2023 ജനുവരി 19ന് ഫ്രാന്‍സ് നിശ്ചലമായി. ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരം പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ തൊഴിലാളിവിരുദ്ധമായ പെന്‍ഷന്‍ പരിഷ്കരണത്തിനെതിരായി പണിമുടക്കുകയും പ്രകടനം നടത്തുകയും ചെയ്തതോടെയാണ് ഫ്രാന്‍സിന്‍റെ നാടും നഗരവും ഒന്നുപോലെ നിശ്ചലമായത്. 1995ല്‍ പ്രധാനമന്ത്രി അലന്‍ ജൂപ്പെയുടെ ചെലവുചുരുക്കല്‍ പരിപാടികള്‍ക്കെതിരെ നടന്ന പണിമുടക്ക് പരമ്പരയ്ക്കുശേഷം ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റമാണ് ജനുവരി 19ന് നടന്നത്.
ഫ്രാന്‍സിലുടനീളമുള്ള ജനങ്ങള്‍ പണിമുടക്ക് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ് എന്നാണ് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫാബിയെന്‍ റൂസ്സേ പ്രസ്താവിച്ചത്. “പെന്‍ഷന്‍ പരിഷ്കരണം വേണ്ടേ വേണ്ട എന്നുപറയാന്‍ ഫ്രാന്‍സിലെവിടെയും ഞങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ പരിഷ്കരണം വേണ്ടെന്നുവയ്ക്കുന്നതുവരെ ഞങ്ങള്‍ ഈ സമരം തുടരും” എന്നാണ് അദ്ദേഹം തുടര്‍ന്നു പറഞ്ഞത്. ഫ്രാന്‍സിലെ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് കമ്യൂണിസ്റ്റു പാര്‍ട്ടി ട്വിറ്ററില്‍ പ്രതികരിച്ചതിങ്ങനെയാണ്.
“സ്വത്തിന്‍റെ യഥാര്‍ഥ സ്രഷ്ടാക്കള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്തെ നിശ്ചലാവസ്ഥയിലാക്കി”
എന്താണ് ഫ്രാന്‍സിലെ പുതിയ പെന്‍ഷന്‍ പരിഷ്കരണം? നിയമപ്രകാരമുള്ള തൊഴിലാളികളുടെ റിട്ടയര്‍മെന്‍റ് പ്രായം 62ല്‍ നിന്ന് 64 ആക്കി വര്‍ധിപ്പിക്കുന്നതാണ് പരിഷ്കരണത്തിന്‍റെ പ്രധാന വശം. റിട്ടയര്‍മെന്‍റ് പ്രായം കുറയ്ക്കണമെന്ന ആവശ്യം തൊഴിലാളികളും സംഘടനകളും ഉയര്‍ത്തിക്കൊണ്ടിരിക്കവെയാണ് ഈ വര്‍ധന. പെന്‍ഷന്‍ നല്‍കി പുറത്തുവിടുന്നതിനെക്കാള്‍ ലാഭകരം തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ കാലം പണിയെടുപ്പിക്കുകയാണെന്ന മൂലധനശക്തികളുടെ താല്‍പ്പര്യമാണ് ഫ്രാന്‍സിലെ ഗവണ്‍മെന്‍റ് നടപ്പാക്കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നത് പെന്‍ഷന്‍ ഫണ്ട് ഉടമകളുടെ ആവശ്യവുമാണ്- അത്രയും കാലം പെന്‍ഷന്‍ നല്‍കേണ്ടതില്ലായെന്നു മാത്രമല്ല, തൊഴിലാളികളില്‍നിന്ന് പെന്‍ഷന്‍ വിഹിതം അത്രയും കാലം കൂടി പെന്‍ഷന്‍ ഫണ്ടിന് ലഭിക്കുകയും ചെയ്യും.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സാമൂഹ്യസുരക്ഷയില്‍നിന്നുള്ള സര്‍ക്കാരിന്‍റെ പിന്മാറ്റത്തിന്‍റെ ഭാഗമെന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. 2022 അവസാനം പാര്‍ലമെന്‍റില്‍ ഫ്രഞ്ച് ഗവണ്‍മെന്‍റ് അവതരിപ്പിച്ച സോഷ്യല്‍ സെക്യൂരിറ്റി ഫിനാന്‍സ് ബില്‍ പ്രകാരമുള്ള ഒരിനമാണ് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കല്‍. ആരോഗ്യ-സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളെയാകെ തകര്‍ക്കുന്ന ചെലവുചുരുക്കല്‍ (മൗലെേൃശ്യേ) നടപടികളാണ് സാമൂഹ്യസുരക്ഷയുടെ പേരില്‍ കൊണ്ടുവരാന്‍ പോകുന്ന നിയമനിര്‍മാണം. ജനുവരി 29 മുതല്‍ മാര്‍ച്ച് 26 വരെ ഈ ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്തുവില കൊടുത്തും ഈ നിയമനിര്‍മാണം തടയുമെന്നാണ് ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനയായ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സിജിടി) ഉള്‍പ്പെടെയുള്ള യൂണിയനുകളുടെയും ഉറച്ച നിലപാട്.
ഈ നിയമം പാസാവുകയാണെങ്കില്‍ സ്ത്രീത്തൊഴിലാളികളും പുരുഷത്തൊഴിലാളികളും തമ്മില്‍ നിലവിലുള്ള അന്തരം ഇനിയും കൂടുതല്‍ വര്‍ധിക്കും. ഇപ്പോള്‍തന്നെ സ്ത്രീത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ പുരുഷന്മാരെ അപേക്ഷിച്ച് 40 ശതമാനം കുറവാണ്. മറ്റൊന്ന് തൊഴിലാളികളുടെ ആയൂര്‍ദൈര്‍ഘ്യം കുറഞ്ഞുവരികയാണ്. ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് ഇക്കണോമിക് സ്റ്റഡീസ് റിപ്പോര്‍ട്ടുപ്രകാരം എക്സിക്യൂട്ടീവുകളുടെ ആയൂര്‍ദൈര്‍ഘ്യത്തെക്കാള്‍ 6.3 വര്‍ഷം കുറവാണ് തൊഴിലാളികളുടെ ആയൂര്‍ദൈര്‍ഘ്യം. ഫ്രാന്‍സില്‍ 45 ലക്ഷം തൊഴിലാളികള്‍ രാത്രി ഷിഫ്ടില്‍ പണിയെടുക്കുന്നുണ്ട്. ഇവരുടെ ആയുസ്സില്‍ 5 വര്‍ഷത്തെ കുറവുണ്ടായിരിക്കുന്നുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. “നമ്മുടെ ആരോഗ്യം അപകടത്തില്‍” എന്ന ഹാഷ്ടാഗോടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയും ഈ സമരത്തില്‍ സജീവമാണ്.
അധ്യാപകരും ജീവനക്കാരും മുതല്‍ റോഡ്- വ്യോമ-നാവികഗതാഗത മേഖലയിലുള്ള തൊഴിലാളികള്‍വരെ ഈ സമരത്തില്‍ അണിനിരക്കുന്നു. ജനുവരി 19ന് ഫ്രാന്‍സിലാകെ 20 ലക്ഷം തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങിയെന്നാണ് സിജിടി പ്രസ്താവിച്ചത്. പാരീസില്‍ മാത്രം 4 ലക്ഷം തൊഴിലാളികള്‍ പണിമുടക്കി പ്രകടനത്തില്‍ പങ്കെടുത്തു. സോഷ്യല്‍ സെക്യൂരിറ്റി ഫിനാന്‍സ് ബില്‍ പിന്‍വലിക്കുന്നതുവരെ സമരം വിവിധ രൂപങ്ങളില്‍ തുടരാനുള്ള ദൃഢനിശ്ചയത്തിലാണ് ഫ്രാന്‍സിലെ തൊഴിലാളിവര്‍ഗം. ജനുവരി 31ന് അടുത്തഘട്ടം പണിമുടക്ക് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ച് 8ന്‍റെ വനിതാദിനം തൊഴിലാളികളുടെ അവകാശദിനമായി കൂടി ആചരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. മക്രോണിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഫ്രഞ്ച് ജനത ഒറ്റക്കെട്ടായി മുന്നോട്ടുതന്നെ.
പെറുവില്‍ ജനാധിപത്യത്തിനായി ദേശീയ പണിമുടക്ക്
പതിനായിരങ്ങള്‍ തെരുവിലിറങ്ങി
പെറുവിന്‍റെ ഉള്‍നാടുകളില്‍ നിന്ന് പതിനായിരക്കണക്കിനാളുകള്‍- കര്‍ഷകരും തദ്ദേശീയജനവിഭാഗങ്ങളുമുള്‍പ്പെടെ- വാഹനങ്ങളിലും കാല്‍നടയായും തലസ്ഥാന നഗരമായ ലിമയിലെത്തിയത് അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചു. ജനുവരി 19ന്‍റെ ദേശീയ പണിമുടക്ക് പെറുവിനെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. തങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്‍റ് പെദ്രോ കാസ്റ്റിയോയെ ജയില്‍ മോചിതനാക്കണമെന്നും ചതിയിലൂടെ അധികാരത്തിലെത്തിയ താല്‍ക്കാലിക പ്രസിഡന്‍റ് ദിന ബൊലുവാര്‍ത്ത രാജിവയ്ക്കണമെന്നും പിന്തിരപ്പന്മാരുടെ നെടുങ്കോട്ടയായ പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്നും ഉടന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും 1993 ലെ ഭരണഘടന റദ്ദ് ചെയ്ത് പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പെറുവില്‍ ജനുവരി 19ന് പൊതുപണിമുടക്കും പ്രതിഷേധ പ്രകടനവും നടന്നത്.
ജനുവരി 19ന് കര്‍ഷകരും തദ്ദേശീയ ജനവിഭാഗങ്ങളും നിരവധി സാമൂഹ്യസംഘടനകളിലെയും ട്രേഡ് യൂണിയനുകളിലെയും അംഗങ്ങളും പങ്കെടുത്ത ‘നാല് കോണില്‍ നിന്നുമുള്ള മാര്‍ച്ചാ’ണ് (മാര്‍ച്ച് ഡിലോസ് കുവാത്രോ സുയോസ്) ഡിസംബര്‍ 7ന്‍റെ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ജനാധിപത്യവിരുദ്ധ ശക്തികളെ ഞെട്ടിച്ചത്. മുഖ്യധാരയില്‍നിന്നും ബഹിഷ്കൃതരായ ജനസഹസ്രങ്ങളുടെ ശബ്ദമാണ് ജനുവരി 19ന് ലിമയില്‍ മുഴങ്ങിയത്. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും നിന്നെത്തിയ സാധാരണക്കാരായ മനുഷ്യര്‍ അക്ഷരാര്‍ഥത്തില്‍ ലിമ പിടിച്ചടക്കുകയായിരുന്നു- (തോമ ഡി ലിമ- ടേക്കിങ് ഓഫ് ലിമ).
പാര്‍ലമെന്‍ററി അട്ടിമറിയിലൂടെ പെദ്രോ കാസ്റ്റിയൊയെ പുറത്താക്കിയ 2022 ഡിസംബര്‍ 7 മുതല്‍ പെറു കലാപകലുഷിതമാണ്. രാജ്യത്തുടനീളം പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടക്കുകയാണ്. അതിന്‍റെ തുടര്‍ച്ചയായാണ് ജനുവരി 19ന്‍റെ പണിമുടക്കും മാര്‍ച്ചും സംഘടിപ്പിക്കപ്പെട്ടത്. “കാസ്റ്റിയോയ്ക്ക് സംഭവിച്ചത് ഇനിയൊരു ജനനേതാവിനും സംഭവിക്കാന്‍ പാടില്ല” എന്ന മുദ്രാവാക്യമാണ് പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന് പെറുവിലാകെ മുഴങ്ങിയത്.
സമാധാനപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നതിനെതിരെ, പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുണ്ട ഉതിര്‍ക്കുന്നതിനെതിരെയുള്ള രോഷപ്രകടനം കൂടിയാണ് പെറുവിയന്‍ ജനതയില്‍നിന്നുയര്‍ന്നത്. ഇതിനകം 54 മനുഷ്യരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചത്. നൂറുകണക്കിനാളുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ജനുവരി 18നും രണ്ട് പ്രതിഷേധ പ്രകടനക്കാരെ വെടിവച്ച് കൊന്നു. തങ്ങള്‍ക്കൊപ്പമുള്ളവരെ അകാരണമായി വെടിവെച്ചുകൊന്നതില്‍ രോഷാകുലരായ ജനത തൊട്ടടുത്തുകണ്ട പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കി. സമാധാനപരമായി പ്രകടനം നടത്തിയവരെയാണ് വെടിവച്ച് കൊന്നതെന്നും പെറുവില്‍ ബാലവാര്‍ത്തെ ഭരണത്തില്‍ നഗ്നമായ മനുഷ്യാവകാശലംഘനം നടമാടുകയാണെന്നും ഇന്‍റര്‍-അമേരിക്കന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ പ്രതിനിധിസംഘം സ്ഥിരീകരിച്ചു.
1993ല്‍ തീവ്ര വലതുപക്ഷ സ്വേച്ഛാധിപതി ആല്‍ബര്‍ട്ടൊ ഫുജിമോറി തയ്യാറാക്കി പെറൂവിയന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഭരണഘടനയാണ് അവിടെ നിലവിലുള്ളത്. സമ്പന്നര്‍ക്കും പ്രഭുക്കള്‍ക്കും അനുകൂലമായ, നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ അനുയോജ്യമായ ഈ ജനവിരുദ്ധ ഭരണഘടന പൊളിച്ചെഴുതാന്‍ നീക്കം തുടങ്ങിയതോടെയാണ് പെദ്രോ കാസ്റ്റിയൊയെ പാര്‍ലമെന്‍റിലെ പിന്തിരപ്പന്മാര്‍ അട്ടിമറിയിലൂടെ പുറത്താക്കിയതും അദ്ദേഹത്തെ ജയിലിലടച്ചതും. അട്ടിമറി സംഘം അധികാരമൊഴിയുകയും കാസ്റ്റിയൊയെ ജയില്‍മോചിതനാക്കുകയും ചെയ്യുന്നതിനൊപ്പം ഈ പിന്തിരിപ്പന്‍ നവലിബറല്‍ ഭരണഘടന റദ്ദ് ചെയ്ത് പുതിയ ഭരണഘടനയ്ക്കു കീഴില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്താല്‍ മാത്രമേ പെറുവില്‍ ജനാധിപത്യം സ്ഥാപിക്കാനാകൂ. അതുവരെ സമരം തുടരാനുള്ള ദൃഢനിശ്ചയത്തിലാണ് കാര്‍ലോസ് മരിയാത്വഗിയുടെ പിന്‍മുറക്കാരായ പെറൂവിയന്‍ ജനത.
നാട്ടിന്‍പുറങ്ങളില്‍നിന്ന് അണിമുറിയാതെ ഒഴുകിയെത്തുന്ന പ്രതിഷേധപ്രകടനക്കാര്‍ക്ക് ലിമയിലെ നഗരവാസികള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കുന്നത്. നിരവധി സെലിബ്രിറ്റികളും സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ഥികളും പുരോഗമനവാദികളായ രാഷ്ട്രീയപാര്‍ട്ടികളും ഈ പ്രതിഷേധപ്രകടനത്തില്‍ അണിചേരുന്നു. നീണ്ട യാത്ര ചെയ്ത് എത്തുന്ന പ്രകടനക്കാര്‍ക്ക് ലിമയിലെ പൗരാവലി നിരവധി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷണമൊരുക്കുന്നു. പ്രശസ്ത പെറുവിയന്‍ ഗായിക യാരിത ലിസെത്ത് തന്‍റെ ബസ് പ്രകടനക്കാര്‍ക്കായി വിട്ടുകൊടുത്തു. സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലകള്‍ പ്രകടനക്കാര്‍ക്ക് പാര്‍പ്പുറപ്പിക്കന്‍ തുറന്നുകൊടുത്തു. 2021ല്‍ കാസ്റ്റിയൊയെ അധികാരത്തിലെത്തിച്ച ഇടതുപക്ഷ ഫ്രീ പെറു പാര്‍ട്ടിയും മറ്റൊരു പുരോഗമന പ്രസ്ഥാനമായ ന്യൂ പെറു പാര്‍ട്ടിയും പ്രകടനങ്ങള്‍ക്ക് പിന്തുണയും നേതൃത്വവും നല്‍കുന്നു. ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്നും ലക്ഷ്യം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് തങ്ങളെന്നുമാണ് പ്രതിഷേധപ്രകടനക്കാര്‍ ഒരേ സ്വരത്തി ല്‍ പറയുന്നത്.
അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളില്‍ അംഗസംഖ്യ വര്‍ധിക്കുന്നു
2022ല്‍ അമേരിക്കയില്‍ 1.43 കോടി തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളില്‍ അംഗത്വമെടുത്തു; 2021ലേതിനെക്കാള്‍ ഇത് 2.73 ലക്ഷം അധികമാണ്. അമേരിക്കയിലെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ വാര്‍ഷികസര്‍വെ റിപ്പോര്‍ട്ടിലെ കണക്കാണിത്. ഈ വലിയ വര്‍ധനവുണ്ടായത് സ്വകാര്യമേഖലയിലാണ്- 2.93 ലക്ഷം പേരുടെ വര്‍ധനവുണ്ടായി; 72.23 ലക്ഷമായി ഉയര്‍ന്നു. പൊതുമേഖല കോവിഡ് ബാധമൂലമുണ്ടായ തകര്‍ച്ചയില്‍നിന്ന്, തൊഴില്‍നഷ്ടത്തില്‍നിന്ന് പൂര്‍ണമായും കരകയറിയിട്ടില്ലാത്തതിനാല്‍ അതിലെ യൂണിയന്‍ മെമ്പര്‍ഷിപ്പില്‍ വലിയ വര്‍ധനവുണ്ടായില്ല. 70.62 ലക്ഷം തൊഴിലാളികളാണ് പൊതുമേഖലയില്‍ 2022ല്‍ യൂണിയന്‍ അംഗങ്ങളായത്; ഇതിനു പുറമേ “ഫ്രീ റൈഡേഴ്സ്” എന്ന പേരില്‍ 8.23 ലക്ഷം തൊഴിലാളികള്‍കൂടി യൂണിയനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. അതായത്, ഇവര്‍ യൂണിയന്‍റെ സേവനങ്ങള്‍ ഉപയോഗിക്കുമെങ്കിലും ചില്ലിക്കാാശ് പോലും യൂണിയന് നല്‍കില്ല; അതാണ് ഫ്രീറൈഡേഴ്സ്.
തൊഴില്‍വകുപ്പിന് യൂണിയനുകള്‍ നല്‍കുന്ന മെമ്പര്‍ഷിപ്പ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചോ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് ഫയല്‍ ചെയ്യുന്ന യൂണിയന്‍ തിരഞ്ഞെടുപ്പ് റിസല്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയോ ഉള്ളതല്ല ഈ കണക്ക്. തൊഴിലാളികളില്‍ ഒരു വര്‍ഷക്കാലം നടത്തിയ സര്‍വെയുടെ ഫലം ക്രോഡീകരിച്ചതാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക്. ആമസോണിനെയും സ്റ്റാര്‍ബക്സിനെയുംപോലെയുള്ള ഭീമന്‍ ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ യൂണിയനുകളെ പൊളിക്കാന്‍ തീവ്രപരിശ്രമം നടത്തുന്നതിനെ അതിജീവിച്ചാണ് ഈ തൊഴിലാളി മുന്നേറ്റമുണ്ടായത് എന്നതാണ് ശ്രദ്ധേയമായ സംഗതി.
കഴിഞ്ഞ വര്‍ഷം യൂണിയന്‍ തിരഞ്ഞെടുപ്പുകളുടെ വേലിയേറ്റം തന്നെയുണ്ടായി. 2022ലെ ആദ്യ 9 മാസം (ജനുവരി- സെപ്തംബര്‍) 1,522 യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ നടന്നു. 2021ല്‍ ഇത് 954 ആയിരുന്നു. അതായത് 59.5% വര്‍ധനവ്. ഈ കണക്കും 2022ലെ മൊത്തം സ്ഥിതി പ്രതിഫലിപ്പിക്കുന്നില്ല. കാരണം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തിലെ റിപ്പോര്‍ട്ട് കൂടിചേരുമ്പോള്‍ വലിയ വര്‍ധനവായിരിക്കും ഉണ്ടാവുക. അതും കൂടി പരിഗണിച്ചാല്‍ 2022ലെ യൂണിയന്‍ മെമ്പര്‍ഷിപ്പ് പിന്നെയും അധികമായിരിക്കും.
പ്രസിഡന്‍റ് റീഗന്‍റെ ഭരണകാലംമുതല്‍, അതായത് നവലിബറല്‍ വാഴ്ചയുടെ കാലംമുതല്‍ നടന്നുവരുന്ന യൂണിയന്‍ പൊളിക്കലിനെ അതിജീവിച്ച് മുന്നേറാന്‍ അമേരിക്കന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുകയാണ് എന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഭക്ഷ്യവിലക്കയറ്റത്തിനെതിരെ പാകിസ്താനില്‍ പ്രതിഷേധം
ജനുവരി 13ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലും ദേശീയ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പാകിസ്താനിലെ ദരിദ്രര്‍ നേരിടുന്ന പ്രയാസങ്ങളിലും പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ഥികളും മറ്റു ജനവിഭാഗങ്ങളും പ്രകടനം നടത്തി. അവാമി വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പുരോഗമന ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനം ചെയ്തതാണ് ഈ പ്രതിഷേധ പ്രകടനം. ഐഎംഎഫിനും രാജ്യത്തെ ഭരണകക്ഷിക്കും അവര്‍ നടപ്പാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി, ചെങ്കൊടികളേന്തിയാണ് ആയിരക്കണക്കിനാളുകള്‍ റാവല്‍പിണ്ടിയിലും ഇസ്ലാമാബാദിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.
പാകിസ്താനിലെ പ്രോഗ്രസീവ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ പ്രതിഷേധപ്രകടനങ്ങള്‍ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് : “അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തില്‍ ഗവണ്‍മെന്‍റിന് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് റിയല്‍ എസ്റ്റേറ്റുകാരില്‍നിന്ന് നികുതി പിരിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുകയും ഉല്‍പ്പാദനപരമല്ലാത്ത ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രധാനമായും ഗ്രാമീണമേഖലയില്‍ വ്യവസായവല്‍ക്കരണം നടപ്പാക്കുകയുമാണ്.”
ഖൈബര്‍ പഖ്ത്തൂര്‍ഖ്വാ മേഖലയില്‍ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിലും ആട്ടമാവിന്‍റെ ക്ഷാമത്തിലും തീവ്രവാദി ആക്രമണങ്ങളിലും പ്രതിഷേധിച്ച് പ്രകടനം നടത്തി. അടിയന്തരമായും ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുമെന്ന് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി അധ്യക്ഷന്‍ സലാര്‍ ഫയസ് അലി പ്രസ്താവിച്ചു.
ആട്ടമാവ് ക്ഷാമത്തിനും വിലക്കയറ്റത്തിനുമെതിരെ ജനുവരി 13നും തുടര്‍ന്നും പാകിസ്താനിലെ വിവിധ നഗരങ്ങളില്‍ പല രാഷ്ട്രീയപാര്‍ട്ടികളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നുവരികയാണ്. ജനുവരി 9ന് ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭക്ഷ്യവകുപ്പ് മന്ത്രി സമറക് ഖാന്‍ അടിയന്തരമായും 6 ലക്ഷം ചാക്ക് ഗോതമ്പ് തങ്ങള്‍ക്ക് എത്തിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും മറ്റു പ്രവിശ്യകള്‍ക്കും സന്ദേശമയച്ചു. ഗോതമ്പ് ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ഈ പ്രതിസന്ധിക്കിടയാക്കിയതെന്ന് ലാഹോറിലെ മില്‍ ഉടമകള്‍ പ്രസ്താവിച്ചു. ഭക്ഷ്യഎണ്ണ, ഇറച്ചി, മുട്ട എന്നിവയ്ക്കും ക്ഷാമവും വിലക്കയറ്റവും നേരിടുകയാണ് പാകിസ്താനില്‍. എരിതീയില്‍ എണ്ണയൊഴിക്കുംപോലെയായി സബ്സിഡി സാധനങ്ങള്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലവര്‍ധനവ്. 25% മുതല്‍ 62% വരെയാണ് വിവിധ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചത്. ഇതിനിടയില്‍ ജനുവരി 8ന് സബ്സിഡിയോടെ ലഭിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ കരസ്ഥമാക്കാനുള്ള തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. അടിയന്തരമായും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഭക്ഷ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ പാക് ഗവണ്‍മെന്‍റിനു കഴിയുന്നില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത.♦