Friday, January 3, 2025

ad

HomeUncategorisedകെ കെ വാരിയർ: തൃശ്ശൂരിൽ ചെങ്കൊടിയുയർത്തിയ ആദ്യ കമ്യൂണിസ്റ്റ്‌

കെ കെ വാരിയർ: തൃശ്ശൂരിൽ ചെങ്കൊടിയുയർത്തിയ ആദ്യ കമ്യൂണിസ്റ്റ്‌

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 62

1930ലെ ഒരു ദിവസം ക്വാലാലമ്പൂരിൽനിന്ന് മടങ്ങിയെത്തുകയാണ് കീരൻകുളത്ത് കൃഷ്ണവാരിയർ. മുന്നറിയിപ്പില്ലാതെ എത്തിയ മൂത്ത ജ്യേഷ്ഠന്റെ കയ്യിൽ രണ്ട്് വലിയ ട്രങ്ക് പെട്ടികളുണ്ട്‐ അഞ്ച് സഹോദരന്മാരും ആറ് സഹോദരിമാരും വിചാരിച്ചത് അവർക്ക് മലയായിൽനിന്ന് ടെർളിൻ കുപ്പായങ്ങളോ മറ്റെന്തോ സമ്മാനങ്ങളോ ആ പെട്ടിയിൽ കരുതിയിട്ടുണ്ടാവുമെന്നാണ്. പത്താം ക്ലാസും ടൈപ്പുമെന്ന അന്നത്തെ ഉന്നതവിദ്യാഭ്യാസം പ്രശസ്തമായ നിലയിൽ പാസായി മലയായിൽ ബ്രിട്ടീഷുകാരന്റെ എസ്റ്റേറ്റിൽ സായിപ്പിന്റെ സ്റ്റെനോ ആയി നാലുകൊല്ലം ജോലിചെയ്തശേഷമാണ് ജ്യേഷ്ഠൻ മടങ്ങുന്നത്. പക്ഷേ ആ പെട്ടികൾ അവർക്കുമുമ്പിൽ തുറക്കപ്പെട്ടില്ല. അതിൽ തൽക്കാലം അവർക്കാവശ്യമായ ഒന്നുമുണ്ടായിരുന്നില്ല. ജോലി രാജിവെച്ച് മടങ്ങിയ വാരിയരുടെ കയ്യിൽ പണമോ ജൗളിത്തരമോ പൊന്നോ അല്ല ഉണ്ടായിരുന്നത് കുറേ താടിക്കാരൻ സായിവന്മാരുടെ ചിത്രങ്ങളുള്ള പുസ്തകങ്ങളായിരുന്നു. അതെന്തായിരുന്നുവെന്നും അതിന്റെ മൂല്യമെന്താണെന്നും അവർക്ക് പിന്നീടാണ് മനസ്സിലായത്. ജ്യേഷ്ഠന് ഒളിവിൽപോകാനും ജയിലിൽ കിടക്കാനും തല്ലുകൊള്ളാനുമുള്ള പുസ്തകങ്ങളായിരുന്നു ആ ട്രങ്കുകളിലെ ഉള്ളടക്കം.

1926ലാണ് ഒരു ബന്ധുമുഖാന്തരം കൃഷ്ണവാരിയർ മലയായിലെത്തുന്നത്. തരക്കേടില്ലാത്ത ജോലി, തരക്കേടില്ലാത്ത ശമ്പളം. പക്ഷേ ചുറ്റുപാടുമുള്ള തൊഴിലാളികളുടെ ജീവിതം ദുരിതമയമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു, നേരിട്ടറിയുന്നു. തൊഴിലാളികളിൽ വലിയൊരു വിഭാഗം ചീനക്കാരാണ്, പിന്നെ തമിഴരും മലയാളികളും. ചീനക്കാർ കൊല്ലത്തിലൊരു തവണ നാട്ടിൽ പോകും. നാട്ടിൽപോയി വരുമ്പോൾ അവർ കൂടുതൽ രാഷ്ട്രീയപ്രബുദ്ധരായാണ് വരുന്നത്. കൃഷ്ണവാരിയരെ മലയായിലെത്തിച്ച അമ്മാവൻ ശങ്കരവാരിയരുടെ ഭാര്യ ചീനക്കാരിയാണ്. ചൈനയിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ചെല്ലാം ചെറുതായി മനസ്സിലാക്കുന്നു. ബ്രിട്ടീഷുകാരനായ മുതലാളിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുക, ചൂഷണത്തിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുക‐ അതല്ല, തന്റെ വഴി എന്ന് തീരുമാനിക്കുകയാണ് കൃഷ്ണവാരിയർ. ക്വാലാലമ്പൂരിൽ കിട്ടാവുന്നേടത്തോളം, ഇംഗ്ലീഷിലുള്ള മാർക്സിസ്റ്റ് സാഹിത്യം വാങ്ങി രണ്ട് പെട്ടികളിലായി നിറച്ച് നാട്ടിലേക്ക് കപ്പലിൽ കയറുകയായിരുന്നു.

നല്ല ഭൂസ്വത്തും സമ്പത്തുമുള്ള കുടുംബമായതിനാൽ കൃഷ്ണവാരിയരുടെ തിരിച്ചുവരവ് വീട്ടിൽ വലിയ പൊട്ടിത്തെറിയൊന്നുമുണ്ടാക്കിയില്ല. ട്രങ്കിൽ കൊണ്ടുവന്ന പുസ്തകങ്ങളുടെ പാരായണവും നോട്ടെടുപ്പുമായി കുറേക്കാലം കഴിഞ്ഞു. അതിനിടയിൽ തൃശ്ശിവപേരൂർ നഗരത്തിൽ വടക്കുന്നാഥക്ഷേത്രത്തിനടുത്തായി കുടുംബം വകയായുള്ള ജൗളിക്കടയടക്കമുള്ള സ്ഥാപനത്തിൽ ചെന്നിരിക്കൽ. അവിടെ പലപല ആവശ്യങ്ങൾക്കായെത്തുന്നവർക്ക് വഴികാട്ടൽ. രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നതിന് മുമ്പേതന്നെ ജനനേതാവായി മാറുകയായിരുന്നു കൃഷ്ണവാരിയർ. നിയമലംഘനപ്രസ്ഥാനവും ഗുരുവായൂർ സത്യാഗ്രഹവുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാലമാണ്. പക്ഷേ നിയമലംഘനപ്രസ്ഥാനത്തിൽ ചേരാനെന്നല്ല, കോൺഗ്രസ്സിൽ ചേരാൻ പോലും കൃഷ്ണവാരിയർ തയ്യാറായില്ല. കോൺഗ്രസ് ബൂർഷ്വാപാർട്ടിയാണ്, ജന്മിത്തത്തെ എതിർക്കാൻ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജന്മിമാരുടെ പാർട്ടിയായാണ് പ്രവർത്തിക്കുന്നത്, അതിനാൽ തൊഴിലാളികളെ സംഘടിപ്പിച്ച് സോഷ്യലിസ്റ്റ് പാതകൂടി ലക്ഷ്യമാക്കിവേണം ദേശീയപ്രസ്ഥാനം എന്നാണ് കൃഷ്ണവാരിയർ വാദിച്ചത്. തൃശ്ശിവപേരൂർ നഗരത്തിലെ കുടുംബംവക കടയിലിരുന്നുകൊണ്ട് അതിനുള്ള ശ്രമത്തിലാണ് അദ്ദേഹം മുഴുകിയത്.

വിദ്യാസമ്പന്നനും വിദേശത്തുനിന്ന് തിരിച്ചെത്തിയ ആളും നല്ല താൻപോരിമയുള്ളയാളുമെന്ന നിലയിൽ നഗരത്തിലെ ഏറ്റവും പ്രശസ്തനും ആപത്ബാന്ധവനുമായി അതിവേഗം കീരൻകുളത്ത് കൃഷ്ണവാരിയർ മാറി. അപ്പോഴേക്കും ആളുകൾ അദ്ദേഹത്തെ കീരൻ എന്ന് നേർക്കുനേരെയും അല്ലാതെയും വിളിക്കാൻ തുടങ്ങി. കേരളരാഷ്ട്രീയത്തിലെ പ്രസിദ്ധനായ കീരന്റെ ഉദ്ഭവം.. 1931 ആദ്യംമുതൽക്കേ തൃശൂരിലെ ഉല്പതിഷ്ണുക്കളായ വിദ്യാർഥികളെ കണ്ടെത്തി അവരുമായി സോഷ്യലിസത്തെക്കുറിച്ചും തൊഴിലാളിവർഗത്തെക്കുറിച്ചും സോവിയറ്റ് യൂണിയനെക്കുറിച്ചും കീരൻ സംസാരിച്ചുപോന്നു. അക്കാലത്ത് തൊഴിലാളിനേതാവായ പി.കേശവദേവ് തൃശൂർ കേന്ദ്രീകരിച്ച് മഹാത്മ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം നടത്തുന്നുണ്ടായിരുന്നു. അതുമായി കീരൻ സഹകരിക്കുന്നുണ്ട്. കീരന്റെ പ്രധാന സുഹൃത്തുക്കളിലൊരാൾ വി.ടി.ഭട്ടതിരിപ്പാടാണ്. മംഗളോദയത്തിൽ പ്രൂഫ് റീഡറായ വി.ടി അവിടത്തെ ജോലി കഴിഞ്ഞ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ കീരൻ അവിടെ കാത്തുനിൽക്കുന്നുണ്ടാവും. മംഗളോദയത്തിലെ ജോലിക്കൊപ്പം ഉണ്ണിനമ്പൂതിരി മാസികയുടെ കൈകാര്യകർത്താവും വി.ടിയാണ്. ഉണ്ണിനമ്പൂതിരി പത്രത്തിന്റെ വകയായി പുസ്തകപ്രസാധനസംരംഭവുമുണ്ടായിരുന്നു. കേശവദേവിന്റെ അഗ്നിയും സ്ഫുലിംഗവും എന്ന പുസ്തകം അവരാണ് പ്രസിദ്ധപ്പെടുത്തിയത്. ഗ്രന്ഥാവലി എന്നായിരുന്നു ആ സംരംഭത്തിന്റെ പേര്. കേശവദേവിന്റെ മഹാത്മ പത്രത്തിലെ ലേഖനങ്ങളിലെല്ലാം സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങളാണ് നിറഞ്ഞുനിന്നത്. തൃശൂർ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിയായ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഉണ്ണിനമ്പൂതിരി ലേഖനങ്ങൾ കീരന്റെയും കേശവദേവിന്റെയുമെല്ലാം ശ്രദ്ധയിൽപ്പെട്ടിരുന്നു. കീരൻ സെന്റ് തോമസ് കോളേജ് ഹോസ്റ്റലിൽചെന്ന് ഇ.എം.എസിനെ കണ്ടു. സോഷ്യലിസത്തെക്കുറിച്ചും തൊഴിലാളിവർഗത്തെക്കുറിച്ചും സോവിയറ്റ് വിപ്ലവത്തെക്കുറിച്ചുമെല്ലാം സംസാരിച്ചു. മലയായിൽനിന്ന് താൻ കൊണ്ടുവന്ന ചില പുസ്തകങ്ങൾ കീരൻ ഇ.എം.എസ്സിന് വായിക്കാൻ കൊടുത്തു. ഹോസ്റ്റലിലും പുറത്തും അവർ തമ്മിൽ സംവാദങ്ങൾ നടന്നു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലായപ്പോൾ ഉത്തരേന്ത്യൻ വിപ്ലവകാരികളുമായി ബന്ധപ്പെടുന്നതിന് മുമ്പേതന്നെ ഇ.എം.എസിന്റെ മനസ്സിൽ മാർക്സിസത്തിന്റെ വിത്തുകൾ കീരൻ മുഖേന പാകിക്കഴിഞ്ഞിരുന്നുവെന്നർഥം. എന്നാൽ അവർ തമ്മിൽ തർക്കവുമുണ്ടായി. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുന്നതിൽ കാര്യമില്ലെന്ന കീരന്റെ നിലപാട് ഇ.എം.എസ് തള്ളി. വ്യത്യസ്താഭിപ്രായത്തോടെയാണ് നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കാനായിതന്നെ കീരൻ യാത്രയാക്കിയതെന്ന് ഇ.എം.എസ് ആത്മകഥയിൽ അനുസ്മരിക്കുന്നു.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം നടന്ന 1934 മെയ് മാസത്തിനുശേഷം ഒരുനാൾ പി.കൃഷ്ണപിള്ളയും ഇ.എം.എസ്സും തൃശൂരിലെത്തി. സീതാറാം മില്ലിൽ യൂണിയൻ രൂപീകരിക്കണം, സി.എസ്.പി തൃശൂരിലും രൂപീകരിക്കണം‐ കീരനാണ് തൃശൂരിൽ സിഎസ്‌പി രൂപീകരിക്കാൻ എന്തുകൊണ്ടും പറ്റിയ ആൾ എന്ന് അവർക്കറിയാമായിരുന്നു. നേരത്തേതന്നെ മാർക്സിസ്റ്റായ കീരന് കോൺഗ്രസ്സിനോടേ വിപ്രതിപത്തിയുള്ളൂ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയോട് അടുപ്പമാണുണ്ടാവുകയെന്ന് കൃഷ്ണപിള്ളയ്ക്കും ഇ.എം.എസ്സിനും അറിയാമായിരുന്നു. അങ്ങനെ ചർച്ചകൾ നടന്നു. സീതാറാം മില്ലിൽ യൂണിയനുണ്ടാക്കാൻ കീരനും എൻ.സി.ശേഖറും അവിടെ കടന്നുചെന്ന് ലഘുലേഖകളും നോട്ടീസും വിതരണം ചെയ്തു.

അങ്ങനെയിരിക്കെയാണ് തൃശൂരിലെ പറപ്പുള്ളി അങ്ങാടിയിൽ ഒരു സംഭവമുണ്ടാകുന്നത്. ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. അവിടെ കരിയപ്പൻ എന്ന ഒരു ചുമട്ടുതൊഴിലാളി മരിച്ചപ്പോൾ ശവപ്പെട്ടി വാങ്ങാനും മറ്റ് മരണാനന്തര കർമങ്ങൾക്കും പണമില്ല. അയൽവാസികളെല്ലാം ചേർന്ന് പണം പിരിപ്പിച്ച്‌ ശവപ്പെട്ടി വാങ്ങുകയും മറ്റ് കർമങ്ങൾ നടത്തിക്കുകയും ചെയ്തു. സ്വമേധയാ ഇങ്ങനെ പിരിവുനടത്തിയ നാട്ടുകാർക്ക്്് ഒരാലോചന. ഇത്തരത്തിൽ പരസ്പരസഹായം ചെയ്യുന്നതിന് ഒരു സ്ഥിരം സംവിധാനമുണ്ടാകണം. അവർ ആ നാട്ടിലെ ഹിന്ദി അധ്യാപകനും ദേശീയവാദിയുമായ വേലായുധൻ മാസ്റ്ററോട്്് കാര്യം പറഞ്ഞു. ആ അധ്യാപകൻ നഗരത്തിൽ കെ.കെ.വാര്യരുടെ കേന്ദ്രമായ പീടികയിലെത്തി വാര്യരെ കണ്ട്് സംസാരിച്ചു. വാര്യർ പറപ്പുള്ളിയിലെത്തി വീടുകൾ തോറും കയറിയിറങ്ങി ഒരു സഹോദരസംഘം രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം നടത്തി. അങ്ങനെയാണ് തൃശൂർ ലേബർ ബ്രദർഹുഡ് രൂപീകരിക്കുന്നത്. ചിട്ടി നടത്തിക്കൊണ്ടാണ് പരസ്പര സഹായത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. തുടക്കത്തിൽത്തന്നെ ഇരുന്നൂറോളം അംഗങ്ങളെ ബ്രദർഹുഡിൽ ചേർക്കാൻ സാധിച്ചു. പിന്നീട് തൃശൂരിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിലൊരാളായി മാറിയ എം.എ.കാക്കു, പി.എം.തോമസ്, കടവി വറീത്, ടി.വി.ആ്രൻഡ്രൂസ്, കെ.പി.പോൾ, മാണ്ടന്റെ കൊച്ച്, വടക്കന്റെ പോൾ, പുതുക്കാടൻ പൈലോത്, കെ.ജെ.ഫ്രാൻസിസ്, പനക്കലാൻ വറീത്, എം.പി.ഭട്ടതിരിപ്പാട്, കെ.കെ.മാസ്റ്റർ, കെ.എം.ജോസഫ് എന്നിവരാണ് ബ്രദർഹുഡ് കെട്ടിപ്പടുക്കാൻ കെ.കെ.വാര്യരോടൊപ്പം മുൻനിന്ന് പ്രവർത്തിച്ചത്.

പരസ്പരസഹായസഹകരണ സംഘത്തിന്റെ രൂപത്തിലാണ് ലേബർ ബ്രദർഹുഡ് പ്രവർത്തനം തുടങ്ങിയതെങ്കിലും അതിവേഗം അതിന്റെ ലക്ഷ്യവും പരിപാടിയും വിപുലമായി. കടകളിൽ ജോലിചെയ്യുന്നവരായിരുന്നു സംഘടനയിലെ കുറേപ്പേർ. രാവിലെ എട്ടുമണി മുതൽ രാത്രി പന്ത്രണ്ടുവരെയാണ് അന്ന് കടകളിലെ പ്രവൃത്തിസമയം. അൽപമൊന്നിരിക്കാൻ പോലും ഇടകിട്ടാതെ, അഥവാ അതിനനുവാദമില്ലാതെ, കടുത്ത കഷ്ടപ്പാടനുഭവിക്കുന്ന വിഭാഗമാണ് പീടികത്തൊഴിലാളികൾ. ലേബർ ബ്രദർഹുഡ് കെ.കെ.വാര്യരുടെ നേതൃത്വത്തിൽ പീടികത്തൊഴിലാളികളുടെ സംഘടനയണ്ടാക്കി. അടുത്തതായി എൻജിനിയറിങ്ങ് വിഭാഗം തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, ജനറൽ വർക്കേഴ്സ്, മുനിസിപ്പൽ തൊഴിലാളികൾ. അങ്ങനെ വിവിധ വിഭാഗം തൊഴിലാളികളുടെ യൂണിയനുകൾ രൂപീകരിക്കുകയും അവകാശസമരങ്ങൾ വളർത്തുകയും ചെയ്തു. തൊഴിലാളിസംഘടനകളുടെ യോഗങ്ങളിൽ സാക്ഷരതാക്ലാസും രാഷ്ട്രീയവിദ്യാഭ്യാസവും നൽകി. മലബാറിൽ പ്രവർത്തനം തുടങ്ങിയ കോൺഗ്രസ് സോഷ്യലിസറ്റ് പാർട്ടിയുടെ പ്രവർത്തനം കൊച്ചിരാജ്യത്ത് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവുമായി കൃഷ്ണപിള്ളയും ഇ.എം.എസും തൃശൂരിൽവന്ന് കീരനുമായി സംസാരിച്ച് പ്ലാൻ ചെയ്ത കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ലേബർ ബ്രദർഹുഡിലൂടെയാണ് കീരൻ കൃഷ്ണപിള്ളയുടെ നിർദേശം നടപ്പാക്കാൻ തുടങ്ങിയത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പത്രം ലേബർഹുഡ് യോഗങ്ങളിലും യൂണിയനുകളുടെ യോഗത്തിലും വായിച്ചു ചർച്ച ചെയ്യുന്നത് പതിവാക്കി. തുടർന്ന് പ്രഭാതം പത്രം പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയതോടെ പ്രഭാതത്തെ ആസ്‌പദമാക്കിയായി ചർച്ച. ലേബർ ബ്രദർഹുഡ് അപ്പാടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. മലബാറിൽനിന്ന് കെ.ദാമോദരനടക്കമുള്ളവർ ലേബർ ബ്രദർഹുഡിന്റെയും അനുബന്ധ സംഘടനകളുടെയും യോഗങ്ങളിൽ ക്ലാസെടുക്കാനെത്തി. നഗരത്തിലെ അഞ്ചുവിളക്ക് ജംഗ്ഷൻ കീരന്റെ തലസ്ഥാനം പോലെയായി. വൈകുന്നേരങ്ങളിൽ അവിടെയെത്തുന്ന കീരനെതേടി വിവിധ വിഭാഗം തൊഴിലാളികളും പ്രവർത്തകരുമെത്താൻ തുടങ്ങി. തൃശൂരിൽ പുരോഗമനരാഷ്ട്രീയത്തിന്റെ വരവറിയിക്കുകയായിരുന്നു ആ സായാഹ്ന കൂട്ടായ്മകൾ.

അങ്ങനെയിരിക്കെയാണ് കൊച്ചി രാജ്യഭരണത്തെ പിടിച്ചുകുലുക്കിയ ഇലക്ട്രിസിറ്റി സമരം നടക്കുന്നത്. ദിവാൻ ഷൺമുഖം ഷെട്ടിയുടെ സ്വജനപക്ഷപാതപരവും അഴിമതി നിറഞ്ഞതുമായ നടപടിക്കെതിരെ തൃശ്ശിവപേരൂരുകാർ നടത്തിയ ഉജ്ജ്വലസമരം. വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന സി.അച്യുതമേനോനെല്ലാം രാഷ്ട്രീയത്തിൽ സജീവമാകുന്നത് ആ സമരത്തോടെയാണ്. സമരത്തെക്കുറിച്ച്് അച്യുതമേനോനെക്കുറിച്ചുള്ള അധ്യായത്തിൽ വിശദമായി പ്രതിപാദിച്ചത് ഓർക്കുക. ഇലക്ട്രിസിറ്റി സമരത്തിൽ കീരൻ നേതൃത്വപരമായ പങ്കുവഹിച്ചു.

1935 മെയ് മാസം കോഴിക്കോട്ട് നടന്ന സി.എസ്.പി സമ്മേളനത്തിന്റെ ഭാഗമായി ഒരു ട്രേഡ് യൂണിയൻ സംഗമവും നടന്നു. അന്ന് സംസ്ഥാനത്താകെ 16 യൂണിയനുകളാണുണ്ടായിരുന്നത്. ആ സമ്മേളനത്തിൽ കെ.കെ.വാര്യരും പങ്കെടുത്തു. ഈ സമ്മേളനത്തിലെ ധാരണയുടെ കൂടി അടിസ്ഥാനത്തിലാണ് അടുത്തവർഷം തൃശൂരിൽ രണ്ടാം അഖിലകേരള തൊഴിലാളി സമ്മേളനം നടക്കുന്നത്. കോൺഗ്രസ്സിലെ ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം അണിനിരന്ന ആ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ കെ.കെ.വാര്യരായിരുന്നു. കൊല്ലം മുതൽ കണ്ണൂർവരെയുള്ള തൊഴിലാളി കേന്ദ്രങ്ങളിൽനിന്ന് 65 പ്രതിനിധികൾ പങ്കെടുത്ത് രാമവർമ ക്ലബ്ബിൽ നടന്ന ആ സമ്മേളനം ഉദ്ഘാടനംചെയ്തത് ബാട്ലിവാലയാണ്. സമ്മേളനത്തിൽ കെ.കെ.വാര്യരുടെയും ബാട്ലിവാലയുടെയും പ്രസംഗമാണ് തന്റെ രാഷ്ട്രീയധാരണകൾ വിപുലപ്പെടുത്തിയതെന്ന് അച്യുതമേനോൻ അനുസ്മരിച്ചിട്ടുണ്ട്്. അതേകാലത്തുതന്നെ കൊച്ചിയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സമ്മേളനം നടന്നു. 1937 നവമ്പർ 21, 22 തീയ്യതികളിൽ നടന്ന ആ സമ്മേളനത്തിന്റെ ഉദ്ഘാടനം കമലാദേവി ചതോപാദ്ധ്യായയാണ് നിർവഹിച്ചത്. അച്യുതമേനോനാണ് സ്വാഗതസംഘം സെക്രട്ടറി. ഒന്നാം ദിവസത്തെ സമ്മേളനം കഴിഞ്ഞ് വീട്ടിൽപോകാനൊരുങ്ങിയ അച്യുതമേനോനെ രാത്രി തൃശൂർ മാതൃഭൂമി ഓഫീസിലേക്ക് നിർബന്ധിച്ച് കൊണ്ടുപോവുകയാണ് കീരൻ. കമലാദേവി ചതോപാദ്ധ്യായയെ കാണണം. അവിടെ ജോർജ് ചടയംമുറിയും പി.ഗംഗാധരനുമടക്കമുള്ള സി.എസ്.പി. നേതാക്കളുണ്ടായിരുന്നു. സമ്മേളനത്തിൽ ഇടതുപക്ഷത്തിന്റെ നയങ്ങളടങ്ങിയ പ്രമേയം അവതരിപ്പിക്കുക, സംഘടനയെ ഇടത്തേക്ക് നയിക്കുക‐ അതിന് കമലാദേവി ചതോപാദ്ധ്യായ തന്നെ സംഘടിപ്പിച്ചതാണ് കൂടിക്കാഴ്ച. അച്യുതമേനോനെ ഇടതുപക്ഷത്തിന്റെ പരസ്യവക്താവാക്കുന്നത് ആ കൂടിക്കാഴ്ചയും ആ സമ്മേളനവുമാണ്.

1938‐ഓടെയാണ് കെ.കെ.വാര്യർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലെത്തുന്നത്. ആ വർഷം ഏപ്രിൽ 23, 24 തീയ്യതികളിൽ കോഴിക്കോട്് ടൗൺഹാളിൽ എ.കെ.ജി.യുടെ അധ്യക്ഷതയിൽ നടന്ന സി.എസ്.പി. അഞ്ചാം സംസ്ഥാനസമ്മേളനത്തിൽ ജയപ്രകാശ് നാരായണൻ പങ്കെടുത്തിരുന്നു. ആ സമ്മേളനം പി.കൃഷ്ണപിള്ളയെ സെക്രട്ടറിയായും കെ.എ.കേരളീയൻ, എൻ.സി.ശേഖർ, പി.വി.കുഞ്ഞുണ്ണിനായർ, കെ.കെ.വാര്യർ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കൊച്ചിരാജ്യത്തെ സംഘടനാ ചുമതലയായിരുന്നു കെ.കെ.വാര്യർക്ക്.

ആമ്പല്ലൂരിലെ അളഗപ്പ മില്ലിലെ തൊഴിലാളിസമരത്തെക്കുറിച്ച് മുൻപ് പ്രതിപാദിച്ചതാണെങ്കിലും കെ.കെ.വാര്യരുടെ വിപ്ലവജീവിതത്തിൽനിന്ന് അത് അടർത്തിമാറ്റാനാവാത്തതിനാൽ ഹ്രസ്വമായി പറയേണ്ടിയിരിക്കുന്നു. അളഗപ്പ മില്ലിലെ തൊഴിലാളികൾ വിവേചനത്തിനും ചൂഷണത്തിനും മർദനത്തിനുമെതിരെ സ്വമേധയായാണ് സമരം തുടങ്ങിയത്. ലേബർ ബ്രദർഹുഡിനെക്കുറിച്ച് കേട്ടറിഞ്ഞ അവർ തൃശൂരിലെത്തി കെ.കെ.വാര്യരെ കണ്ട്് സഹായമഭ്യർത്തിക്കുകയായിരുന്നു. കെ.കെ.വാര്യർ നയിച്ചതും ഭാഗികമായെങ്കിലും വിജയിച്ചതും കേരളത്തിലാകെ തൊഴിലാളിപ്രസ്ഥാനത്തിന് ആവേശം പകർന്നതുമായ ആ സമരത്തിലെ കെ.കെ.വാര്യരുടെ ഉജ്ജ്വല നേതൃത്വത്തെക്കുറിച്ച് സമരനേതാക്കളിലൊരാളായിരുന്ന അച്യുതമേനോൻ പറയുന്നു‐ ‘ഞാൻ ഒരു കാഴ്ചക്കാരനെപ്പോലെ കീരനോടൊപ്പം നടന്നിരുന്നതേയുള്ളു. എങ്കിലും എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്ന ആ പണിമുടക്കത്തെ കീരൻ എങ്ങനെ നേരിടുന്നുവെന്നും നയിക്കുന്നുവെന്നും സൂക്ഷിച്ചു മനസ്സിലാക്കി. വിലയേറിയ പാഠങ്ങൾ അതിൽനിന്ന് ലഭിക്കാതിരുന്നില്ല.

ഒന്നാമതായി തൊഴിലാളികളെ അവരുടെ ബോധനിലവാരത്തിൽനിന്നുകൊണ്ടുവേണം സമീപിക്കാനെന്നും സ്വന്തം അനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കാൻ അവരെ സഹായിക്കണമെന്നുമുള്ള തത്വം തന്നെ. രണ്ടാമതായി പണിമുടക്ക്‌ സംഘടിപ്പിച്ച രീതി കീരന്റെ അനിതരസാധാരണമായ കർമകുശലതയും പ്രായോഗികവീക്ഷണവും തെളിയിച്ചു. സംഘടിതമായ ഒരു പണിമുടക്കായിരുന്നില്ല അത്. സ്വയമേവ പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നു. പക്ഷേ അങ്ങനെ അധികനാൾ നിൽക്കാൻ പോകുന്നില്ല എന്ന് മനസ്സിലാക്കിയ കീരൻ വാർഡുകൾ തോറും പണിമുടക്ക് കമ്മിറ്റികൾ സംഘടിപ്പിക്കാനും മറ്റും നിർദേശം കൊടുത്തു. കമ്പനി ഗെയിറ്റിൽ പിക്കറ്റ് ചെയ്യാൻ അന്നത്തെ കാലത്ത് ധൈര്യമുള്ള ഒരു തൊഴിലാളിയെയും കിട്ടുമായിരുന്നില്ല. അതുകൊണ്ട് ആമ്പല്ലൂർ മില്ലിലെ തൊഴിലാളികൾ പാർത്തിരുന്ന വില്ലേജുകളിൽനിന്ന് കമ്പനിയിലേക്കുള്ള റോഡിലൂടെ നടന്നുവരുന്ന തൊഴിലാളികളെ അവിടെ പറഞ്ഞുമടക്കാനും ആവശ്യംവന്നാൽ പിക്കറ്റുചെയ്തുതന്നെ തടയാനും ഏർപ്പാടുണ്ടാക്കി.’ l

(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular