Tuesday, December 3, 2024

ad

HomeUncategorisedലിംഗവിവേചനത്തിന്‍റെ വൈറസുകളെ പ്രതിരോധിക്കണം

ലിംഗവിവേചനത്തിന്‍റെ വൈറസുകളെ പ്രതിരോധിക്കണം

മീന ടി പിള്ള

2022, കോവിഡ് സൃഷ്ടിച്ച അസന്ദിഗ്ധതകളില്‍നിന്ന് ഏറെക്കുറെ മോചിക്കപ്പെട്ടു. എങ്കിലും വീടിനുള്ളിലും പുറത്തുമായി സ്ത്രീ അനുഭവിക്കുന്ന ലൈംഗിക അസമത്വത്തിന്‍റെയും അക്രമത്തിന്‍റെയും കാര്യത്തില്‍ വീണ്ടുമൊരുകണ്ണിയാകാനേ ഇക്കഴിഞ്ഞ വര്‍ഷത്തിനുമായിട്ടുള്ളൂ എന്നത് അത്യന്തം ദു:ഖകരമാണ്. ഒപ്പം ചിന്തനീയവും. ഇന്ത്യയിലെ ലിംഗാധിഷ്ഠിതമായ അസമത്വങ്ങളുടെയും അക്രമങ്ങളുടെയും പൊതുപരിതസ്ഥിതി പരിഗണിക്കുമ്പോള്‍ കേരളം ഒരു പ്രതീക്ഷയാണെന്നതില്‍ സംശയമില്ല. വര്‍ഗ്ഗീയരാഷ്ട്രീയം പൂര്‍ണ്ണമായും വിഴുങ്ങാത്തതും വികസനത്തിലും സ്ത്രീമുന്നേറ്റത്തിലും ഒന്നാമതുമായ സംസ്ഥാനമാണ് എന്നഭിമാനിക്കുമ്പോഴും വിമര്‍ശനാത്മകപര്യാലോചനകള്‍ ഇവിടെയും പ്രസക്തമാണ്.

സമകാല ഇന്ത്യന്‍ അവസ്ഥയുമായി താരതമ്യപ്പെടുത്താതെ കേരളത്തിന്‍റെ ബൗദ്ധികവും രാഷ്ട്രീയവുമായ പുരോഗതിമാത്രം മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍, പോകുവാന്‍ ഇനിയുമേറെ ദൂരമുണ്ടെന്നും കടക്കുവാന്‍ കടമ്പകള്‍ നിരവധിയാണെന്നും മനസ്സിലാകും. ലിംഗസമത്വ (ഴലിറലൃ ലൂൗമഹശ്യേ)ത്തിലധിഷ്ഠിതമായ ഒരു മാറ്റം സ്വപ്നം കാണാന്‍ വിസ്സമ്മതിക്കുന്ന വലിയൊരു വിഭാഗത്തെ നമുക്കിവിടെ കാണാം. സുചിന്തിതമായ വൈമുഖ്യംകൊണ്ടും പ്രാമാണികത്വമാര്‍ജിച്ച അധികാരാവകാശങ്ങള്‍വഴിയും കടുത്ത യാഥാസ്ഥിതികത്വത്തെ ബലപ്പെടുത്തുന്ന ഔദാര്യപൂര്‍ണ്ണമായ പിതൃധികാരങ്ങള്‍ ആഘോഷിക്കപ്പെടുന്ന ഒരിടംകൂടിയാണ് ഇന്ന് കേരളം. അതായത് അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹംതന്നെയാണ് കേരളവും. ഇവിടെ ഓരോ സ്ത്രീയും ദൈനംദിനാടിസ്ഥാനത്തില്‍ ലിംഗസ്വത്വാവകാശത്തിനും ലിംഗതുല്യതയ്ക്കുംവേണ്ടി അവരവരുടേതായ രീതികളില്‍ വിവിധങ്ങളായ സമരങ്ങളിലേര്‍പ്പെടേണ്ടതുണ്ട്. അതിനാല്‍ത്തന്നെപൊതുബോധത്തിന്‍റെ യാഥാസ്ഥിതിക ആചാരങ്ങളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടും ഉദാരപുരുഷാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടും സാമൂഹിക ജഡത്വത്തെ തകിടംമറിച്ചുകൊണ്ടും കേരളീയ സ്ത്രീകള്‍ പ്രതിരോധത്തിന്‍റെ പുതിയപദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. അത്തരം പരിഷ്കരണപ്രക്രിയകളിലേയ്ക്കും പ്രവര്‍ത്തനങ്ങളിലേയ്ക്കും പ്രതിപ്രവര്‍ത്തനങ്ങളിലേയ്ക്കും കേരളീയ പൊതുമണ്ഡലം അനേകം കാതം ഇനിയും സഞ്ചരിക്കാനുണ്ടെന്നു പറയേണ്ടി വരും.

കേരളത്തിലെ ഫെമിനിസ്റ്റുകള്‍ വിമര്‍ശനാത്മകമായും കര്‍ക്കശമായും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളില്‍ സംവാദാത്മകമായി ഇടപെട്ട ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസുതന്നെ ഉദാഹരണം. കേരളത്തിലെ ഫെമിനിസ്റ്റ് ഇടപെടലുകളെയാകമാനം ധ്രുവീകരിച്ച പ്രത്യയശാസ്ത്രപരമായ പല പിഴവുകളേയും ഇഴപിരിച്ചെടുത്ത രൂക്ഷമായ വാദപ്രതിവാദങ്ങളുടെ കാലമായിരുന്നു കഴിഞ്ഞുപോയത്. പ്രത്യക്ഷത്തില്‍ ഭിന്നിപ്പിക്കുന്നതെന്നു തോന്നാമെങ്കിലും ഫെമിനിസത്തിന്‍റെ ബഹുസ്വരതയെ സംബന്ധിച്ചും അതിലെ അന്തരങ്ങളെക്കുറിച്ചും അന്തരീകരണങ്ങളെക്കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍ സാധ്യമാക്കുവാന്‍ ഈ ചരിത്രസന്ദര്‍ഭത്തിനു കഴിഞ്ഞു. ക്രിയാത്മക ഫലം എന്തുതന്നെ ആയിരുന്നുവെങ്കിലും. ഓരോ സ്ത്രീക്കും അവരനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കനുസൃതമായി പ്രതിരോധങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പരിഗണിക്കുമ്പോള്‍ ബഹുരൂപിയായ പിതൃധികാരത്തോടും ഏകശിലാത്മകമായ ഫെമിനിസ്റ്റ് ശാസനകളോടും കലഹിച്ചും സംവദിച്ചും അവളവളുടേതായ ചെറുത്തുനില്പ്പുകള്‍ ആവിഷ്കരിച്ച നേര്‍ത്തു ചിലമ്പിച്ച സ്ത്രീ ശബ്ദങ്ങളാണ് പോയവര്‍ഷത്തെ കേരളത്തിന്‍റെ ക്രിയാത്മകമൂലധനം. എന്നാല്‍ ഇനിവരും വര്‍ഷങ്ങളില്‍ ഉണ്ടാകേണ്ടുന്ന വൈവിധ്യങ്ങള്‍ക്കു മുന്‍തൂക്കമുള്ള പെണ്‍കൂട്ടായ്മകളും ഈ പെണ്‍കൂട്ടായ്മകള്‍ക്കകത്ത് സംവാദത്തിന്‍റെയും സംവേദനത്തിന്‍റെയും സമഭാവത്തിന്‍റെയും നടുവില്‍ ഉരുത്തിരിയുന്ന ഫെമിനിസ്റ്റ് ഐക്യദാര്‍ഢ്യങ്ങളിലുമാണ് ഭാവികേരളത്തിന്‍റെ ലിംഗസമത്വത്തിലൂന്നിയ പ്രതീക്ഷകള്‍ കുടിയിരിക്കുന്നത്.

കേരളീയപൊതുമണ്ഡലത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇലന്തൂര്‍ നരബലി. നാം നമുക്കുണ്ടെന്ന് ധരിച്ചിരുന്ന സാക്ഷരതയുടെയും ശാസ്ത്രസാങ്കേതികപുരോഗതിയുടെയും ആധുനികവിദ്യാഭ്യാസത്തിന്‍റെയും പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന സംഭവം.ഇത് പൗരസമൂഹത്തിന്‍റെ മറവില്‍ ഒളിഞ്ഞുകിടന്നിരുന്ന യാഥാസ്ഥിതികത്വത്തെയും അന്ധവിശ്വാസത്തെയും മറനീക്കി പുറത്തെത്തിച്ചു.

നരബലിയ്ക്കൊപ്പംതന്നെ പരിശോധിക്കേണ്ട മറ്റൊന്നാണ് ഒന്നിനു പിറകേ മറ്റൊന്നായി അരങ്ങേറിയ സ്ര്തീധനമരണങ്ങള്‍. ജാതിയും വര്‍ഗ്ഗവുംമതപരമായ ആചാരങ്ങളും സുസ്ഥിരമാക്കുന്നകേരളത്തിലെ കുപ്രസിദ്ധമായ ആഡംബരക്കല്യാണങ്ങള്‍വഴിയാണ് സ്ത്രീധനവും സാംസ്കാരികമായ സാധുത കൈവരിക്കുന്നത്.കേരളത്തിന്‍റെ നവോത്ഥാനമൂല്യങ്ങളെ മുച്ചൂടും നിരാകരിക്കുന്ന ഈ കല്ല്യാണഘോഷങ്ങള്‍ക്കെതിരെ കാര്യമാത്രപ്രസക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകാത്തത് തീര്‍ത്തും നിരാശാജനകമാണ്. പരസ്യക്കമ്പനികളും ജനപ്രിയമാധ്യമങ്ങളും വിവാഹത്തെ കമ്പോളവല്‍ക്കരിക്കാന്‍ മത്സരിക്കുമ്പോള്‍ ബൗദ്ധികകേരളം കാഴ്ചക്കാരായി മൗനാനുവാദം നല്‍കുന്നത് വരുംകാലത്തെ സ്ത്രീധനമരണങ്ങള്‍ക്ക് ആക്കം കൂട്ടുകയേയുള്ളൂ. ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള ആര്‍ത്തവചര്‍ച്ചകളും ഫെമിനിസ്റ്റ് ആക്ടിവിസവും സാക്ഷ്യപ്പെടുത്തുന്നത് കേരളീയ ആധുനികതയുടെ പാതിവഴിയിലായ പരിഷ്കരണത്തെയും ജ്ഞാനോദയപദ്ധതിയുടെ കപടപ്പെരുമയെയുമാണ്.

അതേസമയംതന്നെ കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാനും, ഉയര്‍ന്നുവരുന്ന ഡിജിറ്റല്‍ പൊതുമണ്ഡലങ്ങളില്‍ ഇടംനേടാനും പുരുഷയുക്തിയെയും അതിന്‍റെ പലതരത്തിലുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാന്‍സ്പ്ലെയ്നിംഗ് സമ്പ്രദായങ്ങളെ തകിടംമറിക്കുവാനും വന്‍തോതില്‍ സ്ത്രീകള്‍ പുറത്തുവന്നു എന്നത് ആശാവഹമാണ്. ഫെമിനിസത്തിന്‍റെ മുഖ്യധാരാ നിര്‍വചനങ്ങളുടെ ചുമടുകളെ വെല്ലുവിളിക്കുന്നതിനായി താന്താങ്ങളുടെ ജീവിതാനുഭവങ്ങളും ദൈനംദിനജീവിതത്തിലെ വ്യക്തിഗത ചെറുത്തുനില്‍പ്പുകളും സ്ത്രീകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതും ഇവ അവരുടെ ദിവസേനയുള്ള പ്രതിരോധങ്ങളുടെ ഭാഗമായിത്തീരുന്നുവെന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നിരിക്കലും കണക്കുകള്‍ സൂചിപ്പിക്കുന്നത്കേരളത്തില്‍നിന്നുള്ള സ്ത്രീ, ന്യൂനപക്ഷ പലായനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ്.അതായത് യുവതികളും ലൈംഗിക ന്യൂനപക്ഷങ്ങളും ഇവിടുത്തെ ലൗകിക യാഥാസ്ഥിതികതയുടെ അസഹനീയമായ അടിച്ചമര്‍ത്തലുകളില്‍നിന്നും രക്ഷപ്പെടാന്‍ അന്യസംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും തിരഞ്ഞെടുക്കുന്നുണ്ട്. ഈ സ്ഥിതി ആശങ്കാജനകമാണ്. 2023ല്‍ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.

അതുപോലെ പ്രധാനമാണ് ലിംഗപദവീപരിഷ്കരണങ്ങള്‍ക്കായുള്ള കേരളത്തിന്‍റെ യാത്രയും.ട്രാന്‍സ്ജെന്‍ഡര്‍ സംവരണം നടപ്പാക്കുന്നതിലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള ഇടമൊരുക്കുന്നതിലും സംസ്ഥാനത്തെ പല ജനറല്‍ ആശുപത്രികളും ട്രാന്‍സ്ജന്‍ഡര്‍ സൗഹൃദമാക്കുന്നതിലും കേരളം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിലെതന്നെ ആദ്യത്തെ ശ്രമമാണിത്. സംസ്ഥാനത്ത് ‘ജന്‍ഡര്‍ ന്യൂട്രല്‍’ സ്കൂള്‍ യൂണിഫോമുകള്‍ക്കായുള്ള പുതിയ ശ്രമങ്ങള്‍ (യൂണി സെക്സ് അഥവാ ലിംഗഇതര എന്ന പദമായേനെ ഒരുപക്ഷേ കൂടുതല്‍ അഭികാമ്യം) തുടങ്ങിയെങ്കിലും യാഥാസ്ഥിതിക മത സംഘടനകള്‍ ഈ നീക്കത്തില്‍ ധാര്‍മ്മികരോഷം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാറിന് ഈ തീരുമാനം നിര്‍ബന്ധമാക്കുന്നതില്‍നിന്നും പിന്മാറേണ്ടതായിവന്നു. ഒരിക്കല്‍ക്കൂടി യാഥാസ്ഥിതികത്വവും പ്രതിലോമവാദവും രാഷ്ട്രീയത്തിനുമേല്‍ വിജയിക്കുന്നതായും വോട്ട് ബാങ്കിന്‍റെ കേവല ബഹുജനശക്തിക്ക് കീഴില്‍ പൗരസമൂഹത്തിന്‍റെ പ്രതിഷേധങ്ങള്‍നിര്‍വീര്യമാകുന്നതായും നാം കണ്ടു.കേരളീയര്‍ സ്വയം വിമര്‍ശനപരമായി ഇടപെടേണ്ടുന്ന, കര്‍ക്കശമായി പ്രതിരോധം തീര്‍ക്കേണ്ട ഒരു മേഖല കൂടിയാണ് ഇത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ പോര്‍ട്ടലുകളില്‍ ‘ലിംഗഭേദവും ലൈംഗികതയും’, ‘ക്വിയര്‍ സ്റ്റഡീസ്’ എന്നിങ്ങനെ മോഹിപ്പിക്കുന്ന സിലബസുകള്‍ പലതുണ്ടെങ്കിലും ക്ലാസ്സ്റൂം അദ്ധ്യാപനത്തില്‍ അതിന്‍റെ വിനിയോഗം എത്രമാത്രം ഫലപ്രദവും ക്രിയാത്മകവുമാണെന്നതിനെ സംബന്ധിച്ച് ആശങ്കകളുണ്ട്. മികച്ച സിലബസാണെങ്കിലും അദ്ധ്യാപകര്‍ക്കുള്ള പരിശീലനവും അവരുടെ നിലപാടുകളിലും കാഴ്ചപ്പാടുകളിലുമുണ്ടാകേണ്ടുന്ന പുരോഗതിയും സിലബസ് കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ സുപ്രധാനമാണെന്ന് എടുത്തുപറയട്ടെ.

കേരളീയ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വിശാലമായ പള്ളിക്കൂടം ഇവിടുത്തെ ജനപ്രിയസംസ്കാരികവ്യവസായ (Culture Industry)മാണ്. മലയാളി അടുക്കളകളുടെ ജീര്‍ണ്ണതകളിലേയ്ക്ക് ഒരെത്തിനോട്ടമെങ്കിലും നടത്തിയ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ’ വിജയത്തിനുശേഷം’ ജയ ജയ ജയ ജയ ഹേ’പോലുള്ള ചിത്രങ്ങള്‍, പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങള്‍ അതിന്‍റെ ഉള്ളടക്കത്തില്‍ ഉണ്ടായിരിക്കുമ്പോഴും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ഒരു സ്ത്രീ കഥാപാത്രംഅതുമൊരു ഭാര്യ,മര്‍ദ്ദകനായ നായകഭര്‍ത്തൃവീരനെ ഇടിച്ചു നിരപ്പാക്കിയപ്പോള്‍ പ്രേക്ഷകര്‍ കൈയടിച്ചുവെന്നത് ചെറിയ സംഗതിയല്ല. മലയാളസിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്ക് മാത്രം കൈയടിച്ചിരുന്ന ഒരു വലിയ പ്രേക്ഷകസമൂഹത്തെ സ്ത്രൈണ ആനന്ദങ്ങളുടെ പുതുരൂപങ്ങളിലേക്ക് ഉണര്‍ത്തുവാന്‍ ഈ സിനിമകള്‍ക്കായിട്ടുണ്ട്. കാഴ്ചയുടെ ആസ്വാദനതലങ്ങള്‍ മാറി.അതിഗംഭീരമായ പുരുഷ മാഹാത്മ്യത്തിന്‍റെ മുഖംമൂടികള്‍ അഴിഞ്ഞു വീണു. ഇത് മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.

2022ല്‍ കേരളീയ സ്ത്രീകള്‍ക്കുണ്ടായ സമ്മിശ്രാനുഭവങ്ങളുടെ മാറാപ്പിലുള്ള നിരവധി അസമത്വങ്ങളെയും ഹിംസകളെയും പകര്‍ച്ചവ്യാധികള്‍ രൂക്ഷമാക്കിയതായി കാണാം. എന്നിരുന്നാലും 2023കേരളത്തിന് പുതിയൊരു പ്രഭാതത്തിന്‍റെ വാഗ്ദാനമാണ്. പുരുഷാധിപത്യമെന്ന മാരക വൈറസിനെകൂടുതല്‍ സംഘടിതമായി പ്രതിരോധിക്കാനാകും എന്ന പ്രതീക്ഷ.അതിനായി ‘അവളും അവനും അവരും’ എന്ന പുതിയൊരു തലമുറ കൂടുതല്‍ ശക്തമായ വാക്സിനുകള്‍ കണ്ടുപിടിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular