Friday, September 20, 2024

ad

Homeമുഖപ്രസംഗംപൊള്ളയായ സാമ്പത്തിക സര്‍വെ

പൊള്ളയായ സാമ്പത്തിക സര്‍വെ

മുഖപ്രസംഗം

ആധുനിക ജനാധിപത്യരാജ്യങ്ങളിലെ സമ്പ്രദായമാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുകയും അത് അവിടെ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്യുക എന്നത്. ബജറ്റില്‍ ചേര്‍ക്കാവുന്ന രാജ്യത്തെ സംബന്ധിച്ച സാമ്പത്തിക വിവരത്തിനു പരിധിയുണ്ട്. അതുകൊണ്ട്, ബജറ്റ് അവതരണത്തിനുമുമ്പ് സര്‍ക്കാര്‍ രാജ്യത്തെ മുന്‍ വര്‍ഷത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ ആധാരമാക്കി സാമ്പത്തികാവലോകനം (സര്‍വെ) പാര്‍ലമെന്‍റിനു സമര്‍പ്പിക്കുന്നു. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ പ്രധാനമേഖലകളെക്കുറിച്ച് വാര്‍ഷിക വിലയിരുത്തല്‍ അതിലുണ്ടാകും. സാമ്പത്തിക വിദഗ്ധരാണ് അത് തയ്യാറാക്കുന്നത് എന്നതിനാല്‍ പ്രധാനമേഖലകളുടെ തന്നാണ്ടിലെ സ്ഥിതിയെക്കുറിച്ച് വസ്തുതാപരമായ വിവരണം അതില്‍ ഉണ്ടാകും. അതാണ് പതിവ്.

രാജ്യത്തിന്‍റെ സമകാലിക സ്ഥിതി ഔദ്യോഗികമായി രാജ്യത്തെ പരമാധികാരസ്ഥാപനമായ പാര്‍ലമെന്‍റിന്‍റെ മുമ്പാകെ അവതരിപ്പിക്കുന്ന വാര്‍ഷികരേഖയാണ് സാമ്പത്തിക സര്‍വെ. അതില്‍ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ രാജ്യത്ത് നിലവിലുള്ള സാമ്പത്തിക സ്ഥിതിയുടെ സ്ഥൂലരൂപം മനസ്സിലാക്കുക. അതിനുവേണ്ട വിവരം ആ രേഖയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കണം. അതുതന്നെ പല വിധത്തിലാകാം. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ കാലത്ത് പിന്തുടര്‍ന്നുവന്ന സമീപനം പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ ധനമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഡോ. മന്‍മോഹന്‍സിങ് ഉപേക്ഷിച്ചു. രാജ്യത്തെ ബാധിക്കുന്ന അതിര്‍ത്തിയുദ്ധം പോലെ പ്രത്യക്ഷത്തില്‍ രാജ്യത്തെ പ്രശ്നമാകാം, അല്ലെങ്കില്‍ റഷ്യ-ഉക്രെയിന്‍ യുദ്ധംപോലെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന പ്രശ്നമാകാം. അല്ലെങ്കില്‍ രാജ്യത്തെ പ്രത്യക്ഷമായോ പരോക്ഷമായോ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാകാം. രാജ്യത്തെ ബാധിക്കുന്ന ഇത്തരം സമകാലികപ്രശ്നങ്ങളെ പരാമര്‍ശിക്കേണ്ട സമകാലിക ഔദ്യോഗികരേഖയാണ് സാമ്പത്തിക സര്‍വെ. അല്ലെങ്കില്‍ ഇലക്ട്രോണിക്-സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതും രാജ്യത്തെ നേരിട്ട് ബാധിക്കുന്നതുമായ ഒരു സേവനമോ പ്രവര്‍ത്തനമോ ആകാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പാര്‍ലമെന്‍റ് അംഗങ്ങളുടെ ചര്‍ച്ചക്ക് ഇടയാക്കുന്നതിന്, അതുവഴി രാജ്യത്താകെ ആ വിഷയം അവതരിപ്പിക്കാനും ചര്‍ച്ചയ്ക്ക് ഇടയാക്കാനും അത് അവസരം ഒരുക്കുന്നു. സാമ്പത്തിക സര്‍വെ (അവലോകനം) എന്ന പാര്‍ലമെന്‍റിനുമുമ്പാകെ അവതരിപ്പിക്കുന്ന രേഖയ്ക്ക് കേവലം ഒരു പാര്‍ലമെന്‍ററി രേഖക്കപ്പുറം രാജ്യത്തെ ജനസാമാന്യത്തിനുമുമ്പാകെ ഒരു വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യത തുറന്നിടാന്‍ കഴിയും. അങ്ങനെ ചെയ്യുന്ന ഒരു പാരമ്പര്യം ഇന്ത്യ മഹാരാജ്യത്ത് മുമ്പ് നിലവിലുണ്ടായിരുന്നു എന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ഇവിടെ.

ഇതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ നടക്കുന്നത്. അങ്ങനെയൊരു പ്രകോപനവും അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്തുവച്ച സാമ്പത്തികസര്‍വെ ഉണ്ടാക്കുന്നില്ല. മോദി സര്‍ക്കാരിന്‍റെ സാമ്പത്തികപ്രവര്‍ത്തനത്തെ സാധൂകരിക്കുന്ന ഒട്ടുവളരെ സാമ്പത്തികവിവരം അവതരിപ്പിച്ചിട്ടുണ്ട്. 66 പട്ടികകളുണ്ട്. 250 ഓളം ചാര്‍ട്ടുകളുണ്ട്. വസ്തുതകള്‍കൊണ്ട് വര്‍ണ ശമ്പളം തന്നെ. അതിന്‍റെ മൊത്തം ലക്ഷ്യം മുന്‍സര്‍ക്കാരിനെ വല്ലാതെ ഇകഴ്ത്തിക്കാട്ടി ഈ സര്‍ക്കാരിനെ പരമാവധി പ്രശംസിക്കലാകുന്നു. മുമ്പുള്ളവരെ വെടക്കാക്കി സ്വയം പൊക്കിപ്പറയുന്ന പരമ്പരാഗതരീതി തന്നെ. അതേ സമയം ഭവനനിര്‍മാണമേഖല, ഇന്നത്തെ നിലയില്‍ എന്തുവിവരവും കൈകാര്യം ചെയ്യാന്‍ ഒഴിച്ചു കൂടാനാവാത്ത ഡിജിറ്റല്‍ പശ്ചാത്തലസൗകര്യം മുതലാവയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട സാമ്പത്തികവിവരവും മറ്റും സാമ്പത്തിക സര്‍വെ നല്‍കുന്നുണ്ട്.

മുന്‍വര്‍ഷങ്ങളിലൊക്കെ സാമ്പത്തിക സര്‍വെ രണ്ടു വാള്യങ്ങളായാണ് കേന്ദ്രം പ്രസിദ്ധീകരിക്കാറുള്ളത്. ഈ വര്‍ഷം മോദി സര്‍ക്കാര്‍ അവയെല്ലാം ചേര്‍ന്ന് ഒറ്റവാള്യത്തില്‍ ഒതുക്കിയിരിക്കുന്നു. അതോടൊപ്പം പതിവുപോലെ, പൊതുവായനക്കാര്‍ക്ക് സഹായകമായ രീതിയില്‍ സാമ്പത്തിക സര്‍വെയിലെ പ്രധാന ഇനങ്ങള്‍ പ്രത്യേക വാള്യമായി നല്‍കിയിരിക്കുന്നു. അതില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നു വീണ്ടെടുപ്പ് നടത്തിയിരിക്കുന്നു എന്നാണ്. അതേസമയം ആഗോളതലത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവവികാസങ്ങളുടെ പിടിയിലാണെന്നും. അതിനാല്‍ സാമ്പത്തിക സര്‍വെ ഭാവിയിലെ വളര്‍ച്ചയെയും പണപ്പെരുപ്പത്തെയുംകുറിച്ച് എന്തെങ്കിലും തീര്‍ത്ത് പറയുന്നില്ല. അതേസമയം ചരക്കുസേവന നികുതിയെക്കുറിച്ച് അത് പ്രതീക്ഷാനിര്‍ഭരമായ ചിത്രമാണ് വരച്ചുകാണിക്കുന്നത് എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അതല്ലേ അതിനു കഴിയൂ. ഇതിന് ഒരു പ്രധാന കാരണം നികുതിപിരിവ് അത് ഊര്‍ജിതമാക്കിയിട്ടുണ്ട് എന്നതാണ്. എന്നാല്‍, രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും തൊഴിലിന്‍റെ സ്ഥിതിയെയും ഭാവിയിലെ തൊഴിലവസര സാധ്യതകളെയുംകുറിച്ച് സര്‍വെ പലപ്പോഴും അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുന്നു. അല്ലെങ്കില്‍, പ്രസക്തമായ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു.

സര്‍ക്കാരിന്‍റെ മൂലധനച്ചെലവ് മോദി അധികാരമേറ്റ 2014ലെ 12 ശതമാനത്തില്‍നിന്ന് ഇപ്പോള്‍ 19 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. വിദേശമൂലധന നിക്ഷേപം ഏതു കാരണങ്ങളാലാണ് ഇവിടെ ഇടിഞ്ഞതെന്നു സര്‍വെ പറയുന്നില്ല. മോദി സര്‍ക്കാര്‍ അവരോട് ആഭിമുഖ്യം കാണിക്കാത്തതുകൊണ്ടാണ് എന്നു ആരും പറയില്ല. കോവിഡ് മഹാമാരിയും മറ്റും മൂലം വിദേശനിക്ഷേപം പ്രതീക്ഷിച്ചപോലെ വര്‍ധിച്ചില്ല എന്നതു വസ്തുതയാണ്. അതേ സമയം അടുത്ത 5 വര്‍ഷങ്ങള്‍ക്കകം 3 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം ആകര്‍ഷിക്കുമെന്നും 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള സര്‍വെയിലെ വാചകങ്ങള്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പു പ്രകടന പത്രിക മനസ്സില്‍വച്ച് എഴുതിയതാകണം. അത്തരത്തിലൊന്നും ഇതുവരെ സംഭവിപ്പിക്കാന്‍ മോദി സര്‍ക്കാരിന് ആയിട്ടില്ലല്ലൊ.

‘മേക്ക് ഇന്‍ ഇന്ത്യ’ എന്നത് മോദി സര്‍ക്കാരിന്‍റെ പ്രചരണഘോഷത്തിലെ പ്രധാന ഘടകമാണല്ലോ. പക്ഷേ, ഇത്രയേറെ സര്‍ക്കാര്‍ ചെലവില്‍ പരസ്യപ്രചരണം നടത്തിയിട്ടും ഉല്‍പ്പാദനമേഖലയില്‍ അതുവഴിയുള്ള വര്‍ധിതമൂല്യം 4 ശതമാനം മാത്രമായിരുന്നു കോവിഡിനുമുമ്പും. അത് മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രധാനമായി പ്രചരണമായിരുന്നു എന്ന തിരിച്ചറിവ് നല്‍കുന്നു.

മോദി സര്‍ക്കാരിന്‍റെ സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡാണ് സാമ്പത്തിക സര്‍വെ. ആ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രധാനമായി പ്രചരണത്തിലും അവകാശവാദങ്ങളിലും ആയിരുന്നു, ജനസാമാന്യത്തിന്‍റെ ജീവിതത്തില്‍ അഭിലഷണീയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടല്ല എന്നതിനു തെളിവാണ് ഈ സാമ്പത്തിക സര്‍വെ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular