ഘാനയിൽ ഡിസംബർ 7നു നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ന്യൂ പാട്രിയോട്ടിക് പാർട്ടിയുടെ (എൻപിപി) സ്ഥാനാർഥി മഹമ്മുദു ബവൂമിയയെ പരാജയപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷനേതാവായ ജോൺ ധ്രാമണി മഹാമ 56.55 ശതമാനം വോട്ടോടുകൂടി വിജയം കൈവരിച്ചു. 66 വയസ്സുള്ള ധ്രാമണി മഹാമ 2012 മുതൽ 2016 വരെയുള്ള കാലയളവിൽ ഘാനയുടെ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചയാളാണ്. മഹമ്മദു ബവൂമിയ നിലവിലെ പ്രസിഡന്റ് നാന അകുഫോ അദ്ദോയുടെ നേതൃത്വത്തിലുള്ള എൻപിപി ഗവൺമെന്റിൽ വൈസ് പ്രസിഡന്റാണ്.
എട്ടുവർഷം നീണ്ട എൻപിപി ഭരണത്തിന്റെ കെടുകാര്യസ്ഥതയിലും കടുത്ത സാന്പത്തിക പ്രതിസന്ധിയിലും നിരാശരായ ഘാനയിലെ ജനങ്ങൾ മാറ്റത്തിനുവേണ്ടിയുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. എൻപിപിയുടെ ഭരണം രാജ്യത്തെ അപരിഹാര്യമാംവിധമുള്ള വായ്‌പാ പ്രതിസനധിയിൽ തളയ്‌ക്കുകയാണ് ചെയ്‌തത്; ഇടത്തരം വിഭാഗത്തെയും പെൻഷണർമാരെയും യുവാക്കളെയുമെല്ലാം ഇത് കാര്യമായി ബാധിച്ചു. തൊഴിലില്ലായ്‌മയും ദുരിതമയമായ തൊഴിൽസാഹചര്യങ്ങളുംമൂലം വലയുന്ന രാജ്യത്തെ ജനങ്ങൾക്ക് ഗവൺമെന്റ് നടപ്പാക്കുന്ന അമിതമായ നികുതി ചുമത്തൽ കടുത്ത ഭാരമായി മാറിയിരിക്കുന്നു. 2022ന്റെ അവസാനം ഘാനയുടെ പൊതുകടം 63.3 ബില്ല്യൺ ഡോളറായിരുന്നു; അവിടുത്തെ ജിഡിപിയുടെ 88.1 ശതമാനത്തിനു തത്തുല്യമായ തുകയാണിത്. അതായത്, ഗവൺമെന്റിന്റെ വരുമാനത്തിൽ നിന്ന് 70 മുതൽ 100 ശതമാനം വരെ വായ്‌പാ തിരിച്ചടവിനായി ചെലവഴിക്കേണ്ടിവരുന്നു. പിന്നെങ്ങനെയാണ് വികസനത്തിനും ആശ്വാസ നടപടികൾക്കും സർക്കാരിന് സാധിക്കുക. ഘാനയിലെ നാണയമായ ‘സീഡി’യുടെ (Cedi) മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ പാതിയിലേറെ ഇടിയുകയും ചെയ്‌തു. നാണയപ്പെരുപ്പം 2022 ഡിസംബറിൽ 54.1 ശതമാനമെന്ന അഭൂതമായപൂർവമായ നിരക്കിലേക്കെത്തി. ഇപ്പോഴും നാണയപ്പെരുപ്പം ഉയർന്നുതന്നെ നിൽക്കുന്നു; തത്‌ഫലമായി ഭക്ഷ്യസാധനങ്ങൾക്കടക്കം വില കുതിച്ചുയരുകയാണ്. 2025ൽ ജനസംഖ്യയുടെ 31.5 ശതമാനത്തിലേക്ക് ഘാനയുടെ ദാരിദ്ര്യനിരക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതിസന്ധി ഇത്രമാത്രം രൂക്ഷമായിരിക്കുന്ന ഘട്ടത്തിലും നാന അദ്ദോ ഗവൺമെന്റ് ശ്രമിക്കുന്നത് ഐഎംഎഫിൽനിന്ന് 3 ബില്ല്യൺ ഡോളർ വായ്‌പാ സഹായം വാങ്ങാനാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഗവൺമെന്റ് ഐഎംഎഫിൽനിന്ന് വാങ്ങുന്ന രണ്ടാമത്തെ വായ്‌പയാണിത്. ഇതിനുവേണ്ട കരാർ 2023 മെയ് മാസത്തിൽ ഗവൺമെന്റ് ഒപ്പുവെച്ചിരുന്നു. കടംകയറി മുടിഞ്ഞുനിൽക്കുന്ന ഒരു രാജ്യത്തെ ഗവൺമെന്റ് ശ്രമിക്കുന്നത് വീണ്ടും വീണ്ടും ഐഎംഎഫിന്റെയും സാമ്രാജ്യത്വത്തിന്റെയും കെണിയിൽ രാജ്യത്തെ തളച്ചിടാനാണ്. ഇത്തരത്തിൽ അദ്ദോ ഗവൺമെന്റിന്റെ ഐഎംഎഫ് അനുകൂല നയത്തിനും ഭരണപരമായ കെടുകാര്യസ്ഥതയ്‌ക്കുമെതിരൊയ ജനവികാരമാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടുകൂടി മഹാമയെ അധികാരത്തിലേറ്റുന്നത്. തീർച്ചയായും ഈ വിജയം മാറ്റത്തിനുവേണ്ടി ജനങ്ങൾ നൽകിയ വോട്ടിന്റെ ഫലമാണ്. l