്റെ കാഴ്ചപ്പാടിൽ അടങ്ങിയ എംപിരിസിസത്തിന്റെ ഈ ദൗർബല്യത്തെക്കുറിച്ച് ഡേവിഡ് ഹാർവെ എടുത്തുപറയുന്നുണ്ട്. ഭൗതികമായി കാണാനും അളക്കാനും കഴയാത്ത പ്രതിഭാസങ്ങളെ വിശകലന പദ്ധതിയിൽ ഉൾപ്പെടുത്താത്ത സമീപനമാണ് അധ്വാനമൂല്യസിദ്ധാന്തത്തെ അവഗണിക്കാൻ കെയ്ൻസിനെ പ്രേരിപ്പിച്ചതെന്നാണ് ഹാർവെയുടെ നിരീക്ഷണം. മൂല്യം ഭൗതികേതരമായ, അയഥാർത്ഥമായ ഒരുഘടകമാണെന്നും അതിനാൽ അത് പരിഗണിക്കപ്പെടേണ്ട ഒന്നല്ല എന്നുമുള്ള കെയ്ൻസിന്റെയും അദ്ദേഹത്തിന്റെ പിൻതുടർച്ചക്കാരുടെയും നിലപാടുകളെ ഹാർവേ നിശിതമായി വിമർശിക്കുന്നുണ്ട്. വർഗം, സാമൂഹികപദവി തുടങ്ങി സാമൂഹിക പ്രക്രിയകളുടെ രൂപീകരണത്തെ നിർണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളെ അവഗണിക്കുന്ന രീതിശാസ്ത്രം കെയ്നീഷ്യൻ സിദ്ധങ്ങളെ ഏറെ ദുർബലമാക്കി. മനുഷ്യരുടെ സാമാന്യബോധത്തെ മാത്രം അടിസ്ഥാനമാക്കിയ കാഴ്ചപ്പാടുകൾ അതിനെ ഉപരിപ്ലവമാക്കി. തീർത്തും മൂല്യനിരപേക്ഷമായ ഒരു മണ്ഡലത്തിലാണ് സാമ്പത്തിക പ്രക്രിയകൾ രൂപപ്പെടുന്നത് എന്ന കെയ്ൻസിന്റെ വിശ്വാസങ്ങളുടെ തന്നെ പരാജയമാണ് 1970കൾക്ക് ശേഷം പാശ്ചാത്യ മുതലാളിത്ത ലോകത്തു തന്നെ സംഭവിച്ചത്. കെയ്‌നീഷ്യനിസത്തിൽ നിന്നും പിൻവാങ്ങിയ വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ അതിനു കടകവിരുദ്ധമായ സമീപനങ്ങൾ കൈക്കൊണ്ടു. നിയോ ലിബറൽ നയങ്ങളുടെ ആവിർഭാവം അവശേഷിച്ച കെയ്നീഷ്യൻ സമീപനങ്ങളെയും ഭരണകൂട നയങ്ങളിൽ നിന്നും തുടച്ചുനീക്കുന്നതാണ് പിൽക്കാലത്ത് ലോകം കണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular