Friday, January 3, 2025

ad

Homeഇക്കണോമിക് നോട്ടുബുക്ക്മൂലധനത്തിന്റെ ജൈവഘടനയിൽ വരുന്ന മാറ്റവും ലാഭനിരക്കിലെ ഇടിവും‐ 2

മൂലധനത്തിന്റെ ജൈവഘടനയിൽ വരുന്ന മാറ്റവും ലാഭനിരക്കിലെ ഇടിവും‐ 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 69

മുതലാളിത്ത ഉല്പാദനക്രമത്തിന് അതിന്റെ ആഭ്യന്തര വൈരുധ്യങ്ങളിൽനിന്ന് ഒരിക്കലും പുറത്തുകടക്കാനാവില്ല എന്നതായിരുന്നു മാർക്സിന്റെ ഉറച്ച നിരീക്ഷണം. മൂലധനത്തിന്റെ ജൈവഘടനയിൽ വരുന്ന മാറ്റം ലാഭനിരക്കിന്റെ ഇടിവിലേക്കു നയിക്കും എന്ന സൈദ്ധാന്തിക നിരീക്ഷണത്തെ പ്രധാനമായും ആധാരമാക്കിയായിരുന്നു മാർക്സ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. നിരന്തരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആധുനിക മുതലാളിത്തത്തിന്റെ ചരിത്രം ഈ സൈദ്ധാന്തിക നിഗമനത്തെ സാധൂകരിക്കുന്നുണ്ട്. എന്നാൽ മുതലാളിത്ത ഉല്പാദനക്രമത്തെ ആധാരമാക്കിയ രാഷ്ട്രങ്ങൾ തങ്ങൾ നേരിട്ട പ്രതിസന്ധികളെ പല മാർഗങ്ങളിലൂടെ അതായത്‌, – കൊളോണിയൽ കൊള്ളകൾ, യുദ്ധങ്ങൾ, ആധുനിക അധിനിവേശ തന്ത്രങ്ങൾ, നവ ഉദാരവൽക്കരണ നയങ്ങളുടെ അടിച്ചേൽപ്പിക്കൽ എന്നിങ്ങനെ പലരൂപത്തിൽ രാഷ്ട്രീയമായി മറികടന്നതിനെ ചൂണ്ടിക്കാട്ടി ഈ മാർക്സിയൻ നിഗമനങ്ങളെ നിരാകരിക്കാൻ ശ്രമിക്കുന്ന ആഖ്യാനങ്ങൾ പലരും ചമയ്ക്കാറുണ്ട്. അതുപോലെ സാമ്പത്തിക പ്രതിസന്ധികൾമൂലം മുതലാളിത്ത വ്യവസ്ഥകൾ സ്വയം തകർന്നടിയും എന്ന തരത്തിലുള്ള ഒരു നിരീക്ഷണവും മാർക്സ് നടത്തിയിട്ടുമില്ല. ഇത് വേറൊരു വിഷയമായതുകൊണ്ട് അതിലേക്ക് ഇവിടെ കടക്കുന്നില്ല. മുതലാളിത്ത ഉല്പാദനക്രമത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ സാങ്കേതികമായി വിലയിരുത്താൻ മാത്രമുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. അമിതോല്പാദനവും ലാഭനിരക്ക് ഇടിയാനുള്ള പ്രവണതയുമാണ് മുതലാളിത്തത്തെ പ്രതിസന്ധിയിലേക്ക് തള്ളി നീക്കുന്ന സ്വാഭാവികമായ കാര്യങ്ങൾ. എന്താണ് അമിതോല്പാദനം? എന്തുകൊണ്ടാണ് അമിതോല്പാദനം ഉണ്ടാകുന്നത്? ഉല്പാദിക്കപ്പെടുന്ന ചരക്കുകൾ കമ്പോളത്തിൽ വിറ്റഴിക്കപ്പെടാതെ കിടക്കുമ്പോഴാണ് അമിതോല്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. എന്തുകൊണ്ടാണ് ചരക്കുകൾ വിറ്റഴിക്കപ്പെടാതിരിക്കുന്നത്? ചരക്കുകൾ വാങ്ങാൻ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശം കാശില്ലാതെ വരുമ്പോഴാണ്‌ അത്‌ വിറ്റഴിക്കപ്പെടാതിരിക്കുന്നത്‌. ഇത്തരമൊരവസ്ഥയുടെ കാരണമെന്താണ്? ഇത് സംബന്ധിച്ച ഒരു സമവാക്യം നാം പരിചയപ്പെട്ടു. C=c+v+s. ഇതിനെ ഇങ്ങനെയും പറയാം: ഉല്പാദിക്കപ്പെടുന്ന വസ്തുക്കളുടെ മൂല്യം= സ്ഥിരമൂലധനത്തിന്റെ മൂല്യം + അസ്ഥിര മൂലധനത്തിന്റെ വില + മിച്ചമൂല്യം. ഈ സമവാക്യത്തിലെ അവസാനത്തെ രണ്ടു ഘടകങ്ങളും തൊഴിലാളിയുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്, അവശ്യാധ്വാനത്തിന്റെ വിലയായി നൽകുന്ന കൂലിയും (v-) തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നെടുക്കുന്ന മിച്ചമൂല്യവും (s). കമ്പോളത്തിൽ ക്രയവിക്രയം ചെയ്യാനുള്ള ശേഷിയുടെ പരിമിതിയെക്കൂടിയാണ് കൂലി (അഥവാ v) സൂചിപ്പിക്കുന്നത്. പ്രധാന ഉപഭോക്താക്കളായ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശമുള്ള കാശ് എല്ലായ്‌പോഴും ഉല്പാദിക്കപ്പെടുന്ന ചരക്കുകളുടെ മൂല്യത്തേക്കാൾ കുറവായിരിക്കും. ചരക്കുകൾ കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കും, അത് സാമ്പത്തിക മാന്ദ്യത്തിനും സാമ്പത്തിക കുഴപ്പങ്ങൾക്കും ഇടയാക്കിക്കൊണ്ടേയിരിക്കും. (2008ലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ തേടി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ്, മാർക്സിന്റെ മൂലധനം വായിച്ചത് വലിയ വാർത്തയായിരുന്നത് ഓർക്കുക). അതുകൊണ്ടുതന്നെ മിച്ചമൂല്യം അഥവാ s കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കും. മുതലാളിയുടെ കൈവശം വന്നുചേരുന്ന ഈ മിച്ചമൂല്യത്തിൽനിന്നാണ് പുതിയ യന്ത്രോപകരണങ്ങൾ വാങ്ങാനും പുത്തൻ സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനും പുതിയ കമ്പോളങ്ങൾ കണ്ടെത്തി ഉല്പാദന വിതരണ ശൃംഖലകൾ വികസിപ്പിക്കാനും വമ്പിച്ച ധൂർത്തുകളും ആർഭാടങ്ങളും നടത്താനും ആവശ്യമായ പണം മുതലാളിമാർക്ക് കരഗതമാക്കുന്നത്.

നിരന്തരം വികസിക്കുന്ന പ്രതിഭാസമാവുക എന്നത് മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറിത്തീരുന്നത് ഇങ്ങനെയാണ്. മറ്റു മുതലാളിമാരുമായുള്ള കഴുത്തറുപ്പൻ മത്സരം ഇതിന് കൂടുതൽ വഴിയൊരുക്കുകയും ചെയ്യുന്നു. ഉല്പാദനക്ഷമത കൂട്ടിക്കൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാണ് മുതലാളിമാർ ഇപ്പോഴും ശ്രമിക്കുന്നത്. ഉല്പാദനക്ഷമത കൂട്ടുക എന്ന് പറഞ്ഞാൽ എന്താണ്? നേരത്തെ ഒരുത്പന്നം നിർമിക്കാനാവശ്യമായ ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് അത് നിർമിക്കുക. ഇതിന് പല വഴികളുണ്ട്. ചൂഷണനിരക്ക് വർധിപ്പിക്കുക. അതായത് ജോലിസമയം കൂട്ടുക, കൂലിയിനത്തിൽ തൊഴിലാളികൾക്ക് നൽകുന്ന തുകയിൽ കുറവ് വരുത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുക. ആദ്യകാലത്ത് മുതലാളിത്ത രാജ്യങ്ങൾ പതിവായി ചെയ്യാൻ ശ്രമിച്ച ഒരു കാര്യമാണ് ജോലിസമയം വർധിപ്പിക്കുക എന്നത്. തൊഴിലാളികൾ സംഘടിതരായി അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനു ശേഷമാണ് ജോലി സമയം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മുതലാളിത്ത ലോകത്ത് അവസാനിക്കുന്നത്. തൊഴിൽമേഖലയിലെ കടുത്ത സ്തംഭനാവസ്ഥ ഇത്തരം തൊഴിലാളി ചൂഷണങ്ങളെ തിരികെകൊണ്ടുവരുന്ന കാഴ്ച ഇന്ന് വീണ്ടും ദൃശ്യമാണ്. ബാംഗ്ലൂരിൽ ഐ ടി തൊഴിലാളികളുടെ തൊഴിൽ സമയം 14 മണിക്കൂറായി ഉയർത്താനുള്ള നിയമങ്ങൾക്ക് സംസ്ഥാന സർക്കാർതന്നെ മുൻകൈയെടുക്കുന്നത് ഇതിന്റെ ഒരുദാഹരണം മാത്രം.

ചരക്കുകൾ നിർമിക്കാനാവശ്യമായ കൂലിച്ചെലവിൽ കുറവുവരുത്തുക എന്നതാണ് ഉത്പാദനക്ഷമത കൂട്ടാനുള്ള മറ്റൊരു വഴി. ഒരുല്പന്നം നിർമിക്കാനാവശ്യമായ അധ്വാനശക്തിയുടെ ചെലവ് കുറയ്ക്കുക എന്നതാണ് ഇതിന്റെ ഒരു മാർഗം. ഇതിന് ഒന്നുകിൽ കൂലി കുറയ്‌ക്കേണ്ടി വരും അല്ലെങ്കിൽ നിലവിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തി കൂടുതൽ ഉത്പന്നങ്ങൾ നിർമിക്കേണ്ടി വരും. പ്രത്യക്ഷകൂലിയിൽ കുറവുവരുത്തുക ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. പക്ഷെ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിന്റെ ഈ കാലത്ത് തൊഴിലാളികളുടെ അളവിൽ കുറവുവരുത്തുക താരതമ്യേന എളുപ്പമാണ്. അതിനാൽ ആ മാർഗ്ഗമാണ് പൊതുവെ എല്ലാവരും അവലംബിച്ചുപോരുന്നത്. നേരത്തെ 10 തൊഴിലാളികൾ ചേർന്നു ചെയ്തിരുന്ന പ്രവൃത്തി ചെയ്യാൻ 2 പേർ മതിയാകുമെന്ന സാഹചര്യം ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഇനി തൊഴിലാളികളേ വേണ്ട എന്ന രീതിയിൽ നിർമ്മിതബുദ്ധിയെയും റോബോട്ടിക്സിനെയുമൊക്കെ കൂട്ടിയിണക്കിയുള്ള ഉല്പാദന ശ്രമങ്ങളും പല മേഖലകളിലും സജീവമായി വരുന്നുണ്ട് എന്ന കാര്യം നാം ഇതിനകം ചർച്ച ചെയ്തതാണ് .

ഓട്ടോമേഷൻ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ഈ പ്രക്രിയയെ മാർക്സ് ‘മൂലധനത്തിൽ’ വളരെ ആഴത്തിൽ വിശകലനം ചെയ്‌തിരുന്നു. യന്ത്രങ്ങളാകുന്ന സ്ഥിരമൂലധനവും അധ്വാനശേഷിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ (c/v-) മൂലധനത്തിന്റെ ജൈവഘടന (Organic composition of capital) എന്ന് മാർക്സ് വിളിച്ചു. കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുമ്പോൾ ഈ അനുപാതം വർദ്ധിക്കും എന്ന് നമുക്ക് ഗണിതശാസ്ത്രപരമായിത്തന്നെ സാധൂകരിക്കാവുന്നതാണ്. സ്ഥിരമൂലധനത്തിന്റെ അളവിൽ വരുന്ന വർദ്ധന എങ്ങനെയാണ് മൂലധനത്തിന്റെ ജൈവ ഘടനയിൽ വർധനയുണ്ടാക്കുന്നതെന്നും അതെങ്ങനെയാണ് ലാഭനിരക്ക് ഇടിയ്ക്കുന്നതെന്നും താഴെപ്പറയുന്ന പട്ടിക കാണിച്ചു തരുന്നു.

മൂലധനത്തിന്റെ ജൈവഘടനയും ലാഭനിരക്ക് ഇടിയുന്ന പ്രവണതയും
സ്ഥിര മൂലധനം (c) കൂലി (v) മിച്ചമൂല്യം (s) c/v ലാഭനിരക്ക് s/(c+v)
1000 40 60 10 0.05
1500 40 60 15 0.04
2000 40 60 20 0.03
2500 40 60 25 0.02
3000 40 60 30 0.02
3500 40 60 35 0.02
4000 40 60 40 0.01

ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച നിരീക്ഷണം ആദ്യമായി നടത്തുന്നത് മാർക്‌സല്ല. ക്ലാസിക്കൽ അർത്ഥശാസ്ത്രകാരന്മാരായ ആദം സ്മിത്തും, റിക്കാർഡോയും, മാൽത്തൂസും, ജോൺ സ്റ്റുവർട്ട് മില്ലുമെല്ലാം ലാഭനിരക്കിലുണ്ടാകുന്ന ഇടിവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പക്ഷെ, ഇവരെല്ലാം ചെയ്‌തത്‌ വ്യത്യസ്ത സന്ദർഭങ്ങളും കാരണങ്ങളും മുൻനിർത്തിയാണെന്നുമാത്രം. മുതലാളിത്ത ഉല്പാദനപ്രക്രിയക്ക് പുറത്താണ് ഇവരിൽ പലരും ഇതിന്റെ കാരണങ്ങൾ കണ്ടെത്തിയത്. ജനസംഖ്യാവർദ്ധനവും അതുമൂലം ഫലഭൂയിഷ്ഠമായ കൃഷിയിടത്തിന്റെ വിസ്തൃതിയിലുണ്ടാകുന്ന ഇടിവുമാണ് ഇതിന്റെ കാരണമായി റിക്കാർഡോ കണ്ടെത്തിയത്. ഇത് കൂലി വർധനയിലേക്കും ഭക്ഷണസാധനങ്ങളുടെ വില വർധനവിലേക്കും അത് കൂലിനിരക്കുകൾ വീണ്ടും ഉയരുന്നതിലേക്കും അങ്ങനെ ലാഭത്തിന്റെ ഇടിവിലേക്കും വഴിവെക്കുമെന്ന് റിക്കാർഡോ കരുതി. ഇതിനെ മാർക്‌സ്‌ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. സാമ്പത്തികശാസ്ത്രത്തിൽനിന്നും ഒളിച്ചോടിയ റിക്കാർഡോ ഓർഗാനിക് കെമിസ്ട്രിയിലാണ് അഭയം തേടിയത് എന്നാണ് ഗ്രുൻഡ്രിസ്സെയിൽ മാർക്സ് ഇതുസംബന്ധിച്ച് പരാമർശിച്ചത്. തന്റെ മുൻഗാമികളായ അർത്ഥശാസ്ത്രകാരന്മാരിൽനിന്നും മാർക്സ്‌ വേറിട്ടുനിൽക്കുന്നത് ഇവിടെയാണ്. ലാഭനിരക്കിലുള്ള ഇടിവ് മുതലാളിത്ത ഉല്പാദനപ്രക്രിയയുടെ തീർത്തും ആഭ്യന്തരമായ ഒരു പ്രതിഭാസമാണെന്ന് മാർക്സിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

ലാഭത്തിന്റെ ഏക സ്രോതസ്സ് അധ്വാനശക്തിയാണെന്ന വാദമാണ് മാർക്സ് അതിശക്തമായി മുന്നോട്ടുവെച്ചത്. അതേസമയം ഉല്പാദനപ്രവർത്തനത്തിൽ അധ്വാനശക്തിയെ അപേക്ഷിച്ച് യന്ത്രങ്ങളുടെ പങ്ക് കൂടുന്നതോടെ ലാഭനിരക്കിൽ ഇടിവ് സംഭവിക്കും . ഇത് ഗണിതശാസ്ത്രപരമായി ഇങ്ങനെയും സമർത്ഥിക്കാമെന്ന് താഴെപ്പറയുന്ന സമവാക്യങ്ങൾ നിരത്തി അർഥശാസ്‌ത്രകാരന്മാരായ ഹൊവാഡ് & കിംഗ് തെളിയിക്കുന്നു.

(1) (1) K = C/V
(2) (2) E= S/V
(3) (3) R=S/(C+V)
K എന്നത് സ്ഥിര മൂലധനവും അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്നു. C സ്ഥിര മൂലധനം അഥവാ യന്ത്രങ്ങളും മറ്റും. V അസ്ഥിരമൂലധനം അഥവാ അധ്വാനശക്തി. മിച്ചമൂല്യവും അധ്വാനശക്തിയും തമ്മിലുള്ള അനുപാതത്തെയാണ് E അഥവാ ചൂഷണത്തോത് സൂചിപ്പിക്കുന്നത്. മിച്ചമൂല്യവും മൊത്തം മൂലധനവും തമ്മിലുള്ള അനുപാതത്തെ അഥവാ ലാഭനിരക്കിനെ R സൂചിപ്പിക്കുന്നു.

ഈ സമവാക്യത്തിന്റെ (3) നുമേറ്ററിനെയും നോമിനേറ്ററിനെയും V കൊണ്ട് ഹരിക്കുക, അതായത്, ( s / v) , (c+v)/v അപ്പോൾ സ്ഥിരമൂലധനത്തിന്റെ വർദ്ധന ലാഭനിരക്കിനെ ഇടിക്കും എന്ന് വ്യക്തമാക്കുന്ന താഴെപ്പറയുന്ന സമവാക്യം കിട്ടും.

(4) R= E /(K +1 )

മൂലധനത്തിന്റെ ജൈവഘടനയിലെ വർദ്ധനയ്‌ക്കാനുപാതികമായി ലാഭം കുറയുകയും ചെയ്യുമെന്ന് സമവാക്യം 4 തെളിയിക്കുന്നു. ഇത് മറികടക്കാൻ മുതലാളിത്തത്തിനുള്ള ഏക മാർഗം ചൂഷണ നിരക്കിൽ നിരന്തരം വർദ്ധന വരുത്തുക എന്നത് മാത്രമാണ്. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളും യഥാർത്ഥ വേതനനിരക്കിലെ ഇടിവുമെല്ലാം ഇതിന്റെ ഉല്പന്നങ്ങളാണ്.

മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശേഷിയാണ് എന്നും യന്ത്രവൽക്കരണത്തിന്റെ തോത് ലാഭനിരക്ക് ഇടിക്കുമെന്നുമാണല്ലോ മാർക്സിന്റെ ഏറ്റവും മൗലികമായ നിരീക്ഷണം. കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉല്പാദനപ്രവർത്തനത്തിൽ ഇടപെടുന്നതോടെ ഈ പ്രക്രിയയ്ക്ക് ആക്കംകൂടുന്നു. പൂർവ്വാർജ്ജിത അധ്വാനശേഷിയുടെ ഉല്പന്നങ്ങളാണ് ഓരോ യന്ത്രവും എന്ന് നാം കണ്ടു. ഇവിടെ മിച്ചമൂല്യത്തിന്റെ, അഥവാ ലാഭത്തിന്റെ കേന്ദ്രം, നിലവിൽ ഉല്പാദനപ്രവർത്തനം നടക്കുന്ന ഇടങ്ങളിൽനിന്നും ഭൂതകാലത്തേക്ക് സഞ്ചരിക്കുന്നു. യന്ത്രവൽക്കരണത്തിന്റെ മൂർദ്ധന്യത്തിൽ ഈ കണ്ണികളുടെ നീളം കൂടുന്നു. തത്വത്തിൽ ഒരു തൊഴിലാളിയും നേരിട്ട് ഉല്പാദനപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുമ്പോൾപോലും മറ്റേതോ പ്രദേശത്ത്, ഏതോ കാലത്ത് ഈ യന്ത്രങ്ങൾ നിർമ്മിക്കാൻ ചെലവഴിക്കപ്പെട്ട അധ്വാനശേഷി ലാഭത്തിന്റെ ഉറവിടമായി മാറുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും മറികടന്നുകൊണ്ട് മൂലധന ചൂഷണം അരങ്ങുവാഴുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + twelve =

Most Popular