കമ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടർന്ന് പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന് 32 പേർ ഇറങ്ങിപ്പോയി. അതിലൊരാൾ ജ്യോതിബസു ആയിരുന്നു. അങ്ങനെ ഇറങ്ങിപ്പോയവർ മുൻകൈയെടുത്ത് തെന്നാലിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ആ കൺവെൻഷന്റെ തീരുമാനമനുസരിച്ച് ഏഴാം പാർട്ടി കോൺഗ്രസ് 1964 ഒക്ടോബർ 31 മുതൽ കൽക്കത്തയിൽ ആരംഭിച്ചു. അപ്പോഴേക്കും പാർട്ടിക്കെതിരായ വേട്ട സർക്കാർ ശക്തമാക്കി. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടിയിരുന്ന 25 പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌തത് ജ്യോതിബസുവാണ്. 41 അംഗ കേന്ദ്രകമ്മിറ്റിയെയും ഒമ്പതംഗ പൊളിറ്റ് ബ്യൂറോയെയും സമ്മേളനം തിരഞ്ഞെടുത്തു. 9 അംഗ പൊളിറ്റ് ബ്യൂറോയിലേക്ക് ജ്യോതിബസുവും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അദ്ദേഹം സിപിഐ എമ്മിന്റെ നവരത്‌നങ്ങളിലൊരാളായി മാറി.
സിപിഐ എം നേതാക്കളെ സർക്കാർ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌ത് ജിലിലടച്ചു. ചൈന ചാരത്വം ആരോപിച്ചായിരുന്നു അത്. ഇ എം എസിനെയും ജ്യോതിബസുവിനെയും അറസ്റ്റിൽനിന്ന് ഒഴിവാക്കി. പാർട്ടി അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.
1965ൽ കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബസു കേരളത്തിലെത്തി. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി ആരംഭിച്ചപ്പോൾ അദ്ദേഹമാണ് അതിന്റെ പത്രാധിപരായി പ്രവർത്തിച്ചത്.
1966 ജനുവരി 30ന് വിലക്കയറ്റത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് കൽക്കത്തയിൽ വൻ റാലി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടന്നു. മാർച്ച് 10ന് സംസ്ഥാനമാകെ സ്‌തംഭിച്ച ഹർത്താലിന് ബംഗാൾ സാക്ഷിയായി. സർക്കാർ നിഷ്‌ഠുരമായ മർദനമുറകൾ അഴിച്ചുവിട്ടു. പൊലീസ് അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. വെടിവെപ്പിലും ലാത്തിച്ചാർജിലും നിരവധിപ്പേർ കൊല്ലപ്പെട്ടു. ഒട്ടനവധിപ്പേർക്ക് പരിക്കേറ്റു.
മാർച്ച് 13ന് എഴുത്തുകാരും കലാകാരരും ധിഷണാശാലികളും പങ്കെടുത്ത പടുകൂറ്റൻ അനുശോചനയോഗം കൽക്കത്തയിൽ നടന്നു. സത്യജിത് റേ, മൃണാൾസെൻ തുടങ്ങിയവർ അതിൽ പങ്കെടുത്തു.
അതിനിടയിൽ ജ്യോതിബസുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധം കടുത്തതോടെ അദ്ദേഹത്തെയും മറ്റുള്ളവരെയും വിട്ടയയ്‌ക്കാൻ സർക്കാർ നിർബന്ധിതമായി.
1967ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എം കരുത്തുകാട്ടി. പാർട്ടിക്ക് 43 സീറ്റും 18.5 ശതമാനം വോട്ടും ലഭിച്ചു. സിപിഐ എം നേതൃത്വം നൽകിയ മുന്നണിക്ക് 65 സീറ്റ് ലഭിച്ചു. കോൺഗ്രസിന് ഇതാദ്യമായി ഭൂരിപക്ഷം നഷ്ടമായി. 280 അംഗ നിയമസഭയിൽ അവർക്ക് 127ൽ ഒതുങ്ങേണ്ടിവന്നു. ബംഗ്ല കോൺഗ്രസും സിപിഐയും ഫോർവേഡ് ബ്ലോക്കും ഉൾപ്പെട്ട സഖ്യത്തിന് 63 സീറ്റാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഇതര ഗവൺമെന്റ് രൂപീകരിക്കാൻ സിപിഐ എം മുൻകൈയെടുത്തു. മുഖ്യമന്ത്രിസ്ഥാനത്തിന് ബംഗ്ലാ കോൺഗ്രസ് അവകാശവാദമുന്നയിച്ചു. യാഥാർഥ്യബോധമില്ലാത്ത അവകാശവാദമായിരുന്നു അത്. എങ്കിലും ഐക്യത്തിനുവേണ്ടി സിപിഐ എം പരമാവധി വിട്ടുവീഴ്‌ച ചെയ്‌തു. ബംഗ്ല കോൺഗ്രസ് നേതാവ് അജയ് മുഖർജി മുഖ്യമന്ത്രിയായി. ജ്യോതിബസുവാണ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായി അധികാരമേറ്റത്.
സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. സംസ്ഥാനത്തിനനുവദിക്കപ്പെട്ട ഭക്ഷ്യധാന്യംപോലും അയയ്‌ക്കാൻ കേന്ദ്രസർക്കാർ കൂട്ടാക്കിയില്ല. 1967 ആഗസ്‌ത് ആയപ്പോൾ പ്രശ്‌നം രൂക്ഷമായി. നവംബർ 21ന് ഗവൺമെന്റിനെ രാഷ്‌ട്രപതി പിരിച്ചുവിട്ടു.
1969 ഫെബ്രുവരി 9ന് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് 83 (മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ) സീറ്റ് ലഭിച്ചു. ബംഗ്ല കോൺഗ്രസിന് 133 സീറ്റും ലഭിച്ചു. സിപിഐ 30 ഇടത്തും ഫോർവേഡ് ബ്ലോക്ക് 27 ഇടത്തും ആർഎസ്‌പി 12 ഇടത്തും വിജയിച്ചു. ഇപ്രാവശ്യവും അജയ് മുഖർജി മുഖ്യമന്ത്രിയായും ജ്യോ തിബസു ഡെപ്യൂട്ടി മുഖ്യമന്ത്രിയായും നിയോഗിക്കപ്പെട്ടു.
ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതാക്കൾ നിരന്തരം നടത്തി. ബംഗ്ലാ കോൺഗ്രസിനെയും അജയ് മുഖർജിയെയും അവർ പാട്ടിലാക്കി. സിപിഐ എമ്മിനെ ഒറ്റപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 1970 മാർച്ച് പത്തിന് അജയ് മുഖർജി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അതേത്തുടർന്ന് മന്ത്രിസഭയുണ്ടാക്കാൻ തന്നെ ക്ഷണിക്കണമെന്ന് ജ്യോതിബസു ഗവർണറെക്കണ്ട് ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ അതിനു തയ്യാറായില്ല. പകരംനിയമസഭ അദ്ദേഹം പിരിച്ചുവിട്ടു. സിപിഐ എമ്മിനെതിരെ അതിശക്തമായ വേട്ടയാടൽ സർക്കാർ അതോടെ ആരംഭിച്ചു. 1970ൽ തുടർന്നുള്ള മാസങ്ങളിൽ 150ൽ ഏറെ സിപിഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
1971 മാർച്ച് 9ന് നടന്ന തിരഞ്ഞെടുപ്പിൽ 111 സീറ്റ് നേടാൻ സിപിഐ എമ്മിന് സാധിച്ചു. സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്ക് 123 സീറ്റ് ലഭിച്ചു. ബരാമതി മണ്ഡലത്തിൽനിന്നുതന്നെയാണ് ജ്യോതിബസു ഇത്തവണയും വിജയിച്ചത്. അജയ് മുഖർജിയെ തന്നെ പരാജയപ്പെടുത്താൻ സാധിച്ചത് ബസുവിന്റെ വിജയത്തിന് തിളക്കം വർധിപ്പിച്ചു.
അജയ് മുഖർജിയുടെ ബംഗ്ല കോൺഗ്രസ് ആ തിരഞ്ഞെടുപ്പിൽ ശരിക്കും തകർന്നുതരിപ്പണമായി. വെറും അഞ്ച് സീറ്റുകൊണ്ട് ആ പാർട്ടിക്ക് തൃപ്‌തിപ്പെടേണ്ടിവന്നു. എന്നിട്ടും അജയ് മുഖർജിയെയാണ് ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. കോൺഗ്രസ് പിന്തുണ നൽകി.
എന്നാൽ ആ മന്ത്രിസഭ അധികനാൾ നീണ്ടുനിന്നില്ല. അജയ് മുഖർജിയും കോൺഗ്രസുമായുള്ള ബന്ധം വല്ലാതെ വഷളായി. അധികാരം എത്രയുംവേഗം നേടാനുള്ള കോൺഗ്രസിന്റെ തിടുക്കമായിരുന്നു പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഭരണമുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി.
1971 ജൂൺ 25ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടു.
സിപിഐ എം നേതാക്കൾ പ്രധാനമന്ത്രിയെ പലതവണ കണ്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തടവിലാക്കപ്പെട്ട പാർട്ടിപ്രവർത്തകരെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നിരവധി പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് അരങ്ങേറി.
അവസാനം 1972 മാർച്ച് 31ന് തിരഞ്ഞെടുപ്പ് നടത്തി. വ്യാപകമായ അക്രമങ്ങളും ബൂത്തുപിടിത്തവും ഉൾപ്പെടെ വൻതോതിലുള്ള തിരഞ്ഞെടുപ്പ് അട്ടിമറിയാണ് സർക്കാർ നടത്തിയത്. പട്ടാളത്തെയും പൊലീസിനെയും ഗുണ്ടകളെയും വ്യാപകമായി ഉപയോഗപ്പെടുത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചത്. ബരാമതിയിൽ ബാലറ്റ് പേപ്പറുകളിൽ കോൺഗ്രസ് ചിഹ്നത്തിൽ സീൽ ചെയ്‌ത് നിറച്ചതായി ബസുവിനു ബോധ്യപ്പെട്ടു. അതോടെ തിരഞ്ഞെടുപ്പിൽനിന്ന് താൻ പിന്മാറിയതായി അദ്ദേഹം റിട്ടേണിങ് ഓഫീസറെ രേഖാമൂലം അറിയിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതുപോലെയുള്ള കൃത്രിമങ്ങൾ നടന്നതായി പാർട്ടിക്ക് ബോധ്യപ്പെട്ടു. വോട്ടെണ്ണൽ പ്രക്രിയയും വെറും പ്രഹസനമാക്കി. അതോടെ വോട്ടെണ്ണൽ സ്‌റ്റേഷനുകളിലേക്ക് പ്രതിനിധികളെ അയയ്‌ക്കേണ്ടതില്ലെന്ന് സിപിഐ എമ്മും സഖ്യകക്ഷികളും തീരുമാനിച്ചു.
എല്ലാ ജനാധിപത്യമര്യാദകളെയും കടപുഴക്കിക്കൊണ്ട് കേന്ദ്രഭരണത്തിന്റെ ബലത്തിൽ കോൺഗ്രസ് അധികാരം പിടിച്ചു. സിദ്ധാർഥശങ്കർ റായ് മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടർന്ന് സംസ്ഥാനത്ത് അർധ ഫാസിസ്റ്റ് തേർവാഴ്‌ച തന്നെയാണ് അരങ്ങേറിയത്. അതേക്കുറിച്ച് സി ഭാസ്‌കരൻ ഇങ്ങനെ എഴുതുന്നു: ‘‘ഇപ്രകാരം അധികാരത്തിൽ വന്ന കോൺഗ്രസ് 1972 മുതൽ 1977 വരെയുള്ള അഞ്ചുവർഷത്തിനിടയിൽ 80,000 ആളുകളെ കള്ളക്കേസുകളിൽ കുടുക്കി. 20,000 കുടുംബങ്ങളെ അവരുടെ വാസസ്ഥാനങ്ങളിൽനിന്ന് ഇറക്കിവിട്ടു. 350 ട്രേഡ് യൂണിയൻ ഓഫീസുകൾ കൈയേറി. 927 അധ്യാപകരെ തങ്ങൾ പഠിപ്പിക്കുന്ന സ്‌കൂളുകളിൽ കയറാൻ അനുവദിച്ചില്ല. യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം വിദ്യാർഥികൾക്ക് നിഷേധിച്ചു. ജനാധിപത്യം പരസ്യമായി ലംഘിക്കപ്പെട്ടു. പ്രസംഗ സ്വാതന്ത്ര്യവും യോഗം ചേരുന്നതിനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം തടയപ്പെട്ടു. 1975ൽ രാജ്യത്തൊട്ടാകെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുന്നതിനു മുന്പുതന്നെ ഇതൊക്കെയായിരുന്നു ബംഗാളിലെ സ്ഥിതി. അടിയന്തരാവസ്ഥയിൽ അതിക്രമങ്ങൾ തുടർന്നു’’.
1977 മാർച്ച് 16ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ മുന്നണിയുണ്ടാക്കുകയും ആ മുന്നണി ജനതാപാർട്ടിയുമായി സഖ്യത്തിലാകുകയും ചെയ്‌തു. വളരെ ബുദ്ധിപൂർവമായ നീക്കമാണ് സീറ്റ് വിഭജനത്തിൽ സിപിഐ എം സ്വീകരിച്ചത്. പാർലമെന്റിലേക്ക് ആകെ 42 സീറ്റുകളാണ് ബംഗാളിലുള്ളത്. അതിൽ 22 എണ്ണം ജനതാപാർട്ടിക്ക് നൽകി. അതിൽ 22ഉം നേടാൻ ജനതാപാർട്ടിക്ക് സാധിച്ചു. സിപിഐ എമ്മിന് 17 സീറ്റുകൾ ലഭിച്ചു. കോൺഗ്രസ് അക്ഷരാർഥത്തിൽ തറപറ്റി.
ഒന്നരമാസത്തിനുള്ളിൽ സിദ്ധാർഥശങ്കർ റായി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ജനതാപാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി ശ്രമിച്ചത്. എന്നാൽ 60 ശതമാനം സീറ്റും തങ്ങൾക്കു വേണമെന്ന ജനതാപാർട്ടി നേതൃത്വത്തിന്റെ കടുംപിടുത്തംമൂലം സഖ്യം യാഥാർഥ്യമായില്ല. തുടർന്ന് ഇടതുമുന്നണി ഒറ്റയ്‌ക്ക് കോൺഗ്രസിനെ നേരിട്ടു. തകർപ്പൻ വിജയം സമാഹരിച്ചുകൊണ്ടാണ് സിപിഐ എമ്മിനും ഇടതുമുന്നണിക്കും പിന്നിൽ ജനങ്ങൾ ഉറച്ചുനിന്നത്.
294 അംഗ നിയമസഭയിൽ 243 സീറ്റിലും ഇടതുമുന്നണി വിജയിച്ചു. 178 സീറ്റുകൾ സിപിഐ എമ്മിന് ലഭിച്ചു. സത്‌ഗാച്ചിയ നിയോജകമണ്ഡലത്തിൽനിന്നാണ് ജ്യോതിബസു ഇത്തവണ വിജയിച്ചത്. 38,466 വോട്ടുകൾക്കാണ് അദ്ദേഹം തകർപ്പൻ വിജയം സ്വന്തമാക്കിയത്.
1977 ജൂൺ 21ന് ജ്യോതിബസുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി മന്ത്രിസഭ അധികാരമേറ്റു. പിന്നീട് തുടർച്ചയായ അഞ്ചു തിരഞ്ഞെടുപ്പുകളിലും ജ്യോതിബസുവിന്റെ നേതൃത്വത്തിലാണ് ഇടതുമുന്നണി ഭരണത്തുടർച്ച നേടിയത്. തുടർച്ചയായ 23 വർഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് റിക്കാർഡ് സ്ഥാപിച്ച ജ്യോതിബസു 2000 നവംബർ 6ന് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ബുദ്ധദേവ് ഭട്ടാചാര്യയാണ് 2011 വരെ മുഖ്യമന്ത്രിയായത്.
ഭൂപരിഷ്‌കരണം ഉൾപ്പെടെ പശ്ചിമബംഗാളിന്റെ പുരോഗതിക്ക് നിർണായകമായ സംഭാവനകൾ നൽകിയ ജ്യോതിബസു ദേശീയ രാഷ്‌ട്രീയത്തിലും ഏറെ പ്രസക്തനായിരുന്നു. 2006ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനതാദൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന് സിപിഐ എമ്മിനോട് അഭ്യർഥിച്ചത് അതിനു തെളിവാണ്.
പ്രതിപക്ഷ കൂട്ടായ്‌മയിലെ കക്ഷികൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോഴും പാർട്ടികൾക്കുള്ളിൽ പ്രശ്‌നമുണ്ടാകുമ്പോഴും മധ്യസ്ഥൻ എന്ന നിലയിൽ ഇടപെട്ടതും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കിയതും പലപ്പോഴും ജ്യോതിബസു ആയിരുന്നു.
2010 ജനുവരി 17ന് ജ്യോതിബസു അന്തരിച്ചു. മരണംവരെ അദ്ദേഹം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി തുടർന്നു. മരണശേഷം മൃതദേഹം ബസുവിന്റെ ആഗ്രഹപ്രകാരം വിദ്യാർഥികൾക്ക് പഠിക്കാൻ വിട്ടുകൊടുത്തു.
ജീവിതപങ്കാളി: കമല ബസു. മകൻ: ചന്ദൻ ബസു. l