വഴുവഴുത്ത നയതന്ത്ര സൗമ്യതയും പ്രകടനപരതയുടെ ചുഴിക്കുറ്റവുമുള്ള വാക്സാമര്‍ത്ഥ്യവും വകഞ്ഞു നീക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ശശി തരൂരിന്‍റെ റോളെന്താണ്? താന്‍ അണിഞ്ഞിരിക്കുന്ന അസല്‍ ലിബറല്‍ ജനാധിപത്യവാദിയുടെ മുഖംമൂടി ഊരിവെച്ചുകൊണ്ടാണ് ഇന്ത്യ: ദി മോദി ക്വെസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്‍ററിയെക്കുറിച്ചും ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രതികരിക്കാന്‍ അദ്ദേഹം ചാനലുകളെ അഭിമുഖീകരിച്ചത്. ഗുജറാത്ത് കലാപം അടഞ്ഞ അധ്യായമാണെന്ന് കുടിലമായ നിര്‍മമതയോടെ, ക്രൂരമായ നിസ്സംഗതയോടെ, അദ്ദേഹം തീര്‍പ്പു കല്‍പ്പിച്ചു. വിഷയത്തെ കേവലം അഭിപ്രായസ്വാതന്ത്ര്യലംഘനത്തിലേയ്ക്ക് സമര്‍ത്ഥമായി ചുരുക്കിക്കൊണ്ട്, ഗുജറാത്ത് കലാപം ഇനി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ട ആവശ്യമേയില്ല എന്ന സംഘപരിവാര്‍ നിലപാട് അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു. പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “നമുക്ക് മുന്നോട്ടു പോകണം. ഭാരതത്തില്‍ ഭയങ്കര കുറേ വിഷയങ്ങളുണ്ട്. ആ വിഷയങ്ങളെ പരിഗണിക്കണമെങ്കില്‍ പണ്ടുകാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഭാരതത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല”.
ആരാണിതു പറയുന്നത്? ഹിറ്റ്ലര്‍ നടത്തിയ വംശഹത്യയുടെ പേരില്‍ വാഴ്സാഗെറ്റോയില്‍ വെച്ച് പോളിഷ് ജൂതരോട് മുട്ടുകുത്തി മാപ്പു പറഞ്ഞ ജര്‍മ്മന്‍ ചാന്‍സലര്‍ വില്ലി ബ്രാന്‍ഡിന്‍റെ മാനവികതയെ ആരാധിക്കുന്ന സാക്ഷാല്‍ ശശി തരൂര്‍. കൊളോണിയല്‍ ജനതകളുടെ മേല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് പാപപരിഹാരമായി, ഒരു വര്‍ഷത്തേയ്ക്ക് ഒരു പൗണ്ട് എന്ന നിലയില്‍ 200 വര്‍ഷത്തേയ്ക്ക് 200 പൗണ്ട് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് പ്രതീകാത്മക നഷ്ടപരിഹാരം നല്‍കണമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പ്രസംഗിച്ച് ഇന്ത്യന്‍ ജനതയുടെ കൈയടി വാങ്ങിയ ശശി തരൂര്‍. അദ്ദേഹത്തിനിപ്പോള്‍ ഗുജറാത്ത് കലാപം വിസ്മൃതിയുടെ ചവറ്റുകുട്ടയില്‍ തള്ളിക്കളയേണ്ട ഒരപ്രധാന സംഭവം മാത്രം.
‘ഇരുളടഞ്ഞ കാലം’ എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘ഒരു നൂറ്റാണ്ടു മുമ്പ് ജാലിയന്‍ വാലാബാഗില്‍ വെച്ച് അവരുടെ (ബ്രിട്ടീഷുകാരുടെ) പൂര്‍വികര്‍ ചെയ്ത, മാപ്പു നല്‍കാന്‍ കഴിയാത്ത കൂട്ടക്കൊലയ്ക്കുവേണ്ടി തന്‍റെ ജനതയുടെ പേരില്‍ 2019ല്‍ ജാലിയന്‍ വാലാബാഗിലെ ജനതയുടെ കാലില്‍ വീണ് മാപ്പിരക്കാനുളള മനസും താല്‍പര്യവും ബ്രിട്ടീഷ് പ്രധാനമന്ത്രി കാണിക്കുമെന്ന് ഞാന്‍ സ്നേഹത്തോടെ പ്രതീക്ഷിക്കുന്നു. കൂട്ടക്കൊലയെപ്പറ്റി 2013ല്‍ ഡേവിഡ് കാമറൂണ്‍ നടത്തിയ ‘അഗാധ ലജ്ജയുളവാക്കുന്ന സംഭവം’എന്ന നിലയിലുള്ള ചക്കരവാക്കുകളെ എന്‍റെ അഭിപ്രായത്തില്‍ ഒരു ക്ഷമാപണമായി കരുതാന്‍ കഴിയില്ല’.
പക്ഷേ, ഗുജറാത്ത് കൂട്ടക്കൊലയുടെ കാര്യത്തില്‍ തരൂരിന് ഈ നീതിബോധവും ചരിത്രയുക്തിയുമൊന്നുമില്ല. ഡേവിഡ് കാമറൂണ്‍ നടത്തിയ ‘അഗാധ ലജ്ജയുളവാക്കുന്ന സംഭവം’ എന്ന പ്രതികരണത്തെ പുച്ഛിക്കുന്ന അദ്ദേഹത്തിന്, അതുപോലൊരു പ്രതികരണമെങ്കിലും നരേന്ദ്രമോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നു പറയാനുള്ള തന്‍റേടവുമില്ല. 1919ല്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ 2019ലെങ്കിലും ഇന്ത്യാക്കാരോട് മാപ്പു പറയണമെന്ന് ബ്രിട്ടീഷുകാരുടെ നാട്ടില്‍ ചെന്ന് അവരോട് ആവശ്യപ്പെട്ട തരൂരാണ്, 20 വര്‍ഷം പഴക്കത്തിന്‍റെ കണക്കുപറഞ്ഞും സുപ്രിംകോടതി വിധിയെ പരിചയാക്കിപ്പിടിച്ചും ഗുജറാത്ത് കലാപം ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസുകാരടക്കമുള്ളവരെ ഉപദേശിക്കുന്നത്. ഇതുപക്ഷേ, നരേന്ദ്രമോദിക്കും സംഘപരിവാറിനും സാംസ്കാരികവും രാഷ്ട്രീയവുമായ രക്ഷാകവചം തീര്‍ക്കുന്ന നയതന്ത്രക്കുടിലതയാണെന്ന് തരൂരിന്‍റെ മുഖത്തുനോക്കി പറഞ്ഞേ മതിയാകൂ. ലിബറല്‍ ജനാധിപത്യവാദിയുടെ മുഖംമൂടിയണിഞ്ഞുകൊണ്ട് ആര്‍ജിച്ച രാഷ്ട്രീയ, സാംസ്കാരിക മൂലധനത്തിന്‍റെ പകിട്ടിലും പത്രാസിലും നിന്ന് മതനിരപേക്ഷ രാഷ്ട്രീയത്തിന്‍റെ കുഴിഞരമ്പിലേയ്ക്കു മഴു വീശുകയാണദ്ദേഹം.
ഗുജറാത്ത് കലാപം ഇനി ഇന്ത്യയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഭരണകൂടം അത് അവഗണിക്കുകയാണ് വേണ്ടതെന്നും ശശി തരൂര്‍ സിദ്ധാന്തിക്കുമ്പോള്‍ മറുവശത്ത് സംഭവിക്കുന്നതോ? ദേഹമാസകലം മയിലെണ്ണയും പുരട്ടി, എങ്ങോട്ടു വേണമെങ്കിലും വളയാന്‍ പാകത്തിലുള്ള ഉളുപ്പില്ലായ്മയും പ്രദര്‍ശിപ്പിച്ച് അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട അതേ ദിവസം തന്നെയാണ്, കലാപത്തില്‍ 17 പേരെ ചുട്ടുകൊന്ന കേസില്‍ 22 പ്രതികളെ കോടതി വെറുതേ വിട്ട വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 2002 ഫെബ്രുവരി 28ന് ഗുജറാത്തിലെ ദിയോള്‍ ഗ്രാമത്തില്‍ രണ്ടു കുട്ടികളടക്കം 17പേരെ കത്തിച്ചു ചാമ്പലാക്കിയ പ്രതികളുടെ ആഘോഷരാവിന്‍റെ പിറ്റേന്നാണ് എല്ലാം മറക്കാന്‍ ശശി തരൂരിന്‍റെ ആഹ്വാനം. ദിയോളിലെ ഒരു പുഴയോരത്തുനിന്ന് പൊലീസിനു കിട്ടിയത് കുറെ എല്ലിന്‍കഷണങ്ങളും ചാമ്പലും മാത്രം. 21 വര്‍ഷത്തിനുശേഷം തെളിവില്ലെന്ന കാരണം പറഞ്ഞ് കൂട്ടക്കൊലയിലെ എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. ദി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു വാചകമുണ്ട്. The Procecution was unable to gather enough evidence against the accused persons, and even witnesses turmed hostile. തെളിവില്ല. സാക്ഷികള്‍ കൂറുമാറുകയും ചെയഎതു. പ്രതികളെ വിട്ടയയ്ക്കുകയല്ലാതെ കോടതിയെന്തു ചെയ്യും?
തെളിവില്ലെന്ന സാങ്കേതികന്യായം പറഞ്ഞ് വിട്ടയയ്ക്കപ്പെട്ട എത്രയോ പ്രതികള്‍. അപ്പീല്‍ വഴി കുറ്റവിമുക്തരാക്കപ്പെട്ട കൊടും ഭീകരര്‍. നീതിക്കു വേണ്ടിയുള്ള സാക്കിയ ജാഫ്രിയുടെയും ബില്‍ക്കീസ് ബാനുവിന്‍റെയും നിലവിളി ഉരുക്കുമുഷ്ടിപ്രയോഗത്തിലൂടെ നിശബ്ദമാക്കപ്പെട്ട കാലത്താണ് ശശി തരൂരിന്‍റെ നയതന്ത്ര കാപട്യം. ‘ഭാരതത്തില്‍ ഭയങ്കര കുറേ വിഷയങ്ങളുണ്ട്. ആ വിഷയങ്ങളെ പരിഗണിക്കണമെങ്കില്‍ പണ്ടുകാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഭാരതത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെ’ന്ന അഴകൊഴമ്പന്‍ നിലപാടിന്‍റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹം ഒരു വിചാരണയും നേരിടുന്നില്ല എന്നതാണ് മറ്റൊരു അത്ഭുതം. കൂടെ നിന്ന് കുതികാല്‍വെട്ടുന്ന ഈ പരിപാടി കോണ്‍ഗ്രസിനുള്ളില്‍ നടപ്പില്ലെന്ന് തരൂരിന്‍റെ മുഖത്തു നോക്കിപ്പറയാന്‍ ഹൈക്കമാന്‍ഡിനുമില്ല തന്‍റേടം.
വിശ്വപൗരനാണത്രേ തരൂര്‍. ആരെയും വിസ്മയിപ്പിക്കുന്ന പദസമ്പത്തിന്‍റെ ഉടമ. അപാരമായ പാണ്ഡിത്യം. നിശിതമായ ചരിത്രബോധം. ഈ മുഖംമൂടികളെല്ലാം അഴിച്ചുവെച്ചാല്‍, കറതീര്‍ന്ന അവസരവാദി മാത്രമാണ് തരൂര്‍. അല്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റാകാന്‍ മത്സരരംഗത്തിറങ്ങിയ അദ്ദേഹത്തിനെങ്ങനെ ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങള്‍ വിസ്മരിക്കാനാവും? ആ തിരഞ്ഞെടുപ്പിലുടനീളം 2002ലെ കലാപത്തെ ഓര്‍മ്മിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ ഭീഷണി മുഴക്കുകയായിരുന്നു സാക്ഷാല്‍ അമിത്ഷാ. അക്രമികളെ ഒരു പാഠം പഠിപ്പിച്ച് ഗുജറാത്തില്‍ സമ്പൂര്‍ണശാന്തി (അഖണ്ഡശാന്തിയെന്ന് യഥാര്‍ത്ഥ പ്രയോഗം) കൊണ്ടുവന്നുവെന്നാണ് അദ്ദേഹം പൊതുയോഗങ്ങളിലുടനീളം പ്രസംഗിച്ചത്.
മോദിയും അമിത് ഷായും ചേര്‍ന്ന് ഗുജറാത്തിലുണ്ടാക്കിയത് ശ്മശാനത്തിലെ സമാധാനമാണെന്ന് തുറന്നടിച്ചിട്ടുണ്ട്, കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ത്രിശൂലവും വടിവാളും പെട്രോള്‍ കാനും നാടന്‍ബോംബും ഉപയോഗിച്ചുണ്ടാക്കിയ സമാധാനം. ഗര്‍ഭസ്ഥശിശുവിന്‍റെയടക്കം ജീവന്‍ കവര്‍ന്നുണ്ടാക്കിയ ശാന്തി. ഇഹ്സാന്‍ ജാഫ്രിയെപ്പോലുള്ള മുന്‍ പാര്‍ലമെന്‍റ് അംഗത്തെ ജീവനോടെ ചുട്ടുകരിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത സമാധാനം. നൂറുകണക്കിന് സ്ത്രീകളെ പരസ്യമായി കൂട്ടബലാത്സംഗം ചെയ്ത് ഉണ്ടാക്കിയ സമാധാനം. പിഞ്ചു കുട്ടികളുടെ പേടിച്ചരണ്ട നിലവിളിയെ ഒരു മഴുവീശലില്‍ നിശബ്ദമാക്കി ഉണ്ടാക്കിയ സമാധാനം. മോദിക്കും അമിത്ഷായ്ക്കും നേരെ ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ച് നിരന്തരം ഈ പട്ടിക ഓര്‍മ്മിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സെലിബ്രിറ്റി നേതാവാണ് തരൂര്‍. പക്ഷേ, അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെടുന്നത് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചതിനെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ്. ആരെങ്കിലും ചര്‍ച്ച ചെയ്താല്‍ അവഗണനയിലൂടെ നേരിടണമെന്ന് സാക്ഷാല്‍ മോദിയെയും കൂട്ടരെയും ഉപദേശിക്കുകയും കൂടി ചെയ്യുന്നുണ്ട്, ലിബറല്‍ ജനാധിപത്യവാദിയായ വിശ്വപൗരന്‍.
തരൂര്‍ ആരോടാണ് ഗുജറാത്ത് കലാപം മറക്കാന്‍ ആവശ്യപ്പെടുന്നത്? കലാപകാരികളും ആസൂത്രകരും എല്ലാ കല്‍പനകളും ആയുധവും കൊടുത്ത് കലാപകാരികളെ തുടലഴിച്ചുവിട്ടവരുമൊക്കെ ദിനംപ്രതി ചെയ്തുകൂട്ടിയ പാതകങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഭീഷണി മുഴക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. നരോദാപാട്യയില്‍ 97 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ സൂത്രധാരയെന്ന് വിശേഷിപ്പിച്ച് വിചാരണക്കോടതി 28 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ച മായാ കോട്നാനി, ഹൈക്കോടതിയുടെ കാരുണ്യം നേടി സര്‍വതന്ത്രസ്വതന്ത്രയായി വിഹരിക്കുന്നു. സ്വന്തം കൈകൊണ്ട് കൊന്നു തീര്‍ത്തവരെക്കുറിച്ച് ഒളിക്യാമറയ്ക്കു മുന്നില്‍ ഊറ്റം കൊണ്ട ബാബു ബജ്റംഗിയെന്ന കൊടുംഭീകരനും സുപ്രിംകോടതിയുടെ ഇടപെടലില്‍ ജാമ്യവും സ്വൈരവിഹാരവും. നരോദാപാട്യ കൂട്ടക്കൊലയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനോജ് കുല്‍ക്കര്‍ണിയുടെ മകള്‍ പായല്‍ കുല്‍ക്കര്‍ണിക്ക് അഹമ്മദാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം. മകളുടെ തിരഞ്ഞെടുപ്പു പ്രചാരണം നയിക്കാന്‍ മനോജ് കുല്‍ക്കര്‍ണിക്ക് പരോള്‍. ഇതൊന്നും അതിവിദൂര ഭൂതകാലത്തില്‍ സംഭവിച്ചതല്ല. കൂട്ടക്കൊല നടത്തിയ പ്രതികള്‍ക്കനുകൂലമായി സാങ്കേതിക ന്യായങ്ങള്‍ നിരത്തി നീതിന്യായ വ്യവസ്ഥ കാരുണ്യം ചൊരിയുമ്പോഴും കൊടുംഭീകരരായ പ്രതികളും കൂട്ടാളികളും സ്വതന്ത്രരായി വിഹരിക്കുമ്പോഴും അനീതിയുടെ ഉപ്പു പുരളുന്നത് ജീവിച്ചിരിക്കുന്ന ഇരകളുടെ ഉണങ്ങാത്ത മുറിവുകളിലാണ്. ദുഃസ്വപ്നങ്ങളുടെ ഒടുങ്ങാത്ത വേട്ടയാടലില്‍ മനസ്സമാധാനം കെട്ടുപോയ അവരുടെ ഇടനെഞ്ചിലേയ്ക്കാണ് അമിത് ഷായെപ്പോലുള്ളവര്‍ ദിനംപ്രതി ഭീഷണിയുടെയും വെല്ലുവിളിയുടെയും ശരമാരി തൊടുക്കുന്നത്. അവരോടാണ് എല്ലാം മറക്കണമെന്ന വിശ്വപൗരന്‍റെ ഉപദേശഗീര്‍വാണം.
തരൂരിന് തോന്നുമ്പോള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന ഡിറ്റക്ടീവ് നോവലല്ല ചരിത്രം. കലാപം (Riot) എന്ന പേരില്‍ തരൂര്‍ ഒരു നോവല്‍ തന്നെയെഴുതിയിട്ടുണ്ട്. കലാപത്തിന്‍റെ ഭീകരതയും രൂക്ഷതയും അതിജീവിക്കുന്നവരില്‍ അതേല്‍പ്പിക്കുന്ന ആഘാതങ്ങളുടെ ആഴവുമൊന്നും ഉള്ളില്‍ത്തട്ടും വിധം അവതരിപ്പിക്കാനൊന്നും തരൂര്‍ ഈ നോവലില്‍ മെനക്കെട്ടിട്ടില്ല. എന്നു മാത്രമല്ല, ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്ന ന്യായവാദങ്ങളെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമവും അതിലുണ്ട്. അതായത്, ഭാവനാസൃഷ്ടിയുടെ കാര്യത്തിലായാലും ഉടനടി നടത്തേണ്ടി വരുന്ന രാഷ്ട്രീയ പ്രതികരണത്തിലായാലും തരൂരിന് തികഞ്ഞ പക്ഷപാതിത്തമുണ്ട്. അത് നീതിയുടെ പക്ഷമല്ല. അത്തരത്തില്‍ നീതിയുടെയും ന്യായത്തിന്‍റെയും പക്ഷത്തു നിന്നുകൊണ്ടുവേണം രാഷ്ട്രീയത്തിലിടപെടേണ്ടത് എന്ന ജാഗ്രത അദ്ദേഹത്തിനില്ല. അന്താരാഷ്ട്രതലത്തിലും അക്കാദമിക് രംഗത്തും വെട്ടിപ്പിടിച്ച നേട്ടങ്ങളും കരസ്ഥമാക്കിയ അനുഭവസമ്പത്തും നീതിനിഷ്ഠമായ സാമൂഹ്യവീക്ഷണം എന്ന മൂല്യബോധത്തിലേയ്ക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിട്ടേയില്ല. ഗുജറാത്ത് കലാപം മറന്നുകളയണമെന്ന നീചമായ ആഹ്വാനത്തില്‍ തെളിയുന്നത് കുടിലമായ നയതന്ത്രബുദ്ധിയാണ്.
ചരിത്രം ഒരുതരം വിശുദ്ധ രചനയാണ് എന്നു തുടങ്ങുന്ന സെര്‍വാന്‍റീസിന്‍റെ ഉദ്ധരണിയും ചരിത്രം എന്നത് ലക്ഷ്യപ്രാപ്തിക്കായുള്ള മനുഷ്യന്‍റെ യത്നമല്ലാതെ മറ്റൊന്നുമല്ലെന്ന മാര്‍ക്സിന്‍റെ ഉദ്ധരണിയുമൊക്കെ തരൂര്‍ തന്‍റെ നോവലിന്‍റെ ആമുഖമായി എടുത്തുചേര്‍ന്നിട്ടുണ്ട്. പക്ഷേ, ചരിത്രത്തെ സംബന്ധിച്ച് ആ ഉദ്ധരണിയുടെ നിലപാടുകളൊന്നും തരൂരിന്‍റെ വീക്ഷണത്തില്‍ പ്രതിഫലിക്കുന്നേയില്ല. അറിവുകളും വിശകലനവുമൊക്കെ അദ്ദേഹത്തിന് കൈയടി കിട്ടാനുള്ള ഇന്ദ്രജാല പ്രകടനം മാത്രം. ഗുജറാത്ത് കലാപത്തെക്കുറിച്ചും ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയുമൊക്കെ പരാമര്‍ശവിഷയമാകുമ്പോള്‍ മാത്രം, ഇത്രയും കാലം എഴുതിക്കൂട്ടിയ പുസ്തകങ്ങളിലും നടത്തിയ പ്രഭാഷണങ്ങളിലുമൊക്കെ പ്രതിഫലിക്കുന്ന നിലപാടുകള്‍ തലകീഴായി മറിയുന്നത് എന്തുകൊണ്ടാണ്. തരൂര്‍ ആരാധകര്‍ അടിയന്തരമായി ഗവേഷണം തുടങ്ങേണ്ട മേഖലയാണത്.
ബിബിസി ഡോക്യുമെന്‍ററി നിരോധനത്തെ കേവലമായ ആവിഷ്കാര ലംഘനമായി ചുരുക്കിക്കൊണ്ട് സ്വന്തം പാര്‍ടിയെത്തന്നെ തരൂര്‍ ഇരുട്ടില്‍ നിര്‍ത്തുന്നത് ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ പരാമര്‍ശിച്ച പത്രസമ്മേളനത്തിലുണ്ട്. ശശി തരൂരിനോട് പത്രലേഖകന്‍ എടുത്തു ചോദിച്ചു: ‘അപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പലയിടത്തും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതോ?’. ഒരു നിമിഷം പോലും ആലോചിക്കാതെ തരൂരിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: ‘അത് വേറെ വിഷയത്തിലാണ്. സെന്‍സര്‍ഷിപ്പിനെതിരെയാണ്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ട് എന്നു കാണിക്കാനാണ് അവരിതിനെ കാണിക്കുന്നത്’.
ഗുജറാത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മനുഷ്യരോ, തീരാവേദനയുമായി ഇന്നും ജീവിക്കുന്ന അവരുടെ ബന്ധുമിത്രാദികളോ, കൂട്ടബലാത്സംഗമെന്ന കൊടുംക്രൂരതയ്ക്കിരയായ സ്ത്രീകളെ രാവും പകലും വേട്ടയാടുന്ന പേക്കിനാവുകളുടെ കയ്പോ ഒന്നും തന്‍റെ ചിന്തയിലോ ചര്‍ച്ചയിലോ ഇല്ലെന്നാണ് ശശി തരൂര്‍ പറഞ്ഞുവെയ്ക്കുന്നത്. മോദിയുടെയും സംഘപരിവാറിന്‍റെയും നിരോധനാജ്ഞ കാറ്റില്‍പ്പറത്തി ബിബിസി ഡോക്യുമെന്‍ററിയെ തെരുവില്‍ പ്രദര്‍ശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും കേവലമായി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നില്ല. മറിച്ച്, വംശഹത്യയുടെ ക്രൂരമായ നാള്‍വഴികളിലേയ്ക്കും വേട്ടക്കാര്‍ക്ക് ഭരണകൂടത്തില്‍ നിന്നും നീതിന്യായ സംവിധാനങ്ങളില്‍ നിന്നും ലഭിച്ച അനുഗ്രഹാശിസുകളുടെ ഭീതി നുരയുന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കും നീതിക്കുവേണ്ടി ശബ്ദിച്ചവരുടെ ശിരസില്‍ പതിച്ച അനീതിയുടെ കൊള്ളിയാന്‍ വര്‍ഷത്തിലേയ്ക്കും ഇന്ത്യന്‍ ജനതയുടെ കണ്ണു തുറപ്പിക്കാന്‍ തന്നെയാണ് ഈ ഡോക്യുമെന്‍ററി തെരുവിലെത്തിച്ചത്. ആ ദൗത്യത്തില്‍ അണിചേര്‍ന്ന യൂത്ത് കോണ്‍ഗ്രസിനെ എത്ര നീചമായാണ് തരൂര്‍ തള്ളിപ്പറഞ്ഞത്. അതേ നാവുകൊണ്ട് അദ്ദേഹം മോദിക്കും കൂട്ടര്‍ക്കും സൗജന്യമായ ഒരുപദേശവും നല്‍കി.
ഡോക്യുമെന്‍ററിയെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് അദ്ദേഹം വാദിച്ചു സമര്‍ത്ഥിച്ചത്. ബാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ അഞ്ചു ശതമാനം ആള്‍ക്കാര്‍ പോലും ഡോക്യുമെന്‍ററി കാണുമായിരുന്നില്ലത്രേ. ‘എന്‍റെ ഉപദേശത്തില്‍ സര്‍ക്കാര്‍ ഇതിനെ ഇഗ്നോര്‍ ചെയ്തിരുന്നെങ്കില്‍ 5 ശതമാനം പോലും വിവാദമുണ്ടാകുമായിരുന്നില്ലെ’ന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ശശി തരൂര്‍ പറഞ്ഞുവെച്ചു.
ഗുജറാത്ത് സംബന്ധിച്ച് പൊതുമണ്ഡലത്തിലുയരുന്ന എല്ലാ വിമര്‍ശനങ്ങളെയും അവഗണിക്കാനുള്ള ആത്മബലമാണ് മോദിക്കും കൂട്ടര്‍ക്കും വേണ്ടതെന്ന് ഒരുപദേശം; ഭാരതത്തില്‍ ഭയങ്കര കുറേ വിഷയങ്ങളുണ്ട്. ആ വിഷയങ്ങളെ പരിഗണിക്കണമെങ്കില്‍ പണ്ടുകാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഭാരതത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന്’ ഇരകളോടും അവര്‍ക്കൊപ്പം നില്‍ക്കുന്നവരോടുമുള്ള ആഹ്വാനം. നയതന്ത്രത്തിന്‍റെ നീലത്തൊട്ടിയില്‍ വീണ ഒന്നാന്തരം കുറുക്കനാണ് താന്‍ എന്ന് പത്രസമ്മേളനം നടത്തി വിളിച്ചു പറയുകയാണ് ശശി തരൂര്‍. ♦